ഷകീര ഖലീലി
'നീ വിവാഹം കഴിക്കുക അക്ബറിനെ ആയിരിക്കും'
ഷകീരയുടെ കൈപിടിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു. പതിന്നാലു വയസ്സു മാത്രം പ്രായമുള്ള ആ കൗമാരക്കാരി തലയാട്ടി. ഷകീരയുടെ ഫസ്റ്റ് കസിനായിരുന്നു അക്ബര്‍ മിര്‍സ ഖലീലി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ശവപ്പെട്ടിക്കുള്ളിലാക്കി ജീവനോടെ കുഴിച്ചുമൂടപ്പെട്ടതുള്‍പ്പടെയുള്ള ഷകീരയുടെ ജീവിതയാത്രയിലെ നിര്‍ണായക സംഭവങ്ങളുടെ തുടക്കം ആ സംഭാഷണത്തില്‍ നിന്നായിരുന്നു.
ചില ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞാല്‍, ആ സംഭവകഥയിലൂടെ സഞ്ചരിച്ചുകഴിഞ്ഞാല്‍ പലപ്പോഴും മനസ്സിലുയരുന്ന ഒരു ചോദ്യമുണ്ട്. ' അതങ്ങനെ ആയിരുന്നെങ്കില്‍...?'. കുറ്റകൃത്യം ചെയ്തവരുടെയോ ഇരകളാക്കപ്പെട്ടവരുടെയോ ജീവിതത്തില്‍ മറിച്ചാണ് സംഭവിച്ചിരുന്നതെങ്കില്‍... അത് അങ്ങനെയായിരുന്നെങ്കില്‍...!
ഷകീരയുടെ കാര്യത്തിലാണെങ്കില്‍ പിതാവ് ഗുലാം ഹുസൈന്‍ നമസീ വിവാഹക്കാര്യത്തില്‍ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നില്ലെങ്കില്‍, അവള്‍ സ്വയം കണ്ടെത്തിയ ആരെയെങ്കിലും വിവാഹം ചെയ്തിരുന്നെങ്കില്‍, ഒരു നയതന്ത്രജ്ഞന്റെ ഭാര്യ അല്ലാതിരുന്നെങ്കില്‍, ഭര്‍ത്താവ് വിദേശരാജ്യങ്ങളില്‍ ജോലി ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുമ്പോള്‍ ഏകാന്തത അനുഭവിച്ചിരുന്നില്ലെങ്കില്‍, മുരളി മനോഹര്‍ ശര്‍മയെ അവള്‍ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍, അവളുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അങ്ങനെ ആയിരുന്നെങ്കില്‍.... അതങ്ങനെ ആയിരുന്നെങ്കില്‍....!
പക്ഷേ നിങ്ങള്‍ വിധിയില്‍ വിശ്വസിക്കുന്നവരാണോ... അല്ലെങ്കില്‍ കര്‍മത്തില്‍? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു തിരഞ്ഞെടുപ്പില്ല. അവളുടെ ജീവിതത്തില്‍ മറിച്ചൊന്ന് സംഭവിക്കുകയേയില്ല..കാരണം അതവളുടെ വിധിയാണ്.
***********************
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അന്നേക്ക് പന്ത്രണ്ടു നാള്‍ തികഞ്ഞിരുന്നു. പ്രസവവേദനയുമായി ഷകീരയുടെ അമ്മയെ മദ്രാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആഘോഷങ്ങള്‍ കെട്ടടങ്ങാത്ത ഇന്ത്യയുടെ ഹര്‍ഷാരവങ്ങള്‍ക്കിടയിലൂടെയാണ് ഷകീര ജനിച്ചുവീണത്.
പഴയ മൈസൂര്‍ സംസ്ഥാനത്തെ ദിവാനായിരുന്ന മിര്‍സ ഇസ്മയലിന്റെ പേരക്കുട്ടിയായിരുന്നു ഷകീര. ആഡംബരങ്ങളില്‍ കുറവേതുമില്ലാത്ത, രാജകീയ ജീവിതം നയിക്കുന്ന വരേണ്യ കുടുംബത്തിലാണ് അവള്‍ വളര്‍ന്നത്. സിംഗപ്പൂരിലായിരുന്നു ഷകീരയുടെ കുടുംബക്കാര്‍. അതുകൊണ്ട് അവളുടെ പഠനമെല്ലാം അവിടെയായിരുന്നു. സിംഗപ്പൂരില്‍ നിങ്ങള്‍ പോകുമ്പോള്‍ ക്യാപിറ്റോള്‍ തിയേറ്റര്‍ കാണുകയാണെങ്കില്‍ ഓര്‍ക്കണം, സിംഗപ്പൂരിലെ ആദ്യ സിനിമ തിയേറ്ററായ ക്യാപിറ്റോള്‍ സ്ഥാപിച്ചത് അവളുടെ അച്ഛന്‍ ഗുലാം നമസിയാണെന്ന്.
പഠനം കഴിഞ്ഞ് യൗവനയുക്തയായ ഷകീര മദ്രാസിലേക്ക് മടങ്ങിയെത്തി..മദ്രാസി യുവാക്കളുടെ നെഞ്ചിടിപ്പായി അവള്‍ മാറി. ആകാരവടിവും ഉയരവും ഒത്തുചേര്‍ന്ന രാജകീയ പ്രൗഢിയുളള കുലീന. അവരെയെല്ലാം നിരാശരാക്കിക്കൊണ്ടാണ് പതിനെട്ടാം വയസ്സില്‍ പിതാവിന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചുകൊണ്ട് അക്ബര്‍ മിര്‍സ ഖലീലിയെ ഷകീര വിവാഹം ചെയ്യുന്നത്.
ഇന്ത്യന്‍ വിദേശകാര്യ വകുപ്പിലായിരുന്നു അക്ബറിന് ജോലി. മിടുക്കനും ഉയരമുള്ള അതീവസുന്ദരനുമായ യുവാവായിരുന്നു അക്ബര്‍. നിയമം പഠിച്ച അക്ബര്‍ തികഞ്ഞ വാഗ്മിയായിരുന്നു, ഒപ്പം ആഴത്തിലുള്ള വായനയും ആ യുവാവിന്റെ കഴിവുകളെ പോഷിപ്പിച്ചു. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറായും ഇറാനില്‍ ഇന്ത്യന്‍ അംബാസിഡറായും പിന്നീട് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരസ്പരം ഭ്രാന്തമായി സ്‌നേഹിക്കുന്ന, ആരിലും അസൂയ ജനിപ്പിക്കുന്ന ജീവിതമായിരുന്നു നവദമ്പതികളുടേത്. ഉത്തമയായ ഒരു ഭാര്യയുടെ കടമയെന്ന് പറയപ്പെടുന്ന ജോലികളെല്ലാം ഷകീര നിര്‍വഹിച്ചു. നയതന്ത്രജ്ഞനായ ഭര്‍ത്താവിനെ വിദേശ രാജ്യങ്ങളില്‍ അനുഗമിച്ചു. അദ്ദേഹത്തിനൊപ്പം താമസിച്ച് വേണ്ടതെല്ലാം ചെയ്തുകൊടുത്തു.
നിത്യവുമുള്ള എംബസി പാര്‍ട്ടികളില്‍ ഒന്നുകില്‍ അതിഥി, അല്ലെങ്കില്‍ ആതിഥേയ. അതിനായി നിത്യവുമുള്ള അണിഞ്ഞൊരുങ്ങല്‍. ഭര്‍ത്താവിനെപ്പോലെ അവളും 24x7 ജോലിയിലായിരുന്നു. ഷകീരയെ പതിയെ മടുപ്പ് ബാധിച്ചുതുടങ്ങി. 'എനിക്ക് വീട്ടിലേക്ക് മടങ്ങണം.' മടുപ്പ് അധികരിച്ചതോടെ അവളൊരു വൈകുന്നേരം ഭര്‍ത്താവിനെ അറിയിച്ചു. അത്താഴവിരുന്നിന് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു ഇരുവരും. ആദ്യം അക്ബര്‍ തെല്ലമ്പരന്നു. നയതന്ത്രജ്ഞന്റെ ഭാര്യ എന്ന വിശേഷണത്തില്‍ ഒതുങ്ങി ദീര്‍ഘനാള്‍ കഴിയാന്‍ അവള്‍ തയ്യാറായിരുന്നില്ല. നയതന്ത്ര വിരുന്നുകള്‍ക്കുപരി എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന അഭിവാഞ്ഛ അവളില്‍ ശക്തമായി. അക്ബറിനെ സംബന്ധിച്ചിടത്തോളം ഷകീരയുടെ സന്തോഷത്തിനായിരുന്നു അയാള്‍ പ്രാധാന്യം കല്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവളുടെ ആവശ്യത്തോട് രണ്ടാമതൊന്ന് ആലോചിക്കാതെ അയാള്‍ സമ്മതം മൂളി.
താമസിയാതെ, ഷകീര ബെംഗളുരുവിലേക്ക് മടങ്ങി. അവളുടെ ജീനിലുള്ള റിയല്‍ എസ്റ്റേറ്റ്-നിര്‍മാണ മേഖലയിലെ വൈദഗ്ധ്യം അവള്‍പോലും തിരിച്ചറിയുന്നത് അവിടം മുതലാണ്. ജീവിതം മാറിത്തുടങ്ങുന്നതും.
ഷകീരയുടെ മുതുമുത്തച്ഛന്‍ ആഗ അലി അസ്‌കര്‍ പേരുകേട്ട ആര്‍ക്കിടെക്ടായിരുന്നു. ഗവര്‍ണറുടെ വീട്, സംസ്ഥാന അതിഥി മന്ദിരം തുടങ്ങി നിരവധി മന്ദിരങ്ങള്‍ നിര്‍മിച്ചത് അദ്ദേഹമാണ്. ജോലിയില്‍ വ്യാപൃതയായതോടെ കുട്ടികളെ നോക്കലും ജോലിയുമായി ഷകീര കഷ്ടപ്പെട്ടുപോയി. സീബുന്ദേഹ്, സബാ, റെഹാനെ, ഇസ്മത് എന്നിങ്ങനെ നാലു പെണ്‍മക്കളായിരുന്നു ആ ദമ്പതികള്‍ക്ക്. ഭാര്യ തിരക്കിലായതോടെ അകലം തങ്ങളുടെ ബന്ധത്തെ ബാധിച്ചുതുടങ്ങിയത് അക്ബറും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന് ഇടയ്ക്കിടെ വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടിവരുന്നതിനെ ചൊല്ലി അവര്‍ തമ്മില്‍ തര്‍ക്കം പതിവായി. 'അടുപ്പിച്ചടുപ്പിച്ചുള്ള യാത്രകള്‍ മാഡത്തെ അസ്വസ്ഥയാക്കിയിരുന്നു. അതിന്റെ പേരില്‍ അവര്‍ പലപ്പോഴും വഴക്കിടുമായിരുന്നു.' അവരുടെ വീട്ടുജോലിക്കാരായിരുന്ന രാജുവും ജോസഫൈനും ഒരിക്കല്‍ ഇന്‍സ്‌പെക്ടര്‍ സി.വീരയ്യയോട് പറഞ്ഞത് ഇപ്രകാരമാണ്.
ഒരുപക്ഷേ ഇന്ത്യയിലേക്കുള്ള ഈ തിരിച്ചുവരവ് വിധി അവള്‍ക്കുവേണ്ടി ആസൂത്രണം ചെയ്തതായിരിക്കണം. കാരണം ഈ തിരിച്ചുവരവിലാണ് ഖലീലി ദമ്പതികള്‍ ദൈവപുരുഷനായ സ്വാമി ശ്രദ്ധാനന്ദ അഥവാ മുരളി മനോഹര്‍ മിശ്രയെ പരിചയപ്പെടുന്നത്, 1982-ല്‍.
ഉയരം കുറഞ്ഞ പരുക്കന്‍ ശബ്ദമുള്ള ദൃഢഗാത്രനായിരുന്നു ശ്രദ്ധാനന്ദ. രാംപുര്‍ രാജകുടുംബത്തിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രദ്ധാനന്ദയായിരുന്നു. തനിക്ക് താന്ത്രിക ശക്തികളുള്ളതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. തുടക്കത്തില്‍ ഷകീരയുമായി അയാള്‍ക്ക് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ലെങ്കിലും പതിയെ ആ ബന്ധം ബലപ്പെട്ടു. രാംപുര്‍ കുടുംബകാര്യങ്ങള്‍ നോക്കുന്നതിനിടെ ശ്രദ്ധാനന്ദ പലപ്പോഴും ഷകീരയെ സന്ദര്‍ശിക്കുമായിരുന്നു. ഇത്തരം സന്ദര്‍ശനങ്ങളില്‍ ഷകീരയുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ ആ വീട്ടില്‍ തങ്ങുകയും പതിവായി. സ്വത്തുസംബന്ധമായ കാര്യങ്ങളില്‍ ഷകീരയെ സഹായിക്കുന്നതിന് വേണ്ടി ശ്രദ്ധാനന്ദയെ അവള്‍ക്ക് പരിചയപ്പെടുത്തുന്നതും അയാളെ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതും അക്ബര്‍ ആയിരുന്നുവെന്നാണ് ചിലര്‍ പറയുന്നത്.
തങ്ങളുടെ വിവാഹജീവിതം കീഴ്‌മേല്‍ മറിയാന്‍ തുടങ്ങുകയാണെന്നോ ഷകീരയുടെ ജീവന്‍ തന്നെ ഇല്ലാതായേക്കുമെന്നോ അപ്പോള്‍ അക്ബര്‍ തിരിച്ചറിഞ്ഞില്ല. കാര്യങ്ങള്‍ നോക്കിനടത്താന്‍ ശ്രദ്ധാനന്ദയെ ഏര്‍പ്പാടാക്കിയാണ് അക്ബര്‍ രണ്ടു വര്‍ഷത്തേക്ക് ഇറാനിലേക്ക് പോകുന്നത്. കിട്ടിയ അവസരം ശ്രദ്ധാനന്ദ കൃത്യമായി മുതലെടുത്തു. ഏകാന്തതയുടെ മടുപ്പില്‍ കഴിയുന്ന ഷകീരയോട് കൗശലക്കാരനായ ശ്രദ്ധാനന്ദ പ്രേമാഭ്യര്‍ഥന നടത്തി. ഇരയെ പിന്തുടരുന്ന കടുവയെ പോലെ പദനിസ്വനം പോലും കേള്‍പ്പിക്കാതെ അവള്‍ക്ക് പിറകേ അയാള്‍ നടന്നുതുടങ്ങിയിരുന്നു.
85-ലാണ് ഇറാനില്‍നിന്ന് അക്ബര്‍ തിരിച്ചെത്തുന്നത്. അയാളുടെ കുടുംബം തകിടം മറിഞ്ഞിരുന്നു. ഷകീര വിവാഹമോചനം ആവശ്യപ്പെട്ടു. പെണ്‍മക്കളുടെ ഭാവിയെച്ചൊല്ലി അയാള്‍ വിസമ്മതം അറിയിച്ചെങ്കിലും ഷകീര വഴങ്ങിയില്ല. അവള്‍ സ്വയം പള്ളിയെ സമീപിച്ചു. വിവാഹമോചനം ആഗ്രഹിക്കുന്നുവെന്നും ഇനി മുതല്‍ തനിച്ചായിരിക്കുമെന്നും അവള്‍ പ്രഖ്യാപിച്ചു. ഇതോടെ പെണ്‍മക്കള്‍ അക്ബറിനൊപ്പം നിന്നു. അച്ഛനൊപ്പം ഇറ്റലിയിലേക്ക് താമസം മാറി.
വീട്ടുകാരുടെ പിന്തുണയും ഷകീരയ്ക്ക് നഷ്ടപ്പെട്ടു. ഒരു തുണ്ട് സ്വത്തിന് ഷകീരയ്ക്ക് അര്‍ഹതയുണ്ടാകില്ലെന്ന് അവര്‍ ഭീഷണി മുഴക്കി. പക്ഷേ, അതൊന്നും വിലപ്പോയില്ല. അവളുടെ ലക്ഷക്കണിക്കിന് വരുന്ന സ്വത്തുക്കളിലായിരുന്നു ശ്രദ്ധാനന്ദയുടെ കണ്ണത്രയും. അത് തട്ടിയെടുക്കുന്നതിനായി കൂടുതല്‍ പദ്ധതികളുമായി അയാള്‍ മുന്നേറി. താന്‍ ഷകീരയെ അല്ല ഷകീര തന്നിലേക്ക് ആകൃഷ്ടയാവുകയാണ് ഉണ്ടായതെന്നാണ് ശ്രദ്ധാനന്ദ ഒരുഘട്ടത്തില്‍ അവകാശപ്പെട്ടിരുന്നത്. രാജകീയ പ്രൗഢിയില്‍ ജീവിച്ചിരുന്ന ഷകീരയെപ്പോലെ അതീവസുന്ദരിയായിരുന്ന ഒരു വനിത തികച്ചും സാധാരണക്കാരനായിരുന്ന ശ്രദ്ധാനന്ദയില്‍ എങ്ങനെ ആകൃഷ്ടയായി എന്നത് ആരെയും ഇന്നും അത്ഭുതപ്പെടുത്തുന്ന സമസ്യതന്നെയാണ്.
നാലു പെണ്‍മക്കളാണ് ഉള്ളത് എന്നതില്‍ ഷകീര ദുഃഖിതയായിരുന്നു. അഞ്ചാമതായി ഒരു ആണ്‍കുഞ്ഞിനെ താന്ത്രികവിദ്യകളിലൂടെ നല്‍കാമെന്നും ഷകീരയെ ശ്രദ്ധാനന്ദ വിശ്വസിപ്പിച്ചിരുന്നുവത്രേ. പോലീസിനു മുന്നില്‍ അയാള്‍ നടത്തിയ ഈ കുറ്റസമ്മതം മാത്രമാണ് ശ്രദ്ധാനന്ദയോടുള്ള ഷകീരയുടെ അടുപ്പത്തിന് കാരണം ഒരുപക്ഷേ ഇതായിരിക്കാം എന്ന വിശ്വാസം ബലപ്പെടുത്തിയത്. താമസിയാതെ അവള്‍ വിവാഹമോചനം നേടുക തന്നെ ചെയ്തു.
അമ്മ ഗൗഹര്‍ താജ് ബീഗം നമസിയുടെ ഉപദേശങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ട് ശ്രദ്ധാനന്ദയെ ഷകീര വിവാഹം ചെയ്യുമ്പോള്‍ വിവാഹമോചനം നേടി ആറു മാസം പിന്നിട്ടിരുന്നു. വിവാഹത്തോടെ സ്വത്തുക്കളില്‍ അവള്‍ക്ക് യാതൊരു അവകാശവുമില്ലെന്ന് വീട്ടുകാര്‍ വീണ്ടും ഭീഷണിയുയര്‍ത്തി. ഷകീര പതറിയില്ല. സാധാരണക്കാരനായ ഒരു കര്‍ഷകയുവാവിനെ രാജകുമാരി വിവാഹം ചെയ്യുന്ന അപസര്‍പ്പക കഥ പോലെയാണ് പലരും ഷകീര-ശ്രദ്ധാനന്ദ വിവാഹത്തെ വിശേഷിപ്പിച്ചത്.
ശ്രദ്ധാനന്ദ ഇരയെപ്പിടിച്ച രീതി ഇന്നും ആളുകള്‍ക്കത്ര മനസ്സിലായിട്ടില്ല. ദീര്‍ഘകാലമെടുത്ത് തയ്യാറാക്കിയ ഒരു കുതന്ത്രമായിരുന്നു അത്. ഒരു ബന്ധത്തിലെ 'ലോങ് കോണ്‍' എന്നുപറയുന്നത് വലിയ ആത്മവിശ്വാസമുള്ള ഒരു തന്ത്രമാണ്. ദീര്‍ഘകാലമായി പല ഘട്ടങ്ങളിലൂടെ വികസിക്കുന്ന ഒന്ന്. അതില്‍ വഞ്ചകന്‍ ഇരയുടെ വിശ്വാസം നേടുന്നു. ലക്ഷ്യം കണ്ട വലിയ നേട്ടത്തിന് വേണ്ടി ഇടയിലുള്ള ചെറിയ നേട്ടങ്ങളെ ബലിയര്‍പ്പിക്കുന്നു. തന്ത്രം മെനയുന്ന ആളുടെ ഇച്ഛയ്ക്കനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴും എല്ലാ കാര്യത്തിലും നിയന്ത്രണം ഇരയ്ക്കാണെന്ന മിഥ്യാബോധം നല്‍കിക്കൊണ്ടായിരിക്കും ഇത്തരം പ്ലാനുകള്‍ പലപ്പോഴും നടപ്പിലാക്കുക.
അതുതന്നെയാണ് ശ്രദ്ധാനന്ദയും ചെയ്തത്. ഒരു മുഖസ്തുതിക്കാരന്റെ വേഷം അയാള്‍ കെട്ടിയാടി. വിവാഹശേഷവും ഷക്കീരയുടെ കാല്‍ക്കീഴിലായിരുന്നു അയാളുടെ ഇരിപ്പ്. ബഹുമാനം വഴിഞ്ഞൊഴുകുന്ന 'അമ്മ' എന്ന വിശേഷണത്തോടെയല്ലാതെ ഷകീരയെ അയാള്‍ അഭിസംബോധന ചെയ്തിട്ടില്ല. ഒരിക്കല്‍ ഷകീരയുടെ കൈയില്‍ അറിയാതെ കൈ മുട്ടിപ്പോയതിന് തന്നെ വീട്ടില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ശ്രദ്ധാനന്ദ ഉണ്ടാക്കിയ കോലഹലത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വീരയ്യ ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അമിതവിധേയത്വത്തിന്റെയും ബഹുമാനത്തിന്റെയും കാപട്യം അണിഞ്ഞുതന്നെയാണ് വിവാഹത്തിന് ശേഷവും ഷകീരയോട് പെരുമാറിയത്. ശ്രദ്ധാനന്ദയുടെ പെരുമാറ്റത്തിലും മൃദുഭാഷണത്തിലും അന്ധയായ ഷകീര വരാനിരിക്കുന്ന അപകടത്തെ കണ്ടതുപോലുമില്ല.
അയാളിലേക്ക് അവളുടെ ലോകം ചുരുങ്ങി. സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമുള്ള അവളുടെ കൂടിക്കാഴ്ചകള്‍ നിലച്ചു. സമുദായത്തില്‍നിന്ന് അവള്‍ ബഹിഷ്‌ക്കരിക്കപ്പെട്ടു. അതോടെ തികച്ചും സ്വാര്‍ഥനായ ശ്രദ്ധാനന്ദയോടുള്ള തന്റെ പ്രണയത്തില്‍ ശാഠ്യത്തോടെ അവള്‍ മുന്നോട്ടുപോയി.
പലപ്പോഴും ദമ്പതികള്‍ ലോകയാത്രകള്‍ നടത്തി. ഫസ്റ്റ്ക്ലാസ് ടിക്കറ്റിലുള്ള യാത്രകളില്‍ സപ്തനക്ഷത്ര ഹോട്ടലുകളിലാണ് അവര്‍ തങ്ങിയിരുന്നത്. മുരളി മനോഹര്‍ ശര്‍മ അഥവാ സ്വാമി ശ്രദ്ധാനന്ദയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു. സങ്കല്പ്പിക്കാന്‍ പോലും സാധിക്കാത്ത ഒരു ജീവിതമായിരുന്നു അത്. മധ്യപ്രദേശിലെ സാഗറില്‍ ഒരു ചെറിയ സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ച വ്യക്തിയായിരുന്നു ശ്രദ്ധാനന്ദ. സ്‌കൂള്‍ പഠനം അവസാനിപ്പിച്ച് വീടുപേക്ഷിച്ച മുരളി പുനരവതരിക്കുന്നത് സ്വാമി ശ്രദ്ധാനന്ദയായിട്ടാണ്.
അയാള്‍ക്ക് തന്നോടുള്ള കപടഭക്തിയെ തെറ്റിദ്ധരിച്ച ഷകീര അദ്ദേഹത്തെ അന്ധമായി വിശ്വസിക്കുകയും ചെയ്തു. അവള്‍ അയാള്‍ക്ക് ഒരു ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി. അവളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും ലോക്കറുകളുടെയും ജോയിന്റ് അക്കൗണ്ട് ഹോള്‍ഡറാക്കി. അതീവരഹസ്യമായി തന്റെ പദ്ധതികള്‍ നടപ്പാകുന്നത് അയാള്‍ ആസ്വദിച്ചു പോന്നിരുന്നിരിക്കണം.
ശ്രദ്ധാനന്ദയെ സംബന്ധിച്ചിടത്തോളം എല്ലാം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് വീണ്ടും വിധിയുടെ ഇടപെടലുണ്ടാകുന്നത്. ന്യൂഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഷകീര മകള്‍ സബയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ദീര്‍ഘകാലത്തിന് ശേഷമുള്ള ആ കൂടിക്കാഴ്ച ഇരുവരിലെയും സ്പര്‍ധയെ തണുപ്പിച്ചു. സബയിലൂടെ മറ്റു മക്കളുമായും ഷകീര അടുത്തു. ഇസ്മത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തു. മക്കളെ ഉപേക്ഷിക്കേണ്ടി വന്ന കുറ്റബോധം അവളെ വല്ലാതെ അലട്ടി. അതിന് പ്രായശ്ചിത്തമെന്നോണം സബയുടെ ലണ്ടനിലെ ഉപരിപഠനത്തിനായി ഷകീര പണം നല്‍കി. അവളുടെ കുടുംബം തിരികെ ഷകീരയിലേക്ക് തിരിച്ചെത്തുന്നത് ശ്രദ്ധാനന്ദ തിരിച്ചറിഞ്ഞു. ആ അടുപ്പം തനിക്കൊരു ഭീഷണിയാണെന്നും. തന്റെ സ്വത്തുക്കള്‍ മക്കള്‍ക്ക് ഭാഗംവെച്ചുനല്‍കാന്‍ അവള്‍ തീരുമാനിച്ചതോടെ ശ്രദ്ധാനന്ദ തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചു. കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഷകീര തീരുമാനവുമായി മുന്നോട്ടുപോയി.
മക്കളുടെ പേരുപറഞ്ഞ് 1991-ല്‍ ദമ്പതികള്‍ വഴക്കിട്ടതിനെ കുറിച്ച് വീട്ടുജോലിക്കാരിയായിരുന്ന ജോസഫൈന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ദേഷ്യം അടക്കാനാകാതെ ശ്രദ്ധാനന്ദയെ മുഖത്തടിച്ച ഷകീര വീട്ടില്‍നിന്ന് അയാളെ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രോഷമടങ്ങാതെ ജോയിന്റ് അക്കൗണ്ടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്വീന്‍സ് റോഡ് ബ്രാഞ്ചില്‍ അവര്‍ അപേക്ഷ നല്‍കുകയും ചെയ്തു. സമയം കൈവിട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് ശ്രദ്ധാനന്ദ മനസ്സിലാക്കി. താമസിയാതെ കുതന്ത്രം നടപ്പിലാക്കാന്‍ അയാള്‍ തീരുമാനമെടുത്തു.
മുറ്റത്ത് ഒരു വാട്ടര്‍ ടാങ്ക് നിര്‍മിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്നുപറഞ്ഞാണ് അയാള്‍ ഷകീരയെ സമീപിക്കുന്നത്. ആദ്യമെല്ലാം എതിര്‍ത്തെങ്കിലും പിന്നീട് അനുവാദം നല്‍കി. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എട്ടടി താഴ്ചയുള്ള ഒരു കുഴി ആ മുറ്റത്ത് രൂപപ്പെട്ടു. കുഴിയെടുത്ത തൊഴിലാളികള്‍ക്കുള്ള പണം നല്‍കിയതുപോലും ഷകീരയായിരുന്നു. പക്ഷേ, അപ്പോഴും സ്വന്തം ശവക്കുഴി കുഴിച്ചവര്‍ക്കാണ് പണം നല്‍കുന്നതെന്ന് അവളറിഞ്ഞില്ല.
1991, ഏപ്രില്‍ 28. എന്നത്തേയും പോലെ ഒരു ദിവസം. ഏകദേശം പത്തു മണിയായിക്കാണും. എന്നത്തേയും പോലെ ഷകീരയുടെ ചായയും പത്രവും ജോസഫൈന്‍ ശ്രദ്ധാനന്ദയെ ഏല്‍പ്പിച്ചു. ജോസഫൈന്‍ മുറിവിട്ടതും അയാള്‍ ചായയില്‍ മയക്കുമരുന്ന് കലക്കി. ഉറക്കമുണര്‍ന്ന ഷകീര സംശയമേതുമില്ലാതെ ആ ചായ കുടിച്ചു. താമസിയാതെ മയങ്ങുകയും ചെയ്തു. മാഡത്തിന് സുഖമില്ലെന്നും വീട്ടില്‍പോയ്‌ക്കോളാനും പറഞ്ഞ് ജോസഫൈന്‍ അടക്കമുള്ള വീട്ടുജോലിക്കാരെ അയാള്‍ മടക്കി അയച്ചു.
കുഴിമാടം മാത്രമല്ല ശവപ്പെട്ടിയും അയാള്‍ തയ്യാറാക്കിയിരുന്നു. ശ്രദ്ധാനന്ദ ബാംഗ്ലൂരിലെ തടി മാര്‍ക്കറ്റില്‍ പോയാണ് ആറടി നീളവും രണ്ടടി വീതിയുമുള്ള ശവപ്പെട്ടിക്ക് ഓര്‍ഡര്‍ നല്‍കുന്നത്. മയക്കുമരുന്നു കലര്‍ത്തിയ ചായകുടിച്ച് ബോധരഹിതയായ ഷകീരയെ കിടക്കയോടെ ചുരുട്ടി അയാള്‍ ശവപ്പെട്ടിയിലാക്കി. ശവപ്പെട്ടിയില്‍ ആണിയടിച്ചു തുറക്കാനാവില്ലെന്ന് ഉറപ്പുവരുത്തി. അയാളടിച്ച ഓരോ ആണിയിലും അവളുടെ ജീവന്റെ ഓരോ ബിന്ദുക്കള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. നേരത്തേ വാട്ടര്‍ ടാങ്കിനായി എടുത്ത കുഴിയില്‍ ശവപ്പെട്ടി വെച്ചു കുഴിമൂടി. തൊട്ടടുത്ത ദിവസം പണിക്കാരെ വിളിച്ച് ആ പ്രദേശം അയാള്‍ ടൈല്‍ ഇടീച്ചു. ഒരു തുളസിച്ചെടി സ്ഥാപിക്കുകയും ചെയ്തു. ധനാഢ്യയായ ഭാര്യയില്‍നിന്നു രക്ഷപ്പെടാനും സ്വത്ത് കൈക്കലാക്കാനുള്ള പദ്ധതിയില്‍ ഒടുവില്‍ അയാള്‍ ലക്ഷ്യം കണ്ടു. ഷകീരയെ കുറിച്ച് ചോദിച്ച അയല്‍ക്കാരോടെല്ലാം അവള്‍ അവധിക്ക് പോയതായി കള്ളം പറഞ്ഞു. 81 റിച്ച്‌മോണ്ട് റോഡിലെ വസതിയില്‍ അത്യാഡംബരത്തോടെ ജീവിക്കാന്‍ ആരംഭിച്ചു. ഭാര്യയെ ജീവനോടെ കുഴിച്ചുമൂടിയ മുറ്റത്ത് അത്താഴവിരുന്നുകളും നിശാനൃത്തങ്ങളും നടത്തി.
1991-ല്‍ ഭൂമുഖത്ത് നിന്ന് ഷകീര അപ്രത്യക്ഷയായി. അമ്മയെവിടെ എന്നചോദ്യവുമായി സബ ശ്രദ്ധാനന്ദയെ നേരിട്ടപ്പോഴും ഭാര്യ ഇംഗ്ലണ്ടില്‍ അവധിയാഘോഷിക്കുകയാണെന്ന കഥകള്‍ തന്നെയാണ് അയാള്‍ ആവര്‍ത്തിച്ചത്.

1992-ല്‍ സബാ ബെംഗളുരുവിലെ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു ഹേബിയസ്‌കോര്‍പസ് ഫയല്‍ ചെയ്തു. പോലീസിനും അവളുടെ ഒരു തുമ്പുപോലും കണ്ടെത്താനായില്ല. ശ്രദ്ധാനന്ദയുടെ മൃദുഭാഷണത്തില്‍ ആദ്യം അവരും വീണുപോയി. അയാളെ സംശയിക്കത്തക്കതായ കാരണങ്ങള്‍ ഒന്നും അവര്‍ക്ക് കണ്ടെത്താനുമായില്ല. തന്നെയുമല്ല അയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നേടുകയും ചെയ്തിരുന്നു. മതിയായ തെളിവുകളില്ലാതെ പോലീസിന് അയാളെ അറസ്റ്റ് ചെയ്യാനാവുമായിരുന്നില്ല.
ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും വിദേശത്താണെന്നും അയാള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവള്‍ കടലാസുകളില്‍ ജീവനോടെയിരിക്കുകയും ചെയ്തു. 1991-ല്‍ ഷകീര ശ്രദ്ധാനന്ദ ഫിനാന്‍സ് ലിമിറ്റഡ് എന്ന പേരില്‍ ശ്രദ്ധാനന്ദ ആരംഭിച്ച കമ്പനിയുടെ രേഖകളിലെല്ലാം ഷകീര 'സജീവ' പങ്കാളിയായിരുന്നു. ഫോണില്‍ ഷകീരയുമായി ശ്രദ്ധാനന്ദ സംസാരിക്കുന്നത് ജോസഫൈന്‍ കേട്ടിട്ടു പോലുമുണ്ട്. പലപ്പോഴും അമ്മ വിളിക്കുന്നുവെന്ന് പറഞ്ഞ് ഷകീരയുടെ കോളുകള്‍ മകള്‍ സബയ്ക്കും അയാള്‍ കൈമാറിയിരുന്നു. പക്ഷേ സബ ഫോണ്‍ അറ്റന്‍ഡ് ചെയ്യുമ്പോഴെല്ലാം ഒന്നുകില്‍ നിശബ്ദതയോ അല്ലെങ്കില്‍ ഫോണ്‍ എന്‍ഗേഡ്ജ് ട്യൂണോ ആണ് പലപ്പോഴും കേട്ടിരുന്നത്. ഷകീര ഫോണ്‍ കട്ട് ചെയ്തതാകുമെന്നാണ് ശ്രദ്ധാനന്ദ നല്‍കാറുളള മറുപടി. ' ഷകീര ഫോണ്‍ കട്ട് ചെയ്തുകാണും.' ' 'ഷകീരയ്ക്ക് നല്ല സുഖം തോന്നുന്നില്ല, അവള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല.'
മൂന്നു വര്‍ഷത്തോളം പോലീസ് അന്വേഷണം തുടര്‍ന്നു. ശ്രദ്ധാനന്ദ കുറ്റക്കാരനാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പക്ഷേ, അത് സ്ഥാപിക്കാനുള്ള ശക്തമായ തെളിവുകള്‍ അവരുടെ കൈവശമില്ലായിരുന്നു. ഒടുവില്‍ വീട്ടുജോലിക്കാരായിരുന്ന ജോസഫൈനിലൂടെയും രാജുവിലൂടെയും അവര്‍ തുമ്പു കണ്ടെത്തി. ശ്രദ്ധാനന്ദയെ അയാള്‍ പോലുമറിയാതെ കുടുക്കി.
സ്വന്തം വീടിന്റെ മുറ്റത്ത് കുഴിച്ചുമൂടപ്പെട്ട ഷക്കീരയുടെ മൃതദേഹാവശിഷ്ടങ്ങള്‍ 1994-ലാണ് പോലീസ് കുഴിച്ചെടുക്കുന്നത്. ശവപ്പെട്ടിയുടെ മൂടിയുടെ അടിവശത്തായി നിരവധി കോറലുകള്‍ അവര്‍ കണ്ടു. ഒരു പക്ഷേ, ബോധം വന്ന ഷകീര രക്ഷപ്പെടാനായി നടത്തിയ അവസാന ശ്രമങ്ങളായിരുന്നിരിക്കണം കോറലുകളായി അവശേഷിച്ചത്. അത് സ്ഥാപിക്കുന്ന തെളിവുകള്‍ അവളുടെ കൈനഖങ്ങള്‍ക്കുള്ളില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പോലീസിന് ലഭിക്കുകയും ചെയ്തു.
ഒരാളെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുക. ഒടുവില്‍ അയാളാല്‍ അതിക്രൂരമായി വഞ്ചിക്കപ്പെടുക! ഒന്നാലോചിച്ചുനോക്കൂ, ബോധം വന്നു കണ്ണുതുറക്കുമ്പോള്‍ കിടക്കയാല്‍ ചുറ്റപ്പെട്ട് കൂരാക്കൂരിട്ടിനുള്ളില്‍.. ഒരു പെട്ടിക്കുള്ളില്‍.. രക്ഷപ്പെടാനായി അതിന്റെ മൂടി ആഞ്ഞുതള്ളുന്നതിനിടയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഴഞ്ഞുകുഴഞ്ഞ് ബോധം മറയുന്നത്..
ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിലെ നിര്‍ണായകമായ കേസുകളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. കാരണം, മൃതദേഹം കുഴിച്ചെടുക്കുന്നത് വീഡിയോ ചിത്രീകരിച്ച ആദ്യ കേസായിരുന്നു അത്. ഡി.എന്‍.എ. ടെസ്റ്റ് നടത്തുകയും അത് തെളിവായി സ്വീകരിക്കുകയും ചെയ്തു. 1997-ലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. എട്ടുവ ര്‍ഷങ്ങള്‍ക്ക് ശേഷം 2005 മെയ് 21ന് വിചാരണക്കോടതി ജഡ്ജി ശ്രദ്ധാനന്ദയെ വധശിക്ഷയ്ക്ക് വിധിച്ചു. 'പോരാട്ടം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നതേയുള്ളൂ.' യാതൊരു വികാരവിക്ഷോഭവും പ്രകടിപ്പാക്കാതെ അറുപതുകാരന്‍ ശ്രദ്ധാനന്ദ ആകെ പറഞ്ഞത് ഈ വാചകമാണ്.
2005, സെപ്റ്റംബര്‍ 12-ന് ഹൈക്കോടതി ഷകീര കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നാണ് വിശേഷിപ്പിച്ചത്. 'പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചതിലൂടെ വിചാരണക്കോടതി നീതി നടപ്പാക്കുകയാണ് ചെയ്തത്' എന്ന അഭിപ്രായ പ്രകടനവും അവര്‍ നടത്തി. എന്നാല്‍, പിന്മാറാന്‍ ശ്രദ്ധാനന്ദ ഒരുക്കമായിരുന്നില്ല. 2006-ല്‍ അയാള്‍ വീണ്ടും അപ്പീലിന് പോയി. 2008-ല്‍ വന്ന വിധിയില്‍ വധശിക്ഷ ജീവപര്യന്തമായി കുറഞ്ഞു.
2022-ല്‍ എണ്‍പത്തിമൂന്നുകാരനായ ശ്രദ്ധാനന്ദ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. രാജീവ് ഗാന്ധിയുടെ ഘാതകരെ വെറുതെവിട്ടതുപോലെ തന്നെയും മോചിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഒരു ദിവസം പോലും പരോള്‍ ലഭിക്കാതെ 29 വര്‍ഷം ജയിലില്‍ കഴിഞ്ഞ കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു ശ്രദ്ധാനന്ദയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് അകത്തുകിടക്കുന്ന പ്രതിയുടെ മോചന ഹര്‍ജി പ്രോത്സാഹിപ്പിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ ഭാഷ്യം.
അടുത്തകാലത്തായി ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ വന്ന ഒരു ഡോക്യുമെന്ററിയില്‍ തന്നെ ഒരു കൊലപാതകിയായി ചിത്രീകരിക്കാനുളള ഒരു വലിയ നുണയായിരുന്നു എല്ലാമെന്നാണ് ശ്രദ്ധാനന്ദ അവകാശപ്പെട്ടത്. നിലവില്‍ മധ്യപ്രദേശ് സാഗറിലെ സെന്‍ട്രല്‍ ജയിലിലാണ് ശ്രദ്ധാനന്ദ കഴിയുന്നത്. ഒരിക്കല്‍ ഉപേക്ഷിച്ച അതേ നഗരത്തില്‍ ജയില്‍ തടവുകാരനായി ജീവിച്ചുതീര്‍ക്കുകയാണ് ശ്രദ്ധനാന്ദ എന്ന മുരളി മനോഹര്‍ ശര്‍മ എന്നത് കാലത്തിന്റെ വൈചിത്ര്യം അല്ലാതെ മറ്റെന്താണ്....!
Content Highlights: Shakereh Khaleeli murder case, crime gate by Anirban Bhattacharyya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..