സുപ്രീംകോടതി (Photo: പി.ജി.ഉണ്ണികൃഷ്ണൻ)
പത്തൊമ്പതാം നൂറ്റാണ്ടില്‍ കോളനിവാഴ്ച ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുപ്രസിദ്ധമായ വകുപ്പാണ് 124 എ. ഈ വകുപ്പനുസരിച്ച് മറ്റു വകുപ്പുകളില്‍ പറയുന്ന കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും രാജ്യദ്രോഹം എന്ന പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യാമെന്ന് മാത്രമല്ല. ഒരാളെ ജാമ്യമില്ലാതെ തടവിലിടുകയും ചെയ്യാം. എന്താണ് രാജ്യദ്രോഹമെന്ന് കൃത്യമായി നിര്‍വചിക്കപ്പെടാത്തതിനാല്‍ സര്‍ക്കാരിന് ഇഷ്ടമില്ലാത്തവരെ, അന്ന് ബ്രിട്ടീഷുകാര്‍ക്ക് ഇഷ്ടമില്ലാത്തവരെ തടവിലിടാനുളള എളുപ്പമാര്‍ഗമായിരുന്നു 124 എ.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ 1922-ല്‍ ഈ വകുപ്പിന്റെ പേരില്‍ രണ്ടു വര്‍ഷത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഗാന്ധിജി അന്നുപറഞ്ഞു: 'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകരെ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ ഉപയോഗിച്ച അതേ വകുപ്പ് തന്നെ എന്റെ പേരിലും വന്നിരിക്കുന്നു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.' അദ്ദേഹം ഉദ്ദേശിച്ചത് ബാലഗംഗാധര തിലകിന്റെ അറസ്റ്റാണ്. തിലക് ആറു വര്‍ഷക്കാലം ഈ വകുപ്പ് അനുസരിച്ച് തടവില്‍ കിടന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോഴും ഈ വകുപ്പ് എടുത്ത് മാറ്റാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറായില്ല എന്നത് ചരിത്രം.
1972-ല്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ബിഹാറില്‍ വെച്ച് നടത്തിയ പ്രസംഗത്തിൽ കോണ്‍ഗ്രസിനെ കഠിനമായി വിമര്‍ശിച്ചു. അന്ന് ഈ വകുപ്പ് എടുത്തതിനെതിരായി അദ്ദേഹം നല്‍കിയ കേസ് സുപ്രീം കോടതി പരിഗണനയ്‌ക്കെടുത്തു എന്നുമാത്രമല്ല, ഈ വകുപ്പില്‍ പുതിയതായി നിലവില്‍ വന്ന ഭരണഘടനയ്‌ക്കെതിരായി ഒന്നുമില്ലെന്ന് അഞ്ചംഗ ബെഞ്ച് വിധി പറയുകയും ചെയ്തു. 1962-ലെ കേദാര്‍നാഥ് കേസ് എന്നറിയപ്പെടുന്ന കേസിന്റെ വിധിയേയും മറികടക്കുന്നതാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ജഡ്ജിമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാനമായ വിധി.
124 വകുപ്പ് പൂര്‍ണമായി റദ്ദുചെയ്യാതെ അത് മരവിപ്പിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇതിന്റെ ഭാഗമായി ഇനി ഇത്തരം കേസുകള്‍ ചാര്‍ജ് ചെയ്യരുതെന്നും ഈ കേസില്‍ ഉള്‍പ്പെട്ട ആളുകളുടെ കേസ് തുടര്‍ന്നു കൊണ്ടുപോകരുതെന്നും പറഞ്ഞിരിക്കുന്നു എന്നതാണ് ഈ കേസിലെ ഏറ്റവും വലിയ പ്രത്യേകത. ഫലത്തില്‍ 124 എ ഇന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിലനില്‍ക്കുന്നില്ല എന്നര്‍ഥം.
ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പും ഈ വകുപ്പനുസരിച്ച് ധാരാളം കേസുകള്‍ ഉണ്ടായിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ബി.ജെ.പിയുടെ ഭരണത്തില്‍ പ്രതിവര്‍ഷം ഏതാണ്ട് 80 കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ തുടങ്ങി. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് 2010-നും 14നും ഇടയ്ക്ക് 279 കേസുകളാണ് ഉണ്ടായിരുന്നത് എങ്കില്‍ 2014-20 ന് ഇടയ്ക്കുളള മോദി ഭരണകാലത്ത് അത് 519 ആയി. 3762 പ്രതികള്‍ ഇതേ കാലയളവില്‍ 7136 പ്രതികളായി ഉയര്‍ന്നു. സംസ്ഥാനങ്ങളിലും ഈ വകുപ്പ് നല്ല രീതിയിലല്ല ഉപയോഗിച്ചിട്ടുളളത്. ജയലളിതയുടെ ഭരണകാലത്ത് 125 കേസുകളിലായി 3402 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് മനസ്സിലാക്കണം. കേരളവും ഇക്കാര്യത്തില്‍ പുറകോട്ട് പോയില്ല. കേരളത്തിലും അടുത്തകാലത്ത് രാജ്യദ്രോഹകേസുകള്‍ എടുക്കുന്നത് സര്‍വസാധാരണമായി. കഷ്ടിച്ച് 18 വയസ്സുളള വിദ്യാര്‍ഥികളെപ്പോലും അറസ്റ്റ് ചെയ്യാന്‍ അലന്‍-താഹ കേസില്‍ കേരള പോലീസ് കാണിച്ച തിടുക്കം നമുക്ക് ഓര്‍മയുണ്ട്. ഇന്ന് നിലവിലുളള കേസുകളില്‍ 18-30ന് ഇടയില്‍ പ്രായമുളള 53 ശതമാനം പേര്‍ ഉണ്ടെന്നുളളത് ഈ കേസ് ചെറുപ്പക്കാര്‍ക്കെതിരായി നിരുപാധികം ഉപയോഗിക്കുന്നു എന്നതിന്റെ തെളിവു തന്നെയാണ്. എന്തായാലും ഇന്ന് കേരളത്തില്‍ 41 കേസുകള്‍ നിലവിലുണ്ട്. ഈ 41 കേസുകളില്‍ വളരെ നിസാരമെന്ന് തോന്നുന്ന ലഘുലേഖകള്‍ കൈവശം വെച്ചതിന്റെ കേസും അതുപോലെ തന്നെ വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസും ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് രാമചന്ദ്ര ഗുഹയ്‌ക്കെതിരേ എടുത്ത കേസ് ഇത്തരം കേസുകളില്‍ ഏറ്റവും കുപ്രസിദ്ധി നേടിയതാണ്. സ്റ്റാന്‍ സ്വാമി ഇതേ വകുപ്പനുസരിച്ച് ജയിലില്‍ കിടക്കുമ്പോഴാണ് തന്റെ വിറ
യ്ക്കുന്ന കൈകള്‍ കൊണ്ട് ഒരു കപ്പെടുത്ത് വെള്ളം കുടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒരു സ്‌ട്രോ അനുവദിക്കണമെന്ന് പറഞ്ഞ് സര്‍ക്കാരിന് കത്തെഴുതേണ്ടി വന്നത്. ജാമ്യം കിട്ടുന്നതിന് മുമ്പുതന്നെ ആദിവാസികള്‍ക്കായി ജീവിതം മാറ്റിവെച്ച വിപ്ലവകാരിയായ ആ കാത്തലിക് പുരോഹിതന്‍ ജയിലില്‍ കിടന്ന് മരിച്ചുവെന്ന് നമുക്കറിയാം. എന്തിന് ലോകപ്രസിദ്ധ സാഹിത്യകാരി അരുന്ധതി റോയിക്കെതിരായും നയതന്ത്രരംഗത്ത് ലോകമാകെ അറിയപ്പെടുന്ന ശശി തരൂരിനെതിരായും ഈ കേസുണ്ടായി എന്നത് ഈ വകുപ്പ് എത്രമാത്രം മോശമായ തരത്തിലാണ് ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നത് എന്നതിന്റെ ഏറ്റവും വികൃതമായ ഉദാഹരണങ്ങളാണ്.
പത്രപ്രവര്‍ത്തകര്‍ക്കെതിരേ ഈ വാള്‍ ചുഴറ്റുവാന്‍ ഇന്നത്തെ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദളിത്പീഡനം നടന്ന ഹാഥ്‌റസിലേക്കുളള യാത്രയ്ക്കിടേ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, കശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ എഴുത്തുകാരി അരുന്ധതി റോയ്, ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേല്‍, കശ്മീരിലെ സൈനിക നടപടികളെ വിമര്‍ശിച്ച വിദ്യാര്‍ഥി നേതാവ് ഷഹ് ല റാഷിദ് , പൗരത്വ ബില്ലിനെ ചോദ്യം ചെയ്ത എഴുത്തുകാരന്‍ ഹിരേന്‍ ഗൊഹെയ്ന്‍, കിസാന്‍ മുക്തി സംഗ്രാം സമിതി നേതാവ് അഖില്‍ ഗോഗോയ്, മാധ്യമപ്രവര്‍ത്തകന്‍ മഞ്ജിത് മഹന്ത, ജെ.എന്‍.യു. പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥിനേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവ എന്നിങ്ങനെ സമീപകാലത്ത് നിരവധി മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും 124 എ എന്ന വകുപ്പിന്റെ ദുരുപയോഗത്തിന്റെ ഇരകളായി. ഇങ്ങനെയുളള ഒരു വകുപ്പ് നിലനില്‍ക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ തീരുമാനം ഇന്ത്യന്‍ ജനാധിപത്യം ജുഡീഷ്യറിയുടെ കൈകള്‍ കൊണ്ട് കൂടുതല്‍ ശക്തമാകുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
ജനങ്ങള്‍ തിരഞ്ഞെടുത്ത എക്‌സിക്യൂട്ടീവ്, തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളെ തന്നെ പീഡിപ്പിക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കാത്ത അഭിഭാഷകവൃത്തിയില്‍ നിന്നും ഉയര്‍ന്നുവന്ന ജഡ്ജിമാര്‍ ഭരണഘടനയുടെ സംരക്ഷകരായി മാറുന്നത് ആശ്വാസകരവും അത്ഭുതകരവുമാണ്. എന്തായാലും ഇന്ത്യന്‍ സുപ്രീം കോടതി അതിന്റെ ചരിത്രത്തില്‍ ഒരു പുതിയ ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. ഈ വിധിക്ക് ശേഷമുണ്ടായ പരാമര്‍ശങ്ങളും ഇത്തരത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു ഇതുകേട്ടയുടനെ പ്രസ്താവിച്ചത് സുപ്രീംകോടതിക്കു ലക്ഷ്മണരേഖകളുണ്ട് എന്നാണ്. അതിനര്‍ഥം വളരെ ലളിതമാണ്. സുപ്രീം കോടതിക്ക് പറഞ്ഞ കാര്യങ്ങളേ സുപ്രീം കോടതി ചെയ്യാവൂ എന്നാണ്.
'ഞങ്ങള്‍ രാജ്യദ്രോഹികളെ കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ സുപ്രീം കോടതി ഇടംകോലിടരുത്' എന്നാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയുടെ പൊരുള്‍ എന്ന് വായിച്ചെടുക്കാവുന്നതാണ്. പക്ഷേ, പ്രധാനമന്ത്രി ഈ വിഷയത്തെ കുറിച്ച് പ്രസ്താവനകളൊന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. എന്തായാലും വകുപ്പ് പുനഃപരിശോധിക്കണം എന്നതിന് പൂര്‍ണമായും എതിര് നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ല. എന്നാല്‍ ഈ വകുപ്പ് യഥേഷ്ടം ഉപയോഗിച്ചുകൊണ്ട് മുന്നോട്ടു പോകുവാനുളള ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കുതിപ്പിന് വിരാമമിടാന്‍ സുപ്രീം കോടതി വിധിക്ക് സാധിച്ചിട്ടുണ്ട് എന്ന് നമുക്ക് സമാധാനിക്കാം. ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ശിക്ഷാനിയമത്തിലെ ഇതരവകുപ്പുകളെ കുറിച്ചും ഒരു ചര്‍ച്ച നടക്കുന്നത് നല്ലതാണ്. വധശിക്ഷ നല്‍കാന്‍ കഴിയുന്ന ഒരു ശിക്ഷാനിയമമാണ് ഇന്ത്യക്ക് ഉളളത്. തീര്‍ച്ചയായും ഇത് വിവാദങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇന്ത്യയുടെ സാഹചര്യങ്ങളില്‍ അതിക്രൂരമായ കൊലപാതകങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കൊലപാതകത്തിന് വധശിക്ഷ വേണം എന്ന നിലപാടും ഒരര്‍ഥത്തില്‍ സാധൂകരിക്കാവുന്നതാണ്. അടുത്ത കാലത്ത് എട്ടു വയസ്സിന് താഴെയുളള ഒരു കൊച്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത സന്ദര്‍ഭത്തില്‍, അത്തരം കുറ്റങ്ങള്‍ക്കും ഇന്ന് വധശിക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാള്‍ വധശ്രമം നടത്തിയാലും അയാള്‍ക്ക് വധശിക്ഷ നല്‍കാവുന്നതാണ്. അങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ വധശിക്ഷ നല്‍കിയ രാജ്യമാണ് ഇന്ത്യ എങ്കില്‍പോലും ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 121-ാം വകുപ്പില്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നവരേയും വധശിക്ഷയ്ക്ക് വിധേയമാക്കാം എന്ന വകുപ്പ് ഒളിഞ്ഞു കിടക്കുന്നുണ്ട്.
124 എ എന്ന വകുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ 121-ഉം ചര്‍ച്ച ചെയ്യണമെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. വധശിക്ഷ പൂര്‍ണമായും നിര്‍ത്തലാക്കണം എന്ന് അഭിപ്രായമുളള ഒരാളല്ല ഞാന്‍. പക്ഷേ, രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്തുവെന്ന് ഭരണകൂടം ആരോപണമുന്നയിച്ചാല്‍ അത് വധശിക്ഷയ്ക്കിടയാക്കുമോ എന്ന ഭീതി ഉണര്‍ത്തുന്നത് ഒരു ജനാധിപത്യ രാജ്യത്തില്‍ ഭൂഷണമല്ല എന്നുതന്നെയാണ് എന്റെ വാദം. 124 എ എന്ന വകുപ്പ് ചുഴറ്റിക്കൊണ്ട് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുളള പരമ്പരാഗതമായി നടന്നുവരുന്ന ശ്രമങ്ങളും പ്രത്യേകിച്ച് ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്തുണ്ടായ അത്തരം ശ്രമങ്ങളുടെ വര്‍ധനയും നമ്മുടെ ജനാധിപത്യ ജീവിതത്തെ തുറിച്ചുനോക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരം ഒരു വിധി വന്നത് എന്തായാലും നന്നായി. ഈ വിധിക്ക് ആധാരമായ പോരാട്ടം നടത്തിയത് ആരാണ് എന്നുപറയാതെ നമുക്ക് ഈ ചര്‍ച്ച പൂര്‍ണമാക്കാന്‍ കഴിയില്ല.
മൈസൂര്‍ സ്വദേശിയായ മേജര്‍ ജനറല്‍ സുധിര്‍ വോംബാത്‌കേരെ (Sudhir Vombatkere)യുടെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് ഇന്ന് ഈ വിധിയിലേക്ക് സുപ്രീം കോടതിയെ എത്തിച്ചത്. 1996-ല്‍ സേനയില്‍നിന്നു വിരമിച്ച അദ്ദേഹം ഈ വകുപ്പിനെതിരായി നിരന്തരം പോരാട്ടം നടത്തി. ഇന്നത് വലിയ വിജയത്തിലേക്ക് എത്തുമ്പോള്‍ ഒരു പഴയ പട്ടാളക്കാരന്‍ വേണ്ടി വന്നു ഇത്രയധികം രാഷ്ട്രീയ പ്രധാന്യമുളള ഒരു കേസ് നടത്താന്‍ എന്നുളള കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പുനഃപരിശോധന നടത്തേണ്ടതുണ്ട്. ഇത്തരത്തിലുളള ജനാധിപത്യ വിരുദ്ധമായിട്ടുളള നീക്കങ്ങള്‍, അതിനെതിരായ പോരാട്ടങ്ങള്‍ ഒരു വലിയ രാഷ്ട്രീയ പ്രവര്‍ത്തനമായി എടുക്കുന്നതിന് പകരം തൊട്ടടുത്ത തിരഞ്ഞെടുപ്പിനുളള തന്ത്രങ്ങള്‍ മാത്രം തിരയുന്നത് ജനാധിപത്യ ഇന്ത്യക്ക് ഭൂഷണമല്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഓര്‍മിപ്പിക്കുന്ന ഒരു വിധി കൂടിയാണ് 124 എ എന്ന വകുപ്പിനെതിരായ വിധി.
ഈ കേസിന്റെ ചരിത്രം പരിശോധിക്കാം. 2021 ജൂലായ് 15-നാണ് ജസ്റ്റിസ് എന്‍.വി. രമണ നേതൃത്വം നല്‍കുന്ന ബെഞ്ച് സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. 2022-ല്‍ ഏപ്രില്‍ 27-ന് സുപ്രീം കോടതി സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് സത്യവാങ്മൂലം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 2022 മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് നേരത്തേ സൂചിപ്പിച്ച 1962 കേദര്‍നാഥ്‌സിങ് വേഴ്‌സസ് സ്റ്റേറ്റ് കൃത്യമായി വിധിപറഞ്ഞിട്ടുണ്ട് എന്നും കേസില്‍ കൃത്യമായ വിധി വന്നിട്ടുണ്ടെന്നും ആ വിധി സര്‍ക്കാര്‍ അംഗീകരിക്കുകയാണ് എന്നും അതിനാല്‍ ഒരു പുനഃപരിശോധന ആവശ്യമില്ലെന്നുമാണ്. 2022 മെയ് 9-ന് കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിയുന്നത് കാണാം. ഒരു പുതിയ സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കി. അതില്‍ സര്‍ക്കാര്‍ പറഞ്ഞത് രാജ്യദ്രോഹക്കുറ്റം പോലുളള കൊളോണിയല്‍ നിയമങ്ങള്‍ പുനഃപരിശോധിക്കുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടില്ല എന്നുതന്നെയാണ്.
സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി വന്നത് എന്നത് മറന്നുകൂട. ഒരു പക്ഷെ, സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നടത്തുമോ എന്ന ഭയം ഉളളതുകൊണ്ടു കൂടിയാവാം ഇത്തരത്തിലുളള ഒരു യുടേണ്‍ മെയ് ഏഴിനും ഒമ്പതിനും കേന്ദ്രം എടുത്തത്. എന്തുമാകട്ടേ സര്‍ക്കാരിന്റെ ഈ മനംമാറ്റം അഥവാ വൈകി വന്ന വിവേകം ഇത്തരത്തിലുളള വിധി പറയുന്നതിന് സുപ്രീം കോടതിക്ക് സഹായകരമായി എന്നത് നിസ്തര്‍ക്കമായ ഒരു വസ്തുതയാണ്. എന്തായാലും ഇനിയും പൂര്‍ണമായ വിധി വരാന്‍ കാത്തിരിക്കണം. കാലാഹരണപ്പെട്ട നിയമങ്ങള്‍ നിയമനിര്‍മാണ സഭകള്‍ തന്നെ പുനഃപരിശോധിക്കേണ്ടതാണ്. ഇന്ത്യന്‍ പാര്‍ലമെന്റും ഇന്ത്യന്‍ നിയമസഭകളും അതിന്റെ സമയം പാഴാക്കാതെ ഇത്തരത്തില്‍ കാലാഹരണപ്പെട്ട നിയമങ്ങള്‍ വലിച്ചെറിയാനുളള, ചട്ടങ്ങള്‍ മാറ്റാനുളള ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമായി എന്ന് സുപ്രീം കോടതി നമ്മെ ഓര്‍മിപ്പിക്കുന്നു.
Content Highlights: sedition law, pratibhashanam column by C P John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..