കലോത്സവം വിവാദോത്സവമാക്കുന്നവർ; വിജയികളെ പ്രഖ്യാപിക്കാൻ എന്തിന് മടിക്കണം...? | പ്രതിഭാഷണം


സി.പി.ജോണ്‍Premium

.

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം കൊടിയിറങ്ങുകയാണ്. കേരളം രൂപീകൃതമായ കാലം മുതൽ കൃത്യമായി നടന്നുവരുന്ന ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സ്‌കൂൾ വിദ്യാർത്ഥികളുടെ കലോത്സവമാണിത്. ലോകത്തൊരുപാട് രാജ്യങ്ങളിൽ ഇത്തരം കലോത്സവങ്ങൾ സ്ഥിരമായും കൃത്യമായും നടക്കുന്നുണ്ടെന്നും തോന്നുന്നില്ല. എന്തായാലും കേരളത്തിന്റെ പൈതൃകമായി മാറിയിരിക്കുന്നു കലോത്സവം. സ്‌കൂൾ തലത്തിൽ തുടങ്ങിയ കലോത്സവം പിന്നീട് സർവകലാശാല തലത്തിലേക്കു വളർന്നെങ്കിലും സർവകലാശാലകൾ പലതായി വിഭജിക്കപ്പെട്ടപ്പോൾ കലോത്സവത്തിന്റെ ഗാംഭീര്യത്തിനും ഇടിവുതട്ടിയെന്ന് പറയാതെ വയ്യ. എന്നാൽ, സ്‌കൂൾ കലോത്സവമാകട്ടെ, പ്ലസ്ടു വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ വലുതാവുകയും ഗൗരവമാവുകയുമാണ് ചെയ്തത്.

ദശലക്ഷക്കണക്കിന് കുട്ടികളിൽ മത്സരം സംഘടിപ്പിച്ച് അതിൽ വിജയിക്കുന്നവരാണ് ജില്ലാ യുവജനോത്സവത്തിലും പിന്നീട് സംസ്ഥാന യുവജനോത്സവത്തിലും പങ്കെടുക്കുന്നത്. ഏതാണ്ട് പതിനയ്യായിരം പേരാണ് കോഴിക്കോട് യുവജനോത്സവത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികളും അവരോടൊപ്പമുള്ളവരും. ഈ വിപുലമായ കലോത്സവത്തിൽ പങ്കെടുത്ത പ്രതിഭകളെയും അതിനായി അവരെ പരിശീലിപ്പിച്ച് അണിയിച്ചൊരുക്കിയ കലാധ്യാപകരെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ. കോവിഡിന്റെ ചീത്തകാലം കഴിഞ്ഞുവന്ന പൂവിളിയാണ് കോഴിക്കോട് കലോത്സവത്തിൽ നാം കണ്ടത്. കേരളത്തിന് കലയുടെ ഒരു പുതിയ പൂക്കാലം സമ്മാനിച്ചുകൊണ്ട് കോവിഡ് ഉയർത്തിയ വെല്ലുവിളികളെ നാം അതിജീവിച്ചതായി ഈ കലോത്സവം പ്രഖ്യാപിക്കുന്നു.

കലോത്സവത്തിലെ മത്സരത്തിന്റെ രീതികൾക്ക് മൗലികമായ മാറ്റും വന്നിട്ടുണ്ട്. ഓരോ ഇനത്തിലും മത്സരിച്ച് ഒന്നാമൻമാരാകുന്ന രീതി ഉണ്ടായിരുന്നു. ഒന്നിലധികം ഇനങ്ങളിൽ മത്സരിച്ച് ഏറ്റവും പോയിന്റ് നേടുന്ന വിദ്യാർത്ഥിയെയും വിദ്യർത്ഥിനിയെയും കലാപ്രതിഭയും കലാതിലകവുമായി തിരഞ്ഞെടുക്കുന്ന രീതിയും നമുക്കുണ്ടായിരുന്നു. ഇവരിൽ പലരും പിന്നീട് കലാകേരളത്തിന്റെ മുത്തുകളായി മാറിയെന്നതാണ് യാഥാർത്ഥ്യം. യേശുദാസും ജയചന്ദ്രനും കെ.എസ്. ചിത്രയും മഞ്ജു വാര്യരും എല്ലാം കലോത്സവത്തിൽ തിളങ്ങിയ പ്രതിഭകളും തിലകങ്ങളുമാണ്.

രാഷ്ട്രീയ രംഗത്ത് കലോത്സവത്തിൽ പ്രസംഗത്തിൽ ഒന്നാം സമ്മാനം നേടിയ സ്‌കൂൾ വിദ്യാർത്ഥിയാണ് നമ്മുടെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീർ. സമ്മാനം നേടിയവർ മാത്രമല്ല, അതിൽ പങ്കെടുത്ത് എല്ലാതരം കലകളുടെയും വാതായനങ്ങളിലൂടെ കടന്നുപോയി ജീവിതത്തിന്റെ വിവിധ തുറകളിൽ അതിനെയെല്ലാം വിജയത്തിന്റെ ചവിട്ടുപടികളാക്കിയ ആയിരക്കണക്കിന് പ്രതിഭകൾ ഇന്നും കേരളത്തിൽ ജീവിച്ചിരിക്കുന്നുണ്ട്. പലരും മൺമറഞ്ഞു പോയി്.

കലോത്സവത്തെ മുൻനിർത്തിയുള്ള ഗൗരവമായ ചർച്ചകൾക്കാണ് കേരളം ഇടം നൽകേണ്ടത്. ഓരോ ഇനത്തിലും ഒന്നാം സമ്മാനം നൽകുന്ന രീതി അശാസ്ത്രീയമായി ഞാൻ കരുതുന്നില്ല. അതിനു പകരം ഇന്ന് നൽകുന്നത് എ ഗ്രേഡ് ആണ്. സംഘാടകരിൽനിന്നു ഞാൻ അറിഞ്ഞത് ചില ഇനങ്ങളിൽ 20 പേർക്കുവരെ എ ഗ്രേഡ് നൽകിയിരിക്കുന്നു എന്നാണ്. എ ഗ്രേഡ് നൽകിയതിൽ തെറ്റില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് എ ഗ്രേഡുകാർക്കിടയിൽ ഒരു മത്സരം നടത്തി അതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നിശ്ചയിക്കേണ്ടതുണ്ട്. ആരെങ്കിലും ഒന്നാമതാകുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാാകുമെന്ന് കരുതി മത്സരം നിർത്തുന്നത് അത്ര നല്ലതല്ല.

ഇത്തരം മത്സരവേദികളിൽ രക്ഷിതാക്കൾ തമ്മിലുള്ള മത്സരവും പരിശീലകർ തമ്മിലുള്ള മത്സരവും കടുത്തപ്പോഴാണ് ഗ്രേഡ് മതിയെന്ന തീരുമാനത്തിൽ കേരള സർക്കാർ എത്തിയത്. പക്ഷെ, ഗ്രേഡിനു വേണ്ടിയും അതേ പിടിവലികൾ നിലനിൽക്കുമ്പോൾ ഒന്നാം സമ്മാനം നൽകുന്ന രീതി നിർത്തിയതുകൊണ്ട് വലിയ ഫലമൊന്നുമുണ്ടായിട്ടില്ല. ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകുന്നത് അശാസ്ത്രീയമാണെങ്കിൽ ഇനിയത് കായിക മത്സരങ്ങളിലേക്കുകൂടി വ്യാപിച്ചു കൂടെന്നില്ല.

ലോകത്തെവിടെയും അങ്ങനെയൊരു രീതിയില്ലല്ലോ. ഈയിടെ അവസാനിച്ച ലോക ഫുട്‌ബോളിൽ ഫൈനൽ മത്സരത്തിലേക്കെത്തിയ രണ്ടു ടീമുകളും എ ഗ്രേഡുകാർ തന്നെ. അവർക്ക് രണ്ടു പേർക്കുമായി കപ്പ് പങ്കുവെച്ചുകൊടുക്കുന്നത് ഇതിനേക്കാൾ നല്ല രീതിയണോ? സെമി ഫൈനലിലെത്തിയവരെയെല്ലാം എ ഗ്രേഡുകാരാക്കി അവർക്ക് ലോകകപ്പിന്റെ ഓരോ വർഷത്തെ കൈവശം അനുവദിച്ചു കൊടുക്കുന്നതുപോലെയാണ് ഇപ്പോഴത്തെ യുവജനോത്സവത്തിലെ എ ഗ്രേഡ് നൽകൽ. അതുമാത്രമല്ല, എത്ര പേർക്ക് എ ഗ്രേഡ് നൽകാമെന്നും നിയമാവലിയിലില്ല. എത്ര പേർക്ക് വേണമെങ്കിലും എ ഗ്രേഡ് ആകാം. അതുകൊണ്ട് ഒന്നാം സ്ഥാനത്തിനുള്ള പിടിവലിയില്ലെങ്കിലും എ ഗ്രേഡിനുവേണ്ടിയുള്ള പിടിവലി കൂടുതൽ സങ്കീർണമായിത്തീർന്നിരിക്കുന്നു.

അതുകൊണ്ട് സാർത്ഥകമായ മത്സരങ്ങൾ തിരിച്ചുകൊണ്ടുവരണമെന്നാണ് ഞാൻ വാദിക്കുന്നത്. അതിനിടയിൽ നടക്കുന്ന തെറ്റായ പ്രവണതകൾ ഇല്ലാതാക്കാൻ മറ്റു പലമാർഗങ്ങൾ നോക്കുന്നതായിരിക്കും നല്ലത്. എന്തായാലും യുവജനോത്സവത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത കുട്ടികൾ ഭാവികേരളത്തിന്റെ വാഗ്ദാനങ്ങളാണ്. അരുടെ ജീവിതത്തിൽ അവർ കലാകാരന്മാരായില്ലെങ്കിൽ പോലും കല അവരുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കുമെന്ന് ഉറപ്പ്. മറ്റ് ആയിരക്കണക്കിനാളുകളെ കല പരിശീലിപ്പിക്കുന്നതിനും കലയുടെ മനോഹരമായ വിതാനത്തിലേക്ക് അവരെ ഉയർത്തുന്നതിനും ഇന്നത്തെ മത്സരാർത്ഥികൾക്ക് ഭാവിയിൽ സാധിക്കുമെന്നും ഉറപ്പാണ്.

വലിയ കലോത്സവങ്ങളിൽ വിവാദം പലപ്പോഴുമുണ്ടായിട്ടുണ്ട് പക്ഷെ, ഈ വർഷത്തെ വിവാദം പലതും അനാവശ്യമായിരുന്നുവെന്ന് പറയാതെ വയ്യ. കലോത്സവത്തിൽ കാലാകാലമായി നൽകി വരുന്ന വെജിറ്റേറിയൻ സദ്യക്കു പകരം നോൺ വെജിറ്റേറിയനായിക്കൂടെ എന്ന ചർച്ച കൊഴുക്കേണ്ടിയിരുന്നത് കലോത്സവത്തിനു എത്രയോ മുമ്പാണ്. അതിൽ വലിയ ചർച്ചയ്‌ക്കൊന്നും പ്രസക്തിയില്ല. ഗവൺമെന്റിന് നോൺവെജിറ്റേറിയൻ കൊടുക്കുന്നതിലും വിരോധമില്ല. പക്ഷെ, കലാമത്സരത്തിനിടയിൽ പഴയിടം നമ്പൂതിരിയെ ലക്ഷ്യം വെച്ചുകൊണ്ട് വെജിറ്റേറിയൻ സദ്യയെ പ്രസാദമൂട്ടായി ചിത്രീകരിക്കുകവരെ ചെയ്തതും അതിൽ വർഗീയാംശം വലിച്ചെടുക്കാൻ ചില മാധ്യമപ്രവർത്തകർ നടത്തിയ ശ്രമങ്ങളും അപലപിക്കാതെ വയ്യ. സർക്കാർ പറഞ്ഞതുകൊണ്ടുമാത്രം അവിടെ വന്ന പാചകവിദ്ഗ്ധനാണ് പഴയിടം നമ്പൂതിരി. അദ്ദേഹത്തെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമായിപ്പോയി.

വെജിറ്റേറിയൻ കഴിക്കുന്നവർ വെജിറ്റേറിയനും അല്ലാത്തവർ നോൺവെജിറ്റേറിയനും കഴിക്കുന്നതിൽ ഇവിടെ ആർക്കാണ് തടസം? പക്ഷെ, വെജിറ്റേറിയനെ ബ്രാഹ്‌മണിക്കൽ ഹെജിമണിയാക്കി മുദ്ര കുത്തുന്നത് യോജിക്കാനാവാത്ത കാര്യമാണ്. കലോത്സവത്തിൽ പങ്കെടുക്കുന്ന ആയിരങ്ങൾക്ക് അവരുടെ താൽപ്പര്യമനുസരിച്ച് വെജിറ്റേറിയനും നോൺവെജിറ്റേറിയനും വിളമ്പുന്നതിന്റെ സങ്കീർണത വളരെ വലുതാണ്. അതുകൊണ്ടു തന്നെയായിരിക്കാം പതിറ്റാണ്ടുകളായി വെജിറ്റേറിയൻ ഭക്ഷണം നൽകുന്നത്. നോൺ വെജിറ്റേറിയൻ കഴിക്കുന്നവരെല്ലാം വെജിറ്റേറിയനും കഴിക്കും എന്ന കാര്യത്തിൽ ആർക്കും സംശയവുമില്ലല്ലോ. അതിനെ വിവാദവത്കരിച്ചത് വലിയ തെറ്റാണെന്ന് പറയാതെ വയ്യ.

നോൺ വെജിറ്റേറിയന് വെജിറ്റേറിയൻ ഭക്ഷണത്തിന്റെ പല മടങ്ങ് ചെലവ് കൂടുമെന്നും ഓർക്കുക. ഇത് കേട്ടപാടെ അടുത്ത വർഷം മുതൽ നോൺ വെജിറ്റേറിയൻ നൽകുമെന്ന് നമ്മുടെ വിദ്യാഭ്യാസമന്ത്രിയും പ്രസ്താവിച്ചിട്ടുണ്ട്.
തത്കാലം വിവാദം അവസാനിപ്പിക്കാനായിരിക്കും വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ശ്രമിച്ചത്. അതിലേക്കുംവിവാദത്തിന്റെ പുതിയ വാതിലുകൾ തുറക്കാവുന്നതേയുള്ളൂ. നോൺ വെജിറ്റേറിയൻ വരുമ്പോൾ അവിടെ ബീഫ് വിളമ്പിയോ പോർക്ക് വിളമ്പിയോ എന്നതായിരിക്കും അടുത്ത വർഷത്തെ തർക്കം. തർക്കം ഒരിക്കലും അവസാനിക്കുന്നില്ല. ദയവായി ഇത്തരം തർക്കങ്ങൾ കലയുടെ തീർപ്പുകൾ കൊഴുക്കുന്ന കലോത്സവവേദികളിൽനിന്നു മാറ്റി നിർത്തുന്നതാണ് കേരളത്തിന് നല്ലത്.

മറ്റൊരു വിമർശനം രാഷ്ട്രീയരംഗത്തുനിന്നു തന്നെയാണ് ഉണ്ടായത്. അത് കേവലം ഒരു വിവാദമായി ഞാൻ കണക്കാക്കുന്നില്ല. കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ അവതരിപ്പിച്ച കലാരൂപത്തിൽ അറഭിവേഷം ധരിച്ചയാളെ ഭീകരനാക്കി മാറ്റിയത് ഉചിതമായില്ല. തൊറ്റു തുറന്നു സമ്മതക്കാൻ അധികൃതർ ഉടനെ ശ്രമിച്ചിരുന്നെങ്കിൽ, ആ വിവാദവും അവിടെ അവസാനിക്കുമായിരുന്നു. വർഗീയത ശക്തമായ ഈ രാഷ്ട്രീയ കാലഘട്ടത്തിൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടവർ കാണിച്ച ജാഗ്രതക്കുറവ് തന്നെയാണ് ഈ വിമർശനത്തിനിടയാക്കിയത്. ആ വിമർശനത്തെ കേവലം വർഗീയ വിമർശനമായി കണക്കാക്കുന്നതിൽ കാര്യമില്ല. വിമർശനത്തിൽ കഴമ്പുണ്ട്. അറബി വേഷത്തെ ഇസ്ലാമിക വേഷമാക്കുകയും അതിനെ ഭീകരവേഷമാക്കുകയും ചെയ്യാൻ ഏത് കുബുദ്ധികളുടെ തലയിലാണ് ചിന്തകൾ പൊട്ടിമുളച്ചതെന്ന് അന്വേഷിച്ചുതന്നെ കണ്ടുപിടിക്കേണ്ട കാര്യമാണ്.

മറ്റൊരു വിഷയം ഉയർന്നുവന്നത് മോണോ ആക്ടിലാണ്. അതിൽ ചില മതവിഭാഗത്തിൽപ്പെട്ടവരുടെ പൊതുവേദിയിൽ നടത്തിയ ചിലപ്രസ്താവനകൾ വിമർശിക്കപ്പെട്ടു എന്നതാണ് ആക്ഷേപം. അതിലാരും വിഷമിച്ചിട്ട് കാര്യമില്ല. ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകൾ കൊള്ളാൻ പൊതുവേദിയിൽ, പൊതുമണ്ഡലത്തിൽ നിൽക്കുന്ന എല്ലാവരും മനസുകൊണ്ട് തയ്യാറെടുത്തു കൊള്ളണം. കുട്ടികളുടെ മനസിലേക്ക് മുതിർന്നവരുടെ പൊതുപ്രസ്താവനകൾ എങ്ങിനെയാണ് കടന്നുചെല്ലുന്നതെന്ന് മനസിലാക്കാനുള്ള കണ്ണാടിയായിരുന്നു അത്തരം മോണോആക്ടുകൾ. രാജാവിനെ മുഖത്തു നോക്കി വിമർശിക്കുന്ന ചാക്യാർ കൂത്തിന്റെ പാരമ്പര്യമുള്ള നാടാണ് കേരളം.

രാജാവിനെ പൂച്ചക്കണ്ണനെന്ന് മുഖത്തു നോക്കി വിളിച്ചതിനു വധശിക്ഷക്ക് വിധിക്കപ്പെട്ട ചാക്യാരോട് ഇപ്പോൾ എങ്ങിനെയുണ്ടെന്നായിരുന്നു രാജാവിന്റെ ചോദ്യം. പൂച്ചയുടെ മുന്നിൽപ്പെട്ട എലിയുടെ സ്ഥിതിയാണെന്നായിരുന്നു മറുപടി. ഇതാണ് കേരളത്തിന്റെ പൈതൃകം. അതുകൊണ്ട് വിമർശനത്തിന്റെ കൂരമ്പുകൾ കൊച്ചുകുട്ടികളുടെ കണ്ഠത്തിൽ നിന്നുയർന്നാൽ അത് കൃത്യമായി പൊതുമണ്ഡലത്തിൽ നടത്തിയ പ്രസ്താവനകളുടെ പേരിലാകുമ്പോൾ ആരും വേദനിച്ചിട്ടും പുളഞ്ഞിട്ടും കാര്യമില്ല. അത് കലയുടെ ദൗത്യമാണ്, കലാകാരന്റെ ദൗത്യമാണ്.

എന്തെല്ലാം വിവാദങ്ങളുടെ മൂടുപടമുണ്ടായാലും കലാകേരളം ചെറുപ്പക്കാരിലൂടെ മിഴി തുറന്നിരിക്കുന്നു. സംസ്ഥാന സ്‌കൂൾ യുവജനോത്സവം സാധാരണയിൽ കവിഞ്ഞ പ്രാധാന്യമുള്ളതാണ് ഈ വർഷം. ശാസ്ത്രീയ നേട്ടത്തിന്റെ ഫലമായി മനുഷ്യൻ മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയെ അതിജീവിച്ചതിന്റെ ആഘോഷത്തിമിർപ്പാണ് കോഴിക്കോട്ടു കണ്ടത്. ഈ മഹാമാരിയിൽ എത്രയോ കുഞ്ഞുങ്ങളും മരിച്ചിട്ടുപോയിട്ടുണ്ട്. അനാഥരായിട്ടുണ്ട്. രക്ഷാകർത്താക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ രോദനവും നാം കേട്ടിട്ടുണ്ട്. അതെല്ലാം മറക്കാനും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനുമുള്ള വലിയ പ്രവേശികയായി ഈ കലോത്സവം മാറി എന്നത് ആശ്വാസകരമാണ്. കലോത്സവ നടത്തിപ്പിന്റെ തെറ്റും ശരിയും കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട്. അതും വിമർശനങ്ങൾക്ക് വിധേയമാകേണ്ടതുമുണ്ട്. അത് അധ്യാപക- വിദ്യാർത്ഥി സംഘടനകളും ബന്ധപ്പെട്ട അധികൃതരും കലോത്സവകാലത്തിന്റെ എത്രയോ മുമ്പുതന്നെ നടത്തണമെന്നു മാത്രം.

Content Highlights: school kalolsavam 2023, pratibhashanam column by CP John


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


01:35

മരത്തിൽ കയറിയിട്ടും കടുവ വിട്ടില്ല, താഴെ വീഴ്ത്താൻ നോക്കി, ആരൊക്കെയോ വന്നതുകൊണ്ട് ജീവൻ ബാക്കി കിട്ടി

Jan 21, 2023


Anil K Antony

1 min

കോണ്‍ഗ്രസിലെ മെരിറ്റ് പാദസേവയും മുഖസ്തുതിയും-രൂക്ഷ വിമര്‍ശനവുമായി അനില്‍ ആന്റണി

Jan 25, 2023

Most Commented