ഏതോ മൂലയിൽ കോറിയിട്ട ഒന്നല്ല ഭരണഘടന; മന്ത്രി എന്തിന് തുടരുന്നു? | പ്രതിഭാഷണം


സി.പി.ജോണ്‍ഇന്ത്യന്‍ ഭരണഘടനയുടെ ഉല്പന്നമാണ് കേരളത്തിന്റെ മന്ത്രിസഭയെന്നും അതിലെ ഒരംഗമായി താന്‍ ഇരിക്കുന്നത് ഭരണഘടനയുടെ 163,164 ആര്‍ട്ടിക്കിളുകള്‍ അനുസരിച്ചാണ് എന്നും അറിയാത്ത ഒരു മന്ത്രിയെയാണ് മല്ലപ്പള്ളി പ്രസംഗത്തില്‍ നാം കണ്ടത്.

മന്ത്രി സജി ചെറിയാൻ | Photo: facebook.com/sajicherian

കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ വെച്ച് നടത്തിയ പ്രസംഗം വിവാദമായിരിക്കുകയാണ്. ഇന്ത്യയുടെ ഭരണഘടന ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഒരു മന്ത്രി എന്ന നിലയില്‍ ഒരിക്കലും നടത്താന്‍ പാടില്ലാത്തതാണ്.

ഒരാള്‍ എങ്ങനെയാണ് മന്ത്രിയാകുന്നത്, മുഖ്യമന്ത്രിയാകുന്നത്, പ്രധാനമന്ത്രിയാകുന്നത് എന്നതിനെക്കുറിച്ചായിരിക്കണം
ഇന്നത്തെ മന്ത്രിമാര്‍ക്ക് ആദ്യം ബോധ്യമുണ്ടാകേണ്ടത്. കൊളളയടിക്കാന്‍ പറ്റിയ, ബ്രിട്ടീഷുകാര്‍ പറഞ്ഞെഴുതിച്ച പുസ്തകം എന്നു സജി ചെറിയാന്‍ പറയുന്ന ഭരണഘടനയുടെ 163, 164 ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകുന്നത്. അതില്‍ 164-ാം ഖണ്ഡികയുടെ മൂന്നാം ഉപഖണ്ഡികയില്‍ ഒരു മന്ത്രി അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഗവര്‍ണറുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യണം എന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്. ആ സത്യപ്രതിജ്ഞ ഭരണഘടനയുടെ ഷെഡ്യൂള്‍ മൂന്നില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുമുണ്ട്. ഷെഡ്യൂള്‍ മൂന്നില്‍ ഒരു മന്ത്രി പറയേണ്ടത് ഓഫീസ് ഓഫ് ഓത്ത് അനുസരിച്ച് 'ഞാന്‍ ഇന്ത്യയുടെ ഭരണഘടനയോട് സത്യസന്ധമായ കൂറുപുലര്‍ത്തുന്നു' എന്നതാണ്. രണ്ടാമത്തെ സത്യപ്രതിജ്ഞ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിനെക്കുറിച്ചാണ്. അതിവിടെ പ്രസക്തമല്ലെങ്കിലും എല്ലാ സത്യപ്രതിജ്ഞകളും ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളില്‍പെട്ടതാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ഉല്പന്നമാണ് കേരളത്തിന്റെ മന്ത്രിസഭയെന്നും അതിലെ ഒരംഗമായി താന്‍ ഇരിക്കുന്നത് ഭരണഘടനയുടെ 163,164 ആര്‍ട്ടിക്കിളുകള്‍ അനുസരിച്ചാണ് എന്നും അറിയാത്ത ഒരു മന്ത്രിയെയാണ് മല്ലപ്പള്ളി പ്രസംഗത്തില്‍ നാം കണ്ടത്. ഭരണഘടനയുടെ പരിമിതികളെകുറിച്ച് പറയാനുളള അവകാശം എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ, ഭരണഘടനയുടെ അടിസ്ഥാനപരമായ മൂല്യങ്ങളെ നിഷേധിക്കുന്ന ഒരാള്‍ക്ക് മന്ത്രിയായിരിക്കാന്‍ സാധ്യമല്ലെന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് സജി ചെറിയാന്‍ രാജിവെച്ചൊഴിയണം. അതല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണം.

ഇതിനിടയില്‍ സജി ചെറിയാന്‍ കേരള അസംബ്ലിയില്‍ തന്നെ ഖേദപ്രകടനം നടത്തിയിരിക്കുന്നു. താന്‍ ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നില്ലെന്നും അതിന്റെ പരിമിതികള്‍ പറയുകയായിരുന്നുവെന്നുമാണ് പുറത്തുവന്ന വാര്‍ത്തകളില്‍നിന്നു വ്യക്തമാകുന്നത്. മന്ത്രിമാര്‍ ഒരു കാര്യമോര്‍ക്കണം. പഴയകാലമല്ല. അവര്‍ പറയുന്നതെന്തും ഒപ്പിയെടുക്കാന്‍ മാധ്യമങ്ങളുണ്ട്. അത് ലോകത്തിന്റെ ഏതു കോണിലേക്കും എത്തിക്കാനുളള സംവിധാനങ്ങളും സുലഭമാണ്. ഇത്തരം ഒരു അബദ്ധം പറ്റിയാല്‍ മന്ത്രിക്കസേരയില്‍നിന്ന് ഇറങ്ങുകയാണ് ഏറ്റവും ഉത്തമമായിട്ടുളളത്.

സജി ചെറിയാന്‍ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന് ഭരണഘടനയോടുളള സമീപനം എന്തായിരിക്കണം എന്നതിനെ കുറിച്ചും ചര്‍ച്ചയാകാവുന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു ബ്വൂര്‍ഷാ രാജ്യത്തെ ഭരണഘടനയെ അതേപടി നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവരല്ല.ഇന്ന് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്നതിന് ഭരണഘടന അംഗീകരിക്കേണ്ടത് അനിവാര്യമായത്‌കൊണ്ട് അത് അംഗീകരിക്കുകയും ദീര്‍ഘകാല രാഷ്ട്രീയത്തില്‍ ഈ ഭരണഘടനയുടെ സ്ഥാനത്ത് ഒരു ജനകീയ ജനാധിപത്യ വിപ്ലവത്തിന് ശേഷം ഉണ്ടാകുന്ന ഭരണഘടന പ്രതിഷ്ഠിക്കുകയും ചെയ്യണം എന്നതുതന്നെയാണ് സി.പി.എമ്മിന്റെ നയം. മറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അതുപോലുളള സങ്ക്‌ലപങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് പലതരത്തില്‍ വ്യത്യസ്തങ്ങളാകാം. അത്തരത്തില്‍ ദീര്‍ഘകാല സങ്കല്പങ്ങള്‍ നിലനിര്‍ത്തുന്നതിനുളള അവകാശവും ഭരണഘടനയില്‍ നല്‍കിയിട്ടുണ്ട് എന്നതാണ് ഇന്ത്യന്‍ ഭരണഘടനയെ വ്യത്യസ്തമാക്കുന്നത്.

ഭരണഘടനയോട് പോലും വിയോജിക്കാനുളള അധികാരം നല്‍കുന്ന ഭരണഘടനയാണ് നമ്മുടേത്. ദൈവനിന്ദ നമ്മുടെ ഭരണഘടനയുടെ ഭാഗമല്ല. മതേതരത്വ ഭരണഘടനയായ ഇന്ത്യയില്‍ വിവിധ മതങ്ങളില്‍ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുളള അനുവാദമുണ്ട്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ തിരഞ്ഞെടുപ്പുകളുടെ അടിത്തറയും ഇന്ത്യന്‍ ഭരണഘടന തന്നെയാണ്. ആ അര്‍ഥത്തില്‍ തിരഞ്ഞെടുപ്പുവേളയിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും ഭരണഘടനയുടെ പോരായ്മകളെ വിമര്‍ശിക്കുവാനും അതുമാറ്റി എഴുതേണ്ടതിന്റെ ആവശ്യകതകളിലേക്ക് ജനങ്ങളെ ബോധവാന്മാരാക്കുവാനുമുളള പ്രചരണം നടത്താനുളള അവകാശം നല്‍കിയതും സജി ചെറിയാന്‍ പറയുന്ന ഈ ഭരണഘടന തന്നെയാണ്.

ഇവിടെ പ്രശ്‌നം അതല്ല. 'ഞാന്‍ ഭരണഘടനയോട് സത്യസന്ധമായ കൂറ് പുലര്‍ത്തുന്നു'വെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ ഇരിക്കുന്ന ഒരു മന്ത്രിക്ക് ഇത്തരത്തിലുളള പ്രസ്താവന നടത്താനുളള അവകാശമുണ്ടോ എന്നു മാത്രമാണ്. സജി ചെറിയാന്‍ സി.പി.എമ്മിന്റെ സംസഥാന സെക്രട്ടറി മാത്രമായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ സെക്രട്ടേറിയേറ്റ് അംഗം മാത്രമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ ഗൗരവത്തില്‍ കാണും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, ഇന്ന് സജി ചെറിയാന്റെ പ്രസംഗം സി.പി.എമ്മിന് വലിയ ബാധ്യതയായി തീര്‍ന്നിരിക്കുകയാണ്. അതിന് സാന്ദര്‍ഭികമായ പ്രത്യേകതകള്‍ കൂടിയുണ്ട്.

Read More: മന്ത്രി സജി ചെറിയാനെതിരെ പ്രാഥമികാന്വേഷണം; വീഡിയോ പരിശോധിച്ച ശേഷം തുടർനടപടി

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി 1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നെ ലഭിച്ചിട്ടില്ലെന്ന് അഭിപ്രായം പറഞ്ഞവരാണ്. അതിന്റെ അടിസ്ഥാനത്തില്‍ 1948-ല്‍ ചേര്‍ന്ന പാര്‍ട്ടിയുടെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് നെഹ്‌റു സര്‍ക്കാരിനെ മറിച്ചിടുന്നതിന് വേണ്ടിയുളള ആഹ്വാനം നല്‍കി. അതാണ് കല്‍ക്കട്ട തീസിസ് എന്ന് അറിയപ്പെടുന്നത്. 1951-ലെ നയപ്രഖ്യാപനം ഇന്ത്യയുടെ ഭരണഘടനയോട് ചേര്‍ന്ന് ജനാധിപത്യപ്രക്രിയയില്‍ പ്രവര്‍ത്തിക്കണം എന്ന നയം സ്വീകരിച്ചു. കല്‍ക്കട്ട തീസിസിന്റെ ഉപജ്ഞാതാവായ ബി.ടി. രണദിവെയെ പാര്‍ട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. എല്ലാവരും ജനാധിപത്യ വിരുദ്ധനെന്ന് വിശേഷിപ്പിക്കുന്ന(അത് അങ്ങനെ തന്നെയായിരുന്നു താനും) സ്റ്റാലിനാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭരണാഘടനാപരമായ ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കണം എന്ന് നിര്‍ബന്ധിച്ചത്. 51 മുതല്‍ 75 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുമ്പോഴും 57-ല്‍ ഒരു സംസ്ഥാനത്ത്‌ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ഉണ്ടാക്കുമ്പോഴുമെല്ലാം ഭരണഘടനയുടെ പരിമിതികളെ കുറിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി വളരെ ശക്തമായ പ്രചരണങ്ങള്‍ നടത്തിയിരുന്നു.

ഇന്ത്യന്‍ ഭരണഘടന ടാറ്റയുടെയും ബിര്‍ളയുടെയും ഭരണഘടനയാണെന്നും അത് വലിച്ചെറിയണമെന്നുമുളള മുദ്രാവാക്യങ്ങള്‍ ഈ ലേഖകന്‍ അടക്കം വിദ്യാര്‍ഥിയായിരുന്ന കാലത്ത് മുഴക്കിയിട്ടുണ്ട്. 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ സി.പി.എമ്മിന് ഭരണഘടനയോടുളള സമീപനത്തില്‍ പുതിയ മാറ്റം വന്നു. അന്ന് സി.പി.ഐ.യും ആര്‍.എസ്.പിയും അടിയന്തരാവസ്ഥയെ അനുകൂലിച്ചു.

അച്യുതമേനോന്‍ സര്‍ക്കാര്‍ കേരളത്തില്‍ അടിയന്തരാവസ്ഥ നടപ്പാക്കിയ സര്‍ക്കാരാണ്. ഇന്ത്യയില്‍ സി.പി.ഐ. ഫാസിസത്തിനെതിരേ ഇത്തരമൊരു സമീപനം അനിവാര്യമാണ് എന്ന് തുറന്നുപറഞ്ഞുകൊണ്ട് പട്‌നയില്‍ റാലി നടത്തി. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായവും അന്ന് സി.പി.ഐയ്ക്ക് ഉണ്ടായി. മറ്റൊരു അര്‍ഥത്തില്‍ സോവിയറ്റ് പാര്‍ട്ടിയുടെ ഇന്ദിര ഗാന്ധിയെ അടക്കം അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്.

അന്ന് സി.പി.എം. ഭരണഘടനയുടെ പരിമിതമായ ജനാധിപത്യത്തിന്റെ രുചിയറിഞ്ഞു. ഈ പരിമിതമായ ജനാധിപത്യം എങ്കിലും നിലനിര്‍ത്തുന്നതിന് ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ബൂര്‍ഷ്വാ ഭരണ വര്‍ഗങ്ങള്‍ ഭരണഘടനയെ പോലും പിച്ചിച്ചീന്തിക്കൊണ്ട് അര്‍ധ ഫാസിസ്റ്റ് ഭരണത്തിലേക്ക് നീങ്ങുകയാണ് എന്ന നിഗമനം ശരിയായ രീതിയിലാണ് സി.പി.എം. കൈക്കൊണ്ടത്. ആ വഴിയിലേക്ക് പിന്നീട് സി.പി.ഐ. കടന്നുവന്നത് ചരിത്രമാണ്. എന്നാല്‍, ഇന്നത്തെ സ്ഥിതി അവിടെ നിന്ന് മാറിയിരിക്കുന്നു. 75-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധി 80-ല്‍ വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ അടിയന്തരാവസ്ഥ കാലത്ത് കൊണ്ടുവന്ന ഭരണഘടനാഭേദഗതികള്‍ ജനത സര്‍ക്കാര്‍ റദ്ദ് ചെയ്തത് ഫലത്തില്‍ അംഗീകരിക്കുകയാണ് ചെയ്തത്.

42-ാം ഭരണഘടനാ ഭേദഗതിയുടെ അന്തഃസത്ത മൊറാര്‍ജി ഗവണ്‍മെന്റ് എടുത്തുകളഞ്ഞതിനെ പരസ്യമായി പറഞ്ഞില്ലെങ്കിലും തിരിച്ച് കൊണ്ടുവരാന്‍, അടിയന്തരാവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ ഇന്ദിര ഗാന്ധിയും കോണ്‍ഗ്രസും തയ്യാറായില്ല. അടിയന്തരാവസ്ഥ തന്നെ തെറ്റായി പോയെന്ന് ഇന്ന് കോണ്‍ഗ്രസിന്റെ പ്രതീകമായ രാഹുല്‍ ഗാന്ധി തന്നെ അടുത്ത കാലത്ത് പ്രസ്താവിച്ചതും ശ്രദ്ധേയമാണ്.

പക്ഷേ, സജി ചെറിയാന്‍ സംസാരിക്കുമ്പോള്‍ കൊളളയടിക്കുന്നവരുടെ ഭരണഘടനയെന്ന് പറയുമ്പോള്‍ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നു. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനും ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റുന്നതിനുമുളള ഒരു പുതിയ ഭരണഘടനയുടെ പണിപ്പുരയിലാണ് സംഘപരിവാര്‍ ശക്തികള്‍. എങ്ങനെ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാം എന്നവര്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.

51-ല്‍ ഭരണഘടനയുടെ അകത്തേക്ക് കയറിവന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി 75-ല്‍ സി.പി.എം. എന്ന നിലയില്‍ ഭരണഘടനയുടെ പരിമിതമായ അവകാശങ്ങള്‍ നഷ്ടപ്പെടുന്നത് മനസ്സിലാക്കി. ഇന്ന് ഭരണഘടനയുടെ അന്തഃസത്ത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇങ്ങനെ ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുക എന്ന കടമയാണ് ഇടത്‌ രാഷ്ട്രീയ പാര്‍ട്ടികളും മതേതര കക്ഷികളും നിര്‍വഹിക്കേണ്ടത്. 51നും 75നും ഇടയില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ ഇന്ന് വിളിക്കാറില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിന് അറപ്പുളവാക്കുന്ന വാര്‍ത്തകളാണ് നമ്മുടെ ചെവിയില്‍ വീണുകൊണ്ടിരിക്കുന്നത്.

ഇവിടെയാണ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കേണ്ടത്, ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കേണ്ടത്. ആ മതേതരത്വത്തെ കുറിച്ചാണ് സജി ചെറിയാന്‍ പറയുന്നത് ഏതോ മൂലയില്‍ എന്തോ കോറിയിട്ടുണ്ട് എന്ന്. ഏതോ മൂലയില്‍ കോറിയിട്ട എന്തോ ഒരു വാക്കുകളല്ല മതേതരത്വവും ജനാധിപത്യവും. അത് ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണ്. ഭരണഘടനയുടെ ജീവശ്വാസമാണ്. അതിനെ കുറിച്ചുളള സാമാന്യമായ അറിവുകള്‍ സജി ചെറിയാന് ഇല്ലാതിരുന്നത് കഷ്ടമായി പോയി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടും ഭരണഘടനയോടുമുളള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് സി.പി.എമ്മിന്റെയും സമീപനങ്ങള്‍ പോലും മനസ്സിലാക്കാത്ത ഒരാളായി പോയി സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ, എന്റെ പഴയ സുഹൃത്ത് സജി ചെറിയാന്‍ എന്നത് അങ്ങേയറ്റം ഖേദകരമാണ്.

സജി ചെറിയാനെ ഏതെങ്കിലും തരത്തില്‍ ക്യാബിനറ്റില്‍ പിടിച്ചിരുത്താനല്ല പിണറായി വിജയന്‍ ശ്രമിക്കേണ്ടത്. അദ്ദേഹം പുറത്തിറങ്ങട്ടേ. പുറത്തിറങ്ങിയ പലരും തിരിച്ചുവന്നിട്ടുമുണ്ട്. സജി ചെറിയാന്റെ രാജി അനിവാര്യമാണ്. സജി ചെറിയാനെ അവിടെ തന്നെ ഇരുത്തുന്നത് ഈ സര്‍ക്കാരിന് ഭൂഷണമല്ലെന്നു മാത്രമല്ല, ബാധ്യത കൂടി ആയിത്തീരും എന്ന് പറയാതെ വയ്യ.

Content Highlights: Saji Cheriyan's remarks against Indian Constitution, CP John column pratibhashanam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented