സജി ചെറിയാൻ, ധാർമ്മികതയെക്കുറിച്ച് മാത്രം താങ്കൾ സംസാരിക്കരുത്...! | വഴിപോക്കൻ


വഴിപോക്കൻ

ഭരണഘടന തൊട്ട് സജി ചെറിയാൻ അധികാരം വീണ്ടും ഏറ്റെടുക്കുമ്പോൾ ചെറുതാവുന്നത് സി.പി.എമ്മും ആ രാഷ്ട്രീയ പാർട്ടിയെ നയിക്കുന്ന നേതാക്കളുമാണ്. പേരിന് മാത്രമുയർത്തിയ ഒരു തണുത്ത പ്രതിഷേധത്തിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ ചെറുതാകലിന് കാർമ്മികത്വം വഹിക്കുന്നുവെന്നത് കേരളം ഇന്നെത്തി നിൽക്കുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പുമാണ് വ്യക്തമാക്കുന്നത്.

Premium

മുഖ്യമന്ത്രി പിണറായി വിജയനും സജി ചെറിയാനും | ഫോട്ടോ: സി. ബിജു|മാതൃഭൂമി

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നു. നമുക്ക് ആറ് മാസം മുമ്പുള്ള ആ ജൂലായ് മൂന്നിലേക്ക് ഒന്ന് തിരിച്ചുനടക്കാം. ഇന്ത്യൻ ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യം ചെയ്തു കൊണ്ടാണ് ഒരു മന്ത്രി അധികാരമേൽക്കുന്നത്. ഈ ഭരണഘടനയെയാണ് ജൂലായ് മൂന്നിന് മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ സജി ചെറിയാൻ തള്ളിപ്പറഞ്ഞത്. സജി ചെറിയാന്റെ വിവാദപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ കൊടുക്കുന്നു:

''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും. ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.''

''തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യൻ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണ്. അവർക്കെതിരെ എത്ര പേർക്ക് സമരം ചെയ്യാൻ പറ്റും. കോടതിയും പാർലമെന്റുമെല്ലാം മുതലാളിമാർക്കൊപ്പമാണ്. മുതലാളിമാർക്ക് അനുകൂലമായി മോദി സർക്കാരിനെ പോലുള്ളവർ തീരുമാനമെടുക്കുന്നതും പ്രവർത്തിക്കുന്നതും ഇന്ത്യൻ ഭരണഘടന അവർക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്. ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ല. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്നത് ഭരണകൂടം അവർക്ക് അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴിൽ നിയമങ്ങൾ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം എന്നതൊക്കെ ഇല്ലാതായി.''

ഡോ. ബി.ആർ. അംബദ്കർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

ഭരണഘടന വിശുദ്ധ പശുവല്ല

ഇന്ത്യൻ ഭരണഘടന വിശുദ്ധ പശുവാണെന്നോ വേദഗ്രന്ഥമാണെന്നോ ഭരണഘടന ശിൽപിയായ ബി.ആർ. അംബദ്കർ പോലും പറഞ്ഞിട്ടില്ല. തന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടനയെക്കുറിച്ച് അംബദ്കറിന് പല പരാതികളുമുണ്ടായിരുന്നു. പക്ഷേ, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നെഹ്രു മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്ന അംബദ്കർ ആ സ്ഥാനത്തിരുന്നുകൊണ്ട് ഒരിക്കലും ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല. 1951 സെപ്റ്റംബർ 27-നാണ് അംബദ്കർ നിയമ മന്ത്രിസ്ഥാനം രാജി വെച്ചത്. നാല് കൊല്ലത്തിനപ്പുറം 1955 മാർച്ചിൽ രാജ്യസഭയിൽ അംബദ്കർ ഇങ്ങനെ പറഞ്ഞു: ''ദൈവങ്ങൾക്കായി നമ്മൾ സൃഷ്ടിച്ച മനോഹരമായ ക്ഷേത്രമായിരുന്നു ഭരണഘടന, പക്ഷേ, അവരെ പ്രതിഷ്ഠിക്കാനാവുന്നതിന് മുമ്പ് ചെകുത്താന്മാർ അവിടം കൈയ്യടക്കി.'' ഇന്ത്യൻ ഭരണഘടന നന്നാവുന്നതും മോശമാവുന്നതും ആത്യന്തികമായി അത് കൈകാര്യം ചെയ്യുന്നവരെ ആശ്രയിച്ചിരിക്കുമെന്ന് അംബദ്കർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ചൂഷണത്തിനുള്ള ഉപകരണവും ഉപാധിയുമാണ് ഇന്ത്യൻ ഭരണഘടന എന്നാണ് സജി ചെറിയാൻ വിമർശിച്ചത്. അപ്പോൾ മന്ത്രിയായിരുന്ന ഒരു കൊല്ലം ചെറിയാൻ ചെയ്തുകൊണ്ടിരുന്നത് ഈ ചൂഷണത്തിന് കുടപിടിക്കലായിരുന്നോ? അല്ലെങ്കിൽ, ഈ ചൂഷണം അവസാനിപ്പിക്കാൻ മന്ത്രിയെന്ന നിലയിൽ സജി ചെറിയാൻ എന്താണ് ചെയ്തത്? ഇക്കഴിഞ്ഞ ആറ് മാസങ്ങളിൽ ഈ ചോദ്യങ്ങൾക്കൊന്നും തന്നെ ഒരുത്തരവും സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മന്ത്രിസ്ഥാനത്തിരുന്ന് ഭരണഘടനയെ അധിക്ഷേപിച്ചതിൽ ഒരു തരത്തിലുള്ള വ്യസനമോ ഖേദമോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഓണാട്ടുകര ഭാഷയാണ് പ്രശ്നമായതെന്നും ഭരണഘടനയെയല്ല ഭരണകൂടത്തെയാണ് താൻ ലക്ഷ്യമിട്ടതെന്നുമൊക്കെയുളള ക്യാപ്സൂൾ സാഹിത്യം മുന്നോട്ടുവെയക്കുക മാത്രമാണ് സജി ചെറിയാൻ ഇതുവരെ ചെയ്തത്. മറ്റൊരു കാര്യം പക്ഷേ, സജി ചെറിയാനെ ദുഃഖിപ്പിച്ചു. മന്ത്രിപ്പണി എന്ന സുഖമുള്ള ജോലി കൈവിട്ടുപോയതിലായിരുന്നു ഈ വേദന. കാറിന്റെ ഡോർ തുറന്നു തരാനും മരുന്നെടുത്തു തരാനും എന്തിനുമേതിനും സഹായികളുള്ള ഒരു ജോലി നഷ്ടപ്പെട്ടതിലുള്ള ദുഃഖം സജി ചെറിയാൻ അടുത്ത ദിവസങ്ങളിൽ പങ്ക് വെച്ചിരുന്നു. ഈ സുഖം തിരിച്ചുകിട്ടണം എന്നതിൽ മാത്രമായിരുന്നിരിക്കാം ചെറിയാന്റെ ശ്രദ്ധ. ആയിക്കോട്ടെ! പക്ഷേ, ധാർമ്മികതയെ മാത്രം കൂട്ടുപിടിക്കരുത്. ധാർമ്മികതയുടെ പുറത്താണ് ജൂലായ് ആറിന് രാജിവെച്ചതെങ്കിൽ മന്ത്രിസ്ഥാനം തിരിച്ചുകിട്ടുന്നതിനുള്ള ഒരു ധാർമ്മിക പ്രവൃത്തിയും ഇക്കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ വിമർശം നടത്തുന്നതെങ്കിൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഗോവിന്ദൻ ഒരു 'വിപ്ലവ' പാർട്ടിയുടെ നേതാവാണ്. മാറ്റമല്ലാതെ മറ്റൊന്നും ഈ ലോകത്ത് സ്ഥിരമല്ലെന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവ്. ഭരണഘടനയെന്നല്ല സ്വന്തം നേതാവ് പിണറായി വിജയനിൽ വരെ മാറ്റമുണ്ടാവണെമെന്ന ചിന്ത ഗോവിന്ദനുണ്ടാവാം. ഇന്ത്യൻ ഭരണഘടനയോടല്ല പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടാണ് ഗോവിന്ദനെപ്പോലുള്ളവരുടെ അന്തിമമായ കൂറ്. അതുകൊണ്ടാണ് പാർട്ടി സെക്രട്ടറിയാവുമ്പോൾ മന്ത്രിസ്്ഥാനം രാജി വെയ്ക്കേണ്ടി വരുന്നത്. വാസ്തവത്തിൽ എം.എൽ.എ. സ്ഥാനവും രാജിവെച്ചാണ് എം.വി. ഗോവിന്ദൻ എ.കെ.ജി. സെന്ററിലെ കസേരയിലേക്ക് കൂടുമാറേണ്ടിയിരുന്നത്.

ഇ.എം.എസ്. | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്

ഇ.എം.എസും ഭരണഘടനയും

പാർട്ടി സെക്രട്ടറിയുടെ പണിയും മന്ത്രിപ്പണിയും രണ്ടാണ്. സി.പി.എമ്മിന്റെ വിഖ്യാത നേതാവായിരുന്ന ഇ.എം.എസ്. മുഖ്യമന്ത്രിയായിരിക്കെ കോടതികളെയും ജഡ്ജിമാരെയും വിമർശിച്ചിരുന്നു. 1967 നവംബറിൽ തിരുവനന്തുപരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ജഡ്ജിമാരുടെ വർഗ്ഗ താൽപര്യങ്ങൾക്കെതിരെ അതിരൂക്ഷ വിമർശമാണ് മുഖ്യമന്ത്രിയായ ഇ.എം.എസ്. ഉയർത്തിയത്. പാവപ്പെട്ടവനും പണക്കാരനും ഉൾപ്പെട്ട കേസിൽ തെളിവുകൾ രണ്ടു പേർക്കും ഒരുപോലെ അനുകൂലമാണെങ്കിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച, നിരക്ഷരനായ പാവപ്പെട്ടവനെയല്ല, മികച്ച വസ്ത്രം ധരിച്ച, കുടവയറുള്ള പണക്കാരനെയായിരിക്കും ജഡ്ജി അനുകൂലിക്കുക എന്നായിരുന്നു ഇ.എം.എസിന്റെ നിരീക്ഷണം. സംഗതി കേസായി. കേരള ഹൈക്കോടതി ഈ കേസിൽ ഇ.എം.എസിനെതിരെ വിധി പ്രസ്താവിച്ചു. ഒന്നുകിൽ ആയിരം രൂപ പിഴയൊടുക്കണം അല്ലെങ്കിൽ ഒരു മാസം തടവ്.

ഹൈക്കോടതിയല്ല, സുപ്രീം കോടതിയാണ് ഇന്ത്യയിലെ അന്തിമ കോടതി എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഭരണഘടനപരമായ ഈ അവകാശം വിനിയോഗിക്കുകയാണ് ഇ.എം.എസ്. ചെയ്തത്. സുപ്രീംകോടതിയിൽ വി.കെ. കൃഷ്ണമേനോനായിരുന്നു ഇ.എം.എസിന്റെ വക്കീൽ. വാദം കേട്ടത് ചീഫ് ജസ്റ്റിസ് ഹിദായത്തുള്ളയും ജസ്റ്റിസുമാരായ ജി.കെ. മിത്തറും എ.എൻ. റേയും അടങ്ങിയ മൂന്നംഗ ബഞ്ച്. അനന്യമായ വ്യക്തിത്വത്തിനുടമയായിരുന്നു ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള. മാരക്സിസത്തെ കൂട്ടുപിടിച്ച് ഇ.എം.എസ്. ജഡ്ജിമാർക്കെതിരെ നടത്തിയ ആക്രമണം നേരിടാൻ ഹിദായത്തുള്ള മാർക്സിസ്റ്റ് സാഹിത്യം കാര്യമായി തന്നെ വായിച്ചു. എന്നിട്ട് മാർക്സിനെയും ഏംഗൽസിനെയും ലെനിനനെയും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇ.എം.എസിന്റെ വിമർശം തള്ളിക്കളഞ്ഞു.

ഒന്നുകിൽ ഇ.എം.എസിന് മാർക്സിസം അറിയില്ലെന്നും അല്ലെങ്കിൽ മാർക്സിയൻ വചനങ്ങൾ ഇ.എം.എസ്. വളച്ചൊടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള പറഞ്ഞു. ഇ.എം.എസ്. കോടതിയലക്ഷ്യം നടത്തിയെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ അമ്പത് രൂപ പിഴയൊടുക്കുകയോ ഒരാഴ്ച ജയിലിൽ കിടക്കുകയോ വേണ്ടി വരുമെന്ന് കോടതി വിധിച്ചു. ഇ.എം.എസ്. ഭരണഘടനയെ വെല്ലുവിളിച്ചില്ല. അന്തിമ കോടതിയുടെ തീർപ്പ് അദ്ദേഹം അനുസരിച്ചു. അമ്പത് രൂപ പിഴയടച്ച് ജയിൽശിക്ഷയിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.

വാസ്തവത്തിൽ അന്ന് ഇ.എം.എസിനെ വേദനിപ്പിച്ചത് അമ്പത് രൂപ പിഴയായിരുന്നില്ല. തനിക്ക് മാർക്സിസം അറിയില്ലെന്ന കോടതിയുടെ കുറ്റപ്പെടുത്തലാണ് ഇ.എം.എസ്സിനെ വേദനിപ്പിച്ചത്. മാർക്സിന്റെ ഗ്രന്ഥങ്ങൾ പൂർണ്ണമായും ഇംഗ്ളിഷിൽ പോലും ലഭ്യമല്ലെന്നിരിക്കെ കോടതിക്ക് ഇങ്ങനെയൊരു പരാമർശം എങ്ങിനെ നടത്താനാവുമെന്നാണ് ഇ.എം.എസ്. കോടതി വിധിയോടുള്ള പ്രതികരണത്തിൽ ചോദിച്ചത്.

ഒരു ലേഖനത്തിൽ സഞ്ജയ് ഘോഷ് ചൂണ്ടിക്കാട്ടിയതുപോലെ അത് വലിയ മനുഷ്യരുടെ കാലമായിരുന്നു. വിമർശങ്ങൾ ജനാധിപത്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് എങ്ങിനെയാണെന്നതിന്റെ വലിയ ഉദാഹരണങ്ങൾ. ഇന്നിപ്പോൾ ചെറിയാന്മാരുടെ കാലമാണ്. ചെറിയ മനുഷ്യരുടെ കാലം. അവർക്ക് മന്ത്രിസ്ഥാനവും അത് നൽകുന്ന സുഖവും മാത്രം മതി. തന്നോടുള്ള വിശ്വസ്ഥതയാണ് ഒരു മന്ത്രിയുടെ ഏറ്റവും വലിയ യോഗ്യതയെന്ന് കരുതുന്ന നേതൃത്വം കൂടിയാവുമ്പോൾ എല്ലാം പൂർത്തിയാവുന്നു.

ഭരണഘടനാ അസംബ്ളിയെ അഭിസംബോധന ചെയ്തുകൊണ്ട് 1949 നവംബർ 25-നാണ് അംബദ്കർ 'അരാജകത്വത്തിന്റെ വ്യാകരണ' (Grammar of Anarchy) ത്തെക്കുറിച്ച് പറഞ്ഞത്: ''When there was no way left for constitutional methods for achieving economic and social objectives, there was a great deal of justification for unconstitutional methods. But where constitutional methods are open, there can be no justification for these unconstitutional methods. These methods are nothing but the Grammar of Anarchy and the sooner they are abandoned, the better for us.'' ഇന്ത്യ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്കായതോടെ ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള സമരങ്ങളും പരിഹാര മാർഗ്ഗങ്ങളുമാണ് ആലോചിക്കേണ്ടതെന്നാണ് അംബദ്കർ പറഞ്ഞത്.

ഭരണവും സമരവും ഒരേസമയത്തുണ്ടാവും എന്ന് ഇ.എം.എസ്. പറഞ്ഞത് ഇതിന്റെ ചുവട് പിടിച്ചായിരുന്നു. ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള സമരങ്ങളാണ് ഇ.എം.എസ്. ഉദ്ദേശിച്ചത്. ഭരണഘടനയ്ക്ക് പുറത്തു നിന്നുകൊണ്ട് സമരം ചെയ്യുന്ന മാവോയിസ്റ്റുകളുമായും വിഘടനവാദികളുമായും സി.പി.എമ്മിന് ഒരു തരത്തിലുള്ള അനുരഞ്ജനവും സാദ്ധ്യമല്ലെന്നും ഇ.എം.എസ്. വ്യക്തമാക്കിയിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: സാബു സ്‌കറിയ\മാതൃഭൂമി

ഗവർണറുടെ മുനയൊടിഞ്ഞ പ്രതിഷേധം

ദ്രാവിഡനാട് എന്ന സങ്കൽപത്തിൽനിന്ന് ഡി.എം.കെ. നേതാവ് അണ്ണാദുരൈ പിന്മാറിയതും ഇതുകൊണ്ടുതന്നെയാണ്. ഭരണഘനയെ വെല്ലുവിളിക്കുന്ന കലാപരിപാടികൾ പറ്റില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി നെഹ്രു ചൂണ്ടിക്കാട്ടിയപ്പോൾ അണ്ണാദുരൈ അത് തിരിച്ചറിഞ്ഞു. 1962-ലെ ഇന്തോ- ചൈന യുദ്ധത്തിന്റെ ചുവട് പിടിച്ചാണ് അണ്ണാദുരൈ ഈ പിന്മാറ്റം നടത്തിയത്. 1962-ൽ തമിഴകത്ത് ഡി.എം.കെയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ വൻപ്രക്ഷോഭമുണ്ടായി. ഇതേത്തുടർന്ന് ജയിലിൽ കഴിയുമ്പോഴാണ് അണ്ണാദുരൈയുടെ ചരിത്രപ്രസിദ്ധമായ പ്രതികരണമുണ്ടായത്: ''ഈ ഘട്ടത്തിൽ (ചൈനയുമായുള്ള യുദ്ധം) കേന്ദ്ര സർക്കാരിനൊപ്പം നിൽക്കേണ്ടത് ഡി.എം.കെയുടെ കടമയാണെന്ന് ഞങ്ങൾ കരുതുന്നു. ഞങ്ങൾക്ക് ദ്രാവിഡനാട് വേണ്ടത് പണ്ഡിറ്റ് നെഹ്രുവിൽ നിന്നാണ്. ചൈനക്കാരിൽ നിന്നല്ല.''

നാലു ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ ഏഴിന് ചെന്നൈയിലെ മറിന കടപ്പുറത്ത് നടന്ന സമ്മേളനത്തിൽ അണ്ണായുടെ അടുത്ത പ്രഖ്യാപനമുണ്ടായി: ''രാജ്യമുണ്ടെങ്കിലേ നമുക്കൊരു പാർട്ടി കൊണ്ടുനടക്കാനാവൂ. രാജ്യം അപകടത്തിലായിരിക്കെ നമ്മൾ വിഘടനവാദം ഉന്നയിച്ചാൽ അത് വിദേശശക്തികൾക്ക് കരുത്തു പകരുന്നതിന് തുല്ല്യമാവും. അങ്ങിനെ ചെയ്താൽ ഭാവിതലമുറ നമ്മളെ ശപിക്കും.'' ഈ പ്രസ്താവനയോടെയാണ് ഡി.എം.കെയുടെ ദ്രാവിഡനാട് ആശയത്തിന് തിരശ്ശീല വീണത്.

ഭരണഘടനയുടെ കാവലാളെന്ന് നാഴികയ്ക്ക് നാൽപത് വട്ടം രാജ്ഭവന്റെ മേൽക്കൂരയ്ക്ക് മേൽ കയറി നിന്ന് വിളിച്ചു കൂവുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സജി ചെറിയാൻ വിഷയത്തിൽ വളരെ പെട്ടെന്നുതന്നെ മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചുവെന്നത് കാണാതിരിക്കാനാവില്ല. ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയായ മതേതരത്വം നിരാകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം അംഗീകരിക്കുന്നതിൽ ഒരു മടിയും കാണിക്കാതിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇവിടെ വ്യത്യസ്തമായ ഒരു നിലപാടെടുത്തിരുന്നെങ്കിൽ അതാവുമായിരുന്നു അത്ഭുതം.

ഭരണഘടന ഭരണഘടന ആവുന്നത് അത് ശരിയായി ഗ്രഹിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർ ഭരണഘടനപരമായ അധികാരം കൈയ്യാളുമ്പോഴാണെന്ന് അംബദ്കർ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യം നമുക്കൊരുപാട് ഉത്തരവാദിത്വങ്ങൾ തന്നിട്ടുണ്ടെന്ന മുന്നറിയിപ്പോടെയാണ് അംബദ്കർ ഭരണഘടന നിയമനിർമ്മാണ സഭയിലെ അവസാന പ്രസംഗത്തിന് വിരാമമിടുന്നത്. ഇനിയങ്ങോട്ട് കാര്യങ്ങൾ വഷളായാൽ ബ്രിട്ടീഷുകാരെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും അംബദ്കർ വ്യക്തമാക്കുന്നു: ''By independence, we have lost the excuse of blaming the British for anything going wrong. If hereafter things go wrong, we will have nobody to blame except ourselves.''

മന്ത്രിസ്്ഥാനത്തുനിന്ന് മാറിനിന്ന ആറ് മാസക്കാലം താൻ ഉന്നയിച്ച ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുടർ നടപടികൾ സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സ്വന്തം പോലിസ് അന്വേഷിച്ച് താൻ പരിശുദ്ധനാണെന്ന് സാക്ഷ്യപത്രം നൽകിയിട്ടുണ്ടെന്ന സജി ചെറിയാന്റെ വാദം ഒരേ സമയം ദുരന്തവും പ്രഹസനവുമാവുന്നു. ഭരണഘടനയുടെ യഥാർത്ഥ വിമർശമായിരുന്നു സജി ചെറിയാനും സി.പി.എമ്മും ഉദ്ദേശിച്ചിരുന്നതെങ്കിൽ ഭരണഘടനപരമായ ചർച്ചകൾ നടത്താൻ പാർട്ടി തയ്യാറാവണമായിരുന്നു. അത്തരത്തിലുള്ള സർഗ്ഗാത്മകമായ ഒരു ഇടപെടലും ഒരിടത്തും ഒരു തലത്തിലുമുണ്ടായിട്ടില്ല.

അപ്പോൾപിന്നെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശഠിക്കുന്നതിന് ഒരർത്ഥം മാത്രമേയുള്ളു.
വിശ്വസ്തതയും കൂറുമാണ് അദ്ദേഹത്തിന് മുഖ്യം. ധാർമ്മികതയ്ക്കും നീതിക്കും ഭരണഘടനയ്ക്കുമൊക്കെ അതിന് മുന്നിൽ പുല്ലുവിലയേയുള്ളു.
ഭരണഘടന തൊട്ട് സജി ചെറിയാൻ അധികാരം വീണ്ടും ഏറ്റെടുക്കുമ്പോൾ ചെറുതാവുന്നത് സി.പി.എമ്മും ആ രാഷ്ട്രീയ പാർട്ടിയെ നയിക്കുന്ന നേതാക്കളുമാണ്. പേരിന് മാത്രമുയർത്തിയ ഒരു തണുത്ത പ്രതിഷേധത്തിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ ചെറുതാകലിന് കാർമ്മികത്വം വഹിക്കുന്നുവെന്നത് കേരളം ഇന്നെത്തി നിൽക്കുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പുമാണ് വ്യക്തമാക്കുന്നത്.

വഴിയിൽ കേട്ടത്: നോട്ട് നിരോധനം ശരിയായിരുന്നുവെന്ന് സുപ്രീം കോടതി. കള്ളപ്പണം ഇല്ലാതാക്കുക, കള്ളനോട്ട് സാമ്രാജ്യം വേരോടെ പിഴുതെറിയുക, ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുക ഇത്യാദി ലക്ഷ്യങ്ങൾക്ക് എന്തു സംഭവിച്ചു എന്നു മാത്രം ചോദിക്കരുത്. 50 ദിവസത്തിനുള്ളിൽ ഒന്നും നടന്നില്ലെങ്കിൽ പച്ചയ്ക്ക് കത്തിക്കാം എന്നു പറഞ്ഞ നേതാവിപ്പോൾ നവംബർ എട്ട് എന്ന ദിവസം പോലും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല.

Content Highlights: Saji Cheriyan, Political Ethics, Minister, Pinarayi Vijayan, LDF Government, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented