സജി ചെറിയാൻ, രാജിയല്ലാതെ താങ്കളുടെ മുന്നിൽ മറ്റു വഴികളില്ല | വഴിപോക്കൻ


4 min read
Read later
Print
Share

വാമൊഴി വഴക്കത്തിന്റെ സൗന്ദര്യശാസ്ത്രങ്ങൾക്കോ പ്രകാശം പരത്തുന്ന വ്യാഖ്യാനപടുക്കൾക്കോ ഈ പ്രതിസന്ധിയിൽനിന്ന് സജി ചെറിയാനെ രക്ഷിച്ചെടുക്കാനാവില്ല.

സജി ചെറിയാൻ | ഫോട്ടോ: മാതൃഭൂമി

ന്ത്യൻ ഭരണഘടന വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇനിയും വിമർശിക്കപ്പെടും. ഭരണഘടനാ ശിൽപിയായ സാക്ഷാൽ ബി.ആർ. അംബദ്കർ തന്നെ ഭരണഘടനയിൽ പൂർണ്ണമായും തൃപ്തനായിരുന്നില്ല. കാലവും സമൂഹവും മാറുന്നതിനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്യപ്പെടുന്നതും നമ്മൾ കാണുന്നുണ്ട്. പക്ഷേ, കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ ചെയ്തതിനെ തോന്നിവാസം എന്നല്ലാതെ മറ്റൊരു തരത്തിലും വിശേഷിപ്പിക്കാനാവില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിക്കുന്നത് പോലെയല്ല ഒരു മന്ത്രി ഭരണഘടനയെ വിമർശിക്കുന്നത്.

ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യം ചെയ്തുകൊണ്ടാണ് ഒരു മന്ത്രി അധികാരമേൽക്കുന്നത്. ഈ ഭരണഘടനയെയാണ് സജി ചെറിയാൻ കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞത്. ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യം ചെയ്യുന്ന ഒരാൾ പറയേണ്ട വാക്കുകളല്ല പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സി.പി.എം. സംഘടിപ്പിച്ച സമ്മേളനത്തിൽ ചെറിയാൻ പറഞ്ഞത്. ഭരണഘടനയുടെ ഉള്ളിൽ നിന്നുകൊണ്ടാണ് ജനാധിപത്യത്തിൽ സമരങ്ങൾ നടക്കേണ്ടതെന്ന് ബി.ആർ. അംബദ്കർ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനാ അസംബ്ളിയെ അഭിസംബോധന ചെയ്തുകൊണ്ട് 1949 നവംബർ 25-നാണ് അംബദ്കർ ' അരാജകത്വത്തിന്റെ വ്യാകരണ' (Grammar of Anarchy) ത്തെക്കുറിച്ച് പറഞ്ഞത്: '' When there was no way left for constitutional methods for achieving economic and social objectives, there was a great deal of justification for unconstitutional methods. But where constitutional methods are open, there can be no justification for these unconstitutional methods. These methods are nothing but the Grammar of Anarchy and the sooner they are abandoned, the better for us.'' ഇന്ത്യ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്കായതോടെ ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള സമരങ്ങളും പരിഹാര മാർഗ്ഗങ്ങളുമാണ് ആലോചിക്കേണ്ടതെന്നാണ് അംബദ്കർ പറഞ്ഞത്.

ഭരണവും സമരവും ഒരേസമയത്തുണ്ടാവും എന്ന് ഇ.എം.എസ്. പറഞ്ഞത് ഇതിന്റെ ചുവട് പിടിച്ചായിരുന്നു. ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള സമരങ്ങളാണ് ഇ.എം.എസ്. ഉദ്ദേശിച്ചത്. ഭരണഘടനയ്ക്ക് പുറത്തു നിന്നുകൊണ്ട് സമരം ചെയ്യുന്ന മാവോയിസ്റ്റുകളുമായും വിഘടനവാദികളുമായും സി.പി.എമ്മിന് ഒരു തരത്തിലുള്ള അനുരഞ്ജനവും സാദ്ധ്യമല്ലെന്നും ഇ.എം.എസ്. വ്യക്തമാക്കിയിരുന്നു.

ദ്രാവിഡനാട് എന്ന സങ്കൽപത്തിൽനിന്ന് ഡി.എം.കെ. നേതാവ് അണ്ണാദുരൈ പിന്മാറിയതും ഇതുകൊണ്ടുതന്നെയാണ്. ഭരണഘനയെ വെല്ലുവിളിക്കുന്ന കലാപരിപാടികൾ പറ്റില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ചൂണ്ടിക്കാട്ടിയപ്പോൾ അണ്ണാദുരൈ അത് തിരിച്ചറിഞ്ഞു. 1962-ലെ ഇന്തോ- ചൈന യുദ്ധത്തിന്റെ ചുവട് പിടിച്ചാണ് അണ്ണാദുരൈ ഈ പിന്മാറ്റം നടത്തിയത്.

1962-ൽ തമിഴകത്ത് ഡി.എം.കെയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ വൻപ്രക്ഷോഭമുണ്ടായി. ഇതേത്തുടർന്ന് ജയിലിൽ കഴിയുമ്പോഴാണ് അണ്ണാദുരൈയുടെ ചരിത്രപ്രസിദ്ധമായ പ്രതികരണമുണ്ടായത്: ''ഈ ഘട്ടത്തിൽ (ചൈനയുമായുള്ള യുദ്ധം) കേന്ദ്ര സർക്കാരിനൊപ്പം നിൽക്കേണ്ടത് ഡി.എം.കെയുടെ കടമയാണെന്ന് ഞങ്ങൾ കരുതുന്നു. ഞങ്ങൾക്ക് ദ്രാവിഡനാട് വേണ്ടത് പണ്ഡിറ്റ് നെഹ്‌റുവിൽ നിന്നാണ് . ചൈനക്കാരിൽ നിന്നല്ല.''

നാലു ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ ഏഴിന് ചെന്നൈയിലെ മറിന കടപ്പുറത്ത് നടന്ന സമ്മേളനത്തിൽ അണ്ണായുടെ അടുത്ത പ്രഖ്യാപനമുണ്ടായി: ''രാജ്യമുണ്ടെങ്കിലേ നമുക്കൊരു പാർട്ടി കൊണ്ടുനടക്കാനാവൂ. രാജ്യം അപകടത്തിലായിരിക്കെ നമ്മൾ വിഘടനവാദം ഉന്നയിച്ചാൽ അത് വിദേശശക്തികൾക്ക് കരുത്തുപകരുന്നതിന് തുല്ല്യമാവും. അങ്ങിനെ ചെയ്താൽ ഭാവി തലമുറ നമ്മളെ ശപിക്കും.'' ഈ പ്രസ്താവനയോടെയാണ് ഡി.എം.കെയുടെ ദ്രാവിഡനാട് ആശയത്തിന് തിരശ്ശില വീണത്.

മനുഷ്യന് വിവേകവും വിവേചന ബുദ്ധിയും തന്നിരിക്കുന്നത് അവസരോചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനാണ്. ഈ വിവേചന ശേഷിയും വിവേകവും നെഹ്‌റുവിനും അണ്ണാദുരൈക്കും ഉണ്ടായിരുന്നു. ഈ മനീഷികളുടെ സ്ഥാനത്ത് നമുക്കിന്നുള്ളത് സജി ചെറിയാനെയും എം.എ. ബേബിയേയും ഇ.പി. ജയരാജനേയും പോലുള്ള ചെറിയ മനുഷ്യരാണ്. സജി ചെറിയാൻ ചെയ്ത വൃത്തികേടിനെ ലവലേശം ഉളുപ്പില്ലാതെയാണ് ബേബിയും ജയരാജനും ന്യായീകരിക്കുന്നത്.

സജി ചെറിയാന്റേത് വെറും നാക്ക് പിഴയാണെന്നാണ് സി.പി.എമ്മിന്റെ ഔദ്യോഗിക സൈദ്ധാന്തികരിലൊരാളായ ബേബി പറയുന്നത്. കേരളം ഒരു വെള്ളരിക്കാപട്ടണമാണെന്നും ഇവിടെയുള്ളവർ വിഡ്ഡി കൂശ്മാണ്ഡങ്ങളാണെന്നുമാണോ ഈ 'പ്രകാശം പരത്തുന്നവർ' ധരിച്ചുവശായിരിക്കുന്നത്. എന്തിനേയും ഏതിനേയും ന്യായീകരിക്കാൻ മാത്രമാണ് ഈ അവതാരങ്ങൾ ജന്മമെടുത്തിരിക്കുന്നതെന്ന് തോന്നുന്നു. ബേബി എന്ന പേര് ഇങ്ങനെ അന്വർത്ഥ്വമാക്കാൻ ഈ ബേബിക്ക് മാത്രമേ കഴിയൂ.

കെ.സി. ജോർജ്, ടി.വി. തോമസ്, കെ.ആർ. ഗൗരിയമ്മ, വി.എസ്. അച്ച്യുതാനന്ദൻ എന്നിവരെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ജനിച്ച നാട്ടിൽ ജില്ലാ സെക്രട്ടറിയായിരുന്ന ആളാണ് കഥാപുരുഷനായ സജി ചെറിയാൻ. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ഈ മനുഷ്യനുള്ള അറിവാണ് കഴിഞ്ഞ ദിവസം വെളിപ്പെട്ടത്. ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യുന്നതിനുമുള്ള ആയുധമാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് ചെറിയാൻ വെച്ചുകാച്ചിയത്.

ഇതേ ഭരണഘടനയോട് നിർവ്യാജം കൂറുപുലർത്തുമെന്ന് സത്യം ചെയ്തതിന്റെ പുറത്താണ് ഇങ്ങേർക്ക് മന്ത്രി സ്ഥാനം കിട്ടിയത്. അപ്പോൾ ഈ ചൂഷണത്തിന് കൂട്ടുനിൽക്കുന്ന പാർട്ടിയാണ് താനെന്നാണോ ചെറിയാൻ പറയുന്നത്? ചൂഷകർക്കായി നിലകൊള്ളുന്ന ഭരണഘടനയാണെന്നറിഞ്ഞിട്ടും ഇങ്ങേരിതെന്തിനാണ് ഭരണഘടന തൊട്ട് സത്യം ചെയ്യാൻ പോയത്. സത്യം ചെയ്ത ഭരണഘടന തള്ളിപ്പറയുന്ന ഒരാൾക്ക് സത്യപ്രതിജ്ഞയിലൂടെ കിട്ടിയ പദവിയിൽ തുടരാൻ എന്തവകാശമാണുള്ളത്?

ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ പറഞ്ഞത് കേട്ട് എഴുതിയെടുത്ത സംഗതിയാണെന്നാണ് സജി ചെറിയാന്റെ വിചാരം. രാഷ്ട്രീയ വിദ്യാഭ്യാസത്തിന് പേര് കേട്ട പ്രസ്ഥാനമായിരുന്നു സി.പി.എം. ഇന്നിപ്പോൾ ക്യാപ്സ്യൂളുകൾ മാത്രമാണ് അതിന്റെ സ്ഥാനത്ത്. ഈ ക്യാപ്സ്യൂൾ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ഇരയാണ് സജി ചെറിയാൻ. കോൺസ്റ്റിറ്റിയുവന്റ് അസംബ്ളി എന്നൊരു സംഗതിയുണ്ടെന്ന് ഈ മന്ത്രിയോട് സഖാവ് പി. രാജീവെങ്കിലും പറഞ്ഞുകൊടുക്കണം. ബി.ആർ. അംബദ്കറും നെഹ്‌റുവും പട്ടേലും രാജേന്ദ്രപ്രസാദും മൗലാന അബുൾകലാം ആസാദും സി. രാജഗോപാലാചാരിയുമൊക്കെ അടങ്ങിയ ഈ ഫോറമാണ് ഭരണഘടയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന പ്രാഥമിക വിവരം പോലും ഇല്ലാത്ത ഒരാൾ എങ്ങിനെയാണ് സാംസ്‌കാരിക വകുപ്പിന്റെ ചുമതല വഹിക്കുന്നതെന്ന് ആലോചിക്കാൻ പോലുമാവുന്നില്ല.

ഭരണഘടന അനുനിമിഷം അട്ടിമറിക്കുന്നതിന് കുടപിടിക്കുന്ന ഒരു ഭരണകൂടം കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നതെന്നും അതിനെതിരെ അത്യധികം ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും ഇടതുപക്ഷം നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് സജി ചെറിയാൻ ഭരണഘടനയെ തള്ളിപ്പറഞ്ഞിരിക്കുന്നതെന്നും കാണാതിരിക്കാനാവില്ല.

ഭരണഘടന ഭരണഘടന ആവുന്നത് അത് ശരിയായി ഗ്രഹിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർ ഭരണഘടനപരമായ അധികാരം കൈയ്യാളുമ്പോഴാണെന്ന് അംബദ്കർ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യം നമുക്കൊരുപാട് ഉത്തരവാദിത്വങ്ങൾ തന്നിട്ടുണ്ടെന്ന് മുന്നറിയിപ്പോടെയാണ് അംബദ്കർ ഭരണഘടന നിയമനിർമ്മാണ സഭയിലെ അവസാന പ്രസംഗത്തിന് വിരാമമിടുന്നത്. ഇനിയങ്ങോട്ട് കാര്യങ്ങൾ വഷളായാൽ ബ്രിട്ടീഷുകാരെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും അംബദ്കർ വ്യക്തമാക്കുന്നു: ''By independence, we have lost the excuse of blaming the British for anything going wrong. If hereafter things go wrong, we will have nobody to blame except ourselves.''

ബഹുമാനപ്പെട്ട മന്ത്രി സജി ചെറിയാൻ, മല്ലപ്പള്ളിയിലെ പ്രസംഗം താങ്കൾ ചെയ്തതാണ്. താങ്കളുടെ അപരനാണ് അത് ചെയ്തതെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. വളച്ചൊടിച്ചതാണ്, ഓണാട്ടുകര ഭാഷയാണ്, ഭരണകൂടം എന്നാണ് ഭരണഘടന എന്നല്ല പറഞ്ഞതെന്നൊക്കെ ന്യായീകരിക്കുമ്പോൾ താങ്കൾ കേരളത്തിലെ ജനങ്ങളുടെ ക്ഷമയ്ക്ക് നെല്ലിപ്പടിയുണ്ടെന്ന കാര്യം മറക്കരുത്. വാമൊഴി വഴക്കത്തിന്റെ സൗന്ദര്യശാസ്ത്രങ്ങൾക്കോ, പ്രകാശം പരത്തുന്ന വ്യാഖ്യാന പടുക്കൾക്കോ ഈ പ്രതിസന്ധിയിൽ നിന്ന് താങ്കളെ രക്ഷിച്ചെടുക്കാനാിവല്ല. താങ്കളുടെ മുന്നിൽ ഇനിയിപ്പോൾ ഒരു വഴിയേയുള്ളു- മന്ത്രി സ്ഥാനം രാജി വെയ്ക്കുക. എത്രയും പെട്ടെന്ന് ആ കസേരയിൽനിന്ന് താങ്കൾ ഇറങ്ങുന്നുവോ അത്രയും നല്ല കാര്യമായിരിക്കും താങ്കൾ താങ്കളുടെ പാർട്ടിയോടും താങ്കളെ തിരഞ്ഞെടുത്തവരോടും ചെയ്യുന്നത്.

വഴിയിൽ കേട്ടത്: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തെക്കുറിച്ച് മൗനം പാലിച്ച് ആസ്ഥാന സാംസ്‌കാരിക നായകർ. കൊല നടന്ന രാത്രിയിൽ എന്തു കൊണ്ടാണ് കാവൽനായ നിശ്ശബ്ദമായിരുന്നതെന്ന ഷെർലക്ഹോംസിന്റെ ആ ചോദ്യം ഓർക്കുന്നില്ലേ? അതു തന്നെയാണ് സംഗതി. നിശ്ശബ്ദതയ്ക്കുള്ള കൂലി ഈ കപടനാട്യക്കാർക്ക് അപ്പോഴപ്പോൾ കിട്ടുന്നുണ്ട്!

Content Highlights: Saji Cheriyan, Indian Constitution, CPM, Controversy, Vazhipokkan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
care
Premium

5 min

പ്രായമായവരെ എങ്ങനെ നോക്കണം? കെ.ജി. ജോർജിന്റെ മരണം ഉയർത്തുന്ന ഉത്തരങ്ങൾ | പ്രതിഭാഷണം

Sep 29, 2023


Mukundan Unni Associates
Premium

5 min

മുകുന്ദന്‍ ഉണ്ണിയും നന്മയുടെ പതാകവാഹകരല്ലാത്ത നായകന്മാരും | ഷോ റീല്‍

Jan 19, 2023


.

8 min

രമണന്‍, മണവാളന്‍, ദശമൂലം ദാമു, കണ്ണന്‍ സ്രാങ്ക്... ഹീറോ അല്ലാത്ത ഹീറോസ് | ഷോ റീല്‍

Nov 7, 2022

Most Commented