സച്ചിൻ പൈലറ്റ് പിതാവ് രാജേഷ് പൈലറ്റിനൊപ്പം, സച്ചിൻ പൈലറ്റ് (Photo: ANI)
''മാഡം, ഞാന്‍ യുദ്ധഭൂമിയില്‍ ബോംബ് ഇട്ടിട്ടുണ്ട്. പിന്നെ എന്തിന് ലാത്തികളെ ഭയക്കണം ?''-രാജേശ്വര്‍ പ്രസാദ് ബിധൂരി എന്ന ചെറുപ്പക്കാരന്‍ ഉറച്ച ശബ്ദത്തില്‍ ചോദിച്ചപ്പോള്‍, ഒന്നിലും കുലുങ്ങാത്ത ഇന്ദിരാഗാന്ധി പോലും തെല്ലൊന്ന് അമ്പരന്നു. കാരണം, ഇമ്മാതിരി ഒരു ചോദ്യം ആദ്യമായിട്ടായിരുന്നു നേരിട്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന ഇന്ദിരാ ഗാന്ധിയെ കാണാനുള്ള ആ യുവാവിന്റെ വരവ് വെറുതെയായിരുന്നില്ല. വ്യോമസേനയിലെ ഉന്നത പദവിയില്‍നിന്ന് രാജിവച്ചിട്ടുള്ള വരവാണ്. ലക്ഷ്യം രാഷ്ട്രീയം. അതിനെന്ത് കടമ്പയും അനായാസം ചാടിക്കടക്കുമെന്ന ഭാവം. വ്യോമസേനയില്‍നിന്നുള്ള രാജി പോലും അത്ര എളുപ്പമായിരുന്നില്ല. കാരണം, മിടുക്കനായ ഒരു പോരാളിയെ കൈവിടാന്‍ വ്യോമസേന ഒരുക്കമായിരുന്നില്ല. ഒടുവില്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് രാജിക്ക് അനുമതി നേടുകയായിരുന്നു.
പിന്നെ തെല്ലും കാത്തിരുന്നില്ല. രാഷ്ട്രീയത്തിലേക്ക് പടികയറാനായി ഉദ്യോഗത്തില്‍നിന്ന് പടിയിറങ്ങി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി തിരഞ്ഞെടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്. അടുത്ത ദിവസം രാവിലെ നേരെ, ഇന്ദിരയുടെ മുന്നിലെത്തി. മുഖവുരയൊന്നുമില്ലാതെ യുവാവ് തന്റെ ആവശ്യം ഉന്നയിച്ചു. അതിശയത്തിലായി ഇന്ദിര.'എന്തിനാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്? വ്യോമസേനയില്‍ നല്ല ഭാവിയുണ്ടല്ലോ ?'-മനസ്സറിയാന്‍ യുവാവിനോട് മറുചോദ്യമുന്നയിച്ചു.''മാഡം ഇക്കാര്യത്തില്‍ ഞാന്‍ തീരുമാനമെടുത്ത് കഴിഞ്ഞു. മാഡത്തിന്റെ അനുഗ്രഹം തേടിയാണ് വന്നിരിക്കുന്നത്. എനിക്ക് ചൗധരി ചരണ്‍ സിങ്ങിനെതിരേ മത്സരിക്കണം.''-യുവാവിന്റെ സ്വരത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. എന്ത് ചെയ്യും? പിന്തിരിപ്പിക്കാന്‍ മറ്റൊരു വിദ്യ ഇന്ദിര കണ്ടെത്തി . ! ''തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ വളരെയധികം പണം വേണമെന്ന് നിങ്ങള്‍ക്കറിയാമോ. വോട്ടിങ്ങിനിടയില്‍ അക്രമം നടക്കാനും സാധ്യതയുണ്ട്. ''-ഇന്ദിര ചെറുതായൊന്ന് പേടിപ്പിച്ചു.അപ്പോഴാണ് 1971 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ അതിര്‍ത്തി കടന്ന് ശത്രുവിന്റെ പാളയങ്ങളില്‍ താന്‍ ബോംബിട്ട കഥ യുവാവ് പറഞ്ഞത്. തീക്കടല്‍ കടന്നവനെ തീപ്പെട്ടിക്കൊള്ളികാട്ടി പേടിപ്പിച്ചാലോ എന്ന മട്ടില്‍! ചെറുപ്പക്കാരന്റെ ചോദ്യത്തിന് മറുപടി ഇന്ദിര ചെറുചിരിയില്‍ ഒതുക്കി.
തുടര്‍ന്ന് എന്തു കൊണ്ട് തന്റെ രാഷ്ട്രീയ പ്രവേശനം എന്ന് ചെറുപ്പക്കാരന്‍ വിശദീകരിച്ചതു കേട്ട് ഇന്ദിരയില്‍ കൗതുകമേറി. എന്നാല്‍ പുറത്തു കാട്ടിയില്ല. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന താനുള്‍പ്പെടുന്ന ഗുജ്ജര്‍ സമുദായത്തെ മുഖ്യധാരയിലെത്തിക്കണമെന്ന രാജേശ്വറിന്റെ ദൃഢനിശ്ചയം. പക്ഷെ, ഇന്ദിര അപ്പോള്‍ രാജേശ്വറിന് ഒരുറപ്പും കൊടുത്തില്ല. പണ്ട്, പുനം നമ്പൂതിരി ചമച്ച ശ്ലോകത്തിലെ 'ഹന്ത' യെന്ന ഭാഷാപ്രയോഗഗാംഭീര്യത്തെ 'അന്ത ഹന്തയ്ക്ക് ഇന്ത പട്ട് !'എന്ന മട്ടില്‍ ഉദ്ദണ്ഡ ശാസ്ത്രികള്‍ അംഗീകരിച്ചതുപോലെയൊന്നും അധ്യക്ഷയില്‍ നിന്നുണ്ടായില്ല. നിരാശയോടെയായിരുന്നു യുവാവിന്റെ മടക്കം. മീററ്റിലെ തന്റെ കൃഷിസ്ഥലത്ത് പോയി നാല് മൂട് കപ്പ നട്ടാലോ എന്നായി ചിന്ത. അതിനുള്ള ഒരുക്കങ്ങളും തുടങ്ങി.
എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷം എ.ഐ.സി.സി.സി. ഓഫീസില്‍നിന്ന് വീട്ടിലെ ലാന്‍ഡ് ഫോണിലെത്തിയ വിളിയിലാണ്. ഉടന്‍ സഞ്ജയ് ഗാന്ധിയെ കാണണമെന്ന് മറുതലയ്ക്കല്‍നിന്ന് നിര്‍ദേശം. തന്റെ പഴയ സ്‌കൂട്ടറില്‍ കോണ്‍ഗ്രസ് ഓഫീസിലെത്തിയ രാജേശ്വറിനോട്, രാജസ്ഥാനിലെ ഭരത്പൂരില്‍ പോയി സ്ഥാനാര്‍ഥിയാകാന്‍ സഞ്ജയ് ഗാന്ധിയുടെ നിര്‍ദേശം. ബാഗ്പെത്തില്‍ ബെര്‍ത്തില്ല, പകരം ഭരത്പൂര്‍. അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍. രാജേശ്വര്‍ പ്രസാദ് എന്ന പേര് രാജേഷ് പൈലറ്റ് എന്നാക്കണമെന്നും സഞ്ജയ് ഉവാച.' നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ പേര് മാറ്റണം. താങ്കള്‍ ഇനി രാജേശ്വര്‍ പ്രസാദല്ല, രാജേഷ് പൈലറ്റാണ്.'-ഗ്രാമീണ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അഭ്യസ്തവിദ്യനായ യുവസ്ഥാനാര്‍ഥിയെ അവതരിപ്പിക്കാന്‍ പൈലറ്റ് എന്ന മുദ്ര സഹായിക്കുമെന്ന് തിരിച്ചറിഞ്ഞ സഞ്ജയ് ഗാന്ധിയുടെ പ്രായോഗികബുദ്ധി! അതോടെ രാജേഷ് പൈലറ്റ് എന്ന രാഷ്ട്രീയക്കാരന്‍ ജനിച്ചു. ഭരത്പൂരിലെ കന്നിമത്സരത്തില്‍ വന്‍വിജയം നേടിയതോടെ ഗുജ്ജര്‍ സമുദായത്തില്‍നിന്ന് ഒരു ദേശീയ നേതാവും പിറന്നു. അപ്പോള്‍ മകന്‍ സച്ചിന്‍ പൈലറ്റിന് വയസ്സ് ഒന്നരയെന്ന് രാജേഷ് പൈലറ്റിന്റെ ജീവചരിത്രത്തില്‍ ഭാര്യ രമാ പൈലറ്റ്.
ചന്ദ്രസ്വാമിയെയും കുടുക്കി
എണ്‍പതുകളിലും തൊണ്ണൂറുകളിലും ദേശീയരാഷ്ട്രീയത്തില്‍ ഊര്‍ജവും ആര്‍ജവവും നിറച്ച നേതാവായി വളരുകയായിരുന്നു പിന്നീട് രാജേഷ് പൈലറ്റ്. കര്‍ഷകരുടെയും സൈനികരുടെയും ശബ്ദം ഒരുപോലെ ഉയര്‍ത്തി ഇടത്തരക്കാരുടെ പ്രതിനിധിയായി നിറഞ്ഞു. രാഷ്ട്രീയത്തിന്റെ വളവുതിരിവുകളത്ര പരിചയമില്ലാതിരുന്നതിനാല്‍ നേരെ ചെവ്വെ കാര്യം പറച്ചിലും പ്രവര്‍ത്തിയും. പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞു. ചിലര്‍ സുഹൃത്തുക്കളായി. ചിലര്‍ ശത്രുക്കളും. നരസിംഹ റാവുവിന്റെ ഭരണചക്രം പിന്നണിയിലിരുന്ന് തിരിച്ച് ആരോപണങ്ങളുടെ മല കയറിയ സാക്ഷാല്‍ ചന്ദ്രസ്വാമിയെ ജയിലിലടക്കാന്‍ ആഭ്യന്തരസുരക്ഷാ മന്ത്രിയായിരിക്കുമ്പോള്‍ രാജേഷ് പൈലറ്റ് ഉത്തരവിട്ടത് രാഷ്ട്രീയ നാടകശാലകളില്‍ നടുക്കമായി. അതിനാരാണിവന്‍ എന്ന് പലരും അടക്കം പറഞ്ഞു. നാട്ടിന്‍പുറത്തനിമയുടെ ഉടമയായിരുന്ന രാജേഷ് വരും വരായ്കള്‍ നോക്കിയില്ല. പക്ഷെ, വരുംവരായ്കകളെക്കുറിച്ച് ധാരണയുണ്ടായിരുന്ന റാവു അടുത്ത മന്ത്രിസഭാ പുനഃസംഘടനയില്‍ രാജേഷിനെ പറിച്ച് പരിസ്ഥിതി മന്ത്രാലയത്തില്‍ നട്ടു! നട്ടിടത്തെല്ലാം രാജേഷ് കിളിര്‍ത്തു. പാര്‍ട്ടിയിലും വളര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സീതാറാം കേസരിയെ വെല്ലുവിളിച്ച് മത്സരിക്കാന്‍ പോലും മുതിര്‍ന്നു. ജയിച്ചില്ലെങ്കിലും വേണ്ടില്ല ഭാവിരാഷ്ട്രീയത്തില്‍ പേരുറയ്ക്കട്ടെ എന്നതായിരുന്നു തന്ത്രം. ഈ വേഗവും ഊര്‍ജവുമായിരുന്നു 2000 ജൂണ്‍ 11-ന് ജയ്പൂരിനടുത്ത് വാഹനാപകടത്തില്‍ ഭൂമി വിടുന്നതിനും കാരണം.അതിവേഗതയില്‍ സ്വയം ഓടിച്ച കാര്‍ ദുരന്തമായപ്പോള്‍ മരണത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ ബാക്കി.
അച്ഛന്റെ മകന്‍
അച്ഛന്‍ മരിക്കുമ്പോള്‍ മകന്‍ സച്ചിന്‍ പൈലറ്റിന് 23 വയസ്സ്. കളിചിരിയുമായി അച്ഛന്റെ നിഴലില്‍ അതുവരെ ഒതുങ്ങിയിരുന്ന കൊച്ചുപൈലറ്റ് രാഷ്ട്രീയത്തിലിറങ്ങിയത് പിന്നെയും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. 2004 ല്‍ രാജസ്ഥാനിലെ ദോസ മണ്ഡലത്തില്‍നിന്ന് കന്നി മത്സരത്തില്‍ ജയിച്ച സച്ചിന്‍ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. അച്ഛന്‍ പൈലറ്റ് ഒരു ഉത്സവമായിരുന്നുവെങ്കില്‍ മകന്‍ പൈലറ്റ് മിതഭാഷി.''ഏത് പ്രതിസന്ധിയെ നേരിടുമ്പോഴും രാജേഷിന്റെ പ്രതികരണമുണ്ട്: നോ പ്രോബ്ലം !അത് രാജേഷിന്റെ ട്രേഡ്മാര്‍ക്ക് വാക്കുകളാണ്. ഏത് പ്രശ്നത്തെയും നേരിടാനുള്ള രാജേഷ് പൈലറ്റിന്റെ വഴി ഈ വാക്കുകളായിരുന്നു ''-ഭാര്യ രമ പൈലറ്റ് രാജേഷിനെക്കുറിച്ച് എഴുതുന്നു.
അച്ഛന്റെ നേര്‍വഴി സ്വന്തമാക്കിയ സച്ചിന്‍ പോരാട്ടത്തിലും പിന്നിലല്ല. ''എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതം ജീവിച്ചു. ചിരിക്കാത്ത മുഖവുമായി ഒരിക്കല്‍ പോലും അച്ഛനെ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല.എന്നാല്‍ ഞാന്‍ നേരെ മറിച്ചാണ്, ഞാന്‍ ചിരിക്കുന്നത് വിരളമാണ്. അച്ഛനൊപ്പം ഉഷ്മളമായ 21 വര്‍ഷം ഞാന്‍ ചെലവിട്ടു.പക്ഷെ പൊടുന്നനെ അദ്ദേഹം എന്നെ വിട്ടു പോയി.''-അച്ഛനെക്കുറിച്ച് സച്ചിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.
രാഷ്ട്രീയത്തിലിറങ്ങി 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സച്ചിന്‍ പാര്‍ട്ടിക്കകത്തും പുറത്തും സമരമുഖത്താണ്. 2018-ല്‍ കണ്‍മുന്നില്‍ നഷ്ടമായ മുഖ്യമന്ത്രി പദമാണ് സച്ചിന്റെ സമരകാരണം. പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ നേതൃത്വം നല്‍കി പാര്‍ട്ടി വിജയം നേടിയപ്പോള്‍ മൂന്നാം വട്ടം മുഖ്യമന്ത്രിയാകാന്‍ അശോക് ഗെഹലോത് എന്ന അധികാരസാമര്‍ഥ്യം ഡല്‍ഹിയില്‍നിന്ന് പറന്നുവന്നതിന്റെ രോഷം സച്ചിനില്‍ പുകയുന്നു.
കര്‍ണാടകയില്‍ ഡി.കെ.ശിവകുമാര്‍ തല്‍ക്കാലം അടക്കി വച്ച ആത്മരോഷത്തിന് സമാനം. അസമില്‍ തരുണ്‍ ഗോഗോയിക്ക് വേണ്ടി തഴഞ്ഞപ്പോള്‍ ഹിമന്ദ ബിശ്വ ശര്‍മയുടെ ഉള്ളില്‍ അലയടിച്ച വികാരത്തിന് തുല്യം. അശോക് ഗെഹ്‌ലോതിനെതിരെയുള്ള സച്ചിന്റെ സമരം ഹൈക്കമാന്‍ഡിനോടുള്ള കണക്ക് ചോദിക്കല്‍ കൂടിയാണ്. ബി.ജെ.പിയാണ് സച്ചിന്റെ സമരത്തിന് പിന്നിലെന്ന് ഗെഹ്‌ലോത് ആരോപിക്കുമ്പോള്‍ ബി.ജെ.പി. ഭരണകാലത്തെ അഴിമതി അന്വേഷിക്കണമെന്ന ഒളിയമ്പാണ് സച്ചിന്‍ എയ്തത്. താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന വാശിയിലാണ് സച്ചിന്‍.
ദാരിദ്ര്യം നിറഞ്ഞ ബാല്യത്തില്‍ അമ്മാവനൊപ്പം ഡല്‍ഹിയിലെ ബംഗ്ലാവുകളില്‍ പാല്‍ വിറ്റ് കഴിഞ്ഞ കാലമുണ്ട് രാജേഷ് പൈലറ്റിന്. ''വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പത്തു വയസ്സുകാരന്‍ ഡല്‍ഹിയില്‍ ഒരു ചെറുവീട്ടില്‍ ജീവിച്ചിരുന്നു. കൊടും ചൂടിലായാലും കൊടും തണുപ്പത്തായാലും കന്നുകാലി തൊഴുത്തിലായിരുന്നു അവന്റെ ഉറക്കം. മഴപെയ്യുമ്പോള്‍ ചാണകവും അഴുക്കും ഒഴുകിപ്പരക്കും. കാലികള്‍ക്ക് പുല്ലരിഞ്ഞു കൊണ്ടായിരുന്നു അവന്റെ ദിവസം ആരംഭിച്ചിരുന്നത്. തുടര്‍ന്ന് കാലികളെ കറന്ന് പാല്‍ ശേഖരിച്ച് ഡല്‍ഹിയിലെ വി.ഐ.പി. വീടുകളില്‍ എത്തിക്കും ''-രമാ പൈലറ്റ് ഓര്‍മിക്കുന്നു. അങ്ങനെ താന്‍ പാല്‍ വിറ്റ വീടുകളിലൊന്നില്‍ രാജേഷ് കേന്ദ്രമന്ത്രിയായി പിന്നീട് താമസിച്ചു! അച്ഛനെപ്പോലെ കഷ്ടപ്പാടുകളുടെ കഠിനമലകള്‍ കയറിയിട്ടില്ലെങ്കിലും നിശ്ചയദാര്‍ഢ്യത്തില്‍ താന്‍ ഒട്ടും പിറകോട്ടല്ലെന്ന് തെളിയിക്കാന്‍ സച്ചിന് മുന്നില്‍ കാലം ബാക്കി. അന്ത ഹന്തയ്ക്ക് ഇന്ത പട്ട് എന്ന മട്ടില്‍ അല്ലെങ്കിലും അര്‍ഹതപ്പെട്ടത് കയ്യില്‍ കിട്ടുമെന്ന കാത്തിരിപ്പും ബാക്കി...
Content Highlights: sachin pilot rajesh pilot congress party rajstan politics
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..