യുക്രൈൻ അതിർത്തിയിലേക്കു കണ്ണുനട്ട് അമേരിക്കയും ചൈനയും; എന്താണ് നമ്മുടെ നയം? | പ്രതിഭാഷണം


യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

നാലരക്കോടി ജനങ്ങള്‍ താമസിക്കുന്ന യുക്രൈന്‍ എന്ന പഴയ സോവിയറ്റ് യൂണിയന്റെ പ്രവിശ്യ ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. യൂറോപ്പിലെ പിന്നോക്ക രാജ്യങ്ങളില്‍ ഒന്നായ യുക്രൈന്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകത്ത് 135-ാം സ്ഥാനത്താണ്‌. പക്ഷേ, യുക്രൈന്‍ യൂറോപ്പിന്റെ ഭാഗമായി വ്യാവസായികമായി ഏറെ വികസിച്ച ഒരു രാജ്യമായിരുന്നു. സോവിയറ്റ് യൂണിയന്റെ കാലത്തും ഖനനത്തിലും ഇലക്ട്രിക് വ്യവസായത്തിലും യുക്രൈന്‍ ഏറെ പുരോഗതി പ്രാപിച്ചു. സോവിയറ്റ് യൂണിയന്റെ ആണവശക്തിയുടെ കേന്ദ്രങ്ങളിലൊന്നും യുക്രൈന്‍ തന്നെയായിരുന്നു. പക്ഷേ, 1991-ല്‍ സോവിയറ്റ് യൂണിയന്‍ അപ്രത്യക്ഷമായപ്പോള്‍ യുക്രൈന്‍ വേറിട്ട് നിന്നു. സമാധാനത്തിന്റെ പാത സ്വീകരിച്ചു എന്നുമാത്രമല്ല, ആ രാജ്യത്തിന്റെ കൈയിലുണ്ടായിരുന്ന ആണവായുധങ്ങള്‍ ഡികമ്മിഷന്‍ ചെയ്തു.
ലക്ഷക്കണക്കിന് ചെറുതും വലുതുമായ തോക്കുകള്‍ നിര്‍വീര്യമാക്കി. യുദ്ധം വേണ്ട, പട്ടാളവും വേണ്ട എന്ന മട്ടില്‍ വികസനത്തിന്റെ പുതിയ പടവുകള്‍ തേടുകയായിരുന്നു യുക്രൈന്‍. റഷ്യനടക്കം 13 ഭാഷകള്‍ സംസാരിക്കുന്ന യുക്രൈനിലെ പ്രധാനഭാഷ യുക്രേനിയന്‍ തന്നെയാണ്. നീണ്ട പാരമ്പര്യമുണ്ട് യുക്രൈന്. ക്രിസ്തുമതം (ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ്)റഷ്യയിലേക്ക് കടന്നുവന്നത് യുക്രൈന്‍ തലസ്ഥാനമായ കീവിലൂടെയാണ്, ഏതാണ്ട് 1035 വര്‍ഷങ്ങള്‍ക്ക് മുമ്പ്. സാംസ്‌കാരിക സമ്പന്നതയുടെ ചരിത്രവും ആ രാജ്യത്തിനുണ്ട്. സോവിയറ്റ് യൂണിയന്‍ ശക്തമായിരുന്ന കാലത്തും 1936-ലെ ഭരണഘടനയിലും ഭേദഗതി ചെയ്ത 44-ലെ ഭരണഘടനയിലും യുക്രൈന്‍ എന്ന പ്രവിശ്യക്ക് ബെലാറസ്‌ എന്ന പ്രവിശ്യയെപ്പോലെ പ്രത്യേക പദവികള്‍ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളുമായി സ്വന്തം നിലയില്‍ ബന്ധപ്പെടാന്‍ അവകാശമുണ്ടായിരുന്ന രണ്ടു പ്രവിശ്യകളായിരുന്നു അവ. ആ നിലയില്‍ ഐക്യരാഷ്ട്രസഭയിലും അവര്‍ക്ക് ഒരു സീറ്റുണ്ടായി.
പക്ഷേ, നേരത്തേ പറഞ്ഞതുപോലെ 91-ല്‍ സോവിയറ്റ് യൂണിയന്‍ നിലംപൊത്തിയപ്പോള്‍ ആദ്യം സ്വതന്ത്രമായി പുറത്തുകടന്ന പ്രവിശ്യകളിലൊന്നായി യുക്രൈന്‍ മാറി. യുക്രൈനകത്തും പ്രശ്‌നങ്ങളുണ്ട്. അവിടെ രണ്ട് പ്രവിശ്യകള്‍ യുക്രേനിയന്‍ സര്‍ക്കാരിനെതിരേ സമരത്തിലാണ്. ഡൊണെറ്റ്‌സ്‌ക് (Donetsk), ലുഹാന്‍ഡസ്‌ക്(luhansk) എന്നാണ് പ്രവിശ്യകളുടെ പേര്. ഈ രണ്ടു പ്രദേശങ്ങളും​ ഡോണ്‍ബാസ് ( Dobas) എന്നാണ് അറിയപ്പെടുന്നത്. ഇതാണ് റഷ്യ-യുക്രൈന്‍ അതിര്‍ത്തി പ്രദേശവും. ഇതിലൂടെയാണ് റഷ്യന്‍ സൈന്യം യുക്രൈന്‍ പിടിച്ചടക്കാന്‍ കാത്തുനില്‍ക്കുന്നത്.
സ്റ്റാലിനു ശേഷം സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ ക്രൂഷ്‌ചേവ് ജനിച്ചത് ഈ പ്രദേശത്താണ്. വളര്‍ന്നത് ഡോണ്‍ബാസിലും. ഒരു ഖനി തൊഴിലാളിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സ്റ്റാലിന് ശേഷം ക്രൂഷ്‌ചേവ് യുക്രൈന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. യുക്രൈന്‍ സോവിയറ്റ് യൂണിയനിലെ വ്യാവസായികമായി വികസിച്ച ഒരു പ്രവിശ്യയായി മാറുകയും ചെയ്തു. യുക്രേനിയയുടെ തെക്കേ ഭാഗത്ത് കിടക്കുന്ന ക്രിമിയയെ 2014-ല്‍ ഇന്നത്തെ റഷ്യ പിടിച്ചെടുത്തു എന്നതും ചരിത്രമാണ്. പഴയ ചരിത്രങ്ങളല്ല ഇന്ന് നാം ചികയുന്നത്. ഇന്ന്, 2022 ഫെബ്രുവരി 16-ന് റഷ്യ യുക്രൈന്‍ ആക്രമിച്ച് കീഴടക്കും എന്നാണ് യുക്രൈന്റെ പ്രസിഡന്റ്‌ തന്നെ പ്രസ്താവിച്ചിരിക്കുന്നത്.
സെലന്‍സ്‌കി (Zelensky)എന്നാണ് അദ്ദേഹത്തിന്റെ പേര്. യുദ്ധത്തിന്റെ നിഴലിലാണ് തങ്ങള്‍ നില്‍ക്കുന്നത് എന്ന് ദെമിത്രോ കൂലേവ എന്ന വിദേശകാര്യമന്ത്രി പറയുന്നു. റഷ്യ ഒന്നുരണ്ടു ദിവസമായി സൈനിക നീക്കങ്ങള്‍ കുറയ്ക്കുകയും ചില വ്യൂഹങ്ങള്‍ പിന്‍വലിക്കുകയും ചെയ്തപ്പോള്‍ അതിനോട് വിദേശകാര്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഞങ്ങള്‍ കേള്‍ക്കുമ്പോള്‍ വിശ്വസിക്കുന്നില്ല. കാണുമ്പോള്‍ വിശ്വസിക്കാം.' റഷ്യയുമായുളള ബന്ധം എത്രമാത്രം വഷളായി എന്നതിന് കൂടുതല്‍ സാക്ഷ്യം ആവശ്യമില്ല.
റഷ്യ എന്തിനാണ് യുക്രൈനിനെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്നത് എന്നത് പ്രസക്തമായ ചോദ്യമാണല്ലോ? യുക്രൈന്‍ നേരത്തേ പറഞ്ഞതുപോലെ, പണ്ടു മുതല്‍ സ്വതന്ത്ര പ്രവിശ്യാപദവി ആസ്വദിച്ച ഒരു പ്രദേശമായതുകൊണ്ട് ഇനി റഷ്യയോടല്ല മറിച്ച് അമേരിക്ക നേതൃത്വം നല്‍കുന്ന നാറ്റോയോടാണ് തങ്ങളുടെ അടുപ്പവും സ്‌നേഹവുമെന്ന നിലപാടെടുത്തു. ഇത് റഷ്യക്ക് ഇഷ്ടപ്പെട്ടില്ല. നാറ്റോ റഷ്യയുടെ പടിവാതിലില്‍ എത്താന്‍, നാറ്റോയുടെ കിഴക്കോട്ടുളള പ്രയാണം പതുക്കെ പതുക്കെ റഷ്യയുടെ അതിരുകടന്നുവരാന്‍ തുടങ്ങുകയാണോ എന്ന സംശയമാണ് റഷ്യക്കും വ്‌ളാദിമിര്‍ പുതിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കുമുളളത്. അതുകൊണ്ട് 'നാറ്റോയെ യുക്രൈനില്‍ കടത്താന്‍ സമ്മതിക്കില്ല അല്ലെങ്കില്‍ യുക്രൈന്‍ നാറ്റോയുമായുളള ബന്ധം ഉപേക്ഷിക്കണം. ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് യുക്രൈനിനെ ആക്രമിക്കാനുളള അധികാരമുണ്ട്.'എന്ന മട്ടിലാണ് പുതിന്‍ സംസാരിക്കുന്നത്.
ഫ്രഞ്ച് പ്രധാനമന്ത്രി ഴാങ് കാസ്‌തെക്‌സ്‌ ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്നുണ്ട്. യുക്രൈനെ റഷ്യ ആക്രമിച്ചാല്‍ അമേരിക്ക യുക്രൈനെ സഹായിക്കാനെന്ന മട്ടില്‍ റഷ്യന്‍ പട്ടാളത്തെ യുക്രൈന്‍ മണ്ണില്‍ ആക്രമിക്കും; വേണ്ടിവന്നാല്‍ അവിടെ ബോംബിടും എന്നുതന്നെയാണ് അമേരിക്കയുടെ മൃദുസ്വഭാവക്കാരനാണെന്ന് തോന്നിപ്പിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചിരിക്കുന്നത്.
പക്ഷേ, തങ്ങളുടെ മിത്രരാജ്യമായ യുക്രൈനില്‍ ബോംബിട്ടാല്‍ അവിടെ മരിക്കുന്നവരില്‍ ഒരു പക്ഷേ റഷ്യന്‍ പട്ടാളക്കാരുണ്ടെങ്കിലും കൂടുതലും സിവിലിയന്‍മാരായിരിക്കും എന്നത് അമേരിക്കയുടെ യുദ്ധനീക്കത്തെ ദുര്‍ബലമാക്കുന്നുണ്ട്. ഇറാഖിലും സിറിയയിലും അവര്‍ക്ക് ഇഷ്ടംപോലെ ബോംബിടാനുളള സൗകര്യമുണ്ടായിരുന്നു. അവിടത്തെ ഭരണാധികാരികളോടെന്ന പോലെ ജനങ്ങളോടും ഒരു കമ്മിറ്റ്‌മെന്റും ഒരു കെട്ടുപാടും അമേരിക്കക്കില്ല. പോരാത്തതിന് ഇസ്ലാമിക തീവ്രവാദത്തെ നശിപ്പിക്കുമെന്ന അമേരിക്കന്‍ മുദ്രാവാക്യങ്ങള്‍ക്ക് ആ അക്രമങ്ങളെ ന്യായീകരിക്കാനുളള വകയുമുണ്ടായിരുന്നു.
യുക്രൈന്റെ സ്ഥിതി അതല്ല. റഷ്യ ഫെബ്രുവരി 16-ന് യുക്രൈനെകീഴടക്കിയാല്‍ അവിടെ ബോംബിടാന്‍ അമേരിക്കയ്ക്ക് ബുദ്ധിമുട്ടുണ്ട്. അമേരിക്ക റഷ്യന്‍ പട്ടാളത്തെ തുരത്തിയോടിക്കാനെത്തും എന്ന പ്രതീക്ഷ യുക്രൈനുണ്ട്. അതിനിടയിലാണ് തെറ്റു പറ്റിയെന്ന് പിന്നീട് പറഞ്ഞെങ്കിലും യുക്രൈനിന്റെ ബ്രിട്ടണിലെ അംബാസിഡര്‍ Vവഡിം പ്രിസ്തായിക്കോ 'ഞങ്ങള്‍ വേണ്ടി വന്നാല്‍ നാറ്റോയില്‍ നിന്ന് പിന്‍വാങ്ങും' എന്ന് പറഞ്ഞത്. നാറ്റോയുടെ അംഗത്വത്തിന് വേണ്ടി റഷ്യയുമായി യുദ്ധം ചെയ്യുന്നത് യുക്തിസഹമല്ല എന്ന തോന്നല്‍ ഔദ്യോഗികമായി യുക്രൈനില്ലെങ്കിലും അവിടത്തെ ജനങ്ങള്‍ക്കുണ്ടായിരിക്കാം എന്നാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് ചൈന അവരുടെ കാര്‍ഡ് വളരെ സൗകര്യപ്രദമായി കളിക്കാന്‍ ഒരുങ്ങുന്നത്. ചൈന വളരെക്കാലത്തിന് ശേഷം, റഷ്യയുമായുളള ഒരുപാട് അതിര്‍ത്തി പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അതെല്ലാം മാറ്റിവെച്ച് ഇവിടെ റഷ്യയെ സഹായിക്കാനായി എത്തും എന്നാണ് പറയുന്നത്. ചൈനക്ക് വലിയ ചെലവില്ലാത്ത കാര്യമാണ് അത്. അമേരിക്കയെ സ്വന്തം മണ്ണിലല്ലാതെ എതിര്‍ക്കാനുളള ഒരു അസുലഭ സന്ദര്‍ഭവും കൂടിയാണ് ചൈനക്കുണ്ടാകുന്നത്. റഷ്യയെ സഹായിച്ചു എന്ന 'കുറ്റ'മേ ചൈന ചെയ്യുന്നുളളൂ.
അമേരിക്കയും സ്വാഭാവികമായി അവരുടെ സുഹൃത്തായ ബ്രിട്ടണും ഒരു ഭാഗത്ത്. മറുഭാഗത്ത് റഷ്യ. റഷ്യയുടെ സഹായിയായി റഷ്യയുടെ വളരെ പഴയ ചങ്ങാതിയും പിന്നീട് ശത്രുവുമായ ചൈനയും. അമേരിക്കയും റഷ്യയും ചൈനയും യൂറോപ്പിന്റെ മണ്ണില്‍, യുദ്ധരംഗത്തേക്ക് വരുമ്പോള്‍ നിരീക്ഷകര്‍ അതിനെ മൂന്നാംലോക മഹായുദ്ധം എന്നുപോലും വിശേഷിപ്പിക്കാന്‍ തയ്യാറാകുന്നുണ്ട്. ഇതിനിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജര്‍മനിയും ഫ്രാന്‍സും ഇനിയൊരു യൂറോപ്പിലെ യുദ്ധം ആവശ്യമില്ല എന്ന ദൃഢനിശ്ചയത്തോടെ സന്ധി സംഭാഷണങ്ങള്‍ക്ക് മുതിരുന്നുണ്ട്. പുതിനും ചില സന്ധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുമുണ്ട്.
എന്തായാലും യൂറോപ്പ് 70 വര്‍ഷം മുമ്പ്, രണ്ടാംലോക മഹായുദ്ധത്തോടെ ഉപേക്ഷിച്ച യുദ്ധസാഹചര്യം യുക്രൈനിന്റെ മണ്ണില്‍ ആവര്‍ത്തിച്ചാല്‍ അത് ഭാവിയിലുളള പല യുദ്ധസംരംഭങ്ങള്‍ക്കും ഇടയാക്കിയേക്കാം എന്ന ഭീതിയും യൂറോപ്പിലെ പൊതുജനങ്ങള്‍ക്കുണ്ട്. യുദ്ധം ഒഴിവാക്കപ്പെടുക തന്നെ വേണം. ചൈനയെ സംബന്ധിച്ചിടത്തോളം അമേരിക്കയെ യൂറോപ്പിന്റെ മണ്ണില്‍വെച്ച് യുദ്ധഭൂമിയില്‍ കാണുന്നത് ചൈനയുടെ മറ്റൊരു നീക്കത്തെ അമേരിക്ക എതിര്‍ക്കുന്നത് കൊണ്ടാണ്. ചൈനയ്ക്ക് തായ്‌വാൻ സ്വന്തമായി വേണം. അമേരിക്ക അതിന് തയ്യാറല്ല. അതുകൊണ്ട് റഷ്യക്ക് യുക്രൈനെ ആക്രമിക്കാന്‍ അധികാരമുണ്ടെന്ന് ചൈന പറയുന്നത് തങ്ങള്‍ക്ക് തായ്വാനെ ആക്രമിക്കാന്‍ അധികാരമുണ്ട് എന്ന് പറയുന്നതിന്റെ മറ്റൊരു ഭാഷയാണ്. ചെറിയ രാജ്യങ്ങള്‍ അഥവാ വലിയ രാജ്യങ്ങളുടെ പ്രവിശ്യയായിരുന്ന ചെറിയ രാജ്യങ്ങള്‍ അവര്‍ ഉള്‍പ്പെട്ടിരുന്ന വലിയ രാജ്യങ്ങളുമായി ഏറ്റുമുട്ടുന്ന വല്ലാത്തൊരു സന്ദര്‍ഭമാണിത്(പാകിസ്താനും ഇന്ത്യയുമെന്ന പോലെ).
റഷ്യയും ചൈനയും ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ഇന്ത്യ എവിടെ നില്‍ക്കും എന്നത് ഒരു സുപ്രധാനമായ വിഷയമാണ്. ഇന്ത്യക്കും നിരവധി പ്രശ്‌നങ്ങളുണ്ട്. 370-ാം വകുപ്പ് എടുത്ത് കളഞ്ഞ് കശ്മീര്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലാക്കി. സ്ഥിരമായ സൈനിക നീക്കങ്ങള്‍ കൊണ്ട് കശ്മീരിനെ പിടിച്ചുനിര്‍ത്തുന്നതിന് ഇന്ത്യക്ക് ഇന്ത്യയുടേതായ കാരണങ്ങള്‍ കാണാം. പക്ഷേ ഒരു വലിയ രാജ്യത്ത് നിന്ന് വിട്ട് പോന്ന യുക്രൈന്‍ ആ രാജ്യത്തോട് തന്നെ ചെറുത്തുനില്‍ക്കുമ്പോള്‍ ചെറിയ രാജ്യത്തെ സഹായിക്കാന്‍ അമേരിക്ക വരുന്നത് ഇന്ത്യക്കും ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. കശ്മീരില്‍ അമേരിക്ക ഇടപെട്ടാലെന്ന പോലെ.
ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അവര്‍ തുടക്കം മുതലേ അമേരിക്കയുടെ ബന്ധുവാണ്. ട്രംപിന്റെ കൂട്ടുകാരനായി ഭാവിച്ചുകൊണ്ട് മോദി ഒരുപാട് പ്രകടനങ്ങള്‍ നടത്തി. അതുകൊണ്ട് വിശേഷിച്ച് പ്രയോജനമൊന്നും ഇന്ത്യക്ക് ഉണ്ടായില്ലെങ്കിലും യുക്രൈനിന്റെ കാര്യത്തില്‍ അമേരിക്കയോടൊപ്പം നില്‍ക്കണമോ, അതോ റഷ്യ - ചൈന അച്ചുതണ്ടിനോടൊപ്പം നില്‍ക്കണമോ എന്ന കാര്യം ഇന്ത്യക്ക് ഒരു കീറാമുട്ടിയാണ്. ചൈനയോടും റഷ്യയോടും ചേര്‍ന്നുനിന്നാല്‍, ചൈന ഇന്ത്യയുമായി നല്ല ബന്ധത്തിലല്ലാത്തതുകൊണ്ട് അതിന് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും നിരവധി പ്രത്യഘാതങ്ങള്‍ ഉണ്ടായേക്കാം.
വെടിപൊട്ടുമോ എന്ന ആശങ്ക നിറഞ്ഞ ഈ സന്ദര്‍ഭത്തില്‍ സംഘര്‍ഷം കുറയട്ടേ എന്ന് നമുക്ക് ആശിക്കാം. ഇക്കണോമിസ്റ്റ് മാസികയില്‍ സുപ്രസിദ്ധ എഴുത്തുകാരനായ യുവാല്‍ നോവാ ഹരാരി യുദ്ധമെന്ന യുക്തിശൂന്യമായ നടപടി യുക്രൈനിലൂടെ കടന്നുവരുന്നതിനെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. ഒരു വഴിയിലൂടെയും കടന്നുവരേണ്ട പ്രശ്‌നപരിഹാരല്ല യുദ്ധം. മരണവും വേദനയും വിതയ്ക്കാമെന്നല്ലാതെ യുദ്ധംകൊണ്ട് ഒരു പ്രയോജനവുമില്ല. നമുക്ക് യുദ്ധമില്ലാത്ത ലോകം ഉണ്ടാകണം എന്നാശിക്കാം. പക്ഷേ ഫെബ്രുവരി പതിനാറ് കഴിഞ്ഞിട്ട് മാത്രമേ എന്താണ് സംഭവിക്കുക എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ.
Content Highlights: Russia - Ukraine Conflict, C P John Column Pratibhashanam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented