ആര്‍ആര്‍ആര്‍; ചരിത്രസിനിമകളിലെ ഹീറോയിക് ഇമേജുകള്‍ | ഷോ റീല്‍


എന്‍.പി.മുരളീകൃഷ്ണന്‍തിയേറ്ററില്‍ മാത്രം പൂര്‍ണത പ്രാപിക്കുന്ന ചില ദൃശ്യസാധ്യതകളുണ്ടെന്ന തിരിച്ചറിവാണ് പ്രേക്ഷകര്‍ ഇത്തരം ചരിത്രസിനിമകളെ തേടിച്ചെല്ലുന്നതിനു പിന്നില്‍. അതിനെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നിടത്താണ് ആര്‍ആര്‍ആറിനെ പോലെ ഒരു 'ഹീറോ ഓറിയന്റഡ്' സിനിമയുടെ വിജയവും.

​ഗാനരം​ഗത്തിൽ നിന്ന്

തു തരം സിനിമയ്ക്കു വേണ്ടിയായിരിക്കും കാണികള്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുക? തീര്‍ച്ചയായും അത് ഒരു വലിയ ഹീറോയുടെ സാന്നിധ്യമുള്ളതും തങ്ങളുടെ ആസ്വാദനത്തെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നതുമായ ഒരു സിനിമയ്ക്കു വേണ്ടിയായിരിക്കുമെന്ന് തീര്‍ച്ച. അപൂര്‍വ്വം ചിലപ്പോള്‍ ചില സംവിധായകരുടെ പേര് കാണികളെ തിയേറ്ററിലേക്ക് ആകര്‍ഷിച്ചേക്കാം. എന്നാല്‍, വലിയൊരു ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാന്‍ ഒരു ഹീറോയ്ക്ക് മാത്രമേ സാധിക്കാറുള്ളൂവെന്നതാണ് ചരിത്രം. 'ഹീറോ' എന്നത് കേവലം ചെറിയൊരു പ്രയോഗമല്ല. എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഒരു പദവിയുമല്ലത്. തനിക്കു മുന്നിലെ എണ്ണിയാലൊടുങ്ങാത്തത്രയും വരുന്ന പുരുഷാരത്തിന്റെ ഇഷ്ടങ്ങളും ചോദനകളും തിരിച്ചറിയാനും അവരെ സദാ ആവേശത്തിലാക്കാനും ഈ ആവേശത്തിന്റെ ആവേഗം തെല്ലും കുറയ്ക്കാതെ മുന്നോട്ടു കൊണ്ടുപോകാനും സാധിക്കുന്ന കരിസ്മ വാക്കുകളിലും ഉടലിലാകെയും ആവേശിച്ച കാണിയുടെ തന്നെ പ്രതിരൂപമായിരിക്കും ഹീറോ.

ഇവ്വിധം അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരുന്ന സിനിമയാണ് എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ (രൗദ്രം രണം രുധിരം). സമകാലിക ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് നായകന്മാര്‍ ഈ സിനിമയുടെ ഭാഗമാകുന്നുവെന്നതും ബാഹുബലി എന്ന ചരിത്രസിനിമയിലൂടെ രാജമൗലി ഇന്ത്യന്‍ സിനിമാസ്വാദകര്‍ക്കിടയില്‍ ഉണ്ടാക്കിയ വലിയ സ്വാധീനവുമാണ് ആര്‍ആര്‍ആറിനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമുയര്‍ത്തിയത്. ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി അഞ്ചു വര്‍ഷത്തിനു ശേഷമാണ് രാജമൗലി മറ്റൊരു ചരിത്രാഖ്യാനവുമായി എത്തുന്നത്.

അഞ്ച് ഇന്ത്യന്‍ ഭാഷകളിലുള്‍പ്പെടെ 10 ഭാഷകളില്‍ ഡബ്ബ് ചെയ്ത് ലോകത്താകമാനം 10000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുകയും മൂന്നു ദിവസത്തിനകം 500 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നതു തന്നെയാണ് ഈ സിനിമ ഉണ്ടാക്കിയ വലിയ പ്രതിഫലനം. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ചെറിയ സിനിമാ ഇന്‍ഡസ്ട്രിയായ കേരളത്തില്‍ മാത്രം 500 സ്‌ക്രീനുകളിലാണ് ഈ അന്യഭാഷാ ചിത്രം എത്തിയത്. അടുത്തിടെ ബാഹുബലിയും കെജിഎഫും പോലുള്ള വീരേതിഹാസ സിനിമകള്‍ കേരളത്തിലെ പ്രദര്‍ശനശാലകളില്‍ ഉണ്ടാക്കിയ സ്വാധീനവും ഇതിനു പിന്നിലുണ്ട്.

തിയേറ്ററില്‍ മാത്രം പൂര്‍ണത പ്രാപിക്കുന്ന ചില ദൃശ്യസാധ്യതകളുണ്ടെന്ന തിരിച്ചറിവാണ് പ്രേക്ഷകര്‍ ഇത്തരം ചരിത്രസിനിമകളെ തേടിച്ചെല്ലുന്നതിനു പിന്നില്‍. അതിനെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നിടത്താണ് ആര്‍ആര്‍ആറിനെ പോലെ ഒരു 'ഹീറോ ഓറിയന്റഡ്' സിനിമയുടെ വിജയവും.

സാധാരണ ജീവിതത്തില്‍ ഒരിക്കലും സാധ്യമാകാത്ത അമാനുഷികവൃത്തികള്‍ അനായാസം ചെയ്യുകയും സ്വന്തം ജനതയുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും കാവലാളാകുകയും ചെയ്യുന്ന നായകന്മാരെയാണ് 'ഹീറോ ഓറിയന്റഡ്' സിനിമകള്‍ പ്രതിനിധാനം ചെയ്യുന്നത്. ചരിത്രത്തെയും ഇതിഹാസത്തെയും കൂട്ടുപിടിച്ച് ഫിക്ഷന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് വീരനായകന്മാരുടെ അപദാനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകരില്‍ അതുണ്ടാക്കുന്ന ആവേശം ചെറുതല്ല. അനീതിക്കെതിരെ മുന്നില്‍ നിലകൊണ്ട് പടപ്പുറപ്പാടിനും ശത്രുനിഗ്രഹത്തിനും തയ്യാറാകുന്ന നായകന്മാരുടെ വീരോചിത ചെയ്തികള്‍ക്ക് എക്കാലത്തും ആസ്വാദനമൂല്യത്തില്‍ മുന്‍പന്തിയിലാണ് സ്ഥാനം. ഒരു വലിയ ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രമാണ് ഇതുവഴി സംവിധായകനും എഴുത്തുകാരനും വിദഗ്ധമായി ഉപയോഗപ്പെടുത്തുന്നത്. ഒരു സാധാരണ കാണിയെയും അവന്‍ പ്രതിനിധാനം ചെയ്യുന്ന ഭൂരിഭാഗം വരുന്ന ജനക്കൂട്ടത്തെയും പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നതായിരിക്കും ഇത്തരം സിനിമകള്‍. പോയ പതിറ്റാണ്ടില്‍ ബാഹുബലിയും കെജിഎഫും പോലുള്ള സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യത ഇതാണ് വെളിവാക്കുന്നത്.

മഗധീരയും പ്രത്യേകിച്ച് ബാഹുബലി പരമ്പരയും കാണികളില്‍ സൃഷ്ടിച്ച ആവേശത്തില്‍ നിന്നാണ് രാജമൗലി ആര്‍ആര്‍ആറിലേക്ക് എത്തുന്നത്. ഈ സിനിമയുടെ ഏറ്റവും വലിയ ഊര്‍ജ്ജം ജൂനിയര്‍ എന്‍ടിആറിന്റേയും രാംചരണിന്റേയും സാന്നിധ്യമാണ്. ബാഹുബലിയില്‍ രാജമൗലി പ്രഭാസിനെയും റാണയെയും ചരിത്രനായകന്മാരായി അവതരിപ്പിക്കുമ്പോള്‍ അതിനു മുമ്പ് തെലുങ്ക് ഇന്‍ഡസ്ടിക്കു പുറത്ത് അറിയപ്പെടാത്തവരായിരുന്നു ഇരുവരും. അതു തന്നെയായിരുന്നു ആ സിനിമ നല്‍കിയ പുതുമകളിലൊന്നും. എന്നാല്‍ എന്‍ടിആറും രാംചരണും നേരത്തെ തന്നെ പാന്‍ ഇന്ത്യ താരപരിവേഷവും ജനപ്രിയതയുമുള്ളവരുമാണ്. ഈ നായകന്മാരെ ഇതുവരെ അടയാളപ്പെടുത്തിയതിലും മുകളില്‍ ഹീറോയിക് ഇമേജ് സ്ഥാപിച്ചു നല്‍കാന്‍ ആര്‍ആര്‍ആറിലൂടെ സാധിക്കുന്നുവെന്നതാണ് രാജമൗലിയിലെ സംവിധായകന്റെ വിജയം. ഇവരില്‍നിന്ന് പ്രസരിക്കുന്ന അപാരമായ ഊര്‍ജ്ജവും സ്‌ക്രീന്‍ പ്രസന്‍സും ആര്‍ആര്‍ആറിനെ ഒരു നിമിഷം പോലും വിരസതയില്ലാത്ത കാഴ്ചയാക്കി മാറ്റുന്നു.

അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ ഇതിഹാസതുല്യരായ കഥാപാത്രങ്ങളെയാണ് രാംചരണും എന്‍ടിആറും അവതരിപ്പിക്കുന്നത്. മഹാഭാരതത്തിലെ ഭീമന്റേയും രാമായണത്തിലെ രാമന്റേയും വീര്യത്തെ ഇവരുടെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി കടംകൊള്ളുന്നുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്തെ പശ്ചാത്തലമാക്കുന്ന സിനിമ ഫിക്ഷന്റെ സാധ്യത ഉപയോഗിച്ചാണ് കഥാപാത്രങ്ങളെ ധീരരും അമാനുഷരുമാക്കുന്നത്. ഹൈദരാബാദ് സംസ്ഥാനത്തിന്റെ വിമോചനത്തിനായി ഹൈദരാബാദ് നിസാമിനെതിരെ പോരാടിയ തെലങ്കാനയില്‍ നിന്നുള്ള ഗോണ്ട് ഗോത്ര നേതാവാണ് കൊമരം ഭീം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള സ്വാതന്ത്ര്യസമര പ്രവര്‍ത്തകനും ആദിവാസി നേതാവുമാണ് അല്ലൂരി സീതാരാമ രാജു. യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളുടേതിനു സമാനമായാണ് ഇരുവരുടേയും ജീവിതം സ്വാതന്ത്ര്യസമരവും ജനകീയ വിപ്ലവവും സൗഹൃദവും ചേര്‍ത്ത് കല്‍പ്പിതകഥയാക്കി മാറ്റുന്നത്.

ചടുലതയാണ് ആര്‍ആര്‍ആറിന്റെ താളം. വീരന്മാരെ സൃഷ്ടിക്കാനും അവരുടെ കഥ കാണികളില്‍ ഉദ്വേഗമുണര്‍ത്തും വിധം ഏതളവില്‍, എങ്ങനെ പറയാമെന്നും കൃത്യമായ ധാരണയുള്ള രാജമൗലി എന്‍ടിആറിന്റേയും രാംചരണിന്റേയും താരപരിവേഷം കൃത്യമായി ചൂഷണം ചെയ്യുന്നു. ആക്ഷന്‍ സീക്വന്‍സുകളില്‍ സമാനതകളില്ലാത്ത പ്രകടനമാണ് ഇരുനായകന്മാരും നടത്തുന്നത്.

ബാഹുബലി സൃഷ്ടിച്ച തരംഗത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമാനമാതൃകയില്‍ സെയ്‌റാ നരസിംഹ റെഡ്ഡി, രുദ്രമാദേവി, പത്മാവത്, മണികര്‍ണിക, കായംകുളം കൊച്ചുണ്ണി, മാമാങ്കം തുടങ്ങി ചരിത്ര, വീരേതിഹാസ പ്രമേയങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ടെങ്കിലും കെജിഎഫിന് ഒഴികെ പാന്‍ ഇന്ത്യ സ്വീകാര്യത കൈവരിക്കാന്‍ ഇക്കൂട്ടത്തിലെ മറ്റൊരു സിനിമയ്ക്കുമായില്ല. ചരിത്രത്തെ അതേപടി പകര്‍ത്തുന്നതും ദുര്‍ബലമായ തിരക്കഥയുമാണ് ഈ സിനിമകളുടെയെല്ലാം ആസ്വാദനത്തിന്റെ ഒഴുക്കിന് വിലങ്ങുതടിയായത്. ദീപിക പദുകോണിന്റെയും രണ്‍വീറിന്റെയും ഷാഹിദ് കപൂറിന്റെയും കഥാപാത്ര നിര്‍മ്മിതിയില്‍ പത്മാവത് വിജയിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുടെ ആസ്വാദനത്തെ തൃപ്തിപ്പെടുത്തുന്നതില്‍ ശരാശരിയിലൊതുങ്ങി. ചരിത്ര സിനിമകളുടെ സ്ഥിരം കഥപറച്ചില്‍ സങ്കേതം പിന്തുടരുന്നവയായിരുന്നു ഈ ഗണത്തില്‍ പോയ പതിറ്റാണ്ടില്‍ പുറത്തിറങ്ങിയ മറ്റു സിനിമകളെല്ലാം. കാണികള്‍ക്ക് വേറിട്ട അനുഭവം നല്‍കുകയോ ചരിത്രകഥകളെ പുനരാവിഷ്‌കരിക്കുന്നതില്‍ വേറിട്ട വഴി വെട്ടിത്തുറക്കുകയോ ചെയ്യുന്നതില്‍ ഇവയെല്ലാം പരാജയപ്പെട്ടു.

ചരിത്രകഥ മെനഞ്ഞെടുത്ത് അവതരിപ്പിക്കുന്നതില്‍ വിജയേന്ദ്രപ്രസാദും രാജമൗലിയും പുലര്‍ത്തിയ മികവാണ് ബാഹുബലിയുടെ രണ്ടു ഭാഗങ്ങളേയും ശ്രദ്ധേയമാക്കിയതെങ്കില്‍ ആര്‍ആര്‍ആറിലും ഇരുവരും അതില്‍നിന്ന് പിന്നോട്ടു പോകുന്നില്ല. ബാഹുബലി പോലെ ബൃഹദാഖ്യാന സാധ്യതയും കഥാപാത്ര വിശദീകരണവും ആര്‍ആര്‍ആറില്‍ കാണാനാകില്ല. അതുകൊണ്ടുതന്നെ ബാഹുബലിയുടെ പൂര്‍ണതയും ഈ സിനിമയ്ക്ക് അവകാശപ്പെടാനാകില്ല. എന്നാല്‍ ബാഹുബലിയില്‍ നിന്ന് പൂര്‍ണമായും മുക്തമായ ഒരു ചരിത്രസിനിമ വാര്‍ത്തെടുക്കാനും നായക ശരീരങ്ങള്‍ക്ക് കുറേക്കൂടി ഹീറോയിക് ഇമേജ് പകര്‍ന്നു നല്‍കാനുമാണ് ആര്‍ആര്‍ആര്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ നായകരില്‍ തുടങ്ങിത്തുടര്‍ന്ന് അവരുടെ അനിവാര്യമായ വിജയത്തില്‍ പരിസമാപ്തി കൊള്ളുന്ന സിനിമയാണ് ആര്‍ആര്‍ആര്‍. ഉപകഥകളുടെ വികാസത്തിലേക്കോ ഉപകഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിലേക്കോ കടന്നുചെല്ലാന്‍ ശ്രമിക്കാതെ ധീരരായ രണ്ടു കഥാപാത്രങ്ങള്‍ക്ക് പരമാവധി മിഴിവേകുകയാണിവിടെ.

Content Highlights: RRR movie, n p muraleekrishnan column show reel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented