പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: ANI
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പിട്ടു. ഒഴിഞ്ഞുകിടക്കുന്ന ചാലക്കുടി ചന്തയുടെ ചിത്രം സഹിതമുള്ള കുറിപ്പ്. ഇതൊരു ഹർത്താൽ ദിനത്തിലെ ചിത്രമല്ലെന്ന് പറഞ്ഞായിരുന്നു തുടക്കം. ചാലക്കുടി ചന്തയിൽ ഏറ്റവും തിരക്കുണ്ടാവാറുള്ള ചൊവ്വാഴ്ച എടുത്ത ചിത്രമായിരുന്നു അത്. ചന്തയിൽ ആളു കുറയുന്നുവെന്നു പറഞ്ഞാൽ സാധാരണ മനുഷ്യരുടെ കൈയ്യിൽ കാശില്ലാതാവുന്നു എന്നാണർത്ഥം. ഈസ്റ്ററിനും വിഷവുവിനും പോലും കച്ചവടം മോശമായിരുന്നുവെന്നാണ് ചന്തയിലെ കച്ചവടക്കാർ പറയുന്നത്. സുഹൃത്ത് എൽ.ഐ.സിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. പോളിസികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. അതേസമയം, വൻപോളിസികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടു താനും.
ഏതാണ്ടിതേ അഭിപ്രായമാണ് കഴിഞ്ഞയാഴ്ച ഒരു ലേഖനത്തിൽ ബിസിനസ് ജേർണലിസ്റ്റ് ദേബാശിഷ് ബസുവും മുന്നോട്ടുവെച്ചത്. അടുക്കള സാധനങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയുടെ ഡയറക്ടർ ബസുവിനോടു പറഞ്ഞതു കലങ്ങളും പാനുകളുമൊന്നും കാര്യമായി വിറ്റുപോകുന്നില്ലെന്നാണ്. എന്നാൽ, ആഡംബര വാച്ചുകളായ ഒമേഗ, ടിസ്സൊ്, ഷെഷെ ലുക്കുട്രെ എന്നിവയുടെ വിൽപനയിൽ 44 ശതമാനവും ലാഭത്തിൽ 262 ശതമാനവും വർദ്ധനവുണ്ടായി. അടിവസ്ത്രങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും വിൽപന ഇടിഞ്ഞപ്പോൾ ബി.എം.ഡബ്ളിയു. കാറുകളുടെ വിൽപനയിൽ 37% വർദ്ധനവുണ്ടായി എന്നാണ് ബസു പറയുന്നത്. അതായത് പണമുള്ളവർ കൂടുതൽ പണമുണ്ടാക്കുന്നു, പാവപ്പെട്ടവർ കൂടുതൽ ദരിദ്രരായി മാറുന്നു. സമൂഹത്തിൽ ചില വിഭാഗങ്ങൾ മാത്രം സാമ്പത്തികമായി വളരുന്ന ഈ പ്രക്രിയയയെ 'K shaped growth' എന്നാണ് ബസു വിളിക്കുന്നത്. കെ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രണ്ട് കൈകളിൽ ഒന്ന് മേലേക്കും മറ്റൊന്ന് താഴേക്കുമാണ്.
.jpg?$p=77bbff0&&q=0.8)
കോർപറേറ്റുകളുടെ ഇന്ത്യ
ഒക്സ്ഫാം ഇന്ത്യയുടെ റിപ്പോർട്ടും ഇതേ വസ്തുതകളിലേക്കാണ് വെളിച്ചം വീശുന്നത്. അടിത്തട്ടിലുള്ള 50% ഇന്ത്യക്കാർ രാജ്യത്തെ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് കൈവശം വെയ്ക്കുന്നത്. അതേസമയം, വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് ശതമാനത്തിന്റെ കൈയ്യിൽ 72% സ്വത്തുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണം 2020-ൽ 102 ആയിരുന്നെങ്കിൽ 2022-ൽ അത് 166 ആയി. ഇന്ത്യയിൽ ഏറ്റവും ധനികരായ 100 പേരുടെ കൈയ്യിലുള്ള സമ്പത്ത് 660 ബില്ല്യൺ ഡോളറായി വർദ്ധിച്ചു. എന്നാൽ, 2021-ൽ മാത്രം ഏഴരക്കോടി ജനങ്ങളാണ് ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് കീഴിലേക്ക് പുതുതായി ചേർക്കപ്പെട്ടത്. ആഗോള മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 132 ആണ്. 191 രാജ്യങ്ങളുടെ പട്ടികയിലാണ് ഈ സ്ഥാനമെന്ന് മറക്കരുത്. ജനങ്ങളുടെ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവ മാനദണ്ഡമാക്കിയാണ് ഈ സൂചിക തയ്യാറാക്കുന്നത്. ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. ചൈനയും പാക്കിസ്താനും ശ്രീലങ്കയും ബംഗ്ളാദേശുമൊക്കെ ഈ പട്ടികയിൽ ഇന്ത്യയേക്കാൾ മികച്ച നിലയിലാണ്.
പാവങ്ങളെ പിഴിയുന്ന കാര്യത്തിലാണെങ്കിൽ ഭരണകൂടം മത്സരിക്കുകയാണ്. ജി.എസ്.ടി. ഇനത്തിൽ കേന്ദ്ര സർക്കാരിന് കിട്ടുന്ന വരുമാനത്തിന്റെ 64 ശതമാനവും കൊടുക്കുന്നത് താഴേക്കിടയിലുള്ള 50% ജനങ്ങളാണ്. ഏറ്റവും ധനികരായ പത്ത് ശതമാനം വെറും നാല് ശതമാനം മാത്രമാണ് ജി.എസ്.ടിയിലേക്ക് നൽകുന്നത്. നികുതി പ്രക്രിയയുടെ ലളിതവത്കരണമുണ്ടായെങ്കിലും ജി.എസ്.ടി. വന്നതോടെയുണ്ടായ വലിയൊരു മാറ്റം കൂടുതൽ സാധാരണക്കാർ പരോക്ഷ നികുതിയുടെ വലയിലേക്ക് എത്തിപ്പെട്ടു എന്നതാണ്. ചരക്കുകൾക്കും സേവനങ്ങൾക്കും കൂടുതൽ നികുതി അടയ്ക്കേണ്ടി വരുമ്പോൾ അത് പരോക്ഷ നികുതിയിലുള്ള വർദ്ധനവാണ്. സമ്പദ് മേഖലയിൽ വളർച്ച കുറയുമ്പോൾ സാധാരണ മനുഷ്യർ കൂടുതൽ നികുതി കൊടുക്കാൻ നിർബ്ബന്ധിതരാവുന്നു.
2019-ൽ കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്നു 22 ശതമാനമായി മോദി സർക്കാർ കുറച്ചു. അതിധനികർക്കൊപ്പമാണ് മോദിയുടെ ഭരണകൂടം നിലയുറപ്പിക്കുന്നതെന്നതിന്റെ സുവ്യക്തമായ അടയാളമായിരുന്നു അത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സ്വത്തിന് മേൽ ഒരു ശതമാനം നികുതി ഏർപ്പെടുത്തിയാൽ ദേശീയ ആരോഗ്യ പദ്ധതിക്ക് മൊത്തത്തിൽ ആവശ്യമുള്ള പണം കിട്ടുമെന്നാണ് ഒക്സ്ഫാം ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ ഏ്റ്റവും ധനികരായ പത്ത് പേരുടെ സ്വത്തിന് മേൽ അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയാൽ രാജ്യത്തെ ആദിവാസികളുടെ ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക് അടുത്ത അഞ്ച് വർഷത്തേക്കുള്ള ഫണ്ട് സമാഹരിക്കാനാവും. നൂറ് ശതകോടീശ്വരന്മാരുടെ സ്വത്തിന് മേൽ രണ്ട് ശതമാനം നികുതി ഏർപ്പെടുത്തിയാൽ ഇന്ത്യയിലെ സ്്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണം കണ്ടെത്താനാവും. പക്ഷേ, ഇത്തരം ഒരു നടപടിയും മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.

ജലരേഖകളായി വാഗ്ദാനങ്ങൾ
ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവർക്കായി മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് പറയാനാവില്ല. ജൻധൻ, ആധാർ. മൊബൈൽ (JAM) ത്രയത്തിലൂടെ വളരെ കൃത്യമായി ചില ക്ഷേപദ്ധതികൾ മോദി സർക്കാർ നടപ്പാക്കന്നുണ്ട്. പക്ഷേ, പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾകൊണ്ട് മാത്രം സാധാരണ ജനസമൂഹത്തിന്റെ ദുരിതമകറ്റാനാവില്ല. ഇവിടെയാണ് സമഗ്രമായൊരു സാമ്പത്തിക ദർശനത്തിന്റെ അഭാവം മോദി സർക്കാരിന് വിനയാവുന്നത്.
മൻമോഹൻ സിങ്ങിനും നരസിംഹ റാവുവിനും അവർ ചെയ്യുന്നതെന്നതാണെന്ന് വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു. കാര്യങ്ങൾ നടത്താൻ കഴിവുള്ള നല്ലൊരു ടീം അവർക്കൊപ്പമുണ്ടായിരുന്നു. മോദി സർക്കാരിനെ ഏറ്റവുമധികം അലട്ടുന്നത് ഇത്തരമൊരു ടീമിന്റെ അഭാവമാണ്. നേതാവിന്റെ ഇച്ഛ നടപ്പാക്കുന്നതാണ് ജീവിതലക്ഷ്യമെന്നു കരുതുന്നവരുടെ കൂട്ടത്തിന് ഒരിക്കലും ഒരു സമൂഹത്തേയും മുന്നോട്ടു നയിക്കാനാവില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അവകാശപ്പെട്ട വിദേശകാര്യ മന്ത്രി ജയശങ്കറിനോട് ഈ മാറ്റത്തിന്റെ കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി 'മോദി' എന്നായിരുന്നു!
അസമത്വത്തിന്റെ പെരുകലാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമ പിക്കറ്റി വിരൽ ചൂണ്ടുന്നതും ഈ യാഥാർത്ഥ്യത്തിലേക്കാണ്. 1980-കളോടെയാണ് ഈ അസമത്വം വല്ലാതെ വർദ്ധിക്കാൻ തുടങ്ങിയതെന്നാണ് പിക്കറ്റി ചൂണ്ടിക്കാട്ടിയത്. നെഹ്രുവിയൻ സോഷ്യലിസത്തിൽനിന്നു കോൺഗ്രസ് വഴിമാറി നടക്കാൻ തുടങ്ങിയത് എൺപതുകളിലാണ്. തൊണ്ണൂറുകളിൽ നരസിംഹ റാവു സർക്കാരും പിന്നീട് മൻമോഹൻ സിങ്ങ് സർക്കാരും ഇതേ വഴിയിലൂടെ മുന്നോട്ട് നീങ്ങി. 2014-ൽ മോദി സർക്കാർ അധികാരമേറ്റത് ഈ അസമത്വവും അഴിമതിയും അനീതിയും ഇല്ലാതാക്കുമെന്ന് പറഞ്ഞായിരുന്നു. 2019-ൽ ഇന്ത്യൻ ജനത മോദി സർക്കാരിന് രണ്ടാം അവസരം നൽകി.
ഈ വരുന്ന മെയ് 30-ന് മോദി സർക്കാർ അധികാരത്തിൽ തുടർച്ചയായി ഒമ്പത് വർഷം തികയ്ക്കും. പക്ഷേ, ഒമ്പത് കൊല്ലം മുമ്പ് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറ്റാൻ മോദി സർക്കാരിനായിട്ടില്ലെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവുമായ പറകാല പ്രഭാകർ പറയുന്നത്. ജെ.എൻ.യുവിൽ ഒന്നിച്ച് പഠിക്കുമ്പോഴാണ് പ്രഭാകറും നിർമ്മലയും പ്രണയത്തിലായത്. ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്സിൽനിന്ന് ഡോക്ടറേറ്റ് എടുത്തിട്ടുള്ള പ്രഭാകറിന് നരസിംഹ റാവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇടക്കാലത്ത് ബി.ജെ.പിയിലുണ്ടായിരുന്നെങ്കിലും പ്രഭാകർ പിന്നീട് ആ പാർട്ടിയുമായി അകന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോദി സർക്കാരിന്റെ നിശിത വിമർശകനായ പ്രഭാകറിന്റെ പുതിയ പുസ്തകം 'The Crooked Timber of India : Essays on a Republic In Crissi' നാല് ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിൽ പ്രകാശിതമായത്.
എല്ലാ വാഗ്ദാനങ്ങളും വഞ്ചിക്കപ്പെട്ടു എന്നാണ് പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ പ്രഭാകർ പറയുന്നത്. ഹിന്ദുത്വയായിരുന്നില്ല, വികസനമായിരുന്നു മോദിയുടെ ആദ്യകാല മുദ്രാവാക്യവും മന്ത്രവുമെന്നും പ്രഭാകർ ഓർമ്മിപ്പിക്കുന്നു. 'സബ്കാ സാത്ത്, സബ്കാ വികാസ് ' എന്നായിരുന്നു മോദി സർക്കാരിന്റെ മുദ്രാവാക്യം. യു.പി.എ. സർക്കാരിന്റെ അഴിമതിക്കെതിരെ അണ്ണാ ഹസാരെയും കൂട്ടരും നടത്തിയ പ്രക്ഷോഭങ്ങളുടെ ചിറകിലേറി ഇന്ത്യയിൽ അധികാരം പിടിക്കുമ്പോൾ ഒരിടത്തും മോദിയും ബി.ജെ.പിയും ഹിന്ദുത്വയെക്കുറിച്ച് പറഞ്ഞിരുന്നില്ല. എല്ലാവരും ഒന്നിച്ച് മുന്നേറുമെന്നായിരുന്നു പ്രചാരണം. ഗാന്ധിയൻ സോഷ്യലിസമായിരുന്നു തങ്ങളുടെ വഴികാട്ടിയെന്നും ബി.ജെ.പി. സർക്കാർ ആദ്യ നാളുകളിൽ പറഞ്ഞിരുന്നു.
നരസിംഹ റാവുവിന്റെയും മൻമോഹൻ സിങ്ങിന്റെയും നേതൃത്വത്തിലുള്ള സർക്കാരുകൾ നടപ്പാക്കിയ നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമർശകരായിരുന്നു അന്ന് ബി.ജെ.പി. പക്ഷേ, പിന്നീടങ്ങോട്ട് മോദി സർക്കാരിന്റെ നയങ്ങൾ കലങ്ങി മറിഞ്ഞു. നിയോ ലിബറലിസത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളായി മോദി സർക്കാർ മാറുന്നത് രാഷ്ട്രം കണ്ടു. ഇതോടൊപ്പമാണ് ഹിന്ദുത്വ മറനീക്കി പുറത്തു വന്നതും. ഹിന്ദുത്വയെ ഭരണകൂടത്തിലേക്ക് ഒളിച്ചു കടത്തിയ ട്രോജൻ കുതിരയായിരുന്നു മോദിയെന്നാണ് പ്രഭാകർ നിരീക്ഷിക്കുന്നത്.
ബി.ജെ.പിയുടെ സാമ്പത്തിക ദർശനം എന്താണെന്നാണ് പ്രഭാകർ ചോദിക്കുന്നത്. 2016-ൽ മോദി സർക്കാർ രാത്രിക്ക് രാത്രിക്ക് നടപ്പാക്കിയ നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിക്കല്ല് തകർത്തുവെന്നല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ലെന്ന് പ്രഭാകർ വിമർശിക്കുന്നു. ഇത്തരം നടപടികൾ ഉപദേശിക്കുന്നവരെ ' voodoo economists' എന്നാണ് പ്രഭാകർ വിളിക്കുന്നത്. ഒരു തരം കൺകെട്ട് വിദ്യപോലെയാണിത്. കള്ളപ്പണം എന്നാൽ പണത്തിന്റെ രൂപത്തിൽ അട്ടിയട്ടിയായി ഇരിക്കുകയാണെന്ന അയഥാർത്ഥ ചിന്തയിൽ നിന്നുടലെടുക്കുന്ന കാഴ്ചപ്പാട്. ഇത്തരം ജാലവിദ്യകളിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാമെന്ന് കരുതുന്ന അവസ്ഥയിലാണ് മോദി സർക്കാർ എത്തിപ്പെട്ടിരിക്കുന്നതെന്നത് രാഷ്ട്രം നേരിടുന്ന വലിയ പ്രതിസന്ധിയാണ്.
.jpg?$p=bd05561&&q=0.8)
അഴിമതിയും ദല്ലാൾ മുതലാളിത്തവും
മോദി സർക്കാരിന് കീഴിൽ വളരുന്നതാരാണ് എന്ന ചോദ്യത്തിന് ദല്ലാൾ മുതലാളിമാർ (crony capitalists) എന്നാണുത്തരം. കഴിഞ്ഞ അഞ്ച് കൊല്ലത്തിൽ മാത്രം ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മൂല്യം 2,500 ശതമാനത്തോളമാണ് വർദ്ധിച്ചത്. കൽക്കരി, വൈദ്യുതി, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിങ്ങനെ അദാനിയുടെ സാമ്രാജ്യം വളർന്ന് പന്തലിച്ചത് നരേന്ദ്ര മോദി എന്ന ബി.ജെ.പി. നേതാവിന്റെ വളർച്ചയ്ക്കൊപ്പമാണെന്ന ആരോപണത്തിന് ഇതുവരെ കൃത്യമായൊരു മറുപടി നൽകാൻ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കോ കഴിഞ്ഞിട്ടില്ല.
അദാനിയെക്കുറിച്ചുള്ള ചർച്ചപോലും പാർലമെന്റിൽ നിഷേധിക്കപ്പെടുന്ന കാഴ്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് മേൽ ദല്ലാൾ മുതലാളിത്തത്തിന്റെ പിടി എത്രമാത്രം ശക്തമാണെന്നതിന്റെ തെളിവായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനിയുടെ സാമ്രാജ്യം ആകെയൊന്നുലഞ്ഞുപോയി എന്നത് മറ്റൊരു കാര്യമാണ്. അപ്പോൾ പോലും എൽ.ഐ.സി. അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ പൊതുമഖേല സ്ഥാപനങ്ങൾ അദാനിക്കൊപ്പമാണ് നിലയുറപ്പിച്ചത്. അദാനിയും അംബാനിയും ഉൾപ്പെടുന്ന ദല്ലാൾ മുതലാളിത്തമാണ് ബി.ജെ.പിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സുകൾ എന്ന ആരോപണവും കാണാതിരിക്കാനാവില്ല. പ്രതിപക്ഷ നിരയിലെ നേതാക്കൾക്കെതിരെ ഏതന്വേഷണത്തിനും തയ്യാറാവുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ സി.ബി.ഐയോ ഈ ദല്ലാൾ മുതലാളിമാർക്കെതിരെ ചെറുവിരൽ പോലും അനക്കുന്നില്ലെന്നതും മറക്കാനാവില്ല.
അഴിമതിക്കെതിരെ പുതിയൊരു പോർമുഖം തുറക്കുന്നുവെന്ന പ്രതീതിയുണർത്തിയാണ് ഒമ്പത് കൊല്ലം മുമ്പ് നരേന്ദ്ര മോദി അധികാരത്തിലേറിയത്. പക്ഷേ, ഒരു മാസം മുമ്പ് കരൺ താപ്പറിന് നൽകിയ അഭിമുഖത്തിൽ മുൻ ജമ്മു കശ്മിർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞത് പ്രധാനമന്ത്രി മോദിക്ക് അഴിമതിയെക്കുറിച്ച് ഒരു തരത്തിലുള്ള വേലാതിയുമില്ലെന്നാണ്. പി.എം. കെയേഴ്സ് ഫണ്ട് എന്ന പ്രത്യേക ധനസമാഹരണ പദ്ധതി തന്നെ മോദി ആദ്യകാല ലക്ഷ്യങ്ങളിൽനിന്ന് പിന്മാറുന്നതിന്റെ വ്യക്തമായ തെളിവായിരുന്നു. 2018-ൽ മോദി സർക്കാർ നടപ്പാക്കിയ ഇലക്ടറൽ ബോണ്ടുകളും ആത്യന്തികമായി അഴമിതിക്കെതിരെയുള്ള മോദി സർക്കാരിന്റെ നിലപാടുകൾ വെറും വായ്ത്താരിയായി ഒടുങ്ങുന്നതിന്റെ സൂചനയായിരുന്നു. ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന കമ്പനികളുടെ പേര് രഹസ്യമായിരിക്കും എന്നു വന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാവുന്നതിന് പകരം കൂടുതൽ കൂടുതലായി ഇരുളടയുകയായിരുന്നു.
എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിച്ചുകൊണ്ടുപോവുക എന്നതാണ് ജനാധിപത്യത്തിൽ ഭരണകൂടം ചെയ്യേണ്ടത്. ഭൂരിപക്ഷത്തെയെന്നപോലെ ന്യൂനപക്ഷത്തേയും ബഹുമാനിക്കുന്ന ഭരണകൂടമാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നത്. പക്ഷേ, സബ്കാ സാത് സബ്കാ വികാസ് എന്ന മോദി സർക്കാരിന്റെ മുദ്രാവാക്യം പൊളിഞ്ഞുവീഴാൻ അധികനേരം വേണ്ടിവന്നില്ല. സംഘപരിവാറിന്റെ ഉത്പന്നമായിരുന്നു വാജ്പേയിയും എൽ.കെ. അദ്വാനിയും എന്നതിൽ സംശയമില്ല. പക്ഷേ, മതേതരത്വം എന്ന വാക്ക് അന്ന് ബി.ജെ.പിക്ക് അന്യമായിരുന്നില്ല. പ്രഭാകർ ചൂണ്ടിക്കാട്ടുന്നതുപോലെ തങ്ങളാണ് യഥാർത്ഥ മതേതര വാദികളെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ളവർ കപട മതേതര വാദികളാണെന്നുമായിരുന്നു വാജ്പേയിയുടെയും അദ്വാനിയുടെയും നിലപാട്.
ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ വാജ്പേയിയുടെയും അദ്വാനിയുടെയും ഈ മുഖാവരണം തകർന്നുടഞ്ഞു എന്നത് ശരിയാണ്. പക്ഷേ, അപ്പോൾ പോലും മതേതരത്വം എന്ന സങ്കൽപം തള്ളിപ്പറയാൻ ഇരുകൂട്ടരും വിസമ്മതിച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖഭരിതമായ ദിവസമാണെന്നാണ് വാജ്പേയി പറഞ്ഞത്. വാജ്പേയി ആർ.എസ്.എസിന്റെ മുഖാവരണമാണെന്ന് ആർ.എസ്.എസ്. താത്വികാചാര്യൻ ഗോവിന്ദാചാര്യ പറഞ്ഞത് മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. മതേതരം എന്ന വാക്ക് ബി.ജെ.പി. പാടെ ഉപേക്ഷിക്കുന്നത് മോദിയുടെ വരവോടെയാണ്.
.jpg?$p=d3c3d11&&q=0.8)
കർണാടകം പറയുന്നത്
ദേശീയ പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ മതേതരത്വത്തിന് മേലുള്ള കനത്ത പ്രഹരമായിരുന്നു. ഇന്ത്യൻ പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ നിഷേധിക്കപ്പെടുന്നത് വല്ലാത്തൊരു കാലത്തിലേക്കാണ് രാഷ്ട്രം നീങ്ങുന്നതെന്നതിന്റെ കൃത്യമായ സൂചനയായിരുന്നു. ഗൊരഖ്പുർ മഠാധിപതി യോഗി ആദിത്യനാഥിനെ 2017-ൽ യു.പി. മുഖ്യമന്ത്രിയാക്കിയ നടപടിയും ഇന്ത്യൻ മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നുവെന്നാണ് ഭരണഘടന വിദഗ്ദ്ധനും രാജ്യത്തെ പ്രമുഖ നിയമജ്ഞനുമായ ഫാലി എസ്. നരിമാൻ പറഞ്ഞത്. ഹിന്ദുരാഷ്ട്രത്തിന്റെ തുടക്കമാണോ ഇതെന്ന് മാദ്ധ്യമപ്രവർത്തകർ പ്രധാനമന്ത്രി മോദിയോട് ചോദിക്കണമെന്നാണ് നരിമാൻ വ്യക്തമാക്കിയത്.
ഇന്നിപ്പോൾ ഇന്ത്യയിൽ ഒരിടത്തും ബി.ജെ.പിക്ക് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മുസ്ലിം എം.എൽ.എയോ എം.പിയോ ഇല്ല. ഡാനിഷ് അസദ് അൻസാരി യു.പിയിൽ ബി.ജെ.പിയുടെ ലെജിസ്ലേറ്റീവ് കൗൺസിൽ(എം.എൽ.സി.) അംഗമാണെന്നത് മറന്നുകൊണ്ടല്ല ഇതു പറയുന്നത്. യു.പിയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 50 മുസ്ലിം സ്ഥാനാർത്ഥികൾ ബി.ജെ.പിയുടെ ബാനറിൽ ജയിച്ചുകയറിയിട്ടുണ്ടെന്നത് രാജ്യത്തെ നിയമ നിർമ്മാണ സഭകളിൽ പാർട്ടിക്ക് ഒരു മുസ്ലിം പ്രതിനിധി പോലും ഇല്ലെന്നുള്ളതിന് പരിഹാരമാവുന്നില്ല. ഏറ്റവും ഒടുവിൽ കർണ്ണാടകത്തിൽ ബജ്രംഗ് ദളിനെയും ബജഗരംഗ് ബലിയെയും കൂട്ടിക്കലർത്തി പ്രധാനമന്ത്രി മോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണവും മതേതരത്വത്തിന്റെ പാതയിൽനിന്നും ഇന്ത്യയിലെ ഭരണകക്ഷി എത്രമാത്രം അകന്നുപോയിരിക്കുന്നു എന്നതിനുള്ള തെളിവാണ്.
കർണാടക തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ പ്രഹരം ജനങ്ങൾക്കുള്ള അതിശക്തമായ അസംതൃപ്തിയുടെ പ്രതിഫലനമാണ്. കർണാടകത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടായിരുന്നുവെന്ന് മറക്കരുത്. അഖിലേന്ത്യാ തലത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായ പഴയതുപോലെ തിളങ്ങുന്നില്ല എന്ന വസ്തുതയിലേക്കാണ് കർണാടകം വിരൽ ചൂണ്ടുന്നത്. ഇതൊരു പ്രതിസന്ധിയാണ്.
ഈ പ്രതിസന്ധി പക്ഷേ, ഒരു ദിവസം കൊണ്ടുണ്ടായതല്ല. കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണത്തിന്റെ ബാക്കിപത്രമാണിത്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ബി.ജെ.പി. നേതൃത്വത്തിനാവുമോ എന്നത് വലിയൊരു ചോദ്യമാണ്. ഇന്ത്യൻ ജനാധിപത്യം അങ്ങിനെയങ്ങ് തകർന്നുപോകുന്ന ഒന്നല്ല. ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണ് അതിന്റെ ആധാരശില. അടിയന്തരാവസ്ഥ പോലൊരു കടുത്ത പ്രതിസന്ധി അതിജീവിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങിയത്. ഫെഡറലിസവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ ആത്മാവ്. ഈ സത്യം ബി.ജെ.പി. ഉൾക്കൊള്ളുന്നല്ലെങ്കിൽ വരാനിരിക്കുന്ന നാളുകൾ മോദിക്കും പാർട്ടിക്കും ഒട്ടും തന്നെ എളുപ്പമായിരിക്കില്ല.
വഴിയിൽ കേട്ടത്: കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി, കിരൺ റിജിജുവിന് നിയമമന്ത്രി സ്ഥാനം നഷ്ടമായി. ചീഫ് ജസ്റ്റിസിന്റെ അലമാരയിൽനിന്ന് പെഗാസസ് ഒന്നും കൊണ്ടുവന്നില്ലേ ശകുന്തളേ!
Content Highlights: Narendra Modi, Central Government, Hindutwa Agenda, Vazhipokkan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..