സാധിക്കുമോ സുനക്കിന് യു.കെയുടെ തലവര മാറ്റാൻ...! | പ്രതിഭാഷണം


സി.പി.ജോണ്‍ഋഷി സുനക്

ബ്രിട്ടനെ പിടിച്ചുകുലുക്കുന്ന സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയമാറ്റങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നല്ല ഭൂരിപക്ഷമുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് ലിസ്ട്രസിന് വെറും അമ്പത് ദിവസത്തിനകം സ്ഥാനമൊഴിഞ്ഞ് പോകേണ്ടി വന്നു. ഈ സ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്നത് ലിസ്ട്രസിനോട് ആദ്യറൗണ്ടില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വംശജനായ ഋഷി സുനക്കാണ്. ഋഷി സുനക് കോവിഡ് കാലഘട്ടത്തില്‍ ജോണ്‍സണ്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി ആയിരുന്നു. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ എന്തെല്ലാം വീഴ്ചകളും പ്രതിസന്ധികളും ഉണ്ടായെങ്കിലും ഋഷി സുനക്കിന്റെ ഫര്‍ലോ പദ്ധതി (Furlough Scheme) ബ്രിട്ടണിലെ ഇടത്തരക്കാരെയും തൊഴിലാളികളെയും വലിയ രീതിയില്‍ രക്ഷിച്ചു എന്നുവേണം പറയാന്‍. കോവിഡ് അടച്ചുപൂട്ടല്‍ വന്നപ്പോള്‍ പിരിച്ചുവിടലിന് നിര്‍ബന്ധിതരായ തൊഴിലാളികളുടെയും ഇടത്തരക്കാരായ ജീവനക്കാരുടെയും എണ്‍പത് ശതമാനം ശമ്പളവും സ്വകാര്യമേഖലയില്‍ പോലും സര്‍ക്കാര്‍ നല്‍കുന്ന പദ്ധതിയായിരുന്നു ഋഷി സുനക്കിന്റെ ഫര്‍ലോ പദ്ധതി. ഇതിന്റെ ഫലമായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും യുകെയിലെത്തി ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം ലഭിച്ചു. കേരളീയര്‍ നടത്തുന്ന യുകെയിലെ സ്ഥാപനങ്ങളില്‍ പോലും ഋഷി സുനക്കിന്റെ നടപടികൊണ്ട് പലരും പിടിച്ചുനിന്നു.

ഋഷി സുനക്ക് വളരെ ചെറുപ്പമാണ്. 42 വയസ്സേ ആയിട്ടുളളൂ. കോവിഡ് കാലത്ത് നാല്‍പതുകാരനായിരിക്കുമ്പോള്‍ തന്നെ തന്റെ ഭരണപാടവം മറ്റൊരാളുടെ കീഴില്‍ നിന്നുകൊണ്ടാണെങ്കിലും തെളിയിക്കാന്‍ സുനക്കിന് അവസരം ലഭിച്ചു. പ്രതിസന്ധിയില്‍ ഉഴലുന്ന യു.കെ. സമ്പദ്ഘടനയെ ശരിയാക്കി എടുക്കാമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്.സുനക്കിന്റെ പൂര്‍വികന്മാര്‍ ജനിച്ചത് ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ ഗുജ്‌റന്‍വാലയിലാണ്. വിഭജനത്തിന് മുമ്പുതന്നെ ഇന്ത്യ വിട്ടുപോയ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് ഋഷി സുനക്ക്. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ മലയാളികള്‍ക്ക് പരിചിതനായ, മൈസൂരുകാരനായ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയാണ്. അക്ഷത ഇപ്പോഴും ഇന്ത്യന്‍ പൗരത്വം സൂക്ഷിക്കുന്നു എന്നതുകൊണ്ട് സുനക്ക് ഇന്ത്യയുടെ മരുമകനാണ് എന്ന് വേണമെങ്കില്‍ പറയാം.

ബ്രിട്ടീഷ് പ്രധാനമന്ത്രി പദം, എഴുതപ്പെട്ട ഭരണഘടനയുടെ അഭാവത്തില്‍ പതുക്കെപ്പതുക്കെ ഉരുത്തിരിഞ്ഞുവന്ന സ്ഥാനമാണ്. മഹാരാജാവിന്റെയോ രാജ്ഞിയുടേയോ പ്രഥമ മന്ത്രി (Principal Minister)എന്ന നിലയിലാണ് 1721-ല്‍ ആദ്യത്തെ പ്രധാനമന്ത്രി എന്ന് വിളിക്കാവുന്ന റോബര്‍ട്ട് വാല്‍പോള്‍ (Robert Walpole) സ്ഥാനമേറ്റത്. 300 വര്‍ഷക്കാലത്തിനിടയില്‍ ഏറ്റവും നീണ്ട കാലം പ്രഥമസ്ഥാനത്തിരുന്നതും വാല്‍പോള്‍ തന്നെ. 20 വര്‍ഷക്കാലം. ഇതിനകം 56 പ്രധാനമന്ത്രിമാര്‍ യു.കെയില്‍ ഉണ്ടായി. ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദത്തിലിരുന്നത് ലിസ് ട്രസാണ്. ലിസ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഇന്ത്യന്‍ വേരുകളുളള ഹിന്ദുമത വിശ്വാസിയായ ഋഷി സുനക് പ്രധാനമന്ത്രിയായത്. പത്തു വര്‍ഷത്തിലധികം കാലം പ്രധാനമന്ത്രിപദത്തിലിരുന്ന ഒമ്പതു പേരെ ഇത്രയും കാലം ഉണ്ടായിട്ടുളളൂ. അവരുടെ ഗണത്തിലേക്ക് ചെറുപ്പക്കാരനായ ഋഷി സുനക് കടന്നുവരുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

ഋഷി സുനക്കിന്റെ പാര്‍ട്ടി യാഥാസ്ഥിക കക്ഷിയാണ്. യാഥാസ്ഥിതിക കക്ഷിയെന്ന പേര് 1830-ഓടുകൂടിയാണ് കൈവന്നതെങ്കിലും രാജാവിനെയും രാജഭരണത്തെയും പിന്താങ്ങുന്ന വിഗ്‌-ടോറി കക്ഷികളുടെ (whigs and tories)പിന്തുടര്‍ച്ചക്കാരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെന്ന് എല്ലാവര്‍ക്കും അറിയാം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുഖ്യ എതിരാളി 19-ാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തില്‍ വമ്പിച്ച ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ലേബര്‍ പാര്‍ട്ടിയാണ്. ലേബര്‍ പാര്‍ട്ടിയുടെ ആശയങ്ങളില്‍നിന്ന് അകലെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനം. രണ്ടാം ലോകമഹായുദ്ധ കാലത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും ലോകപ്രസിദ്ധനുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ലോകയുദ്ധം ജയിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ 1945-ല്‍ യുദ്ധം അവസാനിക്കുന്നതിന് മുമ്പുതന്നെ ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് അധികാരത്തില്‍ വന്ന ലേബര്‍പാര്‍ട്ടിയുടെ പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലിയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നതടക്കം നിരവധി രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന നിയമം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുന്നത് പോലും ശരിയല്ല എന്നുവാദിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇളംതലമുറക്കാരനാണ് ഇന്ത്യന്‍ വംശംജനായ ഋഷി സുനക് എന്ന് ഓര്‍ക്കുന്നത് രസകരമായ കാര്യമാണ്. പക്ഷേ, അതിലേറെ ശ്രദ്ധേയമായ കാര്യം ഒരു യാഥാസ്ഥിതിക കക്ഷിയാണ് ഇംഗ്ലണ്ടിന്റെ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി വെളളക്കാരനല്ലാത്ത, ക്രിസ്തുമത വിശ്വാസിയല്ലാത്ത ഒരാളെ പ്രധാനമന്ത്രിയാക്കിയത് എന്നുകൂടിയാണ്. ഋഷി സുനക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹം നടപ്പിലാക്കാന്‍ പോകുന്നത് നിശ്ചയമായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നയങ്ങളായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 1945-ലെ ആറ്റ്‌ലി സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ഹെല്‍ത് സര്‍വീസ് ലേബര്‍ പാര്‍ട്ടിയുടെ എക്കാലത്തെയും വിജയചിഹ്നമാണ്. ഇന്നതിന് ധാരാളം പരിമിതികളും പോരായ്മകളുമുണ്ട്. പക്ഷേ സാധാരണ ബ്രിട്ടീഷുകാര്‍ എങ്ങനെയാണ് കോവിഡ് കൊണ്ട് തകര്‍ന്ന ബ്രിട്ടീഷ് ജീവിതത്തെ അവിടത്തെ ആരോഗ്യ സംവിധാനങ്ങളെ സുനക് മെച്ചപ്പെടുത്തിയെടുക്കുക എന്ന് സാകൂതം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രതീകമായിരുന്ന, 11 വര്‍ഷക്കാലം ഭരിച്ച മാര്‍ഗരറ്റ് താച്ചറുടെ സ്വകാര്യവത്കരണഭ്രമം ഋഷി സുനക്കിന് ഉണ്ടാകുമോയെന്ന് നിരീക്ഷിക്കേണ്ടതായിട്ടുണ്ട്. 1979-ല്‍ അധികാരത്തില്‍ വന്ന താച്ചറുടെ താച്ചറിസമാണ് ലോകമെമ്പാടും വലതുപക്ഷ ലിബറിസത്തിനും സ്വകാര്യവത്കരണത്തിനും ഇടയാക്കിയത് എന്നും നമുക്കറിയാം. പക്ഷേ അമ്പത് ദിവസമേ ഭരിച്ചുളളൂവെങ്കിലും ലിസ് ട്രസ് കൊണ്ടുവന്ന വന്‍കിട പണക്കാരുടെ നികുതി വെട്ടികുറയ്ക്കലും നികുതിഘടനയില്‍ വരുത്തിയ മാറ്റങ്ങളും അടക്കമുളള സാമ്പത്തികനയങ്ങള്‍ ബ്രിട്ടീഷ് പൗണ്ടിനെ ഡോളറിനേക്കാള്‍ താഴേക്ക് വലിച്ചിട്ടു.

ഡോളറിനേക്കാള്‍ വില കൂടുതലുണ്ടായിരുന്ന പൗണ്ട് ഇന്ന് അതിന്റെ ഏറ്റവും നാണംകെട്ട അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത്. ഇവിടെയാണ് എല്ലാ കണ്ണുകളും ഋഷി സുനക്കില്‍ പതിക്കുന്നത്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ഋഷി സുനക്കിന്റെ കൈയില്‍ എന്തെങ്കിലും മാന്ത്രികവടികളുണ്ടോ എന്ന് ലോകം ശ്രദ്ധിക്കുന്നു. രണ്ടാഴ്ചത്തെ സമയം കൊണ്ടുമാത്രമേ സാമ്പത്തിക നടപടികള്‍ പ്രഖ്യാപിക്കൂ എന്ന് സുനക് നടത്തിയ ആദ്യ പ്രതികരണങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്.

സുനക് അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യക്ക് അതില്‍ നിന്ന് കുറേ പാഠങ്ങള്‍ പഠിക്കാനുണ്ട്.

1801-ലാണ് നമ്മുടെ ലോകസഭയ്ക്ക് സമാനമായ ഹൗസ് ഓഫ് കോമണ്‍സ് ഇംഗ്ലണ്ടില്‍ രൂപീകരിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ, ലോകം ആദരിച്ച ദാദാബായ് നവറോജി ലിബറല്‍ പാര്‍ട്ടിയുടെ അംഗമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിയിരുന്നു. അദ്ദേഹം എഴുതിയ സുപ്രസിദ്ധമായ ഗ്രന്ഥം(Poverty and un-british rule in India (1901))ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പ് ഇന്ത്യ മെച്ചപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത് എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു. കോണ്‍ഗ്രസ് രൂപീകൃതമായതിന്റെ പിറ്റേ വര്‍ഷം മുതല്‍ പല തവണ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായി.

രണ്ടാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ദാദബായി നവറോജി ക്ഷണിക്കപ്പെട്ടിരുന്നു. ആ കാലഘട്ടത്തിലെ പുരോഗമനചിന്തയുടെ വക്താവായിരുന്നു അദ്ദേഹം.ഒരുപക്ഷേ ദാദാബായി നവറോജിക്ക് ശേഷം 20-ാം നൂറ്റാണ്ടും കടന്ന് 21-ാം നൂറ്റാണ്ട് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ഋഷി സുനക്ക് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഇന്ത്യന്‍ വംശംജനായി തീരുന്നത്. ഋഷിക്ക് പുറമേ യു.എസില്‍ വൈസ് പ്രസിഡന്റായിരുന്ന കമലയും മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായ പ്രവിന്ദ് ജഗ്നൗത്തും പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായ അന്റോണിയാ കോസ്റ്റയും ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടാവുന്ന രാഷ്ട്ര നേതാക്കളായി നമ്മുടെ മുന്നിലുണ്ട്.

ഈ പശ്ചാത്തലത്തിലാണ് വെറും ഒന്നര ശതമാനം വരുന്ന ബ്രിട്ടണിലെ ഹിന്ദുമതവിശ്വാസികളില്‍ നിന്നൊരാള്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി മാറുന്നത് എന്ന കാര്യം ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ബ്രിട്ടണിലും യുണൈറ്റഡ് കിങ്ഡം ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി(UKIP)യെ പോലുളള നവവലതുപക്ഷ പാര്‍ട്ടികള്‍ ഏഷ്യന്‍ വംശജര്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരായ വലിയ കോലാഹലം ഉണ്ടാക്കുന്നുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ അവര്‍ക്കിടയിലെ ഏറ്റവും ചെറിയ ന്യൂനപക്ഷത്ത് നിന്ന്, രണ്ടു തലമുറ മുമ്പ് കുടിയേറിയ ഒരു കുടുംബത്തില്‍നിന്ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തു എന്നത് ഇന്ത്യന്‍ ജനാധിപത്യം ശ്രദ്ധിക്കേണ്ട മുഖ്യകാര്യമാണ്. ഇത് സംബന്ധിച്ച് ഇന്ത്യയിലും ചര്‍ച്ച നടന്നു. ഭരണകക്ഷിയായ ബി.ജെ.പിയുടെ നേരെ വിരല്‍ ചൂണ്ടിയത് സ്വാഭാവികം.

ഋഷിയുടെയും അക്ഷതയുടെയും വിവാഹ റിസപ്ഷനില്‍ നിന്ന്. അക്ഷതയുടെ മാതാപിതാക്കളായ നാരായണ മൂര്‍ത്തിക്കും സുധാ മൂര്‍ത്തിക്കുമൊപ്പം ദമ്പതികള്‍.

ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഒരൊറ്റ മുസല്‍മാനും ഇല്ലെന്നുളളത് അവരുടെ നിഗൂഢ സന്തോഷമായി പലപ്പോഴും നാം കാണാറുണ്ട്. മുസ്ലീം സ്ഥാനാര്‍ഥികളെ നിര്‍ത്താതിരിക്കുക എന്ന ബി.ജെ.പിയുടെ നിലപാടിനെ അവര്‍ തന്നെ ഭൂരിപക്ഷ സമുദായത്തിനിടയില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിക്കുന്നുമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ മെജോരിറ്റേറിയനിസം (Majoritariansim)ആയി താഴ്ത്തുകയാണ് ബി.ജെ.പി കുറേക്കാലമായി ചെയ്തുകൊണ്ടിരിക്കുന്നത്. പതിന്നാലു ശതമാനത്തോളം വരുന്ന മുസ്ലീം സമുദായത്തെ വിവിധതരത്തില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ബി.ജെ.പിയുടെ മേന്മയായി ഹിന്ദുമത വിശ്വാസികള്‍ കരുതേണ്ടത് എന്ന മട്ടിലാണ് അവരുടെ പ്രവര്‍ത്തനം.

ഭക്ഷണത്തിന്റെ കാര്യത്തിലും വസ്ത്രത്തിന്റെ കാര്യത്തിലും ന്യൂനപക്ഷങ്ങളെ ഒരു പാഠം പഠിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അത് തങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്നും വീമ്പടിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുളളത്. ഇവിടെയാണ് യാഥാസ്ഥിതിക കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പോലും മാറിച്ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. നാലു രാജ്യങ്ങളിലെ സുപ്രധാനമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ കയറിവരുന്നു എന്നത് തീര്‍ച്ചയായും ഏതൊരു ഇന്ത്യക്കാരനും അഭിമാനകരമായ കാര്യമാണ്.

ഋഷി സുനക് ബ്രിട്ടണിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയില്‍ പെടുന്ന ഒരാളാണ്. ഹൗസ് ഓഫ് കോമണ്‍സിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹവും അദ്ദേഹത്തിന്റെ പത്‌നിയും കൂടിയാല്‍ രാജാവിനേക്കാളും സ്വത്തുണ്ട് എന്ന് ചില മാധ്യമങ്ങള്‍ എഴുതിയത് ശരിയാണെങ്കില്‍, ഋഷി സുനക്ക് ഇന്ത്യന്‍ വംശജനായിരിക്കുമ്പോള്‍ തന്നെ സമ്പന്നരുടെ ഓമനപ്പുത്രന്‍ കൂടിയാണ്. പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ചെറുപ്പക്കാര്‍ക്കാണ് സാധിക്കുക. ഇന്ത്യയില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന പ്രായം പോലും ഋഷി സുനക്കിനില്ല.

അക്ഷതയും ഋഷി സുനക്കും

കോമൺവെൽത്തിനെ പുനർനിർവചിക്കുമോ?

ഈ കോളത്തില്‍ നേരത്തേ എഴുതിയിരുന്നത് പോലെ പഴയ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിനെ പുനര്‍നിര്‍വചനം ചെയ്യാന്‍ ഋഷി സുനക്കിന് സാധിക്കുമോ എന്നത് അദ്ദേഹത്തിന് മുന്നിലുളള ഏറ്റവും വലിയ വെല്ലുവിളിയാണ്. കോമണ്‍വെല്‍ത്തില്‍ ഇപ്പോഴും സൂര്യന്‍ അസ്തമിക്കുന്നില്ല. ഭൂപടത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പരന്നുകിടക്കുന്ന 56 രാജ്യങ്ങളിലായി ഏതാണ്ട് 25 ശതമാനം ജനങ്ങള്‍ താമസിക്കുന്നു. വരിഞ്ഞുകെട്ടിയിട്ടില്ലാത്ത (loose knit) രാഷ്ട്രീയ സംവിധാനമാണ്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് വലിപ്പ ചെറുപ്പമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയണം.കോമണ്‍വെല്‍ത് രാജ്യങ്ങളില്‍ പഠിക്കാനും പണിയെടുക്കാനും നിക്ഷേപം നടത്താനുമുളള മെച്ചപ്പെട്ട സൗകര്യങ്ങള്‍ പുനഃക്രമീകരിക്കാന്‍ മറ്റാരേക്കാളും മുന്‍കൈ എടുക്കാന്‍ കഴിയുക ഋഷി സുനക്കിനായിരിക്കും. അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ ജനിച്ചത് ബ്രിട്ടീഷുകാരുടെ കോളനിയായിരുന്ന ആഫ്രിക്കയിലാണ്(അച്ഛന്‍ കെനിയയിലും അമ്മ ടാന്‍സാനിയയിലും).

സുനക് തന്റെ കന്നിപ്രസംഗത്തില്‍ സൂചിപ്പിച്ചത് പോലെ, കോവിഡും ഉക്രൈന്‍ യുദ്ധവും ഗൗരവമുളള പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഉക്രൈന്‍ യുദ്ധം ഊര്‍ജ പ്രതിസന്ധി ഉണ്ടാക്കിയെന്ന് മാത്രമല്ല, അമേരിക്കയുടെയും ബ്രിട്ടന്റെയും ഏറ്റവും അടുത്ത ചങ്ങാതിയായ സൗദി അറേബ്യയെ പോലും അമേരിക്കയുടെ ശത്രുപക്ഷത്തേക്ക് പതുക്കെ കൊണ്ടെത്തിച്ചിരിക്കുന്നു. ലോകരാഷ്ട്രീയത്തിലെ നിര്‍ണായക സന്ദര്‍ഭമാണ് ഇത്. ഇക്കാര്യത്തില്‍ ചെറിയ രാജ്യമാണെങ്കിലും ബ്രിട്ടണ് നിര്‍ണായക പങ്കുണ്ട്. ഇവിടെയെല്ലാം ഋഷി സുനക്കിന്റെ അറിവും പരിചയവും ചടുലതയും സാമര്‍ഥ്യവും നയതന്ത്ര നീക്കങ്ങളും എങ്ങനെയാണ് നല്ല ഫലങ്ങള്‍ ഉണ്ടാക്കുകയെന്ന് നമുക്ക് കാത്തിരുന്ന് കാണാനേ കഴിയൂ. ഒരു യാഥാസ്ഥിതിക കക്ഷിയുടെ തലവനില്‍നിന്ന് വളരെയൊന്നും പ്രതീക്ഷിക്കുകയുമരുത്.

Content Highlights: Rishi Sunak UK’s new prime minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented