ബഹുമാനപ്പെട്ട ഗവര്‍ണര്‍, താങ്കള്‍ ബി.ജെ.പിയുടെ പ്രതിനിധിയല്ല | വഴിപോക്കന്‍


വഴിപോക്കന്‍

ആനയുടെ മുകളിലിരുന്ന് വഴിയിലൂടെ പോകുന്നവരെ നോക്കുമ്പോള്‍ അവരെല്ലാവരും തന്നേക്കാള്‍ പൊക്കം കുറഞ്ഞവരാണെന്നു തോന്നുന്ന വിഭ്രാന്തിയാണിത്. ഈ വിഭ്രാന്തിയില്‍നിന്ന് മോചിതനാവാന്‍ ഗവര്‍ണര്‍ ഭരണഘടന ശില്‍പിയായ അംബേദ്കറിലേക്ക് തന്നെ തിരിയണം.

ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി

1991-ല്‍ തമിഴ്നാട് ഗവര്‍ണറായിരുന്ന സുര്‍ജിത് സിങ് ബര്‍ണാലയോട് അന്നത്തെ ഡി.എം.കെ. സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വഴങ്ങിയില്ല. ചന്ദ്രശേഖര്‍ സര്‍ക്കാര്‍ ബര്‍ണാലയെ ബീഹാറിലേക്ക് സ്ഥലം മാറ്റി. ബര്‍ണാല ഈ നീക്കത്തോട് പ്രതികരിച്ചത് രാജിയിലൂടെയാണ്. മനഃസാക്ഷിക്ക് നിരക്കാത്ത കാര്യം ചെയ്യാന്‍ തനിക്കാവില്ലെന്നാണ് ബര്‍ണാല ഇതേക്കുറിച്ച് പറഞ്ഞത്. കീശയില്‍ രാജിക്കത്തുമായാണ് താന്‍ രാജ്ഭവനിലെത്തിയതന്നും ബര്‍ണാല പറയുകയുണ്ടായി. സ്വാഭിമാനം കൈവിട്ടുള്ള ഒരു നടപടിക്കും തന്നെ കിട്ടില്ലെന്നും ബര്‍ണാല വെട്ടിത്തുറന്നു പറഞ്ഞു. ഗവര്‍ണറുടെ അഭിമാനം എന്നു പറയുന്നത് ഭരണഘടനയുടെ അഭിമാനമാണ്. ഈ അഭിമാനമാണ് ഇന്നിപ്പോള്‍ നമ്മുടെ രാജ്ഭവനുകളില്‍നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നത്.

ഗവര്‍ണറുടെ പ്രതിബദ്ധത ഇന്ത്യന്‍ ഭരണഘടനയോട് ആയിരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അടിമയായല്ല ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും പറഞ്ഞത് പ്രശസ്ത അഭിഭാഷകനായ സോളി സൊറാബ്ജിയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അപചയത്തിന് വിധേയമായിട്ടുള്ള ഭരണഘടനാ സ്ഥാപനം ഗവര്‍ണറുടേതാണെന്നാണ് സൊറാബ്ജി തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടിയത്. 'The Governor : Sage or Saboteur' (ഗവര്‍ണര്‍: വിജ്ഞാനിയോ അട്ടിമറിക്കാരനോ) എന്ന പേരില്‍ സൊറാബ്ജി എഴുതിയിട്ടുള്ള പുസ്തകം ഗവര്‍ണര്‍മാര്‍ ഇന്ത്യന്‍ ജനാധിപത്യത്തോട് എന്താണ് ചെയ്യുന്നതെന്നതിനെ കുറിച്ചുള്ള ഒന്നാന്തരമൊരു പഠനമാണ്.

ഗവര്‍ണര്‍മാര്‍ കളം വിട്ട് കളിക്കുന്നത് പുതിയ ഏര്‍പ്പാടല്ല. പക്ഷേ, വ്യത്യസ്തമായ പാര്‍ട്ടിയെന്ന അവകാശവാദം നെറ്റിപ്പട്ടം പോലെ കൊണ്ടുനടക്കുന്ന ബി.ജെ.പി. സര്‍ക്കാരിന് കീഴില്‍ ഗവര്‍ണര്‍മാര്‍ കൂടുതല്‍ കൂടുതല്‍ വഷളാവുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ കുറ്റപ്പെടുത്താന്‍ അന്ധരായ ഭക്തര്‍ക്ക് മാത്രമേ കഴിയൂ. മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ കോഷിയാരിയും ബംഗാള്‍ ഗവര്‍ണര്‍ ജഗദിപ് ദങ്കറും സോളി സൊറാബ്ജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും അട്ടിമറിക്കാരെപ്പോലെയാണ് പെരുമാറുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കേരള നിയമസഭയുടെ അടിയന്തര സമ്മേളനം വിളിക്കണമെന്ന കേരള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളഞ്ഞതിലൂടെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും കോഷിയാരിക്കും ദങ്കറിനും പഠിക്കാന്‍ ശ്രമിക്കുകയാണ്.

ഒളിച്ചും പതുങ്ങിയും ഇരുട്ടിന്റെ മറവിലല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത്. കേരള ജനതയാണ് ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ പിന്‍വലിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കേരളത്തിലെ ജനതയുടെ ആഗ്രഹവും അഭിലാഷവുമാണെന്ന് തിരിച്ചറിയാനുള്ള വിവേകം ഗവര്‍ണര്‍ക്ക് ഉണ്ടാവണം.

അതുകൊണ്ടുതന്നെ കേരള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയുമ്പോള്‍ ഗവര്‍ണര്‍ തള്ളിക്കളയുന്നത് കേരളത്തിലെ ജനങ്ങളെതന്നെയാണ്. ഈ വര്‍ഷമാദ്യം പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ ഉയര്‍ത്തിയ വിമര്‍ശം നിയമസഭയില്‍ വായിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തിരുന്നു. ഒടുവില്‍ ഈ നിലപാടില്‍നിന്ന് അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു. നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഈ വിമര്‍ശമടങ്ങിയ ഖണ്ഡിക അദ്ദേഹം വായിക്കുന്നത് കേരള ജനത മറന്നിട്ടില്ല.

നിയമസഭയ്ക്ക് മേല്‍ കുതിര കയറാന്‍ ഗവര്‍ണര്‍ക്ക് ഒരധികാരവുമില്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം അര്‍ത്ഥശങ്കയ്ക്കിടമില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1994-ലെ ബൊമ്മൈ കേസിലും 2015-ല്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള കേസിലും സുപ്രീം കോടതി നല്‍കിയ വിധികള്‍ ഒന്ന് വായിച്ചു നോക്കിയാല്‍ ഇക്കാര്യത്തില്‍ ഒരു ഗവര്‍ണര്‍ക്കും സംശയമം ഉണ്ടാവാനിടയില്ല.

അരുണാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ജെ.പി. രജ്ഖൊവയ്ക്ക് ഭരണഘടനയെക്കുറിച്ച് സുപ്രീം കോടതി നല്‍കിയ ക്ലാസ്സിനെ ഒന്നാന്തരമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. 2016 ജനുവരി 14-ന് ചേരാനിരിക്കുകയായിരുന്ന അരുണാചല്‍ പ്രദേശ് നിയമസഭ 2015 ഡിസംബര്‍ 15-ന് ചേരണമെന്നാണ് ഗവര്‍ണര്‍ ഉത്തരവിട്ടത്.

ഇറ്റാ നഗറിലെ ഒരു ഹോട്ടലിലാണ് ഗവര്‍ണറുടെ ഉത്തരവ് പ്രകാരം നിയമസഭ സമ്മേളിച്ചത്. ഈ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് വിമതനായ കലിഖൊ പുള്‍ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടത്. ഗവര്‍ണറുടെ നടപടി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ഒന്ന് മനസ്സിരുത്തി വായിക്കണം.

തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ ഗറില്ലായുദ്ധം നടത്താന്‍ ഇന്ത്യ ഭരണഘടന ഗവര്‍ണര്‍ക്ക് ഒരു തരത്തിലുള്ള അധികാരവും നല്‍കുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാറിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബഞ്ച് വ്യക്തമാക്കിയത്. ലെജിസ്ലേറ്റിവ് അസംബ്ലിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനല്ല ഗവര്‍ണ്ണര്‍ എന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, മദന്‍ ബി. ലോക്കുര്‍, പി.സി. ഘോസ്, എന്‍.വി. രമണ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് എടുത്തുപറഞ്ഞു.

''നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. നിയമസഭ എപ്പോള്‍ ചേരണമെന്നോ എങ്ങിനെ പ്രവര്‍ത്തിക്കണമെന്നോ നിശ്ചയിക്കേണ്ടത് ഗവര്‍ണറുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ്. ഗവര്‍ണറുടെ കീഴിലല്ല നിയമസഭ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന നിയമസഭയുടെ മേലധികാരിയല്ല ഗവര്‍ണര്‍. സംസ്ഥാന എക്സിക്യൂട്ടിവിനും നിയമസഭയ്ക്കും മേല്‍ അധികാരം കൈയ്യാളുന്ന സ്ഥാപനമായി ഗവര്‍ണറെ കാണാനാവില്ല.''

1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്റ്റിലൂടെയാണ് ബ്രിട്ടീഷുകാര്‍ പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍മാരെ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മീതെ പ്രതിഷ്ഠിച്ചത്. ഈ നിയമത്തിലെ 93-ാം വകുപ്പ് പ്രകാരം അടിയന്തര ഘട്ടങ്ങളില്‍ പ്രാദേശിക ഭരണകൂടത്തിന്റെ അധികാരം കയ്യാളാന്‍ ഗവര്‍ണര്‍ക്കാവുമായിരുന്നു. ഈ നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

പക്ഷെ, സ്വതന്ത്ര ഇന്ത്യയില്‍ ഇതേ നിയമം 356-ാം വകുപ്പിന്റെ രൂപത്തില്‍ ഇന്ത്യയുടെ ഭരണഘടനയില്‍ സ്്ഥാനം പിടിച്ചു. ഭരണഘടനപരമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ആ സര്‍ക്കാരിനെ കേന്ദ്രത്തിന് പിരിച്ചുവിടാം എന്നാണ് 356-ാം വകുപ്പ് അനുശാസിക്കുന്നത്. ഈ വകുപ്പ് ഉപയോഗിച്ചാണ് 1959-ല്‍ നെഹ്രു സര്‍ക്കാര്‍ ഇ.എം.എസ്. മന്ത്രിസഭ പരിച്ചുവിട്ടത്.

നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ എങ്ങിനെയാണ് പിരിച്ചുവിടുക എന്ന ചോദ്യത്തിന് അന്നത്തെ കേരള ഗവര്‍ണര്‍ പറഞ്ഞ മറുപടി രസകരമായിരുന്നു: ''സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം പാസാവേണ്ട കാര്യമില്ല. ഈ സര്‍ക്കാരിന് ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ നഷ്ടപ്പെട്ടതായി എനിക്ക് ബോദ്ധ്യമുണ്ട്.'' കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റ് മാത്രമാണ് താനെന്ന് രാമകൃഷ്ണ റാവു പറയാതെ പറയുകയായിരുന്നു.

1957-ല്‍ ഇ.എം.എസ്. മന്ത്രിസഭ അധികാരമേല്‍ക്കും മുമ്പ് ഗവര്‍ണര്‍ രാമകൃഷ്ണറാവു നിയമസഭയിലേക്കുള്ള ആംഗ്ലൊ ഇന്ത്യന്‍ പ്രതിനിധിയായി ഒരു കോണ്‍ഗ്രസുകാരനെ നാമനിര്‍ദ്ദേശം ചെയ്തതും ഇവിടെ ഓര്‍ക്കേണ്ടതായുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശമനുസരിച്ചാണ് ഇക്കാര്യത്തില്‍ നടപടിയുണ്ടാവേണ്ടതെന്ന് ഇ.എം.എസ്. ചൂണ്ടിക്കാട്ടിയിട്ടും റാവു വഴങ്ങിയില്ല.

ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറുന്നത് യാഥാസ്ഥിതിക കോണ്‍ഗ്രസുകാരനായിരുന്ന റാവുവിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടു കൊല്ലത്തിനപ്പുറത്ത് ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിടുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ റാവുവിന് ഒരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല.

അധികാരത്തിന്റെ ദുരുപയോഗത്തില്‍നിന്ന് നെഹ്രുവിന് പോലും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ സംഭവം നമ്മോട് പറയുന്നു. സുശക്തമായ കേന്ദ്രവും സുദൃഢമായ സംസ്ഥാനങ്ങളും എന്ന കോ ഓപ്പറേറ്റിവ് ഫെഡറലിസമാണ് ഇന്ത്യന്‍ ജനാധിപത്യത്തെ വ്യതിരിക്തമാക്കുന്നത്. പക്ഷേ, ഫെഡറലിസത്തിന്റെ അന്തകരായി ഗവര്‍ണര്‍മാര്‍ മാറുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ഒഡിഷയുടെ പ്രധാനമന്ത്രിയായിരുന്ന (1937-39 സ്വാതന്ത്യത്തിനു മുമ്പ് പ്രാദേശിക ഭരണാധികാരികള്‍ പ്രധാനമന്ത്രി എന്ന പേരാലാണ് അറിയപ്പെട്ടിരുന്നത്) ബിശ്വനാഥ് ദാസ് ഭരണഘന അസംബ്ളിയില്‍ നടത്തിയ പ്രസംഗം വിഖ്യാതമാണ്. ഗവര്‍ണറുടെ പദവിക്കെതിരെ അതിരൂക്ഷമായ വിയോജിപ്പാണ് ദാസ് ഉയര്‍ത്തിയത്.

ഏകാധിപത്യവും ജനാധിപത്യവും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്നും ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ മുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഗവര്‍ണര്‍ വരുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്തയുടെ നിഷേധമാവുമെന്നും ദാസ് പറഞ്ഞു. തന്റെ നേതൃത്വത്തില്‍ ഒഡിഷയില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ നിരന്തരം നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം ഭരണഘടന അസംബ്ലിയെ ഓര്‍മ്മിപ്പിച്ചു.

നെഹ്രുവോ സര്‍ദാര്‍ പട്ടേലോ ഗവര്‍ണറാവുകായാണെങ്കില്‍ പ്രശ്നമില്ലെന്നും എന്നാല്‍ എല്ലാ ഗവര്‍ണര്‍മാരും ഇവരെപ്പോലെ ഉന്നത ജനാധിപത്യ മൂല്യങ്ങള്‍ പുലര്‍ത്തുന്നവരാവില്ലെന്നും ദാസ് മുന്നറിയിപ്പ് നല്‍കി. ''പ്രധാനമന്ത്രിയാണ് ഗവര്‍ണറെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക് നിക്ഷിപ്ത താല്‍പര്യങ്ങളില്ല. പക്ഷേ, ഭാവിയില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ഒരാളാണ് പ്രധാനമന്ത്രിയാവുന്നതെങ്കില്‍ അദ്ദേഹം നിയോഗിക്കുന്ന ഗവര്‍ണര്‍ എങ്ങിനെയാവും പെരുമാറുക? ''

ദാസിന്റെ അഭിപ്രായങ്ങള്‍ ബഹുമാനിച്ചപ്പോഴും നെഹ്രുവും പട്ടേലും അംബേദ്കറും ആത്യന്തികമായി ഗവര്‍ണറുടെ പദവി വേണമെന്ന നിലപാടുകാരായിരുന്നു. ഗാന്ധിജിയും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. ഉന്നത ജനാധിപത്യ മൂല്യങ്ങള്‍ പുലര്‍ത്തുന്നവരായിരിക്കണം ഗവര്‍ണര്‍മാരെന്നും സംസ്ഥാന സര്‍ക്കാരുകളെ ഉപദേശിക്കുന്നതിനും നേര്‍വഴിക്ക് നടത്തുന്നതിനും ഇവരുടെ സാന്നിദ്ധ്യം ആവശ്യമാണെന്നുമാണ് ഗാന്ധിജി പറഞ്ഞത്.

പക്ഷേ, അതൊരു വ്യത്യസ്തമായ കാലമായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തോട് ഗവര്‍ണര്‍മാര്‍ ചെയ്യാന്‍ പോകുന്ന അരുതായ്മകള്‍ കാണാനുള്ള നിര്‍ഭാഗ്യം ഗാന്ധിജിക്കുണ്ടായില്ല. ഇന്നിപ്പോള്‍ ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ അന്ന് ഗവര്‍ണറുടെ പദവിയെ അനുകൂലിച്ചതില്‍ തീര്‍ച്ചയായും ഖേദിക്കുമായിരുന്നു.

ഗവര്‍ണര്‍ പദവിക്കെതിരെ കടുത്ത നിലപാടെടുത്ത ബിശ്വനാഥ് ദാസ് പിന്നീട് ഉത്തര്‍പ്രദേശ് ഗവര്‍ണറായി എന്നതാണ് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം. 1962 മുതല്‍ 67 വരെയായിരുന്നു ദാസ് യു.പി. ഗവര്‍ണറായത്. മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ ഗവര്‍ണറാവാനുള്ള യോഗവും അദ്ദേഹത്തിനുണ്ടായി. പിന്നീട് 1971 മുതല്‍ 72 വരെ ഒഡിഷയുടെ മുഖ്യമന്ത്രിയാവാനുള്ള അവസരവും ദാസിനെ തേടിയെത്തി.

ബംഗാളില്‍ ഗവര്‍ണറായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധി 2007-ല്‍ സിംഗൂര്‍, നന്ദിഗ്രാം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ സി.പി.എം. സര്‍ക്കാരിനെ വിമര്‍ശിക്കുകയുണ്ടായി. സ്വതെ സൗമ്യനും വിവാദങ്ങള്‍ക്ക് ഇടംകൊടുക്കരുതന്നെ് നിഷ്ഠയുള്ളയാളുമായ ഗോപാല്‍കൃഷ്ണ ഗാന്ധി ഇത്തരമൊരു വിമര്‍ശമുന്നയിച്ചത് കാര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ടാണെന്ന് കോണ്‍ഗ്രസിലെ പല നേതാക്കളും അഭിപ്രായപ്പെട്ടു.

പക്ഷേ, അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന്റെ നിലപാട് ഗവര്‍ണര്‍മാര്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ടതില്ല എന്നായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശം ഉന്നയിക്കേണ്ട ചുമതല ഗവര്‍ഉര്‍ക്കില്ല എന്നാണ് മന്‍മോഹന്‍ സൗമ്യമായി ചൂണ്ടിക്കാട്ടിയത്. ഗോപാല്‍കൃഷ്ണ ഗാന്ധിയെ ബംഗാള്‍ ഗവര്‍ണറാക്കും മുമ്പ് മന്‍മോഹന്‍ സിങ് മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയോട് ആലോചിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇത്തരം മര്യാദകളാണ് ജനാധിപത്യത്തില്‍ നമ്മള്‍ ഭരണാധികാരികളില്‍നിന്നു പ്രതീക്ഷിക്കുന്നത്.

ഉണ്ടുകൊണ്ടിരിക്കുമ്പോള്‍ ചിലര്‍ക്ക് ചില ഉള്‍വിളികളുണ്ടാവുന്നതപോലെയാണ് നമ്മുടെ ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചില നേരങ്ങളില്‍ ചില അസ്‌കിതകളുണ്ടാവുന്നത്. ആനപ്പുറത്തിരിക്കുന്നവര്‍ക്കുണ്ടാവുന്ന തെറ്റിദ്ധാരണയാണിത്. ആനയുടെ പൊക്കമാണ് തന്റെ പൊക്കമെന്ന് ചിലപ്പോള്‍ ഇവര്‍ മറന്നുപോകുന്നു. ആനയുടെ മുകളിലിരുന്ന് വഴിയിലൂടെ പോകുന്നവരെ നോക്കുമ്പോള്‍ അവരെല്ലാവരും തന്നേക്കാള്‍ പൊക്കം കുറഞ്ഞവരാണെന്നു തോന്നുന്ന വിഭ്രാന്തിയാണിത്.

ഈ വിഭ്രാന്തിയില്‍നിന്ന് മോചിതനാവാന്‍ അദ്ദേഹം ഭരണഘടന ശില്‍പിയായ അംബേദ്കറിലേക്ക് തന്നെ തിരിയണം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പരിപൂര്‍ണ്ണത അവകാശപ്പെടുന്നില്ലെന്നും ഭരണഘടന നന്നാവുന്നതും മോശമാവുന്നതും അത് കൈകാര്യം ചെയ്യുന്ന ആളുകളെ അനുസരിച്ചിരിക്കുമെന്നുമാണ് അംബേദ്കര്‍ പറഞ്ഞത്. അംബേദ്കറുടെ വാക്കുകള്‍ തീര്‍ക്കുന്ന വെളിച്ചത്തിലൂടെയായിരിക്കട്ടെ ഗവര്‍ണറുടെ തുടര്‍യാത്രകള്‍!

വഴിയില്‍ കേട്ടത്: സിസ്റ്റര്‍ അഭയയുടെ ഘാതകര്‍ക്ക് ജീവപര്യന്തം. 1992-ലാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. അതേ കൊല്ലം തകര്‍ക്കപ്പെട്ട ഒരു പള്ളിയുടെ ആത്മാവ് ഇപ്പോഴും ഇവിടെ അശാന്തമായി അലയുകയാണ്.

Content Highlights: Respected Governor, You are not a representative of BJP | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented