ഹർസിമ്രത് കൗർ ബാദൽ | Photo: PTI
നിറയെ വിവാദങ്ങളാണ് ചുറ്റും. കോവിഡ് തൊട്ട് ജലീല്‍ വരെ. അഞ്ചാണ്ടു മുമ്പത്തെ വില്ലന്മാര് ഇപ്പോള്‍ നായകരാണ്. പഴയ നായകര്‍ വില്ലന്മാരും. ഒപ്പം ചാന്‍സ് തേടി പുതുമുഖങ്ങളുമുണ്ട്. തിരഞ്ഞെടുപ്പ് വരാറായി. തെരുവില്‍ സംഘര്‍ഷമാണ്. ആവശ്യം രാജിയാണ്. അതിനിടെ മറ്റൊരു രാജി നടന്നു. ഇറങ്ങിപ്പോയത് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍.
കൗതുകങ്ങള്‍ തീരുന്നില്ല. കര്‍ഷകര്‍ക്ക് വേണ്ടിയാണ് രാജി. എന്നുവച്ചാല്‍ സിംഹാസനങ്ങളെ പൊള്ളിക്കുകയാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍. മൂന്നു നിയമങ്ങളാണ് വരാന്‍ പോകുന്നത്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് & കോമേഴ്സ് പ്രമോഷന് & ഫെസിലിറ്റേഷന്‍ ബില്‍ ആണ് ആദ്യത്തേത്. ഒപ്പമുണ്ട്, ഫാര്‍മേഴ്സ് എംപവര്‍മെന്റ് & എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് & ഫാം സര്‍വീസസ് ബില്‍. മൂന്നാമത്തേത് എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് അമെന്‍ഡ്മെന്റ് ബില്‍.
പേരു കേട്ടാല്‍ കര്ഷകന് സ്വര്‍ഗീയസുഖം എന്ന തോന്നലുണ്ടാവും. കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് പറയുന്നു രാജ്യമെമ്പാടും കര്‍ഷക സംഘടനകള്‍. കൃഷിയെപ്പറ്റി ആലോചിക്കാത്ത മലയാളിക്ക് വേവലാതി കുറയും. പുറത്തെ കാര്യങ്ങള്‍ അങ്ങനെയല്ല. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യന്‍ സംസ്കാരത്തെ തന്നെ ഇല്ലാതാക്കുന്നവയാണ് നിര്‍ദ്ദിഷ്ട പരിഷ്കാരങ്ങള്‍.
ആദ്യമേ പറയട്ടെ, കൃഷി ഒരു സംസ്ഥാന വിഷയമാണ്. പുതിയ നിയമങ്ങള്‍ അതിനെ മാറ്റിക്കുറിക്കുന്നു. രാജ്യമെമ്പാടും കര്‍ഷകന്റെ നിയന്ത്രണം സര്‍ക്കാരുകള്‍ക്ക് ഇല്ലാതാവുകയാണ്. സ്വകാര്യമേഖലയുടെ അനിയന്ത്രിതമായ കുരുക്കുകളാല്‍ വരിഞ്ഞു മുറുക്കപ്പെടാന് പോവുകയാണ് ഇന്ത്യന്‍ കര്ഷകന്.
മണ്ഡികള്‍ എന്ന ചന്തകളിലാണ് ഉത്തരേന്ത്യയില്‍ പൊതുവേ ഉല്പന്നങ്ങള് സംഭരിക്കപ്പെടുന്നത്. ഓരോ മേഖലയിലേയും ഉല്പന്നങ്ങള് അതത് മണ്ഡികളില്‍ എത്തിക്കും. പ്രദേശത്തിന് അനുസരിച്ചാണ് വില. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി വില നിശ്ചയിക്കും. വില കുറവാണെങ്കിലും കര്ഷകന് താങ്ങുവില ഉറപ്പാവും. അതാണ് ഈ സമ്പ്രദായത്തിലെ നേട്ടം. പുതിയ നിയമം വന്നാല്‍ മണ്ഡികള്‍ ഇല്ലാതാവും.
ആര്‍ക്കും എവിടേയും വില്‍ക്കാം എന്നതാണ് ഈ വിമര്‍ശനത്തിനുള്ള സര്‍ക്കാര്‍ മറുപടി. പുതിയ കാലത്തിന് അനുസരിച്ച് മത്സരിക്കാന്‍ കര്‍ഷകനെ പ്രാപ്തനാക്കും എന്നാണ് വാദം. ഒന്നരപ്പതിറ്റാണ്ട് മുമ്പ് മണ്ഡികള്‍ ഇല്ലാതായ ബിഹാറിലേക്ക് നോക്കിയാല്‍ മതി. കര്‍ഷന്റെ ലാഭചേതങ്ങളെ ശരിക്കും മനസ്സിലാവും. ഗംഗാതടത്തില്‍ മത്സരമല്ല, മരണമാണ് പാടത്ത്. വിലപേശല്‍ ശേഷി തീര്‍ത്തും ഇല്ലാതായ കര്ഷകരാണവിടെ.
കരാര്‍ കൃഷിയുടെ വിളംബരമാവുകയാണ് ഈ കാര്‍ഷിക ബില്ലുകള്‍. കൃഷിയിറക്കും മുമ്പേ ഇനി വില നിശ്ചയിക്കപ്പെടും. സ്വന്തം ഭൂമിയില്‍ എന്ത് കൃഷി ചെയ്യണമെന്ന് കോര്‍പറേറ്റ് വിപണി തീരുമാനിക്കും. ഇപ്പോള്‍ തന്നെ പലയിടത്തും ഇതേ രീതിയുണ്ട്.
ഉദാഹരണത്തിന് കന്യാകുബ്ജത്തിലെ ഉരുളക്കിഴങ്ങ് പാടങ്ങള്‍. റിലയന്‍സ് വിളവിറക്കും മുമ്പേ വില പറയും. ഒന്നിച്ച് വാങ്ങും. കിലോഗ്രാമിന് മൂന്നു മുതല്‍ നാലു രൂപ വരെയാണ് വില. അതേ ഉരുളക്കിഴങ്ങ് പിന്നീട് നാല്പതും അമ്പതും രൂപയ്ക്ക് കര്ഷകന് തിരിച്ചു വാങ്ങേണ്ടി വരും എന്നത് മറ്റൊരു ഗതികേട്.
അവിടെയാണ് അടുത്ത നിയമം. ആര്‍ക്കും എപ്പോഴും വാങ്ങാനും സംഭരിക്കാനും വഴിയൊരുക്കുന്ന വിധമാണ് ഭേദഗതി. അവശ്യവസ്തു നിയമത്തിലെ ഭേദഗതി ഫലത്തില്‍ പൂഴ്ത്തിവയ്പിന് നിയമസാധുത പകരുന്നതായി മാറും.
കേന്ദ്ര ബില്ലിന് എതിരേ പഞ്ചാബ് നിയമസഭ കഴിഞ്ഞ മാസം പ്രമേയം പാസ്സാക്കി. ഹരിയാനയില്‍ പ്രതിഷേധം ശക്തമായി. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ തെരുവില്‍ ഇറങ്ങി. തെലങ്കാനയിലും കര്‍ണാടകത്തിലും കര്‍ഷകര്‍ പ്രതിഷേധിച്ചു.
ഇതിന്റെ തുടര്‍ച്ചയാണ് ഹര്‍സിമ്രത് കൗറിന്റെ രാജി. സുഖ്ബീര്‍ സിംഗ് ബാദലിന്റെ പത്നി വളര്‍ന്നത് ദല്‍ഹിയിലെങ്കിലും പഞ്ചാബി കര്‍ഷകന്റെ വികാരമറിയാം. അകാലികള്‍ക്ക് അധികാരത്തുടര്‍ച്ച സാധ്യമാക്കുന്ന വിധത്തിലുള്ള രാഷ്ട്രീയ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും ഹര്സിമ്രത്താണ്. കര്‍ഷന്റെ കണ്ണീരീരൊപ്പാന് മകളും സഹോദരിയുമായി ഒപ്പമുണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് രാജി.
ബി.ജെ.പിക്ക് അകാലിദള്‍ പിന്തുണ തുടരുക തന്നെ ചെയ്യും. കോണ്‍ഗ്രസ്സിനൊപ്പം നില്ക്കാന് ചരിത്രപരവും രാഷ്ട്രീയവുമായി സാധ്യവുമല്ല. അപ്പോഴും പഞ്ചാബിന്റെ കര്ഷകന് രോഷാകുലനാവുന്നതിനെ അവര്‍ക്ക് കാണാതിരിക്കാനാവില്ല. ഹരിയാനയിലും വികാരം ശക്തമാണ്. ട്രാക്ടറുകള്‍ സമരത്തിന് ഇറക്കി ഇവിടെ കര്‍ഷകര്‍. ദുഷ്യന്ത് ചൗതാലയുടെ കസേരച്ചുവട്ടിലും തീയാളുന്നുണ്ട്.
കാര്‍ഷിക മേഖലയിലാണ് രാജ്യത്തെ ബഹുഭൂരിപക്ഷവും അന്നം തേടുന്നത്. വിതയും ഉഴലും വിളവും ഒക്കത്തന്നെയാണ് ഇന്ത്യന്‍ കാര്‍ഷികോത്സവങ്ങളുടെ കാതല്‍. ആ ഉത്സവങ്ങളിലാണ് പുരാണങ്ങളും ഇതിഹാസങ്ങളും പിറന്നത്. ഇപ്പോള്‍ ചാവുപാടങ്ങളായ ആ ഉഴവുചാലുകളിലാണ് രാമചരിതമാനസും ശ്രീകൃഷ്ണലീലകളും പീലി വിരിച്ചത്. ആ ചെറുകിട കര്‍ഷകരാണ് രാജ്യത്തിന്റെ ആത്മാവ്. വന്‍കിട കര്‍ഷകര്‍ക്ക് വിപണിയും ചെറുകിട കര്‍ഷകര്‍ക്ക് കൃഷിഭൂമി തന്നേയും കൈമോശം വരുന്ന വിധത്തിലാണ് കാര്‍ഷിക നിയമ ഭേദഗതികള്‍.
വരാനിരിക്കുന്നത് തട്ടിപ്പറിയുടെ കാലമാണ്. വന്‍കിട പദ്ധതികള്‍ നടപ്പാക്കിയ ശേഷം മാത്രം പാരിസ്ഥിതികാഘാത പഠനം മതി എന്നാണ് വരാനിരിക്കുന്ന മറ്റൊരു നിയമത്തിന്റെ കാതല്‍. സ്വന്തം മണ്ണില്‍ എന്ത് വിതയ്ക്കണമെന്ന തിട്ടൂരവുമായി കങ്കാണിമാര്‍ വൈകാതെ പാടത്തെത്തും. ആത്മഹത്യയുടേയും കൊലപാതകത്തിന്റേയും ഇടയിലാണ് ഇപ്പോള്‍ തന്നെ കര്ഷകന്. ഒരൊറ്റ രാജ്യം ഒരൊറ്റ വിപണി എന്നത് കര്ഷകന് വേണ്ടിയുള്ള മുദ്രാവാക്യമല്ല. കിലോഗ്രാമിന് അമ്പതു പൈസ തികച്ച് കിട്ടാത്ത ഉള്ളിക്കര്‍ഷകന്റെ കണ്ണീരിന് അധികാരത്തെ അട്ടിമറിക്കാന്‍ കെല്പുണ്ടെന്ന തിരിച്ചറിവിലാണ് കേന്ദ്രഭക്ഷ്യ സംസ്കരണ മന്ത്രിയുടെ രാജി.
പാടത്തുനിന്ന് പറിച്ചെത്തിക്കുന്ന പച്ചക്കറിയുടെ മണമുണ്ട് ചന്തകള്‍ക്ക്. മാളുകളാകട്ടെ, പച്ചക്കറിയുടെ ശവപേടകങ്ങളാണ്. സംഭരണത്തോടൊപ്പം സര്‍ക്കാര്‍ കയ്യൊഴിയുകയാണ് കര്‍ഷകരെ. ശാന്തകുമാര്‍ കമ്മീഷന് റിപ്പോര്‍ട്ട് തള്ളിപ്പറയുന്ന എണ്ണമറ്റ കര്‍ഷകരാണ് ഈ നാടിനെ ഇന്ത്യ ആക്കിയത്. കോവിഡ് കാലത്തെ മറികടക്കുന്നതും ഇതേ കര്‍ഷകന്റെ ചിറകേറിയാണ്. അടിയന്തിരാവസ്ഥയെ തോല്പിച്ചതും സ്വാതന്ത്യത്തിനായി പോരാടിയതും ഇതേ കര്‍ഷകരാണ്. അസംഘടിത കര്‍ഷകന്റെ ആത്മാഭിമാനത്തിനാണ് കോര്‍പറേറ്റ് ഇന്ത്യ ഇപ്പോള്‍ വിലയിടുന്നത്.
1917-ലാണ് ചമ്പാരനില്‍ നീലം സത്യാഗ്രഹം നടന്നത്. കൈവശമുള്ള ഫലഭൂയിഷ്ഠമായ കൃഷിയിടത്തിലെ നിശ്ചിതസ്ഥലത്ത് നീലം കൃഷി ചെയ്യണമെന്ന വ്യവസ്ഥയ്ക്ക് എതിരേ അന്ന് പട്ടിണിക്കോലങ്ങളായ കര്‍ഷകര്‍ സമരം ചെയ്തു. വെള്ളക്കാരില്‍നിന്ന് തിരിച്ചുപിടിച്ചത് കൃഷിഭൂമി മാത്രമല്ല, ഇഷ്ടമുള്ള വിള വിതയ്ക്കാനുള്ള അവകാശം കൂടിയാണ്. 103 കൊല്ലം കഴിഞ്ഞതേയുള്ളൂ. പുതിയ തീര്‍പ്പുകള്‍ പാടത്ത് മുളയ്ക്കുകയാണ്. കര്‍ഷകര്‍ വേരറ്റു നില്‍പ്പാണ്.
Content Highlights:
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..