പ്രാദേശിക ഭാഷ സംസാരിക്കുന്ന സിനിമകള്‍ | ഷോ റീല്‍


എന്‍.പി.മുരളീകൃഷ്ണന്‍.

റു നാട്ടില്‍ നൂറു ഭാഷ എന്നാണല്ലോ മലയാളത്തെക്കുറിച്ച് പറയാറ്. ഏതു ഭാഷയ്ക്കും ബാധകമായ പ്രയോഗവിശേഷണമാണിത്. ഇത്ര ചെറിയൊരു ദേശത്തിലെ ഭാഷ തന്നെ നിരവധിയായ രീതികളില്‍ ഉച്ചരിക്കപ്പെടുന്നു. ഒരു ജില്ലയില്‍ തന്നെ മലയാളഭാഷയുടെ പ്രാദേശിക വകഭേദം ഒന്നിലേറെയാണ്. അങ്ങനെയാണ് ആറു നാട്ടില്‍ നൂറു ഭാഷ രൂപപ്പെടുന്നത്. തിരുവിതാംകൂര്‍ മലയാളവും മധ്യതിരുവിതാംകൂര്‍ മലയാളവും മധ്യകേരളത്തിലെ മലയാളവും ഏറനാടന്‍, വള്ളുവനാടന്‍, കിഴക്കന്‍, മലബാര്‍, വടക്കന്‍ മലബാര്‍ മലയാളങ്ങളുമെല്ലാം തീര്‍ത്തും ഭിന്നമായ വകഭേദങ്ങള്‍ സൂക്ഷിച്ചുപോരുന്നവയാണ്. ഒരു നാട്ടിലെ മലയാളിക്ക് മറ്റൊരു നാട്ടിലെ ഭാഷാവകഭേദങ്ങളും വ്യവഹാരപദങ്ങളില്‍ പലതും വിശദീകരണങ്ങള്‍ കൂടാതെ മനസ്സിലാക്കാനും പ്രയാസമാണ്. ഇങ്ങനെയുള്ള വ്യത്യാസങ്ങള്‍ സൂക്ഷിച്ചുപോരുമ്പാഴാണ് സിനിമയുള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധത്തിലുള്ള ഏകതാന ഭാഷ ഉപയോഗിച്ചു ശീലിക്കാന്‍ നിര്‍ബന്ധിതമാകുന്നത്.

മലയാള സിനിമ അതിന്റെ തുടക്കദശകങ്ങളില്‍ തിരക്കഥയില്‍ എഴുതിവച്ചതു പ്രകാരമുള്ള വടിവൊത്ത ഭാഷാപ്രയോഗങ്ങളും നാടകഭാഷയുടെ സ്വാധീനവും നിലനിര്‍ത്തിയപ്പോള്‍ തനതായ പ്രാദേശിക ഭാഷാവഴക്കങ്ങള്‍ സിനിമ ഒട്ടുംതന്നെ ഉള്‍ക്കൊള്ളുകയുണ്ടായില്ല. അതേസമയം, സിനിമാ നിര്‍മ്മാതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും ഏറിയ പങ്ക് തിരുവിതാംകൂറുകാര്‍ ആയതുകൊണ്ട് തിരുവിതാംകൂര്‍ വഴക്കം സിനിമയില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുകയും അത് ജനപ്രിയധാരയുടെ ഭാഗമായിത്തീരുകയും പിന്തുടരപ്പെടുകയും ചെയ്തു. ആദ്യകാലത്തെ ഭൂരിഭാഗം സിനിമകളിലും പ്രമേയത്തിലുപരി കഥാപശ്ചാത്തലത്തിന് വലിയ പ്രസക്തിയുണ്ടായിരുന്നില്ല. സിനിമ സ്റ്റുഡിയോ ഫ്‌ളോറുകളില്‍ നിന്ന് ഔട്ട്‌ഡോറിലേക്കു വന്നപ്പോഴാണ് പ്രദേശത്തിനും അതുവഴി ഭാഷയ്ക്കും പ്രസക്തി കൈവരുന്നത്. അപ്പോഴും പൂര്‍ണമായി പ്രാദേശികത അവകാശപ്പെടാന്‍ സിനിമയ്ക്ക് ആകുമായിരുന്നില്ല. കഥ എവിടെ നടക്കുന്നതായിരുന്നാലും തിരുവിതാംകൂറില്‍ നിന്നുള്ള കലാകാരന്മാരും ഈ ഭൂരിപക്ഷത്തെ പിന്തുടരുന്ന ഒരു പ്രബല വിഭാഗവും തിരുവിതാംകൂര്‍ ഭാഷാശൈലി ഉപയോഗിച്ചുപോന്നു. തിരുവിതാംകൂര്‍ എന്നതിലുപരി ഈ ഭാഷയ്ക്ക് അച്ചടിമലയാളത്തിന്റെയും വ്യക്ത്യധിഷ്ടിതമായ ഭാഷയുടെയും സ്വാധീനവുമുണ്ടായിരുന്നു. ഈ ഭാഷ അനുശീലിക്കാന്‍ സാധിക്കാതിരുന്ന മലബാറില്‍ നിന്നുള്ള കലാകാരന്മാരാകട്ടെ തങ്ങളുടെ വടക്കന്‍ വാങ്‌മൊഴി പ്രയോഗം പിന്തുടരുകയും ചെയ്തു.

കോട്ടയം, കുട്ടനാട്, വള്ളുവനാട് ഭാഷകള്‍ ഇതിനെ തുടര്‍ന്നാണ് സിനിമയില്‍ ഉപയോഗിക്കപ്പെടുത്തി തുടങ്ങുന്നത്. എം.ടി. വാസുദേവന്‍ നായരെ പോലുള്ളവര്‍ തിരക്കഥാരചനയിലേക്ക് കടക്കുന്നതോടെ വള്ളുവനാടന്‍ ഭാഷ മലയാള സിനിമയിലെ ജനപ്രിയ ധാരയായി. അതേസമയം പത്മരാജന്റെ കഥാപാത്രങ്ങള്‍ ഓണാട്ടുകരയുടെ തനത് മലയാളം സംസാരിക്കുന്നവരായിരുന്നു. ടി ദാമോദരന്റെ കഥാപാത്രങ്ങളില്‍ മലബാര്‍ വഴക്കം പുലര്‍ത്തുന്നവരെ കാണാനായി. എന്നാല്‍ അപ്പോഴൊന്നും ഒരു സിനിമയിലെ കഥാഭൂമികയ്ക്ക് ഉതകും വിധം എല്ലാ കഥാപാത്രങ്ങളും സമാനഭാഷ ഉപയോഗിച്ചു പോന്നിരുന്നില്ല. കഥാപാത്രങ്ങളാകുന്ന നടീനടന്മാര്‍ അവരവരുടെ തനത് സംസാരശൈലി തന്നെയാണ് സിനിമയ്ക്കായി ഉപയോഗിച്ചത്. എന്നാല്‍ക്കൂടി വളളുവനാടന്‍ ഭാഷയ്ക്കും ഭാരതപ്പുഴയുടെ തീരങ്ങള്‍ക്കും പതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ വ്യക്തമായ സാന്നിധ്യമറിയിക്കാനായി. ഈ ജനപ്രിയ ഈ ഭാഷാശൈലിയെയും ഭൂമികയെയും പുറമേ നിന്നുള്ള സിനിമാപ്രവര്‍ത്തകര്‍ക്കു കൂടി പിന്തുടരേണ്ടി വന്നതോടെ കുടുംബകഥകളും തറവാട്ടു സിനിമകളും ഉത്സവാചാരങ്ങളും വള്ളുവനാടന്‍ ഭാഷയെ ചുറ്റിപ്പറ്റി നിലകൊണ്ടു. സിനിമയിലെ ഗ്രാമ്യഭാഷയെന്നാല്‍ ഏറെക്കുറെ വള്ളുവനാടന്‍ ഭാഷ തന്നെയായി മാറി. ഒരേ താളവും വഴക്കവും തുടര്‍ച്ചയും സൂക്ഷിച്ചുപോരുന്ന ഈ ശൈലി 1980-കളിലെയും 90-കളിലെയും സിനിമകളില്‍ ധാരാളമായി കാണാനാകും.

പോയ പതിറ്റാണ്ടില്‍ മലയാള സിനിമ കുറേക്കൂടി റിയലസ്റ്റിക്ക് പരിസരം പ്രയോജനപ്പെടുത്താന്‍ ശീലമാക്കിയതോടെയാണ് അതത് പ്രദേശത്തെ ഭാഷയ്ക്ക് സവിശേഷ പ്രാധാന്യം കൈവരുന്നത്. 2010-ല്‍ തുടങ്ങുന്ന പതിറ്റാണ്ടില്‍ ന്യൂജനറേഷന്‍ സിനിമകളുടെ പുതിയൊരു ഘട്ടം ഉടലെടുക്കുന്നതോടെ നഗരകേന്ദ്രീകൃതമായ ജീവിതവും ഭാഷാശൈലികളും ന്യൂജന്‍ വ്യവഹാര പദങ്ങളും സിനിമ സവിശേഷ പ്രാധാന്യത്തോടെ പ്രയോജനപ്പെടുത്താന്‍ തുടങ്ങി. പുതിയ കാലത്തെ ചെറുപ്പക്കാര്‍ ഏറ്റവും 'ട്രെന്‍ഡി' ആയ പദപ്രപയോഗങ്ങളിലൂടെയാണ് സംസാരിക്കുന്നത്. ഇതാണ് സിനിമ ഉപയോഗപ്പെടുത്തിയതും. ശ്യാമപ്രസാദിന്റെ ഋതു, രാജേഷ് പിള്ളയുടെ ട്രാഫിക്ക്, സമീര്‍ താഹിറിന്റെ ചാപ്പാകുരിശ്, ആഷിഖ് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍, അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ നോര്‍ത്ത് 24 കാതം, ജീന്‍പോള്‍ ലാലിന്റെ ഹണീബി, പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ സിനിമകള്‍ ഇവ്വിധം നഗരകേന്ദ്രീകൃതമായ ജീവിതത്തെയും മാറുന്ന തൊഴിലിടങ്ങളെയും ന്യൂജന്‍ ഭാഷാശൈലികളെയും ഉപയോഗപ്പെടുത്തിയ സിനിമകളായിരുന്നു. പത്മരാജന്‍ സിനിമകളിലെ കഥാപാത്രങ്ങളുടെ ഭാഷ ഇത്തരുണത്തില്‍ പരാമര്‍ശവിധേയമാണ്. ബന്ധങ്ങളുടെ ഇഴയടുപ്പവും പ്രാദേശികതയും സാധാരണക്കാരായ കഥാപാത്രങ്ങളുമെല്ലാം ആവിഷ്‌കരിക്കുമ്പോള്‍ തന്നെയും അവയില്‍ ചില കഥാപാത്രങ്ങളെങ്കിലും നിലനില്‍ക്കുന്ന ഏറ്റവും പുതിയ ഭാഷ സംസാരിക്കുന്നവരായിരുന്നുവെന്നു കാണാം. ദേശാനക്കിളി കരയാറില്ല എന്ന സിനിമയില്‍ ശാരിയും കാര്‍ത്തികയും തമ്മിലുള്ള സംഭാഷണങ്ങള്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സുഹൃത്തുക്കളുടെ യാത്രാമാര്‍ഗേയുള്ള സംഭാഷണങ്ങള്‍, മൂന്നാംപക്കത്തിലെ യൗവ്വനയുക്തരായ കഥാപാത്രങ്ങളുടെ സംസാരങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന് ദൃഷ്ടാന്തമാണ്.

2010-ല്‍ തുടങ്ങുന്ന പതിറ്റാണ്ടിലെ ന്യൂജന്‍ സിനിമകള്‍ പ്രമേയത്തിലെ കാമ്പില്ലായ്മയും ആവര്‍ത്തനങ്ങളും കൊണ്ട് പെട്ടെന്ന് വിരസമാകുകയാണുണ്ടായത്. ഈ മടുപ്പില്‍ നിന്നാണ് ആ പതിറ്റാണ്ടിന്റെ പകുതിക്കു ശേഷം സിനിമ വീണ്ടും ഗ്രാമങ്ങളിലേക്കും പ്രാദേശികതയിലേക്കും തിരിച്ചുപോകുന്നത്. ഇത്തരത്തില്‍ സിനിമയിലെ പ്രദേശങ്ങള്‍ക്ക് സവിശേഷ പ്രാധാന്യം കൈവരുന്നതോടെയാണ് കഥാപാത്രങ്ങള്‍ ആ പ്രദേശത്തെ ഭാഷ സംസാരിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. സിനിമയില്‍ പ്രദേശത്തിന് വ്യക്തമായ മേല്‍വിലാസം വരുന്നതോടെ ആ പ്രദേശത്തെ പ്രാദേശിക ഭാഷ തിരക്കഥയില്‍ സിനിമയില്‍ ഉപയോഗിക്കേണ്ടിയും സ്വാഭാവികമായും കഥാപാത്രങ്ങള്‍ക്ക് ആ ഭാഷ സംസാരിക്കേണ്ടിയും വരും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വന്ന ഭൂരിഭാഗം സിനിമകളും ഇവ്വിധം പ്രാദേശികമായി സംസാരിക്കുന്നവയാണെന്നു കാണാം. ഈ രീതി മലയാളത്തിലെ ഏറ്റവും പുതിയ സിനിമകളായ ഖാലിദ് റഹ്‌മാന്റെ 'തല്ലുമാല'-, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ 'ന്നാ താന്‍ കേസ് കൊട്' എന്നിവയില്‍ എത്തിനില്‍ക്കുന്നു.

'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ നായകനും സഹകഥാപാത്രങ്ങളും കാസര്‍കോടന്‍ ഭാഷയാണ് പിന്തുടരുന്നത്. ഒരു കുഞ്ചാക്കോ ബോബന്‍ കഥാപാത്രം 25 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്ര സമ്പൂര്‍ണമായി ഒരു പ്രാദേശിക ഭാഷ സംസാരിക്കുന്നത്. ഈ മാറ്റം പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് സിനിമ പ്രാദേശികതയെ പിന്തുടരുന്ന നടപ്പുകാലത്തെ മറ്റ് താരങ്ങളെല്ലാം. 'തല്ലുമാല'യിലെ നായകനും ഉപകഥാപാത്രങ്ങളും സംസാരിക്കുന്നത് തൃശ്ശൂര്‍-മലപ്പുറം അതിര്‍ത്തിപ്രദേശങ്ങളായ പൊന്നാനി, വടക്കേകാട്, പുന്നയൂര്‍ക്കുളം, ചാവക്കാട് പ്രദേശങ്ങളിലെ, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഭാഷയാണ്. ഈ സവിശേഷ ഭാഷാപ്രയോഗം സിനിമയുടെ ആസ്വാദനത്തിനാകെ നൂതനത കൈവരുത്താന്‍ പോന്നതാണ്. 'ന്നാ താന്‍ കേസ് കൊട്' കേരളത്തില്‍ എവിടെ വേണമെങ്കിലും നടക്കാവുന്ന സാമൂഹികപ്രസക്തിയുള്ള കഥയാണ്. പക്ഷേ കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയാണ് സിനിമ പശ്ചാത്തലമാക്കുന്നത്. അതുകൊണ്ട് സ്വാഭാവികമായും കഥാപാത്രങ്ങള്‍ക്ക് അവിടത്തെ പ്രാദേശികവഴക്കം പിന്തുടരേണ്ടിവരുന്നു. വണ്ടി ഇടിക്കാന്‍ വരുന്നതിന് 'ഓട്ടോ കുത്താന്‍ വന്നു' എന്നാണ് ഈ സിനിമയില്‍ പറയുന്നത്. കുത്താന്‍ വരുന്നുവെന്ന പ്രയോഗം ഇതരജില്ലക്കാര്‍ക്ക് പുതിയ പ്രയോഗമായി അനുഭവപ്പെട്ടേക്കാം. പക്ഷേ സിനിമയുടെ കഥാപശ്ചാത്തലവുമായി ഇഴുകിച്ചേരുമ്പോള്‍ ഈ ഭാഷ അവര്‍ക്ക് എളുപ്പം പിന്തുടരാനാകുന്നു.സിനിമയില്‍ ഇത്തരത്തില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കുമ്പോള്‍ 'സംഭാഷണം മനസ്സിലാകുന്നില്ല'എന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. ഇത് സിനിമ പതിറ്റാണ്ടുകളായി ശീലിച്ചുപോന്ന ഏകതാന ഭാഷാശൈലി എളുപ്പം കൈവിടുന്നതിലുള്ള പ്രയാസമാണ്. എന്നാല്‍ സിനിമ പ്രാദേശികമായി സംസാരിക്കുമ്പോള്‍ ക്രാഫ്റ്റിന് കൂടുതല്‍ സുവ്യക്തത കൈവരികയാണ് ചെയ്യുന്നത്.

നേരത്തെ ഒരു സിനിമയിലെ ചില കഥാപാത്രങ്ങളെ മാത്രം സവിശേഷമായ പ്രാദേശികവഴക്കമോ സംസാരശൈലിയോ ഉള്‍ക്കൊള്ളുന്നവരായി രൂപപ്പെടുത്തി അവതരിപ്പിക്കുന്ന പതിവ് പ്രബലമായിരുന്നു. ഇത് പ്രധാന കഥാപാത്രത്തിന്റെ ഭാഷാപരമായ പ്രത്യേകത കൊണ്ട് സിനിമയ്ക്ക് ലഭിച്ചേക്കാവുന്ന ആകെ ശ്രദ്ധയെ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ്. കോട്ടയം കുഞ്ഞച്ചന്‍, സംഘം, ഒരു മറവത്തൂര്‍ കനവ്, രാജമാണിക്യം, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിലെ മമ്മൂട്ടി, ഓര്‍ഡിനറിയിലെ ബിജുമേനോന്‍, ഉത്സാഹകമ്മിറ്റിയിലെ ജയറാം തുടങ്ങിയ നായക കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ ഭാഷകൊണ്ട് ശ്രദ്ധ നേടുന്നവരാണ്. അതേസമയം, ഈ സിനിമകളിലെ കഥാപാത്രങ്ങളില്‍ പലരും കഥാപശ്ചാത്തലവുമായി ബന്ധപ്പെട്ട ഏതെങ്കിലും സവിശേഷ പ്രാദേശിക വഴക്കം പിന്തുടരുന്നവരല്ലെന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രമാകുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിലെ പ്രധാന കഥാപാത്രങ്ങളെല്ലാം കഥാപശ്ചാത്തലമായ തൃശ്ശൂര്‍ ഭാഷ ഉപയോഗിക്കുന്നവരാണ്. അങ്ങനെ പ്രാഞ്ചിയേട്ടന്‍ ഒരു സമ്പൂര്‍ണ തൃശ്ശൂര്‍ പടമായി മാറുന്നു.

രഞ്ജിത് ശങ്കറിന്റെ പുണ്യാളന്‍ അഗര്‍ബത്തീസ് സീരീസിലെ കഥാപാത്രങ്ങളെയെല്ലാം തൃശ്ശൂര്‍ ഭാഷാവഴക്കം പിന്തുടരുന്നവരായിട്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഡി കമ്പനി, തൃശ്ശിവപേരൂര്‍ ക്ലിപ്തം, വര്‍ണ്യത്തില്‍ ആശങ്ക, മത്തായി കുഴപ്പക്കാരനല്ല, ജമ്‌നാപ്യാരി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, തൃശ്ശൂര്‍ പൂരം തുടങ്ങിയവ അടുത്തിടെ തൃശ്ശൂര്‍ ഭാഷയെയും പ്രദേശത്തെയും ഉപയോഗപ്പെടുത്തിയിട്ടുള്ള സിനിമകളാണ്. തൃശ്ശൂരാണ് ഈയടുത്ത് കൂടുതലായി മലയാള സിനിമകള്‍ക്ക് പ്രാദേശിക പശ്ചാത്തലമായിട്ടുള്ളതെന്നും കാണാം. തൃശ്ശൂര്‍ ഭാഷ മികച്ച രീതിയില്‍ സംഭാഷണത്തില്‍ വരുത്താന്‍ സാധിച്ചിട്ടുള്ളവരാണ് മമ്മൂട്ടിയും ജയസൂര്യയുമെല്ലാം. പ്രാദേശികമായ വഴക്കങ്ങള്‍ ഡബ്ബിംഗില്‍ പൂര്‍ണത കൊണ്ടുവരുന്നതില്‍ മലയാളത്തില്‍ മറ്റേതൊരു നടനെക്കാളും മുന്‍പന്തിയിലുള്ളത് മമ്മൂട്ടിയാണ്. നിരവധി സിനിമകളില്‍ കേരളത്തിലെ ഒട്ടുമിക്ക പ്രാദേശിക വഴക്കങ്ങളും പിഴവുകളില്ലാതെ ഫലപ്രദമായി മമ്മൂട്ടി പ്രയോഗിച്ചിട്ടുണ്ട്. ഈയൊരു കൈയടക്കം മറ്റു അഭിനേതാക്കളില്‍ അത്രകണ്ട് മികവുറ്റതായി കാണാനാകില്ല. ജയസൂര്യയാണ് ഇക്കാര്യത്തില്‍ മികവു കാണിക്കാറുള്ള മറ്റൊരു നായകതാരം. തൃശ്ശൂര്‍, എറണാകുളം ഭാഷകള്‍ നിരവധി സിനിമകളില്‍ ഉപയോഗിച്ചിട്ടുള്ള താരം ക്യാപ്റ്റന്‍, വെള്ളം പോലുള്ള സിനിമകളില്‍ കണ്ണൂര്‍ ഭാഷയും ജനപ്രിയന്‍ പോലുള്ള സിനിമകളില്‍ ഇടുക്കിക്കാരന്റെ വേഗവും ഒഴുക്കും വഴക്കത്തോടെ കൈകാര്യം ചെയ്യുന്നതു കാണാം.

മിക്ക അഭിനേതാക്കളും തങ്ങളുടെ സ്വാഭാവിക സംസാര ശൈലിയില്‍ നിന്നുകൊണ്ട് കഥാപാത്രത്തിനു വേണ്ടി ഒരു പരിധി വരെയുള്ള ഡബ്ബിംഗ് പരീക്ഷണം നടത്തുക മാത്രമാണ് ചെയ്യാറ്. ഇത് പലപ്പോഴും കഥാപാത്രങ്ങളുടെ പൂര്‍ണതയെ ബാധിക്കാറുമുണ്ട്. റഫീഖ് ഇബ്രാഹിന്റെ പടയോട്ടത്തില്‍ ബിജുമേനോനും ഫാന്റം പ്രവീണിന്റെ ഉദാഹരണം സുജാതയില്‍ മഞ്ജുവാര്യരും മാലിക്കില്‍ ഫഹദ് ഫാസിലും വിനയ് ഫോര്‍ട്ടും അടക്കമുള്ളവരും തിരുവനന്തപുരം ഭാഷയെ ഫലപ്രദമായി പ്രയോഗിക്കാന്‍ സാധിക്കാതെ പിന്നോട്ടു പോകുന്നത് കാണാനാകും. ഒരേ പ്രാദേശിക വഴക്കം ശീലിച്ച ചില നടീനടന്മാര്‍ ഇത് മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുന്നതും കാണാം. പ്രാദേശിക സംസാരശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട പപ്പുവിനും മാമുക്കോയയ്ക്കുമെല്ലാം കരിയറില്‍ അപൂര്‍വ്വമായെങ്കിലും ചില കഥാപാത്രങ്ങളില്‍ ഈ പ്രാദേശികത ബാധ്യതയായിട്ടുണ്ട്. ഈ തലമുറയില്‍ ഇതേ തനത് ഭാഷാ പ്രശ്‌നം ചില കഥാപാത്രങ്ങളിലെങ്കിലും നേരിടുന്നവരാണ് വിനായകനെയും സൗബിന്‍ ഷാഹിറിനെയും വിനയ് ഫോര്‍ട്ടിനെയും ചെമ്പന്‍ വിനോദിനെയും ആന്റണി വര്‍ഗീസിനെയും ഷെയ്ന്‍ നിഗത്തെയും പോലുള്ളവര്‍.

സിനിമ പ്രാദേശികതയിലേക്ക് നീങ്ങിയ നടപ്പുകാലത്ത് സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയയാണ് മലപ്പുറം ഭാഷയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയ സമീപകാല ചിത്രം. തല്ലുമാലയില്‍ മലപ്പുറത്തിന്റെ തൃശ്ശൂര്‍ അതിര്‍ത്തിയിലെ ഭാഷ ഉപയോഗപ്പെടുത്തുമ്പോള്‍ ഏറെക്കുറെ മലപ്പുറത്തിന്റെ ഹൃദയഭാഷയിലാണ് സുഡാനിയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഈ പ്രാദേശികത ഉള്‍ക്കൊണ്ട് പെരുമാറുന്നവരാണെന്നതാണ് ശ്രദ്ധേയം. മുഹ്‌സിന്‍ പരാരിയുടെ കെഎല്‍ 10 ആണ് മലപ്പുറം വാങ്‌മൊഴിയെ പ്രയോജനപ്പെടുത്തുന്ന മറ്റൊരു ചിത്രം. അതേസമയം പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം പോലുള്ള സിനിമകള്‍ അതിശയോക്തിപരമായ രീതിയിലാണ് മലപ്പുറം ഭാഷയെ കൈകാര്യം ചെയ്യുന്നത്.

മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങള്‍ പശ്ചാത്തലമാക്കിയുള്ള സിനിമകളെല്ലാം ഏറെക്കുറെ ഒരേ ഭാഷ പിന്തുടരുന്നവയാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത വഴക്കമാണ് ഭാഷയ്‌ക്കെങ്കിലും ഈ സിനിമകളെല്ലാം സംസാരിക്കുന്നത് ഏറെക്കുറെ ഒരേ ഭാഷയാണെന്നു കാണാം. ടിഎസ് സുരേഷ്ബാബുവിന്റെ കോട്ടയം കുഞ്ഞച്ചന്റെ വന്‍വിജയം ഈ സംസാരശൈലി ജനപ്രിയമാക്കുന്നതിലും പിന്തുടരുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടര്‍ന്നുവന്ന സംഘം, ലേലം, ഒരു മറവത്തൂര്‍ കനവ്, വാഴുന്നോര്‍, ചതുരംഗം, നസ്രാണി, താന്തോന്നി, കടുവ തുടങ്ങിയ കോട്ടയം ക്രൈസ്തവ സിനിമകളിലെ കഥാപാത്രങ്ങള്‍ ഈ ശൈലി നിലനിര്‍ത്തുന്നവയാണ്.

കടലോര ഭാഷയാണ് ഇതേപടി തെറ്റിദ്ധരിച്ച് മലയാള സിനിമ ഉപയോഗിച്ചുപോരുന്ന മറ്റൊരു വകഭേദം. അതത് പ്രദേശത്തെ പ്രാദേശിക വഴക്കവുമായി ബന്ധപ്പെടുത്തിയാണ് തീരദേശത്ത് ആളുകള്‍ സംസാരിക്കുന്നത്. തിരുവനന്തപുരത്തെ പൊഴിയൂരിലെയും അഞ്ചുതെങ്ങിലെയും കടലോര ദേശക്കാര്‍ സംസാരിക്കുന്ന ഭാഷയില്‍ വ്യത്യാസമുണ്ട്. ഇങ്ങനെ ഓരോ ജില്ലയിലെയും അങ്ങേയറ്റവും ഇങ്ങേയറ്റവും തമ്മില്‍ ഭാഷാ വ്യത്യാസമുണ്ട്. എന്നാല്‍ സിനിമ ഇത് ഏറെക്കുറെ ഒറ്റ വഴക്കമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. ഭരതന്റെ അമരം പോലെ വലിയ സ്വാധീനമുണ്ടാക്കിയ സിനിമയിലെ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ തുടര്‍ന്ന് കടല്‍ പശ്ചാത്തലമായ എല്ലാ സിനിമകളും ഉപയോഗിക്കുന്നതു കാണാം. യഥാര്‍ഥത്തില്‍ സിനിമയ്ക്കു വേണ്ടി സൃഷ്ടിച്ച ഈ ഭാഷ ഏതെങ്കിലുമൊരു പ്രദേശത്തിന്റെ തനത് ഭാഷയല്ല. എന്നാല്‍ ഇതാണ് കടലോരങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയെന്ന് തെറ്റിദ്ധരിക്കപ്പെട്ട് പില്‍ക്കാല സിനിമകളെല്ലാം ഉപയോഗിച്ചുവന്നത്.

സിനിമയിലെ പ്രാദേശിക ഭാഷാവഴക്കങ്ങളോട് കാണികള്‍ പ്രതിപത്തി കാട്ടിത്തുടങ്ങിയത് ഈയടുത്ത കാലത്താണ്. നേരത്തെ ഒരേ മാതൃകയില്‍ എഴുതിവച്ച ഡയലോഗുകള്‍ പറയുന്നതായിരുന്നു രീതിയെങ്കില്‍ ഇപ്പോള്‍ കഥാപശ്ചാത്തലമായ പ്രദേശത്തെ വ്യവഹാരഭാഷ തന്നെ സംഭാഷണമായി എഴുതാന്‍ നിര്‍ബന്ധിതമാകുന്നു. ഇടക്കാലത്ത് സിനിമ കൊച്ചി കേന്ദ്രീകരിച്ചായിരുന്നു. അപ്പോള്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടുന്ന പ്രദേശത്തെ ഭാഷ പ്രേക്ഷകര്‍ക്ക് പരിചിതമായി. അവിടെനിന്ന് ഇടുക്കി ഹൈറേഞ്ചിലേക്ക് പോയപ്പോള്‍ ആ പ്രാദേശിക വഴക്കവും സിനിമയിലേക്ക് കടന്നുവന്നു. മഹേഷിന്റെ പ്രതികാരവും വെള്ളിമൂങ്ങയും പോലെയുള്ള സിനിമകള്‍ ഈ വഴക്കം ജനകീയമാക്കിയവയാണ്. ഒരു പ്രദേശത്തിന്റെ മാത്രം കഥ പറയുമ്പോള്‍ കഥാപാത്രങ്ങളെല്ലാം ആ ദേശത്തിന്റെ തനത് ഭാഷ സംസാരിക്കേണ്ടി വരും. എല്ലാവരുടെയും സംസാരം ഒരുപോലെയായിരിക്കണം. പഴയ ഗ്രാമീണ സിനിമകള്‍ ഈ നിബന്ധന വച്ചുപുലര്‍ത്തുന്നില്ലെന്നു വേണം കാണാന്‍. ഇക്കാര്യത്തില്‍ പുതിയ സിനിമകള്‍ കുറേക്കൂടി നിഷ്‌കര്‍ഷ പുലര്‍ത്തുന്നുണ്ട്.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം പ്രാദേശിക വഴക്കങ്ങള്‍ക്കു പുറമേ ഞാന്‍ സ്റ്റീവ് ലോപ്പസ്, പടയോട്ടം, ഉദാഹരണം സുജാത, മാലിക്ക് തുടങ്ങിയ സിനിമകള്‍ തിരുവനന്തപുരം പശ്ചാത്തലമാക്കിയപ്പോള്‍ ഈട, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, തിങ്കളാഴ്ച നിശ്ചയം, ന്നാ താന്‍ കേസ് കൊട് പോലുള്ള സിനിമകള്‍ വടക്കന്‍ മലബാറിന്റെ ഭാഷയ്ക്ക് വ്യക്തമായ മേല്‍വിലാസം നല്‍കുകയായിരുന്നു. മലയാള സിനിമ അധികം ഉപയോഗിപ്പെടുത്തിയിട്ടില്ലാത്ത പാലക്കാടന്‍ ഭാഷാപശ്ചാത്തലത്തിലാണ് അന്‍വര്‍ സാദിഖിന്റെ 'മനോഹരം' ഒരുക്കിയിരിക്കുന്നത്. ഷാനവാസ് കെ ബാവക്കുട്ടിയുടെ 'കിസ്മത്ത്' പൊന്നാനി പശ്ചാത്തലത്തിലും. നേരത്തെ വടക്കന്‍ മലബാറിലെ തെയ്യം ഉള്‍പ്പെടെയുള്ള കലാരൂപങ്ങളെ കേന്ദ്രമാക്കിയുള്ള പുലിജന്മം, ചായില്യം ഉള്‍പ്പെടെയുള്ള സമാന്തര സിനിമകള്‍ പ്രാദേശികതയെയും ഭാഷയെയും പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും സിനിമ ഭാഷയുടെ പേരില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടു തുടങ്ങുന്നത് ഈയടുത്താണ്. ഒരു കാഞ്ഞങ്ങാടന്‍ സിനിമ എന്നാണ് സെന്ന ഹെഗ്‌ഡേയുടെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ബ്രാന്‍ഡ് ചെയ്യപ്പെട്ടതു തന്നെ. മലബാറിന്റെ ഭാഷ സംസാരിക്കുന്നവയാണ് ജിയോ ബേബി സിനിമകളായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, മുസ്തഫയുടെ കപ്പേള, ഷഹാദ് നിലമ്പൂരിന്റെ പ്രകാശന്‍ പറക്കട്ടെ തുടങ്ങിയവ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ അങ്കമാലി ഉള്‍ക്കൊള്ളുന്ന പ്രാദേശിക വ്യവഹാരഭാഷയെയാണ് ഉപയോഗപ്പെടുത്തുന്നത്.

സമകാലീന സിനിമ പ്രാദേശിക ഭാഷ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നെങ്കില്‍ കൂടി അതിന്റെ ബലം പൂര്‍ണമായി കാഴ്ചയുടെ വിതാനത്തില്‍ ഗുണപരമായി കൈവരുന്ന സിനിമകള്‍ തുലോം കുറവാണെന്നു കൂടി ഇതിനോടു ചേര്‍ത്തുവായിക്കണം. സുഡാനി ഫ്രം നൈജീരിയ, മഹേഷിന്റെ പ്രതികാരം, ന്നാ താന്‍ കേസ് കൊട് പോലെ അപൂര്‍വ്വം സിനിമകള്‍ മാത്രമാണ് ഭാഷയ്‌ക്കൊപ്പം പ്രദേശത്തെ കൂടി അടയാളപ്പെടുത്തി ഒരു മികച്ച അനുഭവതലം സൃഷ്ടിക്കുന്ന തരത്തില്‍ വളര്‍ച്ച പ്രാപിക്കുന്നത്. ഈ ഗണത്തില്‍ വരുന്ന പല സിനിമകളും കേവലം ഭാഷ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ആസ്വാദക ശ്രദ്ധയെ ചൂഷണം ചെയ്യാന്‍ ബോധപൂര്‍വ്വം നിര്‍മ്മിക്കപ്പെടുന്നവയാണെന്നും കാണാവുന്നതാണ്.

Content Highlights: regional dialects and malayalam movies, show reel column by np muraleekrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented