ഇനി ചൈനയെ ആശ്രയിക്കില്ല, ജപ്പാന്‍ ആഴക്കടല്‍ ഖനനത്തിന്; ഇന്ത്യയുടെ പങ്കും നിര്‍ണായകം


അരുണ്‍ മധുസൂദനന്‍Premium

മിനാമി തോരിഷിമ ദ്വീപ്‌ | Photo: Twitter/DX World.net

മേരിക്കയെ പിന്തള്ളി ഏറ്റവും വലിയ ലോകസാമ്പത്തിക ശക്തിയാവാന്‍ അഭിലാഷമുള്ള ചൈന, കരയിലും കടലിലുമായി 17 രാജ്യങ്ങളുമായാണ് സംഘര്‍ഷഭൂമിക സൃഷ്ടിച്ചിട്ടുള്ളത്‌. ഭൂപ്രദേശത്തിന് മുകളിലുള്ള അവകാശവാദമുന്നയിക്കുന്നത് സൈനിക ശക്തിയെന്ന നിലയിലെ വിപുലീകരണത്തിനെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും അതില്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. പ്രതിവര്‍ഷം അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ വാണിജ്യ ചരക്കുനീക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലില്‍ തയ്​വാൻ, വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചൈനയും അവകാശവാദം ഉന്നയിക്കുന്നത് മേഖലയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു. കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ച് സൈനിക താവളങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ നോട്ടം പ്രദേശത്തെ എണ്ണ- പ്രകൃതി വാതക നിക്ഷേപത്തിലാണ്.

സമാനമായി ജപ്പാനുമായി ചൈന നിരന്തര തര്‍ക്കത്തിലുള്ള പ്രദേശമാണ് കിഴക്കന്‍ ചൈന കടല്‍. മേഖലയിലെ തര്‍ക്കപരിഹാരത്തിനായി ഫെബ്രുവരി ആദ്യവാരവും ചൈന- ജപ്പാന്‍ വിദേശകാര്യമന്ത്രിതല ചര്‍ച്ച നടന്നു. ദക്ഷിണ ചൈന കടലിലെന്നപോലെ കിഴക്കന്‍ ചൈന കടലിലും ചൈന സമ്പൂര്‍ണ്ണ ആധിപത്യം അവകാശപ്പെടുന്നു. എന്നാല്‍, അത് വകവെച്ചുനല്‍കാന്‍ ജപ്പാന്‍ തയ്യാറല്ലെന്ന് മാത്രമല്ല, അവരും സമാന അവകാശവാദം ഉന്നയിക്കുന്നു. ഇവിടെയുള്ള ദ്വീപുകളെ ചൈന ദിയായു എന്ന് വിളിക്കുമ്പോള്‍, ജപ്പാന്‍ സെന്‍കാകു എന്ന് പേരിട്ടിരിക്കുന്നു. ഫെബ്രുവരി മൂന്നിനു നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിഴക്കന്‍ ചൈന കടലിലെ സാഹചര്യങ്ങളില്‍ ഇരുവിഭാഗവും ആശങ്ക രേഖപ്പെടുത്തി. തങ്ങളുടെ ഭൂപ്രദേശത്തിന് സമീപം ചൈനീസ് സൈനിക നീക്കത്തിലായിരുന്നു ജാപ്പനീസ് വിദേശകാര്യമന്ത്രി യോഷിമാസ ഹയാഷിയുടെ ആശങ്കയെങ്കില്‍, 'വലതുപക്ഷ പ്രകോപനങ്ങളെ' നിയന്ത്രിക്കണമെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗ്വാങ്ങിന് ജപ്പാനോട് ആവശ്യപ്പെടാനുണ്ടായിരുന്നത്.

ശാന്ത സമുദ്രത്തില്‍നിന്നും കിഴക്കന്‍ ചൈന കടലില്‍നിന്നും 2024-ഓടെ റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ ഖനനം ചെയ്യാന്‍ ജപ്പാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ പുതിയ ദേശീയ സുരക്ഷാനയ പ്രകാരം, വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചില രാജ്യങ്ങള്‍ക്ക് മുകളിലുള്ള അമിതമായ ആശ്രയത്വം ജപ്പാന്‍ വെട്ടിക്കുറക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കി. റെയര്‍ എര്‍ത്ത് ലോഹങ്ങളില്‍ ആഗോള ഉത്പാദനത്തിന്റെ 80% കൈവശം വെക്കുന്ന ചൈനയെ ഇത് എങ്ങനെയാണ് ബാധിക്കുക? ശാന്തസമുദ്രത്തിലും കിഴക്കന്‍ ചൈന കടലിലും ഇത് പുതിയ ആശങ്കകള്‍ക്ക് കാരണമാവുമോ?

ജപ്പാന്‍ മാത്രമല്ല, അമേരിക്കയും

രാജ്യത്തെ പ്രതിരോധ കോണ്‍ട്രാക്ടര്‍മാര്‍ 2026-ഓടെ റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റില്‍ ഒരു ബില്‍ അവതരിപ്പിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി 2025-ഓടെ ഇത്തരം ലോഹങ്ങള്‍ സംഭരിച്ചുവെക്കാന്‍ പെന്റഗണിന് നിര്‍ദ്ദേശം നല്‍കണമെന്നും ബില്ലിലുണ്ടായിരുന്നു. ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താനും ചൈനയ്ക്ക് മേല്‍ നയപരമായ ആധിപത്യം നേടാനുമാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും വ്യാഖ്യാനിക്കപ്പെട്ടു. റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ വേര്‍തിരിച്ച് എടുക്കാനും അസംസ്‌കൃത വസ്തുവില്‍നിന്ന് ഉത്പന്നമായി മാറ്റിയെടുക്കാനും ചൈനയെ ആശ്രയിക്കാതിരിക്കുക എന്നത് കൂടിയായിരുന്നു ലക്ഷ്യം.

റെയര്‍ എര്‍ത്ത് ലോഹങ്ങള്‍

17 തരം മൂലകങ്ങളെയാണ് റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ എന്ന് പറയുന്നത്. യിട്രിയം, നിയോഡൈമിയം, സീറിയം, പ്രീസിയോഡൈമിയം, ഡൈസ്പ്രോസിയം, ലാന്തനം, ടെര്‍ബിയം, സ്‌കാന്‍ഡിയം, സമേരിയം, യൂറോപ്യം, ഗഡോലിനിയം, ലുറ്റീഷ്യം, എര്‍ബിയം, ഹൊൾമിയം, തൂലിയം, യറ്റര്‍ബിയം, പ്രോമീത്തിയം എന്നിവയാണ് റെയര്‍ എര്‍ത്ത് ലോഹങ്ങളെന്ന് അറിയപ്പെടുന്നത്. റെയര്‍ എര്‍ത്ത് എന്ന പേര്, ഭൂമിയില്‍ അപൂര്‍വ്വമെന്ന് തെറ്റിദ്ധരിപ്പിക്കാമെങ്കിലും ഇവ ഭൂമിയുടെ ഉപരിഭാഗത്ത് ധാരാളമായി കാണപ്പെടുന്നുണ്ട്. മറ്റ് പല മൂലകങ്ങളുമായി ചേര്‍ന്നും അയിരുകളില്‍ കുറഞ്ഞ അളവില്‍ ഉള്‍ക്കൊള്ളുന്നതിനാലും ഇവ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ ബുദ്ധിമുട്ടേറിയതാണ്. മാത്രമല്ല, ഈ പ്രക്രിയ ചെലവേറിയതും പരിസ്ഥിതിക്ക് വലിയ തോതില്‍ നാശമുണ്ടാക്കുന്നതുമാണ്.

സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറുകള്‍, എം.ആര്‍.ഐ. മെഷീനുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയിലെ ഒഴിച്ചുകൂടാനാവാത്തൊരു നിര്‍മാണ വസ്തുവായതിനാലാണ് ഈ മൂലകങ്ങള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും ഈ ലോഹങ്ങള്‍ക്ക് അതിപ്രാധാന്യമുണ്ട്. ലക്ഷ്യം തെറ്റാതെയുള്ള സൈനികള്‍ നീക്കങ്ങള്‍ സാധ്യമാക്കുന്നതിനും മറ്റുമുള്ള ഉപകരണങ്ങളിലും ഉപഗ്രഹങ്ങള്‍ വഴിയുള്ള നിരീക്ഷണങ്ങള്‍ക്കും ആളില്ലാ സൈനിക വാഹനങ്ങളുടെയടക്കം നിര്‍മാണത്തിനും പ്രധാന ഘടകങ്ങളാണ് റെയര്‍ എര്‍ത്ത് ലോഹങ്ങളില്‍. ഇതിനാല്‍, ആധുനിക കാലത്ത് ശക്തമായ സൈനികശക്തിയായി മാറുന്നതില്‍ റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ക്കായുള്ള നിരാശ്രയത്വം ലോകരാജ്യങ്ങള്‍ക്ക്, അവരുടെ ശക്തിപ്രകടനത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.

ചൈനയുടെ അപ്രമാദിത്തം

'ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണയെന്ന പോലെയാണ് ചൈനയ്ക്ക് റെയര്‍ എര്‍ത്ത് ലോഹങ്ങള്‍'- ഡെന്‍ ഷിയോപിങ്ങ്. (1978 മുതല്‍ 1989 വരെ ചൈനയുടെ രാഷ്ട്രത്തലവനായിരുന്നു ഡെന്‍ ഷിയോപിങ്ങ്.)

റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ ഖനനവും വേര്‍തിരിച്ചെടുക്കലും വിജയകരമായി നടപ്പാക്കുന്ന ലോകത്തെ ഒന്നാം നിര രാജ്യം ചൈനയാണ്. ആഗോളതലത്തില്‍ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ 37% നിക്ഷേപവും ചൈനയ്ക്ക് കീഴിലാണ്. എന്നാല്‍, 1985 വരെ ഇതായിരുന്നില്ല അവസ്ഥ. അക്കാലത്ത് അമേരിക്കയായിരുന്നു ലോകത്തെ ഏറ്റവും വലിയ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ നിര്‍മാതാക്കള്‍. ചൈന ഈ രംഗത്തേക്ക് കടന്നുവരുന്നതോടെയാണ് അമേരിക്കയുടെ ഈ മേഖലയിലെ അപ്രമാദിത്തം അവസാനിക്കുന്നത്. കണക്കുകള്‍ പ്രകാരം 2016- 19 കാലഘട്ടത്തില്‍ അമേരിക്കയില്‍ ഉപയോഗിക്കുന്നതിന്റെ 80% ഇത്തരം ലോഹങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നത് ചൈനയിലാണെന്ന സാഹചര്യമുണ്ടായി. നിലവില്‍ അമേരിക്കയില്‍ ഒരേയൊരു റെയര്‍ എര്‍ത്ത് ലോഹ ഖനിയാണ് ഉള്ളത്, കാലിഫോര്‍ണിയയിലെ ക്ലാര്‍ക്ക് മലയടിവാരങ്ങളിലെ സ്ഥിതി ചെയ്യുന്ന മൗണ്ടൈന്‍ പാസ് ഖനി. ലോകത്തിലെ ആകെ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ 15 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കുന്നു. നീണ്ടകാലം പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന ഖനി, 2012-ലാണ് വീണ്ടും ലോഹഖനനം ആരംഭിക്കുന്നത്. ഇവിടെ ഖനനം നടക്കുന്നുണ്ടെങ്കിലും ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ചൈനയെ തന്നെയാണ് അമേരിക്ക ആശ്രയിക്കുന്നത്. രണ്ടു ഖനികള്‍ കൂടെ ഈ വര്‍ഷത്തോടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ അമേരിക്ക ആലോചിക്കുന്നുണ്ട്. ടെക്സാസിലും കൊളറാഡോയിലുമാണിത്.

ആശങ്കപ്പെടുത്തുന്ന ചൈന, കൈകോർക്കുന്ന രാജ്യങ്ങൾ

ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തുന്ന ചരിത്രപരമായ രണ്ട് നീക്കങ്ങളാണ് റെയര്‍ എര്‍ത്ത് ലോഹ ഖനനവുമായി ബന്ധപ്പെട്ട് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 2010-ലും 2021-ലുമായി രണ്ടു സംഭവങ്ങള്‍, ഇതിലൊന്ന് ജപ്പാനുമായുള്ള നേരിട്ടുള്ള തര്‍ക്കമായിരുന്നു. ചൈനയില്‍നിന്നുള്ള മീന്‍പിടിത്ത ബോട്ടിന്റെ ക്യാപ്റ്റനെ ജപ്പാന്‍ പിടിച്ചുവെച്ചതിന് പിന്നാലെയായിരുന്നു ഇത്. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ജപ്പാന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ചൈന കടലില്‍ മീന്‍പിടിത്തത്തിന് എത്തിയ ട്രോളര്‍ രണ്ട് ജാപ്പനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളുമായി കൂട്ടിമുട്ടി. ഇതിന് പിന്നാലെ ട്രോളറിന്റെ ക്യാപ്റ്റനെ ജപ്പാന്‍ പിടിച്ചുവെച്ചു. ഇതിന് ജപ്പാനിലേക്കുള്ള ലോഹക്കയറ്റുമതി നിര്‍ത്തലാക്കിയായിരുന്നു ചൈനയുടെ മറുപടി. രണ്ടു മാസത്തോളം നീണ്ടുനിന്ന ഉപരോധത്തിന് പിന്നാലെ 2010 നവംബറോടെ കയറ്റുമതി പുനരാരംഭിച്ചിരുന്നു.

2021-ല്‍ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ ഖനനത്തിനും വേര്‍തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്ന മൂന്ന് കമ്പനികള്‍ ചൈന ലയിപ്പിച്ചു. ഇതാണ് ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തുന്ന ചൈനയുടെ മറ്റൊരു നീക്കം. കയറ്റുമതിയടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനുള്ള ചൈനീസ് നടപടികളുടെ ഭാഗമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഖനന- ഉത്പാദന കമ്പനികള്‍ക്ക് മുകളില്‍ കൂടുതല്‍ നിയന്ത്രണം കൂടി കൊണ്ടുവരാന്‍ ഈ ലയനം കാരണമാവുകയും ഇത് ഫലത്തില്‍ ലോഹങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമാവുമെന്നും ലോകരാജ്യങ്ങള്‍ കരുതുന്നു.

2010-നും 2014-നും ഇടയ്ക്ക് പലതവണ ചൈന ലോഹങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നു. ഇത് ലോഹങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമായി. ജപ്പാനും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ലോക വ്യാപാര സംഘടനെ സമീപിച്ചു. ചൈനയുടെ നീക്കം ഡബ്യൂ.ടി.ഒ. (ലോക വ്യാപാര സംഘടന)യുടെ കരാറുകള്‍ക്ക് എതിരാണെന്ന് വിധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ അവര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു.

2018-ല്‍ ഡൊണാള്‍ഡ് ട്രംപിനും ചൈന ഒരു മുന്നറിയിപ്പ് നല്‍കി. ബൗദ്ധിക സ്വത്തവകാശ ലംഘനം ചൂണ്ടിക്കാട്ടി വാവ്വേ (Huawei) അടക്കമുള്ള കമ്പനികള്‍ക്ക് പിഴ വിധിച്ചതിനെത്തുടര്‍ന്ന് റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണണം ഏര്‍പ്പെടുത്തി. 'ഞങ്ങളുടെ താത്പര്യത്തെ സംരക്ഷിക്കാനുള്ള ശേഷിയെ അമേരിക്ക വിലകുറച്ച് കാണരുത്. മുന്നറിയിപ്പ് നല്‍കിയില്ലെന്ന് വേണ്ട'- ചൈനീസ് ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്‌ലി എഴുതി.

പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന ഉത്പാദന- വേര്‍തിരിച്ചെടുക്കല്‍ രീതുകളായതുകൊണ്ടു തന്നെ, ഇത്തരം ലോഹങ്ങളുടെ ഉത്പാദനത്തില്‍ അപ്രമാദിത്തം നിലനിര്‍ത്താന്‍ ചൈനയിപ്പോള്‍ പയറ്റുന്ന മറ്റൊരു തന്ത്രം, റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ ഉത്പാദനത്തിനായി മറ്റ് രാജ്യങ്ങളില്‍ നിക്ഷേപം നടത്തുക എന്നുള്ളതാണ്. ഇതുവഴി സ്വന്തം രാജ്യത്തിനുണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ കുറയ്ക്കാമെന്ന് അവര്‍ കരുതുന്നു. തെക്കന്‍ അമേരിക്കയിലും ആഫ്രിക്കയിലുമായി പല ഭാഗത്തും വലിയ തോതിലുള്ള മൂലധന നിക്ഷേപം നിലവില്‍ തന്നെ ചൈനയ്ക്കുണ്ട്. അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ പിന്‍മാറ്റത്തിന് പിന്നാലെ ഇവിടെയും നിക്ഷേപത്തിന് ചര്‍ച്ചകള്‍ നടന്നുവരുന്നു.

എങ്ങനെ ചൈനയെ മറികടക്കും

2010-നും 2014-നുമിടയ്ക്കുള്ള ചൈനീസ് നിയന്ത്രണം രണ്ടു മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഒരു വിഭാഗം രാജ്യങ്ങള്‍ ചൈനയെ തന്നെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയപ്പോള്‍, മറ്റൊരു വിഭാഗം രാജ്യങ്ങള്‍ ചൈനയ്ക്കു മേലുള്ള ആശ്രയത്വം എങ്ങനെ കുറയ്ക്കാമെന്ന മാര്‍ഗങ്ങള്‍ തേടി. ജപ്പാന്‍ ഇതിന്റെ ഭാഗമായി ഓസ്ട്രേലിയയിലടക്കം ഖനന സാധ്യതകള്‍ തേടി. ചൈനയെ മറികടക്കാന്‍ ഇന്ത്യയ്‌ക്കൊപ്പം കൈകോര്‍ക്കാനും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ശ്രമങ്ങള്‍ നടത്തി. കൂടുതല്‍ ഖനികളും വേര്‍തിരിച്ചെടുക്കാന്‍ പുതിയ സാങ്കേതിക വിദ്യകൾ തേടാനും യു.എസ്.- ജപ്പാൻ- ഓസ്ട്രേലിയ- ഇന്ത്യ രാജ്യങ്ങളുടെ‌ ക്വാഡ് സഖ്യം തീരുമാനിച്ചു. ഇതില്‍ നിലവില്‍ തന്നെ മികച്ച സൗകര്യങ്ങളുള്ള ഓസ്ട്രേലിയയ്ക്ക് വലിയ പങ്കുവഹിക്കാന്‍ സാധിക്കും. കാനഡയുമായും അമേരിക്ക സഹകരണസാധ്യത തേടുന്നുണ്ട്.

അമേരിക്കയും ഓസ്ട്രേലിയയും റഷ്യയും ഇന്ത്യയും ബുറുന്‍ഡി അടക്കമുള്ള രാജ്യങ്ങള്‍ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ ഉത്പാദനത്തിലേക്ക് കടന്നുവന്നതോടെ ചൈനീസ് അപ്രമാദിത്തത്തിന് കുറവു വന്നിട്ടുണ്ടെന്ന് കരുതപ്പെടുന്നുണ്ട്. എന്നാല്‍, നിലവില്‍ ലോഹം വേര്‍തിരിച്ചെടുക്കാനുള്ള ശക്തവും സൗകര്യപ്രദവുമായ സംവിധാനങ്ങൾ ചൈനയ്ക്ക് കീഴില്‍ തന്നെയാണുള്ളത്. ഈ വ്യവസായത്തിലേക്ക് മറ്റ് രാജ്യങ്ങള്‍ കടന്നുവരുമ്പോള്‍, പാരിസ്ഥിതിക ആശങ്ക തന്നെയാണ് പ്രധാനമായും ഉള്ളത്. പാരിസ്ഥിതിക നിയമങ്ങളില്‍ ഉദാരതയുള്ള രാജ്യമായതിനാലാണ് ചൈനയ്ക്ക് വലിയ മേല്‍ക്കൈ ലഭിക്കുന്നതെന്ന വിലയിരുത്തലുണ്ട്. മറ്റ് രാജ്യങ്ങള്‍ കടന്നുവരുന്നുണ്ടെങ്കിലും ഉത്പാദനത്തില്‍ സ്ഥിരത കൈവരിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, പൂര്‍ണ്ണമായും ചൈനയെ ആശ്രയിക്കാതെ ഉത്പാദനവും വേര്‍തിരിക്കലും സാധിക്കില്ല. ഉത്പാദനത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചൈനയുടെ സഹായം രാജ്യങ്ങള്‍ക്ക് ആവശ്യമായി വരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ജപ്പാന്റെ പുതിയ നീക്കം ശ്രദ്ധയാകര്‍ഷിക്കുന്നത്.

ആഴക്കടലില്‍ ഖനനം നടത്തി ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാണ് ജപ്പാന്റെ പദ്ധതി. അതുമായി ബന്ധപ്പെട്ട ഗവേഷണഘട്ടത്തില്‍നിന്ന് നേരിട്ട് ഖനനത്തിലേക്ക് അടുത്ത വര്‍ഷത്തോടെ കടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജപ്പാന്‍ നിലവില്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ഡിസംബറില്‍ ജപ്പാന്‍ പുതിയ ദേശീയ സുരക്ഷാ നയത്തിന് അംഗീകാരം നല്‍കിയത്. റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ സുരക്ഷിതവും സ്ഥിരവുമായ ലഭ്യത ഉറപ്പുവരുത്തുകയും ഇത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ മൂലധനനിക്ഷേപം ശക്തമാക്കാനും നയപരമായ സാമ്പത്തിക വിനിമയത്തെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ സുരക്ഷാനയം പ്രഖ്യാപിച്ചത്. നിലവില്‍ തങ്ങള്‍ക്ക് ആവശ്യമായതിന്റെ 60% റെയര്‍ എര്‍ത്ത് ലോഹങ്ങളും ചൈനയില്‍നിന്നാണ് ജപ്പാന്‍ ഇറക്കുമതി ചെയ്യുന്നത്.

ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖല | Photo: International Institute for Law of the Sea Studies

കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി മിനാമി- തോരിഷിമ മേഖലയില്‍നിന്ന് സമുദ്രത്തിനടിയില്‍ 2,500 മീറ്റര്‍ വരെ ആഴത്തില്‍നിന്ന് വസ്തുക്കള്‍ പമ്പ് ചെയ്യാന്‍ സാധിച്ചത് ഖനനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ജപ്പാന്‍ വലിയ നേട്ടമായി കരുതുന്നു. ഇത് 6,000 മീറ്ററിലേക്ക് ഉയര്‍ത്താനാണ് ജപ്പാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ വലിയ അളവില്‍ കാണപ്പെടുന്നത്. അടുത്ത വർഷത്തോടെ ഇത് ആരംഭിക്കാനാണ് ജപ്പാന്റെ ലക്ഷ്യം. ചുഴലിക്കാറ്റുകളും സമുദ്രപ്രവാഹങ്ങളുമാണ് ഇതിനൊരു തടസ്സമായി ജപ്പാന്‍ നിലവില്‍ വിലയിരുത്തുന്നത്. പദ്ധതിക്കായി ഏതാണ്ട് 4.5 കോടി ഡോളറാണ് ജപ്പാന്‍ നീക്കിവെച്ചിരിക്കുന്നത്.

തയ്‌വാനില്‍നിന്ന് 3,350 കിലോ മീറ്റര്‍ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാമി- തോരിഷിമ. ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍നിന്ന് 1,900 കിലോ മീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. വാണിജ്യ- വ്യവസായ- സാമ്പത്തിക മന്ത്രാലയത്തിന്റെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ തങ്ങളുടെ ഭൂപ്രദേശത്ത് ഖനനത്തിന് അനുവദിക്കുകയൂള്ളൂവെന്ന് കഴിഞ്ഞ ഡിസംബറില്‍ ജപ്പാന്‍ തീരുമാനിച്ചിരുന്നു. നേരത്തെ ജപ്പാന്‍ ഓയില്‍, ഗ്യാസ്, മെറ്റല്‍സ് നാഷണല്‍ കോര്‍പ്പറേഷന്‍ (ജെ.ഒ.ജി.എം.ഇ.സി.) ജപ്പാന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മെറ്റല്‍സ് ആന്‍ഡ് എനര്‍ജി സെക്യൂരിറ്റി എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇതിന് പിന്നാലെ റെയര്‍ എര്‍ത്ത് ഖനന കമ്പനികളില്‍ 75% വരെ മൂലധന നിക്ഷേപം നടത്താന്‍ ഇവര്‍ക്ക് ജപ്പാന്‍ അനുമതി നല്‍കിയിരുന്നു. ജാപ്പനീസ് കമ്പനികള്‍ക്ക് എണ്ണ- പ്രകൃതിവാതക- കല്‍ക്കരി- ലോഹ ലഭ്യത ഉറപ്പുവരുത്തുകയെന്നതാണ് ജെ.ഒ.ജി.എം.ഇ.സിയുടെ ഉത്തരവാദിത്തം.

2020 ഓഗസ്റ്റില്‍ കടലിന്റെ അടിത്തട്ടില്‍നിന്ന് കൊബാള്‍ട്ട്, നിക്കല്‍ എന്നീ ലോഹങ്ങള്‍ കുഴിച്ചെടുത്തതായി ജെ.ഒ.ജി.എം.ഇ.സി. പ്രഖ്യാപിച്ചിരുന്നു. മിനാമി- തോരിഷിമ മേഖലയില്‍നിന്ന് തന്നെയായിരുന്നു ഈ ലോഹങ്ങള്‍ കണ്ടെത്തിയത്. 800 മുതല്‍ 2,400 വരെ ആഴത്തിലാണ് ലോഹനിക്ഷേപം കണ്ടെത്തിയത്. ഇതിന് പുറമേ ചെമ്പ്, ഈയം, സിങ്ക്, സ്വര്‍ണ്ണം, വെള്ളി, നിക്കല്‍, വജ്രം, മാങ്കനീസ്, എന്നീ ലോഹങ്ങളുടെ നിക്ഷേപവും ജപ്പാന്‍ കണ്ടെത്തിയിരുന്നു. ജപ്പാന്റെ അടുത്ത 88 വര്‍ഷത്തെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കൊബാള്‍ട്ടും 12 വര്‍ഷത്തെ ആവശ്യം നിറവേറ്റാനുള്ള നിക്കലും കണ്ടെത്തിയെന്നായിരുന്നു ജെ.ഒ.ജി.എം.ഇ.സിയുടെ അവകാശവാദം.

റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ ഇന്ത്യയില്‍

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ നിക്ഷേപത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് ചൈനയും പിന്നീടുള്ള സ്ഥാനങ്ങളില്‍ വിയറ്റ്നാം, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലോകത്തെ മുഴുവന്‍ ശേഖരത്തിന്റെ ആറു ശതമാനമാണ് ഇന്ത്യയിലുള്ളതെങ്കിലും അതില്‍ തന്നെ ഒരു ശതമാനത്തില്‍ താഴെയാണ് രാജ്യത്ത് ഉത്പാദനം നടത്തുന്നത്. ഇതില്‍ തന്നെ, രാജ്യത്തിന്റെ ആവശ്യത്തിന്റെ 97 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്.

ഇന്ത്യയില്‍ ധാതുക്കള്‍ക്കായുള്ള പര്യവേഷണം നടക്കുന്നത് ബ്യൂറോ ഓഫ് മൈന്‍സ് ആന്‍ഡ് ഡിപ്പാര്‍ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജിക്ക് കീഴിലാണ്. ഖനനവും വേര്‍തിരിച്ചെടുക്കലും നേരത്തെ ഏതാനും സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കീഴിലാണ് നടന്നിരുന്നതെങ്കിലും നിലവില്‍ ഐ.ആര്‍.ഇ.എല്‍. (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്) എന്ന പൊതുമേഖലാ സ്ഥാപനത്തിന് കീഴിലാണ് നടന്നുവരുന്നത്. ആണവോര്‍ജ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലോഹങ്ങളുടെ ഓക്സൈഡുകളായുള്ള മിശ്രിതങ്ങള്‍ ഉത്പാദിപ്പിക്കാനും അതില്‍നിന്ന് ശുദ്ധ റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ വേര്‍തിരിക്കാനായി വിദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറാനുമുള്ള അധികാരം ഐ.ആര്‍.ഇ.എല്ലിനാണ്. കേരളത്തിന്റെയടക്കം തീരങ്ങളില്‍ ലഭ്യമായ ധാതുമണല്‍ ഖനനം ചെയ്ത് അതില്‍നിന്ന് തോറിയം വേര്‍തിരിച്ചെടുത്ത് ആണവോര്‍ജ വകുപ്പിന് കൈമറുന്ന പ്രവൃത്തിയിലാണ് നിലവില്‍ ഐ.ആര്‍.ഇ.എല്‍. ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ ഐ.ആര്‍.ഇ.എല്ലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കരിമണല്‍ ഖനനം | ഫോട്ടോ: മാതൃഭൂമി

കൊച്ചി ആലുവയിലെ റെയര്‍ എര്‍ത്ത് ഡിവിഷനാണ് ഐ.ആര്‍.ഇ.എല്ലിന്റെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള സംസ്‌കരണ കേന്ദ്രം. 1950-ല്‍ സ്ഥാപിക്കപ്പെട്ട ഐ.ആര്‍.ഇ.എല്‍. 1963-ല്‍ കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. ഒഡിഷയില്‍ റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ വേര്‍തിരിക്കാനുള്ള ഒരു പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലത്താണ് ഐ.ആര്‍.ഇ.എല്ലിന്റെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിവിഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. കോര്‍പ്പറേറ്റ് ഓഫീസ് മഹാരാഷ്ട്രയിലും.1997- 98 മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമാണിത്. 2021-22 വര്‍ഷത്തില്‍ 1462.5 കോടിയുടെ ആകെ വിറ്റുവരവാണ് ഐ.ആര്‍.ഇ.എല്ലിന് ഉണ്ടായത്.

Content Highlights: rare earth metals mining japan no more dependence on china

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented