രമണന്‍, മണവാളന്‍, ദശമൂലം ദാമു, കണ്ണന്‍ സ്രാങ്ക്... ഹീറോ അല്ലാത്ത ഹീറോസ് | ഷോ റീല്‍


എന്‍.പി.മുരളീകൃഷ്ണന്‍ .

സിനിമയേക്കാളും അതിലെ നായികാനായകന്മാരേക്കാളും പ്രേക്ഷകശ്രദ്ധ നേടുകയും പിന്നീട് കള്‍ട്ട് സ്റ്റാറ്റസ് പദവിയിലേക്ക് ഉയരുകയും ചെയ്ത ചില കഥാപാത്രങ്ങളുണ്ട്. ഈ സിനിമകള്‍ പില്‍ക്കാലത്ത് ഓര്‍മ്മിക്കപ്പെടുന്നതു പോലും ഈ കഥാപാത്രങ്ങളിലൂടെയായിരിക്കും. ഇത്തരം സിനിമകള്‍ ആവര്‍ത്തിച്ചുള്ള കാഴ്ചാമൂല്യം (റിപ്പീറ്റ് വാച്ച് വാല്യൂ) സാധ്യമാക്കുന്നതും ഈ കഥാപാത്രങ്ങളിലൂടെ തന്നെ. തങ്ങളെ രസിപ്പിക്കുന്ന സിനിമകള്‍ ആവര്‍ത്തിച്ച് കാണാനാണ് എപ്പോഴും ഭൂരിഭാഗം പ്രേക്ഷകരും താത്പര്യപ്പെടുന്നത്. ഈ സിനിമകളിലെ രസികന്‍ കഥാപാത്രങ്ങളായിരിക്കും ഈ ആവര്‍ത്തനമൂല്യം ഉറപ്പാക്കുന്നത്.

പഞ്ചാബി ഹൗസ് എന്ന മലയാളത്തിലെ എക്കാലത്തെയും ആവര്‍ത്തന കാഴ്ചാമൂല്യമുള്ള സിനിമയുടെ പേര് കേള്‍ക്കുമ്പോഴേ പ്രേക്ഷകര്‍ ചിരിയോടെ ഓര്‍മ്മിക്കുന്നത് ഹരിശ്രീ അശോകന്റെ രമണന്‍ എന്ന കഥാപാത്രത്തെയാണ്. ഗംഗാധരന്‍ മുതലാളിക്കും ഉണ്ണികൃഷ്ണനുമൊപ്പം രമണന്‍ തീര്‍ക്കുന്ന ചിരികളാണ് ഈ സിനിമയുടെ നട്ടെല്ല്. സിനിമയിലെ നായക കഥാപാത്രത്തിന്റേ പേര് ഒരുപക്ഷേ രണ്ടാമതൊന്ന് ആലോചിച്ചാലായിരിക്കും നാവില്‍ വരിക. എന്നാല്‍ രമണനെക്കുറിച്ച് അങ്ങനെയൊരു ആലോചനയ്ക്ക് ഇടയില്ല. അത്ര ജനകീയവുമാണ് രമണന്‍ സൃഷ്ടിച്ച ചിരി. അത്യപൂര്‍വ്വമായി മാത്രമായിരിക്കും ഇത്തരം പാത്രസൃഷ്ടികള്‍ സംഭവിക്കാറ്.കഥാപാത്രസൃഷ്ടി നടത്തുന്ന വേളയില്‍ തിരക്കഥാകാരന് അഭിനേതാവിന്റെ പ്രകടനസാധ്യതയെക്കുറിച്ച് പലപ്പോഴും പൂര്‍ണബോധ്യമുണ്ടാവാന്‍ ഇടയില്ല. ക്യാമറയ്ക്കു മുന്നിലായിരിക്കും തിരക്കഥാകാരന്‍ സൃഷ്ടിച്ച കഥാപാത്രം പൂര്‍ണത പ്രാപിക്കുന്നത്. രമണനിലേക്ക് ഹരിശ്രീ അശോകന്‍ പരകായപ്രവേശം നടത്തുമ്പോഴാണ് ഇത്രയും തുറന്ന പ്രകടനം സാധ്യമാകുന്നത്. ഒരു അഭിനേതാവിന് തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളിലും ഇത്രകണ്ട് തുറന്ന ഇടപെടല്‍ സാധ്യമായേക്കില്ല. അത് സാധ്യമാകുന്നവയെ ആണ് മാസ്റ്റര്‍പീസ് ആയി പില്‍ക്കാലത്ത് വിലയിരുത്തപ്പെടുന്നത്. രമണന്‍ അത്തരത്തിലൊന്നാണ്. രമണന്‍ സ്‌ക്രീനില്‍ വരുന്ന ഓരോ നിമിഷത്തിലും ഒരു ചിരിക്ക് സാധ്യതയുണ്ടായിരുന്നു. അതിന് അത്രതന്നെ പുതുമയും ഉണ്ടായിരുന്നു. ഒരര്‍ഥത്തില്‍ രമണന്റെ പ്രകടനത്തിന് കൂട്ടുനില്‍ക്കേണ്ട ഉത്തരവാദിത്തമായിരുന്നു ഗംഗാധരന്‍ മുതലാളിക്കും ഉണ്ണികൃഷ്ണനും ഉത്തമനുമെല്ലാം ഉണ്ടായിരുന്നത്.

രമണന്‍ മലയാളി ജീവിതത്തിലേക്ക് സംഭാവന ചെയ്ത ശൈലികളും പ്രയോഗങ്ങളും ഭാവങ്ങളുമുണ്ട്. 'മുതലാളീ' എന്ന വിളിക്ക് ഒന്നിലേറെ പ്രകടന-പ്രയോഗ സാധ്യതകള്‍ നല്‍കുന്നത് രമണനാണ്. 'പഞ്ചാബി ഹൗസ്' റിലീസ് ചെയ്ത് 24 വര്‍ഷം പിന്നിടുമ്പോള്‍ രമണന്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലെയും മീമുകളിലെയും പ്രധാന മുഖമാണ്. ഈ കഥാപാത്രത്തിന്റെ അപാരമായ ജനപ്രിയതയെ തുടര്‍ന്നാണ് റാഫി തന്റെ ചിത്രമായ 'റോള്‍ മോഡല്‍സി'ല്‍ (2017) രമണനെ വീണ്ടും അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ പ്രദര്‍ശനവേളയില്‍ സാധാരണ ഒരു ഹരിശ്രീ അശോകന്‍ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനിന് കിട്ടാത്ത കൈയടിയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. അത് ഹരിശ്രീ അശോകനുള്ളതല്ല, അദ്ദേഹത്തിന്റെ ഏറ്റവും ജനകീയ കഥാപാത്രമായ രമണനുള്ളതാണ്. ഹരിശ്രീ അശോകന്റെ സിനിമാ കരിയര്‍ തന്നെ രമണനു മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്താവുന്നതാണ്.

ഷാഫിയുടെ 'ചട്ടമ്പിനാട്' തിയേറ്ററില്‍ പരാജയപ്പെട്ട സിനിമയാണ്. എന്നാല്‍ സിനിമ തിയേറ്റര്‍ വിട്ട് കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ടെലിവിഷനിലും ഡിവിഡിയിലും യൂട്യൂബിലുമായി ഈ സിനിമ വളരെയധികം പേര്‍ കാണുകയുണ്ടായി. ദശമൂലം ദാമു എന്ന സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമാണ് ഈ ജനപ്രിയതയ്ക്കു കാരണം. സിനിമ കണ്ടവര്‍ നല്‍കിയ മൗത്ത് പബ്ലിസിറ്റിയിലൂടെ ദശമൂലം ദാമു എന്ന കഥാപാത്രം വളരുകയായിരുന്നു. ഡയലോഗ് ഡെലിവെറിയിലും സ്വാഭാവികമായ ഭാവപ്രകടനങ്ങളിലും ദാമു സുരാജിലെ നടനെ ബഹുദൂരം മുന്നോട്ട് നയിക്കുന്നുണ്ട്. സുരാജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളിലൊന്ന് തിയേറ്ററില്‍ അധികം പേര്‍ കാണാതെ പോയെങ്കിലും പിന്നീട് വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴി അത്രയധികം പേരാണ് ദാമുവിനെ ആഘോഷിച്ചത്.

ദശമൂലം ദാമുവിന്റെ ജനപ്രിയത വെളിപ്പെട്ടത് പിന്നീട് സോഷ്യല്‍ മീഡിയയിലാണ്. സോഷ്യല്‍ മീഡിയ ട്രോള്‍ മീമുകളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്ന ഭാവങ്ങളിലൊന്നാണ് ദാമുവിന്റേത്. സോഷ്യല്‍ മീഡിയയിലെ ജനപ്രിയതയാണ് ദശമൂലം ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി പുതിയ സിനിമയുടെ പ്രഖ്യാപനത്തിലേക്ക് വരെ എത്തിക്കുന്നത്. ഈ സുരാജ് കഥാപാത്രത്തിന്റെ സിറ്റുവേഷന്‍ കോമഡിയും കൗണ്ടറുകളും ഭാവപ്രകടനങ്ങളും അത്രകണ്ട് ജനകീയമായിരുന്നു. 'പഞ്ചാബി ഹൗസ്' പോലെ മലയാളികളുടെ റിപ്പീറ്റ് വാച്ച് ലിസ്റ്റിലുള്ള സിനിമയല്ല 'ചട്ടമ്പിനാട്'. എന്നാല്‍ ദാമുവിന്റെ പ്രകടനം കാണാന്‍ വേണ്ടി മാത്രം ഈ സിനിമ കാണുന്നവര്‍ നിരവധിയുണ്ട്.

ഒരു സിനിമയുടെ ഉടമസ്ഥാവകാശം പാടേ കൈക്കലാക്കിയിട്ടുള്ള മറ്റൊരു പ്രമുഖ കഥാപാത്രം 'പുലിവാല്‍ കല്യാണ'ത്തിലെ മണവാളന്‍ ആണ്. ഈ സിനിമയിലെ നായികാനായകന്‍മാരെയും മറ്റു കഥാപാത്രങ്ങളെയും കേന്ദ്രപ്രമേയത്തെയും സിനിമയെത്തന്നെയും അപ്രസക്തമാക്കി ഒറ്റയാള്‍ പ്രകടനം തീര്‍ക്കുകയായിരുന്നു സലിംകുമാറിന്റെ മണവാളന്‍. മണവാളന്റെ ഓരോ സംഭാഷണവും ആംഗ്യവിക്ഷേപങ്ങളും മലയാളി പ്രേക്ഷകര്‍ക്ക് ചിരപരിചിതമാണ്. സാന്നിധ്യം കൊണ്ട് സിനിമയുടെ ആകെ ഊര്‍ജ്ജത്തെ ഇരട്ടിയാക്കാന്‍ ശേഷിയുള്ള കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് മണവാളന്റെ സ്ഥാനം. മണവാളന്‍ വരുന്നതോടെയാണ് തീര്‍ത്തും സാധാരണമായി മുന്നോട്ടുപോയിക്കൊണ്ടിരുന്ന പശ്ചാത്തലത്തില്‍നിന്ന് അസാധാരണമായ പൊട്ടിച്ചിരി തീര്‍ക്കുന്ന സിനിമയായി 'പുലിവാല്‍ കല്യാണം' മാറുന്നത്. അത്ര പ്രത്യേകതകള്‍ അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ ചിത്രത്തെ ഈ ഒരൊറ്റ കഥാപാത്രം ആവര്‍ത്തിച്ചുള്ള കാഴ്ചയ്ക്ക് ശേഷിയുള്ള സിനിമയാക്കി മാറ്റുകയായിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളും പ്രകടനങ്ങളും സാധാരണത്വം പേറി മുന്നോട്ടു പോകുമ്പോഴും മണവാളന്‍ അസാധാരണ പ്രകടനം കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കുന്നു. അതിനൊപ്പം മറ്റ് അഭിനേതാക്കളെയും തന്റെ ഊര്‍ജ്ജവലയത്തില്‍ ചേര്‍ത്ത് പ്രകടനസാധ്യതയ്ക്ക് മണവാളനും സലിംകുമാറും ഇടമൊരുക്കുന്നു.

സലിംകുമാര്‍ സ്വയം സൃഷ്ടിക്കുന്ന വാക്പ്രയോഗങ്ങളും ശൈലികളും ഭാവങ്ങളും കൊണ്ട് സമ്പന്നമാണ് മണവാളന്‍ എന്ന ഈ കഥാപാത്രം. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ മലയാളിയുടെ ഭിന്ന ജീവിതസന്ദര്‍ഭങ്ങളിലെ ഏതു ഭാവങ്ങളിലും എളുപ്പത്തില്‍ മണവാളനെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. മണവാളന്റെ ചിരിയും കരച്ചിലും ഞെട്ടലും നോട്ടവും പുച്ഛവും ആലോചനയും ശൃംഗാരവും ഭീഷണിയും നിസ്സഹായതയുമെല്ലാം മലയാളിക്ക് എളുപ്പത്തില്‍ സമരസപ്പെടാവുന്ന തരത്തിലുള്ള ഭാവങ്ങളാണ്. ഈ ഭാവങ്ങളിലെല്ലാം ഹാസ്യത്തിന്റെ നിറവുണ്ട്. ഈ ഭാവങ്ങളാണ് സിനിമ പുറത്തിറങ്ങി ഒരു പതിറ്റാണ്ടിനു ശേഷം സോഷ്യല്‍ മീഡിയ ട്രോളുകളുടെയും മീമുകളുടെയും മുഖമായി മണവാളനെ മാറ്റുന്നത്. മണവാളന്റെ ഭാവങ്ങളെ പോലെ ഇത്രയധികം ആഘോഷിക്കപ്പെട്ട മീമുകള്‍ കുറവായിരിക്കും. ഏതെങ്കിലും വികാരത്തോട് ചേര്‍ത്ത് മറ്റൊരാള്‍ക്ക് ഒരു മീം അല്ലെങ്കില്‍ സംഭാഷണം അയക്കുന്ന മലയാളി ആദ്യം ഓര്‍ക്കുന്നതോ തിരയുന്നതോ ആയ മുഖം മണവാളന്റേതായിരിക്കും. ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന രംഗം മുതല്‍ അവസാന ഷോട്ട് വരെ ഒരു കഥാപാത്രം നിലനിര്‍ത്തുന്ന അതിയായ ഊര്‍ജ്ജമാണ് മണവാളനെ ഇത്ര ജനകീയനായി തുടരാന്‍ പ്രാപ്തനാക്കുന്നത്.

'എവിടേക്കാടാ നീ തള്ളിക്കയറി പോകുന്നത്, ആശാന്‍ മുമ്പില്‍ നടക്കും, ശിഷ്യന്‍ പിറകെ' എന്നു പറഞ്ഞ് അതിഗംഭീരമായൊരു പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കണ്ണന്‍ സ്രാങ്ക് മഹിയെ പിറകിലാക്കി മുന്നോട്ട് നടക്കുമ്പോള്‍ അതുകണ്ട് രസിച്ച് കൈയടിച്ചു പോകുന്നു പ്രേക്ഷകര്‍. ഒരു സിനിമയിലെ നായകനെ പിറകിലാക്കി മറ്റൊരു കഥാപാത്രം മുന്നേറുന്നതിന്റെ സൂചകം കൂടിയാണീ രംഗം. ഷാഫിയുടെ മായാവി എന്ന സിനിമയിലെ കണ്ണന്‍ സ്രാങ്ക് എന്ന സലിംകുമാര്‍ കഥാപാത്രത്തിനോട് അത്രയ്ക്കുണ്ട് കാണികള്‍ക്ക് പ്രതിപത്തി. ഈ ചിത്രം ആവര്‍ത്തിച്ചുള്ള കാഴ്ച സാധ്യമാക്കുന്നതും സലിംകുമാറിന്റെ കണ്ണന്‍ സ്രാങ്ക് എന്ന കഥാപാത്രത്തിന്റെ വേറിട്ട പ്രകടനം കൊണ്ടുതന്നെയാണ്.

ജുബ്ബയും കപ്പടാമീശയുമായി സദാ മദ്യപാനിയായ, കത്തി നീട്ടി ഗുണ്ടാസ്വഭാവം പുറത്തെടുക്കുന്ന, എന്നാല്‍ അത്രകണ്ട് ധൈര്യമില്ലാത്ത പാവത്താനായ സ്രാങ്ക് അവസരം കിട്ടുമ്പോഴെല്ലാം തന്റെ വീരസ്യം പുറത്തെടുത്ത് ആളാകും. സ്രാങ്കിന്റെ ഈ സ്വഭാവം തന്നെയാണ് ചിരി പടര്‍ത്തുന്നതും. തിരക്കഥയ്ക്കു പുറത്തേക്ക് വളരാനുള്ള സലിംകുമാറിന്റെ പാടവം ഈ കഥാപാത്രത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. സലീംകുമാറിനെ എപ്പോഴും ഓര്‍മ്മിക്കുന്നത് കണ്ണന്‍ സ്രാങ്കിലൂടെയാണെന്നും 'മായാവി'യുടെ തിരക്കഥാ രചനയുടെ സമയത്ത് തന്നെ ആ കഥാപാത്രം വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും തന്റെ കഥാപാത്രങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സ്രാങ്കാണെന്നും ഈ കഥാപാത്രത്തിന്റെ സ്രഷ്ടാക്കളിലൊരാളായ മെക്കാര്‍ട്ടിന്‍ പറയുന്നു.

വിവിധ സിനിമകളിലായി മലയാളിക്ക് സലിംകുമാര്‍ സംഭാവന ചെയ്തിട്ടുള്ള നിരവധിയായ ശൈലികളും പ്രയോഗവുമുണ്ട്. തിരക്കഥാകാരന്‍ എഴുതുന്നതാണെങ്കില്‍ പോലും സലിംകുമാറിന്റെ മനോധര്‍മ്മം അതില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ ശൈലിയും സംഭാഷണവും പ്രയോഗവും എക്കാലത്തേക്കുമുള്ള ഈടുവയ്പുകളാകുന്നത്.

'ഇതെന്ത് മറിമായം എനിക്ക് പ്രാന്തായതാണോ അതോ നാട്ടാർക്ക് മൊത്തം പ്രാന്തായിപ്പോയതാണോ?'
'ഇതൊക്കെ യെന്ത്',
'അയ്യോ, ചിരിക്കല്ലേ... ഇതു കഴിച്ചിട്ടു ചിരിച്ചാ പിന്നെ ചിരി നിർത്താൻ പറ്റൂല.'
'ഒരു കൈയബദ്ധം... നാറ്റിക്കരുത്'
'ഇടംവലം നോക്കാതെ ചെയ്തിരിക്കും'
'ഏതായാലും പലഹാരത്തെപ്പറ്റി എന്ന ഓർമ്മിപ്പിച്ച സ്ഥിതിക്ക് എടുത്തോളൂ രണ്ട് ബോണ്ട ഒരു സവാളവട, ഒരു സുഖിയൻ.'
തുടങ്ങി മലയാളി ദിവസജീവിതത്തിലെ ചില ജനപ്രിയ ശൈലികൾ രൂപപ്പെടുന്നത് കണ്ണൻ സ്രാങ്കിൽനിന്നാണ്. ഈ പ്രയോഗങ്ങൾ നിത്യജീവിതത്തിലെ സംഭവങ്ങളോടു ചേർത്ത് പറയാത്ത മലയാളികൾ ചുരുക്കമായിരിക്കും.

'ആശാൻ, ആശാൻ',
'പേരു കിട്ടി വാ ബാലാ'
'മ്യായിൻകുട്ടി.വി, അതായിരുന്നു അവന്റെ പേര്, അത് ചുരുക്കി മ്യായാവി എന്ന് വിളിച്ചത് ഞ്യാനാ'
ദേ ദിങ്ങട് നോക്ക്യേ അവന്റെ ഒരു കയ്യുണ്ടല്ലോ ദേ എന്റെ ഈ കാലിന്റെ അത്രേം വരും
തുടങ്ങിയ പ്രയോഗങ്ങളും സ്രാങ്കിന്റേതാണ്. ഫരതനാട്യം, ഹോസ്പത്രി, നിരപരാധിനി, നിരപരാധകൻ തുടങ്ങി മലയാള ഭാഷാ നിഘണ്ടുവിന് കണ്ണൻ സ്രാങ്ക് സംഭാവന ചെയ്യുന്ന പുതിയ വാക്കുകളുമുണ്ട്. ഇത്ര വലിയ വിതാനത്തിലാണ് റാഫി മെക്കാർട്ടിനും ഷാഫിയും ചേർന്ന് ഒരു ഉപകഥാപാത്രത്തെ തങ്ങളുടെ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. സലിംകുമാറിന്റെ പ്രകടനമികവ് അതിന് പിന്നെയും വിതാനമേറ്റുമ്പോള്‍ ഒരു സിനിമയാകെ അയാളുടേതായി മാറുകയാണ്.

ഒരു ജനപ്രിയസിനിമ ചെലുത്തുന്ന സ്വാധീനത്തിനു തെളിവാണ് ഭാഷയിൽ രൂപപ്പെടുന്ന പുതിയ ശൈലികളും പ്രയോഗങ്ങളും. കല്യാണരാമൻ എന്ന ഷാഫി സിനിമയ്ക്കു ശേഷമാണ്
'സവാള ഗിരിഗിരി'
'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ'
'നീ എവടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ സ്ഥിതി'
'തളരരുത് കലാകാരന്മാരല്ലാത്തവരെ ലോകം അംഗീകരിക്കില്ല'
'ഞാനിത് തിന്ന്വല്ലാ'
'ഉടയ്ക്കല്ലേ പുരാവസ്തുവാണ്'
'ഈ ഗ്ലാസ് ഇവിടെ ഇരിക്കട്ടെ വേസ്റ്റ് ഒഴിക്കാനാണ്'
'ചേട്ടാ, കുറച്ച് ചോറ് ഇടട്ടെ മോരും കൂട്ടി കഴിക്കാൻ'
'നീയൊക്കെ കല്യാണക്കുറി കാണിച്ച് പോയാ മതി'
'ഓരോരുത്തന്മാർ വയറ് വാടകയ്ക്ക് എടുത്ത് വന്നിരിക്കാണ്'
'അടുത്ത ഇലേന്ന് എടുത്ത് കഴിക്കടാ'
'മോനേ കന്നിമാസം വന്നോന്നറിയാൻ പട്ടിക്ക് കലണ്ടർ നോക്കണ്ട'
'ഇംഗ്ലീഷ് അറിയില്ല എന്നിട്ടെന്നോട് സ്പീച്ചാൻ വന്നിരിക്കുന്നു പുവർ മലയാളീസ്'
'മെൽക്കൗ', 'മദാൽദസ'
'ഈ കലവറ നമുക്കൊരു മണിയറയാക്കാം'
തുടങ്ങി നിരവധിയായ പ്രയോഗങ്ങൾ മലയാളി ജീവിതത്തിലേക്ക് വരുന്നത്. ഈ ശൈലികൾ ദിനംപ്രതി സാധാരണ സംഭാഷണത്തിൽ മലയാളി ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു. ടകല്യാണരാമനിടൽ സലിംകുമാറിന്റെ പ്യാരിയും ഇന്നസെന്റിന്റെ പോഞ്ഞിക്കരയുമാണ് ഇത്രയും പ്രയോഗസാധ്യതകൾ ഒരുമിച്ച് മലയാളിക്ക് സംഭാവന ചെയ്യുന്നത്. നിറഞ്ഞ ചിരി സമ്മാനിക്കുന്ന ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത് നായകൻ ഉൾപ്പെടെ മറ്റേതു സുപ്രധാന കഥാപാത്രങ്ങളേക്കാളും മുൻപന്തിയിലുള്ളത് പ്യാരിയും പോഞ്ഞിക്കരയുമാണ്. അങ്ങനെ കഥാനായകനുമായി പൊരുത്തപ്പെടുന്ന പേരുള്ള ഈ സിനിമ ഇരുപതു വർഷത്തിലെത്തുമ്പോഴും ഓർമ്മിക്കപ്പെടുന്നത് പ്രകടനം കൊണ്ട് നായകനേക്കാളും കൈയടി വാങ്ങിയ ഈ രണ്ട് ഉപകഥാപാത്രങ്ങളെ കൊണ്ടാണ്.

ഒരു സിനിമയുടെ നട്ടെല്ലാകുകയും ആ സിനിമ ഓര്‍മ്മിക്കപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്ന മറ്റൊരു കഥാപാത്രം റാഫി മെക്കാര്‍ട്ടിന്റെ 'ചതിക്കാത്ത ചന്തു'വിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രമാണ്. ഇവിടെയും സലിംകുമാര്‍ തന്നെയാണ് യഥാര്‍ഥ നായകന്‍. കാലങ്ങളായി ഒരേ സ്‌റ്റെപ്പിലെ ഇംപ്രവൈസേഷന്‍ കൊണ്ട് സിനിമയിലെ മാസ്റ്റര്‍ ഡാന്‍സറായി നിലനില്‍ക്കുന്ന വിക്രം വേഷത്തിലും നടപ്പിലും സംസാരത്തിലും അടിമുടി പുതുമ നിറയ്ക്കുന്ന കഥാപാത്രമാണ്. തന്റെ ഡാന്‍സിന് കട്ട് പറയുന്ന സംവിധായകനോട് 'എന്തു പറ്റി സാര്‍ കൂടുതല്‍ നന്നായിപ്പോയോ' എന്നാണ് വിക്രം ചോദിക്കുന്നത്. ഈ ചോദ്യത്തിലൂടെ മലയാളി പ്രേക്ഷകരിലേക്ക് തീര്‍ത്തും പുതിയ ഒരു ശൈലിയാണ് വിക്രം മുന്നോട്ടുവയ്ക്കുന്നത്. വിക്രത്തിന്റെ ഡാന്‍സ് സ്‌റ്റെപ്പുകളിലൂടെയാണ്, 'മുദ്ര ശ്രദ്ധിക്കൂ' എന്ന ജനപ്രിയ പ്രയോഗത്തിന്റെ ജനനം. ഈ സിനിമയുടെ ക്ലൈമാക്‌സ് സീക്വന്‍സില്‍ ഒരു കഥാപാത്രത്തിന്റെ സംശയരൂപേണയുള്ള ഒരു സാധാരണ ചോദ്യത്തിന് വിക്രം നല്‍കുന്ന മറുപടി ചരിത്രമാണ്. പില്‍ക്കാലത്ത് മലയാളികള്‍ക്കിടയില്‍ 'ശശി' എന്ന ഒരു പേരിന് അതിവിശാലമായ അര്‍ഥതലങ്ങളും വ്യാഖ്യാനങ്ങളും ചിരിയും ഉടലെടുക്കുന്നതിന് കാരണമാകുന്ന ഡാന്‍സ് മാസറ്റര്‍ വിക്രത്തിന്റെ ആ മറുപടി ഇങ്ങനെയായിരുന്നു, 'മധ്യതിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഒരു രാജാവിന്റേതായിരുന്നു, പേര് ശശി' ഈ മറുപടി പൊട്ടിച്ചിരി സൃഷ്ടിച്ച് തിയേറ്ററില്‍ ഒടുങ്ങുകയായിരുന്നില്ല. മറിച്ച് മലയാളി ജീവിതത്തില്‍ ശശി എന്ന പേര് മറ്റൊരു തലത്തില്‍ പുനര്‍ജനിക്കുകയായിരുന്നു.

മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ കേന്ദ്രകഥാപാത്രമാണ് ട്രെന്‍ഡ് സെറ്റര്‍ ആയതെങ്കിലും ഏറെക്കുറെ സമാനമായ ജനപ്രീതി നേടുകയായിരുന്നു മറ്റു കഥാപാത്രങ്ങളായ അറയ്ക്കല്‍ അബു, ഡൂഡ്, സര്‍ബത്ത് ഷമീര്‍, സാത്താന്‍ സേവ്യര്‍, പി.പി. ശശി, സച്ചിന്‍ ക്ലീറ്റസ് എന്നിവരെല്ലാം. ഒരു സിനിമയില്‍ നായക കഥാപാത്രത്തിന്റേതിനു സമാനമായ പ്രാധാന്യമുള്ള ഇന്‍ട്രൊഡക്ഷന്‍ മറ്റു കഥാപാത്രങ്ങള്‍ക്കെല്ലാം നല്‍കുന്ന പുതുമയാര്‍ന്ന രീതി 'ആടി'ല്‍ അവതരിപ്പിക്കപ്പെട്ടു. ഈ അവതരണവും കഥാപാത്രങ്ങളുടെ വേറിട്ട മാനറിസങ്ങളും ജനപ്രിയമായി. അതോടെ സിനിമയുടെ സീക്വലില്‍ കേന്ദ്രകഥാപാത്രത്തിനു സമാനമോ അതിന് തെല്ലുയരത്തിലോ ഉള്ള സ്വീകാര്യതയായിരുന്നു ഈ ഉപകഥാപാത്രങ്ങള്‍ക്കെല്ലാം ലഭിച്ചത്.

സിദ്ധിഖ് ലാലിന്റെ കാബൂളിവാല എന്ന ചിത്രത്തിലെ നായികാനായകന്മാരേക്കാളും പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നത് ഇന്നസെന്റിന്റെയും ജഗതി ശ്രീകുമാറിന്റെയും കന്നാസിലൂടെയും കടലാസിലൂടെയുമാണ്. പ്രിയദര്‍ശന്റെ 'വെള്ളാനകളുടെ നാട്' മോഹന്‍ലാല്‍-ശോഭന ജനപ്രിയ താരജോടിയുടെ സാന്നിധ്യം കൊണ്ടാണ് റിലീസ് വേളയില്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും പുതിയ തലമുറ കാണികള്‍ക്കിടയിലും ഓര്‍മ്മിക്കപ്പെടുന്നത് കുതിരവട്ടം പപ്പുവിന്റെ സുലൈമാന്‍ എന്ന റോഡ് റോളര്‍ ഡ്രൈവറിലൂടെയും അയാളുടെ സാഹസിക കഥകളിലൂടെയുമാണ്. 'താമരശ്ശേരി ചുരം' എന്ന സ്ഥലവും പ്രയോഗവും ശൈലിയും അമ്മായിവണ്ടി എന്ന വാഹനവും ജനപ്രിയമാകുന്നത് ഈ കഥാപാത്രത്തിലൂടെയാണ്.

സുഗീതിന്റെ 'ഓര്‍ഡിനറി'യിലെ പാലക്കാട്ടുകാരന്‍ ഡ്രൈവര്‍ സുകു എന്ന ബിജുമേനോന്‍ കഥാപാത്രമാണ് നായകനായ കുഞ്ചാക്കോ ബോബനേക്കാളും കൈയടി നേടുന്നത്. ബിജുമേനോന്റെ നായക സ്ഥാനത്തേക്കുള്ള വളര്‍ച്ചയില്‍ വഴിത്തിരിവാകുന്നതും ഈ കഥാപാത്രം തന്നെ. റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഉദയനാണ് താരം' ഉദയന്‍ എന്ന മോഹന്‍ലാലിന്റെ കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തെ പിന്തുടരുന്നതോടൊപ്പം ശ്രീനിവാസന്റെ തെങ്ങുംമൂട് രാജപ്പന്‍ സരോജ്കുമാറായി മാറുന്ന കഥ കൂടി പറയുകയാണ്. ഈ സിനിമയില്‍ നായകനെക്കാളേറെ പ്രേക്ഷകപ്രീതി നേടുന്നത് രസികത്തവും പ്രതിനായക സ്വഭാവവുമുള്ള സരോജ്കുമാറാണ്. ശ്രീനിവാസന്റെ ഈ കഥാപാത്രം നേടിയ വന്‍ ജനപ്രീതിയെ തുടര്‍ന്നാണ് പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന സീക്വല്‍ തന്നെ ഉണ്ടാകുന്നത്.

'കിലുക്ക'ത്തിലെ ജഗതിയുടെ നിശ്ചല്‍, 'മീശമാധവനി'ലെ ജഗതിയുടെ കൃഷ്ണവിലാസം ഭഗീരഥന്‍പിള്ള, 'ഗോഡ്ഫാദറി'ലെ എന്‍ എന്‍ പിള്ളയുടെ അഞ്ഞൂറാന്‍, 'ലേല'ത്തിലെ സോമന്റെ ആനക്കാട്ടില്‍ ഈപ്പച്ചന്‍, 'വെനീസിലെ വ്യാപാരി'യിലെ സലിംകുമാറിന്റെ അല്‍ കമലാസനന്‍, 'ഈ പറക്കുംതളിക'യിലെ ഹരിശ്രീ അശോകന്റെ സുന്ദരന്‍, കൊച്ചിന്‍ ഹനീഫയുടെ സി ഐ വീരപ്പന്‍ കുറുപ്പ്, 'തിളക്ക'ത്തിലെ സലിംകുമാറിന്റെ ഓമനക്കുട്ടന്‍, 'വണ്‍മാന്‍ ഷോ'യിലെ സലിംകുമാറിന്റെ ഭാസ്‌കരന്‍, 'തൊമ്മനും മക്കളു'മിലെ രാജന്‍ പി ദേവിന്റെ തൊമ്മന്‍, സലിംകുമാറിന്റെ രാജാക്കണ്ണ്, 'തെങ്കാശിപ്പട്ടണ'ത്തിലെ ദിലീപിന്റെ ശത്രുഘ്‌നന്‍, 'പത്ര'ത്തിലെ എന്‍ എഫ് വര്‍ഗീസിന്റെ വിശ്വനാഥന്‍, 'സത്യമേവ ജയതേ'യിലെ സിദ്ധിഖിന്റെ ബാലുഭായ്, 'കന്മദ'ത്തിലെ മഞ്ജുവാര്യരുടെ ഭാനുമതി, 'സമ്മര്‍ ഇന്‍ ബത്‌ലഹേമി'ലെ മഞ്ജു വാര്യരുടെ അഭിരാമി, 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു'വിലെ ശ്രീനിവാസന്റെ വിശ്വനാഥ്, 'സ്ഫടിക'ത്തിലെ തിലകന്റെ ചാക്കോ മാഷ്, 'മൂന്നാംപക്ക'ത്തിലെ തിലകന്റെ തമ്പി തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കൊണ്ട് അതതു സിനിമകളില്‍ ഏറ്റവുമധികം ഓര്‍മ്മിക്കുന്ന കഥാപാത്രങ്ങളാണ്. 'തെങ്കാശിപ്പട്ടണ'ത്തില്‍ നായകന്മാരായ സുരേഷ് ഗോപിയേക്കാളും ലാലിനേക്കാളും ഹാസ്യാത്മകമായ പ്രകടനത്തിലൂടെയാണ് ദിലീപിന്റെ കഥാപാത്രം പ്രേക്ഷകപ്രീതി നേടുന്നത്. ഈ കഥാപാത്രത്തിന്റെ വിജയത്തിലൂടെയാണ് ദിലീപ് മുന്‍നിര നായക സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കപ്പെടുന്നതും.

ഹാസ്യകഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് എപ്പോഴും പ്രത്യേക മമതയുണ്ട്. സിനിമ കണ്ട് ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരുമെന്നതു തന്നെയാണ് ഈ പ്രതിപത്തിക്കു കാരണം. അതുകൊണ്ടു തന്നെ തങ്ങളെ ചിരിപ്പിച്ച കഥാപാത്രങ്ങളെയായിരിക്കും പ്രേക്ഷകര്‍ എപ്പോഴും പ്രത്യേകം ഓര്‍മ്മിക്കുന്നതും ആവര്‍ത്തിച്ചു കാണാന്‍ താത്പര്യപ്പെടുന്നതും. എന്നാല്‍, ചിരിപ്പിക്കാതെ ഗൗരവതരമാര്‍ന്ന അഭിനയ പ്രകടനം കൊണ്ട് കേന്ദ്രകഥാപാത്രത്തെ നിഷ്പ്രഭരാക്കുന്നതും പ്രേക്ഷകര്‍ ആ സിനിമയില്‍ ഏറ്റവുമധികം ഓര്‍ത്തിരിക്കുന്നതുമായ ചില കഥാപാത്രങ്ങളുണ്ട്. 'മണിച്ചിത്രത്താഴി'ലെ ശോഭനയുടെ ഗംഗയും നാഗവല്ലിയുമായുള്ള പകര്‍ന്നാട്ടം അത്തരത്തിലൊന്നാണ്. ഈ സിനിമയില്‍ സവിശേഷവും രസികത്തം നിറഞ്ഞതുമായ മോഹന്‍ലാലിന്റെ ഡോ. സണ്ണിയെ ഇഷ്ടപ്പെടാതിരിക്കാനാവില്ലെങ്കിലും ശോഭനയുടെ പ്രകടനം വേറിട്ടു തന്നെ നില്‍ക്കുന്നു. ഈ സിനിമയോട് പ്രേക്ഷകര്‍ ആദ്യം ചേര്‍ത്തുവയ്ക്കുന്ന പേരും നാഗവല്ലിയുടെ അല്ലെങ്കില്‍ ശോഭനയുടേതു തന്നെ.

Content Highlights: ramanan, manavalan, dashamoolam damu..iconic comedy characters in malayalam movie industry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented