മഖ്ബൂലിന്റെ കഥ; കശ്മീരിലെ മാധ്യമങ്ങളുടേയും | Off the record


രാജേഷ് കോയിക്കല്‍കശ്മീരിലെ മാധ്യമലോകം അനുഭവിക്കുന്ന അസാധാരണ സാഹചര്യങ്ങള്‍, പ്രാദേശിക രാഷ്ട്രവാദങ്ങള്‍ക്കിടയില്‍ വേറിട്ടൊരു വാര്‍ത്താ സംസ്‌കാരരീതി പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെട്ട കശ്മീരിലെ മാധ്യമ പ്രവര്‍ത്തകര്‍. തന്റെ ഉത്തരേന്ത്യന്‍ മാധ്യമപ്രവര്‍ത്തന ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ രാജേഷ് കോയിക്കല്‍. ലേഖകന്‍ ദീര്‍ഘകാലം ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നു.

ശ്രീനഗറിലെ ലാൽ ചൗക്ക് | വര: ദ്വിജിത്ത്‌

മ്മുവില്‍നിന്നുളള ആദ്യവിമാനം ശ്രീനഗറിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയാണ്. തണുപ്പിന്റെ കരിമ്പടവുമായി ശൈത്യകാലം ഹിമാലയമിറങ്ങി വരുന്നു. കാറ്റില്‍ സ്ഥാനം തെറ്റിയ ഷോള്‍ നേരെയാക്കി. സൈനികരുടെ കനത്ത സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിമാനത്തിലേക്ക് കയറി. കാണാനിരിക്കുന്നത് മഞ്ഞിന്റെ മായാക്കാഴ്ച്ചയാണെന്ന് എയര്‍ഹോസ്റ്റസ് ചെറിയ സൂചന നല്‍കി. ഉധംപൂരിനു മുകളിലൂടെ ഹിമാലയത്തെ മുറിച്ചൊരു വ്യോമയാത്ര. ഏകദേശം അരമണിക്കൂര്‍ ദൈര്‍ഘ്യമുളള യാത്ര പകുതിയായപ്പോഴേക്കും കോക്പിറ്റില്‍നിന്ന്‌ അനൗണ്‍സ്‌മെന്റ്. 'ഇപ്പോള്‍ വിമാനത്തിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്തു കാണുന്നതാണ് ഹിമാലയം'. വിമാനജാലകത്തിലൂടെ താഴേക്ക് നോക്കൂമ്പോള്‍ ആദ്യം പൈന്‍ മരങ്ങളുടെ ഹരിതാഭ. ചാരനിറത്തിലുളള പര്‍വ്വതങ്ങള്‍, അതിനപ്പുറം കറുപ്പ്. പിന്നെയാണ് വെളള പുതപ്പില്‍ ഹിമാലയം. മഞ്ഞ് ഊര്‍ന്നിറങ്ങിയ പര്‍വ്വതങ്ങള്‍.

ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ഇനി നേരിടാനുളള തണുപ്പിന്റെ കാഠിന്യം എത്രയായിരിക്കുമെന്ന് ഏകദേശ ധാരണയായിരുന്നു. ദാല്‍ തടാകത്തിനു സമീപത്തുളള ഹോട്ടലില്‍ ആയിരുന്നു താമസം. ഒമ്പത് കിലോ മീറ്റര്‍ യാത്രയില്‍ വഴിയിലുടനീളം സൈനികരും അവരുടെ വാഹനങ്ങളും. നിയമസഭാ തിരഞ്ഞെടുപ്പ് കവര്‍ ചെയ്യുകയായിരുന്നു ലക്ഷ്യം. കോഴിക്കോട് മാതൃഭൂമിയിലെ സീനിയറായ കെ. മധു നല്‍കിയ കശ്മീരി മാധ്യമ പ്രവര്‍ത്തകനായ മഖ്ബൂല്‍ സഹിലിന്റെ കോണ്‍ടാക്റ്റ് നമ്പര്‍ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. ഹോട്ടലിലേക്കുളള യാത്രയില്‍ മഖ്ബൂലിനെ പലവട്ടം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മാധ്യമ പ്രവര്‍ത്തകനായ മഖ്ബൂലിനെ കാണേണ്ടത് കശ്മീരിനെ അടുത്തറിയാനുളള യാത്രയ്ക്ക് അനിവാര്യമായിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക അധികാര പദവിയുള്ള കാലമായിരുന്നു അത്. ഇതു പ്രകാരം സര്‍ക്കാര്‍-സ്വകാര്യമേഖലയില്‍ പ്രാദേശികവത്കരണമായിരുന്നു. അന്യ-സംസ്ഥാനക്കാര്‍ക്ക് തൊഴില്‍ ചെയ്യാന്‍ നിയമപ്രകാരം വിലക്കുണ്ടായിരുന്നു. കശ്മീരികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതും അസാധ്യമായിരുന്നു. മോദി സര്‍ക്കാര്‍ അനുഛേദം 370 റദ്ദാക്കിയെങ്കിലും ഈ രണ്ടു മേഖലയിലും ഇപ്പോഴും മാറ്റമൊന്നും ഉണ്ടായിട്ടില്ല.

തടാകത്തിനു സമീപത്തെ നടപ്പാതയിലെ സിമന്റ് ബെഞ്ചില്‍ ഇരിക്കുമ്പോഴാണ് മെഹ്‌റാജുദ്ദീന്‍ ബട്ടിനെ പരിചയപ്പെട്ടത്. പ്രാദേശിക പത്രത്തിന്റെ ലേഖകന്‍. ബട്ടില്‍നിന്നാണ് കശ്മീരിലെ മാധ്യമ ലോകം അനുഭവിക്കുന്ന അസാധാരണ സാഹചര്യം മനസിലാക്കുന്നത്.

ദേശീയത, പ്രതിരോധം, രാഷ്ട്രീയം, വിദേശ നയങ്ങളിലെല്ലാം മറ്റു മാധ്യമ പ്രവര്‍ത്തകരില്‍നിന്നു വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് കശ്മീരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നതെന്ന് ബട്ട് പറഞ്ഞു. പിന്നീടുള്ള വിവരണങ്ങള്‍ കഥ പോലെ ലളിതമായിരുന്നില്ല. ഭീകരാക്രമണത്തിലും സൈനീക നീക്കങ്ങളിലെല്ലാം രാജ്യ താത്പര്യത്തിനൊപ്പം കശ്മീരികളുടെ വികാരവും പ്രതിഫലിപ്പിക്കുക എന്നത് അവിടത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. ഭീകരരുടെ ഭീഷണിയും ഭരണകൂട സമ്മര്‍ദ്ദവും ഒരുപോലെ. ഇതിനിടയില്‍ വാര്‍ത്ത എഴുത്ത് ബാലന്‍സിങ് ആക്റ്റായി മാറി. പ്രാദേശിക, രാഷ്ട്രവാദങ്ങള്‍ക്കിടയില്‍ വേറിട്ടൊരു വാര്‍ത്താ സംസ്‌കാരരീതി പിന്തുടരാന്‍ കശ്മീരിലെ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കപ്പെട്ടതായി മെഹ്റാജുദീന്‍ പറഞ്ഞു.

ലാല്‍ ചൗക്കിലാണ് ഭൂരിഭാഗം മാധ്യമ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് മെഹറാജുദ്ദീന്‍ പറഞ്ഞു. ലാല്‍ ചൗക്ക്, ശീനഗറിലെ ഹൃദയമാണ്. ഇവിടെ ക്ലോക്ക് ടവര്‍ ആണ് ശ്രദ്ധാകേന്ദ്രം. ബി.ജെ.പി. നേതാക്കള്‍ പലപ്പോഴും ടവറില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ചതൊക്കെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഇവിടെ പതാക ഉയര്‍ന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു.

ലാല്‍ ചൗക്കിലേക്ക് മെഹ്റാജുദീന്റെ ഇരുചക്ര വാഹനത്തില്‍ ആയിരുന്നു യാത്ര. അപ്പോഴും ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം പ്രധാന റോഡുകളിലെ സൈനിക സാന്നിധ്യമാണ്. ഇതെല്ലാം ശീലമായി കഴിഞ്ഞതായി ബട്ട് ചെറുചിരിയോടെ പറഞ്ഞു. വഴിയരികിലെ പോലീസ് സ്റ്റേഷന് പുറത്ത് ചെറിയ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ വണ്ടി നിര്‍ത്താന്‍ ബട്ടിനോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ വഴങ്ങിയില്ല. തെല്ലു ദൂരെ ബൈക്ക് അയാള്‍ ഒതുക്കി നിര്‍ത്തി. എന്റെ ശ്രദ്ധ അപ്പോഴും ആള്‍ക്കൂട്ടത്തിന് നേര്‍ക്കായിരുന്നു. അമ്മമാര്‍ വഴിയരികില്‍ കുത്തിയിരുന്നു കരയുന്നു. പ്രായമായ ആളുകളില്‍ ചിലര്‍ പോലീസിനോട് തര്‍ക്കിക്കുന്നതും കാണാം.

'മെഹ്റാജുദീൻ എന്താണ് സംഭവിക്കുന്നത്?.
'ഇതൊക്കെ കശ്മീരിലെ മിക്ക പോലീസ് സ്റ്റേഷനിലേയും പതിവ് കാഴ്ചയാണ്'
സിഗരറ്റ് പുകച്ചു കൊണ്ടായിരുന്നു അയാളുടെ മറുപടി.
അയാൾ ഒന്നുകൂടി പറഞ്ഞു: 'സൈന്യത്തിനും പോലീസിനും നേരെ കല്ലെറിഞ്ഞവരുടെ കുടുംബാംഗങ്ങളാണ്. പിടിയിലായവരിൽ ഭൂരിഭാഗവും ചെറുപ്പക്കാർ ആയിരിക്കും'.
സംഭവത്തിന്റെ വ്യാപ്തി മനസിലായതോടെ യാത്ര തുടരാൻ തീരുമാനിച്ചു.

ടൂവീലര്‍ ലാല്‍ ചൗക്കില്‍ എത്തിയിരുന്നു. ഗ്രേറ്റര്‍ കശ്മീര്‍, റൈസിങ് കശ്മീര്‍ പോലെ നിരവധി മാധ്യമ സ്ഥാപനങ്ങള്‍. സംഘര്‍ഷം പതിവായതിനാല്‍ വിദേശവാര്‍ത്ത ഏജന്‍സികളുടെ ഓഫീസുകളും നിരവധി. വിഘടനവാദ പ്രവര്‍ത്തനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍. എന്നും സംഘര്‍ഷ ഭരിതമായിരുന്നു ന്യൂസ് റൂമുകളെന്നു മെഹ്‌റാജുദീന്‍ വിവരിച്ചു. ദിവസങ്ങള്‍ നീളുന്ന കര്‍ഫ്യൂവും പ്രതിഷേധങ്ങളും. മാധ്യമ പ്രവര്‍ത്തകരേയും സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാക്കി. സൈന്യവുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവര്‍ ഭൂരിഭാഗവും ഭീകരരായിരുന്നു. ഒന്നുകില്‍ പ്രാദേശിക ഭീകരന്‍, അല്ലെങ്കില്‍ പാക് സ്വദേശികള്‍. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ കശ്മീരി മാധ്യമ പ്രവര്‍ത്തകര്‍ക്കു വിശാലമായ ആലോചന അനിവാര്യമായിരുന്നു. ജിഹാദി, നിരപരാധി, അക്രമി തുടങ്ങിയ വിശേഷണങ്ങളായിരുന്നു അവര്‍ക്ക് ഏറെയും പരിചിതം. ന്യൂസ് റൂം തീരുമാനങ്ങളും എഡിറ്റോറിയല്‍ നയങ്ങളുമെല്ലാം പ്രാദേശിക- ദേശീയ രാഷ്ട്രീയത്തിന്റേയും സൈനിക സമ്മര്‍ദ്ദങ്ങളിലും തിങ്ങി ഞെരുങ്ങി പരുവപ്പെട്ടു.

കശ്മീര്‍ അശാന്തമാകാന്‍ തുടങ്ങിയ 90-കളിലാണ് മാധ്യമ പ്രവര്‍ത്തകരുടെ പ്രൊഫഷണലിസത്തിന് ക്ഷയം സംഭവിച്ചു തുടങ്ങിയതെന്ന് ബട്ട് ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു. ദേശീയത എന്ന ഭരണഘടന ഉത്തരവാദിത്വം, സൈന്യത്തോടുളള വിശ്വാസ്യതയും ഒരു ഭാഗത്ത്. തീവ്രവാദികളുടെ ഭീഷണി മറുഭാഗത്തും. മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല. തീവ്രവാദികള്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളും ലക്ഷ്യംവെച്ചു തുടങ്ങി. ഭരണകൂടത്തെ പിന്തുണച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയുടെ തണലുണ്ടായിരുന്നു. മറ്റുള്ളവര്‍ സ്വയം രക്ഷ കണ്ടെത്തി.

എന്നാലും കശ്മീരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഭീകരരുടെ അക്രമണത്തിന് ഇരയായി കൊണ്ടിരുന്നു. 1990-ല്‍ ശ്രീനഗറിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ സ്റ്റേഷന്‍ ഡയറക്ടര്‍ ലസ്സ കൗള്‍, 91-ല്‍ അല്‍- സഫ എഡിറ്റര്‍ മുഹമ്മദ് ഷബാന്‍ വഖീല്‍ ഒക്കെ ഭീകരവാദത്തിന്റെ ഇരകളായി. ഇനി ആരെന്ന ചോദ്യത്തിന് ഓരോ വര്‍ഷവും കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു. ഏറെ ആകാംക്ഷയോടെയും ഭയത്തോടെയുമായിരുന്നു ബട്ടിന്റെ ഓരോ വാക്കും ശ്രവിച്ചു കൊണ്ടിരുന്നത്.

ഇരുള്‍ പരന്നതോടെ റോഡെല്ലാം കാലിയായി തുടങ്ങി. ഇതിനിടെ ഒട്ടേറെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാനായി. ഫോട്ടോഗ്രാഫര്‍മാരില്‍ നിരവധി പേര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു പരിചയമുളളവരായിരുന്നു. മെഹ്‌റാജൂദ്ദിന്‍ ബട്ടിനോട് യാത്ര പറഞ്ഞ് ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോഴും മഖ്ബൂലിനെ വിളിച്ചു. പതിവ് നിരാശ.

എട്ട് ദിവസം പോയതറിഞ്ഞില്ല. തണപ്പ് കൂടി കൂടി വന്നു. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന്റെ തലേന്ന് സോന്‍ മാര്‍ഗില്‍ മഞ്ഞ് പെയ്യാന്‍ കാണാന്‍ കഴിയുമോയെന്ന് അന്വേഷിച്ചു. ശൈത്യകാലം കഠിനമാകാന്‍ തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍. ശ്രീനഗറില്‍നിന്നും 80 കിലോമീറ്റര്‍ ദൂരെയുളള സോനാമാര്‍ഗിലേക്ക് കാര്‍ മാര്‍ഗം യാത്ര തിരിച്ചു. ഗന്ദേര്‍ബാളും ലാറിയും പിന്നിട്ട് രണ്ടര മണിക്കൂറോളം യാത്ര ചെയ്താണ് സോനാമാര്‍ഗിലെത്തിയത്. മഞ്ഞുമൂടിയാല്‍ പിന്നെ ശ്രീനഗറില്‍നിന്നു ലേ-ലഡാക്കിലേക്കുളള ദേശീയപാത ആറ് മാസത്തോളം അടച്ചിടും. സൈനിക വാഹനങ്ങള്‍ സാഹസിക യാത്ര നടത്തും.

അമ്പതടി ഉയരത്തില്‍ വരെ ഈ ഭാഗങ്ങളില്‍ മഞ്ഞ് മൂടും. സോനാ മാര്‍ഗില്‍നിന്നു കച്ചവടക്കാര്‍ മലയിറങ്ങി തുടങ്ങിയിരുന്നു. മിക്കവാറും ഹോട്ടലുകളും ഹോം സ്റ്റേകളും അടഞ്ഞു കിടക്കുകയാണ്. ഏതാനും കഴുതകള്‍ ചുമലില്‍ വലിയ ഭാരവുമായി നില്‍ക്കുകയാണ്. തണുപ്പ് കൂടിയതോടെ വിറക് കൂട്ടി തീ കായുന്നവര്‍ക്ക് സമീപത്തേക്ക് ചെന്നു. ചൂടന്‍ചായ കുടിച്ചു കൊണ്ടിരിക്കെ എന്റെ സമീപത്തേക്ക് ഒരാള്‍ നടന്നു വന്നു. ഞങ്ങളുടെ മലയാളം കേട്ടതു കൊണ്ടാണോയെന്ന് അറിയില്ല അടുത്ത് വന്നയുടന്‍ അയാള്‍ പരിചയക്കാരെ പോലെ പുഞ്ചിരിച്ചു. 'കേരളത്തില്‍ നിന്നാണോയെന്ന് പരുക്കന്‍ ശബ്ദത്തിലായിരുന്നു ചോദ്യം. അതേയെന്ന് മറുപടി നല്‍കി. മഞ്ഞുപെയ്തു തുടങ്ങിയിരുന്നു. മഴ പോലെ. നൂല്‍മഞ്ഞ്. അതുവരെ കാണാമായിരുന്ന റോഡും പര്‍വ്വതങ്ങളും പൈന്‍ മരങ്ങളുമെല്ലാം മഞ്ഞില്‍ പുതഞ്ഞു തുടങ്ങി.

എനിക്കെന്തോ അയാളെ മുൻപരിചയമുളളതു പോലെ തോന്നി.
ഒടുവിൽ ഞാൻ മടിച്ച് മടിച്ച് ചോദിച്ചു: ആർ യു മഖ്ബൂൽ?
അയാൾ അവിശ്വാസനീയതോടെ എന്നെ തുറിച്ചു നോക്കി. 'യെസ് ആം മഖ്ബൂൽ സഹിൽ. നിങ്ങൾക്ക് എങ്ങനെ എന്റെ പേര് മനസിലായി '
മറുചോദ്യം. ഞാൻ ഇതുവരെ അന്വേഷിച്ചു കൊണ്ടിരുന്ന ആളാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. എനിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
'സാർ, അങ്ങയുടെ ഫോണിലേക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാവിലെയും വൈകുന്നേരവും വിളിച്ചു കൊണ്ടിരുന്ന ആളാണ്.'
'റിയലി ?'
മഖ്ബൂൽ ഫോണെടുത്തു നോക്കി. ഈ നമ്പർ ആണോയെന്ന് ചോദിച്ചു.
ഞാൻ തലയാട്ടി. 'സോറി, പരിചയമില്ലാത്ത നമ്പറുകൾ ഇപ്പോൾ എടുക്കാറില്ല.'
മഖ്ബൂൽ ഹസ്തദാനം നടത്തി. കശ്മീരിലെ മാധ്യമ പ്രവർത്തകരുടെ മറ്റൊരു അവസ്ഥയാണ് മഖ്ബൂലിലൂടെ അനാവരണം ചെയ്യപ്പെട്ടത്. അറിയപ്പെടുന്ന മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്നു മഖ്ബൂൽ. തീവ്രവാദത്തിന്റെ ഇര.

മഞ്ഞുമൂടി തുടങ്ങിയതോടെ മടങ്ങിപ്പോകാന്‍ സൈനികര്‍ എല്ലാവരേയും നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. മഖ്ബൂലിനെ കേള്‍ക്കാതെ എങ്ങനെയാണ് കശ്മീര്‍ യാത്ര പൂര്‍ണമാവുക? തിരക്കിനിടയിലും മഖ്ബൂല്‍ സംസാരിക്കാന്‍ തയ്യാറായി. ലോകത്ത് ഏറ്റവും സാഹസികമായി തൊഴിലെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കശ്മീരിലായിരിക്കുമെന്ന് മഖ്ബൂല്‍ പറഞ്ഞു. ജീവന് ഭീഷണി നേരിടുമ്പോഴും സത്യത്തിനും ദേശതാത്പര്യത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെയാണ് കശ്മീരിലെ മാധ്യമ പ്രവര്‍ത്തകന്റെ യാത്ര. നിങ്ങള്‍ക്ക് കണ്ണില്‍ കണ്ടത് എഴുതാന്‍ ആകില്ല.

എഡിറ്റിങ്, എഡിറ്റിങ്, എഡിറ്റിങ്. എത്രമാത്രം സ്വാംശീകരിക്കാമോ അത്രമാത്രം സ്വാംശീകരിച്ചാണ് വാര്‍ത്ത അവതരണവും എഴുത്തും. കശ്മീരിന് പ്രത്യേക അധികാരമുണ്ടെങ്കിലും അതിനും ഒരു പരിധിയുണ്ട്. എന്നെങ്കിലും ഈ അധികാരങ്ങള്‍ ഇല്ലാതാകുമെന്ന് ഇവിടത്തെ ജനങ്ങള്‍ ആശങ്കപ്പെടുന്നുണ്ട്. സൈന്യത്തിന്റെ അമിത അധികാരങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. പിറന്ന മണ്ണില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നടക്കേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്? ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനാണ് ആദ്യം ഭരണകൂടം ശ്രമിക്കേണ്ടത്. സമീപകാലത്ത് പ്രധാനമന്ത്രി എ.ബി വാജ്‌പേയിയ്ക്ക് മാത്രമാണ് കശ്മീരികളുടെ മനസ് കുറച്ചെങ്കിലും വായിക്കാന്‍ കഴിഞ്ഞത്. മുറിവേറ്റ ജനതയാണ്. ഇപ്പോഴും മുറിവില്‍ ആഴത്തില്‍ പ്രഹരമേല്‍പ്പിക്കുകയാണ് ചിലര്‍. കേന്ദ്രം ഭരിക്കുന്നവര്‍ പലപ്പോഴും കശ്മീരികളുടെ മനസറിയാന്‍ താത്പര്യപ്പെടുന്നില്ല. ഇന്ത്യയെന്ന വിശാല ക്യാന്‍വസില്‍ കശ്മീരികളുടെ താത്പര്യം ഹനിക്കപ്പെടുകയാണെന്നും മഖ്ബൂല്‍ പറഞ്ഞു. കശ്മീരികളുടെ മനസിലെന്തെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം മഖ്ബൂലില്‍ നിന്നും ഉണ്ടായില്ല. ഇന്ത്യ എന്റെ രാജ്യമാണ്. പക്ഷെ.... മഖ്ബൂല്‍ പറഞ്ഞുനിര്‍ത്തി.

മഖ്ബൂലിന്റെ ജീവിതത്തിന് കശ്മീരിലെ ഭീകരവിരുദ്ധ ഓപറേഷനുമായി അടുത്ത ബന്ധമുണ്ട്. വേട്ടയാടപ്പെട്ട ഇരുളടഞ്ഞ ഭൂതകാലത്തിന്റെ നോവുണ്ട്. 2000-ല്‍ ആണ് മക്ബൂലിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം. പാക് ചാര സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അമേരിക്കന്‍ വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന വാര്‍ത്ത ആയിരുന്നു അറസ്റ്റിന് കാരണം. പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ ഐ.എസ്‌.ഐയുമായി ബന്ധം സ്ഥാപിച്ച മഖ്ബൂല്‍ ചാരനായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസില്‍ 40 മാസം ജയിലില്‍ കിടന്നു. മാധ്യമലോകത്ത് നിന്നുപോലും പിന്തുണ ലഭിച്ചില്ല. നരകജീവിതത്തിനുശേഷം ജയില്‍മോചിതനാകുമ്പോള്‍ ജോലി നഷ്ടപ്പെട്ടിരുന്നു. ശാരീരികവും മാനസികവുമായ അവശത വേറെയും. ഒരു കാലത്ത് മാധ്യമ പ്രവര്‍ത്തനത്തില്‍നിന്നു പുറത്താക്കപ്പെട്ടതിന്റെ കടുത്ത നിരാശ മഖ്ബൂലില്‍ പ്രകടമായിരുന്നു. ഞങ്ങള്‍ക്ക് മടങ്ങി പോകാനുളള അവസാന മുന്നറിയിപ്പും സൈനികര്‍ നല്‍കിക്കഴിഞ്ഞു. ഇനിയും അവിടെ തുടര്‍ന്നാല്‍ മഞ്ഞില്‍ കുടുങ്ങുമെന്ന് ഉറപ്പായിരുന്നു. മടങ്ങും നേരം ആലിംഗനം തരാന്‍ മക്ബൂല്‍ മറന്നില്ല.

പിന്‍ കുറിപ്പ്

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2018ല്‍ മഖ് ബൂല്‍ സഹിലിന്റെ മരണ വാര്‍ത്ത വലിയ ഞെട്ടലോടെയാണ് കേട്ടത്. റോഡിലൂടെ നടന്നു പോകുമ്പോള്‍ കുഴഞ്ഞു വീണായിരുന്നു മരണം. ധീരനായ മാധ്യമ പ്രവര്‍ത്തകര്‍ എന്നായിരുന്നു ഒരുകാലത്ത് തള്ളിപ്പറഞ്ഞ സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുസ്മരിച്ചത്. ഒരാലിംഗനം നല്‍കിയ സൗഹൃദത്തിന് ഒരായിരം ഓര്‍മ പൂക്കള്‍ അര്‍പ്പിച്ചായിരുന്നു അന്നത്തെ എന്റെ ദിനം അവസാനിച്ചത്.

Content Highlights: rajesh koyikkal column off the record

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented