കേരള്‍, കരേല അഥവാ പാവയ്ക്ക | Off the record


രാജേഷ് കോയിക്കല്‍ഉത്തരേന്ത്യക്കാര്‍ക്ക് കേരളമെന്നാല്‍ ദാ ഇതൊക്കെയാണ്..കേരളത്തെ പറ്റിയുളള ഉത്തരേന്ത്യക്കാരുടെ കാഴ്ചപ്പാടുകള്‍ തിരിച്ചറിഞ്ഞ രസകരമായ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് മാതൃഭൂമി ന്യൂസിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറായ രാജേഷ് കോയിക്കല്‍

പ്രതീകാത്മക ചിത്രം

തര സംസ്ഥാനക്കാര്‍ക്ക് കേരളമെന്നാല്‍ എന്താണ്? പ്രത്യേകിച്ച് ഉത്തരേന്ത്യക്കാര്‍ക്ക്. കശ്മീരില്‍, ബംഗാളില്‍, യു.പിയില്‍, മധ്യപ്രദേശില്‍, അസമില്‍ ഇവിടെയെല്ലാം കേരളത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്.

കോണാട്ട് പ്ലേസില്‍നിന്നു ശാദിപുരിലേക്കുളള യാത്രയില്‍ ഓട്ടോ ഡ്രൈവര്‍ അലോകിന്റെ സംശയങ്ങള്‍ ഏറെ ചിരിപ്പിച്ചിരുന്നു. മദ്രാസി ആണോ എന്നായിരുന്നു ആദ്യ ചോദ്യം. കേരളീയനാണെന്ന് മറുപടി നല്‍കി. അപ്പോള്‍ കേരളം തമിഴ്‌നാട്ടിലോണോ എന്നായി സംശയം. നിങ്ങളുടെ ഭാഷ തെലുങ്കാണോയെന്ന അലോകിന്റെ ചോദ്യത്തിനു പുഞ്ചിരിച്ചു കൊണ്ട് വാഹനത്തിന് പുറത്തേക്ക് നോക്കി ഇരിക്കാനെ കഴിഞ്ഞുളളൂ.

കേരളം ശ്രീലങ്കയിലാണെന്ന് ധരിക്കുന്നവരും കുറവല്ല. ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളില്‍നിന്നു ഡല്‍ഹിയിലേക്ക് കുടിയേറിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ഇ റിക്ഷക്കാർ, മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവര്‍ വരെ ഇത്തരം സംശയക്കാരാണ്. ശ്രീലങ്കയുടെ ഭാഗമായ സമുദ്രമുളള സംസ്ഥാനം. ഇതായിരുന്നു ചിലരുടെ ധാരണ. രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നു ലോക്‌സഭയിലേക്ക് മത്സരിച്ചതോടെയും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖര വാര്‍ത്തയുമെല്ലാം ഉത്തരേന്ത്യക്കാരുടെ ഇത്തരം അബദ്ധചിന്തകളില്‍ സാരമായ മാറ്റം വരുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് 2013-ലാണ് ആദ്യ കശ്മീര്‍ യാത്ര. ഡല്‍ഹിയില്‍നിന്ന് ബസില്‍ ജമ്മുവിലേക്ക്. അവിടെനിന്ന് വിമാനത്തില്‍ ശ്രീനഗര്‍. സുരക്ഷയുടെ പുതപ്പിലാണെങ്കിലും അശാന്തമായിരുന്നു താഴ്വര. വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങി ടാക്‌സിക്ക് വേണ്ടിയുള്ള അന്വേഷണമെത്തിച്ചത് ഹിദായത്തുള്ളയുടെ അടുത്ത്. ടാക്‌സി വേണമെന്ന ആവശ്യത്തെ എവിടെനിന്നു വരുന്നുവെന്ന ചോദ്യത്തിലൂടെ ഹിദായത്തുള്ള നേരിട്ടു. ഡല്‍ഹിയെന്ന് പറഞ്ഞെങ്കിലും ഹിദായത്തുള്ളയുടെ അവിശ്വസനീയ നേട്ടത്തിന് മുന്നില്‍ തിരുത്തി, കേരള. ചെറു പുഞ്ചിരിയോടെ കൈ നീട്ടി ആ അഞ്ചടിക്കാരന്‍. ടാക്‌സിക്ക് സമീപത്തേക്ക് നടക്കുമ്പോഴെല്ലാം അയാള്‍ കേരളത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചു. 'വിദ്യാഭ്യാസമുള്ളവരുടെ നാട്. വികസിത സംസ്ഥാനം. ഞങ്ങള്‍ സമാധാനമെന്തെന്ന് അറിഞ്ഞിട്ട് നാളുകളായി. കേരളത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസമുള്ളതിനാല്‍ രാഷ്ട്രീയക്കാരുടെ കൗശലം എളുപ്പത്തില്‍ മനസിലാക്കാനാകും'. പിന്നെ ഒന്ന് കൂടി പറഞ്ഞു പരസ്യമായി ബീഫ് കഴിക്കാന്‍ പറ്റുന്ന സ്ഥലം. ഹിദായത്തുള്ള കേരളത്തില്‍ വന്നിട്ടില്ല. പോയി വന്നവരില്‍നിന്നുള്ള കേട്ടറിവാണ് വിവരിച്ചത്. ഒരിക്കല്‍ കേരളത്തില്‍ വരണമെന്നുണ്ട്, അയാള്‍ ലാല്‍ ചൗക്കിലേക്ക് വാഹനമോടിച്ചു കൊണ്ടു പറഞ്ഞു. പിന്നീട് രണ്ടു തവണ പോയപ്പോഴും കേരളത്തെ ഇഷ്ടപ്പെടുന്ന കശ്മീരികളും സൈനികരായ മലയാളികളും പല തരത്തില്‍ ആതിഥേയരായിരുന്നു.

കുല്‍ഗാമില്‍ സി.പി.എം. നേതാവ് യൂസഫ് തരിഗാമിയുടെ പ്രചാരണത്തിനിടെയാണ് സഫീറയെ പരിചയപ്പെട്ടത്. കമല ദാസിനേയും അരുന്ധതി റായിയേയും വായിച്ചറിഞ്ഞ കശ്മീരി. ആവി പറക്കുന്ന കൗവ്വയ്‌ക്കൊപ്പം ഗൗരവ്വമായ ചില ചര്‍ച്ചകളും സഫീറ തുടങ്ങിവെച്ചു. 'അതിര്‍ത്തി സംസ്ഥാനമാണെങ്കിലും കേരളം അരക്ഷിതമല്ലെന്ന സഫീറയുടെ ദീര്‍ഘനിശ്വാസത്തോടെയുളള പറച്ചിലില്‍ ആ നാടിന്റെ വിഹ്വലത വ്യക്തമായിരുന്നു. അറബിക്കടലും പശ്ചിമഘട്ടവും അതിരിടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മഴയെക്കുറിച്ചും അവര്‍ സംസാരിച്ചു. 'നിങ്ങള്‍ ഭാഗ്യവന്മാരാണ്, മാസക്കണക്ക് തെറ്റാതെ കാലാവസ്ഥയുളള ഏത് സംസ്ഥാനമുണ്ട് ഇന്ത്യയില്‍?' സഫീറയുടെ ചോദ്യം എന്നേയും ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

കേരളീയര്‍ സ്വന്തക്കാരെ പോലെയാണ് ബംഗാളികള്‍ക്ക്. അവര്‍ എല്ലാത്തിലും സാമ്യം കണ്ടെത്തും. ഫുട്ബോള്‍ ഇതിഹാസം പെലെയെ കാണാനുള്ള കൊല്‍ക്കത്ത യാത്രയിലാണ് ബംഗാളികളുടെ മലയാളിസ്‌നേഹം തിരിച്ചറിഞ്ഞത്. മലയാളികളുടെ സ്ഥിരം കേന്ദ്രമായ താരാ മഹലിലായിരുന്നു താമസം. ചായ കുടിക്കാനുള്ള അലസ നടത്തം. മനുഷ്യന്‍ വലിക്കുന്ന കൈ വണ്ടികള്‍ ഇടയ്ക്കിടെ കടന്നുപോയി. ചായയും മസാലയില്‍ മുക്കി വറുത്തെടുത്ത മീനും. പുതുരുചി, പുതുദേശം. പെട്ടെന്നൊരു കോള്‍ വന്നു. മലയാളത്തില്‍ സംസാരം ആരംഭിച്ചതോടെ അടുത്ത് നിന്നയാള്‍ ആകാംക്ഷയോടെ കാത് കൂര്‍പ്പിച്ചു. അനുസരിക്കാത്ത അയാളുടെ നര വീണ മുടി കാറ്റില്‍ പാറി. മൊബൈല്‍ ഫോണ്‍ കട്ട് ചെയ്തതിന് പിന്നാലെ അടുത്തുവന്ന് സ്വയം പരിചയപ്പെടുത്തി. കൗശിക് ബാബു, ബാങ്ക് ജീവനക്കാരനാണ്. ടീ ഷോപ്പിലെ ബെഞ്ചില്‍ ഇരുന്നായിരുന്നു പിന്നീടുള്ള ചര്‍ച്ച. കേരളത്തെ പുകഴ്ത്തിയുള്ള സംസാരത്തില്‍ ഇരു സംസ്ഥാനത്തെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും കടന്നുവന്നു. 'ജ്യോതി ബസു സത്യത്തില്‍ ഇത്രയും കാലം ഭരിക്കേണ്ട കാര്യമില്ലായിരുന്നു. കേരളത്തില്‍ ഭരണ തുടര്‍ച്ചയില്ലാത്തത് ആണ് വികസനത്തിന് കാരണം. വികസന, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ കേരള മോഡല്‍ രാജ്യത്തിന് അഭിമാനമാണ്.' കൗശിക് ബാബു പറയാന്‍ മടി കാണിച്ചില്ല. ' നോക്കൂ, നമ്മള്‍ മീന്‍ കഴിക്കും, നല്ല മഴ അസ്വാദിക്കും, ഫുട്‌ബോളിനെ സ്‌നേഹിക്കും. ഐ.എം, വിജയനും ബൈയ്ച്ചുങ് ബൂട്ടിയയുമെല്ലാം നമുക്ക് ഒരേ വികാരമാണ്. അതാണ് മലയാളിയും ബംഗാളിയും തമ്മിലുളള ബന്ധം'. പിന്നെന്തൊക്കെയോ പറയണമെന്ന് കൗശിക്കിന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് മാള്‍ഡയിലേക്ക് പോകേണ്ട അടിയന്തര ആവശ്യമുളളതിനാല്‍ സംസാരം ചുരുക്കി. യാത്ര പറയും മുന്‍പ് അയാള്‍ യേശുദാസിന്റെ ശബ്ദമഹിമയെ സൂചിപ്പിച്ചാണ് പോയത്.

മധ്യപ്രദേശ് മലയാളി പ്രദേശാണ്. തലസ്ഥാനമായ ഭോപ്പാലുള്‍പ്പടെ പ്രധാന നഗരങ്ങളിലെ ഇന്ത്യന്‍ കോഫി ഹൗസാണ് മലയാളികളുടെ മുഖമുദ്ര. ഭോപ്പാല്‍ ന്യൂ മാര്‍ക്കറ്റിലെ കോഫി ഹൗസ് രാഷ്ട്രീയക്കാരുടെ സ്ഥിരം കേന്ദ്രമാണ്. മുഖ്യമന്ത്രിമാര്‍ വരെ ചായ കൂടിക്കാന്‍ വരുന്നിടം. രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിങ്ങ് കോഫി ഹൗസിനെ ദര്‍ബാറാക്കി മാറ്റിയത്. മുഖ്യന്‍ ചായ കുടിക്കുക മാത്രമല്ല, ജനങ്ങളുടെ നിവേദനങ്ങളും ഇവിടെവെച്ച് സ്വീകരിക്കുമായിരുന്നു. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ദിഗ് വിജയ് സിങ് ഇതാവര്‍ത്തിച്ചു. വോട്ടെണ്ണല്‍ തലേന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും കുടുംബവും ചായ കൂടിക്കാനെത്തിയപ്പോള്‍ അവിചാരിതമായി റിപ്പോര്‍ട്ട് ചെയ്യാനും കഴിഞ്ഞു..ഗ്വാളിയോറില്‍, ഇന്‍ഡോറില്‍, ജബല്‍പൂരിലെല്ലാം കോഫി ഹൗസ് മലയാളികളുടെ അഭിമാനമായി നില്‍ക്കുന്നു. കേരളത്തിലെ കോഫി ഹൗസില്‍നിന്നു മധ്യപ്രദേശിലെ കോഫി ഹൗസിനെ വേറിട്ട് നിര്‍ത്തുന്നത് ബീറ്റ് റൂട്ടില്ലാത്ത മസാലദോശയാണ്. ഒരു കാര്യം കൂടി പറയട്ടെ, പേരില്‍ മാത്രമാണ് സാമ്യം. രണ്ടിടത്തും മാനേജുമെന്റ് വ്യത്യസ്തമാണ്.

മധ്യപ്രദേശിനെ പിടിച്ചുകൂലുക്കിയ വ്യാപം കേസിന്റെ ഉളളറ തേടിയാണ് 2013-ല്‍ ഭോപ്പാലിലെത്തിയത്. കേസ് അന്വേഷിക്കുന്ന ദൗത്യസംഘത്തില്‍ മലയാളി ഉണ്ടെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി. മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ വിജയ രാമന്‍. അന്നത്തെ അഭിമുഖത്തില്‍ കേസിനെക്കുറിച്ച് ഹൃസ്വമായും കേരളത്തെ സംബന്ധിച്ച് ദീര്‍ഘമായും അദ്ദേഹം സംസാരിച്ചു. രാഷ്ട്രീയമായി പ്രതിരോധത്തിലായ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബി.ജെ.പിയുടെ സംസ്ഥാന ഓഫീസിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്ന മലയാളിയെക്കുറിച്ച് അറിയുന്നത്. ഗുരുവായൂര്‍ സ്വദേശി അരവിന്ദ് മേനോന്‍. പാര്‍ട്ടിയിലും സര്‍ക്കാരിലും നിര്‍ണായക സ്വാധീനമുളള വ്യക്തിയായിരുന്ന അരവിന്ദ് മേനോനെ പിന്നീട് ബി.ജെ.പി. ബംഗാളിലും യു.പിയിലും തിരഞ്ഞെടുപ്പിന് നിയോഗിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന് രണ്ടാമൂഴം ലഭിക്കുമ്പോള്‍ മണ്ഡലമായ ഖൊരക്പൂരില്‍ പ്രചാരണമുള്‍പ്പടെ നിയന്ത്രിച്ചിരുന്നത് അരവിന്ദ് മേനോനായിരുന്നു.

നിഥിന്‍ തിവാരിയാണ് കേരളത്തെ പാവയ്ക്കയോട് ഉപമിച്ചത്. കേരളത്തിന്റെ ഭൂപടം കാണുമ്പോള്‍ കരേല ( ഹിന്ദിയില്‍ പാവയ്ക്ക് പറയുന്ന പേര്) പോലെ തോന്നുമെന്നാണ് വിദ്വാന്റെ കണ്ടുപിടുത്തം. കരേലയില്‍ നിന്നാണത്രെ കേരളയുടെ ജനനമെന്നും തിവാരി സൂചിപ്പിച്ചു. നിഥിന്‍ പ്രാദേശിക പത്രത്തിലെ റിപ്പോര്‍ട്ടറാണ്. പത്ത് വര്‍ഷം മുന്‍പ് തുടങ്ങിയ സൗഹൃദം ഇപ്പോഴും അതേപടി തന്നെ തുടരുന്നു. കോഫി ഹൗസില്‍ ഒത്തുകൂടുമ്പോഴെല്ലാം കേരള ബിരിയാണിയായിരുന്നു നിഥിന്റെ ഇഷ്ടവിഭവം.

ഉത്തര്‍ പ്രദേശുകാര്‍ക്ക് മലയാളി പലപ്പോഴും അത്ഭുതമാണ്. റിപ്പോര്‍ട്ടിങ്ങിനായി പോയപ്പോഴെല്ലാം അവരുടെ അത്ഭുതം നേരില്‍ കാണാന്‍ അവസരമുണ്ടായി. രാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയിലെ ഇത്തിരിപ്പോന്ന സംസ്ഥാനത്തുനിന്നു രണ്ടായിരത്തിലധികം കിലോ മീറ്റര്‍ സഞ്ചരിച്ചെത്തിയ അസാധാരണ മനുഷ്യരാണ് അവരെ സംബന്ധിച്ച് മലയാളി മാധ്യമ പ്രവര്‍ത്തകര്‍. വി.എച്ച്പി. പ്രവര്‍ത്തകര്‍ കര്‍സേവ നടത്തുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു അയോധ്യയിലേക്കുളള ആദ്യയാത്ര. ഉച്ചയ്ക്ക് 12 മണിയോടെ കാറിലാരംഭിച്ച യാത്ര അര്‍ധരാത്രിയോടെ ഫൈസാബാദിനു സമീപമെത്തി . അയോധ്യയിലേക്കുളള വഴിയെല്ലാം പോലീസ്‌ അടച്ചതോടെ മുന്നോട്ടുളള യാത്ര പ്രതിസന്ധിയിലായി. പോലീസ്‌ തിരിച്ചുവിട്ട മറ്റൊരൂ വഴിയിലൂടെ മൂന്നോട്ട്. ഓരോ ചെക്ക് പോസ്റ്റിലും പോലീസ്‌ വാഹനം തടയും. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരാണെന്ന് പറയുമ്പോള്‍ കടത്തിവിടും. ഇതായിരുന്നു അവസ്ഥ. ഒടുവില്‍ വീണ്ടും അയോധ്യയ്ക്ക് സമീപമെത്തി. അവസാന ചെക്ക് പോസ്റ്റില്‍ വാഹനങ്ങളുടെ നീണ്ട നിര. വാഹനങ്ങളൊന്നും കടത്തി വിടില്ലെന്ന ഉറച്ച നിലപാടിലാണ് പോലീസ്‌. വിഎച്ച് പി പ്രവര്‍ത്തകരെന്ന സംശയത്തില്‍ ഓരോ യാത്രക്കാരനേയും ചൂഴ്ന്ന് പരിശോധിക്കുകയാണ് പോലീസ്‌.

പുലര്‍ച്ചെ നാലു മണി ആയിട്ടുണ്ടാകും. അയോധ്യയിലെത്താതെ മടങ്ങിപ്പോവില്ലെന്ന് ഉറപ്പിച്ചതോടെ കാറില്‍ നിന്നിറങ്ങി. കൊമ്പന്‍ മീശക്കാരന്‍ കോണ്‍സ്റ്റബിളിനോട് മുന്‍പ് പല ചെക്ക് പോസ്റ്റില്‍ പറഞ്ഞത് ആവര്‍ത്തിച്ചു. കാര്യമുണ്ടായില്ല. മാധ്യമ പ്രവര്‍ത്തകരായാലും കടത്തിവിടരുതെന്നാണ് മുകളില്‍ നിന്നുളള ഉത്തരവെന്ന് കോണ്‍സ്റ്റബിള്‍ അറിയിച്ചു. നിരാശയോടെ കാറിലേക്ക് മടങ്ങാന്‍ തുനിയവെ അടുത്തു വന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം പറഞ്ഞു. 'സാര്‍ പാലത്തിനപ്പുറം ഇന്‍സ്‌പെക്റ്റര്‍ ഉണ്ട്. നല്ല മനുഷ്യനാണ്. അദ്ദേഹത്തോട് കാര്യം പറഞ്ഞാല്‍ മിക്കവാറും നടക്കും'. അര കിലോ മീറ്ററിനപ്പുറമുളള പാലത്തിനു സമീപം കയറ്റുകട്ടിലിലാണ് ഇന്‍സ്‌പെക്റ്ററുടെ ഇരിപ്പ്. അടുത്ത് ചെന്ന് കാര്യം പറഞ്ഞു. ഇന്‍സ്‌പെക്റ്റര്‍ ഒഫീഷ്യല്‍ ഐഡി കാര്‍ഡ് വാങ്ങി നോക്കി. 'താങ്കള്‍ കേരളത്തില്‍ നിന്നാണോ? ഈ വാര്‍ത്ത ചെയ്യാന്‍ വേണ്ടി മാത്രമാണോ ഇത്രയും ദൂരം സഞ്ചരിച്ചു വന്നത് ? നിങ്ങള്‍ക്ക് എത്ര ശമ്പളമുണ്ടാകും?' നിരവധി ചോദ്യങ്ങളാല്‍ ഇന്‍സ്‌പെക്റ്റര്‍ വട്ടം കറക്കി. 'തെക്കേയിന്ത്യയില്‍നിന്നു ഇത്രയും ദൂരം സഞ്ചരിച്ചെത്തിയ താങ്കളെ ഇവിടെ തടയുന്നത് ശരിയല്ലെ'ന്ന് പറഞ്ഞ ഇന്‍സ്‌പെക്റ്റര്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു. മറ്റു പൊലീസുകാര്‍ ഞങ്ങളുടെ വാഹനത്തിനു പോകാന്‍ അവസരം ഒരുക്കി തന്നപ്പോള്‍ ഇന്‍സ്‌പെക്റ്റര്‍ അടുത്തു വന്ന ഇത്ര കൂടി പറഞ്ഞു. താങ്കള്‍ കേരളത്തില്‍നിന്നു വന്നതു കൊണ്ടു മാത്രമാണ് അനുവാദം നല്‍കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായിരുന്ന അമേഠിയിലാണ് മറ്റൊരു അനുഭവം. സഞ്ജയ്‌ സിങ്ങിന്റെ ഭാര്യമാര്‍ തമ്മിലുളള തെരഞ്ഞെടുപ്പ് പോരാട്ടം റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു പോക്ക്. അമേഠിയിലെ വികസനമില്ലായ്മയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബസ് സ്റ്റാന്‍ഡ് പോലെ തോന്നിക്കുന്നിടത്തുവെച്ചാണ് കോളേജ് വിദ്യാര്‍ഥിയായ കിഷന്‍ ലാല്‍ വന്നുപെട്ടത്. കേരളത്തിലെ ചാനലാണെന്ന് അറിയിച്ചപ്പോള്‍ യു.പിയുടെ പൊതുരാഷ്ട്രീയത്തെ കേരളവുമായി ബന്ധപ്പെടുത്തി പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി കൂടിയായ കിഷന്‍ ലാല്‍ സംസാരിച്ചു. 'ഇവിടെ രാ ഷ്ട്രീയക്കാര്‍ ഞങ്ങള്‍ക്ക് വിദ്യാഭ്യാസം തരില്ല. പഠിച്ചാല്‍ മലയാളികളെ പോലെ പ്രബുദ്ധരാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. വികസനമെന്നത് രാഷ്ട്രീയക്കാര്‍ സ്വന്തം കുടുംബത്തില്‍നിന്നു നല്‍കുന്ന ദാനം പോലെയാണ്. നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമില്ല, ആശുപത്രിയില്ല. സിനിമകളിലും ടെലിവിഷന്‍ വാര്‍ത്തകളിലും കേരളത്തെക്കുറിച്ച് കാണുമ്പോള്‍ യു.പി. എത്ര പിന്നിലാണെന്ന് ഞങ്ങള്‍ ആലോചിക്കാറുണ്ട്. സാര്‍, ഇവിടെ സിനിമ കാണാന്‍ ഒരു തീയ്യേറ്റര്‍ പോലുമില്ല ' . കിഷന്‍ ലാലിന്റെ തുറന്നു പറച്ചിലാണ് 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിനിമാ കൊട്ടകയില്ലാത്ത അമേഠി എന്ന വാര്‍ത്ത ചെയ്യാനിടയാക്കിയത്.

ബി.ജെ.പി .വളരാത്തതിനു കാരണം കേരളത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ഉളളതു കൊണ്ടാണെന്ന പരിതപിക്കുന്ന ബി.ജെ.പി. പ്രവര്‍ത്തകരേയും തിരഞ്ഞെടുപ്പ് കാലത്ത് കണ്ടിരുന്നു. ഏറ്റവും വിചിത്രമായി തോന്നിയത് യു.പിയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംശയമാണ്. ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങളുളള സംസ്ഥാനമെന്നാണ് പലരും കേരളത്തെക്കുറിച്ച് കേട്ടിരിക്കുന്നത്. ഏത് മാംസവും കഴിക്കുന്നവരാണ് മലയാളികളെന്ന അവരുടെ ധാരണ പകുതി കാര്യമായും പകുതി കളിയായും ഞാന്‍ മനസില്‍ കുറിച്ചു.

Content Highlights: rajesh koyikkal column off the record

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented