രാഹുൽ, ഈ യാത്ര നയിക്കേണ്ടിയിരുന്നത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റാണ്  | വഴിപോക്കൻ


വഴിപോക്കൻ

ജനാധിപത്യം പ്രത്യാശയുടേതാണ്. ആ പ്രത്യാശയുടെ അനുരണനമായി മാറേണ്ട യാത്രയാണ് ഇപ്പോൾ ഗാന്ധി കുടുംബത്തിന്റെ അധീശത്വത്തിന്റെ ഊട്ടിയുറപ്പിക്കലായി മാറുന്നത്. ഈ സന്നിഗ്ദ്ധഘട്ടത്തിൽ കാലത്തിന്റെ ചുവരെഴുത്തുകൾ കോൺഗ്രസ് വായിക്കാതെ പോകുന്നുവെന്നത് ജനാധിപത്യത്തെ സ്നേഹിക്കുന്നവരെ തീർച്ചയായും നൊമ്പരപ്പെടുത്തുന്നു.

ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ | Photo PTI

2004-ൽ തമിഴകത്ത് തിരുവണ്ണാമലയിൽവെച്ചാണ് എം.ഡി.എം.കെ. നേതാവ് വൈകോയുമായി ആദ്യ കൂടിക്കാഴ്ചയുണ്ടായത്. വൈകോ ഒരു പദയാത്രയിലായിരുന്നു. ജയലളിതയുടെ ഭരണത്തിനെതിരെയുള്ള പദയാത്ര. തമിഴക രാഷ്ട്രീയത്തിൽ വൈകോ എന്ന വി. ഗോപാലസാമി ഒരു കടങ്കഥയാണ്. ഡി.എം.കെയിൽ കരുണാനിധി കഴിഞ്ഞാൽ രണ്ടാമനായിരുന്നു വൈകോ. ഉജ്ജ്വല പ്രാസംഗികൻ, ജനങ്ങളെ കൈയ്യിലെടുക്കുന്നതിൽ അപാര വിരുതുള്ള നേതാവ്. പക്ഷേ, മകൻ എം.കെ. സ്റ്റാലിന്റെ ഉയർച്ചയ്ക്ക് മുന്നിൽ വൈകോ എന്ന കടമ്പ കരുണാനിധി ഇഷ്ടപ്പെട്ടില്ല. ഫലം 1993-ൽ വൈകോ ഡി.എം.കെയിൽനിന്നു പുറത്തായി. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം(എം.ഡി.എം.കെ.) എന്ന പുതിയ പാർട്ടിയുണ്ടാക്കിയാണ് വൈകോ തിരിച്ചടിച്ചത്. മറുമലർച്ചി എന്നു പറഞ്ഞാൽ പുനരുജ്ജീവനം, നവോത്ഥാനം എന്നൊക്കെയാണ് അർത്ഥം. പുതിയൊരു ഡി.എം.കെ. ആയിരുന്നു വൈകോയുടെ ലക്ഷ്യം. കരുണാനിധിയുമായും ഡി.എം.കെയുമായുള്ള അടുപ്പവും അകൽച്ചയുമാണ് പിന്നീടങ്ങോട്ട് വൈകോയുടെയും എം.ഡി.എം.കെയുടെയും രാഷ്ടീയം നിർണ്ണയിച്ചത്.

പദയാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ ഒന്നര വർഷത്തോളം വൈകോ ജയിലിലായിരുന്നു. ഇന്നത്തെ യു.എ.പി.എയുടെ മുൻഗാമി എന്ന് വിളിക്കാവുന്ന പോട്ട നിയമപ്രകാരമാണ് അന്ന് ജയലളിതയുടെ നേതൃത്വത്തിലുള്ള സർക്കാർ വൈകോയെ തുറുങ്കിലടച്ചത്. ജയിലിൽനിന്നു പുറത്തിറങ്ങിയ വൈകോ പദയാത്രയിലൂടെ തമിഴകത്തെ ഇളക്കി മറിച്ചു. അന്ന് തിരുവണ്ണാമലയിൽവെച്ചു കണ്ടപ്പോൾ വൈകോ ബ്രീഫ് കെയ്സ് തുറന്ന് ഒരു തുവ്വാലയെടുത്തു. തുവ്വാലയുടെ കെട്ടഴിച്ചപ്പോൾ അതിൽനിന്നും രണ്ട് രൂപ നാണയം പുറത്തേക്ക് വന്നു. ''ഈ രണ്ടു രൂപയാണ് ഈ പദയാത്രയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം.'' വൈകോയുടെ വാക്കുകളിൽ സംതൃപ്തി നിറഞ്ഞുനിന്നു. ഒരു സിനിമയിൽ രജനികാന്ത് ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ, 'മകിഴ്ചി.' ആ വാക്കാണ് വൈകോ ഉപയോഗിച്ചത്.

ദരിദ്രയായ ഒരു വൃദ്ധയുടേതായിരുന്നു ആ രണ്ട് രൂപ. യാത്രയ്ക്കിടയിൽ അടുത്തേക്ക് വന്ന് കൈയ്യിൽ ആകെ ഇതേയുള്ളു എന്ന് പറഞ്ഞാണ് ആ സ്ത്രീ രണ്ട് രൂപ വൈകോയ്ക്ക് നൽകിയത്. പദയാത്ര ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും തമിഴകവും ഇന്ത്യയും രാഷ്ട്രീയ മാറ്റത്തിന്റെ പടിവാതിൽക്കലാണെന്നും വൈകോ പറഞ്ഞു. വൈകോ പറഞ്ഞത് അച്ചട്ടായിരുന്നു. ആ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴകത്തെ 39 സീറ്റുകളും ഡി.എം.കെ. മുന്നണി പിടിച്ചു. കരുണാനിധിയുമായുള്ള വൈരം മറന്ന് ഡി.എം.കെ. മുന്നണിക്കൊപ്പം നിലയുറപ്പിച്ചാണ് വൈകോ അന്നാ പദയാത്ര നടത്തിയത്. ആന്ധ്രയിൽ വൈ.എസ്. രാജശേഖർ റെഡ്ഡിയും യു.പി.എയ്ക്ക് അന്ന് തകർപ്പൻ ജയം സമ്മാനിച്ചു. ഈ രണ്ട് സംസ്ഥാനങ്ങളാണ് 2004-ൽ പ്രഥമ യു.പി.എ. സർക്കാരിന് അസ്തിവാരം തീർത്തത്.

വൈകോയും സ്റ്റാലിനും

പദയാത്ര വിജയമായെങ്കിലും വൈകോയുടെ രാഷ്ട്രീയഭാവി കുളമാവുന്നതിന് വലിയ താമസമുണ്ടായില്ല. ആ ലോക്സഭ തിരഞ്ഞെടുപ്പിൽ വൈകോ മത്സരിച്ചിരുന്നില്ല. യു.പി.എ. മന്ത്രിസഭയിലേക്ക് ക്ഷണം കിട്ടിയപ്പോൾ പാർട്ടിയിൽനിന്ന് മറ്റൊരാൾ മന്ത്രിയാവുന്നത് വൈകോയെ അസ്വസ്ഥനാക്കി. മന്ത്രിസഭയിൽ ചേരുന്നില്ലെന്നും പുറത്തുനിന്ന് പിന്തുണ നൽകുമെന്നും വൈകോ തീരുമാനമെടുത്തു. ആ തീരുമാനമാണ് പിന്നീട് എം.ഡി.എം.കെയെ തളർത്തിയത്.

രണ്ടു കൊല്ലത്തിനപ്പുറം കരുണാനിധിയുമായി ഉടക്കി വൈകോ ആജന്മവൈരിയായിരുന്ന ജയലളിതയുടെ കൂടെക്കൂടി. അന്ന് ചെന്നൈയിൽ ജയലളിതയുടെ കൈപിടിച്ചുകൊണ്ട് വൈകോ പറഞ്ഞ വാക്കുകൾ ഇതായിരുന്നു: ''രാഷ്ട്രീയത്തിൽ നിതാന്ത ശത്രുക്കളില്ല.'' 16 കൊല്ലങ്ങൾക്കിപ്പുറത്ത് ഇന്നിപ്പോൾ വൈകോ തമിഴകത്ത് ഒരു രാഷ്ട്രീയശക്തിയേ അല്ല. ആരെ പ്രതിയാണോ എം.ഡി.എം.കെ. എന്ന പാർട്ടിയുണ്ടാക്കിയത് ആ എം.കെ. സ്റ്റാലിന്റെ ദയാദാക്ഷിണ്യത്തിൽ കഴിഞ്ഞുകൂടുന്ന ഒരു സാദാ നേതാവ് മാത്രമാണ് വൈകോ ഇന്നിപ്പോൾ.

എസ്. ചന്ദ്രശേഖർ

ചന്ദ്രശേഖർ എന്ന യുവതുർക്കി

വൈകോ തമിഴകത്താണ് പദയാത്ര നടത്തിയതെങ്കിൽ ചന്ദ്രശേഖറിന്റേത് ഭാരതയാത്ര ആയിരുന്നു. 1983-ൽ ചന്ദ്രശേഖർ നടത്തിയ ഭാരതയാത്രയെ ഗംഭീരമെന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. 18 സംസ്ഥാനങ്ങളിലൂടെ നാലായിരത്തോളം കിലോ മീറ്ററാണ് അന്ന് ചന്ദ്രശേഖർ താണ്ടിയത്. ആചാര്യ നരേന്ദ്രദേവും ലോഹ്യയും കൈപിടിച്ച് വളർത്തിയ ചന്ദ്രശേഖർ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്ന് അശോക് മേത്തയ്ക്കൊപ്പമാണ് 1964-ൽ കോൺഗ്രസിലെത്തിയത്. കാമരാജിന്റെ നേതൃത്വത്തിലുള്ള സിൻഡിക്കറ്റിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ദിരയ്ക്ക് താങ്ങും തണലുമായത് മോഹൻ ധാരിയയും കൃഷൻ കാന്തും ചന്ദ്രശേഖറും ഉൾപ്പെട്ട യുവതുർക്കികളായിരുന്നു. ഇന്ദിരയുടെ വഴി സോഷ്യലിസമല്ല എന്ന തിരിച്ചറിവിലാണ് ചന്ദ്രശേഖർ ജയപ്രകാശ് നാരായണനിലേക്കും ജനത പാർട്ടിയിലേക്കുമെത്തിയത്. 1980-ൽ ഇന്ദിര അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ എതിർച്ചേരിയിൽ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു ചന്ദ്രശേഖർ.

ആ ചന്ദ്രേശേഖറാണ് ഇന്ത്യയെ അടുത്തറിയാൻ ഭാരതയാത്ര നടത്തിയത്. അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ദിരയെ വീഴ്ത്തി ചന്ദ്രശേഖർ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുമെന്ന ഓളമുണർത്താൻ ആ യാത്രയ്ക്ക് കഴിയുകയും ചെയ്തു. പക്ഷേ, 1984 ഒക്ടോബർ 31-ന് ഇന്ദിരയുടെ നിഷ്ഠൂര കൊലപാതകം ചന്ദ്രശേഖറിന്റെ പദ്ധതികൾ തകർത്തു. അതുവരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെയുമില്ലാതിരുന്ന രാജീവ് ഗാന്ധി എന്ന ചെറുപ്പക്കാരൻ പൊടുന്നനെ ഇന്ത്യൻ ജനതയുടെ ആവേശവും പ്രതീക്ഷയുമായി. പിന്നീട് ഇതേ രാജീവിന്റെ പിന്തുണയോടെ 1990-ൽ ഏഴു മാസത്തോളം ഇന്ത്യൻ പ്രധാനമന്ത്രിയാവാനായിരുന്നു ചന്ദ്രശേഖറിന്റെ നിയോഗം. ആ ഏഴു മാസം ഒരു വിധം നന്നായി ഇന്ത്യയുടെ പ്രതിസന്ധികൾ കൈകാര്യം ചെയ്തെങ്കിലും ചന്ദ്രശേഖറിന്റെ രാഷ്ട്രീയഭാവി അതോടെ അവസാനിച്ചു.

1983-ൽ തന്നെയാണ് എൻ.ടി. രാമറാവു ആന്ധ്രയിലൂടെ രഥയാത്ര നടത്തിയത്. ഒരു രാഷ്ട്രീയ പാർട്ടി തുടങ്ങി ഒരു കൊല്ലത്തിനുള്ളിൽ അധികാരത്തിലെത്താൻ രാമറാവുവിനെ ഈ രഥയാത്ര കാര്യമായി സഹായിച്ചു. 2004-ൽ ആന്ധ്ര കോൺഗ്രസിനായി തിരിച്ചുപിടിച്ച വൈ.എസ്.ആറിനും ഊർജ്ജം പകർന്നത് പദയാത്രയായിരുന്നു. 1990-കളിൽ വി.പി. സിങ് ഉയർത്തിയ മണ്ഡൽ രാഷ്ട്രീയത്തിനെതിരെ മന്ദിർ രാഷ്ട്രീയമുയർത്താൻ എൽ.കെ. അദ്വാനിക്ക് ആശ്രയമായത് രഥയാത്രയാണ്. മുരളീ മനോഹർ ജോഷി നടത്തിയ ഏകതയാത്രയും ബി.ജെ.പിക്ക് നൽകിയ ഉണർവ്വ് ചെറുതായിരുന്നില്ല. ഈ രണ്ട് യാത്രകളിൽ വഹിച്ച നിർണ്ണായക പങ്കാണ് നരേന്ദ്ര ദാമോദർദാസ് മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്ര സുഗമമാക്കിയത്.

യു.ആർ. അനന്തമൂർത്തി

അനന്തമൂർത്തിയുടെ മുന്നറിയിപ്പ്

പദയാത്രകളുടെ ഈ ചരിത്രം ഇന്നിപ്പോൾ രാഹുൽ ഗാന്ധിക്ക് മുന്നിൽ കുട പിടിച്ചു നിൽക്കുന്നുണ്ട്. പക്ഷേ, ഈ ചരിത്രത്തിന്റെ അർത്ഥവും പ്രസക്തിയും മനസ്സിലാക്കിയിട്ടാണോ രാഹുൽ ഭാരതത്തെ ഒന്നിപ്പിക്കാനുള്ള യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. നരേന്ദ്ര മോദി അധികാരത്തിലെത്തിയാൽ ഇന്ത്യ വിട്ടു പോകുമെന്ന് 2013-ൽ പറഞ്ഞത് കന്നഡ എഴുത്തുകാരനും ദാർശനികനുമായ യു.ആർ. അനന്തമൂർത്തിയാണ്. മോദി ഇന്ത്യയെ ഭീതിയിലാഴ്ത്തുമെന്നും പേടിപ്പിക്കുന്ന ഒരാൾ അധികാരത്തിലെത്തിയാൽ നാട്ടുകാർ ഭീരുക്കളാകുമെന്നുമാണ് മൂർത്തി അന്ന് മുന്നറിയിപ്പ് നൽകിയത്. മൂർത്തിയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യൻ ജനത മോദിയെ തിരഞ്ഞെടുത്തു. മൂർത്തി പക്ഷേ, ഇന്ത്യ വിട്ടുപോയില്ല. മോദി അധികാരത്തിലെത്തി മൂന്ന് മാസങ്ങൾക്കപ്പുറത്ത് 2014 ഓഗസ്റ്റ് 22-ന് അനന്തമൂർത്തി ഈ ലോകത്തുനിന്ന് തന്നെ യാത്രയായി.

മൂർത്തി അന്ന് നൽകിയ മുന്നറിയിപ്പ് യാഥാർത്ഥ്യമായെന്നും ഇന്ത്യ ഭീതിയുടെ പിടിയിലാണെന്നുമാണ് രാഹുലും കോൺഗ്രസും പറയുന്നത്. ഭാരത് ജോഡോ യാത്ര മോദിയുടെ ദുർഭരണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പാണെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയുള്ള ജനമുന്നേറ്റമാണ് ലക്ഷ്യമെന്നും രാഹുൽ പ്രഖ്യാപിക്കുന്നു.

രാഹുലിന്റെ ലക്ഷ്യവും മാർഗ്ഗവും ഗംഭീരമാണെന്നതിൽ മമത ബാനർജിക്ക് പോലും രണ്ടഭിപ്രായമുണ്ടാവില്ല. പക്ഷേ, പദയാത്ര നടത്തുന്നത് രാഹുൽ ഗാന്ധി ആണെന്നിടത്താണ് ഭാരത് ജോഡോ യാത്രയുടെ പ്രഥമവും പ്രധാനവുമായ പ്രതിസന്ധി ഉൾച്ചേർന്നിരിക്കുന്നത്.

തേങ്ങ എത്രയരച്ചാലും താളല്ലേ കറി എന്ന് പറയുന്നതുപോലെ നിസ്സാരവത്കരിക്കുകയാണെന്ന് കരുതരുത്. നരേന്ദ്ര മോദിക്കൊത്ത എതിരാളിയാണ് രാഹുൽ എന്ന് ഇപ്പോൾ കോൺഗ്രസ്സുകാർ പോലും വിശ്വസിക്കുന്നുണ്ടാവില്ല. എന്നിട്ടുമെന്നിട്ടും ഗാന്ധി കുടുംബത്തിന് ചുറ്റും തന്നെയാണ് ഇപ്പോഴും കോൺഗ്രസിന്റെ ഭ്രമണം.

ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയും മതേതരത്വവുമാണെന്നും ഇതിനോട് മോദിയും ബി.ജെ.പിയും ആർ.എസ്.എസും ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്നുമുള്ള കാര്യത്തിൽ ഈ രാജ്യത്തെ സ്‌നേഹിക്കുന്നവർക്ക് സംശയേമതും ഉണ്ടാവാനിടയില്ല. മൂന്നു കൊല്ലങ്ങൾക്കപ്പുറത്ത് ശതാബ്ദി ആഘോഷിക്കാനിരിക്കുകയാണ് ആർ.എസ്.എസ്. ആ 'സുവർണ്ണ' മുഹൂർത്തത്തിൽ ഇന്ത്യയുടെ ഭാഗധേയം സവർക്കറുടെയും ഗോൾവാൾക്കറുടെയും ആശയാഭിലാഷങ്ങളുടെ സാക്ഷാത്കാരമായിരിക്കണം എന്നതിൽ സംഘത്തിന് രണ്ടഭിപ്രായമുണ്ടാവില്ല. ഹ്രസ്വകാല പദ്ധതികളല്ല ആർ.എസ്.എസിനെ നയിക്കുന്നത്. 2001-ൽ കേശുഭായിക്ക് പകരക്കാരനായി മോദിയെ ഗുജറാത്തിലേക്ക് അയക്കുമ്പോൾ സംഘത്തിന് മുന്നിൽ കാലം നീണ്ടുനിവർന്നു കിടക്കുന്നുണ്ടായിരുന്നു. 2002-ലെ ഗുജറാത്തിൽനിന്നു 2014-ലെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള യാത്രയിൽ മോദിക്കൊപ്പം നടക്കുമ്പോൾ സംഘത്തിന്റെ കണക്ക് കൂട്ടലുകൾ കിറുകൃത്യമായിരുന്നു.

ജവഹർ ലാൽ നെഹ്രു | വര: സജീവൻ

ഒറിജിനൽ ഒന്ന് മാത്രം

1984-ൽ രണ്ട് സീറ്റുമായി ലോക്സഭയിൽ രാജീവ് ഗാന്ധി എന്ന യുവ നേതാവിന് മുന്നിൽ പകച്ചിരുന്ന ബി.ജെ.പിയല്ല ഇന്നത്തെ ബി.ജെ.പി. ഹിന്ദുത്വയുടെ തോളിലിരുന്ന്, കോർപറേറ്റ് ഇന്ത്യയുടെ ചിറകിലേറി, ഉയർന്ന് പറക്കുന്ന ഭീമൻ യന്ത്രമാണ് നരേന്ദ്ര മോദിയും അമിത്ഷായും നയിക്കുന്ന ബി.ജെ.പി. യന്ത്രങ്ങൾക്ക് ഹൃദയമില്ല, തലച്ചോറാണുള്ളത്. അത്തരമൊരു പ്രസ്ഥാനവുമായി മുഖാമുഖം നിൽക്കുമ്പോൾ കാലിടറാതിരിക്കണമെങ്കിൽ കോൺഗ്രസിന്റെ അലകും പിടിയും മാറേണ്ടതുണ്ട്. പൂണൂൽധാരിയായ ബ്രാഹ്‌മണനാണ് താനെന്ന് പറയുന്ന, പോകുന്ന വഴികളിൽ പാതിരിമാർക്കും പൂജാരിമാർക്കും മൗലവിമാർക്കും മുന്നിൽ നമ്രശിരസ്‌കനാവുന്ന ഒരു നേതാവിനെയല്ല ഈ കാലം ആവശ്യപ്പെടുന്നത്.

നെഹ്രുവിന്റെ വഴി ഇതായിരുന്നില്ല. പൊയ്ക്കാലുകളിലായിരുന്നില്ല നെഹ്രുവിന്റെയും ഇന്ദിരയുടെയും സഞ്ചാരം. അതുകൊണ്ടു തന്നെയാണ് ഒരു നെഹ്രുവും ഒരു ഇന്ദിരയുമേയുള്ളു എന്ന് പറയേണ്ടി വരുന്നത്. രാഹുലും പ്രിയങ്കയും പകർപ്പുകൾ മാത്രമാണ്. പകർപ്പുകൾക്ക് ഒരിക്കലും ഒറിജിനൽ ആകാനാവില്ല.

.ചിതറിക്കിടക്കുന്ന പ്രതിപക്ഷമാണ് ബി.ജെ.പിയുടെയും മോദിയുടെയും സുപ്രധാന മൂലധനങ്ങളിലൊന്ന്. 38 ശതമാനം വോട്ടാണ് 303 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് കിട്ടിയത്. ഡൽഹിയിലും ബിഹാറിലും പഞ്ചാബിലും രാജസ്ഥാനിലും ബംഗാളിലും ഒഡിഷയിലും ചത്തിസ്ഗഡിലും തമിഴകത്തും ആന്ധ്രയിലും തെലങ്കാനയിലും കേരളത്തിലും ബി.ജെ.പിയല്ല ഭരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലൊക്കെ തന്നെ ബി.ജെ.പിക്ക് തനിക്ക് താൻ പോന്ന എതിരാളികളുണ്ട്. പ്രതിപക്ഷമില്ലാത്തതല്ല, പ്രതിപക്ഷത്തിന്റെ ഭിന്നിപ്പാണ് പ്രശ്നം. 2024-ൽ ആർ.എസ്.എസിനും ബി.ജെ.പിക്കും തടയിടണമെങ്കിൽ കോൺഗ്രസ് ആദ്യം ചെയ്യേണ്ടത് ചിതറിക്കിടക്കുന്ന ഈ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുകയാണ്. ഇതോടൊപ്പം തന്നെ ഓരോ സംസ്ഥാനത്തും ശക്തമായ പ്രാദേശിക നേതൃത്വം കെട്ടിപ്പടുക്കാൻ കോൺഗ്രസിനാവണം.

ഏറ്റവുമവസാനം കോൺഗ്രസിന് പ്രബലനായ ഒരു പ്രാദേശിക നേതാവുണ്ടായിരുന്നത് ആന്ധ്രയിലാണ്. വൈ.എസ്. രാജശേഖര റെഡ്ഡി എന്ന വൈ.എസ്.ആർ. പക്ഷേ, ഹൈക്കമാന്റിന് ഒരു നേതാവും ഒരു പരിധിയിൽ കവിഞ്ഞ് വളരുന്നത് ഇഷ്ടമല്ല. പട്ടേലിനെയും രാജാജിയേയും ആചാര്യ കൃപലാനിയേയുമൊക്കെ നേർക്ക് നേർ നേരിട്ട നെഹ്രു കോൺഗ്രസിന്റെ സുവർണ്ണ അദ്ധ്യായമാണ്. വിമത ശബ്ദങ്ങൾ ഒതുക്കുക എന്ന ഒരൊറ്റ നയപരിപാടിയുടെ പുറത്താണ് ഇന്ദിര തൊട്ടിങ്ങോട്ട് ഗാന്ധി കുടുംബം കോൺഗ്രസിനെ നയിച്ചത്. നരസിംഹ റാവുവിന്റെ മൃതദേഹം എ.ഐ.സി.സി. ആസ്ഥാനത്തേക്ക് പോലും പ്രവേശിപ്പിക്കാത്ത നിഷ്‌കർഷയാണത്. ഈ അരക്ഷിതബോധമാണ് ആന്ധ്രയിൽ ജഗൻമോഹനെതിരെ തിരിയാൻ ഹൈക്കമാന്റിനെ പ്രേരിപ്പിച്ചത്. ഇതേ പ്രതിസന്ധിയാണ് ഇന്നിപ്പോൾ പഞ്ചാബിലും കോൺഗ്രസിനെ ഒരു വഴിക്കാക്കിയത്.

രാഹുൽ ഗാന്ധി കൊല്ലത്തു നടത്തിയ ബോട്ടുയാത്രയ്ക്കിടെ കടലിലേക്കു ചാടുന്നു.

രാഹുൽ എന്ന നിക്ഷേപം കോൺഗ്രസിന് തിരിച്ചു നൽകുന്നത്

രാഹുൽ നല്ലവനാണ്. സാധുവാണ്, ഉദ്ദേശ്യശുദ്ധിയുള്ളവനാണ് എന്നുള്ളതിലൊന്നും തർക്കമില്ല. പക്ഷേ, ഒരു കോളേജ് യൂണിയൻ ചെയർമാനല്ല ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കേണ്ടത്. രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ സാമൂഹിക വിമർശകൻ ശിവ് വിശ്വനാഥൻ നടത്തിയ നിരീക്ഷണം ഓർത്തുപോവുന്നു. 2013-ൽ മോദിക്കെതിരെയുള്ള ആദ്യയുദ്ധത്തിന് രാഹുൽ കച്ചകെട്ടുന്ന സമയത്താണ് ശിവ് ഈ കുറിപ്പെഴുതിയത്:

''I remember the first time I watched him from close quarters. It was at an IRMA ( Institute of Rural Management Anand) meeting in Gujarat. He listened studiously, his body language was respectful, he met all the right people and yet there was something disappointing in the way he spoke. At the age of forty, he gave the speech of an awed twenty-year-old, announcing respectfully that he was the youngest person in the room.'' ശിവ് വിശ്വനാഥന്റെ ഭാഷയുടെ മൂർച്ച പോകാതിരിക്കാനാണ് ഇംഗ്ളീഷിൽ തന്നെ ഉദ്ധരിച്ചത്. നാൽപതാമത്തെ വയസ്സിൽ ഇരുപതുകാരനെപ്പോലെയായിരുന്നു രാഹുലിന്റെ പ്രസംഗം എന്നാണ് ശിവ് എഴുതുന്നത്. എന്തൊരു നിരീക്ഷണം എന്ന് ആശ്ചര്യപ്പെടാനേ നമുക്ക് കഴിയുന്നുള്ളൂ! ഇപ്പോൾ ഭാരത് ജോഡോ യാത്രയ്ക്ക് മുന്നിലും നമ്മൾ കാണുന്നത് ആ ഇരുപതുകാരനെയാണ്.

ഇങ്ങനെ വളരാൻ വിസമ്മതിക്കുന്നവർ നമ്മുടെ ഇടയിൽ ധാരാളം പേരുണ്ട്. വയസ്സറിയിച്ച മാധവിക്കുട്ടിക്കും ഒ.വി. വിജയനും എം.പി. നാരായണപിള്ളയ്ക്കും പിന്നാലെ വന്ന നമ്മുടെ എഴുത്തുകാരികളെയും എഴുത്തുകാരെയും നോക്കുക. അവരിൽ ഏതാണ്ടെല്ലാവരും തന്നെ ഇപ്പോഴും കോളേജ് മാഗസിനുകളിൽ എഴുതിക്കൊണ്ടിരിക്കുകയാണ്. കോളേജ് മാഗസിനുകളിലെ വിപ്ലവമാണ് ജീവിതം എന്ന് ധരിച്ചുവശായവർ. ഞെട്ടിപ്പിക്കുക എന്നതാണ് ജീവിത ലക്ഷ്യമെന്ന് കരുതുന്നവർ. മീൻപിടിത്ത വഞ്ചിയിൽനിന്നു കടലിലേക്ക് എടുത്തു ചാടുന്ന രാഹുൽ ഈ ഞെട്ടിപ്പിക്കലിന്റെ പ്രതീകമാണ്.

താക്കറെമാരെ വെല്ലുവിളിച്ച് മുംബൈയിൽ 2010-ൽ സബർബൻ തീവണ്ടിയിൽ യാത്ര ചെയ്ത രാഹുലിനെ ഓർക്കുക. മൻമോഹൻ സിങ് മന്ത്രിസഭ അവതരിപ്പിച്ച ഓർഡിനൻസിന്റെ കോപ്പി പാർലമെന്റ് ഹാളിൽ ചീന്തിയെറിഞ്ഞ രാഹുലിനെ ഓർക്കുക. 1987-ൽ വിദേശകാര്യ സെക്രട്ടറി എ.പി. വെങ്കടേശ്വരനെ പത്രസമ്മേനത്തിൽവെച്ച് പുറത്താക്കിയ രാജീവ് ഗാന്ധിയുടെ നിഴൽ രാഹുലിന്റെ മേൽ എപ്പോഴുമുണ്ട്. ഈ ഞെട്ടിപ്പിക്കലുകളുടെ ആയുസ്സ് ഹ്രസ്വമാണ്. രാഷ്ട്രീയത്തെ ഇത്തരം ഞെട്ടിപ്പിക്കലുകളിലേക്ക് ചുരുക്കാനാവില്ല. അത് ആഴ്ചയിൽ ഏഴ് ദിവസവും ദിവസത്തിൽ 24 മണിക്കൂറും കൊല്ലത്തിൽ 365 ദിവസവുമുള്ള പ്രവർത്തനം ആവശ്യപ്പെടുന്നുണ്ട്.

ഈ യാത്രയെ മഹാത്മ ഗാന്ധിയുടെ ദണ്ഡി യാത്രയുമായി തുലനം ചെയ്യുന്നവരുണ്ട്. ചരിത്രം രണ്ട് വട്ടം ആവർത്തിക്കുന്നു, ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും എന്ന് പറഞ്ഞത് കാൾ മാർക്സാണ്. ഭാരത് ജോഡോ യാത്രയുടെ കാര്യത്തിൽ ഈ വചനം തിരുത്തേണ്ടി വരുമോയെന്നറിയില്ല. ചരിത്രം ആദ്യമേ പ്രഹസനമാവുന്ന ദുരന്തം.

രാഹുലിലാണ് കോൺഗ്രസ് സമിപകാലത്ത് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത്. പക്ഷേ, ആ നിക്ഷേപത്തിൽനിന്നു കോൺഗ്രസിന് തിരിച്ചുകിട്ടിയതെന്താണ്? 2019-ൽ രാഹുൽ ഒരു പരിധി വരെ ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞതായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ രാജി. കോൺഗ്രസിന് പുതിയൊരു മുഖവും ശൈലിയും പകർന്നു നൽകുന്നതിനുള്ള ഒന്നാന്തരമൊരു അവസരമായിരുന്നു അത്. പക്ഷേ, കൂടെ നിന്ന ഉപജാകൃവന്ദം ആ അവസരം തകർത്ത് തരിപ്പണമാക്കി. മകൻ തന്നെ കോൺഗ്രസിനെ നയിക്കണമെന്ന സോണിയയുടെ വാശി ഈ തകർച്ച വേഗത്തിലാക്കി. ഇന്നിപ്പോൾ പുതിയൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ് കോൺഗ്രസ്. ഗാന്ധി കുടുംബത്തിൽനിന്നല്ല ആ പ്രസിഡന്റ് വരേണ്ടതെന്ന് രാഹുൽ തന്നെ പറയുന്നുണ്ട്. പിന്നെ, എന്തിനാണ് ഈ യാത്രയുടെ നേതൃത്വം രാഹുൽ ഏറ്റെടുത്തത്?

രാജീവ് ഗാന്ധിയും സോണിയയും കുട്ടികളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം

കാലം കോൺഗ്രസിനോട് പറയുന്നത്

കോൺഗ്രസ് ആദ്യം ചെയ്യേണ്ടിയിരുന്നത് പ്രസിഡന്റ് സ്ഥാനത്തേക്ക് നീതിപൂർവ്വവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പിന് കളമൊരുക്കുക എന്നതാണ്. ബ്രിട്ടീഷ് കൺസർവ്വേറ്റിവ് പാർട്ടിയുടെ തലപ്പത്തേക്ക് ലിസ് ട്രസ് വന്നതുപോലുള്ള മത്സരം. അതിന് പകരം വീണ്ടും രാഹുലിനെയോ അല്ലെങ്കിൽ ഗാന്ധി കുടുംബത്തിന്റെ കളിപ്പാവയെയയോ പ്രസിഡന്റാക്കാനാണ് ഹൈക്കമാന്റും ഉപജാപക വൃന്ദവും തയ്യാറെടുക്കുന്നത്. വാസ്തവത്തിൽ, കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനായിരുന്നു ഈ ഭാരതയാത്ര നടത്തേണ്ടിയിരുന്നത്. ഇന്ത്യയുടെ മനസ്സും ഭാവനയും പിടിച്ചെടുക്കുന്ന ഒരു യാത്രയായി അപ്പോൾ അത് പരിണമിക്കാനുള്ള സാദ്ധ്യത ഏറെയായിരുന്നു.

കോൺഗ്രസിനെ വീണ്ടും ഗന്ധി കുടുംബത്തിന്റെ തൊഴുത്തിൽ കൊണ്ടുചെന്നു കെട്ടുന്നതിനുള്ള വ്യായാമം മാത്രമായി ചുരുങ്ങേണ്ട യാത്രയായിരുന്നില്ല ഇത്. യു.പിയിൽ രണ്ടു ദിവസവും കേരളത്തിൽ 19 ദിവസവും എന്നതാണ് സി.പി.എമ്മിനെ വിഷമിപ്പിക്കുന്നത്. അഞ്ച് ദിവസം രാഹുലും കൂട്ടരും യു.പിയിലുണ്ടാവും എന്നാണറിയുന്നത്. സി.പി.എമ്മിന്റെ വിമർശം വരുന്നതിനു മുമ്പേ വരുത്തിയ മാറ്റമാണിതെന്നും കോൺഗ്രസ് വക്താക്കൾ പറയുന്നു. മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും 16 ദിവസവും കർണ്ണാടകത്തിൽ 21 ദിവസവും യാത്രയുണ്ടാവും.

ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പുതിയ പോർമുഖം തുറക്കുമ്പോൾ യു.പിയും മദ്ധ്യപ്രദേശും ഗുജറാത്തും തീർച്ചയായും നിർണ്ണായകമാണ്. ഗുജറാത്തിലൂടെ യാത്ര എന്തുകൊണ്ട് കടന്നുപോവുന്നില്ല എന്നത് കാതലായൊരു ചോദ്യമാണ്. ഗാന്ധിജിയുടെയും പട്ടേലിന്റെയും മൊറാർജിയുടെയും നാട്ടിൽനിന്നു മോദിയുടെയും അമിത് ഷായുടേയും നാട്ടിലേക്കുള്ള പരിണാമം ഒരർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷമായൊരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഹിന്ദുത്വയുടെ ഏറ്റവും മുഖ്യമായ ഈ പ്രദർശനശാലയെ അവഗണിക്കാൻ ഒരു മതേതര മുന്നേറ്റത്തിനും കഴിയില്ല. വാസ്തവത്തിൽ കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ വലിയൊരു പ്രതിഫലനം ഈ നിലപാടിലുണ്ട്. കോൺഗ്രസിന്റെ ആത്മാവില്ലാത്ത മതേതരത്വമാണ് രാജ്യത്തെ ഇന്നീ നിലയിലെത്തിച്ചതെന്ന മുൻ ഗുജറാത്ത് ഡി.ജി.പി. ആർ.ബി. ശ്രികുമാറിന്റെ വിമർശം ഈ ഘട്ടത്തിൽ തീർച്ചയായും ഓർക്കേണ്ടതുണ്ട്.

ജനാധിപത്യത്തിൽ ഭരിക്കുന്നത് ഭൂരിപക്ഷം കിട്ടുന്ന പാർട്ടിയാണെങ്കിലും ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും പരിപോഷണവുമാണ് ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത്. ഈ അടിസ്ഥാനപ്രമാണമാണ് ഇന്നിപ്പോൾ ഇന്ത്യയിൽ വൻതോതിൽ വെല്ലുവിളക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മതേതരത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കോൺഗ്രസിനെപ്പോലൊരു പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല. ആർക്കൊപ്പമാണ് നിലയുറപ്പിക്കേണ്ടതെന്ന ചോദ്യത്തിന് അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം എന്ന് പറയാൻ കോൺഗ്രസ് രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.

ഇന്ത്യയിൽ ജനാധിപത്യത്തെ കൊല്ലുന്നതെങ്ങിനെയാണെന്ന് വസ്തുതകൾ സഹിതം വിവരിക്കുന്ന ഗ്രന്ഥമാണ് 'To Kill A Democracy : India's Passage to Despotsim'. പക്ഷേ, ഈ പുസ്തകം ദേബശിഷ് റോയ് ചൗധരിയും ജോൺ കീനും അവസാനിപ്പിക്കുന്നത് പ്രത്യാശയോടെയാണ്: ' When going gets really rough, democracy fosters hope against hope.'' ഇന്ത്യയുടെ ഡി.എൻ.എ. ജനാധിപത്യത്തിന്റേതാണെന്നും അതുകൊണ്ടാണ് ഇവിടെ ഇനിയും ഒരു പട്ടാളഭരണം അസാദ്ധ്യമാവുന്നതെന്നും ദേബശിഷ് പിന്നീട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

ഈ ഡി.എൻ.എയുടെ മ്യൂട്ടഷനാണ് ജനാധിപത്യ വിരുദ്ധ വൈറസുകളുടെ ലക്ഷ്യം. അതിനെതിരെയുള്ള പ്രതിരോധമാണ് കോൺഗ്രസിൽനിന്നു കാലം ആവശ്യപ്പെടുന്നത്. ജനാധിപത്യം പ്രത്യാശയുടേതാണ്. ആ പ്രത്യാശയുടെ അനുരണനമായി മാറേണ്ട യാത്രയാണ് ഇപ്പോൾ ഗാന്ധി കുടുംബത്തിന്റെ അധീശത്വത്തിന്റെ ഊട്ടിയുറപ്പിക്കലായി മാറുന്നത്. കാലവും ചരിത്രവും കോൺഗ്രസിനെ തീർച്ചയായും ഉറ്റുനോക്കുന്നുണ്ട്. ഈ സന്നിഗ്ദ്ധഘട്ടത്തിൽ പക്ഷേ, കോൺഗ്രസ് കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാതെ പോകുന്നുവെന്നത് ജനാധിപത്യത്തെ സ്നേഹിക്കുന്നവരെ തീർച്ചയായും നൊമ്പരപ്പെടുത്തുന്നു.

വഴിയിൽ കേട്ടത്: മഗ്സസെ അവാർഡ് കെ.കെ. ശൈലജ നിരസിച്ചത് കോവിഡിനെതിരെയുള്ള പ്രവർത്തനം കൂട്ടായ്മയുടെ ഫലമായിരുന്നു എന്നതുകൊണ്ടാണെന്ന് സി.പി.എം. കൂട്ടായ്മയ്ക്ക് ഒരു മറുപേരുണ്ടെന്നും അത് 'കാരണഭൂതൻ' എന്നാണെന്നും ഈ മഗ്സസെക്കാർക്ക് ആരാണ് ഒന്ന് പറഞ്ഞുകൊടുക്കുക!

Content Highlights: Rahul Gandhi, Bharat Jodo Yatra, Congress, INC, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented