രാഹുൽ ഗാന്ധി
അപകീര്‍ത്തിക്കേസിലെ ശിക്ഷയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോകസഭയില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ച 2023 മാര്‍ച്ച് 24 ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ദുഃഖവെള്ളിയായി തീര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രിയെയും രണ്ട് കളങ്കിത വ്യവസായികളെയും പേരെടുത്ത് പറഞ്ഞുകൊണ്ട് ഇവര്‍ക്കെല്ലാം എന്തുകൊണ്ടാണ് മോദി എന്ന പേരായത് എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യമാണ് സൂറത്ത് കോടതിയിലെ 'കേസിന് ആസ്പദമായ സംഭവം'. 2019-ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ നാട്ടുഭാഷയില്‍ നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് എതിരായി മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് കൊടുത്തത് സംഭവം നടന്ന കര്‍ണാടകത്തില്‍ ആയിരുന്നില്ല.1000 കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുളള ഗുജറാത്തിലായിരുന്നു.
എന്തായാലും കീഴ്‌ക്കോടതികളുടെ ചരിത്രത്തില്‍ ഇത്രയും രാഷ്ട്രീയ പ്രാധാന്യമുളള ഒരു വിധി ഉണ്ടായിട്ടില്ലെന്ന് ഉറപ്പാണ്. മാനനഷ്ടക്കേസുകള്‍ക്ക് പരമാവധി ശിക്ഷ രണ്ടു വര്‍ഷമാണ്. ഒരു പാര്‍ലമെന്റ്, അസംബ്ലി അംഗത്തിന് ജനപ്രതിനിധി ആയി തുടരാന്‍ പറ്റാത്ത ശിക്ഷയുടെ കാലാവധിയും യാദൃച്ഛികമെന്നുപറയട്ടേ രണ്ടു വര്‍ഷം തന്നെയാണ്. അങ്ങനെ രാഷ്ട്രീയ പ്രസംഗത്തിന്റെ ഭാഗമായി ഒരു സമുദായത്തിന് മാനക്ഷതമേറ്റു എന്ന പേരില്‍ അഞ്ചു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍നിന്നു ഞൊടിയിടയില്‍ പുറത്താക്കി. അതിനെതിരായി ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയില്‍ 2004 മുതല്‍ രാഹുല്‍ ഗാന്ധി താമസിച്ചിരുന്ന എം.പി. ക്വാർട്ടേഴ്‌സ് ഉടനെ ഒഴിയണമെന്നും ഉത്തരവുണ്ടായി. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാകും രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ഭരണകൂടത്താല്‍ 'ടാര്‍ഗെറ്റ്' ചെയ്യപ്പെട്ടിരിക്കുന്നുവെന്ന്.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ 'marked person' ആണ് ഇന്ന് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട ശേഷം അദ്ദേഹം ഒരു എം.പി. പോലുമല്ല. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അ'യോഗ്യനാ'ക്കപ്പെട്ട എം.പി. മാത്രം. അയോഗ്യനാക്കപ്പെട്ട എം.പി. അയോഗ്യനാക്കിയവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യോഗ്യതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് വര്‍ത്തമാന രാഷ്ട്രീയം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 77-ന് മുമ്പ് കോണ്‍ഗ്രസിന് ഉണ്ടായിരുന്ന സൗകര്യമാണ് ഇന്ന് ബി.ജെ.പിക്കുള്ളത്. ഇന്ത്യയെമ്പാടും ഏറിയും കുറഞ്ഞും സ്വാധീനമുളള സുസംഘടിതമായ ഭരണകക്ഷി. അതിനെ ചെറുക്കുന്നതാകട്ടേ വിവിധ സംസ്ഥാനങ്ങളില്‍ ഭരണകക്ഷികളാണെങ്കില്‍ പോലും, കോണ്‍ഗ്രസിനോട് കിട പിടിക്കാന്‍ പോലും സാധിക്കാത്ത പ്രദേശിക രാഷ്ട്രീയ കക്ഷികള്‍. ഈ കക്ഷികള്‍ക്കെല്ലാം ദേശീയതലത്തിലെ ബി.ജെ.പി. എന്ന ചാമ്പ്യന്റെ എതിരാളിയായ കോണ്‍ഗ്രസുമായി പ്രാദേശിക തലത്തില്‍ കണക്കുതീര്‍ക്കാനുണ്ട്.
ബംഗാളില്‍ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോന്ന കക്ഷിയാണെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുമായുളള ബന്ധം ശത്രുതയുടേത് തന്നെയാണ്. മഹാരാഷ്ട്രയില്‍ ഒരു മഹാസഖ്യം ഉണ്ടായെങ്കിലും വൈകിയ വേളയിലും എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് ഐക്യം വേണ്ടത്ര ഫലപ്രദമായില്ല. ശിവസേനയില്‍ പിളര്‍പ്പുണ്ടായി. ആ പിളര്‍ന്ന ഭാഗം ഇന്ന് ബി.ജെ.പിയോട് ചേര്‍ന്ന് മഹാരാഷ്ട്ര ഭരിക്കുകയാണ്. ഒറീസയിലെ സ്ഥിരം ഭരണകക്ഷിയായി മാറിയ നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിക്കാകട്ടേ കോണ്‍ഗ്രസിനോടല്ല ബി.ജെ.പിയോടാണ് ആഭിമുഖ്യം. യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ സഹായം ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് മാത്രമല്ല, പല പരീക്ഷണങ്ങളിലും ഇരുകക്ഷികള്‍ക്കും വോട്ടുകള്‍ ട്രാന്‍ഫര്‍ ചെയ്യാനും സാധിച്ചിരുന്നില്ല. ഒരു കാലത്ത് ശക്തമായിരുന്ന ബി.എസ്.പിയുടെ സ്ഥിതിയും മറ്റൊന്നല്ല. ബിഹാറില്‍ ഇന്നത്തെ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പാര്‍ട്ടി ബി.ജെ.പിക്കെതിരായ നിലപാട് സ്വീകരിച്ചതാണ് അടുത്തകാലത്തുണ്ടായ പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്പെടലിലെ പ്രധാനപ്പെട്ട ചുവടുവെപ്പ്. ബിഹാറിലെ കോണ്‍ഗ്രസിന്റെ വിശ്വസ്ത സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ ലാലു പ്രസാദിനു കഷ്ടകാലമാണെങ്കിലും ഇപ്പോഴും കോണ്‍ഗ്രസിന് ഒപ്പമുണ്ട്. ത്രിപുര എന്ന ചെറിയ സംസ്ഥാനത്ത് എല്ലാ തര്‍ക്കങ്ങളും മാറ്റിവെച്ച് കോണ്‍ഗ്രസും സി.പി.എമ്മും ഒത്തുചേര്‍ന്നത് അവരുടെ രണ്ടു പേരുടെയും അസ്തിത്വം നിലനിര്‍ത്തുന്നതിന് സഹായമായതും നാം കണ്ടു.
പക്ഷേ, രാഹുല്‍ ഗാന്ധിയെ പുറത്താക്കുക എന്ന നടപടി, രാഹുല്‍ ഗാന്ധിയുടെ 4000 കിലോ മീറ്റര്‍ നീണ്ട ജോഡോ യാത്രയേക്കാളും മാസ്മരികമായ രാഷ്ട്രീയ അനുഭവമാണ് ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒരു കാലത്തും കോണ്‍ഗ്രസുമായി ചേരില്ലെന്ന് തോന്നിയ എ.എ.പി. മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസുവരെ ഒറ്റക്കെട്ടായി ഈ നടപടിയെ എതിര്‍ത്തിരിക്കുന്നു. കരുതലോടു കൂടിയ പിന്തുണയാണെങ്കിലും സി.പി.എമ്മും ഇക്കാര്യത്തില്‍ അവരുടെ നയം വ്യക്തമാക്കി. 1977-ലെ പരാജയത്തിന് ശേഷം ചിക്കമംഗളുരുവില്‍നിന്ന് ഇന്ദിര ഗാന്ധി വലിയ ഭൂരിപക്ഷത്തോടെ ലോകസഭയിലെത്തിയപ്പോള്‍ അന്നത്തെ ഭരണകക്ഷി അവരുടെ മൃഗീയ ഭൂരിപക്ഷം( മൂന്നില്‍ രണ്ടു ഭൂരിപക്ഷം)ഉപയോഗിച്ചുകൊണ്ട് ഇന്ദിര ഗാന്ധിയെ അടിയന്തരാവസ്ഥ കുറ്റങ്ങളുടെ പേരില്‍ ലോകസഭയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഇന്ദിര ഗാന്ധിയുടെ കടുത്ത ശത്രുവായിരുന്ന സി.പി.എം. ആ നടപടിയെ എതിര്‍ത്ത അനുഭവത്തെ ഓര്‍ത്തെടുത്താല്‍, ഇന്ന് രാഹുല്‍ ഗാന്ധിയെ പുറത്താക്കിയ നടപടിയെ ആ പാര്‍ട്ടി എതിര്‍ത്തതില്‍ വലിയ അത്ഭുതമില്ല.
രാഹുല്‍ ഗാന്ധിയെ പുറത്താക്കിയ നടപടിയെ സി.പി.എം. എതിര്‍ത്തെങ്കിലും രാഹുലിന്റെ മണ്ഡലമായ വയനാട്ടില്‍ കോണ്‍ഗ്രസിനെയോ രാഹുല്‍ ഗാന്ധിയെ തന്നെയോ പിന്താങ്ങുന്ന പ്രശ്‌നമേയില്ലെന്ന് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായ എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവന പ്രതിപക്ഷ ഐക്യത്തിന്റെ വിള്ളലുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പക്ഷേ, എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും ഇതിനകം ഉരുത്തിരിഞ്ഞിരിക്കുന്ന പ്രതിപക്ഷ ഐക്യനീക്കം ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുന്നു എന്നതാണു സത്യം. അടിയന്തരാവസ്ഥയില്‍ ജനാധിപത്യ വിരുദ്ധ നീക്കത്തെ ജനസംഘം ചെറുത്തുവെന്ന് അഭിമാനിക്കുന്ന പാര്‍ട്ടിയാണ് അതിന്റെ നവരൂപമായ ബി.ജെ.പി. അടിയന്തരാവസ്ഥയെ ചെറുക്കുന്നതില്‍ ആർ.എസ്.എസിനെപ്പോലെ മറ്റാരും പങ്കുവഹിച്ചില്ലെന്ന് അവര്‍ ഇപ്പോഴും ഊറ്റം കൊള്ളാറുണ്ട്.
പക്ഷേ, രാഹുല്‍ ഗാന്ധിയെ ലോക്‌സഭയിൽനിന്ന് പുറത്താക്കിയതോടെ ജനാധിപത്യ ധ്വസംനത്തിന് എതിരാണെന്നു പറഞ്ഞിരുന്ന അവരുടെ നിലപാട് തകര്‍ന്നുപോയിരിക്കുകയാണ്. ഒമ്പതു വർഷമായി നരേന്ദ്ര മോദി ഭരിച്ചെങ്കിലും, അതിന് മുമ്പ് വാജ്‌പേയ് ഭരിച്ചെങ്കിലും ബി.ജെ.പിയുടെ എല്ലാ പ്രസ്താവനകള്‍ക്കും ഒരു കാലത്ത് ജനാധിപത്യ വിരുദ്ധനീക്കങ്ങളുടെ ഇരയായിരുന്നു ഞങ്ങളെന്ന ശ്രുതി ഉണ്ടായിരുന്നു. ആ ശ്രുതിക്ക് ഭംഗം നേരിട്ടിരിക്കുന്നു. 'ജനാധിപത്യ ധ്വംസനത്തിലൂടെയും ഞങ്ങള്‍ മുന്നോട്ടുപോകും നിങ്ങളാരാണു ചോദിക്കാന്‍' എന്നതാണ് ഇന്ന് ബി.ജെ.പി. നേതാക്കളുടെ ശരീരഭാഷ. 'ഞങ്ങള്‍ക്ക് ഇഷ്ടമുളളത് ചെയ്യും നിങ്ങള്‍ക്ക് തടുക്കാന്‍ കഴിയുമെങ്കിൽ തടുത്തോളൂ' എന്ന നിലപാടിലേക്ക് ഭരണകക്ഷി പോകുന്നത് അതിന്റെ ശക്തിയല്ല ദൗര്‍ബല്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് എളുപ്പത്തില്‍ വായിച്ചെടുക്കാം.
ഇന്ത്യയിലെ യാഥാസ്ഥിതിക പക്ഷം പലപ്പോഴും കേവല ജനാധിപത്യത്തിന്റെ പക്ഷത്താണ് നിന്നിരുന്നത് എന്നത് രസകരമായ ഒരു വസ്തുതയാണ്. കേരളത്തില്‍ 1959-ല്‍ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനെ പുറത്താക്കാന്‍ ഉല്‍പതിഷ്ണുവായ നെഹ്‌റുവും അതിന് വേഗം കൂട്ടാന്‍ അന്ന് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിര ഗാന്ധിയും പരിശ്രമിച്ചപ്പോള്‍ കാബിനറ്റില്‍ തന്നെ ആ നീക്കത്തെ എതിര്‍ത്തത് മൊറാര്‍ജി ദേശായി ആയിരുന്നു. ഒരു സമരത്തിന്റെ ഭാഗമായി ഗവര്‍ണ്‍മെന്റിനെ പിരിച്ചുവിട്ടുകൂടാ എന്ന സമീപനമാണ് യാഥാസ്ഥിതികനായിരുന്ന മൊറാര്‍ജി അന്നെടുത്ത നയം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോഴും യാഥാസ്ഥിതിക കക്ഷികള്‍ അടിയന്തരാവസ്ഥയ്ക്ക് എതിരായിരുന്നു. ജനാധിപത്യത്തിന്റെയും ഭരണഘടനാവാഴ്ചയുടെയും വക്താക്കളായിരുന്നു അവര്‍.
ഒരുപക്ഷേ, സര്‍ സി.ശങ്കരന്‍ നായരെ പോലുളള ആളുകള്‍ സ്വാതന്ത്ര്യത്തിന് മുന്‍പ് കൈകാര്യം ചെയ്ത കോണ്‍സ്റ്റിറ്റിയൂഷ്യണലിസത്തിന്റെ ഭാഗമായിരുന്നിരിക്കാം യാഥാസ്ഥിതിക കക്ഷികളുടെ ജനാധിപത്യ പ്രക്രിയയോടുളള ഈ കൂറ്. ഈ ചിന്തയുടെ വക്താവ് ഗാന്ധിജിക്കും അദ്ദേഹത്തിന്റെ വിമര്‍ശകനായിരുന്ന സര്‍ സി.ശങ്കരന്‍ നായര്‍ക്കും ഗുരുവായിരുന്ന ഗോഖലെയുടെതാണ്.
അതുകൊണ്ട്, 59-ല്‍ നെഹ്‌റുവും 75-ല്‍ ഇന്ദിര ഗാന്ധിയും ജനാധിപത്യ പ്രക്രിയയോട് കൂറ് കാണിച്ചില്ലെന്നും അതിനിടയില്‍ എത്രയോ സംസ്ഥാന സര്‍ക്കാരുകളെ കോണ്‍ഗ്രസ് നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാരുകള്‍ പിരിച്ചുവിട്ടിട്ടുണ്ട് എന്നെല്ലാമുളള ഒരു സ്ഥിരം പല്ലവി യാഥാസ്ഥിതിക പക്ഷത്ത് നില്‍ക്കുന്നവര്‍ എക്കാലത്തും പറഞ്ഞുപോന്നിട്ടുണ്ട്. ഇടതുപക്ഷ കക്ഷികളും സമാന നിലപാടുകള്‍ സ്വീകരിച്ചിരുന്നെങ്കിലും സി.പി.ഐയും കേരളത്തിലെ ആര്‍.എസ്.പിയും അടിയന്തരാവസ്ഥയെ പിന്താങ്ങുകയാണ് ചെയ്തത്. ആര്‍.എസ്.പി. കേരളത്തില്‍ വിമോചന സമരത്തെയും പിന്താങ്ങിയിരുന്നു. ഇത്തരത്തില്‍ പല ഇടതുപക്ഷക്കാരെക്കാളും കോണ്‍ഗ്രസിലെ തന്നെ ഉല്പതിഷ്ണുക്കളേക്കാളും മികച്ച ജനാധിപത്യവാദികളാണ് ഇന്ത്യന്‍ യാഥാസ്ഥിതികരെന്ന വാദം ബി.ജെ.പി. അവരുടെകൂടെ സൗകര്യത്തിന് വേണ്ടി എക്കാലത്തും പറഞ്ഞിരുന്നു.
ബി.ജെ.പി. കേവലം മൊറാര്‍ജി ദേശായിയെപ്പോലെയോ, രാജാജിയെപ്പോലെയോ മറ്റ് യാഥാസ്ഥിതികരെപ്പോലെയോ ഒരു ജനാധിപത്യ യാഥാസ്ഥിതിക കക്ഷി മാത്രമല്ല. കൃത്യമായ വലതുപക്ഷ വര്‍ഗീയ ചേരുവകളുടെ സങ്കലനമാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രമെന്ന് പറഞ്ഞാല്‍ അവര്‍ പോലും അത് തള്ളിക്കളയില്ല. ഇവര്‍ക്കിടയിലാണ് ഇന്ത്യയിലെ സോഷ്യലിസ്റ്റുകളുടെ സ്ഥാനം. സോഷ്യലിസ്റ്റുകള്‍ എല്ലാ കാലത്തും ജനാധിപത്യത്തിന് വേണ്ടി നിന്നിരുന്നുവെന്നത് ഒരര്‍ഥത്തില്‍ ശരിയാണെങ്കിലും കേരളത്തിലെ വിമോചന സമരകാലത്ത് അവർ വിമോചന സമരപക്ഷത്തായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥയില്‍ എല്ലാ സോഷ്യലിസ്റ്റ് വിഭാഗങ്ങളും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും നേതാവായ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു.
ജയപ്രകാശ് നാരായണന്റെ പ്രശംസനീയമായ നേതൃത്വമാണ് 77ആയപ്പോഴേക്കും ഒരു ഏകീകൃത പ്രതിപക്ഷം എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്. തിരഞ്ഞെടുപ്പ് മത്സരങ്ങളില്‍നിന്ന് വിട്ടുനിന്ന ജെ.പി. സോഷ്യലിസ്റ്റ് ആശയങ്ങളുടെയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും നേതാവായി നിന്നുകൊണ്ട് ജനസംഘം മുതല്‍ സംഘടനാ കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളെ ഒറ്റ പാര്‍ട്ടിയാക്കി ജനത പാര്‍ട്ടി രൂപീകരിച്ചതാണ് ഇന്ദിര ഗാന്ധിയടക്കം തോല്‍ക്കാനുളള കാരണമെന്ന് നമുക്ക് അറിയാം.
ഇപ്പോൾ, രാഹുല്‍ ഗാന്ധിയെ പുറത്താക്കിയതിനെതിരേ നടക്കുന്ന പ്രതിപക്ഷ ഐക്യനീക്കം, സമാന്തരമെങ്കിലും സമാനതകളേറെയുളള ഒരു രാഷ്ട്രീയ നീക്കമായി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. ലോകസഭയില്‍നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ ഗാന്ധി യോഗ്യനാണെന്ന് ഇന്ത്യന്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട് തുടങ്ങി. ബി.ജെ.പി. ചാര്‍ത്തിയ അയോഗ്യതയേക്കാളും ജനങ്ങള്‍ ചാര്‍ത്തിയ യോഗ്യതയാണ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ കൈമുതല്‍. 77-ലെ 'JP Moment'ലേക്ക്
രാഹുല്‍ ഗാന്ധി പതുക്കെ വളരുകയാണോ എന്ന് ശ്രദ്ധിച്ച് നിരീക്ഷിക്കാവുന്നതാണ്. ലോകസഭയില്‍നിന്ന് തന്നെ പുറത്താക്കിയെങ്കില്‍ ഇനി ഞാന്‍ ജനങ്ങളിലേക്കാണ് എന്ന നിലപാട് രാഹുല്‍ ഗാന്ധി എടുത്താല്‍ കോണ്‍ഗ്രസിന് അത് പ്രതിപക്ഷ കക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് വലിയ സഹായകമായി തീരാനും സാധ്യതയുണ്ട്. നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ മറ്റൊരു പ്രധാനമന്ത്രിയെ പിന്താങ്ങാന്‍ കോണ്‍ഗ്രസ് മടിക്കാതിരുന്നാല്‍ ബി.ജെ.പിയുടെ സ്ഥിതി അത്രയ്‌ക്കൊന്നും അസൂയാര്‍ഹമായ ഒന്നല്ല. പ്രതിപക്ഷ ഐക്യനിരയും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ രക്തസാക്ഷിത്വ പരിവേഷവും ബി.ജെ.പിക്ക് തലവേദനയാണ് സൃഷ്ടിച്ചിട്ടുളളതെന്ന കാര്യത്തില്‍ സംശയം വേണ്ട.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ ജനാധിപത്യത്തിന് എന്തുസംഭവിക്കുന്നു എന്ന തോന്നല്‍ ലോകമെമ്പാടുമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പുറത്താക്കല്‍ ഇടയാക്കി. ഐക്യരാഷ്ട്ര സഭയുടെ വക്താവും അമേരിക്കല്‍ സര്‍ക്കാരിന്റെ പ്രതിനിധിയും ജനാധിപത്യ രാജ്യങ്ങളിലെ മറ്റു പ്രതിനിധികളും ഇന്ത്യയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ പഠിക്കുകയാണെന്നു പ്രസ്താവിച്ചതോടെ, ബി.ജെ.പി. പുലിവാലില്‍ തന്നെ പിടിച്ചിരിക്കുകയാണെന്നു പറയാം.
പക്ഷേ, പ്രതിപക്ഷ ഐക്യം ഇപ്പോഴുള്ളതിനേക്കാൾ ശക്തമായില്ലെങ്കിൽ കൂടുതല്‍ ശ്രദ്ധയോടെ മുഴുവൻ ശക്തിയും സമാഹരിച്ച് ബി.ജെ.പി. ചെറുത്തുനില്‍ക്കുമെന്ന കാര്യവും മറക്കരുത്. രാജ്യത്ത് എമ്പാടും നടത്തിക്കൊണ്ടിരിക്കുന്ന ഇന്‍ഫ്രാപുഷ് പൊളിറ്റിക്‌സ്(infra push politics) ബി.ജെ.പിയുടെ പിന്തുണ വര്‍ധിപ്പിക്കാന്‍ കൂടി വേണ്ടിയിട്ടുളളതാണ് എന്ന കാര്യം രഹസ്യമല്ല.
ദേശീയപാത വികസനത്തിന് മാത്രം ഈ വര്‍ഷംഏതാണ്ട് ഒന്നരലക്ഷം കോടി രൂപ മാറ്റിവെച്ചിരിക്കുന്നു. റെയില്‍വേ വികസനത്തിന്റെ തുകയുംഇതുപോലെ വലുതാണ്. റെയിലും ട്രെയിനും റോഡും വലിയ തോതില്‍ വികസിച്ചാല്‍ തൊഴില്‍ അവസരങ്ങളും തൊഴില്‍ദായകരുടെ അവസരങ്ങളും സിമന്റ്, സ്റ്റീല്‍ തുടങ്ങിയ വലിയ വ്യാവസായിക ഉല്പന്നങ്ങളും വന്‍തോതില്‍ മെച്ചപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാം. കണ്ണഞ്ചിക്കുന്ന റോഡുകളും പാലങ്ങളും ബൈപ്പാസുകളും എക്‌സ്പ്രസ്‌വേയും രാഷ്ട്രീയത്തില്‍ ഒരു മാറ്റവും സൃഷ്ടിക്കില്ലെന്ന് കരുതുന്നവര്‍ക്കൊപ്പമല്ല ഈ ലേഖകന്‍.
അതുകൊണ്ട് ലോക പാര്‍ലമെന്ററി ജനാധിപത്യത്തിന് മുന്നില്‍ അപമാനം സൃഷ്ടിക്കുന്ന തരത്തില്‍ ബി.ജെ.പി. ഇന്നെടുത്തിരിക്കുന്ന നടപടിക്കെതിരായ പരമാവധി വിപുലവും പ്രായോഗികവും ശക്തവുമായ ഒരു പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുത്തുകൊണ്ടല്ലാതെ അവരെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ സാധിക്കുമെന്ന് കരുതിക്കൂടാ. അതോടൊപ്പംതന്നെ ബി.ജെ.പിയുടെ ഇന്‍ഫ്രാ പുഷ് രാഷ്ട്രീയത്തെ എങ്ങനെ നേരിടുമെന്നും അവരുടെ അള്‍ട്രാ വലതുപക്ഷ നയത്തെ എങ്ങനെ തുറന്നുകാട്ടുമെന്നുമുള്ള വ്യക്തമായ ബ്ലുപ്രിന്റ് ഉണ്ടാക്കാനുളള സമയമാണ് ഇനി പ്രതിപക്ഷത്തിനു മുന്നിലുളളത്. അതിനായി മുമ്പ്, യു.പി.എ. രൂപീകരണത്തിന്റെ ഘട്ടത്തില്‍ സോണിയ ഗാന്ധി പരിശ്രമിച്ചതുപോലെ രാഹുല്‍ ഗാന്ധിയും ഉയര്‍ന്നുവരേണ്ട സന്ദര്‍ഭമാണിത്.
ദൗര്‍ഭാഗ്യകരമെന്നുപറയട്ടേ, സോണിയ ഗാന്ധിക്ക് അന്ന് തുണയായ സുര്‍ജിത്തും ജ്യോതിബസുവും ഇന്ന് നമ്മോടൊപ്പം ഇല്ല. അവരുടെ തലപ്പൊക്കമുള്ള ഇടതുപക്ഷ നേതാക്കളുമില്ല. എന്തായാലും ജോഡോ യാത്രയ്ക്ക് ശേഷം ദേശീയ തലത്തില്‍ ശക്തനായ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി. ഭയക്കുന്നുവെന്ന സന്ദേശം മുഴുവന്‍ ഇന്ത്യക്കാരും വായിച്ചെടുത്ത് കഴിഞ്ഞിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ പിടിച്ചുകെട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന തീരുമാനം എടുക്കാന്‍ ബി.ജെ.പി. നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയുമാണ്.
പക്ഷേ 1977-ലും 2004-ലും ഉണ്ടായതുപോലെ വിശാലമായ ഐക്യം ഉരുത്തിരിഞ്ഞാല്‍ ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പി. 2024-ല്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. സംശയം വേണ്ട.
Content Highlights: Rahul Gandhi Disqualification, prathibhashanam column by cp john
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..