ബി.എം.ഡബ്ല്യു ബൈക്കിൽ റോഡിലൂടെ ചീറിപ്പാഞ്ഞ് രാഹുൽ, ഒപ്പം സുരക്ഷാഭടനും; ആ ദൃശ്യം പക്ഷേ, ഇന്നില്ല


രാജേഷ് കോയിക്കല്‍കോണ്‍ഗ്രസിന്റെ അധികാരകേന്ദ്രങ്ങളായ ജന്‍പഥിലെ പത്താനമ്പര്‍ വസതി, തുഗ്ലക്ക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ ബംഗ്ലാവ് എന്നിവിടങ്ങളില്‍ നിന്നുളള രാഷ്ട്രീയകാഴ്ചകള്‍ പങ്കുവെക്കുകയാണ് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ രാജേഷ് കോയിക്കല്‍. ലേഖകന്‍ ദീര്‍ഘകാലം ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നു.

വര:ബാലു

സിംഹാസനങ്ങളുടെ നാട്ടില്‍ സര്‍ക്കാര്‍ മന്ദിരങ്ങളും പാര്‍ട്ടി ആസ്ഥാനങ്ങളും മാത്രമല്ല, ചില വസതികളും അധികാര കേന്ദ്രങ്ങളാണ്. ബിജെപിക്ക് പ്രധാനമന്ത്രിയുടേയും പാര്‍ട്ടി അധ്യക്ഷന്റേയും ആഭ്യന്തര മന്ത്രിയുടേയും വസതികളാണ് അധികാര കേന്ദ്രങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാര കേന്ദ്രങ്ങള്‍ ജന്‍പഥിലെ പത്താംനമ്പര്‍ വസതിയും തുഗ്ലക് ലൈനിലെ പന്ത്രണ്ടാംനമ്പര്‍ ബംഗ്ലാവുമാണ്.യഥാക്രമം സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും വസതികള്‍. അക്ബര്‍ റോഡില്‍ എഐസിസി ഓഫീസിനോട് ചേര്‍ന്നാണ് സോണിയ ഗാന്ധിയുടെ വീടെങ്കിലും മേല്‍വിലാസത്തില്‍ 10 ജന്‍പഥ് എന്നാണ്. നേതാക്കളെല്ലാം സോണിയ ഗാന്ധിയെ കാണാനെത്തുന്നത് അക്ബര്‍ റോഡിലൂടെയും. സുരക്ഷാ പരിശോധനയ്ക്കും മറ്റുമായി ഇവിടെയാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരും ഇവിടം കേന്ദ്രീകരിച്ചാണ് നില്‍ക്കുക.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് അതീവ സുരക്ഷാവലയത്തിലായിരുന്നു ജന്‍പഥിലേയും തുഗ്ലക് ലൈനിലേയും വീടുകള്‍. പ്രധാനമന്ത്രി പദം ത്യജിച്ച സോണിയ ഗാന്ധി യുപിഎ ചെയര്‍പേഴ്‌സണായിരുന്ന കാലം. രാജ്യത്തെ എലൈറ്റ് ഫോഴ്‌സ് ആയ എസ്പിജിയ്ക്കായിരുന്നു സുരക്ഷാചുമതല. ഒരീച്ച പോലും കടക്കാത്തവിധം പഴുതുകളടച്ച ക്രമീകരണങ്ങള്‍. ഗേറ്റിനുമുന്നില്‍ നില്‍ക്കാന്‍ വരെ എസ്പിജി ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. അക്ബര്‍ റോഡില്‍ സോണിയയുടെ വസതിക്കുപുറത്ത് വലതുഭാഗത്തായി ഇരുമ്പ് കൊണ്ട് നിര്‍മിച്ച സംരക്ഷിതമേഖല. അവിടെയായിരുന്നു മാധ്യമങ്ങളുടെ കാത്തുനില്‍പ്പ് കേന്ദ്രം. അതിനകത്ത് കയറാനും പ്രത്യേക പരിശോധന ഉണ്ടായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍ അവിടെ നില്‍ക്കാന്‍പോലും കഴിയാത്ത സ്ഥിതി. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യ രൂപീകരണ ചര്‍ച്ച നടന്ന സമയത്താണ് അവസാനമായി ഞാന്‍ ആ ഇരുമ്പ്കൂട്ടില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുപിന്നാലെ മോദി സര്‍ക്കാര്‍ എസ്പിജി സുരക്ഷ പിന്‍വലിച്ചു. സുരക്ഷാചുമതല കേന്ദ്ര പോലീസിനെ ഏല്‍പ്പിച്ചു. ഇതോടെ ഇരുമ്പ് കൂട് ശൂന്യമായി. മാധ്യമങ്ങളെല്ലാം ഗേറ്റിന് സമീപത്ത് നില്‍ക്കാമെന്ന സ്ഥിതിയായി.

സോണിയ ഗാന്ധിക്ക് വസതിയില്‍നിന്ന് എഐസിസി ആസ്ഥാനത്തേക്ക് പോകാന്‍ പ്രത്യേക വഴിയുണ്ട്. അതിലൂടെയാണ് സോണിയ വരിക. സുരക്ഷാ ഉദ്യോഗസ്ഥര്‍ അകമ്പടി സേവിക്കും. സംഘടനാ ജനറല്‍ സെക്രട്ടറിയായിരിക്കും അവരെ സ്വീകരിക്കുക. യോഗങ്ങളില്‍ പങ്കെടുക്കാനോ വാര്‍ത്താസമ്മേളനം നടത്താനോ എഐസിസി ആസ്ഥാനത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം മാതാവിനെ കണ്ട ശേഷം ഇതുവഴി തന്നെയാണ് വരാറ്. എഐസിസി ജനറല്‍ സെക്രട്ടറി ആയതോടെ പ്രിയങ്ക ഗാന്ധിയുടെ വരവും ഇതിലൂടെയായി. അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധി ഇപ്പോള്‍ എഐസിസി ആസ്ഥാനത്തേക്കുളള യാത്ര വാഹനത്തിലാക്കിയിട്ടുണ്ട്.

എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് മുറിയുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് മുറി സോണിയ ഗാന്ധി ഉപയോഗിക്കുക. പാര്‍ട്ടി ചര്‍ച്ചകളെല്ലാം വസതി കേന്ദ്രീകരിച്ച് ആയതിനാല്‍ മുറി തുറക്കുക വല്ലപ്പോഴുമാണ്. എപ്പോഴും പൂട്ടി സീല്‍ ചെയ്ത് വെച്ചിരിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമര പരിപാടികളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്ന പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും സോണിയ ഗാന്ധിയുടെ വസതിയും പാര്‍ട്ടി ആസ്ഥാനവും സന്ദര്‍ശിക്കുക പതിവാണ്. ഈ സമയം അക്ബര്‍ റോഡില്‍ വലിയ തിരക്ക് അനുഭവപ്പെടും. അക്ബര്‍ റോഡിലെ 26 ആം നമ്പര്‍ ബംഗ്ലാവിനും ജന്‍പഥിലെ വസതിക്ക് പുറത്തും പ്രവര്‍ത്തകരുടെ നീണ്ട നിരയായിരിക്കും. സോണിയ ഗാന്ധി ചിലപ്പോഴൊക്കെ വീടിനുപുറത്തു പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. സോണിയ ഗാന്ധി ഇല്ലെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടുമുറ്റം വരെ പോകാന്‍ പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കാറുണ്ട്.

പത്താംനമ്പര്‍ ജന്‍പഥിലെ വസതിയുടെ ഗേറ്റ് കടന്ന് മടങ്ങിയാല്‍ പിന്നെ സോണിയ ഗാന്ധിയെ കണ്ടു എന്നായിരിക്കും മിക്ക നേതാക്കളും പ്രവര്‍ത്തകരും പറയുക. രസകരമായ ഒരു സംഭവം ഓര്‍മ വരുന്നു. ഡല്‍ഹി രാംലീല മൈതാനത്ത് കോണ്‍ഗ്രസിന്റെ ഒരു ദേശീയസമരം നടന്ന ദിവസം. കേരളത്തില്‍നിന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തിരുന്നു. ശേഷം നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ചാണ് സോണിയ ഗാന്ധിയുടെ വസതി സന്ദര്‍ശിക്കാന്‍ പോയി. എഐസിസി ആസ്ഥാനം മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരുടെ വലിയ നിര തന്നെയുണ്ട്. ഇതേസമയം സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തില്‍ പുറത്തേക്കുപോയി. രാഹുല്‍ ആയിരുന്നു ഡ്രൈവിങ് സീറ്റില്‍. അവര്‍ പോയ ശേഷമാണ് കേരളത്തില്‍ നിന്നുളളവര്‍ പത്താംനമ്പര്‍ ജന്‍പഥ് കോമ്പൗണ്ടിലേക്ക് കയറിയത്. പത്ത് മിനിറ്റോളം അവര്‍ അകത്ത് ചെലവഴിച്ചിട്ടുണ്ടാകാം. പുറത്തിറങ്ങി ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന മുതിര്‍ന്ന നേതാവ് അവകാശപ്പെട്ടത് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി എന്നായിരുന്നു. അവര്‍ പത്ത് മിനിറ്റോളം ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ചെന്നും അദ്ദേഹം തട്ടിവിട്ടു. സോണിയയും രാഹുലും പുറത്തുപോകുന്നതിനു സാക്ഷിയായ ഞങ്ങളോടോ ബാലാ എന്ന മട്ടിലായിരുന്നു അപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍.

എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നത് വലിയ അനുഭവമായിരുന്നു. കോണ്‍ഗ്രസിലെ ഓരോ ചലനങ്ങളും തലമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ വിവരിച്ചുതരും. പ്രത്യേകിച്ച് ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍. മലയാളിയായ സി.എല്‍ മനോജൊക്കെ കോണ്‍ഗ്രസ് ചരിത്രത്തോടൊപ്പം നടന്നവരാണ്. ഏറ്റവും കൗതുകം തോന്നിയത് രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിക്ക് താത്പര്യമില്ലെന്ന ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ വിലയിരുത്തലാണ്. സോണിയ ഗാന്ധിയുടേയും ഹൈക്കമാന്‍ഡ് വിശ്വസ്തരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ രാഷ്ട്രീയത്തില്‍ സജീവമായതെന്ന് അവര്‍ പറയും. രാഹുല്‍ ഒരു സീസണ്‍ഡ് പൊളിറ്റിഷ്യന്‍ ആണെന്ന വിമര്‍ശനവും കേട്ടിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകാതെ രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കുക അസാധ്യമാണെന്ന ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍ പലപ്പോഴും ശരിയെന്ന് തോന്നിയിട്ടുണ്ട്. രാഷ്ട്രീയക്കാരനുവേണ്ട കുടില ബുദ്ധിയില്ലാത്ത നന്മയുളള വ്യക്തി അതായിരുന്നു പല മാധ്യമപ്രവര്‍ത്തകരും രാഹുലിനെ വിശേഷിപ്പിച്ചിരുന്നത്.

രാഷ്ട്രീയക്കാരനെന്നതിലുപരി രാഹുല്‍ പച്ച മനുഷ്യനാണെന്ന് വ്യക്തമാകുന്ന നിരവധി ഉദാഹരണങ്ങള്‍ സമീപകാലത്ത് രാജ്യം കണ്ടിരുന്നു. ഓര്‍മ വരുന്നത് വി.എം.സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്തെ ഒരു സംഭവമാണ്. രാഹുല്‍ ഗാന്ധിയുടെ വസതി കേന്ദ്രീകരിച്ച് കേരളാ നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ച. തുഗ്ലക്ക് റോഡില്‍ രാഹുലിന്റെ വീടിരിക്കുന്നതിനു സമീപം നാല്‍ക്കവലയാണ്. വിവിഐപികള്‍ മാത്രം താമസിക്കുന്ന പ്രദേശം. വീടിന്റെ ഇടതുവശത്തെ മതിലിനോട് ചേര്‍ന്നുളള റോഡ് വഴി സഞ്ചരിച്ചുവേണം സന്ദര്‍ശകര്‍ക്ക് അകത്തേക്ക് കയറാന്‍. ചര്‍ച്ചയ്ക്കുശേഷം നേതാക്കളെല്ലാം രാഹുല്‍ഗാന്ധിയുടെ വസതിയില്‍ നിന്നും മടങ്ങി. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തശേഷം മടങ്ങിപ്പോകാനുളള ഒരുക്കത്തിലായിരുന്നു. ഈസമയം വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്ന വലിയ ശബ്ദം കേട്ടു. ആഡംബര ബൈക്കിന്റെ എഞ്ചിന്റെ ശബ്ദമെന്ന് വ്യക്തമായിരുന്നു. ആകാംക്ഷയോടെ എല്ലാവരും രാഹുല്‍ ഗാന്ധിയുടെ വീടിനു സമീപത്തേക്ക് നോക്കി. ഗേറ്റ് തുറക്കപ്പെട്ടു. ഒരു ബിഎംഡബ്ല്യു ബൈക്ക് പുറത്തേക്ക് വന്നു. വെളള കുര്‍ത്തയും ജുബയും ധരിച്ച് രാഹുല്‍ ഗാന്ധിയാണ് ബൈക്ക് ഓടിക്കുന്നത്. പിറകില്‍ എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥന്‍. ബൈക്ക് റോഡിലൂടെ ചീറിപ്പാഞ്ഞു. കുറച്ചുനേരത്തിനു ശേഷം രാഹുല്‍ ഗാന്ധി മടങ്ങിയെത്തി. അതൊരു അപൂര്‍വ കാഴ്ചയായിരുന്നു. ചാനല്‍ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സുരക്ഷയുടെ പേര് പറഞ്ഞ് എസ്പിജി ഉദ്യോഗസ്ഥര്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു.

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ രണ്ടു പതിറ്റാണ്ടിലേക്ക് അടുക്കുകയാണ്. ഇതിനിടെ ഒരിക്കല്‍ മാത്രമാണ് ജന്‍പഥിലെ വസതി പ്രതിഷേധ ചൂടറിഞ്ഞത്. ഹരിയാണ നേതാവായ അശോക് തന്‍വറിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതായിരുന്നു കാരണം. കോപാകുലനായ തന്‍വര്‍ ഡല്‍ഹിയില്‍ സോണിയയുടെ വസതിക്ക് പുറത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. നൂറൂകണക്കിന് തന്‍വര്‍ അനുകൂലികളും സമരത്തിന്റെ ഭാഗമായി. ഒരു പകല്‍ ഹൈക്കമാന്‍ഡ് പ്രതിഷേധ ചൂടറിഞ്ഞു.

കോണ്‍ഗ്രസിന്റെ സംഘടനാപരമായ പ്രധാന ചര്‍ച്ചകള്‍ നടക്കുന്നത് സോണിയയുടേയും രാഹുലിന്റേയും വസതികളിലാണ്. അധ്യക്ഷനല്ലെങ്കിലും രാഹുലിപ്പോഴും പാര്‍ട്ടിയില്‍ ആരും ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമാണ്. വെറും പ്രവര്‍ത്തക സമിതി അംഗമായ രാഹുല്‍ ഗാന്ധിയുടെ വാക്കിനാണ് വില. ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ലെന്ന് വിശ്വസിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും നല്‍കുന്ന ആത്മവിശ്വാസമാണ് പദവിയില്ലെങ്കിലും അധികാര കേന്ദ്രമാകാന്‍ കാരണം. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും പേരില്‍ ഒരു സേനയുണ്ട്. പ്രാദേശിക നേതാവായ ജഗ്ദീഷ് ശര്‍മ്മയാണ് രാഹുല്‍-പ്രിയങ്ക സേനയുടെ സ്ഥാപകന്‍. പ്രവര്‍ത്തക സമിതിയോഗം, സ്ഥാപക ദിനാഘോഷം, തിരഞ്ഞെടുപ്പ് വിജയമോ പരാജയമോ ഉണ്ടാകുമ്പോഴെല്ലാം സേനാംഗങ്ങളെ എഐസിസി ആസ്ഥാനത്തിനു പുറത്ത് കാണാനാകും. ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ലെന്ന മന്ത്രമാണ് സേനയെ നയിക്കുന്നത്. 'രാഹുലിനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്നായിരുന്നു ആദ്യ മുറവിളിയെങ്കില്‍ ഇപ്പോഴത് 'പ്രിയങ്കയേയും വിളിക്കൂ' എന്നായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസിനായി സേന ചിലപ്പോള്‍ പൂജയും നടത്തും.

മോദി ഭരണക്കാലത്ത് ഇരുവീടുകളും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളോ സംഘടനയ്ക്ക് അകത്ത് പ്രതിസന്ധിയോ ഉണ്ടാകുമ്പോള്‍ മാത്രമാണ് സമീപകാലത്ത് രണ്ടും വസതികളും സജീവമാകുക. സോണിയ ഗാന്ധിക്ക് അനാരോഗ്യം രൂക്ഷമായതോടെ ചര്‍ച്ചകള്‍ ഏതാണ്ട് രാഹുലിന്റെ വസതി കേന്ദ്രീകരിച്ചായിട്ടുണ്ട്. പരിഹരിക്കാനാവാത്ത വിഷയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പത്താം നമ്പര്‍ ജന്‍പഥിലെ വസതിയില്‍ ചര്‍ച്ചയ്ക്ക് എടുക്കുക.

Content Highlights: Rahul Gandhi and Sonia Gandhi, Congress| Off the record column by Rajesh Koyikkal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented