എന്തുകൊണ്ട് ബ്രിട്ടനിൽ രാജാധികാരം തുടരുന്നു? കോമൺവെൽത്തിൽ ഇന്ത്യയ്‌ക്കെന്ത് കാര്യം? | പ്രതിഭാഷണം


സി.പി.ജോണ്‍എലിസബത്ത് രാജ്ഞി | Photo; AP

ഴു പതിറ്റാണ്ടുകാലം ബ്രീട്ടീഷ് രാജ്ഞിപദവിയിലിരുന്ന് ചരിത്രം സൃഷ്ടിച്ച രണ്ടാം എലിസബത്ത് രാജ്ഞി വിടവാങ്ങിയിരിക്കുന്നു. 1200 വര്‍ഷത്തെ ചരിത്രം പറയുന്ന രാജകുടുംബമാണ് ബ്രിട്ടണിലുളളത്. ഇതിനകം 61 രാജാക്കന്മാരും രാജ്ഞിമാരും അവിടെ ഉണ്ടായി. ലോകമെമ്പാടും അറിയപ്പെട്ടവരും ഏറെയൊന്നും അറിയപ്പെടാത്തവരുമായ ആ 61 പേരുടെ പട്ടികയിലേക്ക് ചാള്‍സ് മൂന്നാമന്‍ സെപ്റ്റംബര്‍ എട്ടാം തീയതി പ്രവേശിക്കുകയും ചെയ്തു.

1603 മുതലാണ്, ജയിംസ് ഒന്നാമന്റെ കാലം മുതല്‍, ഇന്നു നാം കാണുന്ന യുണൈറ്റഡ് കിങ്ഡം എന്ന സങ്ക്‌ലപം ഉണ്ടായത്. അതിനു മുമ്പ്, അവിവാഹിതയും വലിയ പണ്ഡിതയുമായിരുന്ന ഒന്നാം എലിസബത്തിന്റെ കാലം ഇംഗ്ലണ്ടിന്റെ സുവര്‍ണകാലമായിരുന്നു എന്നും പറയാറുണ്ട്. ഷേക്‌സ്പിയറും മാര്‍ലോവും സെപ്ന്‍സറുമെല്ലാം ഇന്നും ലോകസാഹിത്യത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എലിസബത്തന്‍ സാഹിത്യകാരന്മാരാണ് എന്നും നമുക്കറിയാം.

പക്ഷേ, ഇംഗ്ലണ്ടിന്റെ രാജാക്കന്മാര്‍ ദൈവികമായ അധികാരമുളളവരാണ് എന്ന് കരുതപ്പെട്ട കാലം പൊടുന്നനെ അവസാനിച്ചു. 1649-ലെ ക്രോംവെല്ലിന്റെ നേതൃത്വത്തില്‍ നടന്ന പ്യൂരിട്ടന്മാരുടെ വിപ്ലവം ഇംഗ്ലണ്ടിനെ ഹ്രസ്വകാലം രാജാവില്ലാത്ത റിപ്പബ്ലിക്കായി മാറ്റിയിരുന്നു. ക്രോംവെല്‍ തുടച്ചുനീക്കിയത് ചാള്‍സ് ഒന്നാമനെയാണ്. അദ്ദേഹം ഒരു ഫ്രഞ്ച് കാത്തലിക് വനിതയെ വിവാഹം ചെയ്തു എന്ന കുറ്റത്തിനാണ് പ്രൊട്ടസ്റ്റന്റ് പ്യൂരിട്ടന്മാര്‍ അതിനെതിരേ വന്ന ജനവികാരം ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരൊറ്റ വെട്ടിന് അദ്ദേഹത്തെ കൊന്നുകളഞ്ഞത്.

ഇന്ന് കാണുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആവിര്‍ഭാവം അവിടം മുതലാണ് ആരംഭിച്ചതെങ്കിലും അത് ചാള്‍സ് ഒന്നാമന്റെ തല വെട്ടിക്കളഞ്ഞ സംഭവത്തോടു കൂടിയാണ് എന്നുംപറയാവുന്നതാണ്. ക്രോംവെല്ലിന് ശേഷം വീണ്ടും രാജാധിപത്യം തിരിച്ചുവന്നു. ചാള്‍സ് രണ്ടാമന്‍ നാടുവിട്ടു പോയിരുന്നെങ്കിലും അദ്ദേഹം തിരിച്ചെത്തി ബ്രിട്ടീഷ് രാജാധിപത്യം പുനരാരംഭിച്ചു. പക്ഷേ, അത് രാജപദവി ദൈവികമല്ല എന്ന് അംഗീകരിച്ചു കൊണ്ടായിരുന്നു. അവിടം മുതലാണ് കോണ്‍സ്റ്റിറ്റിയൂഷണല്‍ മൊണാര്‍ക്കി അഥവാ ഭരണഘടനാസിദ്ധമായ രാജധികാരം ആവിര്‍ഭവിക്കുന്നത്. വാസ്തവത്തില്‍ അക്കാലം മുതലാണ് ഇന്ന് കാണുന്ന ബ്രിട്ടീഷ് രാജാധികാര പരമ്പര ഇടതടവില്ലാതെ മുന്നോട്ടുപോയത് എന്നുപറയാം. പക്ഷേ അന്തരിച്ച രണ്ടാം എലിസബത്ത് രാജ്ഞി യാദൃച്ഛികമായാണ് രാജ്ഞി പദവിയിലെത്തിയത്.

അറുപത് വര്‍ഷത്തിലേറെക്കാലം ഭരണാധികാരിയായിരുന്ന വിക്ടോറിയയ്ക്ക് ശേഷം അധികാരത്തില്‍ വന്നത് എഡ്വേര്‍ഡ് ഏഴാമനായിരുന്നു.
അദ്ദേഹത്തെ തുടര്‍ന്ന് ജോര്‍ജ് V അധികാരത്തിലെത്തി. ജോര്‍ജ് അഞ്ചാമന്റെ ഭരണശേഷം എഡ്വേര്‍ഡ് VIII അധികാരത്തിലേറിയെങ്കിലും വിവാഹമോചനം നേടിയ മിസ് സിംസണെ വിവാഹം കഴിക്കണം എന്ന് വാശിപിടിച്ചതോടുകൂടി 1936-ല്‍ തന്റെ പ്രണയിനിക്ക് വേണ്ടി എഡ്വേര്‍ഡ് VIII കിരീടവും ചെങ്കോലും ഉപേക്ഷിച്ച് ഡ്യൂക്ക് പദവിയിലേക്ക് സ്വയം താഴെ ഇറങ്ങിയിരുന്നു. ആ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ സഹോദരനായ ജോര്‍ജ് ആറാമന്‍ 1936-ല്‍ രാജാവായത്. ജോര്‍ജ് ആറാമന്റെ മരണശേഷം 1952-ല്‍ മകളായ എലിസബത്ത് രാജ്ഞിയായി അവരോധിക്കപ്പെട്ടു എന്നത് ചരിത്രത്തില്‍ അത്യപൂര്‍വമായ ഒന്നായി മാറി. ജോര്‍ജ് ആറാമന്റെ കാലത്താണ്(1936മുതല്‍ 52 വരെ) ഫലത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ സൂര്യനസ്തമിച്ചു തുടങ്ങിയത്. പക്ഷേ, 1926-ലെ Balfour Declaration എന്ന പ്രഖ്യാപനത്തോടെ തന്നെ ലോകമെമ്പാടും ഒരൊറ്റ സാമ്രാജ്യം എന്ന സങ്കല്പം മാറ്റി ബ്രിട്ടീഷ് മൊണാര്‍ക്കിയെ അംഗീകരിക്കുന്ന കോമണ്‍വെല്‍ത്ത് എന്ന പുതിയ സങ്കല്പത്തിലേക്ക് ബ്രിട്ടണ്‍ കടന്നിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തും ഈ ഡൊമീനിയന്‍ പദവി എന്ന വാദ്ഗാനം ഇരുപതുകളില്‍ ഉയര്‍ന്നു വന്നിരുന്നത് നമുക്ക് ഓര്‍മയുണ്ട്. പക്ഷേ, ഇന്ത്യ പൂര്‍ണ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് മുറവിളി കൂട്ടിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യ അതിവേഗം സ്വതന്ത്രയായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടുകൂടി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നട്ടെല്ല് ഒടിഞ്ഞെങ്കിലും ഇന്ത്യയും പാകിസ്താനും ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ അംഗരാജ്യമായാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പക്ഷേ, 1946-ല്‍ താല്ക്കാലിക പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നെഹ്‌റു 49 ആയപ്പോള്‍ ഇന്ത്യ റിപ്പബ്ലിക് ആവുകയാണ് എന്ന് ബ്രിട്ടനോട് തുറന്നുപറഞ്ഞു. നമ്മുടെ ഭരണഘടനാസമിതി അംബേദ്കറുടെ നേതൃത്വത്തില്‍ അതിനകം ഭരണഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.

1972-ല്‍ ബംഗ്ലാദേശിനെ ബ്രിട്ടണ്‍ അംഗീകരിച്ചതോടെ പാകിസ്താന്‍ കോമണ്‍വെല്‍ത്ത് വിട്ടു. 1989-ല്‍ വീണ്ടും അംഗത്വം തേടുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യം അതീവ ദുര്‍ബലമാവുകയും അതിന്റെ ലോകമെമ്പാടും പരന്നുകിടന്ന ധനസ്രോതസ്സുകള്‍ ദുര്‍ബലമാവുകയും ചെയ്ത കാലത്താണ് എലിസബത്ത് രാജ്ഞി കിരീടം വെച്ചത്. ദുര്‍ബലയായ ഒരു രാജ്ഞി എത്ര കാലം ബ്രിട്ടീഷ് മൊണാര്‍ക്കിയെ നയിക്കുമെന്ന് എല്ലാവരും സംശയിച്ചു. പക്ഷേ 70 വര്‍ഷം അവര്‍ രാജാധികാരം നിലനിര്‍ത്തുകയും 15 പ്രധാനമന്ത്രിമാരെ നിയമിക്കുകയും ചെയ്തു. മരിക്കുന്നതിന്റെ തലേദിവസമാണ് ഇന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രെസിനെ നിയമിച്ചത്.

എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാലം എന്നതിലുപരി കോമണ്‍വെല്‍ത്തിന്റെ കാലം എന്ന് വിലയിരുത്തുന്നതായിരിക്കും നന്നായിരിക്കുക. രണ്ടാം എലിസബത്ത് രാജ്ഞിയുടെ കാലത്ത് അടിച്ചമര്‍ത്താന്‍ ബ്രിട്ടണിന്റെ കീഴില്‍ ഒരുപാട് രാജ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, കെനിയയിലെ മൗ മൗവിൽ അമ്പതുകളില്‍ നടന്ന കലാപത്തെ അടിച്ചമര്‍ത്തിയതിന്റെ കറ അവരുടെ കൈകളിലും ഉണ്ട്. സമകാലിക ലോകത്തിലെ ജനാധിപത്യ-ഏകാധിപത്യ ഭരണസംവിധാനങ്ങളിലേക്ക് ഒന്നെത്തി നോക്കാം. 2017-ലെ സെന്റര്‍ ഫോര്‍ സിസ്റ്റമിക് പീസ് പോളിറ്റി ഡേറ്റസെറ്റ് ((Centre for Systamic Peace's Polity 1V Dataset) അനുസരിച്ച് 167 രാജ്യങ്ങളില്‍ 57 ശതമാനം വരുന്ന 96 രാജ്യങ്ങളിലേ ജനാധിപത്യം ഏറിയും കുറഞ്ഞുമുളളൂ. 21 രാജ്യങ്ങള്‍ പൂര്‍ണമായും ഏകാധിപത്യത്തിന് കീഴിലാണ്. 46 രാജ്യങ്ങളില്‍ ജനാധിപത്യം ഏകാധിപത്യത്തിന്റെ രുചികളോടെ ഭരണം നടത്തുന്നു.

യൂറോപ്പിലെ നിരവധി രാജ്യങ്ങളില്‍ ഇന്നും രാജാധികാരമുണ്ട്. ഇംഗ്ലണ്ടിന് പുറമേ ഡെന്മാര്‍ക്കും നെതര്‍ലന്‍ഡും നോര്‍വേയും സ്‌പെയ്‌നും സ്വീഡനും ബെല്‍ജിയവും ഉള്‍പ്പെടുന്നു. ഇംഗ്ലീഷുകാര്‍ നേതൃത്വം കൊടുക്കുന്ന കാനഡയും ഓസ്‌ട്രേലിയയും ന്യുസീലന്‍ഡും ബ്രിട്ടീഷ് കിരീടത്തെ അംഗീകരിക്കുന്നവരുമാണ്.

പശ്ചിമേഷ്യന്‍ മേഖലയിലേക്ക് വന്നാല്‍ കേരളത്തിന് സ്വന്തമെന്ന് തോന്നുന്ന യു.എ.ഇയും കേരളത്തിന് വലിയ ബന്ധമുളള സൗദിയും ഒമാനും ഖത്തറും കുവൈത്തും ബഹ്‌റിനുമെല്ലാം രാജാധികാരം നിലനില്‍ക്കുന്ന രാജ്യങ്ങളാണ്. എന്തിന് ജപ്പാനും കംബോഡിയയും മലേഷ്യയും ബ്രൂണോയും രാജാധികാരത്തെ ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ സഹിക്കുന്നവരുമാണ്. എന്തുകൊണ്ടാണ് ഇന്നും ലോകജനസംഖ്യയിലെ വലിയൊരു ഭാഗം രാജാധികാരം സഹിക്കുന്നത് എന്ന ചോദ്യം രാഷ്ട്രീയമണ്ഡലത്തില്‍ പ്രസക്തമാണ്. അതിനെക്കുറിച്ചുളള പഠനങ്ങളില്‍ പണ്ഡിതന്മാര്‍ അണിനിരക്കുന്നുണ്ട്.

പ്രസിദ്ധ ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകൻ പോൾ വോഗിന്റെ അഭിപ്രായത്തില്‍ രാജാധികാരത്തെ 21-ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ മനഃശാസ്ത്രം, ആധുനിക കാലഘട്ടത്തിലെ രാജാക്കന്മാര്‍ തിരഞ്ഞെടുപ്പുകളെ നേരിടേണ്ടി വരുന്നില്ല എന്നതുകൊണ്ട് ജനാധിപത്യ ലോകത്തിന്റെ ദൗര്‍ബല്യങ്ങളിലൊന്നായ പോപ്പുലിസത്തിന് അതീതരാണ് എന്നതുകൊണ്ടാണത്രേ. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും രാജക്കന്മാരേക്കാള്‍ കൂടുതല്‍ ഏകാധിപതികളാകുന്ന ചരിത്രവും കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയില്‍ നാം കണ്ടു. ഹിറ്റ്‌ലര്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായിരുന്നുവെന്ന് നമുക്കറിയാം. തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്ന മോഹനമായ സംവിധാനത്തിന്റെ കീഴില്‍ സ്റ്റാലിന്‍ നടത്തിയ ജനാധിപത്യ ധ്വംസനങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയമെന്ന് വിശേഷിപ്പിക്കപ്പെട്ട മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രം അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കും ചീത്തപ്പേര് ഉണ്ടാക്കി.

ജനാധിപത്യം അഥവാ ഡെമോക്രസിക്ക് പകരം DEMAGOGUERY എന്ന വികൃതമായ ജനാധിപത്യം പലേടത്തും പിന്‍വാതിലിലൂടെ കടന്നുവരുന്നു എന്നാണ് ഇത്തരം രാഷ്ട്രീയവിശാരദന്മാരുടെ അഭിപ്രായം. അതുകൊണ്ട് കൂടിയായിരിക്കാം രണ്ടാം ലോകമഹായുദ്ധത്തോടെ പടിപടിയായി ലോകത്ത് നിന്ന് എന്നന്നേക്കുമായി തീര്‍ന്നുപോകും എന്നു കരുതപ്പെട്ട രാജാധികാരങ്ങള്‍ നിരവധി രാജ്യങ്ങളില്‍ നാമമാത്രമായും പലേടത്തും പൂര്‍ണാധികാരത്തോടുകൂടിയും ചില സ്ഥലങ്ങളില്‍ അര്‍ധാധികാരത്തോടുകൂടിയും നിലനില്‍ക്കുന്നത് എന്ന് വിശദീകരിക്കപ്പെടുന്നുണ്ട്.

എന്തുമാകട്ടേ, എലിസബത്ത് രാജ്ഞിയുടെ വിയോഗം സമകാലിക രാഷ്ട്രീയ ചിന്തകള്‍ പങ്കുവെക്കാനുളള അവസരം തന്നെയാണ്. അന്തരിച്ച രാജ്ഞിയുടെ കാലത്ത് തളര്‍ന്നെങ്കിലും തകരാതെ നില്‍ക്കുന്ന കോമണ്‍വെല്‍ത്തിന്റെ ഭാവി എന്താകും എന്നാണ് ചാള്‍സ് മൂന്നാമന്റെ കാലത്ത് പ്രസക്തമായ ചോദ്യം. 250 കോടി ആളുകള്‍ ഇന്ന് 54 രാജ്യങ്ങളിലായി കോമണ്‍വെല്‍ത്തിലുണ്ട്. ലോകജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്നും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലാണ് താമസിക്കുന്നത്. ഈ 54 രാജ്യങ്ങളില്‍ 14 രാജ്യങ്ങള്‍ മാത്രമാണ് ഓസ്ട്രേലിയയും ന്യുസീലന്‍ഡും കാനഡയും അടക്കം ബ്രിട്ടീഷ് രാജാവിനെ അവരുടെ രാജ്യത്തിന്റെ തലവനായി നാമമാത്രമായിട്ടാണെങ്കിലും അംഗീകരിക്കുന്നത്. മറ്റു രാജ്യങ്ങള്‍ പൂര്‍ണസ്വതന്ത്രരാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ബ്രിട്ടണ്‍ ഊറ്റിക്കുടിച്ച് നശിപ്പിച്ച രാജ്യം കൂടിയാണ് നമ്മുടേത്. പക്ഷേ, രാജ്ഞിയുടെ ചരമത്തിന് ഒരാഴ്ച മുമ്പ് ഇന്ത്യയുടെ ജി.ഡി.പി. ബ്രിട്ടണേക്കാള്‍ അധികമാണെന്ന പ്രഖ്യാപനം ഉണ്ടായി. പക്ഷേ, ആളോഹരി ജി.ഡി.പിയുടെ കാര്യത്തില്‍ ഇന്ത്യ വളരെ പുറകിലാണ് എന്നും നമുക്കറിയാം. ഇന്ത്യ വലിയ ഒരു സൈനികശക്തിയാണ്. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ചേര്‍ന്നാല്‍ തന്നെ ഏതാണ്ട് 200 കോടി ആളുകളായി.

ഇത്തരം വലിയ രാജ്യങ്ങള്‍, ഓസ്ട്രേലിയയെപ്പോലെയുളള ഭൂഖണ്ഡം, ഭൂഖണ്ഡസമാനമായ വിസ്തൃതിയുളള കാനഡ, കരീബിയന്‍ ദ്വീപുകള്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യുസീലന്‍ഡ് തുടങ്ങിയ ചെറുതും വലുതുമായ രാജ്യങ്ങള്‍. ഈ രാജ്യങ്ങള്‍ക്ക് പൊതുവായി എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യമാണ് പ്രസക്തമായി തീരുന്നത്. അവര്‍ എന്നെങ്കിലും ഒരു കാലത്ത് ബ്രിട്ടീഷ് രാജാവിന്റെ കീഴിലായിരുന്നു എന്നതല്ല ഇന്ന് കോമണ്‍വെല്‍ത്തിനെ പ്രസക്തമാക്കുന്നത്. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അണിനിരന്നിട്ടുളള ഒരു രാഷ്ട്രീയ സംവിധാനം എന്ന നിലയാണ് അതിനുളളത്. ഈ കോമണ്‍വെല്‍ത്തിനെ ചാള്‍സ് മൂന്നാമന്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും? ഇന്ത്യ അതിനോട് എങ്ങനെ പ്രതികരിക്കും എന്നതാണ് പ്രശ്നം.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കോമണ്‍വെല്‍ത്ത് നമുക്ക് അനിവാര്യമല്ല. പക്ഷേ, പ്രയോജനകരമാണ്. അതിനു ചില നിബന്ധനകള്‍ കൂടി വെക്കേണ്ടി വരും. വിസ ആനുകൂല്യം വേണം. നമ്മുടെ പാസ്പോര്‍ട്ടിന് ഇത്തരം രാജ്യങ്ങളില്‍ മെച്ചപ്പെട്ട പരിഗണന ലഭിക്കുമെങ്കില്‍, നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിന് കൂടുതല്‍ സൗകര്യം കിട്ടുമെങ്കില്‍, തൊഴില്‍ നേടാന്‍ കൂടുതല്‍ സാധ്യതയുണ്ടെങ്കില്‍ കോമണ്‍വെല്‍ത് തുടരുന്നതിലും അത് ശക്തമാക്കുന്നതിലും തെറ്റില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യക്ക് വിജയിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സ്പോര്‍ട്സ് മത്സരമാണ്. ക്രിക്കറ്റില്‍ നാം ഒന്നാംകിടയായി നില്‍ക്കുന്നത് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ മാത്രമുളള ഒരു കളിയാണ് അത് എന്നതുകൊണ്ട് കൂടിയാണ്. ക്രിക്കറ്റിന്റെയും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെയും മാത്രമല്ല പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനുളള ഒരിടമായി കോമണ്‍വെല്‍ത്തിനെ കണ്ടെത്താന്‍ ഇന്ത്യക്ക് കഴിയണം. അതില്‍ ഏറ്റവും പ്രധാന്യം നല്‍കേണ്ടത് വിദ്യാഭ്യാസത്തിനും തൊഴിലിനും തന്നെയായിരിക്കണം.

ദക്ഷിണേഷ്യ ഒഴിച്ചുളള കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ജനസംഖ്യ കുറഞ്ഞുവരികയാണ്. അവിടെ പഠിക്കുകയും പണിയെടുക്കുന്നതിനും പുറമേ തുല്യതയോടുകൂടി ജീവിക്കുവാനുള്ള അവകാശവും കൂടെ നമുക്ക് ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയ്ക്കും പ്രത്യേകിച്ചും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥനങ്ങള്‍ക്കും അത് വലിയ അവസരമായത്തീരും. പക്ഷേ, മൂന്നാം ചാള്‍സ് രാജാവ് തന്റെ സാമ്രാജ്യം ഒരു കാലത്ത് നടത്തിയ അതിക്രമങ്ങള്‍ക്ക് നിശ്ചയമായും മാപ്പ് പറയേണ്ടതുണ്ട്. എലിസബത്ത് രാജ്ഞി ന്യൂസിലന്‍ഡ് സന്ദര്‍ശിച്ച സമയത്ത് അവിടെത്തെ ആദിമ ഗോത്രങ്ങള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളില്‍ ഖേദം പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. അതുമാത്രം പോര, ആഫ്രിക്കയില്‍നിന്നും അതിക്രൂരമായി കറുത്ത വര്‍ഗക്കാരെ വേട്ടയാടിപ്പിടിച്ച് കച്ചവടം ചെയ്ത അടിമക്കച്ചവടത്തിന്റെ കണ്ണുനീരും ചോരയും ബ്രിട്ടീഷ് കിരീടത്തിന്റെ മുകളിലുണ്ട്.

ഏതാണ്ട് ഒന്നരക്കോടി കറുത്ത വര്‍ഗക്കാരെയാണ് ആഫ്രിക്കയില്‍നിന്നു മൃഗങ്ങളെ വേട്ടായാടുന്നതുപോലെ പിടിച്ച് അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി ചങ്ങലയ്ക്കിട്ട് പണിയെടുപ്പിച്ചത്. ഇന്ത്യയിലും ബ്രിട്ടണ്‍ നടത്തിയ കടന്നാക്രമങ്ങള്‍ ചില്ലറയല്ല. ഒറീസ്സ ക്ഷാമവും ബംഗാള്‍ ക്ഷാമവും ഇന്ത്യയുടെ ധാന്യശേഖരം യൂറോപ്പിലേക്ക് കടത്തിക്കൊണ്ടുപോയതിന്റെയും ഇന്ത്യയിലെ പൂഴ്ത്തിവെയ്പ്പുകാര്‍ക്ക് വില കൂടുതല്‍ കിട്ടാന്‍ കൂട്ടുനിന്നതിന്റെയും ഫലമായുണ്ടായ മനുഷ്യക്കുരുതികളാണ്. 1856-ലെ സന്താള്‍ കലാപവും 57-ലെ ഒന്നാം സ്വാതന്ത്ര്യ സമരവും എങ്ങനെയാണ് ബ്രിട്ടന്‍ അടിച്ചമര്‍ത്തിയത് എന്ന് നമുക്കറിയാം. ജാലിയന്‍വാലാ ബാഗില്‍ കൂട്ടക്കൊല നടത്തിയതിനും ബ്രിട്ടണ്‍ മാപ്പുപറഞ്ഞിട്ടില്ല.

അങ്ങനെ എത്രയോ കൂട്ടക്കൊലകള്‍ നടത്തിയ സാമ്രാജ്യമാണ് ബ്രിട്ടണ്‍. ലാലാ ലജ്പത് റായിയെ പോലെയുള്ള ദേശീയ നേതാക്കളെ തെരുവിലിട്ട് തല്ലികൊല്ലുകയുണ്ടായി. ഭഗത് സിങ്ങിനെ തൂക്കിക്കൊന്നു. പുന്നപ്ര-വയലാര്‍ വെടിവെയ്പ്പ് പോലും നടത്തുവാനുള്ള കരുത്ത് തിരുവിതാംകൂര്‍ രാജാവിനും സര്‍ സിപിക്കും ഉണ്ടായത് മൗണ്ട്ബാറ്റണ്‍ന്റെ മൗനസമ്മതത്തോടുകൂടിയായിരുന്നു. ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ ഡൊമേനിയന്‍ പദവിയോടുകൂടി തിരുവതാംകൂറിനെയും ഹൈദരാബാദിനെയും ബറോഡയെയും നിലനിര്‍ത്തുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും തെലുങ്കാനയിലും തിരുവിതാംകൂറിലുമുണ്ടായ സായുധ കലാപങ്ങള്‍ അതില്‍നിന്നു പിന്‍വാങ്ങാന്‍ ആ രാജ്യങ്ങളിലെ രാജാക്കന്മാരെ നിര്‍ബന്ധിക്കുകയാണുണ്ടായത്. ലോകത്തെ ഒന്നാംകിട സമ്പന്നരാജ്യമായ ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിന് ശേഷം ദാരിദ്ര്യത്തിന്റെ ഒരു തൊണ്ടാക്കിമാറ്റിയതും ചരിത്രമാണ്.

പക്ഷേ, ഇന്ത്യ സ്വതന്ത്രയായി 75 വര്‍ഷം പിന്നിടുമ്പോള്‍ അതില്‍ 70 വര്‍ഷവും ബ്രിട്ടീഷ് കിരീടം ധരിച്ച രാജ്ഞി വിടവാങ്ങുമ്പോള്‍ പുതിയ രാജാവിന്റെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെയും മുന്നില്‍ നമുക്ക് അഭിമാനത്തോടെ നില്‍ക്കാന്‍ സാധിക്കുന്നുണ്ട്. കുറവുകള്‍ ധാരാളം ഉണ്ടെങ്കില്‍ പോലും.

ഏതായാലും ചാള്‍സ് മൂന്നാമന്‍ വ്യത്യസ്തനായ ഒരു രാജാവാണ്. ഇന്ത്യയില്‍ നിരവധി തവണ സന്ദര്‍ശനം നടത്തുകയും ആയുര്‍വേദവും ഹോമിയോപ്പതിയുമടക്കമുള്ള സമാന്തര ചികിത്സകളെക്കുറിച്ച് പഠിക്കുകയും അതിനെ ഏതു തലത്തില്‍വരെ ഉപയോഗപ്പെടുത്താം എന്ന് പരീക്ഷിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. പരിസ്ഥിതി സന്തുലനത്തിന്റെ വക്താവായിരുന്നു പലപ്പോഴും ചാള്‍സ് രാജകുമാരന്‍. ഡയാന രാജകുമാരിയുടെ ദാരുണമായ അന്ത്യത്തിന് ശേഷം വീണ്ടും വിവാഹിതനായ ചാള്‍സ് ഒരു കാലത്ത് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ രാജാധികാരത്തിലേക്ക് കടന്നുവരുമ്പോള്‍ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ ബ്രിട്ടീഷ് രാജാവാണദ്ദേഹം. പുതിയ കാലഘട്ടത്തിന്റെ നവയുഗത്തിന്റെ അനുരണനങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

അടുത്തകാലത്ത് ബ്രിട്ടീഷ് രാജാധിപത്യം അവസാനിക്കുമെന്ന് കരുതുന്നില്ല എങ്കില്‍പോലും അതു സംഭവിക്കുമോ എന്ന ചോദ്യവും അന്തരീക്ഷത്തിലുണ്ട്. രാജാധികാരം വേണ്ട എന്ന പ്രകടനങ്ങള്‍ ബ്രിട്ടനില്‍ ഇപ്പോള്‍ നടക്കുകയാണ്. അതിന്റെ പേരില്‍ അറസ്റ്റുകളും ഉണ്ടാവുന്നുണ്ടെങ്കിലും പത്രങ്ങളില്‍ അവ സ്വാഭാവികമായും വലിയ വാര്‍ത്തകളാവുന്നില്ല. ലോകാവസാനം വരെ ബ്രിട്ടീഷ് രാജാവോ മറ്റ് ഏതെങ്കിലും രാജാവോ നിലനില്‍ക്കും എന്ന് കരുതുന്നത് വിഡ്ഢിത്തം തന്നെയാണ്. രാജാധികാരം അനിവാര്യമേയല്ല. ഗുണമേന്മയുളള ജനാധിപത്യം തന്നെയാണ് ആത്യന്തികമായ ലോകത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം. പക്ഷേ, അതിന്റെ കുറവുകള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ജനങ്ങള്‍ക്ക് പലപ്പോഴും ഇതര അധികാര ചിഹ്നങ്ങള്‍ സ്വീകരിക്കേണ്ടിവരും എന്നതും മറന്നുകൂട.

ഏതായാലും ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റെടുക്കുമ്പോള്‍ ബ്രിട്ടീഷ് ചൂഷണത്തിന്റെയും ക്രൂരതകളുടെയും ഭാണ്ഡങ്ങള്‍ അഴിച്ചുവെച്ചുകൊണ്ട് പുതിയ കാലഘട്ടത്തിന് ചേര്‍ന്ന ജനാധിപത്യ ബോധത്തോടെയുള്ള ഒരു രാജാവായി ഭരണം തുടരുമെങ്കില്‍ കോമണ്‍വെല്‍ത്തിലെ അംഗമായ ഇന്ത്യയ്ക്കും അതിനോട് പ്രതികരിക്കാന്‍ സാധിക്കും. ഈയിടെ തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവാണ് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത്. സാന്താള്‍ കലാപത്തെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങില്‍ ആ കലാപത്തിന്റെ പ്രതീകമായ ദ്രൗപതി മുര്‍മു പങ്കെടുക്കുന്നതിലും വലിയൊരു സന്ദേശമുണ്ടെന്ന് കരുതാം. ബ്രിട്ടീഷ് രാഷ്ട്രത്തിന്റെ തലപ്പത്തിരുന്ന രണ്ടാം എലിസബത്ത് രാജ്ഞിയുടെ ചരമത്തില്‍ ദുഃഖിക്കുന്നവരോടൊപ്പം നമുക്കും പങ്കുചേരാം. പുതിയ കാലത്ത് പുതിയ രീതിയില്‍ ബ്രിട്ടീഷുകാര്‍ മുന്നോട്ട് പോകുമെന്നും പ്രതീക്ഷിക്കാം.


Content Highlights: queen elizabeth death pratibhashanam column by C P John


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented