പ്രധാനമന്ത്രി മോദി അയോദ്ധ്യയിലേക്ക് പോവുമ്പോള്‍ | വഴിപോക്കന്‍


By വഴിപോക്കന്‍

4 min read
Read later
Print
Share

നാളെ അയോദ്ധ്യയിലെ മണ്ണില്‍ നില്‍ക്കുമ്പോള്‍ എബ്രഹാം ലിങ്കന്റെ ആ വിഖ്യാതമായ പ്രസംഗം നരേന്ദ്ര മോദി ഒന്നോര്‍ക്കണം.

-

ഹാജി അബ്ദുള്‍ ഗഫാര്‍ ആയിരുന്നു ബാബറി മസ്ജിദിലെ അവസാനത്തെ ഇമാം. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുക്കുന്നതിനു കുറച്ചു ദിവസം മുമ്പാണ് ഹാജി അബ്ദുള്‍ ഗഫാര്‍ ഈ ലോകം വിട്ടുപോയതെന്ന് പത്രപ്രവര്‍ത്തക ശിഖ ത്രിവേദി ഒരു ലേഖനത്തില്‍ അനുസ്മരിക്കുന്നുണ്ട്. ഗഫാറിന്റെ രണ്ടു മക്കള്‍ മുഹമ്മദ് ഷബീറും മുഹമ്മദ് നസീറും 1992 ഡിസംബര്‍ ആറിന് നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടു. 16 പേരുടെ ജീവനാണ് അന്ന് അകാലത്തില്‍ അക്രമികള്‍ ഇല്ലാതാക്കിയത്. കഴിഞ്ഞ വര്‍ഷം ഷബീറിന്റെ മകന്‍ ഷാഹിദിനെ അയോദ്ധ്യയില്‍വെച്ചു കണ്ടതിനെക്കുറിച്ച് ശിഖ തന്റെ കുറിപ്പില്‍ എഴുതുന്നുണ്ട്. ഷാഹിദിന്റെ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന തടി മില്ല് അക്രമികള്‍ കത്തിച്ചു കളഞ്ഞു. ഓട്ടോ ഓടിച്ചാണ് ഷാഹിദ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്.

അയോദ്ധ്യയില്‍ 1990-ല്‍ കര്‍സേവകര്‍ക്കു നേരെയുണ്ടായ പോലീസ് വെടിവെയ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാമജന്മ ഭൂമി പ്രക്ഷോഭത്തില്‍ ബ.ിജെ.പിക്ക് കിട്ടിയ വലിയൊരായുധമായിരുന്നു കര്‍സേവകരുടെ മരണം. ഇന്ത്യ പിടിക്കാനുള്ള രാഷ്ട്രീയപോരാട്ടത്തില്‍ രാമനും അയോദ്ധ്യയും നല്‍കിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജവും കരുത്തും ബി.ജെ.പിക്ക് ഒരിക്കലും മറക്കാനാവില്ല. അതുകൊണ്ടുതന്നെ ആഗസ്ത് അഞ്ചിന് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമി പൂജ നടക്കുമ്പോള്‍ 28 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട കര്‍സേവകരുടെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രി മോദിക്കും ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവതിനുമൊപ്പം അയോദ്ധ്യയിലുണ്ടായിരിക്കുമെന്ന് ബി.ജെ.പി. ഉറപ്പുവരുത്തിയിട്ടുണ്ട്.

ബി.ജെ.പിക്കും മുമ്പേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാമനുണ്ട്. രാമനെ മുന്‍നിര്‍ത്തിയാണ് ഗാന്ധിജി തന്റെ ലക്ഷ്യത്തിലുള്ള രാജ്യം സങ്കല്‍പിച്ചത്. ഗാന്ധിജിക്ക് രാമന്‍ നീതിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായിരുന്നു. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള പരിസരമൊരുക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ പങ്കും കാണാതിരിക്കാനാവില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുമ്പോഴാണ് 1949-ഉം 1989-ഉം 1992-ഉം സംഭവിച്ചത്.

വാസ്തവത്തില്‍ രാമക്ഷേത്രത്തിന്റെ ആദ്യ ശിലാന്യാസം 1989-ലാണ് നടന്നത്. അന്ന് ആ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയിലെ ചില കടുംപിടിത്തക്കാര്‍ അതില്‍ നിന്നദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. അന്ന് അയോദ്ധ്യയിലേക്ക് പോവാതെ മതസൗഹാര്‍ദ്ദത്തിനായി സംഘടിപ്പിച്ച സദ്ഭാവന യാത്രയിലാണ് രാജീവ് പങ്കെടുത്തത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്. 1984-ല്‍ രണ്ടു സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി. 85 സീറ്റുകള്‍ പിടിച്ചു. മറ്റാരെയും വിളിച്ചില്ലെങ്കിലും കോണ്‍ഗ്രസ് പ്രസിഡന്റിനെ തീര്‍ച്ചയായും നാളെ നടക്കുന്ന ചടങ്ങിലേക്ക് വിളിക്കേണ്ടതായിരുന്നു.

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അയോദ്ധ്യയിലെ തര്‍ക്കഭൂമിയുടെ കാര്യത്തില്‍ അന്തിമ തീര്‍പ്പ് കല്‍പിച്ചത്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ഭൂമി വിട്ടു നല്‍കിക്കൊണ്ടുള്ള ഈ വിധിയില്‍ രണ്ട് കാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അദ്ധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച് എടുത്തു പറഞ്ഞു. 1949-ല്‍ ഇവിടെ വിഗ്രഹം സ്ഥാപിച്ചതും 1992-ല്‍ പള്ളി പൊളിച്ചതും തെറ്റായ നടപടികളായിരുന്നുവെന്നാണ് കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത്.

ആരും ജയിക്കുകയും തോല്‍ക്കുന്നില്ലെന്നുമാണ് വിധി സ്വാഗതം ചെയ്തുകൊണ്ട് ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. രാമഭക്തനായാലും റഹിം ഭക്തനായാലും ഭാരതഭക്തി ശക്തിപ്പെടുത്തേണ്ട സമയമാണ് ഇനിയുള്ളതെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ നിരീക്ഷണം.

ഒരു കാര്യം വാസ്തവത്തില്‍ ഈ ഘട്ടത്തില്‍ നടക്കേണ്ടതായുണ്ട്. 28 വര്‍ഷം മുമ്പ് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ പ്രതികളായിട്ടുള്ളവര്‍ക്കെതിരെയുള്ള കേസില്‍ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നടപടി വേണം. രാജ്യത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിന് ഈ നടപടികള്‍ തീര്‍ത്തും അനിവാര്യമാണ്.

സംഘത്തിന് നൂറു വയസ്സു തികയുന്ന 2025-നുമുമ്പ് അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കണമെന്നത് ആര്‍.എസ്.എസിന്റെ എക്കാലത്തേയും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിന്റെ ആദ്യ വാര്‍ഷികദിനത്തില്‍ തന്നെയാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അടിത്തറ ഒരുങ്ങുന്നതെന്ന കാഴ്ച ആര്‍.എസ്.എസിനും ബി.ജെ.പിക്കും നല്‍കുന്നത് പരിധികളില്ലാത്ത ആനന്ദമായിരിക്കും.

വാസ്തവത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍നിന്നു പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചെയ്യേണ്ടത്. ഒരു മതേതര രാഷ്ട്രത്തില്‍ ഭരണകൂടം ഇത്തരം നിര്‍മ്മാണ പ്രക്രിയകളില്‍ പങ്ക് ചേരേണ്ടതുണ്ടോ എന്ന ചോദ്യം ചോദിക്കാതിരിക്കാനാവില്ല. ക്ഷേത്ര നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ധനസഹായമുണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മ്മാണത്തിന് ചെലവു വരുമെന്ന് കണക്കാക്കപ്പെടുന്ന നൂറു കോടി രൂപ പൊതുജനങ്ങളില്‍നിന്നു ശേഖരിക്കാനാണ് ട്രസ്റ്റിന്റെ നീക്കം. ഇതിനിടെയാണ് ഒരോ ഹിന്ദു കുടുംബവും ഇതിനായി 11 രൂപയും ഒരു കല്ലും ദാനം ചെയ്യണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് വഴിയൊരുക്കിയത് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയുമൊക്കെയായിരിക്കാം. പക്ഷേ, അതിന്റെ രാഷ്ട്രീയ നേട്ടം ഇനിയങ്ങോട്ടു കൊയ്യുന്നത് യോഗിയായിരിക്കും. രണ്ടു കൊല്ലത്തിനപ്പുറം നടക്കാനിരിക്കുന്ന യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലായിരിക്കും യോഗി വീണ്ടും ജനവിധി നേടുക. ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള യോഗിയുടെ യാത്രയും അയോദ്ധ്യയില്‍നിന്നു തന്നെയാവും തുടങ്ങുക.

തുര്‍ക്കിയിലെ ഈസ്താംബുളില്‍ ഹാഗിയ സോഫിയ വീണ്ടും മുസ്ലിം ദേവാലയമാകുന്നതിനെ അനുകൂലിച്ച് സാദിഖലി ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനത്തിനു മുന്നില്‍ മുസ്ലിം ലീഗ് പുലര്‍ത്തുന്ന നിശ്ശബ്ദതയും ഇവിടെ പരാമര്‍ശിക്കാതിരിക്കാനാവില്ല. മതവും രാഷ്ട്രീയവും വല്ലാതെ കൂടിക്കുഴയുമ്പോള്‍ അത് തകര്‍ക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തന്നെയാണ്. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മതത്തിന്റെ പേരില്‍ വോട്ടു തേടുന്നതില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു മടിയുമില്ലെന്നത് പേടിപ്പിക്കുന്ന വസ്തുതയാണ്.

1865 മാര്‍ച്ച് നാലിന് അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ നടത്തിയ ഒരു പ്രസംഗമുണ്ട്. ജനാധിപത്യത്തിന് ഏറ്റവും സമ്മോഹനമായ നിര്‍വ്വചനം നല്‍കിയ ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തേക്കാള്‍ മികച്ചതെന്ന് വാഴ്ത്തപ്പെടുന്ന പ്രസംഗം. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തില്‍ വിജയം ഉറപ്പാക്കിയ ശേഷം രണ്ടാം വട്ടം പ്രസിഡന്റായി ചുമതലയേല്‍ക്കവെ ലിങ്കണ്‍ നടത്തിയ പ്രസംഗമാണിത്. ആരോടും വിദ്വേഷമില്ലാതെ എന്ന പ്രശസ്ത വാക്യം ലിങ്കണ്‍ പ്രയോഗിച്ചത് ഈ പ്രസംഗത്തിലായിരുന്നു.

വിജയത്തിന്റെ ആ വലിയ മുഹൂര്‍ത്തത്തില്‍ ലിങ്കണ്‍ തീര്‍ത്തും വിനയാന്വിതനായിരുന്നു: ''ആരോടും വിദ്വേഷമില്ലാതെ, നമുക്ക് രാഷ്ട്രത്തിന്റെ മുറിവുകള്‍ തുന്നിക്കെട്ടാം. യുദ്ധം ചുമലിലേറ്റിയവരെ, അവരുടെ വിധവകളെ, അവരുടെ അനാഥരായ കുഞ്ഞുങ്ങളെ ശുശ്രൂഷിക്കാം. നീതിപൂര്‍വ്വവും നിതാന്തവുമായ സമാധാനം കൈവരിക്കുന്നതിനായി എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്യാം.'' യുദ്ധത്തില്‍ നാനാവിധമായ, കീറിമുറിഞ്ഞ ഒരു രാജ്യത്തോടും ജനങ്ങളോടുമുള്ള വാക്കുകളായിരുന്നു അത്.

നാളെ , ആഗസ്ത് അഞ്ചിന് രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയില്‍ പങ്കെടുക്കാന്‍ അയോദ്ധ്യയിലെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലിങ്കന്റെ ഈ പ്രസംഗം ഒന്നോര്‍ത്തിരുന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്. അയോദ്ധ്യ എന്നാല്‍ യുദ്ധമില്ലാത്ത ഇടമെന്നാണര്‍ത്ഥം. പക്ഷേ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഈ ഇടത്തെ ചൊല്ലി നടന്നതുപോലുള്ള കലഹങ്ങളും സംഘര്‍ഷങ്ങളും മറ്റൊന്നിന്റെയും പേരിലുണ്ടായിട്ടില്ല. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യയുടെ മനസ്സും ഹൃദയവുമാണ് കീറിമുറിഞ്ഞത്. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും തന്റെ ജിവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണിതെന്നുമാണ് ബി.ജെ.പി. നേതാവ് അടല്‍ ബിഹാരി വാജ്പേയി പറഞ്ഞത്.

കാലം ഉണക്കാത്ത മുറിവുകളില്ല എന്നു പറയാറുണ്ട്. പക്ഷേ, ആ ഉത്തരവാദിത്തം കാലത്തിനു വിട്ടുകൊടുത്ത് കൈകഴുകാന്‍ എബ്രഹാം ലിങ്കണ്‍ തയ്യാറായിരുന്നില്ല. 1984-ലെ സിഖ് കൂട്ടക്കൊലയ്ക്ക് മാപ്പപേക്ഷിച്ചപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഭരണകൂടത്തിന്റെ അധികാര സമവാക്യങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് നടത്തുകയായിരുന്നു. കോവിഡ് 19 പടര്‍ന്നു പടിക്കാന്‍ തുടങ്ങവെ ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മന്‍മോഹന്‍ സിങ് എടുത്തുപറഞ്ഞത് മഹാമാരിക്ക് മുന്നില്‍ ഇന്ത്യന്‍ ജനതയെ കേന്ദ്ര സര്‍ക്കാര്‍ ഒറ്റക്കെട്ടായി നിര്‍ത്തേണ്ടതിനെക്കുറിച്ചാണ്. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം ആവശ്യപ്പെട്ട ഒരു കാര്യം പൗരത്വ ഭേദദഗതി നിയമം പിന്‍വലിക്കണമെന്നതായിരുന്നു.

നാളെ അയോദ്ധ്യയിലെ മണ്ണില്‍നിന്നുകൊണ്ട് ഈയൊരു പ്രഖ്യാപനം പ്രധാനമന്ത്രി മോദിക്ക് നടത്താനാവുമെങ്കില്‍ അതൊരു ചരിത്ര മുഹൂര്‍ത്തമാവും. മുറിവുകള്‍ ഉണക്കുന്ന ഈ തൈലം പുരട്ടിയാവട്ടെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വ്വഹിക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കാനായില്ലെങ്കില്‍ പിന്നെ പള്ളികളും അമ്പലങ്ങളും കൊണ്ട് എന്തു പ്രയോജനമാണുള്ളത്?

വഴിയില്‍ കേട്ടത്: ഐ.പി.എല്‍. നടത്തുന്നതിന് ചൈനീസ് കമ്പനിയായ വിവൊ നല്‍കുന്നത് 440 കോടി രൂപ. ബൂര്‍ഷ്വാസിയെ തകര്‍ക്കാന്‍ അവരുടെ തന്നെ ആയുധങ്ങള്‍ പ്രയോഗിക്കണമെന്ന് പറഞ്ഞത് സാക്ഷാല്‍ കാള്‍ മാര്‍ക്സല്ലേ!

Content Highlights: Prime Minister Narendra Modi visiting Ayodhya Ram Temple | Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented