പ്രധാനമന്ത്രീ, ഹരിദ്വാറിലെ ആക്രോശങ്ങൾ താങ്കൾ കേൾക്കുന്നില്ലേ? | വഴിപോക്കൻ


വഴിപോക്കൻ

5 min read
Read later
Print
Share

മമതയും കർഷകരും നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് പ്രതിവിഷമുണ്ടെന്ന കൃത്യമായ സന്ദേശമാണ് ബംഗാളിൽനിന്നും ഡൽഹിയുടെ അതിർത്തികളിൽനിന്നും ഉയർന്നത്.

ഹരിദ്വാറിൽ നടന്ന ഹിന്ദു ധർമ്മ സംസദ് സമ്മേളനത്തിൽനിന്ന് | Screengrab: Mathrubhumi News

പുണ്യനഗരമാണ് ഹരിദ്വാർ. ഗംഗയിൽ മുങ്ങി നിവർന്ന് പാപങ്ങൾ കഴുകിക്കളഞ്ഞ് ദേഹവും മനസ്സും നിർമ്മലമാക്കുന്ന വിശുദ്ധ സ്ഥലം. ഇവിടെ നിന്നാണ് ഇപ്പോൾ അപശബ്ദങ്ങൾ ഉയരുന്നത്. ഇന്ത്യയുടെ മനസ്സാക്ഷിയെ വെല്ലുവിളിക്കുകയും മലിനമാക്കുകയും ചെയ്യുന്ന ദുർവാക്കുകൾ. ഇന്നലെ (30.12.21) ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ പൊളിറ്റിക്കൽ സയന്റിസ്റ്റും പത്രപ്രവർത്തകയുമായ വസുന്ധര സർനെറ്റ് ഡ്രെണ്ണൻ ഹരിദ്വാറിൽ ഇക്കഴിഞ്ഞ ഡിസംബർ 17-നും 19-നും ഇടയിൽ നടന്ന ഹിന്ദുമത സമ്മേളനത്തിൽ ഉയർന്ന വാക്കുകളുടെ വിശദീകരണവും വിശകലനവും നൽകുന്നുണ്ട്. ദസ്‌ന ദേവി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ യതി നർസിംഗാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് ഈ സമ്മേളനം നടന്നത്.

ഹരിദ്വാർ സമ്മേളനത്തിലെ മുഖ്യപ്രാസംഗികരിലൊരാളായിരുന്ന ഹിന്ദുരക്ഷാ സേന പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരിയുടെ വിദ്വേഷം വമിക്കുന്ന വാക്കുകൾ വസുന്ധര കൃത്യമായി ഉദ്ധരിക്കുന്നുണ്ട്: ''അവർ ഡൽഹി അതിർത്തിയിൽ ഹിന്ദുക്കളെ കൊന്ന് കെട്ടിത്തൂക്കി. ഇനി സമയമില്ല, ഒന്നുകിൽ നിങ്ങൾ ചാകാൻ തയ്യാറാവണം അല്ലെങ്കിൽ കൊല്ലാൻ, അല്ലാതെ മറ്റൊരു വഴിയില്ല. അതുകൊണ്ടാണ് മ്യാൻമറിലെപ്പോലെ ഇവിടെയും പോലിസും രാഷ്ട്രീയക്കാരും സൈന്യവും ഓരോ ഹിന്ദുവും ആയുധങ്ങളെടുത്ത് ശുദ്ധികലശത്തിന് ഇറങ്ങിത്തിരിക്കേണ്ടിവരുന്നത്. അതല്ലാതെ മറ്റൊരു പരിഹാരവും ഇവിടെയില്ല.''

യതി നർസിംഗാനനന്ദ ഒരു പടി കൂടി കടത്തി ഹിന്ദു പ്രഭാകരൻ ആവുന്ന (തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരൻ) യുവാക്കൾക്ക് ഒരു കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്തു. മ്യാൻമറിൽ രോഹിംഗ്യ മുസ്ലിങ്ങളോട് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് നമുക്കറിയാം. അത്തരമൊരു വംശഹത്യയ്ക്കുള്ള ആഹ്വാനമാണ് ഹരിദ്വാറിന്റെ മണ്ണിൽനിന്ന് ഉയരുന്നത്.

ബഹുസ്വരതയാണ് ഇന്ത്യയുടെ അടിസ്ഥാനശില. വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പു വരുത്തുന്ന ഭരണഘടനയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വഴികാട്ടി. അയൽരാജ്യങ്ങൾ വഴി തെറ്റി മതാന്ധതയിലേക്കും പൗരാവകാശ നിഷേധങ്ങളിലേക്കും കൂപ്പു കുത്തിയപ്പോൾ ജനാധിപത്യത്തിന്റെ പ്രകാശം ഇവിടെ ഇന്ത്യയിൽ, നമ്മുടെ ഈ മാതൃരാജ്യത്ത് അസ്തമിക്കാതിരുന്നത് ഭരണഘടനയുടെ ആത്മാവിനെ മറക്കാൻ ഇവിടെ രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും പൊതുസമൂഹവും തയ്യാറാവാതിരുന്നതുകൊണ്ടാണ്.

Modi
ഗംഗാ നദിയിൽ പ്രാർത്ഥിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: ANI

ഈ അന്തഃസത്തയാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ പ്രസിദ്ധമായ മുദ്രാവാക്യത്തിൽ ഉയർത്തിപ്പിടിച്ചത്: ''സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്'' (എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം) എന്ന മന്ത്രം പ്രധാനമന്ത്രി മുന്നോട്ടുവെയ്ക്കുമ്പോൾ ആ വാക്കുകൾ മാംസമാവുമെന്നും അങ്ങനെ ഭരണകൂടം ഇന്ത്യയുടെ യഥാർത്ഥ പ്രതിനിധിയാവുമെന്നുമാണ് നമ്മൾ സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത്.

പക്ഷേ, ഇക്കഴിഞ്ഞ ഏഴു വർഷങ്ങളിൽ ഈ പ്രതീക്ഷയും വിശ്വാസവും അതിഭീകരമായി അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന് ഉയരുന്നത്. പൗരത്വ ഭേദഗതി നിയമവും ജമ്മു കശ്മീരിന്റെ വിഭജനവും ഭരണഘടനയുടെ 370-ാം വകുപ്പിനെ നിർവ്വീര്യമാക്കിയതും ഡൽഹി കലാപവും ഈ അട്ടിമറിയുടെ ഭാഗമായിരുന്നു. അസമിൽ ഒരു മുസ്ലിം യുവാവിന്റെ മൃതദേഹത്തിൽ ചവിട്ടിത്തുള്ളിയ ഫോട്ടോഗ്രാഫർ ഈ അട്ടിമറിയുടെ പ്രതീകവും പ്രതിനിധിയുമായി. ഇന്ത്യയുടെ സഞ്ചാരം എങ്ങോട്ടാണെന്ന ഭീതിദമായ ചോദ്യം ഉയരുന്നത് ഈ പരിസരത്തിലാണ്.

നൂറു വർഷം മുമ്പ് 1922-ലാണ് ടി.എസ്. ഏലിയറ്റിന്റെ സുപ്രസിദ്ധ രചന 'തരിശുഭൂമി' എഴുതപ്പെട്ടത്. ഒന്നാം ലോക മഹായുദ്ധം തീർത്ത കെടുതികളിൽ ഉരുകുകയും നോവുകയും ചെയ്ത കവിയുടെ സൃഷ്ടി. ''മനുഷ്യപുത്രാ, ഇവിടെ ഈ ചുവന്ന പാറയുടെ നിഴലിലേക്ക് വരൂ, ഒരു പിടിമണ്ണിൽ ഞാൻ നിനക്ക് ഭയം കാണിച്ചു തരാം.'' ഇന്ത്യയുടെ അന്തരീക്ഷത്തിൽ ഇപ്പോൾ ഭയത്തിന്റെ വല്ലാത്തൊരു ഗന്ധം നിറയുന്നുണ്ട്. ഈ ഭീതിക്കുള്ള മറുമരുന്നാവേണ്ടിയിരുന്ന 'സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' പൊള്ളയായ വാക്കുകൾ മാത്രമായി പരിണമിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും ആത്മപരിശോധന നടത്തണം.

ഒരു ഭാഗത്ത് ഹരിദ്വാറിലേതു പോലുള്ള വിദ്വേഷ, വർഗ്ഗീയ പ്രസംഗങ്ങൾ ഒരു തടസ്സവുമില്ലാതെ മുന്നേറുമ്പോൾ മറുഭാഗത്ത് ഫാദർ സ്റ്റാൻ സ്വാമിയെപ്പോലുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിക്കുന്നതും നമ്മൾ കാണുന്നുണ്ട്. നർസിംഗാനന്ദയും പ്രബോധാനന്ദയും അവരുടെ പ്രവൃത്തികൾ നിർബ്ബാധം തുടരുമ്പോൾ സിദ്ദീഖ് കാപ്പനെപ്പോലൊരു പത്രപ്രവർത്തകൻ മാസങ്ങളായി ഉത്തർപ്രദേശിലെ ജയിലിൽ കിടന്ന് നരകിക്കുന്നതും നമ്മൾ കാണുന്നുണ്ട്. ഇന്ത്യയിൽ അന്വേഷണാത്മക പത്രപ്രവർത്തനം തളരുകയാണെന്ന് വിലപിച്ച സുപ്രീം കോടതി ചീഫ്ജസ്റ്റിസ് വി.എൻ. രമണയ്ക്ക് എഴുതിയ തുറന്ന കത്തിൽ ഈ വൈരുദ്ധ്യം പത്രപ്രവർത്തകനായ പി. സായ്നാഥ് ചൂണ്ടിക്കാട്ടുന്നുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്നവർക്കെതിരെ ഭരണകൂടം നീങ്ങുമ്പോൾ എന്ത് നടപടിയാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന നിർണ്ണായക ചോദ്യമാണ് ഈ കത്തിൽ സായ്നാഥ് ഉന്നയിക്കുന്നത്.

അടുത്തിടെ പഞ്ചാബിലുണ്ടായ രണ്ട് കൊലകളും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. തങ്ങളുടെ വിശുദ്ധ ഇടങ്ങളിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റം ചാർത്തിയാണ് പഞ്ചാബിൽ ജനക്കൂട്ടം രണ്ട് യുവാക്കളെ കൊലപ്പെടുത്തിയത്. മതവികാരങ്ങൾ തകർക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്നായിരുന്നു കോൺഗ്രസ് പഞ്ചാബ് സംസ്ഥാന ഘടകം പ്രസിഡന്റ് നവ്‌ജോത്സിങ് സിദ്ധുവിന്റെ പ്രതികരണം. സിദ്ധുവും വിദ്വേഷപ്രസംഗമാണ് നടത്തുന്നത്. നിയമം കൈയ്യിലെടുക്കാൻ കോൺഗ്രസിന്റെ സമുന്നതനായ നേതാവ് ആഹ്വാനം ചെയ്യുമ്പോൾ അത് അംഗീകരിക്കാൻ ഒരു ജനാധിപത്യ വിശ്വാസിക്കും കഴിയില്ല. പഞ്ചാബ് പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിദ്ധുവിനെ പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം ഒരു നിമിഷം പോലും വൈകരുത്. ബ്ലു സ്റ്റാർ ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ തന്റെ സുരക്ഷാ വ്യൂഹത്തിൽനിന്ന് സിഖ് വംശജരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഇന്റലിജൻസ് ബ്യൂറൊ കുറിപ്പിന്റെ മാർജിനിൽ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് എഴുതിയ ഇന്ദിര ഗാന്ധിയെ കോൺഗ്രസ് നേതൃത്വത്തിന് എങ്ങിനെയാണ് മറക്കാനാവുക?

ഒരു കലാപവും ഒരു വിദ്വേഷ പ്രസംഗവും ശൂന്യതയിൽനിന്ന് ഉണ്ടാവുന്നില്ല. ഭരണകൂടം ഒത്താശ ചെയ്യുന്നില്ലെങ്കിൽ ഒരു കലാപവും വിജയിക്കില്ല. 1991-ൽ തമിഴ്‌നാട്ടിൽ ഡി.എം.കെ. സർക്കാരിനെ പിരിച്ചുവിടും മുമ്പ് ചെന്നൈയിലെത്തി ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും കണ്ടത് അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്‌മണ്യൻ സ്വാമി ഒരിക്കൽ അനുസ്മരിക്കുകയുണ്ടായി. ഡി.എം.കെ. സർക്കാരിനെ പിരിച്ചുവിട്ടാൽ തമിഴകം കത്തുമെന്നായിരുന്നു ഭീഷണി.

രണ്ട് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ സ്വാമി നൽകിയ മുന്നറിയിപ്പ് തമിഴകത്ത് കലാപമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് രണ്ടുപേർക്കും രക്ഷപ്പെടാനാവില്ല എന്നായിരുന്നു. സ്വാമിയുടെ മുന്നറിയിപ്പ് ഫലിച്ചു. പോലിസ് ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് തമിഴകം ശാന്തമായി നിലകൊണ്ടു. അതേസമയം, ഡൽഹിയിൽ വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയെ കേട്ടുകൊണ്ട് നിർവ്വികാരനായി നിലയുറപ്പിച്ച ഡൽഹി പോലിസ് മേധാവിയെക്കുറിച്ച് ജോസി ജോസഫ് അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിൽ എഴുതുന്നുണ്ട്.

Delhi Riot
ഡൽഹി കലാപത്തിനിടെ മുസ്ലിം യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന കലാപകാരികൾ | Photo: Danish Siddiqui / Reuters

2020 ഫെബ്രുവരി 23-നായിരുന്നു സംഭവം. വടക്ക് കിഴക്കൻ ഡൽഹി പോലീസ് ചീഫ് ബേദ് പ്രകാശ് സൂര്യ നോക്കിനിൽക്കെയാണ് കപിൽ മിശ്ര വിഷം ചീറ്റിയത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം നടക്കുന്നതുകൊണ്ടു മാത്രമാണ് തങ്ങൾ അനങ്ങാതിരിക്കുന്നതെന്നും അതു കഴിഞ്ഞിട്ടും സി.എ.എയ്‌ക്കെതിരെയുള്ള പ്രക്ഷോഭകാരികളെ നീക്കുന്നില്ലെങ്കിൽ പോലീസ് പറയുന്നത് കേൾക്കാൻ തങ്ങളെ കിട്ടില്ലെന്നുമായിരുന്നു മിശ്രയുടെ താക്കീത്. ആ മുന്നറിയിപ്പ് വെറുതെയായിരുന്നില്ല. നിർവ്വികാരതയോടെ മിശ്രയെ കേട്ടു നിന്ന ശേഷം പോലിസ് ചീഫ് പതുക്കെ നടന്നുപോയി. അതിനു പിന്നാലെ ഡൽഹി കലാപത്തിന് തിരി കൊളുത്തപ്പെട്ടു എന്നാണ് ജോസി എഴുതുന്നത്.

photographer
വെടിയേറ്റ് വീണ പ്രതിഷേധക്കാരന്റെ ശരീരത്തിന് മേൽ ചാടുകയും ചവിട്ടുകയും ചെയ്യുന്ന ഫോട്ടോഗ്രാഫർ | Photo: ANI

അസമിൽ മുസ്ലിം യുവാവിന്റെ മൃതദേഹത്തിന് മേൽ ഉറഞ്ഞാടിയ ഫോട്ടോഗ്രാഫർക്ക് ഭരണകൂടത്തിന്റെ ഒത്താശയുണ്ടായിരുന്നു. ആ ദിവസങ്ങളിൽ ഐക്യരാഷ്ട്ര സഭയിൽ ജനാധിപത്യത്തിനായി ശബ്ദമുയർത്തിയ പ്രധാനമന്ത്രി മോദി പക്ഷേ, ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ ഈ ദാരുണ സംഭവത്തെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടിയില്ല. ഭരണകൂടത്തിന്റെ നിശ്ശബ്ദത കലാപകാരികൾക്കുള്ള സമ്മതിപത്രമായിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയാണ് ഇപ്പോൾ ഹരിദ്വാറിലുണ്ടായിരിക്കുന്നത്.

പക്ഷേ, 2021-ന് തിരശ്ശീല വീഴുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന് ആശ്വസിക്കാൻ വഴിയുണ്ട്. ഇക്കഴിഞ്ഞ വർഷം ഇന്ത്യൻ ജനാധിപത്യത്തെ പ്രസന്നഭരിതമാക്കിയ രണ്ട് സംഭവങ്ങൾ ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടാൽ നിസ്സംശയം പറയാവുന്ന രണ്ട് കാര്യങ്ങൾ മമത ബാനർജിയുടെ മുന്നേറ്റവും കർഷക സമരത്തിന്റെ വിജയവുമായിരിക്കും. ബംഗാളിൽ മമത കൈവരിച്ച അനിതരസാധാരണമായ തിരഞ്ഞെടുപ്പ് വിജയത്തിനും സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും സമുജ്ജ്വലമായ പ്രക്ഷോഭത്തിനും ഇടയിലുള്ള കണ്ണി നമ്മൾ തീർച്ചയായും കാണാതെ പോവരുത്. ഹിന്ദുത്വയുടെ തേരോട്ടത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ വിജയമാണ് ഈ സുപ്രധാന കണ്ണി.

പൗരത്വ ഭേദഗതി നിയമവും ജമ്മു കശ്മീരിന്റെ വിഭജനവും മുസ്ലിങ്ങളെ സ്ഥാനാർത്ഥിയാക്കില്ലെന്ന ബി.ജെ.പിയുടെ 2017-ലെ ഉത്തർപ്രദേശ് നിലപാടും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നിറവേറലും വെളിപ്പെടലുമായിരുന്നു. ബംഗാൾ പിടിക്കാൻ മോദിയും അമിത് ഷായും നടത്തിയ പടപ്പുറപ്പാടിലും ഹിന്ദുത്വയുടെ നിറസാന്നിദ്ധ്യമുണ്ടായിരുന്നു.

കോർപറേറ്റുകളുടെ ഒത്താശയോടെ സകല ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരരംഗത്തിറങ്ങിയപ്പോഴും ഹിന്ദുത്വയുടെ പ്രതിരോധ കവചങ്ങളിലാണ് ബി.ജെ.പി. ആത്യന്തികമായി അഭയം തേടിയത്. പക്ഷേ, ടാഗോറിന്റെയും വിവേകാനന്ദന്റെയും സുഭാഷ് ചന്ദ്ര ബോസിന്റെയും ബംഗാൾ ശ്യാമപ്രസാദ് മുഖർജിയുടെ പ്രത്യയശാസ്ത്രത്തിന് പുറംതിരിഞ്ഞു നിന്നു. ഗുരു നാനാക്കിന്റെ മണ്ണിൽനിന്നു വന്ന കർഷകരും ഗോൾവാൾക്കറുടെയും സവർക്കറുടെയും പ്രത്യയശാസ്ത്രം നിരാകരിക്കുകയും മാനവികതയുടെ വിശാലവും ആഴവുമാർന്ന പതാക ഉയർത്തിപ്പിടിക്കുകയും ചെയ്തു. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് പ്രതിവിഷമുണ്ടെന്ന കൃത്യമായ സന്ദേശമാണ് ബംഗാളിൽനിന്നും ഡൽഹിയുടെ അതിർത്തികളിൽനിന്നും ഉയർന്നത്.

മമതയും കർഷകരും നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. പ്രതീക്ഷയും പ്രത്യാശയുമാണ് മാനവസമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. തുരങ്കത്തിനപ്പുറത്ത് പ്രതീക്ഷയുടെ ആ നാളം ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെയാണ് ഓരോ പ്രഭാതത്തിലും നമ്മൾ ഉറക്കം വിട്ടെഴുന്നേൽക്കുന്നത്. എല്ലാ വായനക്കാർക്കും പുതുവർഷത്തിന്റെ ആശംസകൾ!

വഴിയിൽ കേട്ടത്:മദർ തെരേസയുടെ മിഷനറീസ് ഒഫ് ചാരിറ്റിക്ക് വിദേശത്തുനിന്നുള്ള സംഭാവനകൾ ലഭിക്കുന്നതിനുള്ള ലൈസൻസ് പുതുക്കി നൽകാതെ കേന്ദ്ര സർക്കാർ. വെറുതെ ചാരിറ്റി, ചാരിറ്റി എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഒരു കാര്യവുമില്ല. ഇടയ്ക്കൊക്കെ പി.എം. കെയേഴ്സ് ഫണ്ടിലേക്കും എന്തെങ്കിലുമൊക്കെ കൊടുക്കണം!

Content Highlights: Prime Minister, do you not hear the aggression in Haridwar? | Vazhipokkan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cpm

9 min

ഗാന്ധി, അംബദ്കര്‍, നെഹ്‌റു: സി.പി.എമ്മിന് കിട്ടാതെ പോയ നേതാക്കള്‍ | വഴിപോക്കന്‍

Apr 5, 2022


Mammootty, Mohanlal
Premium

5 min

സൂപ്പര്‍താരങ്ങളുടെ ഒരുമിക്കല്‍, ഇരട്ട ക്ലൈമാക്‌സ്, ഫാന്‍ ഫൈറ്റ്, ഫാന്‍സ് അസോസിയേഷനുകളുടെ വളര്‍ച്ച

Oct 1, 2023


care
Premium

5 min

പ്രായമായവരെ എങ്ങനെ നോക്കണം? കെ.ജി. ജോർജിന്റെ മരണം ഉയർത്തുന്ന ഉത്തരങ്ങൾ | പ്രതിഭാഷണം

Sep 29, 2023

Most Commented