അമിത് ഷാ, നരേന്ദ്ര മോദി
ബി.ജെ.പിയുടെ വക്താവായ നൂപുര്‍ ശര്‍മയും ബി.ജെ.പി. നേതാവായ നവീന്‍ ജിന്‍ഡലും മുഹമ്മദ് നബിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തില്‍ ഇന്ത്യക്കെതിരായ ഒരു വികാരം ലോകരാജ്യങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുകയാണ്. ബി.ജെ.പി. അധികാരത്തില്‍ വന്നതിന് ശേഷം ഭൂരിപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കുന്നതിന് വേണ്ടി ന്യൂനപക്ഷങ്ങളെ നുളളിനോവിക്കലും അടിച്ചമര്‍ത്തലും വേണ്ടി വന്നാല്‍ തല്ലിക്കൊല്ലലും സര്‍വസാധാരണമായിരുന്നു.
ബി.ജെ.പി. അധികാരത്തില്‍ വന്ന് അധികകാലം കഴിയുന്നതിന് മുമ്പാണ് സ്വന്തം അടുക്കളയിലെ ഫ്രിഡ്ജില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്നത്. പരീക്ഷണത്തില്‍ അത് ആട്ടിറച്ചിയാണ് എന്നു മനസ്സിലായെങ്കിലും അഖ്ലാഖിന് ജീവന് നഷ്ടപ്പെട്ടു. എത്രയോ സംഭവങ്ങള്‍ ഇന്ത്യയുടെ നിരവധി ഭാഗങ്ങളില്‍ അരങ്ങേറി. ട്രെയിനില്‍ യാത്ര ചെയ്ത ഒരു യുവാവും ഇതുപോലൊരു കൊലപാതകത്തിന് ഇരയായി.
രണ്ടാം മോദി സര്‍ക്കാര്‍ വന്നതോടെ സംഘപരിവാറിന്റെ ഫ്രിഞ്ച് ഗ്രൂപ്പുകള്‍ അഥവാ അരിക് പ്രസ്ഥാനങ്ങള്‍ ചെയ്തിരുന്ന കാര്യം നേരിട്ട് സര്‍ക്കാരിനു തന്നെ ചെയ്യാം എന്ന സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നു. പൊടുന്നനെയായിരുന്നു കശ്മീര്‍ സംബന്ധിച്ച നിയമം രാജ്യസഭയിലൂടെ ലോകസഭയിലെത്തിയത്. പണ്ഡിറ്റുകളുടെ രക്ഷയ്ക്ക് വേണ്ടിയാണ് അതു ചെയ്തതെന്ന ന്യായീകരണം ഉണ്ടായെങ്കിലും ഇന്ന് പണ്ഡിറ്റുകള്‍ അവിടെനിന്ന് കൂട്ടപ്പലായനം ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. കശ്മീര്‍ സംസ്ഥാനമല്ലാതായി. 370-ാം വകുപ്പ് എടുത്തുകളഞ്ഞു.
അടുത്തതായി വന്നത് പൗരത്വ നിയമമായിരുന്നു. പൗരത്വനിയമം വന്നപ്പോള്‍ കൃത്യമായി മുസ്ലീം ന്യനൂപക്ഷത്തിന്റെ പേരു മാത്രം ഇന്ത്യയിലേക്ക് കടന്നുവരാനുളള ഇതരരാജ്യങ്ങളിലെ പൗരന്മാരുടെ ലിസ്റ്റില്‍നിന്ന് എടുത്തുകളഞ്ഞു. ഇന്ത്യയെമ്പാടും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. മുസ്ലീം മതസംഘടനകള്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ മതേതരകക്ഷികളും ഇടതുപക്ഷകക്ഷികളും അതില്‍ അണിനിരന്നു. നിയമം ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. സമരം കൊടുമ്പിരി കൊണ്ടപ്പോള്‍ കോവിഡ് മഹാമാരി വന്നതുകൊണ്ട് സമരവും നിയമവും തിരശ്ശീലക്ക് പിന്നിലായി എന്നുമാത്രം.
ഇതിനിടയിലാണ് ദക്ഷിണേന്ത്യയില്‍ ഹിജാബ് വിവാദമുണ്ടായത്. ഒരു സ്കൂളിലേക്ക് പര്‍ദ ധരിച്ചുപോയ പെണ്‍കുട്ടിയുടെ പിറകേ വടികളുമായി ഓടി വരുന്ന 'ശ്രീരാമസേന' എന്നറിയപ്പെടുന്ന ക്രിമിനല്‍ സംഘത്തിന്റെ ചെയ്തികള്‍ ഒരു ഞെട്ടലോടുകൂടിയാണ് നാം കണ്ടത്. ഭക്ഷണം മുതല്‍ സ്കൂള്‍ യൂണിഫോം വരെ ഇന്ത്യയില്‍ വലിയ ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിച്ചു. ഇതിനിടയില്‍ മുസ്ലീം ന്യൂനപക്ഷത്തെ ആക്രമിക്കരുത് എന്നുപറഞ്ഞുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ വന്നുവെങ്കിലും മുസ്ലീം തീവ്രവാദ സംഘടനകള്‍ക്കും ഇത് നല്ലൊരു അവസരം നല്കി.
മുസ്ലീം തീവ്രവാദസംഘടനകള്‍ സായുധമായി തന്നെ ശക്തമാണെന്ന് കേരളത്തില്‍ പല തവണ തെളിയിക്കപ്പെട്ടു. ആലപ്പുഴയിലും പാലക്കാടും രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷം 24 മണിക്കൂറിനുളളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സ്ഥിതിവരെയുണ്ടായി. അതുകഴിഞ്ഞപ്പോഴാണ് ഒരാളുടെ തോളില്‍ കയറിയിരുന്നുകൊണ്ട് ഒരു കൊച്ചുബാലന് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആലപ്പുഴയില്‍ പ്രകടനം നടത്തിയത്. ഒരു ബാലന്റെ നാവിൽനിന്ന് വരേണ്ട മുദ്രാവാക്യമായിരുന്നില്ല അത്. നിശ്ചയമായും ആ മുദ്രാവാക്യം എഴുതിയതും പഠിപ്പിച്ചതും മുതിര്‍ന്നവരായിരുന്നു എന്ന കാര്യത്തിൽ ആര്‍ക്കും സംശയമില്ല.
ഇന്ത്യ എങ്ങോട്ടാണ് പോകുന്നത്, ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ നോവിക്കുകയും അവരെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണകരമാണെന്ന് ആര്‍എസ്എസും ബിജെപിയും മനസ്സിലാക്കിയിരുന്നു. കാരണം ഭൂരിപക്ഷത്തെ സമ്മേളിപ്പിക്കാന്‍ ഭൂരിപക്ഷവിഭാഗങ്ങള്ക്ക് അനുകൂലമായി എന്തെങ്കിലും ചെയ്യുന്നതിനേക്കാൾ നല്ലത് ന്യൂനപക്ഷങ്ങളെ നോവിക്കലാണ് എന്ന തെറ്റായ പാഠമാണ് ഇന്ത്യന്‍ ഭരണകക്ഷി പഠിച്ചത്.
അതിനിടയിലാണ് ഗ്യാന്‍വാപി പളളിയില്‍ ശിവലിംഗമുണ്ടെന്ന കണ്ടെത്തല്‍ നടത്താന്‍ പലരും ശ്രമിച്ചത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പളളിയുടെ അടിത്തട്ടില്‍ ശിവലിംഗമുണ്ടെന്ന് കണ്ടെത്തുക എന്ന അത്യന്തം വിവാദമായ വിഷയം കോടതി കയറി. തീര്‍ന്നില്ല, കുത്തബ് മിനാറിന് കീഴില്‍ ഒരു ജൈനമതക്ഷേത്രമുണ്ടെന്ന് ഒരാള്‍ കോടതിയില്‍ പരാതിപ്പെട്ടു. കുത്തബ്മിനാര്‍ ഒരു മതചിഹ്നമേയല്ല എന്ന കാര്യം അവിടെ നില്ക്കട്ടേ. താജ്മഹലിനെയും വെറുതെ വിട്ടില്ല. താജ്മഹലിലെ അടച്ചിട്ട മുറികളില്‍ എന്തൊക്കെയോ ഒളിച്ചുവെച്ചിട്ടുണ്ട് എന്നുപറഞ്ഞപ്പോള്‍ ഭാഗ്യവശാല്‍ ഇന്ത്യയുടെ പുരാവസ്തുവകുപ്പ് അതിലൊന്നുമില്ല എന്ന പ്രസ്താവന നടത്തി.
ഇത്രയുമായപ്പോള്‍ ആര്‍എസ്എസിന്റെ സര്‍സംഘ ചാലക് എല്ലാ പള്ളികളുടെയും കീഴില്‍ ശിവലിംഗം തിരയേണ്ടതില്ല എന്ന പ്രസ്താവന നടത്തിയത് നന്നായി. പക്ഷെ, ഗ്യാന്‍വാപിയിലും കുത്തബ്മിനാറിലും താജ്മഹലിലും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത് എന്ന വിലക്ക്അദ്ദേഹത്തിന്റെ വായില്നിന്നുണ്ടായില്ല. 'കുറച്ചു നടക്കട്ടേ, അത് നിയന്ത്രിച്ചാല്‍ മതി' എന്ന നെരിപ്പോട് രാഷ്ട്രീയത്തിലാണ് ആർഎസ്എസ് നേതൃത്വവും മുന്നോട്ടുപോയത്. നെരിപ്പോടിലെ തീ ആളിക്കത്താറില്ല, അത് നീറിപ്പുകയും.. ചൂടിന് അത് ധാരാളം മതി. പുറമേക്ക് തീനാളമോ പുകയോ കാണില്ല. ഈ നെരിപ്പോട് തന്ത്രമാണ് ബിജെപിയും ആര്‍എസ്എസും വളരെ സമര്‍ഥമായി ഉപയോഗിച്ചു വരുന്നത്.
പക്ഷേ, പൊടുന്നനേയാണ് ബി.ജെ.പിയുടെ വക്താവായ നൂപുര്‍ ശര്‍മ മുഹമ്മദ് നബിക്കെതിരായി ഒരു ടെലിവിഷന്‍ ചാനലില്‍ മോശം പരാമർശം നടത്തിയത്. ഇത്രയും ആകാമെങ്കില്‍ ഇതും ആയിക്കൂടെ എന്നായിരിക്കും അവര്‍ കരുതിയത്. പക്ഷേ, ലോകമാകെ അതു പ്രതിധ്വനിച്ചു. ഖത്തറില്‍ പര്യടനത്തിലായിരുന്ന വൈസ്പ്രസിഡന്റ് വെങ്കയ്യാ നായിഡുവാണ് ആദ്യം ചൂടറിഞ്ഞത്. ഖത്തര്‍ അദ്ദേഹത്തിനൊരുക്കിയ വിരുന്ന് റദ്ദാക്കി.
ഇസ്ലാമിക രാജ്യങ്ങളെല്ലാം പ്രതിഷേധിച്ചു. 57 രാജ്യങ്ങളടങ്ങുന്ന കൗണ്‍സില്‍ രംഗത്ത് വന്നു. ചെറുതും വലുതുമായ രാജ്യങ്ങള്‍ ഇന്ത്യക്കെതിരേ ഒന്നിച്ചുവരുന്നത് ഇതാദ്യമായാണ്. ഇന്ത്യക്ക് അങ്ങോട്ടും ഇന്ത്യയോട് ഇങ്ങോട്ടും ധാരാളം കടപ്പാടുളള സൗദി അറേബ്യ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഇറാനും ഇറാഖും ഈ നിരയിലുണ്ട്. നമ്മുടെ സംരക്ഷണയില്‍ കഴിയുന്ന മാലെദ്വീപ് എന്ന ദ്വീപ് രാജ്യം പോലും ഇന്ത്യക്കെതിരേ തിരിയുന്ന അവസ്ഥയുണ്ടായി. ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ സമര്‍ഥനാണ്. അദ്ദേഹം തീയണയ്ക്കാനുളള നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്. നല്ലകാര്യം തന്നെ.
ബി.ജെ.പി.ഇന്ന് ഇന്ത്യയുടെ ഭരണകക്ഷിയാണ്. 130 കോടി ജനങ്ങളുളള ഒരു വലിയ രാജ്യത്തിന്റെ ഭരണകക്ഷി. ആ ഭരണകക്ഷിയുടെ ഉത്തരവാദിത്വ നിര്‍വഹണം ആ പാര്‍ട്ടിയുടെ തന്നെ അകത്ത് ചര്‍ച്ചയാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ആഗ്രഹിക്കാവുന്ന എല്ലാ സ്ഥാനവും അവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയും പ്രസിഡന്റും വൈസ്പ്രസിഡന്റും സ്പീക്കറും നിരവധി മുഖ്യമന്ത്രിമാരും അവരുടെ പാര്‍ട്ടി പ്രവര്‍ത്തകരാണ്, അവരുടെ നേതാക്കളാണ്.
പക്ഷെ, ഇനി എങ്ങോട്ടാണ് ബി.ജെ.പി. ഇന്ത്യയെ കൊണ്ടുപോകുന്നത്? ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഒരു ആഭ്യന്തര ലഹളയുടെ വക്കിലേക്കാണോ ആ പാര്‍ട്ടി നമ്മളെ നയിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യം ഏറ്റവും ആദ്യം അലയടിക്കേണ്ടത് ബി.ജെ.പിക്ക് അകത്താണ്. ലാലു പ്രസാദ് യാദവ് നടത്തിയ പ്രസ്താവന ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. ഈ നിലയ്ക്ക് പോയാല്‍ ആഭ്യന്തര കലഹം പോലുമുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
മുസ്ലീം സമുദായത്തിലെ തീവ്രവാദ സംഘടനകള്‍ക്കും ഇത് നല്ലൊരു അവസരമാണ്. അവര്‍ക്ക് തീ കൂട്ടാൻ കൊമ്പൊടിച്ചു കൊടുക്കുന്ന പണിയാണ് ഭരണകക്ഷി ചെയ്തു കൊടുക്കുന്നത്. ഇന്ത്യക്ക് നേരെ ഇത്രയും രാജ്യങ്ങള്‍ ഒരുമിച്ച് അണിനിരക്കുന്ന ഒരവസ്ഥ ബി.ജെ.പിക്കല്ല നാണക്കേട് ഉണ്ടാക്കിയിരിക്കുന്നത്, ഇന്ത്യക്കാണ്. ഓരോ ഇന്ത്യക്കാരനുമാണ്. ഖത്തര്‍ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. ഇന്ത്യ മാപ്പു പറയണം എന്ന് പല രാജ്യങ്ങളും ആവശ്യപ്പെടുന്നു. ബി.ജെ.പി. മാപ്പു പറഞ്ഞാല്‍ മതി, ഇന്ത്യ മാപ്പു പറയേണ്ടതില്ല എന്ന ചര്‍ച്ചയും ഇന്ത്യയില്‍ നടക്കുന്നു. പക്ഷേ, ആ ചർച്ചകൾ അവിടെ നില്ക്കട്ടേ.. ഇന്ത്യയുടെ തല കുനിഞ്ഞോ? ഉയര്‍ന്നോ?
സ്വാതന്ത്ര്യാനന്തര ഇന്ത്യ മതസൗഹാര്‍ദത്തിന്റെയും സമന്വയത്തിന്റെയും പര്യായപദമായിരുന്നു. അങ്ങിങ്ങായി വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നടന്നിട്ടുണ്ടെങ്കിലും അതിനെയൊന്നും ഇന്ത്യ ഭരിക്കുന്ന കക്ഷി അതുപോലെ വളരാന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നാണ് ലോകരാജ്യങ്ങള്‍ കരുതിയിട്ടുളളത്. പക്ഷേ, ഇന്ത്യയിലെ ഭരണകക്ഷിക്ക് വഴിതെറ്റുന്നു എന്ന സന്ദേശമാണ് ഇന്ന് ലോകം വായിച്ചെടുക്കുന്നത്. മറ്റു രാജ്യങ്ങള്‍ എങ്ങനെയാണ് ഇതിനെ നോക്കിക്കാണുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. അതുകൊണ്ട് ബി.ജെ.പിയും ആര്.എസ്എസും ഇരുന്ന് ചിന്തിക്കണം.
ഭാരതത്തെ നശിപ്പക്കുന്നതിന്റെ തുടക്കമാണ് ഇന്ത്യയില്‍ മതസ്പര്‍ധ സൃഷ്ടിക്കല്‍. തീവ്രവാദികളെ അടിച്ചമര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി എവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അതു കണ്ടെത്താനും മനസ്സിലാക്കാനും അവരെ ഒറ്റപ്പെടുത്താനും സമൂഹമധ്യത്തില്നിന്ന് മാറ്റിനിര്‍ത്താനുമുളള നിയമങ്ങള്‍ നമുക്ക് ധാരാളമുണ്ടല്ലോ. അതിനുവേണ്ടി എല്ലാ മതേതര വിശ്വാസികളുടെയും പിന്തുണ തേടുന്നതിന് പകരം ഒരു ന്യൂനപക്ഷത്തിന് നേരെ പരസ്യമായി ആക്രമണം നടത്തുക എന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്ന ചര്‍ച്ച നാട്ടിലുയര്ന്നാല് പോര അത് ബി.ജെ.പിയില്‍ ഉയരണം. ബിജെപിയിലും ആര്.എസ്.എസിലും അതു ഉയര്‍ന്ന് കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം, വിദേശകാര്യ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത് എന്ന് നമുക്കറിയാം.
നമ്മുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് റഷ്യ, ഇന്ന് ചൈനയുടെ പിന്തുണ നേടിയിട്ടുണ്ടെങ്കിലും ലോകരാജ്യങ്ങള്‍ക്കിടയില്‍ അത്ര നല്ല പേരുമായിട്ടല്ല നില്‍ക്കുന്നത്. ഇന്ത്യയെ എന്നും സംരക്ഷിക്കുകയും കരുതുകയും ഇന്ത്യ തിരിച്ചു കരുതുകയും ചെയ്ത രാജ്യങ്ങളാണ് ഇസ്ലാമിക രാജ്യങ്ങളെന്ന് വിളിക്കാവുന്ന മധ്യേഷ്യന്‍ രാജ്യങ്ങള്‍, അല്ലെങ്കില്‍ എണ്ണ ഉല്പാദക രാജ്യങ്ങള്‍. ആ രാജ്യങ്ങളുടെ എതിര്‍പ്പുണ്ടാകുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കും. ഇന്ത്യ ഊര്‍ജത്തിന് വേണ്ടി ആശ്രയിക്കുന്നത് ഈ രാജ്യങ്ങളെയാണ്. അടുത്ത സൗഹൃദമാണ് മോദിക്കും ആ രാജ്യങ്ങളുമായിട്ടുളളത്. സൗദി അറേബ്യയും യു.എ.ഇയും ഇന്ത്യന്‍ പ്രധാനമന്ത്രിയെ നല്ല നിലയിലാണ് സ്വീകരിച്ചത്.
യു.എ.ഇയില്‍ ഇതിനകം തന്നെ ഹിന്ദുക്ഷേത്രങ്ങള്‍ പണിയാനുളള, കൃസ്ത്യന്‍ പളളികള്‍ പണിയാനുളള അനുവാദം കൊടുത്തു. അവര്‍ കൂടുതല്‍ കൂടുതല്‍ തുറന്ന സമീപനം എടുക്കുകയാണ്. കടുത്ത രീതിയില്‍ സംസാരിക്കുന്ന സൗദി അറേബ്യ പോലും മതപരമായ കടുപ്പം കുറയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുകയും യു.എ.ഇയോട് സമാനമായ നടപടികളിലേക്ക് നടന്നടുക്കുകയും ചെയ്യുന്ന ഒരു കാലത്താണ് ഇന്ത്യ പുറകോട്ട് നടക്കുന്നത്.
ഇന്ത്യയെ പുറകോട്ട് പിടിച്ചുവലിക്കുന്ന ശക്തിയായി ബി.ജെ.പി. ചരിത്രത്തില്‍ അറിയപ്പെടാന്‍ പോകുന്നു എന്നതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. എങ്ങനെയായിരിക്കും ആ പാര്‍ട്ടി അതിനെ നേരിടുക എന്നത് നമുക്ക് കാത്തിരുന്ന് കാണാമെങ്കിലും ഇന്ത്യയിലെ മതേതരശക്തികള്‍, പുരോഗമനശക്തികള്‍ മര്‍ദിത ന്യൂനപക്ഷത്തോടൊപ്പം ശക്തമായ നിലയുറപ്പിക്കണം എന്ന് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.
മുസ്ലീം ന്യൂനപക്ഷത്തോടൊപ്പം നില്ക്കുക എന്ന അര്‍ഥത്തിലല്ല ഇതു വായിച്ചെടുക്കേണ്ടത്. ലോകത്തെവിടേയും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. പാകിസ്താന്റെ കാര്യമെടുത്താല്‍ അവിടെ ഹിന്ദു ന്യൂനപക്ഷം കഠിനമായ ആക്രമണങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്തിന് ബംഗ്ലാദേശില്‍ പോലും ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നു. മതവിരോധികളെന്ന പേരില്‍ ഭൗതികവാദികള്‍ക്കും നിരീശ്വരവാദികള്ക്കുമെതിരേ കഠിനമായ കുറ്റങ്ങളാണ് അവിടെ ചുമത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്നതെല്ലാം ഭംഗിയാണ് എന്നര്‍ഥമില്ല. അവിടെയും ആക്രമിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങളാണ്. പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും മറ്റ് നിരവധി രാജ്യങ്ങളുടെയും മാതൃകയിലേക്കാണോ ഇന്ത്യ പോകേണ്ടത് എന്ന ചോദ്യത്തിനാണ് ബ.ജെ.പി. മറുപടി പറയേണ്ടത്.
ഇന്ത്യ ഇന്ത്യയായി നില്‍ക്കണം. നമ്മുടെ ഭരണഘടന ലോകരാഷ്ട്രീയത്തിലെ ഒരത്ഭുതമാണ് എന്നുതന്നെ പറയാം. ഒരു മതത്തിന്റേയും പേര് ഭരണഘടനയില്‍ പറയുന്നില്ല. ന്യൂനപക്ഷങ്ങളെ കുറിച്ച് പറയുന്നിടത്തെല്ലാം ഭരണഘടന മതന്യൂനപക്ഷങ്ങളൊപ്പം ഭാഷാ ന്യൂനപക്ഷങ്ങളെയും ചേര്‍ത്തുവെക്കുന്നുണ്ട്. അതുകൊണ്ട് മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അംഗീകാരം നല്‍കുക എന്നത് മുസ്ലീം മതത്തിന് ,അല്ലെങ്കില്‍ സിഖ് മതത്തിന് അംഗീകാരം നല്‍കുക എന്ന അര്‍ഥത്തിലല്ല വായിക്കേണ്ടത്. ലോകത്തെല്ലായിടത്തുമുളള ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണം.
നൂപുര്‍ ശര്‍മയും നവീന്‍ ജിന്ഡലുമല്ല ഒന്നാം പ്രതികള്‍. അവരെ സ്പോണ്സര് ചെയ്ത ആളുകള്‍ തന്നെയാണ്. നൂപുര്‍ ശര്‍മ പറയുന്നുണ്ട് 'ഞാന്‍ ഈ പ്രസ്താവന നടത്തിയതിന് ശേഷവും ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും ചിലര്‍ എന്നെ വിളിച്ച് പ്രശംസിച്ചു' എന്ന്. അത് അവർക്ക് രക്ഷപ്പെടാനുളള മാര്‍ഗമായിരിക്കാം. ഒരു പക്ഷേ നുണയായിരിക്കാം. പക്ഷേ ബിജെപിയും ആര്‍എസ്എസും കഴിഞ്ഞ കുറേക്കാലമായി ഉയര്‍ത്തിക്കൊണ്ടുവന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ ഉല്പന്നങ്ങളാണ് നൂപുര്‍ ശര്‍മയും നവീന്‍ ജിന്‍ഡലും എന്നുനിശ്ചയമായും പറയാം.
ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കണം. ഇത്തരത്തില്‍ മുഹമ്മദ് നബിക്കെതിരായി പരാമര്‍ശം നടത്താതിരിക്കണം എന്നുമാത്രമല്ല, ന്യൂനപക്ഷങ്ങളോട് തുല്യരെന്ന രീതിയില്‍ പ്രത്യേക സംരക്ഷണം നല്‍കപ്പെടേണ്ടവരെന്ന രീതിയില്‍ പെരുമാറുക എന്ന രാഷട്രീയത്തിലേക്ക് എല്ലാരാഷ്ട്രീയ പ്രസ്ഥാനങ്ങളും കടന്നുവരണം. സാര്‍ഥകമായ മതേതരമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരികയും വേണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..