പ്രതീകാത്മക ചിത്രം
കെ.എസ്.ആര്.ടി.സി. വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു ഭാഗത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാത്ത സ്ഥിതി, മറുഭാഗത്ത് പുതിയ കമ്പനികളുണ്ടാക്കി എയര്‍ കണ്ടീഷന്‍ ബസുകള്‍ കേരളത്തിന് അകത്തും പുറത്തും ഓടിക്കുന്ന തിരക്ക്. രണ്ടിനുമിടയില്‍ നൂറുകണക്കിന് ബസുകള്‍ തുരുമ്പെടുത്ത് കിടക്കുന്നു. അത് എന്തു ചെയ്യണമെന്ന് അറിയാതെ അധികൃതര്‍ മിഴിച്ചു നില്ക്കുന്നു. ഗതാഗതമന്ത്രിയുടെ രക്ഷയ്ക്കെത്തിയത് അപ്രതീക്ഷിതമായി വിദ്യാഭ്യാസ മന്ത്രിയാണ്. തുരുമ്പുപിടിച്ച ബസുകള്‍ ക്ലാസ് മുറികളില്ലാത്ത സ്കൂളുകളില്‍ കൊണ്ടിട്ടാല്‍ അവിടെ കുട്ടികള്‍ക്ക് പഠിക്കാം എന്നാണ് ശിവന്‍കുട്ടി കണ്ടുപിടിച്ചിരിക്കുന്നത്.
കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പഞ്ചായത്ത്-മുനിസിപ്പല്‍ ചുമതലയില്‍ സ്കൂളുകള്‍ വന്നതിന് ശേഷം ക്ലാസ് മുറികളുടെ എണ്ണക്കുറവ് വലിയ തരത്തില്‍ കുറഞ്ഞിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. നിലവിലുളള ക്ലാസ് മുറികള്‍ ഭംഗിയാക്കുന്നതിലും അതിനെ സ്മാര്‍ട്ട് ആക്കുന്നതിനും സര്‍ക്കാരുകളും പഞ്ചായത്തുകളും മത്സരിക്കുന്ന കാലത്താണ് ശിവന്‍കുട്ടി ബസ് ക്ലാസ് തുടങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്.
തന്റെ സുഹൃത്തും തൊട്ടടുത്ത മണ്ഡലത്തിലെ എം.എല്‍.എയുമായ ആന്റണി രാജുവിനെ രക്ഷിക്കാനായി ഈ തുരുമ്പെടുത്ത ബസുകള്‍ ദയവായി സ്കൂള്‍ മുറ്റത്തുകൊണ്ട് സ്ഥാപിക്കരുതെന്നാണ് വിദ്യാഭ്യാസ മന്ത്രിയോട് പറയാനുളളത്. എന്നാല്‍, പ്രശ്നങ്ങള്‍ തുടങ്ങുന്നത് കെ.എസ്.ആര്.ടി.സിയില്‍ നിന്നായതുകൊണ്ട് നമുക്ക് അതേ കുറിച്ച് തന്നെ ആലോചിക്കാം.
കെ.എസ്.ആര്.ടി.സി. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് എന്നെല്ലാവര്‍ക്കും അറിയാമെങ്കിലും അത് പലപ്പോഴും കേരള സ്റ്റേറ്റ് ബസ് ട്രാന്‍സ്പോട്ട് കോര്‍പറേഷനായി മാറിയിരിക്കുകയാണ്. ബസ് വാങ്ങുന്നതും റിപ്പയര്‍ ചെയ്യുന്നതുമാണ് കെ.എസ്.ആര്.ടി.സിയുടെ ഏറ്റവും വലിയ തലവേദന. അതൊഴിവാക്കണമെന്ന് ഒരിക്കലും കെ.എസ്.ആര്.ടി.സി. ആലോചിക്കാത്തതിന്റെ യുക്തി എന്താണെന്ന് പല ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.
കെ.എസ്.ആര്.ടി.സിയുടെ നടത്തിപ്പിനെ കുറിച്ച് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് നിശ്ചയിക്കുകയും അതിന് വേണ്ടി വലിയ വിദഗ്ധന്മാരെ നിയമിക്കുകയും ചെയ്തുവെങ്കിലും അവരുടെ റിപ്പോര്‍ട്ടുകളൊന്നും വെളിച്ചം കണ്ടില്ല. അല്ലെങ്കില്‍ അവര്‍ പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല. അവര്‍ എന്തുപറഞ്ഞു, പറഞ്ഞില്ല എന്നതിലേക്കല്ല എങ്ങനെ ഈ കെ.എസ്.ആര്.ടി.സിയെ മുന്നോട്ടുകൊണ്ടുപോകണം എന്നതിനെ കുറിച്ചാകാം ചര്‍ച്ച.
എനിക്കാദ്യമായി പറയാനുളളത് കെ.എസ്.ആര്.ടി.സി. പൊതുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസുകളുടെ വിപരീതപദമാകരുതെന്നാണ്. ഇന്ന് കേരളത്തിലും ഇന്ത്യയിലാകെയും പബ്ലിക്-പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ ഒരു വലിയ ഇഷ്ടപദമാണ്. തുറമുഖങ്ങള്‍ ഉണ്ടാക്കുന്നതിലും വിമാനത്താവളങ്ങള്‍ ഉണ്ടാക്കുന്നതിലും എന്തിന് വിമാനക്കമ്പനികള്‍ തന്നെ സ്വകാര്യമേഖലയ്ക്ക് ഏല്പ്പിച്ചുകൊടുക്കുന്നതിലുമെല്ലാം ഉത്സാഹിക്കുന്ന സമയത്ത് ഇതിനെയെല്ലാം എതിര്‍ത്ത ഇടതുപക്ഷം പോലും പബ്ലിക് -പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ ഒരു യാഥാര്‍ഥ്യമാണ് എന്ന് അംഗീകരിക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് കേരളത്തിലെ പൊതുഗതാഗത രംഗത്ത് പബ്ലിക്-പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ ആയിക്കൂടാ എന്ന് ചോദിക്കാനാണ് ഈ കുറിപ്പില്‍ ആഗ്രഹിക്കുന്നത്.
കെ.എസ്.ആര്.ടി.സി. ആദ്യം ചെയ്യണമെന്ന് ഞാന്‍ കരുതുന്നത് ബസുകള്‍ വാങ്ങിക്കുന്നത് നിര്‍ത്തലാണ്. ബസുകള്‍ വാടകയ്ക്ക് എടുക്കാമെങ്കില്‍ അത് ഒരു പബ്ലിക്-പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ തന്നെയല്ലാതെ എന്താണ്? സ്വിഫ്റ്റ് എന്ന കമ്പനിയുണ്ടാക്കി ഡസന്‍ കണക്കിന് ബസുകള്‍ പകരം ആ ഗുണനിലവാരമുളള ബസുകള്‍ കെ.എസ്.ആര്.ടി.സി. വാടകയക്ക് എടുക്കുകയും ഡ്രൈവിങ്ങിന് അതിന്റെ ഉടമസ്ഥനെ തന്നെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ കണ്ടക്ടറെ മാത്രം കെ.എസ്.ആര്.ടി.സി. നല്കിയാല് ജനങ്ങള്‍ക്ക് നല്ല ഗതാഗതസൗകര്യ കിട്ടുമെന്ന് മാത്രമല്ല ബസുകള്‍ അപകടത്തില്‍പ്പെടുന്നതിന്റെയും അവ നന്നാക്കുകയും ചെയ്യുന്നതിന്റെ ചുമതലയില്‍ നിന്ന് കെ.എസ്.ആര്.ടി.സിക്ക് രക്ഷപ്പെടാന്‍ കഴിയും.
കെ.എസ്.ആര്.ടി.സിയുടെയും പൊതുഗതാഗത മേഖലയുടെയും ലക്ഷ്യം പബ്ലിക് ട്രാന്‍സ്പോര്‍ട്ടാണ് എന്ന് മനസ്സിലാക്കുകയാണ് ഏറ്റവും പ്രധാനം ഇന്നിപ്പോള്‍ കെ.എസ്.ആര്.ടിയിസുടെ ബസുകള്‍ വില്ക്കാന് പുറപ്പെടുന്നു. ഇതെവിടെ കൊണ്ടുവില്‍ക്കും എന്നാലോചിച്ചപ്പോഴാണ് സ്കൂള്മുറ്റങ്ങളുണ്ടെന്ന് ആന്റണി രാജുവിനും ശിവന്‍കുട്ടിക്കും ബോധ്യപ്പെട്ടത്. കുട്ടികള്‍ക്ക് കളിക്കാനുളള സ്ഥലത്ത് തുരുമ്പുപിടിച്ച കെ.എസ്.ആര്.ടി.സി. ബസുകള്‍ കൊണ്ടുവന്നിട്ടാല്‍ അതില്‍ പാമ്പു കയറും എന്നല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇനി ഏതെങ്കിലും സ്കൂളില്‍ ഒരു ക്ലാസ്റൂം വേണമെന്നുണ്ടെങ്കില്‍ അതിന് കെഎസ്ആര്‍ടിസി ബസല്ല, മറിച്ച് ഒരു കണ്ടെയ്നറാണ് വാങ്ങേണ്ടത്. ആ കണ്ടെയ്നറില്‍ ഇരുന്ന് പഠിക്കാന്‍ സുഖം കാണില്ല. അത് ചുട്ടുപഴുക്കും. കെ.എസ്.ആര്.ടി.സി. ബസ്സിലാണെങ്കില്‍ എന്‍ജിനുണ്ട്. ക്ലാസ്മുറിയില്‍ എന്തിനാണ് എന്ജിന് എന്ന ചോദ്യം ശിവന്കുട്ടിയോടോ ആന്റണി രാജുവിനോടോ ചോദിക്കരുത്. തുരുമ്പു പിടിച്ച ബസ് ഒരു ക്ലാസ് മുറിയാക്കണമെങ്കില് എത്ര ലക്ഷം ചെലവാക്കേണ്ടി വരുമെന്ന ചോദ്യവും ആരും ചോദിക്കരുത്. ആദ്യം ചെയ്യേണ്ടത് ഇനി ഒരിക്കലും ഓടിക്കാന്‍ സാധിക്കാത്തവിധം കേടുവന്ന ബസുകള്‍ അത് സ്ക്രാപ് വിലയ്ക്ക് വില്‍ക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്നതാണ്.
സ്ക്രാപ് വില എത്രയാണെന്ന് ആരും ചോദിക്കുന്നില്ല. അത് കൃത്യമായ ലേലത്തിലൂടെ നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ തൂക്കിവില്ക്കുകയും അങ്ങനെ കിട്ടുന്ന പണംകൊണ്ട് കെ.എസ്.ആര്.ടി.സിയുടെ മറ്റു ചെലവുകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നതാണ് ഉചിതം. ബസുകള്‍ വാങ്ങിക്കുന്നതിന് പകരം ബസുകള്‍ വാടകയ്ക്കെടുത്താല്‍ ഇന്ന് സ്വകാര്യമേഖലയിലെ വലിയ നിക്ഷേപമായി അത് വളരും.
നമ്മുടെ ടെക്നോപാര്‍ക്കിന്റെ മാതൃകയും അതു തന്നെയാണ്. സര്‍ക്കാര്‍ കെട്ടിടമുണ്ടാക്കുന്നു ആ കെട്ടിടത്തില്‍ സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. അതുപോലെത്തന്നെയാകണം പൊതുഗതാഗതവും എന്ന് ഞാന്‍ കരുതുന്നു. നല്ല വൃത്തിയുളള ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡുകള്‍ ഉണ്ടാക്കുകയും ആ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ ആവശ്യത്തിന് ബസുകള്‍ ഓടിക്കുകയും ചെയ്യണം. ആ ബസുകള്‍ സ്വകാര്യമൂലധനം കൊണ്ടുവാങ്ങിച്ച ബസുകളാണെന്ന് കരുതി ആകാശമിടിഞ്ഞ് വീഴില്ല.
മാത്രമല്ല, സ്വകാര്യ ബസുകള്‍ക്ക് കൂടി പ്രവേശിക്കാന്‍ കെ.എസ്.ആര്.ടി.സി. അനുവാദം കൊടുത്താല്‍, ടാക്സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും അവിടെ കയറിയിറങ്ങാന്‍ അനുവാദം കൊടുത്താല്‍ അത് വലിയൊരു വരുമാന മാര്‍ഗമാകും. അയിത്തകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ അന്യവാഹനങ്ങള്‍ പ്രവേശിക്കരുത് എന്ന ബോര്‍ഡുകള്‍ കെ.എസ്.ആര്.ടി.സി.ബസ് സ്റ്റാന്‍ഡുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് കണ്ടിട്ടില്ലേ. അതിന്റെ ആവശ്യമില്ല. വിമാനത്താവളങ്ങളിൽ സ്വകാര്യവിമാനങ്ങള്‍ക്കും ഇറങ്ങാമെങ്കില്‍ എന്തുകൊണ്ട് കെ.എസ്.ആര്.ടി.സിയില്‍ സ്വകാര്യബസുകള്‍ക്ക് കയറിയിറങ്ങിക്കൂടാ...?
കേരളത്തിന് പുറത്തേക്ക് പോകുന്ന നൂറുകണക്കിന് ബസുകള്‍ സ്വകാര്യമേഖലയിലുണ്ട്. ആ ബസുകള്‍ ഒന്നുകില്‍ വാടകക്കെടുത്ത് കെ.എസ്.ആര്.ടി.സിയില്‍ തന്നെ ഓടിക്കുകയോ അങ്ങനെ പോകുന്ന ബസുകളെല്ലാം കെ.എസ്.ആര്.ടി.സി. ടെര്‍മിനലില്‍ ടച്ച് ചെയ്ത് പോവുകയും അതിന് ഒരു ഫീസ് നല്‍കണമെന്നും പറഞ്ഞാല്‍ കെ.എസ്.ആര്.ടി.സിയുടെ വരുമാനം ലക്ഷങ്ങള്‍ ഉയരും.
പക്ഷേ, ഇതുകൊണ്ടുമാത്രം കെ.എസ്.ആര്.ടി.സി. രക്ഷപ്പെടണമെന്നില്ല. ഈ കോളത്തില്‍ ഇതിനുമുമ്പും എഴുതിയതുപോലെ നൂറു രൂപ ഡീസലിന് വില നല്‍കിക്കൊണ്ട് ബസ് വ്യവസായത്തിന് മുന്നോട്ടുപോകാന്‍ സാധ്യമല്ല. അതുകൊണ്ട് അടിയന്തരമായി ബസ് ഗതാഗതത്തിന് സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ബസുകളുടെ ഉടമസ്ഥന്മാര്ക്ക് 75 രൂപ നിജപ്പെടുത്തി ഡീസല്‍ നല്‍കണം. കേരള സര്‍ക്കാര്‍ അക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. കേരള സര്‍ക്കാരിന് ആ ടാക്സ് കുറച്ചുകൊടുക്കാന്‍ കഴിയുന്നതേ ഉളളൂ.
മറ്റൊന്ന്, എല്ലാറ്റിനും ഇന്ന് നികുതി കൊടുക്കുന്നുണ്ട്. ഡീസലടിക്കുമ്പോള്‍ കൊടുക്കുന്ന നികുതി ഒരുഭാഗത്ത്, ബസുകള്‍ വാങ്ങിക്കുമ്പോള്‍ കൊടുക്കുന്ന ടാക്സ് മറുഭാഗത്ത്. ഇങ്ങനെ ഓരോന്നിനും ടാക്സ് കൊടുക്കുന്ന രീതിയിലുളള റോഡ് ടാക്സ് എന്ന സങ്കല്പം തന്നെ എടുത്തുകളയേണ്ട സന്ദര്‍ഭം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. റോഡ് ടാക്സ് ഒഴിവാക്കുകയും 75 രൂപയ്ക്ക് ഡീസലടിക്കാന്‍ സൗകര്യം കിട്ടുകയും ചെയ്താല്‍ കെ.എസ്.ആര്.ടി.സിയും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നടത്തുന്ന സ്വകാര്യബസുകളും ലാഭത്തിലാകും.
ബസുകളുടെ എണ്ണം ഇന്ന് മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്. അതിന്റെ ഫലമായി ആളുകള്‍ക്ക് ടൂ വീലറുകളെ ആശ്രയിക്കേണ്ടതായി വരുന്നു. മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. സാധാരണ തൊഴിലാളികള്‍ക്ക് അവരുടെ കൂലിയില്‍നിന്ന് വലിയൊരു തുക യാത്രാചെലവിനായി മാറ്റിവെക്കേണ്ടി വരുന്നു. അതുകൊണ്ട് പൊതുഗതാഗത മേഖലയിലെ 'തുഗ്ലക് നയങ്ങള്‍' അവസാനിപ്പിച്ചുകൊണ്ട് ഒരു പുതിയ ചിന്ത കെ.എസ്.ആര്.ടി.സി. നടത്തുന്നതിനെ കുറിച്ചും പൊതുഗതാഗതം നടത്തുന്ന സ്വകാര്യവ്യക്തികളുടെ വ്യവസായത്തെ കുറിച്ചും സര്‍ക്കാര്‍ ചിന്തിച്ചുതുടങ്ങണം. ഇതിന് മുന്‍ധാരണകള്‍ തടസ്സമായിക്കൂടാ. പഴയ ബസുകള്‍ കൊണ്ടുതളളാനുളള ഇടമായി കേരളത്തിലെ സ്കൂളുകളെ മാറ്റരുതെന്ന് ശക്തമായ ഭാഷയില്‍ വിദ്യാഭ്യാസ-ഗതാഗത മന്ത്രിമാരോട് പറഞ്ഞുവെക്കാന്‍ ആഗ്രഹിക്കുന്നു.
ഇതിനിടയിലാണ് കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് എന്ന പുതിയ കമ്പനിക്ക് 455 കോടി രൂപ ചെലവഴിച്ച് 700 സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. 4 ശതമാനം പലിശയ്ക്കാണ് കിഫ്ബിയില്‍ നിന്നും കെ.എസ്.ആര്.ടി.സി. കടമെടുക്കുന്നത്. ഇവിടെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. കിഫ്ബി എന്നാണ് ഒരു ബാങ്കായി മാറിയത്? കിഫ്ബിയുടെ നിയമപ്രകാരം എവിടെയാണ് കടം കൊടുക്കാനുളള അനുവാദമുളളത്? കിഫ്ബി ഒമ്പതര ശതമാനത്തിനെടുത്ത തുകയാണ് നാലു ശതമാനം പലിശയ്ക്ക് നല്‍കുന്നത് എന്നുകൂടി ഓര്‍ക്കുക. അതിലുമുപരി കിഫ്ബി എന്നത് ഒരു ഇന്‍ഫ്രാസ്ട്രക്ടര്‍ കമ്പനിയാണ്. സര്‍വീസ് പ്രൊവൈഡര്‍ അല്ല.
ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കെ.എസ്.ആര്.സി.സി. എന്ന ബസ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന് കടം കൊടുക്കുക എന്ന വിചിത്രമായ കാര്യം ചെയ്തിരിക്കുന്നു. അതും 455 കോടി രൂപ. ഈ ബസുകള്‍ ഏത് സ്കൂള്‍ മൈതാനത്താണ് മരിച്ചുകിടക്കുക എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ നമുക്കറിയാം. അതുകൊണ്ട് സി.എന്‍.ജി. ബസ് വാങ്ങിയും വോള്‍വോ ബസ് വാങ്ങിയും പണം തുലയ്ക്കാനുളള നടപടികള്‍ കെ.എസ്.ആര്.ടി.സി. എടുക്കരുത്. ഇതില്‍ കമ്മിഷന് നേടാനുളള കളളക്കണ്ണുണ്ടെന്ന് ഞാന്‍ ആരോപിക്കുന്നില്ല. പക്ഷേ, സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുത്താല്‍ ബസ് വാങ്ങുക എന്ന ഭാരിച്ച ചുമതലയില്‍നിന്ന് സര്‍ക്കാരിന് മാറി നില്ക്കാന് കഴിയും. പ്രൈവറ്റ്-പബ്ലിക് പാര്ട്ടിസിപ്പേഷനിലൂടെയല്ലാതെ പൊതുഗതാഗതം കൊണ്ടുപോകാന്‍ കഴിയുകയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..