കറുത്ത കൊടിയല്ല; കടുത്ത നികുതിയാണ് പ്രശ്‌നം | പ്രതിഭാഷണം


സി.പി.ജോണ്‍



മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ചാടി കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ പോലീസ് നീക്കം ചെയ്യുന്നു. ഫോട്ടോ - വി.കെ.അജി|മാതൃഭൂമി

നമന്ത്രി ബാലഗോപാല്‍ ഈ വര്‍ഷം ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍തന്നെ പ്രതിപക്ഷ എം.എല്‍.എമാര്‍ അധിക നികുതിക്കെതിരായി സഭയ്ക്കകത്ത് പ്രതിഷേധം നടത്തിയിരുന്നു. നിയമസഭാ മന്ദിരത്തില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പെട്രോള്‍-ഡീസല്‍ സെസ്സ് അടക്കമുളള നികുതികള്‍ക്ക് എതിരായി സമരരംഗത്ത് ഇറങ്ങുമെന്നും പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കന്മാര്‍, എന്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നേതാക്കന്മാര്‍പോലും നികുതി വര്‍ധന കടന്നകയ്യായിപ്പോയി എന്ന അഭിപ്രായക്കാരായിരുന്നു. ബജറ്റ് അംഗീകരിക്കുന്ന ദിവസം പെട്രോള്‍-ഡീസല്‍ സെസ്സിനെങ്കിലും കുറവുണ്ടാകുമെന്ന് മാധ്യമങ്ങളടക്കം രാഷ്ട്രീയ നിരീക്ഷകരെല്ലാവരും കരുതിയെങ്കിലും ഒരു പൈസയും കുറയ്ക്കില്ലെന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചതോടുകൂടി സമരം തെരുവിലേക്കെത്തി.

ബജറ്റ് അവതരണത്തിനും പാസ്സാക്കലിനും ഇടയില്‍തന്നെ ബജറ്റിനെതിരായും നികുതി വര്‍ധനവിനെതിരായും വ്യാപകമായ പ്രതിഷേധങ്ങള്‍ കേരളത്തില്‍ അരങ്ങേറിയിരുന്നു. ഈ സമരങ്ങള്‍ യു.ഡി.എഫ്. ഏറ്റെടുക്കുകയും സെക്രട്ടറിയേറ്റിനും കളക്ടറേറ്റിനും മുന്നില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. യുവജന സംഘടനകള്‍, പ്രത്യേകിച്ചും യൂത്ത് കോണ്‍ഗ്രസ് ആകട്ടേ, മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രകടനവുമായി രംഗത്തിറങ്ങി. എല്ലാ സമരങ്ങളുടെയും മുദ്രാവാക്യം പെട്രോള്‍-സെസ്സ് അടക്കമുളള നികുതികള്‍ പിന്‍വലിക്കണം എന്നതുതന്നെയായിരുന്നു. പക്ഷേ അത്ഭുതകരമെന്നുതന്നെ പറയട്ടേ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് തനിക്കെതിരായ എന്തോ നിഗൂഢമായ നീക്കമാണെന്ന ധാരണയില്‍ സ്വതവേ ശക്തമായിരുന്ന സുരക്ഷാസംവിധാനം കൂടുതല്‍ കര്‍ക്കശമാക്കി. ഒരിടത്തും ഒരു കറുത്ത കൊടി പൊങ്ങരുതെന്ന് അദ്ദേഹത്തിന് വാശിയുളളതുപോലെ തോന്നി. കോഴിക്കോട് മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലേക്ക് എത്തിയപ്പോള്‍ കോളേജധികൃതര്‍ കറുത്ത മാസ്‌കും കറുത്ത ഷര്‍ട്ടും ധരിക്കരുതെന്ന്‌ സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കാര്‍ കോളേജില്‍ ഇത്തരമൊരു സര്‍ക്കുലര്‍ ഇറങ്ങുമ്പോള്‍ അത് അധികാരികളുടെ അറിവോടു കൂടിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

പോലീസിനും ഒരു തരം ഹാലിളക്കമുണ്ടായി. ഒരു പെണ്‍കുട്ടിയെ പുരുഷ പോലീസുകാരന്‍ തെരുവില്‍ വലിച്ചിഴക്കുന്നത് അടുത്ത കാലത്തൊന്നും കേരളത്തില്‍ കണ്ടിട്ടില്ലാത്ത നടപടിയാണ്. മുഖ്യമന്ത്രിയുടെ പോലീസ് വ്യൂഹം ചീറിപ്പാഞ്ഞാണ് പോകുന്നത്. ഡസന്‍ കണക്കിന് വണ്ടികളാണ് അതിലുളളത്. അതില്‍ മുഖ്യമന്ത്രി പോകുന്നത് കറുത്ത ആഡംബരവാഹനത്തിലും. പോലീസ് വ്യൂഹത്തിലെ പോലീസുകാരുടെ എണ്ണം എല്ലാ ചട്ടങ്ങളും ലംഘിച്ചു വര്‍ധിപ്പിച്ചു.കരിങ്കൊടി കാണിക്കാന്‍ വരുന്ന പ്രതിഷേധക്കാരെ കാറിന്റെ ഡോര്‍ തുറന്ന് ഇടിച്ചുവീഴ്ത്താന്‍ മടിയില്ലാത്ത മട്ടിലാണ് പോകുന്നത്. കാറിനകത്തിരുന്ന് ഇരുവശത്തേക്കും ലാത്തിവീശുന്ന കേരളത്തില്‍ ഇതുവരെകണ്ടിട്ടില്ലാത്ത അഭ്യാസപ്രകടനവും പോലീസ് പുറത്തെടുത്തു. എന്തിനാണ് ഈ കോലാഹലമെന്ന് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും എതിരായ പ്രതിഷേധ പ്രകടനങ്ങള്‍ കേരള രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ അദ്ദേഹത്തിനെതിരേ കരിങ്കൊടിയല്ല, കരിങ്കല്ലേറാണ് ഉണ്ടായത്. അദ്ദഹത്തിന്റെ ശരീരത്തില്‍ ചെറിയ മുറിവുപറ്റി. പിറ്റേന്നുതന്നെ ഹര്‍ത്താല്‍ ആചരിച്ച് ആക്രമണത്തിനെതിരായ പ്രതിഷേധം നടത്തണമെന്ന് ഈ ലേഖകന്‍ അടക്കമുളളവര്‍ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഫോണിലൂടെയുളള എന്റെ നിരന്തര സമ്മര്‍ദം ആവര്‍ത്തിച്ചതോടെ നാലു പതിറ്റാണ്ടിലധികമായി എനിക്ക് പരിചയമുളള ഉമ്മന്‍ചാണ്ടി അന്ന് ആദ്യമായി എന്നോട് സ്വരമുയര്‍ത്തി. സൗമ്യതയോടെ മാത്രം ഇടപെട്ടിരുന്ന അദ്ദേഹം സ്വരമുയര്‍ത്തിയത് ഇക്കാരണത്തിന്റെ പേരില്‍ ഹര്‍ത്താല്‍ പാടില്ലെന്ന് പറയുന്നതിന് വേണ്ടിയായിരുന്നു. 'ഇനി താനീക്കാര്യം സംസാരിക്കരുത്. ഹര്‍ത്താല്‍ നടത്തുന്ന പ്രശ്‌നമില്ല, ഞാന്‍ പരിപാടിയുമായി മുന്നോട്ടുപോവുകയാണ്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ച വേണ്ട' എന്ന് കടുത്ത സ്വരത്തില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വന്തം ശരീരത്തില്‍ കല്ലേറ് കൊണ്ടപ്പോഴും സൗമ്യമായിട്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ഉമ്മന്‍ചാണ്ടിക്കെതിരായ സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് സ്തംഭിപ്പിച്ച അതികഠിനമായ ഒരു യജ്ഞം ഇന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അരങ്ങേറിയതും രാഷ്ട്രീയ നേതാക്കന്മാര്‍ രാത്രിപോലും വീട്ടില്‍ പോകാതെ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ ശയനസമരം നടത്തിയതും രാഷ്ട്രീയ കേരളം മറന്നിരിക്കാന്‍ ഇടയില്ല. അന്നൊന്നും തന്നെ മന്ത്രിമാരും മുഖ്യമന്ത്രിമാരും ഇത്ര ബന്തവസ്സില്‍ പോയിരുന്നില്ലെന്ന്‌ ആലോചിക്കാവുന്നതാണ്. പക്ഷേ, ഇന്നത്തെ സമകാലീന രാഷ്ട്രീയത്തിലെ പ്രശ്‌നം കറുത്ത കൊടിയല്ല മുഖ്യമന്ത്രിയുടെ ബന്തവസ്സുമല്ല, മറിച്ച് ഉയര്‍ത്തിയ നികുതി പിന്‍വലിക്കാനുളള സമരമാണെന്ന്‌ ഓര്‍മിപ്പിക്കാനാണ് ഈ കുറിപ്പ്.

നിറമല്ല, നികുതിയാണ് പ്രശ്‌നമെന്ന് ശക്തമായി പറയേണ്ടിയിരിക്കുന്നു. കുറുത്ത നിറമുളള തുണി പ്രതിഷേധത്തിന്റേതായത് ഒരു പരിചയം കൊണ്ടുമാത്രമാണ്. അതിന് പ്രത്യേക സാംഗത്യമൊന്നുമില്ല. പ്രതിഷേധത്തിന്റെ കൊടിക്ക് ചുവപ്പും മഞ്ഞയും മാത്രമല്ല, ഏതുനിറവും ആകാവുന്നതേയുളളൂ. പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്ന് തടസ്സപ്പെടുത്തുന്നത് ഒരു കറുത്ത തുണിയെയാണ് എന്ന മട്ടിലുളള ധാരണയും തിരുത്തപ്പെടേണ്ടതാണ്. മുഖ്യമന്ത്രി തടയാന്‍ ശ്രമിക്കുന്നത് കറുത്ത തുണിയെ അല്ല, ജനകീയ പ്രതിഷേധത്തെയാണ്. ആധുനിക കേരളീയ സമൂഹത്തിന് അംഗീകരിക്കുവാന്‍ ഏറെ ബുദ്ധിമുട്ടുളള ഒന്നാണ്.

ഇതിനിടയിലാണ്, ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന്റെ മുഖ്യ വാര്‍ത്താവതാരകനെ ക്രിമിനല്‍ കുറ്റം ചുമത്തി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. വാര്‍ത്താവതാരകന്മാര്‍ നടത്തുന്ന അവതരണങ്ങളോട്, പരാമര്‍ശങ്ങളോട് പ്രതികരണങ്ങളോട് വിയോജിപ്പുളളവര്‍ ധാരാളമുണ്ടാകാം. പലപ്പോഴും ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നു തോന്നിയിട്ടുളളവരാണ് രാഷ്ട്രീയപ്രവര്‍ത്തകരും പ്രേക്ഷകരും. പക്ഷേ, ഒരു മാധ്യമത്തിന്റെ അവതാരകന്‍ ലൈവായി പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ അതില്‍ കാര്‍ക്കശ്യത്തിന്റെ അംശമുണ്ടായാല്‍ ആ പത്രപ്രവര്‍ത്തകനെ ക്രിമനല്‍ കുറ്റം ചുമത്തി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്ന നടപടി അധികാര ദുര്‍വിനിയോഗവും അഹന്തയുമല്ലാതെ മറ്റൊന്നുമല്ല. ഒരു വ്യക്തിക്ക് മാധ്യമത്തില്‍നിന്നു ബുദ്ധിമുട്ട് നേരിടേണ്ടി വന്നാല്‍ മാനനഷ്ടക്കേസിനുളള വകുപ്പുകള്‍ നമ്മുടെ നാട്ടിലുണ്ട്. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെതിരേ മറ്റൊരു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ 10 ലക്ഷം രൂപ ശിക്ഷിച്ച അനുഭവവും കേരളത്തില്‍ തന്നെയാണ് ഉളളത്. ഏതെങ്കിലും ഒരു പത്രം തെറ്റായ തരത്തില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ പ്രസ് കൗണ്‍സിലിന് പരാതികൊടുക്കാനും ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുളള നിയമവും നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, അതൊന്നും തന്നെ പത്രപ്രവര്‍ത്തകരെ ക്രിമിനല്‍ പുളളികളായി കണ്ടുളള നടപടികളല്ല.

പത്രാധിപന്മാരെയും പത്രപ്രവര്‍ത്തകരേയും ക്രിമിനല്‍ നടപടിക്ക് വിധേയമാക്കുന്ന നടപടി കേരളത്തില്‍ കുപ്രസിദ്ധമായി നടത്തിയത് ദിവാന്‍ രാജഗോപാലാചാരിയാണ്. അതിന് വിധേയനായത് സ്വദേശഭിമാനി രാമകൃഷ്ണപ്പിളളയും. ദിവാനെതിരായ വാര്‍ത്ത എഴുതിയതിന് അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കടന്നകൈ പ്രയോഗമായിരുന്നു സ്വദേശാഭിമാനിയുടെ നാടുകടുത്തല്‍. ഈ കടുംകൈ തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളോട് ചെയ്യുന്നതെങ്കില്‍ നേരത്തേ സൂചിപ്പിച്ചത് പോലെ കറുത്ത നിറത്തോടു മാത്രമല്ല, എല്ലാവിധ പ്രതിഷേധങ്ങളോടും ഈ സര്‍ക്കാരിന് സീറോ ടോളറന്‍സ് ആണുള്ളതെന്നു പറയേണ്ടി വരും. അതുകൊണ്ട് എല്ലാ നിറങ്ങളിലും പ്രതിഷേധങ്ങള്‍ ഉയരേണ്ടതായിട്ടുണ്ട്. എല്ലാ ശബ്ദങ്ങളിലും പ്രതിഷേധം ഉയരേണ്ടതായിട്ടുണ്ട്. ഇവിടെ ഒരു സമരം നടക്കുകയാണ്. ആ സമരത്തിന്റെ മുദ്രാവാക്യം അധിക നികുതി, പെട്രോള്‍- ഡീസല്‍ സെസ്സ് പിന്‍വലിക്കുക എന്നതാണ്. അത് നടപ്പാവുന്നതുവരെ ശക്തമായ പ്രതികരണം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനുവേണ്ടി പോലീസുകാര്‍ നടത്തുന്ന അതിക്രമ സമാനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ജനാധിപത്യ കേരളത്തിന് ഭൂഷണമല്ലെന്ന് മാത്രമല്ല അപമാനകരമാണ്. ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് ഭരണകക്ഷിയും മന്ത്രിമാരും മുഖ്യമന്ത്രിയും ഇരിക്കുന്നത്.

ഈ വിഷയത്തിലെ നിശബ്ദത അവസാനിപ്പിക്കണം. വ്യക്തമായും ഉറക്കേയും അവര്‍ പറയേണ്ട കാര്യം കേരളത്തില്‍ കറുത്ത കൊടി വീശുന്ന പ്രതിഷേധം നിരോധിക്കപ്പെട്ട നടപടിയാണോ അല്ലയോ എന്നതുതന്നെയാണ്. കൊടിയുടെ നിറം മാറ്റിയാലും തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉത്തരം പറയേണ്ടതായിട്ടുണ്ട്. 1987-ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സമരപരിപാടി ആവിഷ്‌കരിച്ചപ്പോള്‍ അതിന്റെ രാഷ്ട്രീയനേതൃത്വം വഹിച്ചവരാണ് ഇന്നു കറുത്ത കൊടി കാണുമ്പോള്‍ ഹാലിളകുന്നത്.

മന്ത്രിമാരെ തടയുക എന്ന സമരത്തിന്റെ ഭാഗമായി രണ്ടു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അക്കാലത്ത് കൊല്ലപ്പെടുകയുണ്ടായി. മന്ത്രിമാരുടെ കാറിന്റെ മുന്നിലേക്ക് ചാടിവീഴുക എന്നതായിരുന്നു സമരം. കരിങ്കൊടി പ്രകടനമായിരുന്നില്ല അത്‌. ഇത്തരത്തില്‍ കരിങ്കൊടി പ്രകടനത്തേക്കാളും പ്രതിഷേധ പ്രകടനത്തേക്കാളും കഠിനമായ, മന്ത്രിമാരെ തടയല്‍പോലും ഒരു സമരമാര്‍ഗമായി അംഗീകരിച്ച പാര്‍ട്ടി അധികാരത്തിലുളളപ്പോള്‍ മരണവീട്ടില്‍നിന്ന് പോലും കരിങ്കൊടി അഴിപ്പിക്കുന്ന ഭ്രാന്തന്‍ നടപടികള്‍ ഇടതു സര്‍ക്കാരും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയും അടിയന്തരമായി അവസാനിപ്പിക്കണം.

മാധ്യമ സ്വാതന്ത്ര്യം ഒരു സെമിനാര്‍ വിഷയമായി മാത്രം അവസാനിച്ചുകൂടാ. അത് സര്‍ക്കാരില്‍നിന്നാണ് ലഭിക്കേണ്ടത്. സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് പത്രസ്വാതന്ത്ര്യത്തിന്റെ ശത്രു. ഈ അസഹിഷ്ണുത ഇല്ലാത്ത ഒരു കേരളമാണ് നമുക്ക് ഉണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കേണ്ടതായിട്ടുണ്ട്.
നികുതിത്തീ കെടുത്താന്‍ ജനങ്ങള്‍ ശക്തമായി തെരുവിലേക്ക് ഇറങ്ങുകയും വേണം.

Content Highlights: pratibhashanam by cp john

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented