കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ്ഷോയ്ക്കിടെ ജനങ്ങളെ അഭിവാദ്യംചെയ്യുന്നു. വാഹനത്തിൽ കയറാതെ തികച്ചും അപ്രതീക്ഷിതമായി ഏകദേശം ഒരു കിലോമീറ്ററിലധികം നടന്നാണ് പ്രധാനമന്ത്രി യുവം പരിപാടി നടക്കുന്ന വേദിക്കരികിലെത്തിയത് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം ഒരു സാധാരണ ഔദ്യോഗിക സന്ദര്‍ശനത്തിലുപരി രാഷ്ട്രീയകേരളത്തെ പിടിച്ചുകുലുക്കുന്ന തുടര്‍ചലനങ്ങള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി എറണാകുളത്ത് പങ്കെടുത്ത യുവം പരിപാടി ഒരു പ്രധാന ദേശീയ കക്ഷി സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ വേദി എന്ന നിലയില്‍ നോക്കിയാല്‍ അത്ഭുതപ്പെടലുകള്‍ക്ക് ഒരു ഇടവുമില്ലെങ്കിലും യുവം പരിപാടിയുടെ സ്റ്റേജില്‍ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ഇടംപിടിച്ചത് നിശ്ചയമായും ഗൗരവമായ വിഷയമാണ്.
ബി.ജെ.പിയുടെ ഔദ്യോഗിക യുവസംഘടനയായ യുവമോര്‍ച്ചയുടെ നേതാക്കന്മാരെ ഫലത്തില്‍ മാറ്റി നിര്‍ത്തിക്കൊണ്ട് എ.കെ. ആന്റണിയുടെ മകനും യേശുദാസിന്റെ മകനും നവ്യ നായരും അപര്‍ണ ബാലമുരളിയും ഉണ്ണി മുകുന്ദനും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുമ്പോള്‍ അതിലൂടെ ബി.ജെ.പി. നല്‍കുന്ന സന്ദേശം കേരളത്തില്‍ ഞങ്ങളുടെ അസ്പൃശ്യതയുടെ കാലം അവസാനിച്ചിരിക്കുന്നു എന്ന് തന്നെയാണ്. അന്നുതന്നെ പ്രധാനമന്ത്രി വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഒരു ഹോട്ടലില്‍വെച്ച് കേരളത്തിലെ പ്രമുഖരായ ക്രിസ്ത്യന്‍ ബിഷപ്പുമാരെ കാണുകയുണ്ടായി. അതില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പൊലീത്ത ട്രാഫിക് തടസ്സം കാരണം എത്തിച്ചേരാന്‍ വൈകിയപ്പോള്‍ അദ്ദേഹത്തിന് പ്രത്യേകം ഒരു അഭിമുഖം നല്‍കിയതും പത്രങ്ങളില്‍ വാര്‍ത്തയായി.
.jpg?$p=4999528&&q=0.8)
ഈ രണ്ടു പരിപാടികള്‍ക്ക് ശേഷം അദ്ദേഹം തിരുവനന്തപുരത്തെത്തിയത് വന്ദേ ഭാരത് ഫ്‌ലാഗ്ഓഫ് ചെയ്ത് യാത്രയാക്കാനായിരുന്നു. വന്ദേ ഭാരത് തീവണ്ടിയും ഒരു രാഷ്ട്രീയ വിഷയമായി അവതരിപ്പിക്കപ്പെടുകയുണ്ടായി. കെ.റെയില്‍ വിരുദ്ധ സമരകാലഘട്ടത്തില്‍ സമരസമിതിക്കാരും സമരസമിതിയെ പിന്താങ്ങിയ യു.ഡി.എഫ്. നേതാക്കന്മാരും വന്ദേ ഭാരത് ഉള്ളപ്പോള്‍ എന്തിനാണ് കെ-റെയില്‍ എന്നു ചോദിച്ചിരുന്നത് വായനക്കാര്‍ ഓര്‍ക്കുമെന്ന് കരുതുന്നു. എന്തായാലും പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്ത പോലെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തിരശ്ശീല ഉയര്‍ത്തലായിരുന്നു.
ബി.ജെ.പിയുടെ 2024-ലെ കേരള രാഷ്ട്രീയതന്ത്രം അഥവാ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അമ്പതു ശതമാനത്തിനടുത്ത് വരുന്ന ഹിന്ദു വോട്ടര്‍മാരില്‍ കാല്‍ഭാഗത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് ആകെ വോട്ടര്‍മാരില്‍ 12 ശതമാനത്തോളം ബി.ജെ.പിക്ക് ലഭിക്കുന്നത്. 25 അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 30 ശതമാനത്തോളം ലഭിക്കുന്നു എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ഥം അത്തരം മണ്ഡലങ്ങളില്‍ ഹിന്ദു ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനവും ബി.ജെ.പിക്ക് വോട്ടുചെയ്യുന്നു എന്നുതന്നെയാണ്. ഇത്തരത്തില്‍ ഗണ്യമായ മണ്ഡലങ്ങളില്‍ 30,000-വും അതിലധികം വോട്ട് വാങ്ങുന്ന ബി.ജെ.പി. ജയിക്കാന്‍ ഇപ്പോഴും പാടുപെടുകയാണ്. നന്നായി കളിച്ചിട്ടും ഗോളടിക്കാത്ത ഫുട്‌ബോളിനെ പോലെ തിരഞ്ഞെടുപ്പിന് ശേഷം മടങ്ങുന്നത് കുനിഞ്ഞ മുഖവുമായിട്ടാണ്. കേരളത്തിലെ ചെറിയ രാഷ്ട്രീയ കക്ഷികള്‍ പോലും ഒന്നും അതിലധികവും സീറ്റ് നേടുമ്പോള്‍ 15 ശതമാനം വരെ വോട്ടുപിടിച്ച ബി.ജെ.പി. നേടിയ ഒരു സീറ്റുപോലും നിലനിര്‍ത്താനാവാതെ വിയര്‍ക്കുന്ന കാഴ്ചയാണ് കേരളത്തില്‍ നാം കണ്ടത്.
ഇതിന്റെ കാരണം കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ശക്തി മാത്രമല്ലെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് ബി.ജെ.പിക്ക് മാത്രമാണ്. ആകെ ജനസംഖ്യയുടെ പകുതിയില്‍ തൊട്ടുതാഴെ വരുന്ന മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ ന്യൂനപക്ഷങ്ങളില്‍ മുസ്ലീം സമുദായത്തില്‍നിന്നു അകലം പാലിക്കാനും മുസ്ലീം വിരുദ്ധതയെ ഹിന്ദുവോട്ട് പിടിക്കാനുള്ള ചൂണ്ടയിലെ ഇരയായി മാറ്റാനുമാണ് ബി.ജെ.പി. ഇന്നും ആഗ്രഹിക്കുന്നത്.
കര്‍ണാടകത്തിലെ മുസ്ലീം സംവരണം എടുത്തുകളയുന്നതും മധ്യപ്രദേശില്‍ അത് എടുത്തുകളയുമെന്ന് വാഗ്ദാനം ചെയ്യുന്നതും മുസ്ലീംവോട്ട് കിട്ടിയില്ലെങ്കിലും ഹിന്ദുവോട്ടുകള്‍ ദൃഢീകരിക്കുന്ന ബി.ജെ.പി. ശ്രമത്തിന്റെ ഭാഗമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഈ തന്ത്രം വിജയകരമായി പരീക്ഷിച്ചതുകൊണ്ടാണ് 20 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള മുഗള്‍ രാജവംശത്തിന്റെ കളിത്തൊട്ടിലായ യു.പിയില്‍ ബി.ജെ.പി. നിരവധി വര്‍ഷങ്ങളായി ഭരണകക്ഷിയായി തുടരുന്നത്.
ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മുസ്ലീം അംഗങ്ങളിലെന്നത് അവര്‍ അഭിമാനമായി കാണുന്നു എന്നു മാത്രമല്ല, അവരുടെ സ്ഥാനാര്‍ഥി പട്ടികയില്‍ പോലും മുസ്ലീം അംഗങ്ങളില്ലെന്നത് ബി.ജെ.പി. നല്‍കുന്ന തിരഞ്ഞെടുപ്പ് സന്ദേശമാണ്. ക്രിസ്തുമത വിശ്വാസികളായ അംഗങ്ങളും ബി.ജെ.പിയുടെ ലോക്‌സഭ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇല്ല. സ്ഥാനാര്‍ഥി ലിസ്റ്റിലും അവരെ കണ്ടെത്തണമെങ്കില്‍ ഭൂതക്കണ്ണാടി വേണ്ടി വരും. ഇത്തരത്തില്‍ ന്യൂനപക്ഷ വിരോധം ഭൂരിപക്ഷ ദൃഢീകരണത്തിന് ഉപയോഗിക്കുന്ന ഒരു പാര്‍ട്ടി ഇന്ത്യയില്‍ വിജയത്തിന്റെ കഥകള്‍ നെയ്യുമ്പോള്‍ പൊടുന്നനേ സാര്‍വദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷം ആര് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ മുന്‍നിരയിലേക്ക് കയറിവന്നു എന്നത് യാഥാര്‍ഥ്യമാണ്.
മോദി വിജയിച്ച 2014 മുതലുള്ള കാലഘട്ടത്തില്‍ ലോകജനാധിപത്യ രാജ്യങ്ങളില്‍ വലതുപക്ഷത്തിന്റെ വേലിയേറ്റം നടക്കുകയായിരുന്നു. അമേരിക്കയില്‍ ട്രംപിന്റെ വിജയവും ജപ്പാനിലെ ആബയുടെ വിജയവും യൂറോപ്പില്‍ യുണൈറ്റഡ് കിങ്ഡം ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ ആവിര്‍ഭാവവും ഫ്രാന്‍സിലെ വലതുപക്ഷ ദേശീയത തുപ്പുന്ന രാഷ്ട്രീയ ശക്തികളുടെ ശക്തിപ്പെടലും ജര്‍മനിയില്‍ ചെറുതായിട്ടാണെങ്കിലും നവനാസികളുടെ തലപൊക്കലും മികച്ച രാജ്യം എന്നു പേരുകേട്ട നോര്‍വേയിലെയും ചെറിയ രാജ്യമായ ഓസ്ട്രിയയിലെയും കടുത്ത വലതുപക്ഷ ശക്തികളുടെ മുന്നേറ്റവും ഹംഗറി പോലുള്ള മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും തുര്‍ക്കിയിലെ വലതുപക്ഷക്കാരുടെ ആരോഹണഘോഷങ്ങളും മോദിക്ക് ഒരു നല്ലകാലം സമ്മാനിച്ചിരുന്നു. അവരുടെ എല്ലാം കൂട്ടുകാരനും അവര്‍ക്കൊപ്പം നില്‍ക്കാവുന്ന വലതുപക്ഷ നേതാവുമായി അദ്ദേഹം ലോകമാധ്യമങ്ങളിലും ലോകവേദികളിലും അക്ഷരാര്‍ഥത്തില്‍ നിറഞ്ഞുനിന്നു.
പക്ഷേ, സമകാലീന രാഷ്ട്രീയ ചിത്രത്തില്‍ ചില നീക്കുപോക്കുകള്‍ വന്നിരിക്കുകയാണ്. ലോകത്തെ ജനാധിപത്യ രാജ്യങ്ങളില്‍ വലതുപക്ഷത്തിന്റെ മുന്നേറ്റത്തിന് വന്‍തിരിച്ചടിയൊന്നും ഉണ്ടായിട്ടില്ലെങ്കിലും അമേരിക്കയില്‍ ട്രംപ് തോറ്റു. ജപ്പാനില്‍ ആബേ കൊല്ലപ്പെട്ടു. വലതുപക്ഷ രാഷ്ട്രീയം ജനാധിപത്യ രാജ്യങ്ങളില്‍ ജനാധിപത്യത്തിന് തന്നെ ആപത്താണെന്ന് കുറേശ്ശെ കുറേശ്ശെ ആളുകള്‍ക്ക് ബോധ്യമാകാന്‍ തുടങ്ങി എന്നുമാത്രമല്ല അവശേഷിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ കാര്‍ന്നുതിന്നുകയാണ് വലതുപക്ഷ രാഷ്ട്രീയമെന്നും അതിന്റെ അനുരണനങ്ങള്‍ തെരുവിലേക്ക് തുളുമ്പുകയാണെന്നും അവര്‍ മനസ്സിലാക്കി തുടങ്ങി.
നടുറോഡിലിട്ട് ആഫ്രോ അമേരിക്കക്കാരന്റെ കഴുത്തു ഞെരിച്ചുകൊല്ലുന്ന പോലീസുകാരന്‍ മുതല്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായ ബൈഡന്റെ സ്ഥാനാരോഹണവേളയില്‍ ആ രാജ്യത്ത് ഒരു നൂറ്റാണ്ടു കാലമായി കേട്ടുകേള്‍വി ഇല്ലാത്തതുപോലെ അവരുടെ പാര്‍ലമെന്റ് മന്ദിരംതന്നെ അലങ്കോലപ്പെടുത്തിയ വലതുപക്ഷ ആഭാസങ്ങള്‍ അമേരിക്കയെ നാണംകെടുത്തി.
ഇംഗ്ലണ്ടിലെ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിമാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായ വനിതാ പ്രധാനമന്ത്രിക്ക് അര നൂറ്റാണ്ടുകാലം രാജാധികാരം ഉണ്ടായിരുന്ന രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങിന് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞുവെന്നതിന് അപ്പുറം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഈ കാലത്തുതന്നെ സോഷ്യലിസ്റ്റ് രാജ്യങ്ങളായ ചൈനയിലും വടക്കന്‍ കൊറിയയിലും ഏകാധിപത്യ പ്രവണതകള്‍ കൂടുതല്‍ കടുത്തതും ക്രൂരവുമാകാന്‍ തുടങ്ങി. ചൈനയുടെ ഷീ ജിന്‍പിങ് ജനറല്‍ സെക്രട്ടറിയും അതുവഴി ചൈനയുടെ പ്രസിഡന്റുമായി അവരോധിക്കപ്പെട്ടു. കൊറിയയില്‍ കിം ജോങ് ഉന്‍ നടത്തിക്കൊണ്ടിരിക്കുന്നതും ക്രൂരമായ ഏകാധിപത്യമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അധികാരകേന്ദ്രമായി ആവിര്‍ഭവിച്ച റഷ്യയില്‍ പുതിന്റെ ഭരണം അമിതാധികാര കേന്ദ്രീകൃതഭരണത്തിന്റെ ദുഷിച്ച ഭാവങ്ങളില്‍ ഒന്നായി നില്‍ക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗുണനിലവാര തകര്‍ച്ച ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന് ആക്കം കൂട്ടുന്നതായിരുന്നു ബി.ബി.സിയുടെ നരേന്ദ്ര മോദിയെ സംബന്ധിച്ച പുതിയ ഡോക്യുമെന്ററി. ആ ഡോക്യുമെന്ററിയില്‍ പുതുതായി ഒന്നുമില്ലെന്ന് മോദി അനുകൂലികള്‍ പറയുമെങ്കിലും പഴയ കഥയുടെ പുനരാഖ്യാനം പുതിയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ളതായി. ഗുജറാത്ത് കലാപത്തില്‍ കൂട്ടക്കൊലപാതകങ്ങള്‍ നടത്തിയവരെ തുറന്നുവിടുകയും കൊടുംക്രൂരത കാണിച്ച കേസുകള്‍ വളരെ കൂളായി തള്ളിപ്പോവുകയും ചെയ്തത് ഈ കാലത്താണ് എന്ന് ഓര്‍ക്കുക. ഒരു അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം ശിക്ഷിക്കാന്‍ ഗുജറാത്തിലെ ഒരു കോടതിക്ക് സാധിച്ചപ്പോള്‍ ഡസന്‍ കണക്കിനാളുകള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്നത് നാം കണ്ടു.
ഇത് ജനാധിപത്യ ലോകത്തിന് ഒരു താക്കീതായി ഇന്ന് ജനങ്ങള്‍ കാണുകയാണ്. ഇന്ത്യ എങ്ങോട്ടാണ് പോകുന്നത്? ഏറ്റവും കൂടുതല്‍ ലിഞ്ചിങ് അഥവാ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണോ? ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. ശാരീരികമായി ആക്രമിക്കപ്പെടുക മാത്രമല്ല, സാമൂഹികമാധ്യമങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ അവരിലെ സ്ത്രീകള്‍ അതിക്രൂരമായ തരത്തില്‍ ഡിജിറ്റല്‍ മീഡിയ ലിഞ്ചിങ്ങിന് വിധേയമാവുന്നത് നാം കാണുന്നുണ്ട്. ഇത്രയും പരത്തിപ്പറഞ്ഞത് പ്രധാനമന്ത്രി മോദി മുഖം മിനുക്കാന്‍ ഇറങ്ങിയിരിക്കുന്നതിന്റെ പശ്ചാത്തലം എന്താണെന്ന് മനസ്സിലാക്കാനാണ്.
ജനാധിപത്യ രാജ്യങ്ങളില്‍- പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മഹാഭൂരിപക്ഷവും ക്രിസ്തുമത ഭൂരിപക്ഷ രാജ്യങ്ങളാണ് എന്നുള്ളത് ഒരു യാദൃച്ഛികത മാത്രമല്ല, ചരിത്രപരമായ വസ്തുതയാണ്. യൂറോപ്യന്‍ ഉല്പന്നമായ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ജനസംഖ്യയും താരതമ്യേന കുറവാണ്. അമേരിക്കയുടെ ജനസംഖ്യ പോലും ഇന്ത്യയുടെ ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്നേ വരൂ.
പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം ഏറ്റവും നന്നായി പരീക്ഷിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ 142 കോടി ജനങ്ങളുടെ സാന്നിധ്യമാണ് ലോകത്തെ പാര്‍ലമെന്ററി ജനാധിപത്യത്തെ എണ്ണത്തില്‍ ശക്തമാക്കി നിര്‍ത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന് അതിന്റെ ഗുണനിലവാരത്തില്‍ എത്ര കുറവുണ്ടെങ്കിലും അളവു ഗുണത്തെ നിര്‍ണയിക്കുന്നു എന്ന തത്വമനുസരിച്ച് നോക്കുമ്പോള്‍ ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ ജനസംഖ്യയിലെ ഭൂരിപക്ഷം പേരും ഇന്ത്യയിലാണ് താമസിക്കുന്നത് എന്നുകാണാം. ഇവിടെ ജനാധിപത്യം തകര്‍ന്നാല്‍, ജനാധിപത്യം അവസാനിപ്പിച്ചാല്‍ ലോക ജനാധിപത്യത്തിന്റെ പ്രസക്തി വലിയ തരത്തില്‍ പുറകോട്ട് പോകും.
ഈ യാഥാര്‍ഥ്യം ലോകത്തെ ജനാധിപത്യ വിശ്വാസികള്‍ക്കിടയില്‍ രൂഢമൂലമാകുന്നുണ്ട്. പക്ഷേm അവര്‍ക്കിടയില്‍ ഈ തര്‍ക്കം ഉപയോഗിച്ചുകൊണ്ട് ഇന്ത്യ വിരുദ്ധരും രംഗത്ത് വരുന്നുണ്ട് എന്നത് കാണാതെ പോകരുത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് മോദി ഒരു പുതിയ രാഷ്ട്രീയ അഭ്യാസത്തിന് ഇറങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ക്രിസ്തുമത ന്യൂനപക്ഷക്കാര്‍ തിങ്ങിത്താമസിക്കുന്ന ചെറിയ സംസ്ഥാനങ്ങളില്‍ അദ്ദേഹം വളരെ വിജയകരമായി ബി.ജെ.പിയുടെ വളര്‍ച്ചാതന്ത്രം നടപ്പാക്കിയിട്ടുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെ ലോകസഭയിലേക്ക് വരുന്നവരുടെ എണ്ണം കുറവാണെങ്കിലും ആ സംസ്ഥാനങ്ങള്‍ അസമും ത്രിപുരയും ഒഴിച്ച് ക്രിസ്തുമത ഭൂരിപക്ഷ പ്രദേശങ്ങളാണ്. നാഗാലാന്‍ഡില്‍ വിരലില്‍ എണ്ണാവുന്ന സീറ്റേ ബി.ജെ.പിക്ക് ഉള്ളൂവെങ്കിലും നാഗാലാന്‍ഡിലെ സത്യപ്രതിജ്ഞാചടങ്ങില്‍ മോദി നേരിട്ട് പങ്കെടുത്തു. ആ സത്യപ്രതിജ്ഞാചടങ്ങില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് തികച്ചും തെറ്റായ രീതിയില്‍ ക്രിസ്തുമത പ്രാര്‍ഥനകള്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു. സത്യപ്രതിജ്ഞാചടങ്ങില്‍ ആലപിക്കപ്പെട്ട ഗാനം ലോകപ്രശസ്തമായ ഹല്ലേലൂയ കോറസ് ആയിരുന്നു.
ഗോവയില്‍ നേരത്തേ തന്നെ ബി.ജെ.പി. പടിഞ്ഞാറന്‍ തീരത്തെ അവരുടെ വിജയം കണ്ടെത്തിയിരുന്നു. ഗോവയിലെ ബി.ജെ.പിയുടെ സ്വാധീനം ഹിന്ദു ജനവിഭാഗത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഈ തന്ത്രം കേരളത്തില്‍ പയറ്റുക എന്നതോടൊപ്പം തന്നെ ലോകമെമ്പാടും ഇന്ത്യക്ക് ഉണ്ടായിട്ടുള്ള ന്യൂനപക്ഷ വിരുദ്ധതയുടെ ചിത്രം മാറ്റിവരയ്ക്കുക എന്ന ലക്ഷ്യം കൂടി ക്രിസ്തുമത ഓപ്പറേഷനില്‍ മോദി ലക്ഷ്യമിടുന്നുണ്ട്.
ലോകരാഷ്ട്രങ്ങളില്‍ തനിക്കുണ്ടായിരുന്ന തിളക്കം നഷ്ടപ്പെട്ടതിന്റെ കാരണങ്ങളില്‍ ഒന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്നുകൂടിയാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം പ്രമുഖ സാര്‍വദേശീയ ബന്ധമുള്ള ന്യൂനപക്ഷത്തെ കൈയിലെടുക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തിലും കണ്ടത്.
ഇന്ത്യന്‍ പ്രധാനമന്ത്രി വിരുന്നിന് ക്ഷണിച്ചാല്‍ ക്രിസ്തുമത നേതൃത്വം മാത്രമല്ല ആരും പോകാന്‍ ബാധ്യസ്ഥരാണ്. ഇന്ത്യയെമ്പാടും വിവിധ മേഖലകളില്‍ ക്രിസ്തുമത വിശ്വാസികള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വെച്ചുനീട്ടിയ ഈ ക്ഷണപത്രം നിരസിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം യുക്തിസഹമായ കാര്യമല്ല. ഈ ക്ഷണപത്രം നിരസിച്ചാലും തങ്ങള്‍ക്കെതിരായ അക്രമണം കുറയുകയില്ലെന്നും ഒരുപക്ഷേ കൂടുമെന്നും അവര്‍ക്കറിയാം. അതുകൊണ്ട് മെച്ചപ്പെട്ട തിരഞ്ഞെടുക്കല്‍- പ്രധാനമന്ത്രിയുമായി സമരസപ്പെടല്‍ അല്ലെങ്കില്‍ അതിനായി ശ്രമിക്കല്‍ തന്നെയാണ്. മോദി ഒരു തന്ത്രജ്ഞനെന്ന പേരില്‍ അക്കാര്യത്തില്‍ അല്പം വിജയം നേടിയെന്ന് പറയാമെങ്കിലും ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ബി.ജെ.പി. അതിന്റെ സമീപനം വ്യക്തമാക്കിയിട്ടില്ല.

പക്ഷേ മതനേതൃത്വമല്ല ന്യൂനപക്ഷം. ന്യൂനപക്ഷം എല്ലാ രാജ്യത്തേയും ഒരു ജീവിതഘടകമാണ്. പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷം അനുഭവിക്കുന്ന കടുത്ത യാതനകള്‍ നമുക്കറിയാം. ഈ അടുത്ത കാലത്താണ് ചൈനയിലെ ഒരു എന്‍ജിനീയര്‍ ഒരു തൊഴിലാളിയോട് റംസാന്‍ കാലത്ത് മോശമായി പെരുമാറിയെന്നതിന്റെ പേരില്‍ ദൈവദോഷ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടത്. അതിനുള്ള ശിക്ഷ തൂക്കുകയറാണ്. ന്യൂനപക്ഷ മത-ഭാഷാ വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ലോകത്തെവിടെയും ആക്രമിക്കപ്പെടുമ്പോള്‍ തകരുന്നത് ആ വിഭാഗത്തില്‍ പെട്ടവര്‍ മാത്രമല്ല അതത് രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ കൂടിയാണ്. അതുകൊണ്ട് മോദി വ്യക്തമാക്കേണ്ടത് സൗഹൃദ ഭാഷണങ്ങളിലൂടെയുളള, വിരുന്നിലൂടെയുള്ള വര്‍ത്തമാനങ്ങള്‍ മാത്രമല്ല ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കുമാത്രമാണെന്നും അത് ഞാന്‍ ചെയ്യുമെന്നും പറയുവാന്‍ അേേദ്ദഹം ഏഴു വര്‍ഷമായി എന്തിനാണ് മടിക്കുന്നത്?
ന്യൂനപക്ഷങ്ങള്‍ക്ക് നിലവില്‍ ലഭിച്ചുവരുന്ന സംവരണ ആനുകൂല്യങ്ങള്‍ പോലും എന്തിനാണ് തട്ടിപ്പറയ്ക്കുന്നത്? ഇന്ത്യയിലെ ഏറ്റവും വലിയ സെക്യുലര്‍ മുസ്ലീമായിരുന്ന ആദ്യ വിദ്യാഭ്യാസമന്ത്രി ആസാദിന്റെ പേരുപോലും എന്തിനാണ് തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുന്നത്? ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെടുമ്പോള്‍ ക്രിസ്തുമത നേതൃത്വത്തെ കാണാന്‍ ശ്രമിക്കുന്ന മോദി എന്തുകൊണ്ട് അത്തരം കേന്ദ്രങ്ങളിലേക്ക് നേരിട്ട് ചെന്നില്ലെങ്കിലും കേന്ദ്രമന്ത്രിമാരെ അയക്കുന്നില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മഹാഭൂരിപക്ഷവും പിന്നാക്കക്കാരാണ്.
കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ നമ്മുടെ ജനസംഖ്യയുടെ 18% മാത്രമാണ്. അവരില്‍ മൂന്നില്‍ രണ്ടുപേരും സിറിയന്‍ വിഭാഗങ്ങളില്‍ അഥവാ സംവരണേതര വിഭാഗത്തിൽ പെട്ടവരാണ്. എന്നാല്‍, ഇന്ത്യയിലെ നൂറ് ക്രിസ്തുമത വിശ്വാസികളില്‍ അവര്‍ അഞ്ചു കോടിയോളം വരും. അവരില്‍ 90 ശതമാനത്തില്‍ അധികം പേരും സംവരണ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ദളിത് പിന്നാക്ക സമുദായങ്ങളില്‍ പെട്ടവരാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദി പരിശ്രമിക്കുമെന്ന് പറയുന്നതായി നാം കേള്‍ക്കുന്നില്ല.
ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ പല സംസ്ഥാനങ്ങളിലും ജനറല്‍ കാറ്റഗറിയിലാണ് ഇന്ന് നില്‍ക്കുന്നത്, അവര്‍ക്ക് ഒ.ബി.സി. സംവരണം പോലും ലഭ്യമാകുന്നില്ല. കേരളത്തില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ലത്തീന്‍ ക്രിസ്ത്യാനികളും നാടാര്‍ വിഭാഗത്തില്‍ പെട്ട തെക്കന്‍ തിരുവിതാംകൂറിലെ ക്രിസ്ത്യാനികളും പരിവര്‍ത്തിത ക്രൈസ്തവരും അവരുടെ സംവരണ പ്രശ്‌നങ്ങളില്‍ ആശങ്കാകുലരാണ്. കര്‍ണാടകത്തില്‍ ചെയ്തതുപോലെ ബി.ജെ.പി. ലത്തീ ന്‍ കാത്തലിക് സംവരണത്തെ എതിര്‍ക്കുമോ അതാണ് പ്രസക്തമായ ചോദ്യം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കൂട്ടുമോ കുറയ്ക്കുമോ? അതാണ് ചെറുപ്പക്കാരായ ന്യൂനപക്ഷക്കാരുടെ മുന്നിലുള്ള ചോദ്യം.
ഇതിനൊന്നും മറുപടി പറയാതെ മതപുരോഹിതന്മാരോട് വര്‍ത്തമാനം പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ല. പക്ഷേ, അവരോടുള്ള സംസാരത്തെ പരിഹസിക്കാന്‍ ഞാനില്ല. തീര്‍ച്ചയായും ഒന്നുമില്ലാത്തിടത്ത് അത്രയുമായി എന്നു കരുതാവുന്നതാണ്. മുസ്ലീം ന്യൂനപക്ഷത്തിനെതിരായ മോദിയുടെ നിലപാടുകള്‍ തന്റെ വിജയത്തിന്റെ തുറുപ്പുചീട്ടുകളായി കണക്കാക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തിന് ന്യൂനപക്ഷ മതനേതൃത്വത്തെ ഹസ്തദാനം ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല.
അതോടൊപ്പം തന്നെ അവസരവാദികള്‍ക്ക് ചുവന്ന പരവതാനി വിരിയ്ക്കുന്നത് ബി.ജെ.പിയുടെ മറ്റൊരു തന്ത്രമായി മാറിയിട്ടുണ്ട്. സ്വന്തം നേട്ടത്തിന് വേണ്ടി പരക്കം പായുന്ന വിരമിച്ച ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരെ, അബ്ദുള്ളക്കുട്ടിയെ പോലുള്ള ഭാഗ്യാന്വേഷികളെ, ഇപ്പോള്‍ അനില്‍ ആന്റണിയെ പോലുള്ള അവസരവാദ പ്രതീകങ്ങളെ അണിനിരത്തുമ്പോള്‍ അവരുള്‍പ്പെടുന്ന സമുദായങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് കരുതുന്നത് ലളിതമായി പറഞ്ഞാല്‍ കൊക്കിനെ വെണ്ണ വെച്ചുപിടിക്കാന്‍ കഴിയുമെന്ന് കരുതുന്നത് പോലെയുള്ള ഫലിതമാണ് എന്നുമാത്രമേ പറയാനുള്ളൂ.
Content Highlights: Prathibhashanam column by CP John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..