പ്രേതങ്ങളുടെ താഴ്‌വര...! പൊവേലിയയുടെ നിഗൂഢത പൊളിക്കാൻ ഗോസ്റ്റ് ഹണ്ടേഴ്‌സ്‌


അശ്വതി അനില്‍ | aswathyanil@mpp.co.in



പ്ലേഗില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യരെ ജീവനോടെ കുഴിച്ചുമൂടിയ പൊവേലിയ

Premium

Photo: The Mirror

പൊവേലിയയ്ക്ക് മുഖം രണ്ടാണ്. അതിക്രമത്തില്‍നിന്ന് രക്ഷപ്പെട്ടോടിയവര്‍ക്ക് നല്‍കിയ അഭയത്തിന്റേതാണ് ആദ്യത്തേത്. ഉപേക്ഷിക്കപ്പെട്ട ആയിരങ്ങള്‍ക്ക് മരണക്കിടക്കയാവുകയും പിന്നീട് പ്രേതദ്വീപായി മാറിയതിന്റേതാണ് അടുത്തത്. ഇറ്റലിയിലെ വെനീസിനും ലിഡോക്കിനുമിടയില്‍ ആരാലും സന്ദര്‍ശിക്കപ്പെടാതെ ആ കുഞ്ഞന്‍ ദ്വീപ് ഇങ്ങനെ നിഗൂഢതകളുടെ പച്ചപ്പണിഞ്ഞ് പരന്നുകിടക്കുകയാണ്. പാതിജീവനിലിരിക്കെ അവസാനിച്ച നിലവിളികള്‍ പൊവേലിയയില്‍നിന്ന് ഇടയ്ക്ക് ഉയര്‍ന്നു കേള്‍ക്കാമെന്നൊരു കഥ സഞ്ചാരികള്‍ക്കിടയില്‍ പരക്കുന്നുണ്ട്. അടക്കിപ്പിടിച്ച നിലവിളികളും അസ്വസ്ഥതപ്പെടുത്തുന്ന അന്തരീക്ഷവും പേറുന്ന പൊവേലിയ ഇന്ന് പാരാനോര്‍മല്‍ ചര്‍ച്ചകളിലെ പ്രധാനപ്പെട്ട ഇടമായി അടയാളപ്പെട്ടു കഴിഞ്ഞു. ആരും ചെന്നെത്താന്‍ ഭയപ്പെടുന്ന ആ ദ്വീപ് ലക്ഷക്കണക്കിന് ശവശരീരങ്ങളെ ഒളിപ്പിച്ച മണ്ണായതെങ്ങനെയാണ്? ഒരു കാലത്തെ അഭയകേന്ദ്രം ഇന്ന് ആരുമെത്തിപ്പെടാത്ത അനാഥകേന്ദ്രമായി മാറിയതെങ്ങനെയാണ്? ലോകത്തിന്റെ പ്രേതതാഴ്‌വരയെന്ന് അറിയപ്പെടുന്ന പൊവേലിയയുടെ നിഗൂഢതയ്ക്ക് പിന്നിലെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

പ്ലേഗ് പടരുന്നു, പൊവേലിയ മരണതാഴ്‌വരയാവുന്നു

വടക്കന്‍ ഇറ്റലിയിലാണ് പൊവേലിയ ദ്വീപ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്രരേഖകളില്‍ പൊവേലിയയെ കുറിച്ചുള്ള വിവരങ്ങളുണ്ട്. 421-ാം ആണ്ടില്‍ ഇറ്റലിയിലെ തന്നെ പാഡുവയിലേയും എസ്റ്റെയിലേയും ജനങ്ങള്‍ വിദേശാധിനിവേശത്തില്‍നിന്ന് രക്ഷ തേടി പൊവേലിയയിലേക്ക് അഭയാര്‍ഥികളായി എത്തിയിരുന്നു. അഭയാര്‍ഥി പ്രവാഹം തുടര്‍ന്നതോടെ ഒമ്പതാം നൂറ്റാണ്ടു മുതല്‍ ദ്വീപിലെ ജനസംഖ്യ ഉയരാന്‍ ആരംഭിച്ചു. 1379-ല്‍ വെനീസ് മറ്റൊരു ആക്രമണത്തിനിരയായപ്പോള്‍ പൊവേലിയയിലെ ജനങ്ങള്‍ ദ്വീപ് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് അഭയം തേടി. തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങള്‍ ദ്വീപിലേക്ക് ആരും എത്തിയില്ല. 1527-ല്‍ ദ്വീപിന്റെ ഭരണാധികാരികള്‍ ദ്വീപിനെ ഒരു പ്രത്യേക സന്ന്യാസി സമൂഹത്തിന് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും വിശ്വാസ സമൂഹം അത് നിരസിച്ചു.

ദ്വീപ് പിന്നേയും കാലങ്ങളോളം ഉപയോഗശൂന്യമായി തുടര്‍ന്നു. 1776-ല്‍ ദ്വീപിനെ വെനീസിലെ പബ്ലിക് ഹെല്‍ത്ത് ഓഫീസിന്റെ പരിധിയിലുള്‍പ്പെടുത്തി. അതോടെ വെനീസിലേക്കും വെനീസില്‍നിന്നു പോകുന്ന കപ്പലുകളുടെ ചെക്ക് പോയിന്റുകളില്‍ ഒന്നായി ദ്വീപ് മാറി. അത്തരത്തില്‍ ഒരിക്കല്‍ ദ്വീപിലെത്തിയ രണ്ട് കപ്പലില്‍ പ്ലേഗ് ബാധിതരായ നിരവധി പേരുണ്ടായിരുന്നു. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ ഇവരെ താല്‍ക്കാലികമായി ദ്വീപിലേക്ക് മാറ്റി. മഹാമാരി പടര്‍ന്നുപിടിക്കുന്ന കാലമായിരുന്നു അത്, ലക്ഷക്കണക്കിന് ജനങ്ങള്‍ മഹാമാരിയെ അതിജീവിക്കാന്‍ കഴിയാതെ മരണത്തോട് മല്ലിട്ട് കഴിഞ്ഞിരുന്ന രോഗികളെ ചികിത്സയ്ക്കായും ക്വാറന്റീന്‍ ചെയ്യാനുമായി മെയിന്‍ലന്‍ഡ് ഇറ്റലിയില്‍ നിന്ന് പൊവേലിയ ദ്വീപിലേക്ക് മാറ്റിയിരുന്നു.

യൂറോപ്പിനെ തകര്‍ത്തു കൊണ്ട് മഹാരോഗമായ പ്ലേഗ് വ്യാപിച്ചതോടെ പൊവേലിയ ശ്മശാനഭൂമിയായി. യൂറോപ്പില്‍ മാത്രം രണ്ടര കോടി ആളുകളാണ് പ്ലേഗ് രോഗം ബാധിച്ച് മരണപ്പെട്ടത്. വളരെപ്പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന രോഗമായതിനാലും മരണസംഖ്യ അതിതീവ്രമായതിനാലും മരിച്ചവരുടെ മൃതദേഹം മറവുചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നു. മഹാമാരി പിടിപെട്ട് മരിച്ചവരെ എവിടെ മറവുചെയ്യുമെന്ന ആശങ്കയ്ക്കിടെയാണ് ഒറ്റപ്പെട്ടു കിടക്കുന്ന, ജനവാസം കുറഞ്ഞ പൊവേലിയ ദ്വീപ് അധികാരികളുടെ ശ്രദ്ധയിലേക്കെത്തുന്നത്. അങ്ങനെ രോഗം ബാധിച്ച് മരിച്ചവരെ അടക്കുന്ന കേന്ദ്രമായി പൊവേലിയയെ മാറ്റി. ലക്ഷക്കണക്കിന് മൃതദേഹങ്ങളാണ് പൊവേലിയയുടെ മണ്ണില്‍ അടക്കിയിരുന്നത്. മരണപ്പെട്ടവരെ മാത്രമല്ല, മരണശയ്യയിലുള്ളവരേയും പാതി ജീവനോടോ ഇവിടെ കുഴിച്ചുമൂടുകയോ തീകൊളുത്തി കൊല്ലുകയോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഗബാധിതരെ പൊവേലിയയിലേക്ക് നാടുകടത്തിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കുന്നതിനെക്കാള്‍ ദുരിതമായിരുന്നു പൊവേലിയയിലേക്ക് നാടുകടത്തപ്പെട്ട രോഗികളുടെ അവസ്ഥ. ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവര്‍ അലഞ്ഞു. മരിച്ചു വീണവരുടെയും ജീവനോടെ കത്തിക്കപ്പെട്ടവരുടെയും മൃതദേഹങ്ങള്‍ അവിടെ അടിഞ്ഞു കൂടി.

Photo: The Mirror

ഉപേക്ഷിക്കപ്പെടുന്നവരുടെ ദ്വീപ്

പ്ലേഗ് വ്യാപനത്തിന് ശമനമുണ്ടായെങ്കിലും പൊവേലിയയിലേക്ക് പിന്നെ ആളുകള്‍ എത്തുന്നത് നന്നേ കുറഞ്ഞു. ആളുകള്‍ പൂര്‍ണമായും ഭയത്തോടെ മാത്രം നോക്കുന്ന പ്രദേശമായി ദ്വീപ് മാറി. പ്ലേഗുകൊണ്ടും തീര്‍ന്നില്ല. പിന്നീട് മഹാമാരികളും പകര്‍ച്ചവ്യാധികളുമെല്ലാം പിടിപെടുന്നവരെ ഈ ദ്വീപില്‍ കൊണ്ടുവന്ന് തള്ളുന്നത് പതിവായി. വെനീസിലേക്കു വരുന്ന കപ്പലുകളെ നിരീക്ഷിക്കാന്‍ ഇവിടെ ടവറും കൂറ്റന്‍ കോട്ടകളും ഭരണകൂടം പണികഴിപ്പിച്ചിരുന്നു. കൂട്ടത്തോടെ ആളുകളെ അടക്കം ചെയ്തത് തുടര്‍ന്നതോടെ ആരും ഇവിടേക്ക് പോകാതെയായി. പതുക്കെപ്പതുക്കെ ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപെന്ന കുപ്രസിദ്ധിയും ദ്വീപിനെ തേടിയെത്തി. കാടുപിടിച്ച ദ്വീപ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായും മാറി.

1922-ല്‍ ദ്വീപില്‍ മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കായി ആശുപത്രി തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുകയും അതിന്റെ ഭാഗമായി രോഗികളേയും ഒരു ഡോക്ടറെയും ഇവിടേക്ക് അയയ്ക്കുകയും ചെയ്തു. ദ്വീപിലെ തകര്‍ന്ന കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുകയാണ് അവര്‍ ആദ്യം ചെയ്തത്. എന്നാല്‍, ശരിയായ ചികിത്സയല്ല ഇവിടെ നടന്നിരുന്നത്. മാനസികാരോഗ്യ കേന്ദ്രങ്ങള്‍ വളരെ രഹസ്യമായിരുന്നു. അതിക്രൂരമായ പല ചികിത്സാ പരീക്ഷണങ്ങളും ഇവിടത്തെ രോഗികളിലാണ് ഡോക്ടര്‍മാര്‍ ചെയ്തിരുന്നത്. അവിടെ മരിക്കുന്നവരെയും കൊല്ലപ്പെടുന്നവരെയും പൊവേലിയയില്‍ തന്നെ മറവും ചെയ്തു. ഒടുവില്‍ പരീക്ഷണം നടത്തിയ ഡോക്ടറും ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഡോക്ടറുടേത് ആത്മഹത്യയല്ലെന്നും പ്രേതങ്ങളെ കണ്ട് ഭയന്ന ഡോക്ടര്‍ ബെല്‍ ടവറില്‍നിന്നു താഴേക്ക് വീഴുകയും അപ്പോള്‍ പ്രത്യക്ഷപ്പെട്ട നിഗൂഢമായ ഒരു പുകയില്‍ മുങ്ങി ശ്വാസംമുട്ടി മരിക്കുകയാണ് ചെയ്തതെന്നും കഥകളുണ്ട്. അതോടെ ആശുപത്രി പൂട്ടുകയും പൊവേലിയ വീണ്ടും ജനവാസമല്ലാതാവുകയും ചെയ്തു.

Photo: The Mirror

പാരാനോര്‍മല്‍ ചര്‍ച്ചകളിലെ പൊവേലിയ

പൊവേലിയയില്‍ ജീവനോടെയും അല്ലാതെയുമെല്ലാം അടക്കം ചെയ്ത ലക്ഷക്കണക്കിന് ആളുകളുടെ ആത്മാക്കള്‍ ഇന്നും ദ്വീപില്‍ അലയുകയാണെന്നാണ് കഥകള്‍. പൊവേലിയ ദ്വീപിലൂടെ നടക്കുമ്പോള്‍ മരിച്ചവരുടെ അസ്ഥികള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുകയും മണ്ണിനു മുകളില്‍ പൊന്തി നില്‍ക്കുകയും ചെയ്യുന്നത് കണ്ടതായും പറഞ്ഞവരുണ്ട്. സമീപവാസികളും സന്ദര്‍ശകരുമായി എത്തിയ പലരും പൊവേലിയയിലെ പ്രേതങ്ങളെ കണ്ടിട്ടുണ്ടെന്നും നിലവിളികളും അശരീരികളും കേട്ടിട്ടുണ്ടെന്നും അവകാശപ്പെടുന്നു. കെട്ടുകഥകള്‍ക്ക് ശാസ്ത്രത്തിന്റെ തരിമ്പും അകമ്പടിയില്ലെങ്കിലും ദ്വീപിലെത്തിയ ആരും സ്വസ്ഥതയോടെ മടങ്ങി വന്നിട്ടില്ലെന്നാണ് പലരും സാക്ഷ്യം പറയുന്നത്. പ്രേതാനുഭവങ്ങള്‍ക്കൊന്നും ശാസ്ത്രം വിലകല്‍പ്പിക്കുന്നില്ലെങ്കിലും പാരാനോര്‍മല്‍ ഗവേഷകര്‍ പോലും ഭയപ്പെടുന്നിടമാണ് പൊവേലിയ എന്നാണ് ചര്‍ച്ചകള്‍.

ലോകപ്രശസ്തരായ പ്രേതാന്വേഷകര്‍ക്ക് അവര്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും ഭയാനക അനുഭവങ്ങള്‍ നേരിട്ടിട്ടുള്ളത് പൊവേലിയ ദ്വീപില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. ദ്വീപിലേക്ക് ഇറങ്ങുമ്പോള്‍ മുതല്‍ ഒട്ടേറെ കണ്ണുകള്‍ തങ്ങളെ തുറിച്ചു നോക്കുന്നതുപോലുള്ള അനുഭവമുണ്ടാകുന്നു എന്നാണ് ഗവേഷകര്‍ക്ക് പൊതുവായി പറയാറുള്ള കാര്യം. നടക്കുന്നതിനിടെ ആരോ തള്ളിയിടുക, ശരീരത്തില്‍ നഖം കൊണ്ട് കോറുക, അസഹ്യമായ അലറിക്കരച്ചിലുകളും, ആരോ പിന്നാലെയെത്തുന്ന പോലുള്ള തോന്നലുകളും ദ്വീപ് സന്ദര്‍ശിച്ചവര്‍ നേരിട്ടതായാണ് പറയപ്പെടുന്നത്...! അല്‍പമെങ്കിലും ഭയം മനസിലുണ്ടെങ്കില്‍ ദ്വീപിലേക്ക് ഒരിക്കലും പോവരുതെന്നും പോയാല്‍ സമാധാനത്തോടെ തിരിച്ചുവരവുണ്ടാവില്ലെന്നും പലരും പറയുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ദ്വീപിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. പല നിര്‍മാണ കമ്പനികളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടം നന്നാക്കാന്‍ എത്തിയെങ്കിലും എല്ലവാരും ജോലി നിര്‍ത്തി തിരിച്ചുപോവുകയാണ് ചെയ്തത്. ജോലിക്കിടെ അപകടമുള്‍പ്പെടെയുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത് ജോലിക്കാരെ ഭയപ്പെടുത്തി. പല സംഭവങ്ങള്‍ക്കും വിശദീകരണവും ഇല്ലായിരുന്നു. മോശം സംഭവങ്ങള്‍ അടിക്കടി നടന്നതോടെ സര്‍ക്കാര്‍ തന്നെ ഇവിടേക്കുള്ള സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Photo: The Mirror

പ്രേത ദ്വീപ് സ്വന്തമാക്കാന്‍ ആളെത്തുന്നു !

2014-ല്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് പൊവേലിയ ദ്വീപ് ലീസിനായി വെച്ചു. രാജ്യത്തിനുള്ള പൊതുകടം വീട്ടാനായിരുന്നു ദ്വീപ് ലേലത്തില്‍ വെച്ചത്. ജനവാസമില്ലാത്തതും ഭയാനകവുമായ പൊവേലിയയെ അന്ന് ഇറ്റാലിയന്‍ വ്യവസായി ആയ ലൂഗി ബ്രുണാരോ ആണ്. നാല് ലക്ഷം യൂറോയ്ക്കാണ് ലൂഗി ദ്വീപ് ലീസിനെടുത്തത്. എന്നാല്‍, ദ്വീപിലെത്തിയ വ്യവസായിയെ വരവേറ്റത് പൊട്ടിപ്പൊളിഞ്ഞ് നിഗൂഢത നിറഞ്ഞ മനോരോഗ വാര്‍ഡുകളും കാടുപിടിച്ച് കിടന്ന് ഇഴജന്തുക്കളുടെ വിഹരകേന്ദ്രമായ സ്ഥലങ്ങളുമായിരുന്നു. ലക്ഷക്കണക്കിന് പണം ഇവ നന്നാക്കിയെടുക്കാനും അദ്ദേഹത്തിന് ചെലവാക്കേണ്ടതായി വന്നു. വലിയ വില കൊടുത്ത് ദ്വീപ് സ്വന്തമാക്കിയെങ്കിലും പൊവേലിയ ഇപ്പോഴും അനാഥമായി തുടരുകയാണ്. 99 വര്‍ഷം, അതായത് 2113 വര്‍ഷം വരെ ലൂഗിക്ക് ദ്വീപില്‍ ഉടമസ്ഥതയുണ്ട്.

സമീപവാസികള്‍ക്കോ വിനോദസഞ്ചാരികള്‍ക്ക് ദ്വീപില്‍ കയറാന്‍ അനുമതിയില്ല. എന്നാല്‍, നിഗൂഢസ്ഥലങ്ങള്‍ തേടിപ്പോവുന്ന ലോകസഞ്ചാരികള്‍ അഥവാ ഗോസ്റ്റ് ഹണ്ടേര്‍സ് പലപ്പോഴും പൊവേലിയയിലേക്ക് അനധികൃതമായി എത്തിപ്പെടാറുണ്ട്. എന്നാല്‍, സുഖകരമായ അനുഭവങ്ങളല്ല ദ്വീപില്‍ പ്രവേശിച്ചവരൊന്നും പങ്കുവെച്ചത്. പ്രേതകഥകളുടെ ചുവടുപിടിച്ചോ മറ്റോ പവേലിയ ദ്വീപ് ഇന്ന് പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മത്സ്യത്തൊഴിലാളികള്‍ പോലും ദ്വീപിനെ പൂര്‍ണമായും ഉപേക്ഷിച്ചു.

ഇന്ന് ലോകത്ത് ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ പൊവേലിയ മുന്‍പന്തിയിലുണ്ട്. ശാസ്ത്രവും ലോകവും ഇത്രത്തോളം വളര്‍ന്നിട്ടും ദ്വീപിനെക്കുറിച്ച് കേള്‍ക്കുന്ന നിഗൂഢകഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. കാര്യമെന്തായാലും ഗോസ്റ്റ് ഹണ്ടേര്‍സിന്റെ ബക്കറ്റ് ലിസ്റ്റില്‍ പൊവേലിയ തുടരുമെന്ന് തീര്‍ച്ച.

Content Highlights: Poveglia Island's Haunted History

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Meena Dhanush Fake marriage rumor bayilvan ranganathan revelation creates controversy

1 min

ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന പരാമർശം; ബയല്‍വാന്‍ രംഗനാഥന് വ്യാപക വിമര്‍ശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023

Most Commented