പോലീസുകാരാ, താങ്കളുടെ സംസാരത്തിൽ ന്യായം തീരെയില്ല...! | വഴിപോക്കൻ


ഇന്ത്യ ഒരു പോലീസ് രാജല്ല. പോലീസുകാരല്ല, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടുന്ന സർക്കാരാണ് ഇന്ത്യൻ ജനാധിപത്യത്തിൽ ഭരണം മുന്നോട്ടു കൊണ്ടുപോവുന്നത്. സർക്കാരിന്റെ ഒരു ഭാഗം മാത്രമാണ് പോലീസുകാർ.

മന്ത്രി ജി.ആർ. അനിൽ, സി.ഐ. ഗിരിലാൽ

''Form, trust, mutual respect constitute the bedrock of the politician-civil servant relationship. Sardar Patel understood it.'' കഴിഞ്ഞ വർഷം ജൂണിൽ മുൻ ബംഗാൾ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി എഴുതിയ ഒരു ലേഖനത്തിൽനിന്നുള്ള വരികളാണിത്. ഇന്ത്യൻ ജനാധിപത്യത്തിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം എങ്ങിനെയായിരിക്കണമെന്നതിനെ ഇതിലും കൃത്യമായും വ്യക്തമായും വിവരിക്കാനാവില്ല. രൂപം(ചട്ടക്കൂട് അഥവാ ശൈലി), വിശ്വാസം, പരസ്പര ബഹുമാനം എന്നിവയെക്കുറിച്ച് ഗോപാൽകൃഷ്ണ ഗാന്ധി തന്റെ ലേഖനത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

1968-ലാണ് ഗോപാൽകൃഷ്ണ ഗാന്ധി ഐ.എ.എസ്. പരീക്ഷ പാസ്സായത്. പരീക്ഷ പാസ്സായിക്കഴിഞ്ഞാൽ സിവിൽ സർവ്വിസിൽ ചേരാൻ സമ്മതമാണോ എന്നാരാഞ്ഞുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അറിയിപ്പ് കിട്ടും. ഇതിനുള്ള മറുപടി ടെലഗ്രാമിൽ അയക്കണം. ഓഫർ ആക്സപ്റ്റഡ് എന്ന മറുപടി അയയ്ക്കും മുമ്പ് ഗോപാൽകൃഷ്ണ ഗാന്ധി സംഗതി മുത്തച്ഛനായ രാജാജി (സി. രാജഗോപാലാചാരി)യെ കാണിച്ചു. ഇന്ത്യയിലെ അവസാന ഗവർണർ ജനറലായിരുന്ന രാജാജി മറുപടി വായിച്ചിട്ട് അല്പനേരം ചിന്തയിലാണ്ടു. എന്നിട്ട് പറഞ്ഞു: ''offer gratefully accepted'' എന്നാക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആരെങ്കിലും ഈ മാറ്റം ശ്രദ്ധിക്കുമോ എന്ന് പേരക്കിടാവ് അത്ഭുതം കൂറിയപ്പോൾ രാജാജി പറഞ്ഞത് ഇതാണ്: ''There is such a thing as form.''എന്തിനുമേതിനും ഒരു ചട്ടക്കൂടുണ്ട്. ഈ ചട്ടക്കൂടിന് ശക്തി കിട്ടുന്നത് വിശ്വാസവും പരസ്പര ബഹുമാനവും കൂടിച്ചേരുമ്പോഴാണ്. മസൂറിയിലെ പരിശീലനകാലത്ത് അവിടെ അദ്ധ്യാപകനായിരുന്ന സീനിയർ ഐ.എ.എസ്. ഓഫീസർ ടി.എൻ. ചതുർവ്വേദിയാണ് ഒരു ഉദ്യോഗസ്ഥനായിരിക്കുക എന്ന് പറഞ്ഞാൽ എന്താണെന്ന് തനിക്ക് ബോദ്ധ്യമാക്കി തന്നതെന്ന് ഗോപാൽകൃഷ്ണ ഗാന്ധി എഴുതുന്നുണ്ട്. ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തിനു മുന്നിൽ എളിമയോടെ നിൽക്കണം എന്നതായിരുന്നു ആദ്യപാഠം. ഇതിൽ രാഷ്ട്രീയക്കാരോടുള്ള ബന്ധത്തിന് സുപ്രധാന സ്ഥാനമുണ്ട്. ജനങ്ങളുടെ പൾസ് അറിയാവുന്നവരാണ് രാഷ്ട്രീയക്കാർ എന്നാണ് ചതുർവ്വേദി തന്റെ മുന്നിലിരുന്ന ഐ.എ.എസ്. ട്രെയിനികൾക്ക് പറഞ്ഞുകൊടുത്തത്. ആ ബഹുമാനം അവരോടുണ്ടാവണം. കാരണം ആ പൾസ് ഉൾക്കൊണ്ട് അത് കൈകാര്യം ചെയ്യേണ്ടവരാണ് ഉദ്യോഗസ്ഥർ.

രാജാജി, ഗോപാൽ കൃഷ്ണ ഗാന്ധി

പോലിസുകാർ മറക്കുന്ന പ്രാഥമിക പാഠം

കഴിഞ്ഞ ദിവസം ഭക്ഷ്യ മന്ത്രി ജി.ആർ. അനിലുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ തിരുവനന്തപുരത്തെ വട്ടപ്പാറ പോലിസ് സ്റ്റേഷനിലെ സി.ഐ. ഗിരാലാൽ മറന്നുപോയത് ഈ പ്രാഥമിക പാഠമാണ്. നമുക്ക് ഈ സംഭാഷണത്തിന്റെ പരിസരം ഒന്ന് പരിശോധിക്കാം. ഓഗസ്റ്റ് 22-ന് തിങ്കളാഴ്ച പാതിരാത്രി പതിനൊന്നരയോടെയാണ് വട്ടപ്പാറ പോലിസ് സ്റ്റേഷനിലെത്തി ഒരു സ്ത്രീ പരാതി കൊടുക്കുന്നത്. അവരുടെ രണ്ടാം ഭർത്താവിന്റെ ഉപദ്രവത്തെ കുറിച്ചായിരുന്നു പരാതി. അന്ന് രാവിലെ ശിശുക്ഷേമ സമിതി ഓഫീസിൽ ഈ സ്ത്രീ പരാതി കൊടുത്തിരുന്നു. അവിടെ ആ ഓഫിസിനു മുന്നിൽ ഈ രണ്ടാം ഭർത്താവിന്റെ ഭീഷണിയുണ്ടായി. ഇതുകണ്ട് സമിതിയിലെ ഉദ്യോഗസ്ഥരാണ് ആ സ്ത്രീയോട് പോലിസിൽ പരാതിപ്പെടാൻ ആവശ്യപ്പെട്ടത്.

തുടർന്ന് കരകുളത്തെ വീട്ടിലെത്തിയപ്പോൾ രാത്രി അവിടെയെത്തിയും ഈ രണ്ടാം ഭർത്താവ് ബഹളമുണ്ടാക്കി. സ്ത്രീയേയും മക്കളേയും കൊന്നുകളയുമെന്നായിരുന്നു ഭീഷണി. മക്കൾ എന്നു പറഞ്ഞാൽ സ്ത്രീയുടെ ആദ്യവിവാഹത്തിലെ മക്കൾ. അതിൽ ഒരു കുട്ടിയുടെ കാൽ ചവിട്ടിയൊടിച്ച ക്രൂരൻ കൂടിയാണ് ഈ രണ്ടാം ഭർത്താവ്. ഇങ്ങനെയൊരു ചരിത്രമുള്ളതു കൊണ്ടാവണം രാത്രി ഇയാൾ വന്ന് ഭീഷണിപ്പെടുത്തിയപ്പോൾ പേടിച്ച് പാതിരാത്രിയോടെ സ്ത്രീ പോലിസ് സ്റ്റേഷനിലെത്തിയത്.

പക്ഷേ, അവിടെയുണ്ടായിരുന്ന പോലിസുകാർ ഈ പരാതി നിസ്സാരവത്കരിച്ചു. ഭർത്താവിന് മാനസിക പ്രശ്നമുണ്ടെങ്കിൽ ചികിത്സിക്കണമെന്നും ഇനിയും അയാൾ വന്നാൽ അറിയിക്കണമെന്നുമൊക്കെ പറഞ്ഞ് സ്ത്രീയേയും അവരുടെ കൂടെയുണ്ടായിരുന്നവരേയും തിരിച്ചയക്കുകയാണ് പോലിസുകാർ ചെയ്തത്. ഇതിന്റെ അടുത്ത ദിവസം അതായത് ചൊവ്വാഴ്ച വൈകീട്ടാണ് മന്ത്രി അനിൽ സി.ഐ. ഗിരിലാലിനെ വിളിക്കുന്നത്. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടുകാരിയാണ് പരാതിക്കാരിയായ സ്ത്രീ. തന്റെ മണ്ഡലത്തിലുള്ള ഒരു സ്ത്രീ പാതിരാത്രി പോലിസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ ഒരു നടപടിയുമുണ്ടായിട്ടില്ല എന്നറിഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ വിളി.

പ്രതിക്കു വേണ്ടിയല്ല, നിരാലംബയായ ഒരു സ്ത്രീക്കു വേണ്ടിയാണ് മന്ത്രി ഇടപെട്ടതെന്നർത്ഥം. എന്നിട്ട് മന്ത്രി വിളിക്കുമ്പോൾ ഈ സി.ഐ. അദ്ദേഹം പറയുന്നത് താൻ പോലിസ് സ്റ്റേഷനിൽ നിന്നിറങ്ങിയെന്നും കേസിന്റെ ശരിയായ വിവരങ്ങൾ അറിയില്ലെന്നും ന്യായം നോക്കി ചെയ്യാമെന്നുമാണ്. എന്തിന്റെ പുറത്താണ് സി.ഐ. ന്യായത്തെക്കുറിച്ചും അന്യായത്തെക്കുറിച്ചും മന്ത്രിയെ പഠിപ്പിക്കാൻ നോക്കുന്നത്. ഈ വർത്തമാനം കേട്ടാൽ ആരായാലും ചൂടായിപ്പോവും. ന്യായം എന്ന വാക്കിന് എന്തർത്ഥമാണ് ഈ പോലിസ് ഓഫീസർ കൽപിച്ചു നൽകിയിരിക്കുന്നത്? പാതിരാത്രി ഒരു സ്ത്രീ പരാതിയുമായി സ്റ്റേഷനിൽ എത്തിയിട്ട് അടുത്ത ദിവസം വൈകുന്നേരം വരെ ഒരു നടപടിയുമെടുക്കാത്ത ഒരാൾ എന്ത് ന്യായത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? ഇത്തരം കേസുകളിൽ ന്യായം എന്ന് പറഞ്ഞാൽ എത്രയും പെട്ടെന്ന് നടപടി എടുക്കുകയാണ്. വൈകുന്ന ഓരോ നിമിഷവും ആ സത്രീയോട് ചെയ്യുന്ന അന്യായവും അനീതിയുമാണ്.

ഇവിടെയാണ് മന്ത്രി അനിൽ ആ പോലിസ് ഉദ്യോഗസ്ഥനെ ന്യായം എന്ന വാക്കിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നത്. അപ്പോൾ ടിയാൻ ചിരിച്ചുമറിഞ്ഞിട്ട് സംഗതി നമുക്ക് ഡീൽ ചെയ്യാമെന്ന് പറയുന്നു. ഇതോടെയാണ് സംഭാഷണം തർക്കത്തിലേക്കും ഒച്ചപ്പാടിലേക്കും വഴിമാറുന്നത്. ഇതാദ്യമായാണ് താൻ ഒരു കാര്യത്തിനായി സി.ഐയെ വിളിക്കുന്നതെന്നും അത്രയും ഗൗരവപൂർണ്ണമായ വിഷയമായതുകൊണ്ടാണ് താൻ വിളിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. പക്ഷേ, സി.ഐ. ഗിരിലാൽ മന്ത്രിയുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കുന്നില്ല. പകരം സുരേഷ് ഗോപി ശൈലിയിൽ ഭരത്ചന്ദ്രൻ കളിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്.

ഇവിടെയാണ് ഗോപാൽകൃഷ്ണ ഗാന്ധി പറയുന്ന ജനങ്ങളുടെ പൾസിനെക്കുറിച്ച് നമ്മൾ ഓർക്കേണ്ടത്. ഈ പൾസ് അറിയാവുന്ന രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥരുടെ ബഹുമാനം അർഹിക്കുന്നുണ്ടെന്നാണ് ഗോപാൽകൃഷ്ണ ഗാന്ധി ചൂണ്ടിക്കാട്ടുന്നത്. സിനിമകളിൽ ഭരത്ചന്ദ്രൻ കളിച്ചു നടന്ന നടൻ സുരേഷ് ഗോപി എം.പി. എന്ന നിലയിൽ ഒരു പോലിസ് ഓഫീസർ തന്നെ അവഗണിക്കുന്നത് കണ്ടപ്പോൾ പ്രതികരിക്കാൻ നിർബ്ബന്ധിതനായത് നമ്മൾ കണ്ടതാണ്.

ജവഹർ ലാൽ നെഹ്രു, സർദാർ പട്ടേൽ

അതാവണം പോലിസ്

ഇന്ത്യ ഒരു പോലീസ് രാജല്ല. പോലീസുകാരല്ല, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടുന്ന സർക്കാരാണ് ഇന്ത്യൻ ജനാധിപത്യത്തിൽ ഭരണം മുന്നോട്ടു കൊണ്ടുപോവുന്നത്. സർക്കാരിന്റെ ഒരു ഭാഗം മാത്രമാണ് പോലീസുകാർ. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ ഇന്ത്യൻ നാഷനൽ കോൺഗ്രസിനും അതിന്റെ നേതാക്കൾക്കും ഇക്കാര്യം അറിയാമായിരുന്നു. പട്ടാളത്തെയും പട്ടാളമേധാവികളെയും അവരുടെ സ്ഥാനം കൃത്യമായി ഓർമ്മിപ്പിച്ചുകൊണ്ടാണ് നെഹ്രു പണി തുടങ്ങിയത്. 1946 സെപ്റ്റംബറിൽ ഇടക്കാല സർക്കാരുണ്ടാക്കിയപ്പോൾ നെഹ്രുവായിരുന്നു വൈസ്റോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽ വൈസ്പ്രസിഡന്റ്. അതായത് നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രിയുടെ പൂർവ്വരൂപം. വൈസ് പ്രസിഡന്റെന്ന നിലയിൽ നെഹ്രു ആദ്യം ചെയ്തത് കൗൺസിലിലെ പ്രതിരോധ അംഗമായി ഒരു സിവിലിയനായ ബൽദേവ് സിങ്ങിനെ കൊണ്ടുവരിക എന്നതായിരുന്നു. അതുവരെ പട്ടാള മേധാവി ആയിരുന്നു ഈ സ്ഥാനത്ത്. പ്രതിരോധ മന്ത്രാലയം ഭരിക്കേണ്ടത് ജനപ്രതിനിധിയായ സിവിലയനായിരിക്കണമെന്ന കാര്യത്തിൽ നെഹ്രുവിനും കോൺഗ്രസിനും സംശയമേതും ഉണ്ടായിരുന്നില്ല.

1947 ഓഗസറ്റ് 15-ന് ഇന്ത്യൻ പതാക ഉയർത്തുന്ന ചടങ്ങിൽ പൊതുജനത്തിന് പ്രവേശനം നൽകേണ്ടതില്ലെന്ന് പറഞ്ഞ് അന്നത്തെ ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫ് ജനറൽ റോബ് ലൊക്കാർട്ട് ഉത്തരവിട്ടപ്പോൾ ആ ഉത്തരവ് റദ്ദാക്കിക്കൊണ്ട് നെഹ്രു എഴുതിയത് ഇങ്ങനെയാണ്: ''പട്ടാളത്തിലായാലും മറ്റെവിടെയായാലും ഇന്ത്യൻ ഗവൺമെന്റിന്റെ നയമാണ് നിലനിൽക്കേണ്ടതും പിന്തുടരേണ്ടതും. ഇത് നടപ്പാക്കാനാവുന്നില്ലെങ്കിൽ ആ വ്യക്തിക്ക് ഇന്ത്യൻ പട്ടാളത്തിൽ സ്ഥാനമുണ്ടായിരിക്കില്ല.'' രാജ്യത്തിന്റെ കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ പട്ടാളമോ പോലിസോ അല്ല സിവിലിയൻ അതോറിറ്റിയാണ് സുപ്രീം എന്ന് ഇതിൽ കൂടുതൽ നന്നായി പറയാനാവില്ല. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഔദ്യോഗിക വസതിയായി നെഹ്രു തിരഞ്ഞെടുത്തത് അതുവരെ പട്ടാളമേധാവി താമസിച്ചിരുന്ന ഫ്ളാഗ്സ്റ്റാഫ് ഹൗസായിരുന്നു എന്നത് ഇതിന്റെ കൂടെ ചേർത്തുവായിക്കണം. ഈ വീടാണ് പിന്നീട് തീൻമൂർത്തി ഭവൻ എന്നറിയപ്പെട്ടത്.

ഇക്കഴിഞ്ഞ മാർച്ച് 17-ന് മാതൃഭൂമിയിൽ മുൻ ഡി.ജി.പി എ ഹേമചന്ദ്രൻ ഒരു ലേഖനം എഴുതിയിരുന്നു. ''അതാവണം പോലിസ്'' എന്ന ശീർഷകത്തിലുള്ള ഈ ലേഖനത്തിൽ ഹേമചന്ദ്രൻ ആവർത്തിച്ചു പറയുന്ന ഒരു സംഗതി ഇതാണ്: ''മനുഷ്യന്റെ അന്തസ് പൂർണ്ണമായും പാലിക്കുന്ന സേവനത്തിന്റെ ഉപകരണമാവണം കേരള പോലിസ്.'' അന്തസ് എന്നു പറഞ്ഞാൽ ആത്മാഭിമാനം എന്നു കൂടി വായിക്കാം.

ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ അടിക്കല്ലാണ് ആത്മാഭിമാനം. ഒരാളും ഒരാൾക്കും പിന്നിലല്ലെന്ന തിരിച്ചറിവിനെയാണ് ആത്മാഭിമാനം എന്ന് വിളിക്കുന്നത്. ജനാധിപത്യത്തിൽ അടിമയും ഉടമയുമില്ല. രാജാവും പ്രജയുമില്ല. ഞാനാണ് സർക്കാർ എന്ന ഭാവമല്ല, ജനങ്ങളുടെ സേവകനാണ് എന്ന തിരിച്ചറിവാണ് ഉദ്യോഗസ്ഥരായാലും ജനപ്രതിനിധികളായാലും വേണ്ടത്. ആത്മാഭിമാനം ഉണ്ടെങ്കിലേ പരസ്പര ബഹുമാനം ഉണ്ടാവുകയുള്ളു. നമ്മളോട് മറ്റുള്ളവർ എങ്ങിനെ പെരുമാറണം എന്ന് നമ്മൾ കരുതുന്നുവോ ആ രീതിയിലായിരിക്കണം നമ്മൾ മറ്റുള്ളവരോട് പെരുമാറേണ്ടത്. കാക്കി ദേഹത്തു വീഴുന്നതോടെ ആരും ആരുടേയും മുകളിലാവുന്നില്ല. ഭരിക്കാനല്ല, സേവിക്കാനുള്ളതാണ് യൂണിഫോം എന്ന തിരിച്ചറിവാണ് പോലിസുകാർക്ക് ആദ്യം വേണ്ടത്.

കേരള പോലീസിന്റെ മാർച്ച് പാസ്റ്റ്‌

നോ പറയേണ്ടിടത്ത് നോ പറയണം

ഗിരിലാലിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ വൈകിയില്ല എന്നതിൽ ആഭ്യന്തര വകുപ്പും ഡി.ജി.പിയും പ്രശംസ അർഹിക്കുന്നു. ഗിരിലാലിന്റെ നടപടി അച്ചടക്കലംഘനമാണെന്നാണ് ഈ സംഭവം അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയ ഡിവൈ.എസ്.പിയും സ്‌പെഷൽ ബ്രാഞ്ചും വ്യക്തമാക്കിയത് എന്നാണറിയുന്നത്. മേലുദ്യോഗസ്ഥനായ തന്നോട് സി.ഐ. ഇങ്ങനെ ഒരിക്കലും സംസാരിക്കില്ലെന്നും തന്റെയും മേലെയുള്ള മന്ത്രിയോട് സി.ഐ. ഇങ്ങനെ സംസാരിച്ചത് ഗുരുതരമായ അച്ചടക്കലംഘനം ആണെന്നുമാണ് ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിലുള്ളതെന്നറിയുന്നു.

മന്ത്രിയും സി.ഐയും തമ്മിലുള്ള ടെലിഫോൺ സംഭാഷണം പുറത്തു വന്നതെങ്ങിനെയാണെന്നറിയില്ല. ഇന്നത്തെക്കാലത്ത് ഉച്ചരിക്കുന്ന ഓരോ വാക്കും എത്ര മാത്രം ശ്രദ്ധയോടെയായിരിക്കണമെന്ന് ഈ സംഭാഷണവും നമ്മോട് പറയുന്നുണ്ട്. മന്ത്രിയായാലും പോലീസുകാരായാലും വാക്കുകളുടെ കാര്യത്തിൽ കൈവിട്ട് കളിക്കരുത്.

തെറ്റ് കണ്ടാൽ നിശ്ശബ്ദത പാലിക്കണമെന്നല്ല ഇതിന്റെ അർത്ഥം. പോലിസ് മാനുവലിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് വിരുദ്ധമായത് ചെയ്യാൻ പറഞ്ഞപ്പോൾ 'പറ്റില്ല' എന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മുഖത്ത് നോക്കി പറഞ്ഞത് മുൻ ഗുജറാത്ത് ഡി.ജി.പി. ആർ.ബി. ശ്രീകുമാർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. കോൺഗ്രസ് നേതാവായിരുന്ന ശങ്കർസിങ് വഗേലയുടെ ഫോൺ ചോർത്തണമെന്നും ഗുജറാത്ത് കലാപം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മേജർ ജനറൽ സമിറുദ്ദിൻ ഷായെ രഹസ്യമായി നിരീക്ഷിക്കണമെന്നുമുള്ള മോദിയുടെ ആവശ്യങ്ങളോടാണ് ആർ.ബി.എസ്. നോ പറഞ്ഞത്.

പറയേണ്ടിടത്ത് ഇങ്ങനെ നോ പറയണമെന്ന് നമ്മുടെ ഉദ്യോഗസ്ഥരോട് ആദ്യം പറഞ്ഞവരിൽ ഒരാൾ സർദാർ പട്ടേലായിരുന്നു. ഭരണഘടനാ അസംബ്ളിയിൽ സംസാരിക്കവെ പട്ടേൽ പറഞ്ഞ വാക്കുകൾ ഇതാണ്: ''ഇന്നിപ്പോൾ എന്റെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായ അഭിപ്രായങ്ങൾ എഴുതാൻ എന്റെ സെക്രട്ടറിക്കാവും. അതിനുള്ള സ്വാതന്ത്ര്യം എല്ലാ സെക്രട്ടറിമാർക്കുമണ്ട്. സത്യസന്ധമായ അഭിപ്രായമാണ് എനിക്ക് വേണ്ടതെന്നാണ് ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്. അതിന് കഴിയുന്നില്ലെങ്കിൽ അവരെ ആ ജോലിയിൽ ആവശ്യമില്ലെന്നും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്.''

നോ പറയേണ്ടിടത്ത് നോ പറയാനറിയില്ലെന്നതാണ് നമ്മുടെ ഉദ്യോഗസ്ഥരിൽ പലരും നേരിടുന്ന പ്രതിസന്ധി. കറുപ്പ് നിറമുള്ള മാസ്‌ക് പോലും അണിയാൻ പാടില്ലെന്ന നിർദ്ദേശമുണ്ടാവുമ്പോൾ നോ പറയാതിരുന്നവരാണ് ഒരു സ്ത്രീയുടെ തീർത്തും ന്യായമായ ആവശ്യത്തിനായി ഇടപെടുന്ന മന്ത്രിയോട് 'അന്യായം' പറയുന്നത്. ഇത്തരം അന്യായക്കാരെ നിർത്തേണ്ടിടത്ത് നിർത്തുമ്പോഴാണ് ജനാധിപത്യം അതിന്റെ അർത്ഥം വീണ്ടെടുക്കുന്നത്.

വഴിയിൽ കേട്ടത്: ചരിത്രകാരൻ ഇർഫാൻ ഹബീബ് തെരുവ് ഗുണ്ടയെന്നും കണ്ണൂർ വി.സി. ക്രിമിനലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ ടെലിഫോൺ സംഭാഷണങ്ങൾ ഒരിക്കലും ചോരാതിരിക്കട്ടെ!

Content Highlights: Kerala Police, C.I. Girilal, Minister GR Anil, Fair Talk, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented