ചെങ്കോട്ടയില്‍ 'പൂജ്യബാപ്പു' പ്രസംഗം; പുറത്ത് ഗോഡ്‌സേ ഘോഷയാത്ര | പ്രതിഭാഷണം


സി.പി.ജോണ്‍പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വതന്ത്രഭാരതം 75 വര്‍ഷം പിന്നിട്ട ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ 82 മിനിട്ട് നീണ്ടുനിന്ന പ്രസംഗം രാഷ്ട്രീയ വിശകലനവേദികളുടെ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. നീണ്ട പ്രസംഗത്തിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്താണ് പറയാന്‍ ആഗ്രഹിച്ചതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമര നേതാക്കളുടെ പേരുകള്‍ തിരഞ്ഞെടുക്കുന്നതിൽപോലും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് അദ്ദേഹം വെച്ചുപുലര്‍ത്തി. ഒഴിവാക്കണമെന്നു പലപ്പോഴും ആഗ്രഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് പറഞ്ഞതിനൊപ്പം ഗാന്ധി വധക്കേസിൽ ഉള്‍പ്പെട്ടതിന്റെ പേരില്‍ നിറംമങ്ങിപ്പോയ സവര്‍ക്കറുടെ പേര് ഉള്‍പ്പെടുത്താനും മറന്നില്ല. മുസ്ലീം പേരുകള്‍ പറയുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. നേതാക്കന്മാരുടെ കൂട്ടത്തില്‍ ഭഗത്‌സിങ്ങിനെയും രാജഗുരുവിനെയും ചന്ദ്രശേഖര്‍ ആസാദിനെയും ചേര്‍ത്തപ്പോള്‍ അഷ്ഫാഖുള്ള ഖാനെ ചേര്‍ക്കാനും പ്രത്യേകം ഓര്‍ത്തു. രാഷ്ട്രനേതാക്കന്മാരുടെ കൂട്ടത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജിയും ദീന്‍ദയാല്‍ ഉപാധ്യായയും നാനാജി ദേശ്മുഖും ഇടംപിടിച്ചതും യാദൃച്ഛികമല്ല.

മോദിയുടെ പ്രസംഗം വരുന്ന 25 വര്‍ഷക്കാലം കൊണ്ട് ഇന്ത്യയെ ഒന്നാമത്തെ ലോകരാജ്യമാക്കി മാറ്റുമെന്ന പ്രഖ്യാപനമായിട്ടാണ് വായിച്ചെടുക്കേണ്ടത്. എന്നാല്‍, ലോകത്തെ ഏറ്റവും ശക്തവും വികസിതവുമായ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് നാം അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നതാണ് പ്രധാനമായ ചോദ്യം. 25 വര്‍ഷക്കാലം ഏതാണ്ട് ഏഴു ശതമാനം നിരക്കില്‍ നമ്മുടെ ജി.ഡി.പി. വളര്‍ന്നാല്‍ പോലും ഇന്നത്തെ ചൈനയുടെ വലിപ്പമേ നമുക്ക് ഉണ്ടാകൂ എന്നതാണ് യാഥാര്‍ഥ്യം. ചൈന നിന്നിടത്തുതന്നെ നില്‍ക്കുകയാണെങ്കില്‍ നാം ചൈനയോട് അടുത്തെത്തി എന്നുവന്നേക്കാം. പക്ഷേ, അടുത്ത 25 വര്‍ഷം കൊണ്ട് ഇന്ത്യയുടെ വളര്‍ച്ച ഇന്നത്തെ ചൈനയ്‌ക്കൊപ്പം ആക്കിത്തീര്‍ക്കാനുളള സമഗ്രമായ എന്തെങ്കിലും പദ്ധതിയോ കാഴ്ചപ്പാടോ നരേന്ദ്ര മോദി മുന്നോട്ടുവെച്ചതായി പ്രസംഗത്തില്‍ ഉടനീളം നോക്കിയാലും കാണാന്‍ സാധിക്കുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ പ്രസംഗത്തെ സാരോപദേശങ്ങളുടെ വലിയൊരു കെട്ടായിട്ടാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.രാഷ്ട്രീയ മണ്ഡലത്തില്‍ ഏറെ തര്‍ക്കങ്ങള്‍ക്ക് വിധേയമാക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പ്രസംഗത്തില്‍ വാരിവിതറുന്നത്. ഉദാഹരണത്തിന്, ത്രിശക്തി എന്ന സങ്കല്പം, aspiration അഥവാ ഒരുതലമുറയുടെ അഭിവാഞ്ഛ, reawakening അഥവാ പുത്തൻ ഉണര്‍വ്, ഇന്ത്യയെ കുറിച്ചുളള ലോകത്തിന്റെ പ്രതീക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ ആരും തര്‍ക്കിക്കുന്ന വിഷയങ്ങളാണെന്ന് തോന്നുന്നില്ല. അതിനുപുറമേ അദ്ദേഹം അഞ്ചു പ്രമാണങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. നാം നന്നാകണമെന്ന അത്യുഗ്രനായ ഒരു തീരുമാനമാണ് അതില്‍ ആദ്യത്തേത്. അടിമത്തത്തിന്റെ ബോധം നമ്മുടെ മനസ്സില്‍ നിന്ന് മാറ്റുക എന്നതാണ് രണ്ടാമത്തേത്. നമ്മുടെ ചരിത്രത്തെകുറിച്ചും പാരമ്പര്യത്തെകുറിച്ചും അഭിമാനിക്കുക എന്നതാണ് മൂന്നാമത്തേത്. ഐക്യവും ദൃഢതയും ഉണ്ടാക്കുക എന്നതും പൗരന്മാര്‍ അവരുടെ ധര്‍മങ്ങള്‍ അനുസരിക്കുക എന്നുളളത് നാലും അഞ്ചും സ്ഥാനങ്ങള്‍ വഹിക്കുന്നു. ഇത്തരത്തില്‍ ആര്‍ക്കും തര്‍ക്കമില്ലാത്ത രാഷ്ട്രീയ വിഷയങ്ങള്‍ വാരിവിതറുന്നതു കൊണ്ടുമാത്രം സ്വതന്ത്ര ഇന്ത്യ നൂറു വര്‍ഷം പിന്നിടുമ്പോള്‍ നമ്മുടെ രാജ്യം ഒന്നാമതായി മാറുമോ?

ഇന്ത്യയെ വികസിപ്പിക്കുന്നതിന് ആവശ്യമായ എന്ത് ദീര്‍ഘകാല പദ്ധതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുളളത് എന്നതാണ് പ്രസകത്മായ ചോദ്യം. മോദി അധികാരത്തില്‍ വന്ന ഉടന്‍ ചെയ്തത് വികസന പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്ലാനിങ് കമ്മിഷന്‍ പിരിച്ചുവിടുക എന്നുളളതായിരുന്നു. പഞ്ചവത്സര പദ്ധതികള്‍ ഹ്രസ്വകാല കാഴ്ചപ്പാടുകളെയാണ് കാണിക്കുന്നത്. എങ്കില്‍പോലും ഓരോ പഞ്ചവത്സര പദ്ധതികള്‍ കഴിയുമ്പോഴും ഇന്ത്യയെ എങ്ങനെ മുന്നോട്ടു നയിക്കാമെന്നതിന്റെ ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കുന്ന രീതി ദേശീയ പ്ലാനിങ് കമ്മിഷനും സംസ്ഥാന പ്ലാനിങ് സമിതികള്‍ക്കും ഉണ്ടായിരുന്നു. ഇന്ന് അതൊന്നും നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

എന്നാല്‍, ചൈനയിലേക്ക് നോക്കൂ, അവിടെ 10-20 വര്‍ഷക്കാലം മുമ്പേ അവരുടെ വികസന പ്രക്രിയ കൂടുതല്‍ ദൃഢമാക്കുകയാണ് ഉണ്ടായത്. രണ്ടു രാജ്യങ്ങളും സ്വതന്ത്രമാകുന്ന ഘട്ടത്തില്‍ ഇന്ത്യയായിരുന്നു മുന്നിലെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. രണ്ടു പേരും സോവിയറ്റ് മാതൃകയിലുളള പഞ്ചവത്സര പദ്ധതികളെ ആശ്രയിച്ചുവെന്നും എല്ലാവര്‍ക്കും അറിയാം. പക്ഷേ, നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ ആസൂത്രണ നടപടികള്‍ തകര്‍ത്തുവെങ്കില്‍ ചൈന അത് ശക്തമാക്കി. അവരുടെ പ്ലാനിങ് കമ്മിഷന് ആസൂത്രണം ചെയ്യാനുളള അധികാരങ്ങള്‍ക്ക് പുറമേ അത് നിരീക്ഷിക്കാനുളള അധികാരം കൂടി നല്‍കിയപ്പോള്‍ ഇവിടെ എല്ലാ സംവിധാനങ്ങളും പിരിച്ചുവിടപ്പെട്ടു.

പിന്നീട് ഇന്ത്യയില്‍ നടന്നത് പ്രോജക്ടുകളുടെ കാലമാണ്. അതിനെ പ്രോജക്ട് രാജ് എന്ന് വിളിക്കാം. അതത് വകുപ്പുകള്‍ക്ക് ചിന്തിക്കാവുന്ന പരിധിക്കകത്ത് നിന്നുകൊണ്ട് റോഡുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഉണ്ടാക്കുക എന്ന പ്രോജക്ടിങ് കഴിഞ്ഞ എട്ടു വര്‍ഷക്കാലം കൊണ്ട് എത്രമാത്രം ഫലപ്രദമായി എന്നാണ് മോദി വിശദമാക്കേണ്ടിയിരുന്നത്. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്നതില്‍നിന്നു വ്യത്യസ്തമായ എന്ത് വികസനപദ്ധതിയാണ് ഇന്ത്യയില്‍ ഉണ്ടായത് എന്നുപറയാനുളള ബാധ്യതയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ദേശീയ ഹൈവേ പ്രവര്‍ത്തനം സാമാന്യം നന്നായി മോദിയുടെ കാലത്തും നടക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, ദേശീയ ഹൈവേ അതോരിറ്റിയുടെ തുടര്‍ച്ച മാത്രമാണ് അത്. ദേശീയ തൊഴിലുറപ്പ് പദ്ധതി മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. അത് പരാജയപ്പെട്ട ഒരു സര്‍ക്കാരിന്റെ പരാജിതമായ ചിഹ്നമായി ഇരുന്നുകൊളളട്ടേ എന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞുവെങ്കിലും ഈ കോവിഡ് കാലത്ത് അതെത്രമാത്രം പ്രയോജനപ്പെട്ടുവെന്നു നമുക്കറിയാം. ഇന്ത്യയുടെ ദാരിദ്ര്യം ഗണ്യമായി കുറയ്ക്കുന്നതില്‍ അത് എന്തുമാത്രം സഹായകരമായി എന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും മോദി അതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി അവസാനവാക്കല്ല. പക്ഷേ, തൊഴിലുറപ്പ് പദ്ധതിയില്‍നിന്നു മോദിയുടെ ഭാഷയിലെ ഒരു അഭിവാഞ്ഛയുളള സമൂഹം എന്താണ് ആഗ്രഹിക്കുന്നത് എന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.

നേരത്തേ തുടങ്ങിയ വിദ്യാഭ്യാസ നവീകരണ പ്രസ്ഥാനമായ സര്‍വശിക്ഷ അഭിയാനെ അതിനെ പുതിയ കാലത്തിലേക്ക് വികസിപ്പിക്കണം എന്ന പ്രഖ്യാപനവും അദ്ദേഹത്തില്‍നിന്ന് ഉണ്ടായില്ല. ആരോഗ്യരംഗം എന്തുമാത്രം ദുര്‍ബലമായിരുന്നുവെന്ന് കോവിഡ് കാലം കൃത്യമായി കാണിച്ചുതന്നതാണ്. എങ്കിലും പ്രസംഗത്തില്‍ മോദി ശരിയായി പറഞ്ഞ ഒരു കാര്യമുണ്ട്. ഇന്ത്യ നല്ല നിലയില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ആദ്യഘട്ടത്തില്‍, അതിഥി തൊഴിലാളികളടക്കം എല്ലാവരോടും വീട്ടിലേക്ക് തിരിച്ചുപോകാന്‍ പറഞ്ഞതിന്റെ ഫലമായി നൂറുകണക്കിന് ആളുകളാണ് മരിച്ചുവീണത്. പക്ഷേ, പ്രതിരോധ വാക്‌സിന്‍ ഉണ്ടാക്കാനും മറ്റുരാജ്യങ്ങളിലേക്ക് അതെത്തിക്കാന്‍ പോലും ഇന്ത്യക്ക് സാധിച്ചു.

ഇന്ത്യയെ ഒരു ഫാര്‍മ ഹബ്ബായി മാറ്റുമെന്ന് അദ്ദേഹം പറയുന്നില്ല. ഈ സ്വാതന്ത്ര്യദിനത്തില്‍ നാം സ്വന്തമായുണ്ടാക്കിയ പീരങ്കിയാണ് വെടിയുണ്ട ഉതിര്‍ത്തത് എന്നാണ് അദ്ദേഹം അഭിമാനിക്കുന്നത്. അതിന്റെ പ്രധാന്യം കുറച്ചുകാണുന്നില്ലെങ്കിലും ഇന്ത്യയുടെ ആരോഗ്യരംഗത്ത് അത്യാവശ്യമായിട്ടുളള മരുന്നുകള്‍ ഉണ്ടാക്കുന്ന കാര്യത്തിലും അത് വിതരണം ചെയ്യുന്ന കാര്യത്തിലും അതിന്റെ വില കുറയ്ക്കുന്ന കാര്യത്തിലും എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്നില്ല. എന്നാല്‍, ആയുര്‍വേദത്തെ കുറിച്ചും യോഗയെ കുറിച്ചും അദ്ദേഹം വാചാലനാകുന്നുണ്ട്.

ദാരിദ്ര്യനിര്‍മാര്‍ജനം എന്ന വാക്കുതന്നെ ഒഴിവാക്കുന്നതിനായി പ്രത്യേകം ശ്രദ്ധിച്ചിട്ടുളളതായി തോന്നും പ്രസംഗം ശ്രവിച്ചാല്‍. ഗണ്യമായി ദാരിദ്ര്യം കുറഞ്ഞിട്ടുണ്ടെങ്കില്‍പോലും കൊടുംദാരിദ്ര്യവുമില്ലാത്ത ഒരു ഇന്ത്യയായിരിക്കും 2047-ല്‍ ഉണ്ടാവുക എന്നു പറയാനോ ആ ലക്ഷ്യത്തിലേക്ക് നടന്നുകയറാനോ ഉളള റോഡ് മാപ്പ് വരച്ചുവെക്കാന്‍ മോദിക്ക് കഴിഞ്ഞില്ല എന്നതാണ് മുഖ്യദൗര്‍ബല്യം.

ഇന്ത്യയുടെ ഐക്യത്തെ കുറിച്ചും ദൃഢതയെ കുറിച്ചും അദ്ദേഹം വാചാലനാകുന്നുണ്ട്. പാകിസ്താന്റെ പേരെടുത്ത് പറയുന്നില്ലെങ്കില്‍ പോലും വിഭജനത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു. ഓഗസ്റ്റ് പതിനാല് ദുഃഖകരമായ വിഭജനത്തിന്റെ ദിവസമായി നാം ആചരിച്ചു തുടങ്ങിയെന്ന് ഈ പ്രസംഗത്തിലും പറയുന്ന അദ്ദേഹം വിഭജനത്തിന്റെ കാരണം ഇന്ത്യക്ക് അകത്തുണ്ടായിരുന്ന വിഭജിത ചിന്തകളായിരുന്നു എന്ന കാര്യം മറന്നുപോകുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരമെന്ന മഹനീയ പോരാട്ടത്തിനകത്ത് വിഭജനത്തിന്റെ വിത്തുകള്‍ വളര്‍ന്നു വന്നതാണ് ഒടുവില്‍ അവിഭാജ്യ വിഭജനമെന്ന വിഷവൃക്ഷമായി മാറിയതെന്ന് ഇനിയെങ്കിലും ഓര്‍ക്കേണ്ടതുണ്ട്. പഴയ കഥകള്‍ ചികഞ്ഞെടുത്ത് അതിന്റെ നാരുംവേരും പരിശോധിക്കുക എന്നതല്ല ലക്ഷ്യമാക്കേണ്ടത്. സ്വാതന്ത്ര്യസമരകാലത്ത് വീണ വിഭജനവിത്തുകള്‍ രണ്ട് രാഷ്ട്രങ്ങളായി നമ്മെ വെട്ടിമുറിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തു. വീണ്ടും വിഭജനത്തിന്റെ വിത്തുകള്‍ നമ്മുടെ രാഷ്ട്രീയ മണ്ണില്‍ വീഴുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഇന്ത്യയിലെ ഇന്നത്തേക്കാളും ശക്തമായ മുസ്ലീം ന്യൂനപക്ഷമാണ് അഖിലേന്ത്യ മുസ്ലീംലീഗിലൂടെ വിഭജനത്തിന് വേണ്ട മുദ്രാവാക്യവും ചേരുവയും പ്രധാനമായും ഉണ്ടാക്കിയത്. ഊതിപ്പെരുപ്പിക്കുവാന്‍ ഹിന്ദു മഹാസഭയും അതിന്റേതായ പങ്കു വഹിച്ചു. ഇന്ന് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയഗാത്രത്തില്‍ കൃത്യമായി പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതു തന്നെയാണ്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഒരൊറ്റ ലോക്‌സഭാംഗം പോലും മുസ്ലീം ആയിട്ടില്ല. മുസ്ലീം പ്രാതിനിധ്യം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അടിക്കടി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ മുഖ്യമന്ത്രിമാരുടെ കൂട്ടത്തില്‍ ഒരാള്‍ മുസ്ലീം ആവുകയെന്നത് ഒരു കാലഘട്ടത്തില്‍ തികച്ചും സ്വാഭാവികമായിരുന്നെങ്കില്‍ ഇന്നത് അത്യപൂര്‍വമായി. പലപ്പോഴും അങ്ങനെയൊരാള്‍ സ്വാഭാവികമായി ഉരുത്തിരിയുന്നില്ല. മോദിയുടെ കാലഘട്ടത്തില്‍ രാഷ്ടപതി ഭവനിലേക്ക് ഒരു ദളിത് രാഷ്ട്രപതിയും ആദിവാസി രാഷ്ട്രപതിയും വന്നുചേര്‍ന്നത് നല്ല കാര്യമായി തന്നെയാണ് നാം വിലയിരുത്തേണ്ടത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുളള പുതിയ ഉണര്‍വിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അത് ശരിയുമാണ്.

പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ഇന്ത്യയുടെ വികസന സ്വപ്‌നങ്ങളെ കുറിച്ച് ഉപരിപ്ലവമായ പ്രസംഗം നടത്തുമ്പോള്‍ മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രം വഹിച്ചുകൊണ്ടുളള ഘോഷയാത്രകള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടക്കുകയാണ്. ഇത് എങ്ങോട്ടായിരിക്കും ഇന്ത്യയെ നയിക്കുക. തന്റെ പ്രസംഗത്തില്‍ മഹാത്മ ഗാന്ധിയെ ഒന്നാം പേരുകാരനായി മോദി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അദ്ദേഹം ഗാന്ധിയെ വിളിക്കുന്നത് പൂജ്യബാപ്പു എന്നാണ്. പക്ഷേ, ബാപ്പുവിനെ കൊന്നവര്‍ ആരാധിക്കപ്പെടുന്ന കാഴ്ചയ്ക്കാണ് മോദിയുടെ ഭരണകാലം സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം മറന്നുപോകുന്നു.

വിഭജനത്തിന്റെ സന്ദേശം എങ്ങനെ ഇല്ലാതാക്കണം? അതാണ് അടുത്ത അഞ്ചു വര്‍ഷക്കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന മുഖ്യവെല്ലുവിളി. അത് ഇന്നതുപോലെയാകണം എന്ന് ഒറ്റവാക്കില്‍ ഉത്തരമെഴുതാന്‍ ആര്‍ക്കും സാധ്യമല്ല. പക്ഷേ, അത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ചര്‍ച്ചാവിഷയമായി മാറണം. വളരെ സമര്‍ഥമായി ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തി ഭൂരിപക്ഷത്തെ സമ്മേളിപ്പിച്ചുകൊണ്ട് അധികാരത്തിലേക്ക് വരിക എന്ന ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം തെരഞ്ഞെടുപ്പ് വിജയമുണ്ടാക്കാന്‍ വളരെ നല്ലതായിരിക്കാം. പക്ഷേ, ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കുന്ന അങ്ങേയറ്റം വിഷലിപ്തമായ രാഷ്ട്രീയതന്ത്രമാണ് അതെന്ന് മോദിയും ബി.ജെ.പിയും മറന്നുപോകരുത്. 2047-ലേക്ക് നടന്നുനീങ്ങുന്ന ഇന്ത്യ ഐക്യമുളളതായിരിക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് അര്‍ഥമുണ്ടാകണമെങ്കില്‍ ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകളേയും ഒന്നിച്ചുകൊണ്ടുപോകണം. പ്രസംഗത്തില്‍ നല്ല വാക്ക് പറഞ്ഞതുകൊണ്ടായില്ല. പ്രവൃത്തിയില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനം. ഒരു പക്ഷേ, ചർവ്വിത ചർവണം പോലെ പോലെ എല്ലാവരും അംഗീകരിക്കുന്ന ഒരു വാക്യമായിരിക്കാം ഇതെങ്കില്‍ പോലും പ്രവൃത്തി പ്രസംഗത്തേക്കാള്‍ പ്രധാനമാണെന്ന് പറയാതെ വയ്യ.

ഇന്ത്യ 2047-ലേക്ക് നടക്കുമ്പോള്‍ കൂടുതല്‍ വികസിതവും സമത്വമുളളതും എല്ലാവരേയും ഉള്‍ക്കൊളളുന്നതുമായ ഒരു സമൂഹവും സമ്പദ്ഘടനയും ആകണമെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയം പൊതുവായ നിരവധി കാര്യങ്ങള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചക്കെടുക്കണം. അതിന് ഈ പ്രസംഗം ഇടയാക്കുമോ? അതാണ് കാതലായ ചോദ്യം.

Content Highlights: PM Modi's independence day speech, column by cp john


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented