പ്ലസ്ടു പ്രണയം; അനിയത്തിപ്രാവുകള്‍ക്ക് സംഭവിക്കുന്നത് | മധുരം ജീവിതം


കെ.കെ ജയകുമാര്‍| jayakumarkk8@gmail.comഇതുപോലെ ചിന്തിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. ഇതൊരു പാഠമാണ്. ഒരുപാട് പേര്‍ക്കുള്ള പാഠം

പ്രതീകാത്മക ചിത്രം

സുഹൃത്തിനൊപ്പം വെടിവട്ടവും പറഞ്ഞ് ഒരു ചായയും കുടിച്ച് പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് അപ്പുറത്തെ ടേബിളില്‍ ഇരിക്കുന്ന പെണ്‍കുട്ടിയില്‍ കണ്ണുടക്കിയത്. ഒന്നുകൂടി നോക്കിയപ്പോള്‍ മനസിലായി. എനിക്ക് പരിചയമുള്ള കുട്ടി. ഞാന്‍ താമസിക്കുന്ന വീടിനടുത്തുള്ള പെണ്‍കുട്ടി. ഇവരുടെ കുടുംബത്തെ എനിക്ക് നന്നായി അറിയാം. ഒരാണ്‍കുട്ടിക്കൊപ്പം 30 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ റസ്റ്റൊറന്റില്‍. ഇവിടെ ഇവള്‍ക്കെന്താണാവോ കാര്യം.

ഞാന്‍ മിഴികള്‍ പിന്‍വലിച്ച് പിന്തിരിയാന്‍ തുടങ്ങിയപ്പോള്‍ അങ്കിള്‍ എന്ന വിളി. അവള്‍ അടുത്തേക്ക് വിളിച്ചു. അപ്പോള്‍ യാത്ര പറഞ്ഞ് സുഹൃത്ത് പോയി. ഞാനവരുടെ അടുത്തേക്ക് ചെന്നു.

'എന്താണ് മോളെ ഇവിടെ?' ഞാന്‍ ചോദിച്ചു.
'ഞങ്ങള്‍ ഒരു ഐസ്‌ക്രീം കഴിക്കാന്‍ ഇറങ്ങിയതാണ് അങ്കിള്‍.'അവള്‍ പറഞ്ഞു. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖം. ഉറച്ച ശബ്ദത്തിലുള്ള മറുപടി.
'ഇതാരാണ്.'
'ഇത് വിവേക്. എന്റെ ഫ്രണ്ടാണ്.'
'വെറും ഫ്രണ്ടാണോ?' - ചോദിച്ചുകഴിഞ്ഞപ്പോഴാണ് അത് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത്. ഒരിക്കലും ചോദിക്കാനേ പാടില്ലാത്ത ചോദ്യം. അതും ഈ പ്രായത്തിലുള്ള കുട്ടികളോട്.

'അങ്കിള്‍ ഇരിക്കൂ.'അവള്‍ എനിക്ക് കസേര കാട്ടിത്തന്നു. ഞാനമ്പരന്നു. ഒരു ഗ്രാമവാസിയായ പെണ്‍കുട്ടിയാണോ നഗരത്തില്‍ വ്യാപരിക്കുന്ന എനിക്കിങ്ങനെയൊക്കെ ഉപചാരമൊക്കെ തരുന്നത്. അനുസരണയുള്ളകുട്ടിയെപ്പോലെ ഞാനവിടെ ഇരുന്നു.തെറ്റായ ചോദ്യം ചോദിച്ചതിലുള്ള വൈക്ലബ്യം മുഴുന്‍ എന്റെമുഖത്ത് കനംവെച്ച്കിടക്കുന്നത് ഞാനറിഞ്ഞു.

' വെറും ഫ്രണ്ടല്ല അങ്കിള്‍. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ്. ചെറിയ പ്രായം മുതലേ സഹപാഠികള്‍.' വീണ്ടും എനിക്ക് അടുത്ത ആ വേണ്ടാത്ത ചോദ്യം ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
' ഇക്കാര്യം വീട്ടിലറിയാമോ?'

അവളെന്നെയൊന്ന് തറപ്പിച്ച് നോക്കി.
'ഏതുകാര്യമാണ് അങ്കിള്‍'

ഞാന്‍ ചെറുതായൊന്ന് ചൂളിയെങ്കിലും ഇങ്ങനെ എനിക്ക് പറയാതിരിക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല.
'അല്ല ഈ പ്രായത്തിലൊക്കെ ഇങ്ങനെ പ്രണയവും കറക്കവും'

അവളുടെ ശബ്ദം അല്‍പ്പം പരുക്കനായി.
' ഈ പ്രയാത്തിലൊക്കെ എന്ന് പറയുമ്പോള്‍ പ്രണയിക്കാന്‍ അങ്ങനെ പ്രത്യേകിച്ച് പ്രായമുണ്ടോ അങ്കിള്‍.'

' അല്ല. ഇതിപ്പോ പഠിക്കേണ്ട പ്രായത്തില്‍ പഠിക്കുക. അതില്‍ ഫോക്കസ് ചെയ്യുക. മറ്റുള്ളകാര്യങ്ങളിലേക്ക് വഴിതെറ്റിപ്പോകാതിരിക്കുന്നതല്ലേ നല്ലത്.'

'അങ്കിള്‍ ഇപ്പോള്‍ കാലം ഒരുപാട് മാറി. മില്ലേനിയല്‍ കുട്ടികളുടെ ഐ.ക്യൂവൊക്കെ ഇപ്പോള്‍ നിങ്ങളുടെ കൗമാര കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ പലമടങ്ങ് വലുതാണ്. ഇപ്പോഴത്തെ സിലബസിലുള്ളതൊക്കെ പഠിക്കാന്‍ കൗമാരകാലത്തെ വികാരങ്ങളെ മുഴുവന്‍ ബലികൊടുക്കേണ്ടതൊന്നുമില്ല. ഞങ്ങളൊക്കെ നന്നായി പഠിക്കുന്നുമുണ്ട്. പിന്നെ ചെറിയ പ്രായം മുതലേ അറിയാവുന്ന ഒരാളോട് പ്രണയം തോന്നുന്നതില്‍ എന്താണ് തെറ്റ്. അയാള്‍ക്കൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകണം എന്ന തീരുമാനിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ.

ഞങ്ങളുടെ ഉള്ളിലുള്ള ഈ ഇഷ്ടവും പരസ്പര ബഹുമാനവുമൊക്കെ ഇനിയങ്ങോട്ടുള്ള വര്‍ഷങ്ങളിലും ഞങ്ങളോടൊപ്പം ഉണ്ടെങ്കില്‍ ചിലപ്പോള്‍ ഒരുമിച്ച് വിവാഹം കഴിച്ച് ജീവിക്കുമായിരിക്കും. അല്ലെങ്കില്‍ പിരിയുമായിരിക്കും. അതൊക്കെ അന്നത്തെ കാര്യമല്ലേ. ഇപ്പോഴത്തെ ഞങ്ങളുടെ ഈ അടുപ്പം ഞങ്ങളുടെ ശക്തിയാണ്. ഊര്‍ജമാണ് പ്രചോദനമാണ്. അത് ഞങ്ങളുടെ ജീവിത കാഴ്ചപ്പാടില്‍ തന്നെ ഒരുപാട് മാറ്റം വരുത്തുന്നുണ്ട്. വസ്തുതകളെ വ്യത്യസ്തമായി കാണാനും മറ്റൊരു കാഴ്ചപ്പാടില്‍ വിലയിരുത്താനും ഇത് അവസരം തരുന്നുമുണ്ട്. ഇതിനൊക്കെ പ്രണയം തന്നെ വേണമെന്നില്ല. ആത്മാര്‍ത്ഥ സൗഹൃദമായാലും മതി. ഞങ്ങള്‍ക്കിടയില്‍ അത് പ്രണയമായി വളര്‍ന്നുവെന്ന് മാത്രം.

മുന്‍ഭാഗങ്ങള്‍ വായിക്കാം

അങ്കിളിന്റെ ചെറുപ്പകാലത്ത് ഉണ്ടായിരുന്ന അനിയത്തിപ്രാവ് കുട്ടികളൊന്നുമല്ല ഞങ്ങള്‍. ആദ്യം ഓടിപ്പോകാനും പിന്നെ തിരിച്ചു വരാനും. അങ്കിളിനെപ്പോലെയും എന്റെ അച്ഛനെപ്പോലെയുള്ളവരുമൊക്കെ ഉറപ്പായും ഓരോ പ്രായത്തില്‍ ചെയ്യേണ്ടത് മാത്രം ചെയ്ത് ജീവിച്ചുപോന്നവരാണ്. അക്കാലത്ത് തല്ലിയുടച്ചുകളഞ്ഞ സ്പന്ങ്ങളുടെ ഭാണ്ഡക്കെട്ടും അതില്‍ നിന്നുള്ള ഇച്ഛാഭംഗവുമൊക്കെയായി ജീവിതം തള്ളിനീക്കുന്ന നിങ്ങളൊന്നും അതില്‍ നിന്നൊരു പാഠവും പഠിച്ചിട്ടില്ല എന്നതിന് തെളിവാണ് അങ്കിള്‍ എന്നോട് ഇപ്പോള്‍ ചോദിച്ച ഓരോ ചോദ്യങ്ങളും...'

കൂടെയുള്ള വിവേക് എന്തായിത് എന്ന് ചോദിച്ച് അവളുടെ സംസാരം തടഞ്ഞു.

ഞാന്‍ പറഞ്ഞു. 'ഇല്ല അവള്‍ സംസാരിക്കട്ടെ.' ഇവരുടെ കൂട്ടുകെട്ട് കാഴ്ചപ്പാടില്‍ എന്ത് വ്യത്യാസമാണ് വരുത്തിയതെന്ന് അറിയണമല്ലോ. അതേത് പെര്‍സ്‌പെക്ടീവില്‍ ഉള്ളതാണ് എന്നറിയാമല്ലോ

അവള്‍ തുടര്‍ന്നു: വീട്ടുകാര്‍ക്കിത് അറിയാമോ എന്ന് അങ്കിള്‍ മുനവെച്ചുചോദിച്ചല്ലോ. ഞങ്ങള്‍ സുഹൃത്തുക്കളാണ് എന്ന്അവര്‍ക്കൊക്കെ അറിയാം. അവരാരും ഇതുവരെ ഞങ്ങളോട് ചോദിച്ചിട്ടില്ല വെറും ഫ്രണ്ട്സ് ആണോ എന്ന്. അത്തരം ആളുകളുള്ള വീട്ടില്‍ നിന്നുവരുന്നതുകൊണ്ടാണ് ഞങ്ങള്‍ക്കിത്രയും കോണ്‍ഫിഡന്‍സും ധൈര്യവും. എന്റെ കൂടെ ഈ റസ്റ്റോറന്റില്‍ ഒരു ആണ്‍കുട്ടിയെക്കൂടി കണ്ടതുകൊണ്ടല്ലേ അങ്കിള്‍ എന്നെ കാണാത്ത മട്ടില്‍ പോയത്. ഞങ്ങള്‍ വെറും ഫ്രണ്ട്സ് മാത്രമാണോ എന്ന് ആദ്യമായി ചോദിക്കുന്നത് അങ്കിളാണ്. ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് ഞങ്ങള്‍ ആദ്യമായി സംസാരിക്കുന്നതും അങ്കിളിനോടാണ്. അതിന് കാരണം എന്താണ് എന്നറിയാമോ?

ഇവള്‍ എന്നെക്കുറിച്ച് പറഞ്ഞതൊക്കെയും ശരിയാണല്ലോ എന്ന തിരിച്ചറിവില്‍ ഒന്നും പറയാനാവാതെ ഞാന്‍ സ്തബ്ധനായി ഇരുന്നതേയുള്ളൂ. അവള്‍ എന്റെ മുഖത്തിന് അടുത്തേക്ക് വന്നു. എന്റെ കണ്ണുകളില്‍ നോക്കി. എന്നിട്ട് പറഞ്ഞു. 'അങ്കിള്‍ കണ്ണട മാറ്റണം. എന്നിട്ട് എന്റെ കണ്ണട ഊരി മാറ്റി അവളുടെ കണ്ണട എനിക്ക് വെച്ചുതന്നു. എന്നിട്ട് പറഞ്ഞു. ഈ കണ്ണടയില്‍ കൂടി കാര്യങ്ങള്‍ കാണൂ. എല്ലാവരെയും ഉപദേശിക്കുന്ന ആളല്ലേ. അങ്കിളിന് കുറച്ച ഉപദേശം വേണം.'

ഞാന്‍ പൊട്ടിച്ചിരിച്ചു. അവളുടെ ചിന്താധാര. വീക്ഷണങ്ങളിലെ സൂക്ഷ്മത. നിലപാടുകളിലെ ഉറപ്പ്. മറുപടിയൊന്നും പറയാനാകാതെ ഞാന്‍ വെറുതെ ചിരിച്ചതേയുള്ളൂ.

ഞാന്‍ പെട്ടെന്ന് വിഷയം മാറ്റി. 'ഇനിയെന്താ നിങ്ങള്‍ക്ക് പരിപാടി.'
'വീട്ടില്‍ പോണം.' രണ്ടുപേരും ഒരേസ്വരത്തില്‍ പറഞ്ഞു.
'ശരി. ഞാനും അങ്ങോട്ടാണല്ലോ. നമുക്ക് ഒരുമിച്ചുപോകാം.' ഞാന്‍ പറഞ്ഞു.
'വേണ്ട അങ്കിള്‍. അങ്കിളിനത് ബുദ്ധിമുട്ടാകില്ലേ'. അവള്‍ ചോദിച്ചു.
'പോകാനിറങ്ങിയ എന്നെ വിളിച്ചുവരുത്തി ഇത്രയും നേരം വലിച്ചുകീറി തേച്ചൊട്ടിച്ചിട്ട് ഇനി എന്തോന്ന് ബുദ്ധിമുട്ട്. ഞാന്‍ വണ്ടിയെടുത്തവരാം. നിങ്ങള്‍ ഇറങ്ങ്' - ഞാന്‍ ബില്ല് പേ ചെയ്ത് പുറത്തിറങ്ങി.
കാറുമായി വന്നപ്പോള്‍ അവരിരുവരും കാറില്‍ കയറി.

അവള്‍ തുടര്‍ന്നു. - 'ഞങ്ങള്‍ അങ്കിളിനെ കാണാന്‍ ഇരിക്കുകയായിരുന്നു. അങ്കിള്‍ എഴുതുന്നതൊക്കെ ഞാന്‍ കാണാറുണ്ട്. വായിക്കാറില്ല. എനിക്കത് ഇഷ്ടമേയല്ല. അത് ചെയ്യണം. ഇതുചെയ്യരുത്. ഉപദേശത്തോട് ഉപദേശം. എന്നാ വെറുപ്പിക്കലാ. '

'മോളെ ഇനിയെങ്കിലും അങ്കിളിനെ വെറുതെ വിടൂ.' ഞാന്‍ പറഞ്ഞു.

അവള്‍ക്ക് നിര്‍ത്താന്‍ ഭാവമില്ല. 'ഇല്ല അങ്കിള്‍ മുഴുവന്‍ കേള്‍ക്കൂ. എന്റെ അച്ഛന്‍ അങ്കിള്‍ എഴുതുന്ന ചിലതൊക്കെ വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതില്‍ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് എഴുതിയകാര്യം ഞാന്‍ കണ്ടു. അത് വലിയ കുഴപ്പമില്ല. ഒരുപദേശം അത്യാവശ്യമായി വേണം. എനിക്കല്ല. ഇവനാണ് വേണ്ടത്. ഇവനെപഠി്പ്പിച്ച് ഡോക്ടറാക്കണം എന്നാണ് ഇവന്റെ അച്ഛന്റെ ആഗ്രഹം. എന്നാല്‍ ഇവന് അത് ഇഷ്ടമല്ല...'

അവളുടെ സംസാരം വിവേക് തടഞ്ഞു. എന്നിട്ട് പറഞ്ഞു. 'എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഡോക്ടറാകുക എന്നത് എന്റെയും സ്വപ്നമാണ്. ഞാന്‍ പക്ഷേ അത്ര ബ്രില്യന്റ് ഒന്നുമല്ല. എന്‍ട്രന്‍സ് കോച്ചിംഗിന് പോകാനും തയ്യാറാണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ ഒരു മടിയുമില്ല എനിക്ക്. മെറിറ്റില്‍ സീറ്റ് കിട്ടുവാണേല്‍ ഓക്കെ. പക്ഷേ അച്ഛന്‍ പറയുന്നത് മാര്‍ക്ക് കുറഞ്ഞാലും സെല്‍ഫ് ഫിനാന്‍സ് കോളേജില്‍ പോയിട്ടാണേലും പഠിപ്പിക്കും എന്നാണ്. അച്ഛന്റെ കൈയില്‍ അതിന് പൈസയൊന്നുമില്ല. ഓട്ടോറിക്ഷ ഓടിച്ചാണ് ഞങ്ങളെ പോറ്റുന്നത്. ഒരു നല്ല ഷര്‍ട്ടോ ചെരിപ്പോ അച്ഛനിട്ട് ഞങ്ങള്‍ കണ്ടിട്ടില്ല. വിദ്യാഭ്യാസ വായ്പ എടുത്ത് പഠിപ്പിക്കാനാണ് ഉദ്ദേശിക്കന്നത്.' വിവേകിന്റെ തൊണ്ടയിടറി. കണ്ണുനിറഞ്ഞു.

അവള്‍ അവന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

'അങ്കിള്‍ ഇവര്‍ മൂന്ന് മക്കളാണ്. ഇവനേക്കാള്‍ സ്്മാര്‍ട്ടും പഠിക്കാന്‍ മിടുക്കരുമാണ് മറ്റ് രണ്ടുപേരും. ഇവന്‍ പറയുന്നത് ഇവന്റെ പഠിത്തത്തിനുവേണ്ടി വിദ്യാഭ്യാസ വായ്പ എടുത്താല്‍ മറ്റ് രണ്ടുപേരുടെയും പഠിത്തം സ്റ്റക്ക് ആകും എന്നാണ്. മാത്രമല്ല എം.ബി.ബി.എസ് മാത്രം പാസായിട്ട് കാര്യമില്ല. എം.ഡി എങ്കിലും കഴിഞ്ഞാലേ ഈ രംഗത്ത് എന്തെങ്കിലുമൊക്കെ ആകാന്‍ കഴിയൂ. അതിനൊക്കെ നല്ല പൈസ ചെലവുമുണ്ട്. എന്നെ ഒരുനിലയ്ക്ക് എത്തിച്ചാല്‍ ഞാന്‍ മറ്റുരണ്ടുപേരെയും നോക്കുമല്ലോ എന്നതാണ് ഇവന്റെ അച്ഛന്റെ ചിന്താഗതി. ഞങ്ങളാകെ കണ്‍ഫ്യൂഷനിലാണ്. ഇവന്‍ പറയുന്നത് പ്ലസ് ടു കഴിഞ്ഞ് പെട്ടെന്ന് ജോലി കിട്ടുന്ന ഏതെങ്കിലും കോഴ്സിന് ചേര്‍ന്ന് ജോലിനേടി അച്ഛനെയും സഹോദരങ്ങളെയും സഹായിക്കണം എന്നാണ്. അവരെ അച്ഛന്റെ ആഗ്രഹം പോലെ മറ്റുരണ്ടുപേരെയും വിദ്യാഭ്യാസ വായ്പ എടുത്തിട്ടാണെങ്കിലും പഠിപ്പിക്കാമല്ലോ. അപ്പോള്‍ അച്ഛന് തുണയുമായി ഇവനും ഉണ്ടാകുമല്ലോ. എന്താണ് അങ്കിളിന്റെ അഭിപ്രായം.'

'നിങ്ങളുടെ തീരുമാനം തന്നെയാണ് ശരി. വിദ്യാഭ്യാസ വായ്പ എടുത്താല്‍ കോഴ്സ് തീര്‍ന്ന് നിശ്ചിത കാലയളവിനുള്ളില്‍ജോലികിട്ടിയാലും ഇല്ലെങ്കിലും തിരിച്ചടവ് തുടങ്ങണം. വിഴ്ച വന്നാല്‍ ക്രഡിറ്റ് സ്‌കോര്‍ മോശമാകും. പിന്നെ ഒരു വായ്പയും കിട്ടാത്ത അവസ്ഥയയയാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അപകടമാണ്. പഠിച്ച് ജോലി നേടി കുടുബത്തെ സാമ്പത്തികമായി സഹായിക്കേണ്ട അടിയന്തിര ആവശ്യമോ സാഹചര്യമോ ഉണ്ടെങ്കില്‍ പെട്ടെന്ന് കിട്ടുന്ന ജോലിക്ക്് വേണ്ടി പഠിച്ച് ജോലിനേടുക. അതിനുശേഷം ജോലിക്കൊപ്പം ആഗ്രഹിക്കുന്ന ഉന്നത വിദ്യാഭ്യാസം നേടാവുന്നതേയുള്ളൂ.
ഒരിക്കലും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉപേക്ഷിക്കരുത്.'

'പണചെലവുള്ള കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം കിട്ടുമെങ്കില്‍ മാത്രം പോകുന്നതാണ് നല്ലത്. പണച്ചെലവുള്ള കോഴ്സുകള്‍ പഠിച്ചാല്‍ മത്രമല്ല നല്ല നിലയിലെത്താന്‍ കഴിയുക. മാതാപിതാക്കള്‍ക്ക് നിങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായി ജോലി കിട്ടി നിങ്ങള്‍ സെറ്റിലാകുന്നതുവരെ നിങ്ങളുടെ കാര്യങ്ങള്‍ നോക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ അഗ്രഹിച്ച കോഴ്സിന് പോകുന്നതില്‍ തെറ്റില്ല.' ഞാന്‍ പറഞ്ഞുനിര്‍ത്തി. എന്നിട്ട് ചോദിച്ചു. എന്താ വെറുപ്പിക്കലാകുന്നുണ്ടോ?

'കുറച്ചൊക്കെ. എന്നാലും സാരമില്ല. ഞങ്ങളത് സഹിച്ചോളാം. പക്ഷേ ഇക്കാര്യം ഞങ്ങള്‍ വീട്ടില്‍ പറഞ്ഞാല്‍ ഏശില്ല. അതിനുള്ള അറിവൊന്നും ഞങ്ങള്‍ക്കില്ലല്ലോ. ഞങ്ങള്‍ കുട്ടികളല്ലേ ഇപ്പോഴും. അതുകൊണ്ട് അങ്കിള്‍ ഇക്കാര്യമൊന്ന് ഇവന്റെ വീട്ടില്‍ പറയണം.' അവള്‍ പറഞ്ഞു.

ട്രോളാന്‍ കിട്ടിയ അവസരം ഞാനും പാഴാക്കിയില്ല. 'ആര്‍ക്കാണ് അറിവൊന്നും ഇല്ലാത്തത് നിങ്ങള്‍ക്കോ. നല്ല കഥ. ആള് പ്ലസ്ടുവിനാണ് പഠിക്കുന്നതെങ്കിലും നാവ് എം.എ യ്ക്കാ പഠിക്കുന്നത്. തലച്ചോറാകാട്ടെ പി.എച്ച്.ഡിക്കും. '

അതുകേട്ട് ഇരുവരും പൊട്ടിച്ചിരിച്ചു.

എത്ര വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഇവര്‍ക്ക്. കാര്യങ്ങള്‍ എത്ര വസ്തുനിഷ്ഠമായി വിലയിരുത്തുന്നു. പക്ഷേ അതിന് ഈ പ്രായത്തില്‍ പ്രണയം തന്നെ വേണോ ? സൗഹൃദം പോരെ ?.അവളോടത് ചോദിക്കാന്‍ തുനിഞ്ഞെങ്കിലും പിന്നീടത് വേണ്ടെന്ന് വെച്ചു.

ഞാന്‍ എന്റെ പ്രീഡിഗ്രിക്കാലത്തെ കുറിച്ച് വെറുതെ ഒന്നോര്‍ത്തതേയുള്ളൂ. കാര്‍ അറിയാതെ തന്നെ ഒരു വലിയ ഗട്ടറില്‍ വീണു. പഠിച്ചിട്ട് ഒന്നും വലിയ കാര്യമില്ല. വെറുതെ കാശുകളയാന്‍. വന്ന് അപ്പനെ സഹായിക്കടാ എന്ന് പറയുമായിരുന്ന അപ്പനമ്മമാര്‍ ഉണ്ടായിരുന്ന കാലം.ഇന്നിപ്പോള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് മക്കള്‍ക്ക് നേടിക്കൊടുക്കാന്‍ എല്ലാം ത്യജിക്കാന്‍ തയ്യാറായ മാതാപിതാക്കള്‍. പക്ഷേ മക്കളാകട്ടെ കുടുബത്തിന്റെ ആകെയുള്ള ഉന്നമനം മുന്നില്‍ കണ്ട് സ്വയം ത്യജിക്കുന്നു.

'അങ്കിള്‍ എന്തുപറ്റി?' വണ്ടി ഗട്ടറില്‍ തന്നെ കിടക്കുന്നത് കണ്ട് അവള്‍ ചോദിച്ചു.എന്റെ മനസില്‍ അപ്പോള്‍ അനിയത്തിപ്രാവ് സിനിമയിലെ ഇന്നസെന്റിന്റെ ഡയലോഗ് ആയിരുന്നു. ഇതുപോലെ ചിന്തിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. ഇതൊരു പാഠമാണ്. ഒരുപാട് പേര്‍ക്കുള്ള പാഠം.

(പ്രമുഖ ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റായ ലേഖകന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനാണ്.) jayakumarkk8@gmail.com)

Content Highlights: plus two romance K K Jayakumar column Madhuram Jeevitham

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented