
പിണറായി വിജയൻ, തോമസ് ഐസക് | ഫോട്ടോ: മാതൃഭൂമി
കൊഴിഞ്ഞുപോകുന്ന ഭരണകൂടമാണ് കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ സ്വപ്നം. കമ്മ്യൂണിസ്റ്റുകാരെന്നു പറഞ്ഞാല്‍ കേരളത്തില്‍ ആ പേരിനര്ഹതയുള്ളത് തങ്ങള്‍ക്ക് മാത്രമാണെന്നാണ് സി.പി.എമ്മുകാര്‍ പറയുക. കൂട്ടത്തില്‍ കൂട്ടിയിട്ടുണ്ടെന്നല്ലാതെ സി.പി.ഐക്കാരെ ഇപ്പോഴും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായി സി.പി.എമ്മുകാര്‍ അംഗീകരിച്ചിട്ടില്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1925-ലാണ് നിലവില്‍ വന്നതെന്ന് സി.പി.ഐ. പറയുമ്പോള്‍, അതിനും അഞ്ചു കൊല്ലം മുമ്പേ തങ്ങളുടെ തറവാട്ടുവീട് ഇവിടെ ഉണ്ടായിരുന്നുവെന്ന് സി.പി.എം. പറയുന്നത് വെറുതെയല്ല.
ഭരണകൂടം കൊഴിയണമെങ്കില് അതിനെതിരെ വിപ്ലവം നടക്കണം. ബംഗാളില്‍ 34 കൊല്ലം കൊണ്ടാണ് ഇതിനുള്ള അരങ്ങൊരുക്കിയത്. ജ്യോതി ബസുവായിരുന്നു അവിടെ പ്രധാന തടസ്സം. ബംഗാള്‍ മാത്രമല്ല, ഇന്ത്യ മഹാരാജ്യവും ഭരിക്കാന്‍ താല്പര്യമുണ്ടായിരുന്ന സഖാവായിരുന്നു ബസു. ഭരണകൂടം ഇല്ലാതാക്കാനല്ല പുതിയ ഭരണകൂടങ്ങള്‍ ഏറ്റെടുക്കാനായിരുന്നു സഖാവിനിഷ്ടം. 1996-ല്‍ അതിനൊരവസരം ഒത്തുവന്നതായിരുന്നു.
അന്ന് ആ സുവര്‍ണ്ണാവസരം ഇല്ലാതാക്കാന്‍ പെട്ടപാട് സഖാവ് കാരാട്ടിന് മാത്രമേ അറിയൂ. ജ്യോതി ബസു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പിന്നെ ഇടതുപക്ഷമെന്ന് പറഞ്ഞ് ഈ രാജ്യത്ത് തേരാപാരാ നടക്കാന്‍ ആര്‍ക്കാണ് പറ്റുമായിരുന്നത്? ഇന്ത്യയിലെ സകമാന വിപ്ലവവും അന്നത്തോടെ തീരുമായിരുന്നു. സഖാവ് ബസു കളമൊഴിഞ്ഞപ്പോഴാണ് ബംഗാളില്‍ ഭരണകൂടത്തിനെ നിലംരിശാക്കാന് ഒരു വഴി തെളിഞ്ഞുവന്നത്. 2011-ല്‍ ആ കലാപരിപാടി അങ്ങ് പൂര്‍ത്തിയാക്കി.
കേരളത്തില്‍ ഇക്കുറി ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് ചില ചാനലുകാര് സര്‍വ്വെ നടത്തിപ്പറഞ്ഞതോടെ പാര്‍ട്ടി അപകടം മണത്തിരുന്നു. കേരളം ഇതുവരെ കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രിയെന്ന് സഖാവ് പിണറായി വിശേഷിപ്പിക്കപ്പെടുന്നതിലും പാര്‍ട്ടിക്ക് ആഹ്ലാദിക്കാനാവുമായിരുന്നില്ല. ശക്തമായ ഭരണകൂടം പോലെ കമ്മ്യൂണിസ്റ്റുകാരെ വിഷമിപ്പിക്കുന്ന മറ്റൊരു സംഗതിയില്ല.
ഇ.എം.എസോ നായനാരോ ഭരിച്ചപ്പോള്‍ പാര്‍ട്ടിക്ക് ഇങ്ങനെയൊരു ഭീഷണിയുണ്ടായിരുന്നില്ല. സഖാവ് വി.എസ്. 2011-ല്‍ അധികാരത്തില്‍ തിരിച്ചെത്തുമോയെന്ന് ചെറിയൊരു പേടിയുണ്ടായിരുന്നു. അതിനുള്ള മറുമരുന്ന് കൃത്യസമയത്ത് പ്രയോഗിക്കാന്‍ കഴിഞ്ഞതുകൊണ്ട് തലനാരിഴയ്ക്കാണെങ്കിലും തടി കഴിച്ചിലാക്കി ഭരണം ഉമ്മച്ചനെ ഏല്പിച്ചു കൊടുത്തു.
വി.എസ്. അല്ല പിണറായി. മൂന്നാറില്‍ വി.എസ്. നടത്തിയ പൂച്ചവിപ്ലവം ഒരു പൂ പറിക്കുന്ന ലാഘവത്തോടെയാണ് പാര്‍ട്ടി നേരിട്ടത്. പക്ഷേ, പിണറായി മുഖ്യമന്ത്രിയായതോടെ സംഗതി ആകെ മാറി മറിഞ്ഞു. പള്ളി വേറെ പട്ടക്കാരന്‍ വേറെ എന്ന ലൈനാണ് പിണറായി എടുത്തത്. ഭരണകൂടത്തിന്റെ കാര്യത്തില്‍ എ.കെ.ജി. സെന്ററൊക്കെ ഇടപെടുന്നതിന് ഒരു പരിധിയുണ്ടെന്ന് വന്നു.
ബൂര്‍ഷ്വാ സമ്പ്രദായത്തില്‍ ഭരണത്തിന്റെ മുഖം പോലിസാണ്. പോലിസ് എങ്ങിനെ പെരുമാറുന്നുവെന്നതാണ് ഒരു വിധം ഭരണത്തിന്റെയൊക്കെ തലവര നിശ്ചയിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിയുടെ കുറിമാനത്തിന് പോലിസ് പുല്ലുവിലയാണ് കല്പിക്കുന്നതെങ്കില് അവിടെത്തീര്‍ന്നു പാര്‍ട്ടിയുടെ ഭരണം. പാര്‍ട്ടി ഭരിക്കുമ്പോള്‍ പോലിസിനെ ഉപദേശിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണ്.
അടുത്തൂണ്‍ പറ്റിപ്പിരിഞ്ഞ മുന്‍ ഡി.ജി.പിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ അത് നല്കുന്ന സന്ദേശം എന്താണെന്നറിയാന്‍ എ.കെ.ജി. സെന്ററിലുള്ളവര്‍ക്ക് ഒരു കണിയാന്റെ അടുത്തും പോകേണ്ട കാര്യമില്ല. നാട്ടിലെ ഒരു പ്രധാന പണമിടപാട് സ്ഥാപനത്തിന്റെ സുരക്ഷാ ഉപേദഷ്ടാവായിരിക്കെയാണ് ശ്രീവാസ്തയെ ഈ പണിയേല്പിച്ചതെന്ന് വേറെ ആരും ശ്രദ്ധിച്ചില്ലെങ്കിലും പാര്‍ട്ടി ശ്രദ്ധിച്ചിരിക്കണം.
ഇത്രയും പറഞ്ഞത് കഴിഞ്ഞ ദിവസം വിജിലന്സുകാര് കെ.എസ്.എഫ്.ഇയില്‍ നടത്തിയ റെയ്ഡിന്റെ ഒരു പരിസരം വ്യക്തമാക്കാനാണ്. സാധാരണ യുക്തിയുപയോഗിച്ചു പൊതിക്കാന്‍ നോക്കിയാല്‍ ഒരിക്കലും പൊതിക്കാന്‍ കഴിയാത്ത തേങ്ങയാണ് ഈ റെയ്ഡ്.
കേരളത്തിലിന്നിപ്പോള്‍ കൊള്ളാവുന്ന ഒരു സര്‍ക്കാര്‍ സ്ഥാപത്തെക്കുറിച്ച് പറയാന്‍ പറഞ്ഞാല്‍ രണ്ടുവട്ടം ആലോചിക്കാതെ പറയാന്‍ പറ്റുന്ന പേരാണ് കെ.എസ്.എഫ്.ഇ. നിരവധി വെള്ളാനകളുടെ കൂട്ടത്തില്‍ തലയെടുപ്പുള്ള നല്ല ഒന്നാന്തരമൊരു കരിവീരന്. പല സ്വകാര്യ കമ്പനിക്കാരും നാട്ടുകാരുടെ ചിട്ടിപ്പണവുമായി രാത്രിക്ക് രാത്രി മുങ്ങുമ്പോള്‍ കൈയ്യിലുള്ള നാല് കാശ് സുരകഷിതമായി ഇറക്കുന്നതിന് കേരളത്തില്‍ കെ.എസ്.എഫ്.ഇ. പോലെ അധികം സ്ഥാപനങ്ങളില്ല.
1967-ല ഇ.എം.എസ്. മന്ത്രിസഭയാണ് ചിട്ടിയും വട്ടിയും സര്‍ക്കാരിന് നടത്താം എന്നൊരു നയം പ്രഖ്യാപിച്ചത്. അന്ന് ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ് പറഞ്ഞത് സോഷ്യലിസത്തിലേക്കുള്ള വലിയാരു ചുവടുവെയ്പാണിതെന്നാണ്. ഇന്ദിര ഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തിനും മുമ്പായിരുന്നു ഇതെന്നോര്‍ക്കുക തന്നെ വേണം. പക്ഷേ, കെ.എസ്.എഫ്.ഇ. നിലവില്‍ വന്നത് 1969 സവംബര്‍ ആറിനാണ്. അതിനും അഞ്ചു ദിവസം മുമ്പേ ഇ.എം.എസ്. മന്ത്രിസഭ വീണു, പകരം അച്ച്യുതമേനോന്‍ മുഖ്യമന്ത്രിയായി.
51 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇന്നിപ്പോള്‍ കെ.എസ്.എഫ്.ഇ. ചെറിയൊരു മീനല്ല. ഏഴായിരത്തോളം ജീവനക്കാരും 600 ശാഖകളും 33 ലക്ഷം ഉപഭോക്താക്കളുമായി നിത്യേനയെന്നോണം മലയാളി നേര്‍ക്കുനേര്‍ വരുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. 40, 839 കോടി രൂപയുടെ വിറ്റുവരവാണ് ഇപ്പോള്‍ കെ.എസ്.എഫ്.ഇക്കുള്ളത്. കാശിന് മുട്ടു വരുമ്പോള്‍ കേരള സര്‍ക്കാരിന്റെ വിളിപ്പുറത്തുള്ള സ്ഥാപനം. നാളിതുവരെ ഒരാളുടെ ചിട്ടിപ്പണവും കെ.എസ്.എഫ്.ഇ. കൊടുക്കാതിരുന്നിട്ടില്ല. ഒരാളുടെ സ്വര്‍ണ്ണപ്പണയവുമായി കെ.എസ്.എഫ്.ഇ. മുങ്ങിയിട്ടില്ല.
ഇങ്ങനെയൊരു സ്ഥപാനത്തിലേക്ക് റെയ്ഡിനാളെ വിടുന്നതിനു മുമ്പ് ഏതൊരു സര്‍ക്കാരും ചുരുങ്ങിയത് രണ്ട് വട്ടമെങ്കിലും ഒന്നാലോചിക്കണം. ഒരു സ്്ഥാപനത്തെ വളര്‍ത്തി വലുതാക്കാന്‍ വര്‍ഷങ്ങളെടുക്കും. പക്ഷേ, തകര്‍ത്തെറിയാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ മതിയാവും. വിജിലന്‍സ് മുഖ്യമന്ത്രി പിണറായിയുടെ സ്വന്തം വകുപ്പാണ്. അവിടെയൊരു ഇല അനങ്ങണമെങ്കിലോ ഈച്ച പറക്കണമെങ്കിലോ മുഖ്യമന്ത്രി അറിഞ്ഞിരിക്കണമെന്നാണ് കീഴ്വഴക്കം.
വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായതുകൊണ്ട് കീഴുദ്യോഗസ്ഥനാണ് നിലവില്‍ ചുമതല. രാഷ്ട്രീയ കോളിളക്കമുണ്ടാക്കാന്‍ എല്ലാ സാദ്ധ്യതയുമുള്ള ഇത്തരമൊരു റെയ്ഡ് മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ നടത്താന്‍ താല്‍ക്കാലിക ചുമതലയുള്ള ഒരു ഓഫീസര്‍ തയ്യാറാവുമോ? തയ്യാറാവും എന്നാണ് ധനമന്ത്രി ഐസക്കും പാര്‍ട്ടി നേതാക്കളും പറയുന്നത്. ജേക്കബ്ബ് തോമസിന്റെ പ്രേതം ആവേശിച്ചവര്‍ ഇപ്പോഴും വിജിലന്സിലുണ്ടത്രെ. വട്ട് പിടിച്ചാല്‍ ആരുടെ മെക്കിട്ടും കയറുന്നത് ഇത്തരം ഉദ്യോഗസ്ഥരാണെന്നും ഇപ്പോള്‍ ഐസക്ക് പുതിയ ഭാഷ്യം ചമയ്ക്കുന്നു.
മുഖ്യമന്ത്രി അറിഞ്ഞിട്ടല്ല ഈ കലാപരിപാടി നടന്നതെങ്കില്‍, പിന്നെ അതു നമ്മളോട് പറയുന്ന ഒരു കാര്യം ഭരണത്തില്‍ മുഖ്യമന്ത്രിയുടെ പിടി ഇല്ലാതാവുകയാണെന്നാണ്. ഭൂമികുലക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കഴിയുമെന്ന് പറയാറുണ്ട്. ഭരണകൂടം കൊഴിയുകയാണെന്ന തിരിച്ചറിവില്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കെതിരെ തിരിയുന്നതാവാം. പോലിസിനും വിജിലന്‍സിനും മേല്‍ ഒരു കണ്ണ് പാര്‍ട്ടിക്കുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു ഗുലുമാലിലേക്ക് ഭരണവും പാര്‍ട്ടിയും വന്നു വീഴുമായിരുന്നില്ല. വിജിലന്‍സ് ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാവുകയാണെങ്കില് അത് വിളിച്ചു പറയുന്നത് ഭരണകൂടം കൊഴിയുകയാണെന്നു തന്നെയാണ്.
എന്തായാലും ഈ നീക്കത്തിന്റെ ആത്യന്തിക ഇര മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. വിജിലന്‍സിന്റെ നീക്കം അറിഞ്ഞാലുമില്ലെങ്കിലും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഒന്നുകൂടി ഉലയുകയാണ്. പാര്‍ട്ടിയിലും ഭരണത്തിലും അവസാനവാക്കെന്ന വിശേഷണം ഇപ്പോള്‍ പിണറായിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ആര്ക്കെങ്കിലുമാവുമെന്ന് തോന്നുന്നില്ല.
ഒരു നേതാവ്, ഒരു ശബ്ദം എന്ന അവസ്ഥാ വിശേഷത്തിനൊടുവില് സംഭവിക്കുന്ന പ്രതിസസന്ധിയാണിത്. ഈ വിഷമഘട്ടത്തില്‍നിന്ന് കരകയറുക സി.പി.എമ്മിന് എളുപ്പമല്ല. ഒരു രണ്ടാംനിര നേതൃത്വത്തിന്റെ അഭാവം സി.പി.എം. ശരിക്കുമറിയുന്ന ദിനങ്ങളാണിത്.
വഴിയില്‍ കേട്ടത്: കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനം, ജമ്മുകാശ്മീര്‍ വിഭജനം, ലോക്ക്ഡൗണ്‍ എന്നീ കലാപരിപാടികളാണ് ഇതിനു മുമ്പ് ഇങ്ങനെ വിശദമായി കൂടിയാലോചിച്ച് നടപ്പാക്കിയത്.
Content Highlights: Pinarayi Vijayan, Thomas Isac and Vigilance | Vazhipokkan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..