പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുമ്പോള്‍ | വഴിപോക്കന്‍


വഴിപോക്കന്‍

പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പോലീസ് നിയമ ഭേദഗതി പരിശോധിക്കപ്പെടേണ്ടത് ഈ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ്. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും ശിവശങ്കറിന്റെ അറസ്റ്റും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഷേക്സ്പിയര്‍ പറഞ്ഞതുപോലെ ഈ ഭ്രാന്തിനൊരു രീതിയുണ്ട്.

പിണറായി വിജയൻ | ഫോട്ടോ: പി.പി. ബിനോജ് മാതൃഭൂമി

''എന്റെ പേര് എഡ്വേഡ് ജോസഫ് സ്നോഡന്‍. നേരത്തെ ഞാന്‍ ജോലി ചെയ്തിരുന്നത് ഭരണകൂടത്തിനു വേണ്ടിയാണ്. പക്ഷേ, ഇപ്പോള്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നത് പൊതു സമൂഹത്തിനു വേണ്ടിയാണ്.'' ശാശ്വത രേഖ(Permanent Record) എന്നു പേരുള്ള ആത്മകഥ ജോസഫ് സ്നോഡന്‍ തുടങ്ങുന്നത് ഈ വാക്കുകളോടെയാണ്. 21-ാം നൂറ്റാണ്ടിലെ ആദ്യ ക്ലാസ്സിക്കുകളിലൊന്നെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഈ കൃതിയില്‍ സ്നോഡന്‍ വിവരിക്കുന്നത് ഒരു യുവാവിന്റെ അമേരിക്കന്‍ ഭരണകൂടവുമായുള്ള ഏറ്റുമുട്ടലാണ്.

അമേരിക്കന്‍ ചാരസംഘടനകള്‍ക്ക് വേണ്ടി സൈബര്‍ സുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനിടയിലാണ് പൗരസമൂഹത്തോട് അമേരിക്കന്‍ ഭരണകൂടം കാട്ടുന്ന ചതിയും വഞ്ചനയും സ്നോഡന്‍ തിരിച്ചറിഞ്ഞത്. ജനസമൂഹത്തിന്റെ മൊത്തം സ്വകാര്യതയിലേക്ക് ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങള്‍ സ്നോഡനെ ഞെട്ടിച്ചു. ''ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം അളക്കപ്പെടേണ്ടത് ആ രാജ്യം പൗരസമൂഹത്തിന്റെ അവകാശങ്ങളോട് കാണിക്കുന്ന ബഹുമാനം കൊണ്ടാണ്.'' സ്നോഡന്റെ ഈ വാക്കുകള്‍ ആത്യന്തികമായി ജനാധിപത്യത്തിന്റെ നിര്‍വ്വചനമാവുന്നു.

പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പോലീസ് നിയമ ഭേദഗതി പരിശോധിക്കപ്പെടേണ്ടത് ഈ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ്. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും ശിവശങ്കറിന്റെ അറസ്റ്റും ഒറ്റപ്പെട്ട സംഭവങ്ങളല്ല. പൊതുസമൂഹത്തോടുള്ള പ്രതിബദ്ധത മറക്കുന്ന ഒരു ഭരണകൂടത്തിന്റെ വൃത്തികെട്ട മുഖമാണ് ഈ സംഭവപരമ്പരകളില്‍ തെളിയുന്നത്.

സ്ത്രീകള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടാനെന്ന പേരിലാണ് പോലീസ് നിയമത്തിന് പുതിയൊരു ഭേദഗതി (118 എ) പിണറായി സര്‍ക്കാര്‍ കൊണ്ടു വരുന്നത്. വിമര്‍ശനങ്ങള്‍ പേടിക്കുന്ന ഭരണകൂടത്തിന്റെ മുഖമാണ് പോലിസ് നിയമഭേദഗതി അനാവരണം ചെയ്യുന്നത്. പിണറായി സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ക്ക് ഒരു രീതിയുണ്ട്. ഷേക്സ്പിയര്‍ പറഞ്ഞതുപോലെ, ഈ ഭ്രാന്തിന് ഒരു ക്രമമുണ്ട്.

കഴിഞ്ഞ ദിവസം കാരവന്‍ മാസിക പുറത്തുവിട്ട സ്തോഭജനകമായ ഒരു റിപ്പോര്‍ട്ടില്‍ ഈ ക്രമത്തിന്റെ വേരുകള്‍ കാണാം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേരള ഹെല്‍ത്ത് ഒബ്സര്‍വ്വേറ്ററി ആന്റ് ബേസ്ലൈന്‍ സര്‍വ്വെ (KHOBS) എന്ന പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. കനേഡിയന്‍ സ്ഥാപനമായ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(PHRI) സഹകരണത്തോടെയായിരുന്നു ഈ സംരംഭം.

വി.എസ്. അച്ച്യുതാനന്ദന്റെ നേതൃത്വത്തില്‍ സി.പി.എം. ഈ പദ്ധതിയെ ശക്തമായി എതിര്‍ത്തു. കനേഡിയന്‍ കമ്പനിക്ക് വിവരക്കച്ചവടം നടത്താന്‍ പറ്റില്ലെന്നായിരുന്നു സി.പി.എം. നിലപാട്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും പ്രതികൂല നിലപാടെടുത്തതോടെ യു.ഡി.എഫ്. സര്‍ക്കാര്‍ സംഗതി വേണ്ടെന്നു വെച്ചു. ഇതേ പദ്ധതി തന്നെയാണ് കേരള ഇന്‍ഫര്‍മേഷന്‍ ഒഫ് റെസിഡന്റ്‌റ്സ് - ആരോഗ്യം നെറ്റ്വര്‍ക്ക് (KIRAN) എന്ന പേരില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നാണ് കാരവന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കനേഡിയന്‍ സ്ഥാപനമായ പി.എച്.ആര്‍.ഐയുടെ തലപ്പത്ത് ഡോ. സലിം യൂസഫ് എന്ന മലയാളിയാണുള്ളത്. സലിം യൂസഫ്, കേരള സര്‍ക്കാരില്‍ നേരത്തെ ആരോഗ്യവകുപ്പ് സെക്രട്ടറിയുമായിരുന്ന രാജീവ് സദാനന്ദന്‍(ഇപ്പോള്‍ കോവിഡ് 19 വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ ഉപദേഷ്ടാവ്), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രൊഫസറും ഹെല്‍ത്ത് ആക്ഷന്‍ ബൈ പ്യൂപ്പിള്‍ എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറിയുമായ കെ. വിജയകുമാര്‍, അച്ച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ എമറിറ്റസ് പ്രൊഫസറായ കെ.ആര്‍. തങ്കപ്പന്‍ എന്നിവര്‍ തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങളാണ് ഈ വെളിപ്പെടുത്തലിന് ആധാരമായി കാരവന്‍ പുറത്തുവിട്ടിരിക്കുന്നത്.

അതായത് എഡ്വേഡ് സ്നോഡനെപ്പോലെ ഭരണകൂടത്തോട് പൊരുതാന്‍ തീരുമാനിച്ച ഒരാള്‍(ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ പേര്‍. ഇവര്‍ ആരാണെന്ന് കാരവന്‍ വെളിപ്പെടുത്തിയിട്ടില്ല) കാരവന് ചോര്‍ത്തിക്കൊടുത്ത സന്ദേശങ്ങളാണിത്.

ഈ സന്ദേശങ്ങളില്‍ ചിലത് ഇവിടെ എടുത്തുകൊടുക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ ഭ്രാന്തിനൊരു ക്രമമുണ്ടെന്ന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു. അത് വെളിപ്പെടുത്തുന്ന സന്ദേശങ്ങളാണിത്. 2016 മെയില്‍ രാജീവ് സദാനന്ദന്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്ന് കേരളത്തിലേക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയോടെ ആരോഗ്യ വകുപ്പില്‍ തിരിച്ചുവന്നു. ആ ജൂണ്‍ മൂന്നിന് വിജയകുമാര്‍ പി.എച്.ആര്‍.ഐക്ക് ഇങ്ങനെയൊരു സന്ദേശമയച്ചു: ''Rajiv took charge. Cosat is clear. Shall v plan a go ?'' (രാജീവ് ചുമതലയേറ്റു. പ്രതിബന്ധങ്ങള്‍ ഒഴിഞ്ഞിരിക്കുന്നു. നമ്മള്‍ മുന്നോട്ടു പോവുകയല്ലേ?) പത്ത് മിനിറ്റിനുള്ളില്‍ പി.എച്.ആര്‍.ഐയില്‍നിന്നു പ്രോഗ്രാം കോ ഓഡിനേറ്റര്‍ സുമതി രംഗരാജന്റെ മറുപടി വന്നു: ''വലിയ വര്‍ത്തയാണല്ലോ! ഞാന്‍ ഡോ. യൂസഫിനോട് സംസാരിച്ചിട്ട് തിരിച്ചുവരാം.''

കാര്യങ്ങള്‍ പക്ഷേ, അത്ര സുഗമമായിരുന്നില്ല. യു.ഡി.എഫ്. സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി പുതിയ പേരില്‍ ഇടതു മുന്നണി സര്‍ക്കാര്‍ കൊണ്ടുവരികയാണെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് 2016 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് സലിം യൂസഫ് രാജീവിന് ഒരു സന്ദേശമയച്ചു: ''വലിയ കടമ്പകളൊന്നുമുണ്ടാവില്ലെന്ന് ഞാന്‍ കരുതുന്നു. അങ്ങിനെയെന്തെങ്കിലും ഉണ്ടായാല്‍ താങ്കളും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് അവ മറികടക്കുമല്ലോ.''

ഇതിന് രാജീവ് സദാനന്ദന്‍ അയച്ച മറുപടി ഏറെ ശ്രദ്ധേയമാണ്. ഇന്നിപ്പോള്‍ പിണറായി സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയുടെ കാര്യ കാരണങ്ങള്‍ ഈ മറുപടിയിലുണ്ട്: ''പാര്‍ട്ടിക്കുള്ളില്‍(സി.പി.എം.) ചില എതിര്‍പ്പുകളുണ്ട്. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം മന്ത്രിക്കും മുഖ്യമന്ത്രിക്കും മുകളിലാണ് പാര്‍ട്ടി. കാര്യങ്ങള്‍ വഷളായേക്കാം. ഇതൊക്കെ എന്റെ പിടിക്കപ്പുറത്താണ്. കാര്യങ്ങള്‍ നേരെയാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.''

സി.പി.എം. എന്ന പാര്‍ട്ടി മുഖ്യമന്ത്രിയുടെ ഓഫിസിനും മുകളിലാണെന്നും പാര്‍ട്ടിയാണ് ഭരണകൂടത്തെ നയിക്കുന്നതെന്നുമുള്ള കൃത്യമായ നിരീക്ഷമണമാണ് ഇവിടെ രാജീവ് സദാനന്ദന്‍ മുന്നോട്ടുവെയ്ക്കുന്നത്. പക്ഷേ, ഈ സംവിധാനം മറികടക്കാന്‍ പി.എച്.ആര്‍.ഐക്കായി എന്നിടത്താണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വളര്‍ച്ച നമ്മള്‍ അറിയുന്നത്. പാര്‍ട്ടി ഉയര്‍ത്തിയ എതിര്‍പ്പുകള്‍ മറികടന്ന് കിരണ്‍ പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ 2018-ല്‍ തുടക്കമിട്ടു.

പി.എച്.ആര്‍.ഐ. എന്ന കനേഡിയന്‍ സ്്ഥാപനത്തെ കഴിയുന്നത്ര പൊതുജന മദ്ധ്യത്തിലേക്ക് കൊണ്ടുവരാതിരിക്കാന്‍ സര്‍ക്കാര്‍ കരുതലെടുത്തു. ഒരു വിദേശ കമ്പനിയുമായും വിവരം പങ്കുവെയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിലയത്തോടും കേരള സര്‍ക്കാര്‍ പറഞ്ഞത്. പക്ഷേ, 2016-ല്‍ പ്രൊഫസര്‍ വിജയകുമാറിന് അയച്ച സന്ദേശത്തില്‍ സലിം യൂസഫിന്റെ വാക്കുകള്‍ വളരെ വ്യക്തമായിരുന്നു: ''സര്‍ക്കാര്‍ സമ്മതിക്കുകയാണെങ്കില്‍ നമുക്ക് ഏതു രീതിയിലും പ്രവര്‍ത്തിക്കാം. പക്ഷേ, വിവരങ്ങള്‍ ഓരോ ദിവസവും പി.എച്.ആര്‍.ഐക്ക് കൈമാറണം.''

ഇതേ രാജീവ് സദാനന്ദനെയാണ് സ്പ്രിങ്കളര്‍ ഇടപാട് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ പിണറായി സര്‍ക്കാര്‍ ആദ്യം ഉള്‍പ്പെടുത്തിയതെന്നത് ശ്രദ്ധേയമാണ്.

മരുന്നു നിര്‍മ്മാണ കമ്പനികളുമായി സഹകരിക്കുന്ന സ്വകാര്യ സ്ഥാപനമാണ് പി.എച്.ആര്‍.ഐ. എന്ന് കാരവന്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ മേഖലയില്‍നിന്നു കിട്ടുന്ന ബിഗ് ഡേറ്റയ്ക്ക് 2017-ല്‍ 14 ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.ഐ.എസ്. (BIS) റിസര്‍ച്ച് കണക്കാക്കിയത്. 2025-ഓടെ ഇതിന്റെ മൂല്യം 68.75 ബില്ല്യണ്‍ ഡോളറാവുമെന്നും ഇവര്‍ പറയുന്നു.

കേരളത്തില്‍ 10 ലക്ഷം പേരില്‍നിന്നാണ് കിരണിലൂടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് മറക്കാതിരിക്കുക. 2013-ല്‍ അയച്ച ഒരു സന്ദേശത്തില്‍ പദ്ധതിക്കായി അതിനകം മൂന്നു കോടി രൂപ ചെലവിട്ടിട്ടുണ്ടെന്ന് യൂസഫ് പറയുന്നുണ്ട്. അങ്ങിനെയാണെങ്കില്‍ ഇപ്പോള്‍ ഇതിനകം എത്രയോ കോടികള്‍ ഈ പദ്ധതിക്കായി പി.എച്.ആര്‍.ഐ. ചെലവിട്ടിരിക്കണം. സൗജന്യ ശാപ്പാട് എന്നൊരു സംഗതി ഇല്ലെന്നത് സാമ്പത്തികശാസ്ത്രത്തിലെ തത്വമാണ്. ഒന്നും കാണാതെ കോടികള്‍ ചെലവഴിക്കാന്‍ പി.എച്.ആര്‍.ഐ. ഒരു ധര്‍മ്മസ്ഥാപനമല്ല.

സ്്പ്രിങ്ക്ളര്‍ ഒറ്റപ്പെട്ട സംഗതിയല്ലെന്നാണ് കിരണ്‍ തെളിയിക്കുന്നത്. 2016-ല്‍ പിണറായി സര്‍ക്കാര്‍ ഭരണം തുടങ്ങുന്നേയുണ്ടായിരുന്നുള്ളു. 2018-ലെ തൃശ്ശൂര്‍ സംസ്ഥാന സമ്മേളനത്തോടെയാണ് പാര്‍ട്ടി പിണറായിയുടെ കൈപ്പിടിയില്‍ പൂര്‍ണ്ണമായും ഒതുങ്ങുന്നത്. അതോടെ പാര്‍ട്ടിയും ഭരണവും ഒരു അധികാര കേന്ദ്രത്തിലേക്ക് ചുരുങ്ങി. സ്പ്രിങ്ക്ളര്‍ ഇടപാടില്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തേണ്ടതായിട്ടില്ലാത്ത അവസ്ഥ ഉടലെടുക്കുന്നത് ഇങ്ങനെയാണ്.

എല്ലാം താനാണ് തീരുമാനിച്ചതും നടപ്പാക്കിയതുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടിയല്ല, ശിവശങ്കറാണ് സ്്പ്രിങ്കളറിന്റെ സമസ്ത ഉത്തരവാദിത്തവും ഏറ്റെടുത്തത്. ചാനലുകളായ ചാനലുകളില്‍ ഓടിനടന്ന് ഈ നയം ന്യായീകരിക്കേണ്ട ഗതികേടിലേക്ക് പാര്‍ട്ടി വക്താക്കള്‍ എത്തുകയും ചെയ്തു.

പറഞ്ഞു വന്നത് ഈ ഭ്രാന്തിനൊരു ക്രമമുണ്ട്, ഒരു രീതിയുണ്ട് എന്നു തന്നെയാണ്. ഈ ക്രമമാണ് ഇപ്പോള്‍ പോലിസ് നിയമ ഭേദഗതിയിലും തെളിഞ്ഞു കാണുന്നത്. സംസാര സ്വാതന്ത്ര്യത്തിനുമേലുള്ള അതിക്രമമായാണ് നേരത്തെ ഐ.ടി. നിയമത്തിലെ 66 എയെയും കേരള പോലിസ് നിയമത്തിലെ 118 ഡിയെയും സി.പി.എം. കണ്ടിരുന്നത്.

ഇപ്പോള്‍ ദേശാഭിമാനി എഡിറ്റര്‍ കൂടിയായ സി.പി.എം. നേതാവ് ഐ.ടി. നിയമം 66 എയ്ക്കെതിരെ പാര്‍ലമെന്റില്‍ 2012-ല്‍ അവതരിപ്പിച്ച പ്രമേയം സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ കാഹളമായാണ് സി.പി.എം. വിശേഷിപ്പിച്ചത്. ഈ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി. രാജീവ് ഇങ്ങനെ പറഞ്ഞു: ''നമ്മുടെ രാജ്യത്ത് പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രത്യേക നിയമമില്ലെന്ന് നമുക്കറിയാം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)ന്റെ വ്യാഖ്യാനമാണ് സംസാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നത്. മാദ്ധ്യമങ്ങള്‍ ഈ സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്. എന്തുകൊണ്ടാണ് ഈ സ്വാതന്ത്ര്യം ഇപ്പോള്‍ നവ മാദ്ധ്യമങ്ങള്‍ക്ക് (സാമൂഹ്യമാദ്ധ്യമങ്ങള്‍) നിഷേധിക്കപ്പെടുന്നത്? ''

ഒരു ട്വീറ്റ് പങ്കുവച്ചെതിന്റെ പേരില്‍, ഫെയ്‌സ്ബുക്കില്‍ ഒരു അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍, ഇങ്ങനെയൊരു അഭിപ്രായം ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ഇന്ത്യയില്‍ പലയിടത്തും പലരും അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് രാജിവ് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചത്.

ശിവസേന നേതാവ് ബാല്‍ താക്കറെ മരിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ശിവസേന നടത്തിയ ബന്ദിനെ വിമര്‍ശിച്ച രണ്ട് പെണ്‍കുട്ടികളെ 2012 നവംബറില്‍ മൂംബൈ പോലിസ് അറസ്റ്റ് ചെയ്തതും രാജീവിനെ സ്വാധീനിച്ചിരിക്കാം. തൊട്ടടുത്ത മാസം ഡിസംബറിലാണ് രാജിവ് പ്രമേയം കൊണ്ടുവന്നത്. ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസിലും സി.പി.എം. ഈ നിയമത്തിനെതിരെ കടുത്ത നിലപാടെടുത്തു. ഒടുവില്‍ 2015-ല്‍ സുപ്രീം കോടതി ഈ കരി നിയമങ്ങള്‍ (66 എ, 118 ഡി) റദ്ദാക്കി.

ഇവിടെയാണ് 118 എ എന്ന പുതിയ കരിനിയമവുമായി പിണറായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരാളുടെ യശസ്സ് തകര്‍ക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ അഞ്ച് വര്‍ഷം വരെയുള്ള തടവിനും 10,000 രൂപ പിഴയ്ക്കും കാരണമാവും എന്നാണ് ഈ നിയമം അനുശാസിക്കുന്നത്. നവമാധ്യമങ്ങള്‍ മാത്രമല്ല എല്ലാ മാധ്യമങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. നേരത്തെ ആരോപണവിധേയനാവുന്ന വ്യക്തി പരാതി കൊടുത്താലേ കേസെടുക്കാന്‍ പറ്റുമായിരുന്നുള്ളു. പുതിയ നിയമനുസരിച്ച് ആരുടെയും പരാതിയില്ലെങ്കിലും പോലിസിന് സ്വമേധയാ കേസെടുക്കാം.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും സൈബര്‍ ആക്രമണത്തിനിരയായതാണ് ഈ നിയമം പൊടുന്നനെ കൊണ്ടുവരാന്‍ പ്രേരണയായതെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നതിന് കേരള പോലിസ് ആക്റ്റ് 119 തന്നെ ധാരാളമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല, നടപടി എടുക്കുന്നതില്‍ പോലിസിനുള്ള പക്ഷപാതിത്വമാണ് പലപ്പോഴും പ്രശ്നമാവുന്നത്.

സ്്പ്രിങ്കളറിനും കിരണിനും ലൈഫ് മിഷനുമിയിലുള്ള അന്തര്‍ധാര സുവ്യക്തമാണ്. പാര്‍ട്ടിയെ മറികടക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇവിടെയെല്ലായിടത്തും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഇത് ഒരു നിയമപ്രശ്നമല്ല. ജനാധിപത്യത്തിന്റെ പ്രശ്നവും പ്രതിസന്ധിയുമാണ്. ഇതിനെ നേരിടാന്‍ കരിനിയമവുമായി ഭരണകൂടം വരുന്നത് മടിയില്‍ കനമുണ്ടെന്ന പേടികൊണ്ടു തന്നെയാണ്. ഈ പേടി ഭരണകൂടത്തിന്റെ പേടിയാണ്. അത് സി.പി.എം. എന്ന പാര്‍ട്ടിയെക്കൂടി പിടികൂടുന്നുവെന്നതാണ് ഇപ്പോഴുള്ള ദുരവസ്ഥ.

ഇതിനെ മറികടക്കാന്‍ സി.പി.എം. സ്വയം പ്രതിരോധം തീര്‍ക്കേണ്ടതായുണ്ട്. പോലിസ് നിയമം ഭേദഗതി ചെയ്യുന്നതെന്തിനാണെന്ന് സി.പി.എം. ഭരണകൂടത്തോട് ചോദിക്കണം. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാതെ ഇത്തരമൊരു ജനാധിപത്യ വിരുദ്ധ നിയമം നടപ്പാക്കുന്നതെന്തുകൊണ്ടാണെന്നുള്ള ചോദ്യം ഉയരുക തന്നെ വേണം.

ജനാധിപത്യത്തില്‍ ജനങ്ങള്‍ ഭരണകൂടത്തെയല്ല ഭരണകൂടം ജനങ്ങളെയാണ് സേവിക്കേണ്ടത്. ഈ ചുമതലയും കടമയും ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കേണ്ടത് പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണ്. ഇന്നിപ്പോള്‍ സി.പി.എം. അതില്‍ നിന്നൊഴിഞ്ഞുമാറിയാല്‍ കാലവും ചരിത്രവും പാര്‍ട്ടിയെ വിലയിരുത്തുന്നത് ഒട്ടും മാര്‍ദ്ദവത്തോടെയാവില്ല.

വഴിയില്‍ കേട്ടത്: ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതിന് കോണ്‍ഗ്രസ് ഭരണകൂടം വേട്ടയാടിയെന്ന് മുന്‍ സി.ബി.ഐ. മേധാവി ആര്‍.കെ. രാഘവന്‍. 2017-ല്‍ മോദി സര്‍ക്കാര്‍ സൈപ്രസിലെ ഹൈക്കമ്മീഷണര്‍ സ്ഥാനം വെച്ചു നീട്ടിയതോടെ എല്ലാം ശുഭകരമായില്ലേ രാഘവ്ജി?

Content Highlights: Pinarayi Vijayan Government Threatening Democracy | Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented