നഗ്നത ആത്മപ്രകാശനമോ?  | ഷോ റീല്‍


എന്‍.പി.മുരളീകൃഷ്ണന്‍

.

റ്റുള്ളവരുടെ, പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനുള്ള ത്വര എക്കാലവും ആളുകളിലുണ്ട്. വെള്ളിത്തിരയ്ക്കു പുറത്ത് ഫിലിം സെലിബ്രിറ്റികളുടെ ജീവിതം എങ്ങനെയാണെന്ന ആകാംക്ഷ രൂപപ്പെടുന്നത് താരാരാധനയിലൂടെയാണ്. ഇങ്ങനെ അവരെച്ചൊല്ലിയുള്ള വാര്‍ത്തകളും ഗോസിപ്പുകളും വലിയ ജനശ്രദ്ധ നേടുന്നു. ഒരു താരം എന്നതിനപ്പുറം അവര്‍ മനുഷ്യരാണെന്ന പരിഗണനയോ ആലോചനയോ നല്‍കാന്‍ പലപ്പോഴും ആരാധകര്‍ തയ്യാറല്ല. തങ്ങള്‍ വെള്ളിത്തിരയില്‍ കണ്ട കഥാപാത്രങ്ങളായി തന്നെ അവരെ ജീവിതത്തിലും കാണാനാണ് ജനങ്ങള്‍ക്ക് താത്പര്യം. തങ്ങള്‍ വിചാരിക്കുംപടിയും തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചും അവര്‍ പെരുമാറണമെന്ന് അറിയാതെയെങ്കിലും ശഠിക്കും. ഇങ്ങനെ പെരുമാറാത്തവരെ അഹങ്കാരത്തിന്റെ മുദ്ര കുത്തും. അവര്‍ക്ക് സ്വകാര്യത എന്നൊന്നുണ്ടെന്ന് സമ്മതിച്ചുകൊടുക്കാന്‍ ആരാധകക്കൂട്ടം തയ്യാറല്ല. സെലിബ്രിറ്റികളുടെ ജീവിതത്തിനു നേരെ സദാ തുറന്നുപിടിച്ചിരിക്കുന്ന നിരവധിയായ കണ്ണാടികളുണ്ട് ചുറ്റിലും. സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവാദങ്ങളും ആരാധനയും മുമ്പ് പരസ്പര കുശലഭാഷണത്തിനിടെ പങ്കുവയ്ക്കപ്പെട്ടിരുന്നുവെങ്കില്‍ നവമാധ്യമകാലത്ത് കുറേക്കൂടി പ്രകടനപരതയുടെ സാധ്യത അവയ്ക്ക് കൈവന്നിരിക്കുന്നു. ഇപ്പോള്‍ ആര്‍ക്കും ആരെക്കുറിച്ചും അഭിപ്രായങ്ങളും താത്പര്യങ്ങളും താത്പര്യക്കേടുകളും പ്രകടിപ്പിക്കാനായി ഈ തുറന്ന പ്ലാറ്റ്‌ഫോമുണ്ട്. ഇത് നല്ലതും ദോഷകരവുമായ രീതിയില്‍ ഉപയോഗപ്പെടുത്തപ്പെടുന്നു.

ഒരു നടന്‍/നടിക്ക് അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഫോട്ടോ ഷൂട്ടുകള്‍. ഇത് സിനിമയിലെ അവരുടെ തുടര്‍ അവസരങ്ങളും വന്നു ചേര്‍ന്നേക്കാവുന്ന മികച്ച കഥാപാത്രങ്ങളുമായി സ്വാധീനം ചെലുത്താന്‍ പോന്നതാണ്. അതുകൊണ്ടു തന്നെ ഫോട്ടോ ഷൂട്ടുകളിലും മോഡലിംഗിലും ശ്രദ്ധ കൊടുക്കുന്നവരാണ് ഏറിയ പങ്ക് സെലിബ്രിറ്റികളും. ഫിലിം, ഫാഷന്‍ ഉള്‍പ്പെടെയുള്ള അച്ചടി മാഗസിന്‍/ മാധ്യമങ്ങളിലൂടെയാണ് പണ്ടിത് വെളിപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോഴത് സോഷ്യല്‍ മീഡിയ പേജുകളുടെ വ്യൂ, ഷെയര്‍ പ്രചാരണ സാധ്യത കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ളതായി മാറിയിരിക്കുന്നു.

മേല്‍പ്പറഞ്ഞ പ്രകാരം തങ്ങള്‍ സിനിമയിലെ കഥാപാത്രങ്ങളിലൂടെ കണ്ട് ഉള്ളാലേ പതിഞ്ഞുപോയ രൂപങ്ങളായിട്ടാണ് ഒരു വിഭാഗം പ്രേക്ഷകര്‍/ആരാധകര്‍ സെലിബ്രിറ്റികളെ കണ്ടുപോരുന്നത്. ഇതിനു മറുപുറത്തുള്ള തങ്ങളുടെ പ്രിയതാരങ്ങളുടെ മേക്ക് ഓവറുകള്‍ അവരെ അലോസരപ്പെടുത്തുന്നതു കാണാനാകും. സ്ഥിരമായി നാടന്‍, ഗ്രാമീണ കഥാപാത്രങ്ങള്‍ ചെയ്തുപോരുന്ന ഒരു നടിയെ ഒരു ഫാഷന്‍ ഐക്കണ്‍ എന്ന നിലയില്‍ പൊരുത്തപ്പെടാന്‍ ഇത്തരക്കാര്‍ക്ക് സാധിച്ചേക്കില്ല. ഒരു നടി തന്റെ ശരീരവും സൗന്ദര്യവും അതിന്റെ പ്രതിഫലന സാധ്യതകളും പ്രകടിപ്പിക്കാന്‍ താത്പര്യപ്പെടുന്ന മാനസികാവസ്ഥ ഉള്‍ക്കൊള്ളുന്നയാളായിരിക്കും. അതാണ് ഒരു ഫോട്ടോഷൂട്ടിലൂടെ വെളിപ്പെടുന്നത്. വ്യത്യസ്ത തരം വസ്ത്രങ്ങള്‍ പരീക്ഷിക്കുകയും അതിലൂടെ ഭിന്ന മാനങ്ങളില്‍ പ്രതിഫലിപ്പിക്കാനാകുന്ന തന്റെ സൗന്ദര്യം വെളിപ്പെടുകയും ചെയ്യുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആനന്ദം ഏറെ വലിയതായിരിക്കും. വ്യത്യസ്ത കഥാപാത്രങ്ങള്‍ തന്നെ തേടിയെത്താനുള്ള സാധ്യത കൂടി ഈ ചിത്രങ്ങള്‍ അഭിനേതാവിനു മുന്നില്‍ തുറന്നിടുന്നു. ഒരേ വാര്‍പ്പുമാതൃകാ കഥാപാത്രങ്ങള്‍ ഒരു അഭിനേതാവിനെ സംബന്ധിച്ചും പ്രേക്ഷകരെ സംബന്ധിച്ചും വിരസമാണ്. ഇതിനെ മറികടക്കാന്‍ കൂടിയാണ് അഭിനേതാവ് ഇത്തരം മേക്ക് ഓവറുകളിലേക്ക് എത്തുന്നത്. എന്നാല്‍ ഇത് ഉള്‍ക്കൊള്ളുന്ന തലത്തിലേക്ക് വളരാന്‍ പലപ്പോഴും വിമര്‍ശനബുദ്ധി മാത്രം സൂക്ഷിക്കുന്നവര്‍ക്കാകാറില്ല.

വിവിധ കാലങ്ങളില്‍ അഭിനേതാക്കള്‍ ഇത്തരം ആരാധകാഭിപ്രായ പ്രകടനങ്ങള്‍ക്കും വിമര്‍ശനങ്ങളും വിധേയരാക്കപ്പെട്ടിട്ടുണ്ട്. കൂടുതലും മേല്‍പ്പറഞ്ഞ സാധാരണീയ ഭാവം സൂക്ഷിക്കുന്ന നടിമാരുടെ മേക്ക് ഓവറുകളാണ് വിമര്‍ശകരെ അസ്വാരസ്യപ്പെടുത്താറുള്ളത്. ഇത് മനോഭാവത്തിന്റെ പ്രശ്‌നം കൂടിയായി കാണേണ്ടതുണ്ട്. വ്യക്തിസ്വാതന്ത്ര്യമാണ് പ്രധാനമെന്നും അതിനെ മാനിക്കേണ്ടതാണെന്നുമുള്ള ഉള്‍ക്കൊള്ളലിലേക്ക് വളരുമ്പോള്‍ എതിര്‍പ്പുകള്‍ പിറകോട്ടു മാറും.

ബോളിവുഡിലെ ഫാഷന്‍ കിംഗ് രണ്‍വീര്‍ സിംഗ് പേപ്പര്‍ മാഗസിനു വേണ്ടി നടത്തിയ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തു വന്നതാണല്ലോ ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ വിവാദം. പരാതി വന്നതോടെ നടനെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. രണ്‍വീറിന്റെ നഗ്‌ന ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിലുള്ളത്. 'എനിക്ക് ശാരീരികമായി നഗ്നനാകുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ കാണാന്‍ കഴിയുമോ? അത് യഥാര്‍ത്ഥത്തില്‍ നഗ്‌നമാണ്' എന്നാണ് രണ്‍വീര്‍ വിവാദങ്ങളോട് പ്രതികരിച്ചത്. ഈ പ്രതികരണത്തില്‍ ഒരു നടന്റെയും മനുഷ്യന്റെയും ആത്മപ്രകാശനമുണ്ട്.

'രണ്‍വീര്‍ സിംഗിനെ പറ്റി ഒന്നും മോശമായി എനിക്ക് പറയാനില്ല. എല്ലാം നെഗറ്റീവായി കാണരുത്, രണ്‍വീര്‍ ഇതിന് മുന്‍പും യൂണിക്ക് ഫോട്ടോ ഷൂട്ടുകള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്' എന്നായിരുന്നു സഹപ്രവര്‍ത്തകയായ ആലിയ ഭട്ട് വിവാദത്തോട് പ്രതികരിച്ചത്. ഒരു അഭിനേതാവിന്റെ/ ഫാഷന്‍ ഐക്കണിന്റെ ആത്മപ്രകാശനത്തെ തിരിച്ചറിയുന്ന അഭിപ്രായ പ്രകടനമായിരുന്നു ആലിയ നടത്തിയത്. ഇക്കാര്യത്തില്‍ ആലിയയോടും രണ്‍വീറിനോടും ചേര്‍ന്നുനില്‍ക്കാനേ ആകൂ. വിവാദങ്ങള്‍ എപ്പോഴും ചിലരുടെ ആവശ്യമാണ്. ഇതില്‍ വികാരം വ്രണപ്പെടുന്നുവെന്ന ആക്ഷേപത്തിലെ സത്യസന്ധതയേക്കാളുപരി സ്വയംപ്രകാശിപ്പിക്കലിന്റെയും ജനശ്രദ്ധ ക്ഷണിക്കലിന്റെയും തലം കൂടി കടന്നുവരുന്നുണ്ട്.

നഗ്ന ഫോട്ടോ ഷൂട്ട് നടത്തി വിവാദത്തില്‍പെടുന്ന ആദ്യത്തെയാളല്ല രണ്‍വീര്‍. തൊട്ടുമുമ്പ് വിവാദത്തില്‍പെട്ടത് മറ്റൊരു ബോളിവുഡ് ഫാഷന്‍ ഐക്കണ്‍ ആയ ജോണ്‍ എബ്രഹാം ആണ്. കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ ജോണ്‍ എബ്രഹാം പങ്കുവച്ച ഫോട്ടോയാണ് വിമര്‍ശകര്‍ ആഘോഷിച്ചത്. ജോണ്‍ എബ്രഹാമിന്റെ ഫോട്ടോയ്ക്ക് സമാനമായിരുന്നു ബോളിവുഡ് രാഹുല്‍ ഖന്നയുടേതും. ഇതും വിവാദത്തില്‍ ചെന്നവസാനിച്ചു. ഫിറ്റ്‌നസ് സന്ദേശത്തിനായി നഗ്നനായ മിലിന്ദ് സോമനാണ് വിമര്‍ശനത്തിനിരയായ മറ്റൊരു ബോളിവുഡ് താരം. ടിവി അവതാരകയും നടിയുമായ പൂജാ ബേദി കോണ്ടം പരസ്യത്തിന് വേണ്ടിയാണ് നഗ്നയായി പ്രത്യക്ഷപ്പെട്ടത്.

പ്ലേബോയ് മാഗസിനില്‍ കവര്‍ ഗേളാകുന്ന ആദ്യ ഇന്ത്യക്കാരിയായ ബോളിവുഡ് താരം ഷെര്‍ലിന്‍ ചോപ്ര കാമസൂത്ര 3 ഡി ചിത്രത്തില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് പുറമേ ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നെടുത്ത ഷെര്‍ലിന്റെ ഒരു നഗ്‌ന ഫോട്ടോയും പ്രചരിച്ചു. എന്നാല്‍ വിവാദങ്ങളില്‍ തനിക്ക് ലജ്ജയോ കുറ്റബോധമോ പിന്നീട് തോന്നിയിട്ടില്ലെന്നും കുടുംബമടക്കം അടുപ്പമുള്ളവരെല്ലാം തനിക്ക് പിന്തുണയാണ് നല്‍കുന്നതെന്നുമാണ് ഷെര്‍ലിന്‍ പ്രതികരിച്ചത്.

തൃണമൂല്‍ എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമാണ്. അടുത്തിടെ ചുവന്ന ഗൗണ്‍ ധരിച്ചുള്ള അവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ വസ്ത്രത്തില്‍ ഏറെ സുന്ദരിയെന്നാണ് പലരും നുസ്രത്തിനെ പ്രശംസിച്ചത്. എന്നാല്‍ നിങ്ങള്‍ ഒരു എംപിയല്ലേ, രാജ്യത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണ് വേണ്ടത് തുടങ്ങിയ ഉപദേശങ്ങളാണ് വിമര്‍ശകര്‍ നല്‍കിയത്.

നാടന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയായ തെന്നിന്ത്യന്‍ നടി കസ്തൂരിയുടെ 'മാതൃത്വം' വിഷയമാക്കിയുള്ള അര്‍ധനഗ്ന ഫോട്ടോ വിഷയത്തിന്റെ സാമൂഹികപ്രതിബദ്ധതയും വികാരവും മാനിക്കാതെ അതിലെ സ്ത്രീനഗ്നത മാത്രം കാണാനാണ് ആളുകള്‍ മെനക്കെട്ടത്. മുന്‍നിര നായിക ആന്‍ഡ്രിയ ജെറമിയ, നടിയും മോഡലുമായ ശ്രുതി മേനോന്‍, എന്നിവരും അര്‍ധനഗ്ന ഫോട്ടോകളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ചോദ്യംചെയ്യലുകള്‍ക്ക് വിധേയരായവരാണ്. അന്‍സിബ ഹസന്‍, ആര്യ, എസ്തര്‍ അനില്‍, പ്രിയ വാര്യര്‍, അനശ്വര രാജന്‍ തുടങ്ങിയ പുതുനിര മലയാളി നായികമാരും ഫോട്ടോ ഷൂട്ട് വിവാദത്തില്‍പെട്ടവരാണ്. സെലിബ്രിറ്റികള്‍ക്കു പുറമേ പുതിയ ട്രെന്‍ഡായ വിവാഹങ്ങളുടെ സേവ് ദ ഡേറ്റ് വീഡിയോകളും ഫോട്ടോകളും ഈ വിധത്തില്‍ വിമര്‍ശകരുടെ സെന്‍സറിംഗിന് വിധേയമാകാറുണ്ട്.

Content Highlights: photoshoot controversies | show reel column by N P Muraleekrishnan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented