പെഗാസസ്: വാട്ടര്‍ഗേറ്റ് മാത്രമല്ല, ഹെഗ്ഡെയെയും സര്‍ക്കാര്‍ ഓര്‍ക്കണം | വഴിപോക്കന്‍


വഴിപോക്കന്‍

​പൗരസമൂഹത്തിന്റെ അവകാശങ്ങളോട് ഭരണകൂടം പുലര്‍ത്തുന്ന ബഹുമാനമാണ് ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നത്. ഈ സ്വാതന്ത്ര്യത്തിന്റെ വലിയൊരു അടിത്തറ സ്വകാര്യതയാണ്. ഓരോ മനുഷ്യനും സാമൂഹികജീവി ആയിരിക്കുമ്പോള്‍തന്നെ സ്വകാര്യവ്യക്തിയും കൂടിയാണ്. സ്വകാര്യതയില്ലെങ്കില്‍ സ്വാതന്ത്ര്യമില്ല. സ്വാതന്ത്ര്യമില്ലെങ്കില്‍ ജനാധിപത്യമില്ല.

സ്‌നോഡെൻ, സുബ്രഹ്‌മണ്യൻ സ്വാമി, രാമകൃഷ്ണ ഹെഗ്‌ഡെ

പെഗാസസ് വിവാദം അനിവാര്യമായും എഡ്വേഡ് സ്നോഡനെ ഓര്‍മ്മിപ്പിക്കുന്നു. ഭരണകൂട ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടങ്ങളില്‍ ഈ നൂറ്റാണ്ടില്‍ ഒരു പേരു മാത്രം പറയാന്‍ ആവശ്യപ്പെട്ടാല്‍ അത് സ്‌നോഡന്റേതായിരിക്കും. എട്ടു വര്‍ഷം മുമ്പ് 2013-ലാണ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ സ്നോഡന്‍ വിറപ്പിച്ചത്.

രണ്ട് കൊല്ലം മുമ്പ് എഴുതിയ ആത്മകഥയില്‍ (Permanent Record) സ്നോഡന്‍ ഈ പോരാട്ടം വിശദമായി വിവരിക്കുന്നുണ്ട്. '' My name is Edward Joseph Snowden. I used to work for the government, but now I work for the public.'' സ്‌നോഡന്റെ ആത്മകഥ തുടങ്ങുന്നത് ഈ വാക്കുകളിലാണ്. ഭരണകൂടവും പൊതുസമൂഹവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ മൂന്നു പതിറ്റാണ്ടുകള്‍ വേണ്ടി വന്നുവെന്ന് സ്‌നോഡന്‍ പറയുന്നു. ബോധോദയത്തിന്റെ ആ നിമിഷമുണ്ടായത് 2009-ലാണ്. അന്ന് ടോക്കിയോവില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ രഹസ്യപ്പോലീസ് കേന്ദ്രത്തിലിരുന്ന് ലോകമെമ്പാടുംനിന്ന് ഒഴുകിയെത്തുന്ന ചാരവൃത്താന്തങ്ങളുടെ അകംപൊരുള്‍ തിരയുന്നതിനിടെയാണ് ആ നിമിഷം സ്‌നോഡനെ തേടിയെത്തിയത്.

എന്‍.എസ്.എ.(നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി)യുടെ ഉന്നതശ്രേണിയിലുള്ള ഒരുദ്യോഗസ്ഥന്‍ തുറന്ന് വായിച്ച ശേഷം അടച്ചുവെയ്ക്കാന്‍ മറന്നുപോയ ഒരു ഫയല്‍ സ്‌നോഡന്റെ കമ്പ്യൂട്ടറിലേക്ക് എത്തുകയായിരുന്നു. ലോകജനതയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും വിവരങ്ങള്‍ ചോര്‍ത്താനും അമേരിക്കന്‍ ചാരസംഘടനകള്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ അനുമതിയുണ്ടെന്ന സ്‌ഫോടനാത്മകമായ രേഖ. അമേരിക്കന്‍ ഭരണകൂടം അതിന്റെ വിശ്വരൂപത്തില്‍ താണ്ഡവനടനമാടുന്ന ആ കാഴ്ചയില്‍നിന്നാണ് സ്നോഡന്റെ കലാപം തുടങ്ങിയത്.

ആത്മകഥയില്‍ സ്നോഡന്‍ വ്യക്തമാക്കുന്ന ഒരു കാര്യം സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യമാണ്. ''The freedom of a country can only be measured by its respect for the rights of its citizens.'' പൗരസമൂഹത്തിന്റെ അവകാശങ്ങളോട് ഭരണകൂടം പുലര്‍ത്തുന്ന ബഹുമാനമാണ് ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നത്. ഈ സ്വാതന്ത്ര്യത്തിന്റെ വലിയൊരു അടിത്തറ സ്വകാര്യതയാണ്. ഓരോ മനുഷ്യനും സാമൂഹികജീവി ആയിരിക്കുമ്പോള്‍തന്നെ സ്വകാര്യവ്യക്തിയും കൂടിയാണ്. സ്വകാര്യതയില്ലെങ്കില്‍ സ്വാതന്ത്ര്യമില്ല. സ്വാതന്ത്ര്യമില്ലെങ്കില്‍ ജനാധിപത്യമില്ല.

സ്വകാര്യത എന്ന മനുഷ്യന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം ഒരു ഭരണകൂടം ചവിട്ടിമെതിക്കുന്നതെങ്ങിനെയാണെന്ന അറിവാണ് സ്നോഡന്റെ ജീവിതം മാറ്റിമറിച്ചത്. ചൈന എന്ന സര്‍വ്വാധിപത്യ രാഷ്ട്രം പരസ്യമായി ജനങ്ങളാേട് ചെയ്യുന്നതാണ് അമേരിക്ക എന്ന 'ജനാധിപത്യ' രാജ്യം രഹസ്യമായി ചെയ്യുന്നതെന്ന് സ്നോഡന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. ഈ വെളിപ്പെടുത്തലുകള്‍ക്ക് സ്നോഡന്‍ നല്‍കേണ്ടി വന്ന വില കടുത്തതാണ്.

രാത്രിക്ക് രാത്രി സ്നോഡന് ഹോങ്കോങ്ങില്‍നിന്ന് ഇക്വഡോറിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ആ ഒളിച്ചോട്ടത്തിനടയില്‍ മോസ്‌കോ വിമാനത്താവളത്തില്‍വെച്ച് റഷ്യന്‍ അധികൃതര്‍ സ്നോഡനെ കസ്റ്റഡിയലെടുത്തു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സ്നോഡന് റഷ്യ സ്ഥിരതാമസത്തിനുള്ള അവകാശം നല്‍കിയത്. ജന്മനാട്ടിലേക്കുള്ള മടക്കം ഇനിയിപ്പോള്‍ എന്നെങ്കിലും സാദ്ധ്യമാകുമെന്ന് സ്നോഡന്‍ കരുതുന്നില്ല.

ഒരു ജനതയെക്കുറിച്ചുള്ള വിവര ശേഖരണം ഭരണകൂടത്തിന് അസാമാന്യമായ മേല്‍ക്കൈ നല്‍കുന്നുണ്ട്. 1926-ല്‍ സോവിയറ്റ് യൂണിയനില്‍ നടന്ന സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഉസ്‌ബെക്കികളെയും കസാക്കുകളെയും അര്‍മിനിയക്കാരെയും ജോര്‍ജിയക്കാരെയും സ്റ്റാലിന്‍ ഭരണകൂടം തിരഞ്ഞുപിടിച്ചത്. 1933-ല്‍ നാസി ജര്‍മ്മനിയില്‍ നടന്ന സെന്‍സസിന്റെ ലക്ഷ്യവും വ്യത്യസ്തമായിരുന്നില്ല.

സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സെന്‍സസായിരുന്നു അത്. ഓരോ പൗരനും ഒരു കാര്‍ഡ് നല്‍കപ്പെട്ടു. ചോദ്യാവലിയുടെ 22-ാം കോളം മതം ആസ്പദമാക്കിയുള്ളതായിരുന്നു. ഒന്നാം നമ്പര്‍ പ്രൊട്ടസ്റ്റന്റുകാരെയും രണ്ടാം നമ്പര്‍ കത്തോലിക്കരെയും മൂന്ന് യഹൂദരെയും പ്രതിനിധാനം ചെയ്തു. ഈ വിവരമാണ് പിന്നീട് യഹൂദരെ ഇല്ലാതാക്കാന്‍ ഹിറ്റ്‌ലര്‍ ഭരണകൂടത്തെ സഹായിച്ചത്.

സ്‌നോഡനെപ്പോലുള്ളവരുടെ ജീവിതം ജനാധിപത്യത്തിന് സമര്‍പ്പിക്കപ്പെട്ടതാണ്. ജനാധിപത്യത്തിനായുള്ള ഈ നിതാന്ത പോരാട്ടത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇന്ത്യയില്‍നിന്നുള്ള ദ വയര്‍ ഉള്‍പ്പെടെ 17 മാദ്ധ്യമങ്ങള്‍ പെഗാസസ് പ്രൊജക്റ്റിന് രൂപം നല്‍കിയത്. പൗരസമൂഹത്തിന്റെ സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറി ജനാധിപത്യം അട്ടിമറിക്കുന്ന ഭരണകൂട ചെയ്തികള്‍ പുറത്തുകൊണ്ടുവരികയാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യം.

പെഗാസസിന്റെ ആക്രമണത്തിനിരയായ മൂന്നൂറോളം ഫോണുകളാണ് ഫൊറന്‍സിക് വിദഗ്ദര്‍ പരിശോധിച്ചത്. ഇന്ത്യയിലെ നാല്‍പതോളം പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ ഈ രീതിയില്‍ ചോര്‍ത്തപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു സുപ്രീം കോടതി ജഡ്ജിയുടെയും ഉന്നതരായ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മോദി മന്ത്രി സഭയിലെ തന്നെ ചിലരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ദ വയര്‍ അടക്കമുള്ള മാദ്ധ്യമങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. പെഗാസസ് ചാരവൃത്തിക്കുവേണ്ടിയുള്ള കലാപരിപാടിയാണ്. ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ. വികസിപ്പിച്ച ചാര പ്രോഗ്രാം. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് പെഗാസസ് കൈമാറുന്നതെന്നാണ് നിര്‍മ്മാതാക്കളായ എന്‍.എസ്.ഒ. പറയുന്നത്. അതിന്റെ അര്‍ത്ഥം ഒന്നു മാത്രമാണ്. ഭരണകൂടം അറിയാതെ ഒരു രാജ്യത്തും പെഗാസസ് ഇടപെടില്ല.

ഈ പരിസരത്തിലാണ് ബി.ജെ.പി. എം.പിയായ ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമി മോദി സര്‍ക്കാര്‍ സംശയനിവൃത്തി വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വാട്ടര്‍ഗേറ്റ് വിവാദം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി ഈ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

മാദ്ധ്യമങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കൂപ്പുകളിലൊന്നായാണ് വാട്ടര്‍ഗേറ്റ് വിലയിരുത്തപ്പെടുന്നത്. 1972-ല്‍ വാഷിംഗ്ടണിലെ വാട്ടര്‍ഗേറ്റ് ഹോട്ടലില്‍ ഡെമൊക്രാറ്റുകളുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് വാട്ടര്‍ഗേറ്റ് വിവാദത്തിന്റെ തുടക്കം.ഡെമൊക്രാറ്റിക് പാര്‍ട്ടിയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ അനുമതിയോടെ നടന്ന നീക്കമായിരുന്നു അതെന്നാണ് മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിലൂടെ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുകൊണ്ടുവന്നത്. തുടക്കം മുതലേ ഇങ്ങനെ ഒരു കലാപരിപാടിയെക്കുറിച്ചും തനിക്ക് അറിയില്ലെന്ന നിലപാടിലായിരുന്നു നിക്സന്‍. പക്ഷേ, സത്യത്തിന് മുന്നില്‍ അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ നിക്സനായില്ല. സര്‍വ്വപ്രതാപിയായിരുന്ന നിക്സന് 1974 ഓഗസ്റ്റ് എട്ടിന് രാജിവെയ്ക്കേണ്ടി വന്നു.

വാട്ടര്‍ഗേറ്റ് മാത്രമല്ല, രാമകൃഷ്ണ ഹെഗ്ഡെ എന്ന മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയെയും ഈ ഘട്ടത്തില്‍ മോദി സര്‍ക്കാര്‍ ഓര്‍ക്കണം. ഇന്ത്യയില്‍ നടന്ന കാര്യമായതുകൊണ്ടാണോ സ്വാമി ഹെഗ്ഡെയെക്കുറിച്ച് പറയാതിരുന്നതെന്നറിയില്ല. പാര്‍ട്ടിക്കുള്ളിലെയും സര്‍ക്കാരിലെയും വിമതരുടേതടക്കമുള്ള ടെലിഫോണുകള്‍ ചോര്‍ത്തിയെന്നതായിരുന്നു ഹെഗ്ഡെയ്ക്കെതരെയുള്ള ആരോപണം. സ്വന്തം പാര്‍ട്ടിക്കാരനായ (ജനത പാര്‍ട്ടി) ഹെഗ്ഡെയ്ക്കെതിരെ അന്ന് നീങ്ങിയവരില്‍ പ്രധാനി സ്വാമിയായിരുന്നുവെന്നതും മറക്കാനാവില്ല. 1988-ല്‍ ഹെഗ്ഡെയുടെ രാജിയിലാണ് ഈ വിവാദം അവസാനിച്ചത്. താന്‍ ഓര്‍മ്മിപ്പിച്ചില്ലെങ്കിലും ഹെഗ്ഡെയുടെ ടെലിഫോണ്‍ കുംഭകോണം മോദി സര്‍ക്കാരിനെ പിന്തുടരുമെന്ന് കുശാഗ്രബുദ്ധിയായ സ്വാമി തിരിച്ചറിയുന്നുണ്ടാവണം.

ഫോണുകളും ലാപ്ടോപ്പുകളും ചോര്‍ത്തുക മാത്രമല്ല, അവയ്ക്കുള്ളില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള സന്ദേശങ്ങള്‍ നിക്ഷേപിക്കാനും ചാര സോഫ്റ്റ്‌വെയറുകള്‍ക്ക് കഴിയും. ഭീമ കൊറേഗൊവ് കേസില്‍ അറസ്റ്റിലായ റൊണ വിത്സന്റെ ലാപ്ടോപ്പ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണത്തിന് വിധേയമായതായി വാഷിംഗ്ടണ്‍ പോസ്റ്റ് തന്നെയാണ് പുറത്തുവിട്ടത്. ചാര സോഫ്റ്റ്‌വെയര്‍ നുഴഞ്ഞുകയറി മണിക്കൂറുകള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ വീട്ടില്‍ മഹാരാഷ്ട്ര പോലിസ് എത്തുകയും ലാപ്ടോപ് പിടിച്ചെടുക്കുകയുമായിരുന്നു. നിങ്ങളുടെ ഫോണിലും ലാപ്ടോപ്പിലും രാജ്യവിരുദ്ധ സന്ദേശങ്ങള്‍ നിക്ഷേപിച്ചശേഷം നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന അതിഭീകരമായ അവസ്ഥാ വിശേഷമാണിത്. 1984 എന്ന നോവലില്‍ ജോര്‍ജ് ഓര്‍വ്വെല്‍ അവതരിപ്പിച്ച ഭരണകൂട ഭീകരതകളുടെ മറുകരയിലേക്കാണ് ഇത്തരം അതിക്രമങ്ങള്‍ നമ്മളെ കൊണ്ടുപോവുന്നത്.

പേടിയാണ് ഭരണാധികാരികളെക്കൊണ്ട് ഇത്തരം അതിക്രമങ്ങള്‍ ചെയ്യിപ്പിക്കുന്നതെന്നൊരു നിരീക്ഷണമുണ്ട്. ബറോഡയിലെ ഒരു നാട്ടുരാജാവ് നടത്തിയിരുന്ന പ്രാവ് എക്സചേഞ്ച് പ്രധാനമന്ത്രിയുടെ ഉറക്കം കെടുത്തുന്നതിനെക്കുറിച്ച് പരിണാമം എന്ന നോവലില്‍ എം.പി. നാരായണപിള്ള എഴുതുന്നുണ്ട്. രാജാവിന്റെ ഓഫിസിലും മറ്റും സന്ദേശങ്ങള്‍ കൈമാറാന്‍ നിയോഗിച്ചിരുന്നത് പ്രാവുകളെയാണ്. ഈ എക്സചേഞ്ചിന്റെ ശത്രുക്കള്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ രാജാവിന്റെ സെക്രട്ടറി പറയുന്നത് പൂച്ചകളും പി ആന്റ് ടി ജിവനക്കാരും പ്രധാനമന്ത്രിയും എന്നാണ്.

പൂച്ചകള്‍ പ്രാവുകളുടെ പരമ്പരാഗത ശത്രുക്കളാണ്. പി ആന്റ് ടിക്കാരുടെ പ്രശ്നം അവരുടെ ജോലി പ്രാവുകള്‍ ഇല്ലാതാക്കുമോയെന്നാണ്. പക്ഷേ, ഏറ്റവും വലിയ പേടി പ്രധാനമന്ത്രിക്കാണെന്ന് നാരായണപിള്ള പറയുന്നു. കാരണം തന്റെ രാജ്യത്തുള്ള ഏതൊരു പൗരന്റെയും കത്ത് പൊട്ടിച്ച് വായിക്കാന്‍ തനിക്ക് ജന്മാവകാശമുണ്ടെന്നാണ് ഓരോ ഭരണാധികാരിയും വിശ്വസിക്കുന്നത്. പൗരസമൂഹത്തെ നിതാന്തമായി പേടിക്കുന്നതുകൊണ്ടാണ് അവര്‍ എന്താണ് ചിന്തിക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും അറിയാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ഈ പേടി മൂത്ത് ഒരു തരം ഉന്മാദത്തിലെത്തുമ്പോഴാണ് നാരായണപിള്ളയുടെ നോവലില്‍ പ്രാവുകളെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മൃഗഡോക്ടറെ രാജാവിന്റെ അടുത്തേക്ക് വിടുന്നത്.

ചര്‍ച്ച, സംവാദം, വിയോജിപ്പ് എന്നിവയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍. പെഗാസസ് വിഷയത്തില്‍ സര്‍ക്കാരല്ല പ്രതിക്കൂട്ടിലെങ്കില്‍ ആരാണെന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു ചാര സോഫ്റ്റ്വെയര്‍ പൗരസമൂഹത്തിനെതിരെ ആരാണ് ഉപയോഗിക്കുന്നതെന്ന സത്യം പുറത്തുകൊണ്ടുവരാന്‍ വൈകുന്ന ഓരോ നിമിഷവും സര്‍ക്കാര്‍ സ്വയം ശവക്കുഴി തോണ്ടുകയായിരിക്കും.

ഭരണകൂടങ്ങള്‍ അധാര്‍മ്മികതയുടെയും അന്യായത്തിന്റെയും കൂടാരമാവുമ്പോള്‍ ചെറുത്തുനില്‍പ് പൗരസമൂഹത്തിന്റെ ബാദ്ധ്യതയും ചുമതലയുമാണെന്നന്ന് ഗാന്ധിജിയാണ് പറഞ്ഞത്. ദ വയര്‍ ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ പെഗാസസ് പ്രൊജക്റ്റിലൂടെ ഏറ്റെടുത്തിരിക്കുന്നതും നടപ്പാക്കുന്നതും ഈ കടമയാണ്. ഇരുട്ട് നിറഞ്ഞ തുരങ്കത്തിനപ്പുറത്ത് പ്രകാശത്തിന്റെ ജ്വാലകള്‍ ഇപ്പോഴുമുണ്ടെന്ന് തന്നെയാണ് ഈ വെളിപ്പെടുത്തലുകള്‍ ജനാധിപത്യ സമൂഹത്തോട് വിളിച്ചുപറയുന്നത്.

വഴിയില്‍ കേട്ടത്: ഏറ്റവും മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ എം.പിമാര്‍ തയ്യാറാവണമെന്ന് പ്രധാനമന്ത്രി മോദി. ശവക്കുഴിയില്‍ കിടന്ന് ഫാ. സ്റ്റാന്‍ സ്വാമിയുടെ ആത്മാവ് ഞെരിപരി കൊള്ളുന്നുണ്ടാവണം...!

Content Highlights: Pegasus in not only a Watergate; Government should not forget Hegde | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented