പ്രതീകാത്മകചിത്രം | ഗ്രാഫിക്സ്: മാതൃഭൂമി
ഇത്തവണ നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുക വയ്യ. ചാരന്മാര് ഒരു ഭാരതീയ സങ്കല്പമാണ്. സംശയം ഉണ്ടോ. മഹാഭാരതം ഓര്‍ക്കുക. ചാരന്മാരാണ് എങ്ങും. ഭഗവാന് കൃഷ്ണന് ഗരുഡന്മാര് എന്ന പേരില്‍ ചാരസംഘം ഉണ്ടെന്ന് നരേന്ദ്ര കോഹ്ലി. ഖനകനെ ചാരനാക്കി വിദുരര്‍. ശിബിരത്തില്‍നിന്ന് കര്‍ണനെ വിളിച്ചിറക്കി കൃഷ്ണന്. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഈ കുചേലന്മാരുടെ കാര്യം എന്തു പറയാന്‍.
ചെരിപ്പുകടയില്‍ വരെ കാണാം. നിങ്ങള്‍ നിരീക്ഷണത്തിലാണ്. ചെരിപ്പിട്ട ശേഷം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം. ഇടുമ്പോള്‍ നമ്മളല്ലേ നിരീക്ഷിക്കേണ്ടത്. ജോര്‍ജ് ഓര്വൈല് പറഞ്ഞ സങ്കല്പ സുന്ദരലോകം, വല്യേട്ടന് എല്ലാം കാണുന്നുണ്ട്.
പണ്ടത്തെ തമാശയാണ്. തട്ടിന് മുകളില്‍ കള്ളന് ഒളിച്ചു. താഴെ ദാമ്പത്യകലഹം. ഭാര്യ പ്രാര്‍ത്ഥിച്ചു. എല്ലാം മുകളില്‍ ഒരാള്‍ കാണുന്നു. സത്യസന്ധനായ കള്ളന് പറഞ്ഞു. ഇല്ല ഞാനൊന്നും കണ്ടിട്ടില്ല.
പെഗാസസും അതിനെ വാടകയ്ക്ക് എടുത്തവരും ഒന്നും കണ്ടിട്ടില്ല. അല്ലെങ്കില്‍തന്നെ ഇന്നത്തെ ഇന്ത്യയില്‍ ഇതില്‍ കൂടുതല്‍ എന്ത് കാണാന്‍?
വി.കെ. കൃഷ്ണമേനോനെ പറ്റി ഒരു പുസ്തകമുണ്ട്. ജയറാം രമേഷ് എഴുതിയത്. മുഴുവന്‍ ഇത്തരം രഹസ്യരേഖകളാണ്. യൗവനം തൊട്ട് മരിക്കുവോളം. എന്നും നിരീക്ഷണത്തില്‍ ആയിരുന്നു മേനോന്. പെന്റഗണ്‍, ബ്രിട്ടീഷ് ഇന്റലിജന്‍സ്, ഇന്ത്യന്‍ ഏജന്‍സികള്‍, യു.എന്‍., ചൈന, ഈജിപ്റ്റ്, റഷ്യ എല്ലാവരും അദ്ദേഹത്തെ നിരീക്ഷിച്ചു.
എന്നിട്ട് കണ്ടെത്തി ഒരു കൗതുകം. യു.എസിന് ബ്രിട്ടന് നല്കിയ മറുപടി. ''അയാള്‍ കൗശലക്കാരന്. സൂക്ഷിച്ച് സംസാരിക്കുന്നു. ഇവിടത്തെ നിയമം ലംഘിക്കുന്നത് അയാള്‍ പറയില്ല. ഹിന്ദുസ്ഥാനിയിലാവണം നിയമവിരുദ്ധ പ്രസംഗങ്ങള്‍.''
കാര്യം മലയാളി ആണെങ്കിലും ആംഗലേയം അല്ലാതെ മേനോന് മറ്റൊരു ഭാഷയും അറിയില്ലായിരുന്നു!
ഇന്റലിജന്‍സ് ഏജന്‍സികളുടെ കാര്യമാണ്. കണ്ടെത്തുന്നത് യുക്തിഭദ്രമാവും. പക്ഷേ മനുഷ്യനെ യുക്തി കൊണ്ട് അളക്കാനാവില്ലെന്ന് ഓര്‍ക്കില്ല.
ചാരക്കഥകളുടെ കടലുണ്ട് എന്നും ലോകത്ത്. ലെനിനും സ്റ്റാലിനും ഹിറ്റ് ലറും തൊട്ട് ഏറ്റവും ജനാധിപത്യവാദികള്‍ വരെ നടപ്പാക്കിയത്. രാജ്യരക്ഷ എന്ന ബിന്ദുവിലാണ് ചാണക്യനീതി. ശത്രു തൊട്ടരികില്‍. നിങ്ങള്‍ അപകടത്തില്‍. അതിനാല്‍ ഞങ്ങളുടെ ചാരന്. മരക്കൊമ്പില്‍ കടവാതിലായി അവന് വരും. കൂട്ടിലെ തത്തയായി പറയും. പൂച്ചയായി നക്കും. പട്ടിയായി നില്ക്കും. സീബ്രാ ലൈന്‍ തെറ്റിച്ചതിന് അറസ്റ്റ് ചെയ്യും. പിന്നെ തെളിയിക്കേണ്ടത് നിങ്ങള്‍ മാത്രം. തെറ്റുകാരന്‍ അല്ലെന്ന്.
ആത്മവിശ്വാസം കുറഞ്ഞ അധികാരികള്‍ അക്രമത്തില്‍ അഭയം തേടും. നിഴലിനെ വരെ അവിശ്വസിക്കും. നിര്ഭയരെന്ന് നടിക്കും. സ്വന്തം മന്ത്രിമാരെ നിരീക്ഷിക്കും. നീതിപീഠങ്ങളെ സംശയിക്കും. നാവുകളെ പേടിക്കും. വായില്ലാക്കുന്നിലപ്പന്‍ മാത്രമാവണമെന്ന് ഓര്‍മ്മിപ്പിക്കും.
കുലാക്കുകളെ വേട്ടയാടിയ സോവിയറ്റ് ചെമ്പട, ജൂതരെ തേടിയ ഹിറ്റലര്‍, കുരുവിക്കുരുതിക്ക് പാട്ട കൊട്ടിയ മാവോ, പോള്‍ പോട്ട്, എണ്ണമറ്റ വംശീയഹത്യകള്‍. വന്മരങ്ങളെ പേടിക്കണം. എങ്ങാനും വീണാല്‍ നമ്മള് പാവം പുല്ക്കൊടികള്. ഞെരിഞ്ഞമരും. റേഷന്‍ കാര്‍ഡും ഓണം കിറ്റും നഷ്ടമാവും.
പെഗാസസിനെ നോക്കൂ. എത്ര ദയാരഹിതം കടന്നെത്തുന്നു. ഇല്ലാത്ത പണം കൊടുത്ത് വാങ്ങിയ നമ്മുടെ സ്വന്തം ഫോണ്‍. കിടപ്പറയില്‍വരെ കൂട്ട്. ഫോണില്‍ കൊതിക്കുന്ന ഏതെങ്കിലും സന്ദേശത്തിലൂടെ അവന് വരും. ഗ്രീക്ക് പുരാണത്തിലെ അതേ വെള്ളക്കുതിരയെ പോലെ. വെളുത്ത ചിറകുമായി ജലപാതങ്ങളില്‍ കുളിര്‍ന്ന്. പിന്നെ സ്വകാര്യതയില്ല. എല്ലാം ചോര്‍ത്തപ്പെടുന്നു.
ഇവിടെ പെഗാസസിന്റെ പട്ടിക സൂക്ഷ്മം. സര്‍ക്കാരിന് വേണ്ടത് ചിലരുടെ മാത്രം രഹസ്യം. സ്തുതി പാടാത്ത മാധ്യമപ്രവര്‍ത്തകര്‍. ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന രാഷ്ട്രീയക്കാര്‍. മലിനമാക്കാനാവാത്ത സാമൂഹികപ്രവര്‍ത്തകര്‍. സ്വന്തം രഹസ്യങ്ങള്‍ കൂടുതല്‍ അറിയുമോ എന്ന് പേടിക്കുന്ന ചില സഹപ്രവര്‍ത്തകര്‍. അതെ, സമാധാനത്തിന്റെ മന്ത്രി പടക്കളത്തിലാണ്.
ഇന്ത്യക്കാര്‍ക്ക് കളവു പോയത് ജീവിതം തന്നെയാണ്. പണ്ട് ചില എഴുത്തുകാര്‍ ഇന്ത്യ വിറ്റ് ജീവിക്കുന്നു എന്ന് രോഷപ്പെട്ടവരുണ്ട്. അവരും ആ എഴുത്തുകാരും മരിച്ചു. ദാരിദ്ര്യം പിന്നേയും ശക്തമായി. വീട്ടുപടിക്കല്‍ പോലീസിനെ കണ്ടാലൊന്നും ഇനിയാരും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പോകുന്നില്ല. സബ് സഹാറന്‍ പട്ടികയിലേക്ക് ഇന്ത്യന്‍ അഴിമതിക്കാരും എത്തിക്കഴിഞ്ഞു. പാര്‍ട്ടിയല്ല, പണമാണ് മുഖ്യം.
എതിരാളിയുടെ യുദ്ധതന്ത്രങ്ങള്‍ അറിയുന്നത് തെറ്റല്ല. എതിരാളിയെ തോല്പിക്കുകയും വേണം. എന്നാല്‍ എതിരാളിയേ പാടില്ലെന്ന് ശഠിക്കരുത്. അത് ജനാധിപത്യമല്ല. ജനാധിപത്യം ഇല്ലെങ്കില്‍ പിന്നെ താലിബാനാവും. ആരേയും വിളക്കുകാലില്‍ കൊന്നു കെട്ടിത്തൂക്കാനാവും.
രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍, രാജ്യം വിശദീകരണം ആവശ്യപ്പെടുന്നു. എന്തിന്? കേവലനിഷേധം മതിയാവില്ല. സ്വകാര്യത മൗലികാവകാശമാണ്. സ്വാതന്ത്യം പോലെ തന്നെ. അത് അലനായാലും താഹയ്ക്കായാലും സ്മൃതി ഇറാനിക്ക് ആയാലും.
സാങ്കേതികത എത്ര എളുപ്പത്തിലാണ് ആഗസ്റ്റ് 15-നെ അപഹരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ വാതിലുകള്‍ അടച്ചിട്ടേക്കുക. ഒളിഞ്ഞുനോട്ടത്തിന്റെ കാലമാണ്. അത് അശ്ലീലവുമാണ്.
എല്ലാം മുകളില്‍ ഒരാള്‍ കാണുന്നുണ്ട്.
Content Highlights: Pegasus controversy and Indian democracy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..