പവൻ ജല്ലാദ്
രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2020-ലാണ്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയകേസില്‍ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ തിഹാര്‍ ജയിലില്‍ തൂക്കിക്കൊന്നു. 2012 ഡിസംബറിലെ കൊടുംതണുപ്പില്‍ ക്രൂരകൃത്യം നടന്നത് മുതല്‍ കേസിന്റെ ഓരോ ഘട്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. നിര്‍ഭയ്ക്ക് നീതിതേടി ജനം തെരുവിലിറങ്ങിയപ്പോള്‍ അവരിലൊരാളായി.
ക്രൂരവും പൈശാചികവുമായ കുറ്റകൃത്യം. കര്‍ത്തവ്യപഥില്‍ അക്രമസക്തമായ പ്രക്ഷോഭത്തിന്റെ നടുവില്‍ നിന്നായിരുന്നു റിപ്പോര്‍ട്ടിങ്. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അഭിമാനം തോന്നിയ ദിനങ്ങള്‍. സാകേത് കോടതി മുതല്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ നിയമപോരാട്ടങ്ങള്‍. എട്ട് വര്‍ഷത്തിനിപ്പുറം 2020 മാര്‍ച്ച് 20-ന് തിഹാറില്‍ ശിക്ഷ നടപ്പാക്കുമ്പോള്‍ മധ്യപ്രദേശിലെ രാഷ്ട്രീയ അസ്ഥിരത റിപ്പോര്‍ട്ട് ചെയ്യാന്‍ ഭോപ്പാലിലായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസിലെ മുറിയിലിരുന്ന് വധശിക്ഷ നടപ്പാക്കിയ വാര്‍ത്ത ടെലിവിഷനില്‍ കണ്ടു.
പക്ഷേ, കേസുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത അനുഭവം മറ്റൊന്നാണ്. പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാരെ നേരില്‍ കാണാനും അഭിമുഖം എടുക്കാനും അവസരം ലഭിച്ചു. കഥകളിലും സിനിമകളിലുമായിരുന്നു കുറ്റവാളികളെ തൂക്കിക്കൊല്ലുന്ന ആരാച്ചാരെ വായിച്ചതും കണ്ടതും. കേരളത്തില്‍ എന്റെ തലമുറയില്‍പ്പെട്ടവര്‍ ആരാച്ചാരെ നേരില്‍ കാണാനിടയില്ല. അത്തരമൊരു 'അപൂര്‍വഭാഗ്യം' എന്നെ തേടിയെത്തി.
ഉത്തര്‍പ്രദേശുകാരന്‍ പവന്‍ ജല്ലാദ്ദ്. സമകാലിക ഇന്ത്യയിലെ ഏക ആരാച്ചാര്‍. നിര്‍ഭയ കേസില്‍ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി വധശിക്ഷ നടപ്പാക്കാന്‍ തീയതിയും തീരുമാനിച്ചു. എന്നാല്‍, ആരാകും ശിക്ഷ നടപ്പാക്കുക? സസ്‌പെന്‍സ് തുടര്‍ന്നു. രാജ്യത്തെ അംഗീകൃത ആരാച്ചര്‍മാരുടെ എണ്ണം കുറവായിരുന്നതാണ് അനിശ്ചിതത്വങ്ങള്‍ക്ക് കാരണം. ഉത്തര്‍പ്രദേശില്‍ ലക്‌നൗ, മീററ്റ് ജയിലുകളിലായിരുന്നു ആരാച്ചാര്‍മാര്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആരെയെങ്കിലും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പിന് കത്തയച്ചു. അനൂകുലമായിട്ടായിരുന്നു ജയില്‍ വകുപ്പിന്റെ പ്രതികരണം. ലക്‌നൗവില്‍ താമസിക്കുന്നയാളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഇതോടെ മീററ്റ് ജയിലിലെ ആരാച്ചാരായ പവന്‍ ജല്ലാദിന് നറുക്ക് വീണു. തമിഴ്‌നാട് രാമനാഥപുരത്തെ പോലീസ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസനും ശിക്ഷ നടപ്പാക്കാന്‍ താത്പര്യപ്പെട്ടിരുന്നു.
ആരാച്ചാരെ തേടിയുളള യാത്ര സുഗമമായിരുന്നില്ല. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റിലാണ് പവന്‍ ജല്ലാദിന്റെ വീടെന്ന് ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് മനസിലാക്കി. ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ വാര്‍ത്ത തേടി പോയിട്ടുളള സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. പൊതുതിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ്, അയോധ്യ അടക്കമുളള വിഷയങ്ങളില്‍ പല തവണ സഞ്ചരിച്ച സംസ്ഥാനം. യു.പിയില്‍ നിരവധി സുഹൃത്തുക്കളെ സമ്പാദിക്കാനും കഴിഞ്ഞു. ജല്ലാദിനെ അന്വേഷിച്ച് ആദ്യം പോയത് മീററ്റ് ജയിലിലായിരുന്നു. അതിരാവിലെ ടാക്‌സിയില്‍ ഡല്‍ഹിയില്‍നിന്ന് മീററ്റിലേക്ക് യാത്ര തിരിച്ചു.
ഉത്തര്‍പ്രദേശിലെ മാധ്യമ സുഹൃത്താണ് ജല്ലാദിന്റെ നമ്പര്‍ നല്‍കിയത്. വിളിച്ചപ്പോള്‍ മീററ്റിലേക്ക് വരൂ എന്നായിരുന്നു മറുപടി. രണ്ടര മണിക്കൂറെടുത്തു മീററ്റെത്താന്‍. ജില്ലാ ജയിലിന് പുറത്തെ പാറാവുകാരനോട് പവന്‍ ജല്ലാദിനെക്കുറിച്ച് ചോദിച്ചെങ്കിലും സൂപ്രണ്ട് വരട്ടെ എന്നായിരുന്നു മറുപടി. ഏതാണ്ട് മൂന്ന് മണിക്കൂറോളം ജയിലിന് പുറത്ത് കാത്തുനിന്നു. ഒടുവില്‍ കൊമ്പന്‍ മീശക്കാരായ സൂപ്രണ്ട് വന്നിറങ്ങി. പവന്‍ ജല്ലാദിനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അവധിയിലാണെന്ന് മറുപടി ലഭിച്ചു. വീടോ മേല്‍വിലാസമോ തിരക്കിയെങ്കിലും സൂപ്രണ്ട് സഹകരിച്ചില്ല.
നിരാശയോടെ വീണ്ടും ജല്ലാദിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ജല്ലാദിന്റെ നമ്പര്‍ തന്ന സുഹൃത്തിനെ ബന്ധപ്പെട്ടപ്പോള്‍ നഗരത്തോട് ചേര്‍ന്നുളള കാന്‍ഷിറാം കോളനിയിലേക്ക് ചെല്ലാന്‍ പറഞ്ഞു. എന്തായാലും ശ്രമിച്ചുനോക്കാമെന്ന് കരുതി. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ജല്ലാദിന്റെ വാസസ്ഥലം കണ്ടുപിടിച്ചു. സര്‍ക്കാര്‍ വക കോളനി. ഒറ്റ മുറി ഫ്‌ലാറ്റുകളുടെ കോണ്‍ക്രീറ്റ് കാട്. വഴിയരികില്‍ വാഹനം നിര്‍ത്തി. ജല്ലാദിന്റെ വീട് തേടി നടപ്പ് തുടങ്ങി. പവന്‍ ജല്ലാദിനെ ആളുകള്‍ക്ക് അറിയാം. എന്നാല്‍, ആ കോണ്‍ഗ്രീറ്റ് കാടില്‍ എവിടെയാണെന്ന് കൃത്യമായി പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ബാര്‍ബര്‍ ഷോപ്പ്, പലചരക്ക് കട തുടങ്ങി മിക്കയിടത്തും തിരക്കി. എല്ലാവരും കൈമലര്‍ത്തി. ഉച്ചസമയത്തും നല്ല തണുപ്പായിരുന്നു. നടന്ന് ക്ഷീണിച്ചപ്പോള്‍ വണ്ടിയില്‍ കയറിയിരുന്നു, ഇതിനിടെ ഒരു റിക്ഷക്കാരന്‍ അടുത്തുവന്ന് വാഹനം നീക്കിയിടാന്‍ ആവശ്യപ്പെട്ടു. ദോഷ്യത്തോടെ വാഹനത്തിന് പുറത്തിറങ്ങിയ എന്നോട് എവിടെനിന്ന് വരുന്നുവെന്ന് റിക്ഷക്കാരന്‍ ചോദിച്ചു. പവന്‍ ജല്ലാദിനെ തിരക്കി എത്തിയതാണെന്ന് മറുപടി നല്‍കി. 'ജല്ലാദ്...വോ നിര്‍ഭയ കേസ്' റിക്ഷക്കാരന്‍ ആകാംക്ഷയോടെ ചോദിച്ചു. ജല്ലാദിന്റെ വീട് അറിയാമോ ?. അയാള്‍ ഞങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്തതിന് കുറച്ച് പിന്നിലേക്ക് കൈ ചൂണ്ടി. 'അന്ത് മേം'. ചെറിയ വഴിയുടെ അവസാനം കാണുന്ന വീട്.
ഞാനും ക്യാമറാമാനും ഡ്രൈവറും ജല്ലാദിന്റെ വീട്ടിലേക്ക് ഉത്സാഹത്തോടെ നടന്നു. ജല്ലാദിനെ കണ്ടെത്താനുളള ശ്രമത്തിനിടെ ഉച്ചഭക്ഷണം വേണ്ടെന്ന് വെച്ചു. ഫ്‌ളാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. തൊട്ടടുത്തെ വീട്ടില്‍ തിരക്കിയപ്പോള്‍ ജല്ലാദിനെ പരിചയമില്ലാത്ത പോലെയായിരുന്നു പ്രതികരണം. ഇയാളിത് എവിടെ പോയി? എന്തായാലും വൈകീട്ട് വരെ അവിടെ കാത്തുനില്‍ക്കാന്‍ തീരുമാനിച്ചു. ടാക്‌സിയില്‍ കുറച്ചു നേരം കിടന്നു. ക്ഷീണം കാരണം ഉറങ്ങിപ്പോയി. ബൈക്കിന്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. സമയം നോക്കി. വൈകീട്ട് അഞ്ചേകാല്‍. ജല്ലാദ് താങ്കളെവിടെയാണ്? മുന്‍കൂട്ടി പറഞ്ഞിട്ടല്ലേ വന്നത്? മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നതിനുമില്ലേ പരിധി? ചിന്ത പല വഴിക്കായി. തൊട്ടടുത്ത് നിര്‍ത്തിയ ബൈക്കിലേക്ക് നോക്കി. തോക്ക് തൂക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നില്‍ പ്രായമായ ഒരാളുമുണ്ട്. ഉറക്കച്ചടവില്‍ കണ്ണ് തിരുമ്മി വീണ്ടും നോക്കി. പോലീസിനൊപ്പം ഇരിക്കുന്നയാളെ എവിടെയോ കണ്ട പോലെ. പവന്‍ ജല്ലാദ്. ലോട്ടറിയടിച്ച അവസ്ഥ. അലച്ചിലിനൊടുവില്‍ ആരാച്ചാരെ കണ്ടെത്തിയിരിക്കുന്നു.
കാറില്‍ നിന്നിറങ്ങി നേരെ ജല്ലാദിന്റെ അടുത്തേക്ക് നടന്നു. നന്നേ ഉയരം കുറഞ്ഞ മനുഷ്യന്‍. വെറ്റില മുറുക്കി കറ വീണ പല്ലുകള്‍. കണ്ണുകളില്‍ ഉറക്കച്ചടവ്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താമസിക്കാന്‍ മായാവതി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പണി കഴിപ്പിച്ചതാണ് കോളനി. എല്ലാം ഒറ്റമുറി വീടുകള്‍. ഒരു ചെറിയ ഹാളും അതിനോട് ചേര്‍ന്ന് അടുക്കളയും. മുറിയില്‍ ഇരുള് പരന്നുകിടന്നു. നിര്‍ഭയ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് പവന്‍ ജല്ലാദ് ആയിരിക്കുമെന്ന് ഉറപ്പായപ്പോള്‍ മുതല്‍ സുരക്ഷയ്ക്ക് ഒരു സായുധ പോലീസ് ഉദ്യോഗസ്ഥനെ യു.പി. സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കാവല്‍.
സ്വയം പരിചയപ്പെടുത്തിയ ശേഷം ആഗമന ഉദ്ദേശ്യം വെളിപ്പെടുത്തി. അഭിമുഖം അനുവദിക്കണം. എന്നാല്‍, കൂടെയുളള പോലീസ് ഉദ്യോഗസ്ഥനോട് ചോദിക്കൂ എന്നായിരുന്നു മറുപടി. എന്തു പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ എന്റെ നിര്‍ബന്ധത്തിന് ഇരുവരും വഴങ്ങി. സിദ്ധിറാം എന്ന പവന്‍ ജല്ലാദ് ജീവിതം പറഞ്ഞുതുടങ്ങി. ജാതിയും ഉപജാതിയും മനുഷ്യനെ വേര്‍തിരിക്കുന്ന ഉത്തര്‍പ്രദേശില്‍ പിന്നാക്കക്കാരനായ പവന്‍ ഹീറോ ആയ കഥ. വധശിക്ഷ നടപ്പാക്കുമ്പോള്‍ ആരാച്ചാരുടെ മനസിലെന്താണ്? ചിരിയായിരുന്നു ജല്ലാദിന്റെ മറുപടി. പിന്നെ ഓര്‍ത്തെടുത്തു. തലമുറകളായി കൈമാറ്റം ചെയ്ത തൊഴിലിന്റെ നാള്‍വഴി.
1989. ജയ്പൂര്‍ ജയില്‍. ബലാത്സംഗകേസ് പ്രതിയെ തൂക്കിലേറ്റാനുളള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. പവന്‍ ജല്ലാദിന്റെ മുത്തച്ഛന്‍ കല്ലൂറാം ജല്ലാദായിരുന്നു ആരാച്ചാര്‍. ആദ്യമായാണ് പവന്‍ ജയില്‍ കാണുന്നത്. കുറ്റം ചെയ്‌തോ അല്ലാതെയോ ഇതുവരെ ജയിലിന്റെ പടി ചവിട്ടിയില്ല. കൊലമരത്തിനു കീഴെ പ്രതിയുടെ കാലുകള്‍ ബന്ധിക്കുന്ന ജോലിയാണ് പവന്‍ ചെയ്തത്. പ്രാര്‍ത്ഥനകളോടെ മരണത്തിലേക്ക് യാത്രയാകുന്ന അജ്ഞാതന്റെ ഹൃദയമിടിപ്പ് അടുത്തറിഞ്ഞ നിമിഷങ്ങള്‍. കുലത്തൊഴിലിന്റെ വഴിയില്‍ ആദ്യ ചുവടുവെയ്പ്പ്. നിയമത്തിന്റെ മുന്നിലെ ശരിയില്‍ കുറ്റവാളികളുടെ ജീവിക്കാനുളള അവകാശത്തിന് വിലയില്ലെന്ന തിരിച്ചറിവായിരുന്നു പവനെ കുടുംബ തൊഴില്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. നൊടിയിടയില്‍ കഴുമരമേറിയ ആളുടെ ജീവനറ്റ ശരീരത്തിന്റെ ചൂട് തൊട്ടറിഞ്ഞ് ഭീതി മാറ്റിയ ജല്ലാദ് ആരാച്ചാരിലേക്ക് വേഷപകര്‍ച്ച നടത്തി.
കല്ലുറാമിന്റെ പിതാവ് ലക്ഷ്മന്‍ റാമായിരുന്നു ജല്ലാദ് കുടുംബത്തിലെ ആദ്യ ആരാച്ചാര്‍. കല്ലുറാമിന്റേയും ലക്ഷ്മണ്‍ റാമിന്റേയും മരണശേഷം ജല്ലാദ് കുടുംബത്തില്‍ തര്‍ക്കം ഉടലെടുത്തു. തൊഴിലിന്റെ പിന്തുടര്‍ച്ച അവകാശത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം. ജല്ലാദിന്റെ പിതാവിന്റെ സഹോദരനായിരുന്നു എതിരാളി.. കൂടാതെ ജല്ലാദിന്റെ സഹോദരനും. കോടതി കയറിയ പോരാട്ടത്തിനൊടുവില്‍ പവന്‍ ജല്ലാദിന് ആരാച്ചാരുടെ നിയമപരമായ അവകാശം ലഭിച്ചു. ശിക്ഷ നടപ്പാക്കുമ്പോള്‍ മനസില്‍ ശക്തി സംഭരിക്കുകയെന്നതിലുപരി മറ്റു പ്രത്യേക തയ്യാറെടുപ്പുകളൊന്നും പവന്‍ ജല്ലാദ് നടത്തിയിട്ടില്ല. ആഗ്ര ജയിലില്‍ ബലാത്സംഗകേസ് പ്രതി ജുമ്മനെ കഴുമരമേറ്റുമ്പോള്‍ പവന്‍ ജല്ലാദിന് വയസ് ഇരുപത്തിരണ്ട്. മുത്തച്ഛനെ സഹായിക്കാനെത്തിയ പവന്‍ ശിക്ഷ നടപ്പാക്കുന്നത് സ്വയമേറ്റെടുത്തു. ജയ്പൂരിലും അലഹബാദിലുമായി രണ്ടു പേരെ തൂക്കിലേറ്റി. പട്യാലയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ രണ്ടു പേരുടെ വധശിക്ഷയും നടപ്പാക്കി.

ശിക്ഷ നടപ്പാക്കുന്നതിന് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു മുന്‍പ് ജയിലിലെത്തും. കൊലമരം കണ്ട് ബോധ്യപ്പെടും. ബിഹാറിലെ ബക്സര്‍ സെന്‍ട്രല്‍ ജയിലില്‍ നിര്‍മിക്കുന്ന മനില കയറാണ് തൂക്കാന്‍ ഉപയോഗിക്കുന്നത്. ബക്‌സര്‍ കയറിന്റെ ചരിത്രവും പവന് കാണാപാഠമാണ്. ബിഹാറിലെ ബക്സര്‍ സെന്‍ട്രല്‍ ജയിലിന്റെ കുത്തക അവകാശമാണ് തൂക്കുകയര്‍ നിര്‍മാണം. ഫാക്ടറി നിയമപ്രകാരം മറ്റാരെങ്കിലും തൂക്കുകയര്‍ നിര്‍മിക്കുന്നത് ശിക്ഷാര്‍ഹമാണ്. ബംഗാളില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം വ്യാപിപ്പിച്ചതിനു പിന്നാലെയാണ് തൂക്കുകയറിന്റെ ചരിത്രമാരംഭിക്കുന്നത്. കയര്‍ ഉണ്ടാക്കാനുളള യന്ത്രം കൊണ്ടുവന്നത് ബ്രിട്ടനില്‍നിന്ന്. സാധാരണകയറുകളില്‍നിന്ന് വ്യത്യസ്തമാണ് തൂക്കുകയര്‍. വളരെ മൃദുവായതും ശക്തിയേറിയതും. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബക്സര്‍ ജയിലിലെ കാലാവസ്ഥയും ജയിലിലെ വെളളത്തിന്റെ പ്രത്യേകതയും കയറിനെ കൂടുതല്‍ കരുത്തുളളതാക്കി മാറ്റി. നദിയോടു ചേര്‍ന്നുളള കിണറിലെ വെളളമാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ജെ 34 എന്ന് വിളിപ്പേരുളള നാരുകള്‍ ഉപയോഗിച്ച് നിര്‍മാണം. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍നിന്നും ഇറക്കുമതി ചെയ്ത നാരുകളാണ് ഉപയോഗിക്കുന്നത്. 154 നാരുകള്‍ ചേര്‍ന്നതാണ് ഒരു നൂല്. ഇത്തരത്തില്‍ ആറ് നൂലുകള്‍ ചേര്‍ത്താല്‍ കയറാകും.
കയറിന്റെ മൃദുത്വം ഉറപ്പിക്കാന്‍ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ധാരാളം വെളളം ഉപയോഗിച്ച് നനയ്ക്കും.
നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ 10 കയറുകളാണ് നിര്‍മിച്ചത്. ജയിലിലെ അന്തേവാസികള്‍ക്കാണ് കയര്‍ നിര്‍മാണത്തിന്റെ ചുമതല. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരില്‍ മുതിര്‍ന്നയാളുകളെ ഇതിനായി നിയോഗിക്കും. ഏറെ വൈദഗ്ധ്യം വേണ്ട തൊഴിലാണ് കൊലക്കയര്‍ നിര്‍മാണം. കഴുത്തില്‍ കയര്‍ കുരുകിയുളള മരണമെന്നാണ് വധശിക്ഷ നടപ്പാക്കുന്ന നിയമത്തില്‍ പറയുന്നത്. കയര്‍ ഉരഞ്ഞ് കഴുത്തില്‍ മുറിവുണ്ടാക്കരുത്. മുറിവുണ്ടെങ്കില്‍ ഇക്കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം. അതിനാല്‍ കയര്‍ കുരുങ്ങി മുറിവുണ്ടാകില്ലെന്ന് ആദ്യം ഉറപ്പുവരുത്തും. കുറഞ്ഞ സമയത്തില്‍ മരണം സംഭവിക്കണം. പ്രതികളുടെ അതേ തൂക്കവും പൊക്കവും ഉള്ള ഡമ്മികളില്‍ തുടര്‍ച്ചയായി പരീക്ഷണം. കൊടുംകുറ്റവാളികള്‍ കരുണ അര്‍ഹിക്കുന്നില്ലെന്നാണ് പവന്റെ പക്ഷം.
കൊലമരത്തിലേക്ക് യാത്ര ആകുന്നവര്‍ അവസാനനിമിഷവും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കൊതിച്ചവരാണെന്ന് പവന്‍ ഓര്‍ത്തെടുത്തു. മുഖം മറയ്ക്കാനുളള കറുത്ത തുണിയുമായി സമീപിക്കുമ്പോള്‍ പ്രതികള്‍ കണ്ണുകളാല്‍ ആശയവിനിമയം നടത്തും. അപ്പോള്‍ ജീവിക്കാനുളള ആര്‍ത്തി പ്രകടമാകും, അല്ലെങ്കില്‍ ചെയ്തുപോയ തെറ്റിന്റെ പശ്ചാത്താപം. കയറിനാല്‍ കൈകാലുകള്‍ ബന്ധിക്കുമ്പോള്‍ തണുത്തു മരവിച്ച ശരീരത്തിന്റെ നിസംഗത ബോധ്യപ്പെടും. കുരുക്കിടുമ്പോള്‍ അജ്ഞാതന്റെ മുഖഭാവം എന്തായിരിക്കുമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. കറുത്ത തുണിയ്ക്കുള്ളില്‍ തേങ്ങല്‍ കേട്ടിട്ടുണ്ട്.
മരണവാറണ്ട് പുറപ്പെടുവിച്ചാല്‍ പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ആത്മഹത്യ ചെയ്യാതിരിക്കാന്‍ കര്‍ശന സുരക്ഷയുണ്ടാകും.
തൂക്കിലേറ്റുന്ന ദിനം പുലര്‍ച്ചെ നാലു മണിക്കാണ് പ്രതിയെ ഉണര്‍ത്തുക. ധരിക്കാന്‍ പുതുവസ്ത്രം നല്‍കും. തൂക്കുമരത്തിലേക്ക് 12 സായുധ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ അനുഗമിക്കും. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, ജയിലര്‍, ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട്, സായുധ പൊലീസുകാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ശിക്ഷ നടപ്പാക്കുക. ഈ സമയം ഉദ്യോഗസ്ഥര്‍ പരസ്പരം സംസാരിക്കില്ല. പരിപൂര്‍ണ നിശബ്ദതയായിരിക്കുമെന്ന് പവന്‍ പറയുന്നു. ജയില്‍ സുപ്രണ്ട് വായിക്കുന്ന വാറണ്ടില്‍ പ്രതി ഒപ്പുവെയ്ക്കും. ജയിലറുടെ നിര്‍ദേശപ്രകാരം ആരാച്ചാര്‍ കറുത്ത മുഖാവരണം അണിയിക്കും. ഇതിനുപിന്നാലെ തൂക്കുകയര്‍ കഴുത്തിലിടും. ജയിലര്‍ തൂവാല താഴെയിടുന്നതോടെ ലിവര്‍ വലിക്കും.
പ്രതിയുടെ മൃതശരീരം അപ്പോള്‍ കയറില്‍ തൂങ്ങിയാടും. ചെറിയ പിടപ്പ്. എതാണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ഡോക്ടറെത്തി മരണം സ്ഥിരീകരിക്കും. തുടര്‍ന്നു മരണവാറണ്ടില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവെയ്ക്കും.പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കും. അല്ലെങ്കില്‍ ജയില്‍വളപ്പില്‍ സംസ്‌കരിക്കും. മൃതദേഹത്തില്‍നിന്ന് കൊലക്കയര്‍ വേര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കിയ അഭിമാനമാണ് പവന്.
ശിക്ഷ നടപ്പാക്കി കഴിഞ്ഞാല്‍ ജല്ലാദ് മിക്കവാറും അന്നേ ദിനം ജലപാനം കഴിക്കില്ല. ആളുകള്‍ക്ക് പവന്‍ ജല്ലാദ് ഹീറോയാണെങ്കിലും വീട്ടില്‍ പ്രാരബ്ധക്കാരനാണ്. മീററ്റ് ജില്ലാ ജയിലില്‍ പേരിനൊരു ജോലി. ശമ്പളം വെറും അയ്യായിരം രൂപ. സര്‍ക്കാര്‍ നല്‍കിയ ഒറ്റമുറി വീട്ടില്‍ ഭാര്യയും ഏഴു മക്കളുമൊത്ത് ജീവിതം. നാലു പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. രണ്ടുകൊല്ലം മുന്‍പ് വരെ വെറും മൂവായിരം രൂപയായിരുന്നു ശമ്പളം. വധശിക്ഷ വിധിക്കുന്നതും നടപ്പാക്കപ്പെടുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വമായതിനാല്‍ ദുരിതമാണ് ജല്ലാദിന്റെ ജീവിതം. വെറുതെയിരിക്കുന്ന ഒരാള്‍ക്ക് മൂവായിരം രൂപ തന്നെ അധികമെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ദാരിദ്ര്യം പ്രതിസന്ധിയായപ്പോള്‍ പവന്‍ സമരത്തിനിറങ്ങി. പ്രതിഷേധം കനത്തതോടെ ശമ്പളം വര്‍ധിപ്പിച്ചു.
നിര്‍ഭയ കേസില്‍ ഒരാളെ തൂക്കിലേറ്റിയാല്‍ ലഭിക്കുക 25,000 രൂപ. പ്രതികള്‍ നാലായതിനാല്‍ ഒരു ലക്ഷം രൂപ. പ്രായപൂര്‍ത്തിയായ മകളുടെ വിവാഹമായിരുന്നു ഈ സമയം പവന്‍ ജല്ലാദ്ദിന്റെ മനസില്‍. നിര്‍ഭയ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് പവന്‍ ജല്ലാദാണെന്ന് അറിഞ്ഞതോടെ വീട്ടിലേക്ക് മാധ്യമ പ്രവര്‍ത്തകരുടേയും പ്രാദേശിക രാഷ്ട്രീയനേതാക്കളുടേയും ഒഴുക്കായി. വീട്ടില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാതാതോടെ ഭാര്യയേയും മക്കളേയും മറ്റൊരിടത്തേക്ക് മാറ്റി. പവന്റെ ദുരിതക്കയത്തില്‍ സഹായഹസ്തം നീട്ടുന്നവരും നിരവധി. ജയിലില്‍ സ്ഥിരം പോകേണ്ട ആവശ്യമില്ലാത്തതിനാല്‍ കുടുംബം പോറ്റാന്‍ മറ്റു തൊഴിലുകള്‍ ചെയ്യാനും പവനു മടിയില്ല. കാന്‍ഷിറാം കോളനിയിലെ കൂലിപ്പണിക്കാരനായ ആരാച്ചാര്‍.
നിര്‍ഭയകേസില്‍ പ്രതികളെ തൂക്കിലേറ്റുന്നത് താനായിരിക്കുമെന്ന് പവന്‍ ജല്ലാദിന് ഉള്‍വിളിയുണ്ടായിരുന്നു. ഇടയ്ക്കിടെ നാല് കഴുമരങ്ങള്‍ സ്വപ്നം കണ്ടിരുന്നതായി പവന്‍ പറഞ്ഞു. ആരാച്ചാരെ തേടി തിഹാര്‍ ജയില്‍ അധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പിന് കത്ത് അയച്ചതോടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നതായി പവന്‍ ജല്ലാദിന് തോന്നി. ഇന്ത്യയില്‍ ഇതിനു മുന്‍പ് ഒരേ സമയം രണ്ടു പേരെ മാത്രമാണ് ഒരുമിച്ച് തൂക്കിലേറ്റിയിട്ടുളളത്. അതിനാല്‍ നാലു പേരുടെ ശിക്ഷ നടപ്പാക്കുകയെന്ന ചരിത്രനിയോഗമായിരുന്നു ജല്ലാദിനെ കാത്തിരുന്നത്. നിര്‍ഭയ കേസില്‍ പ്രതികളെല്ലാം വധശിക്ഷ അര്‍ഹിക്കുന്നവരെന്നായിരുന്നു പവന്റെ പക്ഷം.
കൊടുംക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷയാണ് മറുപടി. ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കണം. പ്രതികള്‍ക്ക് മാപ്പ് നല്‍കുന്നതില്‍ കാര്യമില്ലെന്നും പവന്‍ പറഞ്ഞു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കാത്തിരിപ്പാണ് പ്രതികളെ പോലെ ആരാച്ചാര്‍ക്കും.
Content Highlights: Pawan Jallad, hangman of Kanshi Ram Colony


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..