.
മയക്കുമരുന്ന് കടത്തിനും പെണ്‍വാണിഭത്തിനും കുപ്രസിദ്ധിയാര്‍ജിച്ച പ്രദേശങ്ങളാണ് മധ്യപ്രദേശ്- രാജസ്ഥാന് അതിര്‍ത്തി. 2014-ല്‍ ലോക്സഭ തിരഞ്ഞെടുപ്പ്
റിപ്പോര്‍ട്ട് ചെയ്യാന്‍ രാജസ്ഥാനിലെത്തിയപ്പോഴാണ് കറപ്പ് (ഒപ്പിയം) കൃഷിയെക്കുറിച്ച് അറിയുന്നത്. രാജസ്ഥാനില്‍ ബാര്‍മേര്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ സുലഭമായിരുന്നു മയക്കുമരുന്നിന്റെ രാജാവ്. വിവാഹമുള്‍പ്പടെയുളള ആഘോഷ പരിപാടികളില്‍ മദ്യത്തിനു പുറമെ കറപ്പ് പരസ്യമായി വിരുന്നുകാര്‍ക്ക് നല്കി സത്കരിക്കുന്നത് പതിവായിരുന്നു. കറപ്പ് ലഭിക്കാത്തതിനാല്‍ വിവാഹം അലങ്കോലമായ എത്രയോ സംഭവങ്ങള്‍ ഡ്രൈവര്‍ മാഘവ് മീണ യാത്രയ്ക്കിടെ തമാശരൂപത്തില്‍ പറഞ്ഞിരുന്നു.
ബാര്‍മേര്‍. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ നാട്. നോക്കെത്താ ദൂരം മണല്‍പരപ്പ്. ഇടയ്ക്കിടെ ചെറുഗ്രാമങ്ങള്‍. ബാര്മേറിലേക്കുളള യാത്രയ്ക്കിടെ ചുട്ടുപൊളളുന്ന ചൂടിലും മാഘവ് മീണയുടെ നാട്ടുകഥകളായിരുന്നു ആശ്വാസം. ഭൂരിഭാഗം കഥകളും നല്ല മസാല പരുവം. നാട്ടുകഥകളില്‍ മിക്കപ്പോഴും കറപ്പ് കടന്നുവരും. മദ്യത്തിനും മറ്റ് മയക്കുമരുന്നുകള്‍ക്കും മേലെ ലഹരിയുടെ സുല്‍ത്താനായി കറപ്പിനെ മീണ വിശേഷിപ്പിക്കും. ഒട്ടകത്തേയും കുതിരകളേയും സ്ത്രീകളേയും ഉപയോഗിച്ചുളള കറപ്പിന്റെ കളളക്കടത്ത്. വേഗത്തില്‍ പണക്കാരനാകാം, ഒപ്പം അസ്സല് ക്രിമിനലും. മാഘവ് മീണ പറഞ്ഞുനിറുത്തി. രാജസ്ഥാനില്‍ കറപ്പ് പാടങ്ങളുണ്ടോയെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മാഘവ് മീണയുടെ മറുപടി. മധ്യപ്രദേശില്‍ കൃഷിയുളളതായി കേട്ടിട്ടുണ്ടെന്നും മീണ പറഞ്ഞു.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2019-ല്‍ മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കറപ്പിന്റെ കൃഷിയിടം തേടിയിറങ്ങി. മധ്യപ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്. രാജസ്ഥാനോട് ചേര്‍ന്നുളള അതിര്‍ത്തിയില്‍. രത്ലമിലായിരുന്നു താമസം. ഹോട്ടല്‍ മുറിയില്‍ വെളളം കൊണ്ടുവന്ന അശോകില്‍ നിന്നാണ് കറപ്പ് പാടത്തെക്കുറിച്ച് സൂചന ലഭിച്ചത്. പരിചയക്കാര് ആരുമില്ലാതെ ഒപ്പിയം പാടത്ത് പോവുക അസാധ്യമായിരിക്കുമെന്നും അശോക് മുന്നറിയിപ്പ് നല്കി. ജീവിതത്തില്‍ ആദ്യമായി രത്ലം സന്ദര്‍ശിക്കുന്ന എനിക്ക് ആരാണ് പരിചയക്കാരുണ്ടാവുക? ആലോചിച്ച് ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ അശോക് വീണ്ടും മുറിയിലെത്തി.'സാര്‍ ഇത് ജിതേന്ദ്ര പാട്ടീദാറുടെ നമ്പറാണ്. രത്ലമിലെ യുവ കര്ഷകന്. ബി.ജെ.പിയുടെ പ്രൊഫഷണല്‍ ടീമില്‍ അംഗവുമാണ്. പാട്ടീദാര്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്ക് കറപ്പിന്റെ കൃഷിയിടത്തില്‍ പോകാനാകും' അശോക് ഫോണ്‍ നമ്പര്‍ കൈമാറി. പാട്ടീദാര്‍ എന്നാല്‍ പട്ടേലാണ്.
ഒരു വഴി തുറന്നുകിട്ടിയ സന്തോഷത്തില്‍ അശോക് തന്ന നമ്പറിലേക്ക് വിളിച്ചു. 'ഹലോ' മറുതലയ്ക്കല്‍ ശബ്ദം. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരാണെന്നും രത് ലമിലെ കൃഷിയെക്കുറിച്ച് പ്രോഗ്രാം ചെയ്യാനാണ് വന്നതെന്നും പറഞ്ഞു. പതിനൊന്ന് മണിക്ക് ശേഷം വരാനായിരുന്നു മറുപടി. രത്ലം നഗരത്തില്‍ നിന്ന് എതാണ്ട് ഒരു മണിക്കൂര്‍ സഞ്ചരിച്ച് പാട്ടേലിന്റെ ഗ്രാമത്തിലെത്തി. ചാണകം മണക്കുന്ന ഗ്രാമം.മുന്തിരിത്തോട്ടത്തിനു നടുവിലൂടെ വാഹനം മുന്നോട്ടുനീങ്ങി. പേരയ്ക്ക തോട്ടത്തിനും മാതള-നാരക കൂട്ടങ്ങള്‍ക്കും മുന്തിരിത്തോട്ടം വഴിമാറി. വിളവെടുക്കാന്‍ പ്രായമായ ഫലങ്ങള്‍. വൈനുണ്ടാക്കുന്ന വലിയ ഫാക്ടറിക്ക് സമീപത്ത് കാര്‍ നിര്‍ത്തി. ജിതേന്ദ്ര പാട്ടീദാറിനെ ഫോണില്‍ ബന്ധപ്പെട്ടു. അഞ്ച് മിനിറ്റു കഴിഞ്ഞപ്പോള്‍ ടൂവീലറില്‍ ജിതേന്ദര്‍ വന്നു. കാനഡയിലെ വലിയ ഉദ്യോഗം രാജിവെച്ചാണ് ജിതേന്ദര്‍ കൃഷിയിലേക്കും രാഷ്ട്രീയത്തിലേക്കും ഇറങ്ങിയത്. ഉച്ചവരെ പട്ടേലിന്റെ തോട്ടത്തിലായിരുന്നു. കൃഷിരീതികളെക്കുറിച്ച് അയാള്‍ വാചാലനായി. ഷിജു പട്ടുവമായിരുന്നു കാമറമാന്‍. ജീതേന്ദറിലൂടെ കറപ്പ് വിളയുന്ന പാടമായിരുന്നു ലക്ഷ്യം. ദൃശ്യങ്ങള്‍ പകര്‍ത്തി കഴിഞ്ഞപ്പോള്‍ ചര്‍ച്ച കറപ്പ് വിളയുന്ന പാടത്തെക്കുറിച്ചായി. ജീതേന്ദര്‍ ഒരു കോണ്ടാക്റ്റ് നമ്പര്‍ തന്നു. അരവിന്ദ് ധക്കട്, ജാവറയിലെ അക്വാപോണിക്സ് കര്ഷകന്.
രത്ലം-മന്‍സോര്‍ ദേശീയ പാതയില്‍ സൈലാനയ്ക്കടുത്താണ് ജാവറ എന്ന ചെറു നഗരം. പിന്നാക്ക പ്രദേശം. ധക്കടിന്റെ വീട് കണ്ടെത്താന്‍ അധികം അലയേണ്ടി വന്നില്ല. അക്വാപോണിക്സ് കൃഷി രീതികള്‍ നേരിട്ട് കണ്ട് മനസിലാക്കി. അത്യാവശ്യത്തിന് ദൃശ്യങ്ങളും എടുത്തു. ഒടുവില്‍ ചര്‍ച്ച മന:പൂര്‍വം മയക്കുമരുന്നിന്റെ രാജാവിനെക്കുറിച്ചായി. ഒപ്പിയത്തെക്കുറിച്ച് വാര്‍ത്ത ചെയ്യണമെന്ന ആഗ്രഹം തുറന്നുപറഞ്ഞു. ധക്കട് മടി കൂടാതെ ആരെയൊക്കെയോ മൊബൈല്‍ വിളിച്ചു. ഒടുവില്‍ ഗാരോത്തില് പോയി ഗ്രാമമുഖ്യനായ കേശവ് പാട്ടീദാറെ കാണാന്‍ നിര്‍ദേശിച്ചു. ഫോണ്‍ നമ്പറും തന്നു. ജാവ്റയില്നിന്നു മന്സോറിലേക്കുളള യാത്ര വയലുകളുടെ കാഴ്ച്ച ആസ്വദിച്ചു കൊണ്ടായിരുന്നു. ഉളളി, ഉരുളന്‍ കിഴങ്ങ് മുതല്‍ സകലമാന പച്ചക്കറികളും വിളഞ്ഞു കിടക്കുന്നു. ഇതിനിടെ പഴയ സാരി കൊണ്ട് കാഴ്ച മറച്ച ചില തോട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. 'സാര്‍ അക്കാണുന്നത് ഒപ്പിയം പാടങ്ങളാണ്.' കൂടെയുളള ഡ്രൈവര്‍ സജാദ് ഖാന് ചൂണ്ടിക്കാട്ടി.
.jpg?$p=2ed09eb&w=610&q=0.8)
ഗാരോത്തിലെ വഴിയരികില്‍ മട്ക ചായ കുടിച്ചിരിക്കുന്നതിനിടെയാണ് കേശവ് പാട്ടേലിനെ കണ്ടുമുട്ടിയത്. പട്ടേലിന്റെ നിഴലു പോലെ 3 പട്ടികളും. ഗ്രാമമുഖ്യനാണ്. അരവിന്ദ് ധക്കടന്റെ പേര് പറഞ്ഞതോടെ കേശവ് പാട്ടീല്‍ ദീര്‍ഘനാളത്തെ പരിചയം കാണിച്ചു. കേശവ് ഞങ്ങള്‍ക്കൊപ്പം വാഹനത്തില്‍ കയറി. അയാളുടെ നായകള്‍ കൂട്ടത്തോടെ കുരച്ചു. കേശവ് കൈ കൊണ്ട് ആംഗ്യം കാണിച്ചതോടെ അനുസരണയോടെ നായകള്‍ കുര നിര്‍ത്തി കാറിനെ അനുഗമിക്കാന്‍ തുടങ്ങി. പ്രധാന റോഡില്‍നിന്നു കാര്‍ ഗ്രാമീണ പാതയിലേക്ക് കയറി. ടയര്‍ പൂണ്ടു പോകുന്ന പശിമയുളള കറുത്ത മണ്ണ്. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ വയലുകള്‍ കടന്ന് നിരവധി മരങ്ങളുളള പ്രദേശത്തെത്തി. 'സാര്‍ ഇനി വാഹനം മുന്നോട്ട് പോകില്ല നടക്കണം.' കേശവ് വാഹനം നിര്‍ത്താന്‍ പറഞ്ഞു. ഭാരമേറിയ ട്രൈപോഡ് തോളിലേറ്റി ഞാന്‍ ഗ്രാമമുഖ്യന് പിന്നിലായി നടന്നു. കേശവിന്റെ നായകള്‍ ഇതിനകം വഴികാട്ടികളായി ഞങ്ങള്‍ക്കു മുന്നിലെത്തിയിരുന്നു.
പച്ചക്കറി തോട്ടങ്ങള്ക്കിടയിലുടെ അതീവ സുരക്ഷ മേഖലയെന്ന് തോന്നിക്കുന്ന പ്രദേശത്തിനു സമീപത്തെത്തി. കമ്പിവേലി. സാരികള്‍ കൊണ്ടുളള മറ. പാടത്തിനു ചുറ്റം ഒന്നിലധികം നായകള്‍. അപരിചിതരെ കണ്ടപാടെ അവയെല്ലാം ശത്രുകളോടെന്നപോലെ കുരച്ചു. ഭയം തോന്നിയെങ്കിലും കേശവ് കൂടെയുളളതിനാല് നായകള്‍ ആക്രമിക്കില്ലെന്ന് ഉറപ്പു വരുത്തി. കേശവ് ഞങ്ങളുടെ ഭയം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. വലിയ സുരക്ഷാവലയത്തിന് അകത്തായിരുന്നു കറപ്പിന്റെ ലോകം. മധ്യപ്രദേശ്, രാജസ്ഥാന് ഉള്‍പ്പെടുന്ന മാള്‍വ മേഖലയില്‍ അടിമകൃഷിയുടെ വിളവെടുപ്പ് കാലമായിരുന്നു. ഉഷ്ണമാപിനി ചുട്ടുപൊള്ളിയതോടെ കറപ്പുചെടിയിലെ വെളള പൂക്കള്‍ മയക്കത്തിന്റെ രാജാവിന്റെ വരവറിയിച്ചു. കാബേജ് ഇനത്തില്‍പെട്ട കറപ്പ് ചെടി മയക്കുമരുന്നുകളുടെ തലതൊട്ടപ്പന്. ചോളത്തിന്റെ തണ്ടുപോലെയാണ് കറപ്പ് ചെടി.
അമ്പത്തിയാറുകാരനായ കേശവ് മധ്യപ്രദേശിലെ ഓപ്പിയത്തിന്റെ കഥ പറയാനാരംഭിച്ചു. ഏഷ്യയില്‍ ബ്രിട്ടീഷുകാരാണ് ഒപ്പിയം കൃഷി ആരംഭിക്കുന്നത്. ചൈനയുടെ ഇറക്കുമതിനിരോധനം രക്തച്ചൊരിച്ചിലായി. യുവത്വം ലഹരിക്ക് അടിമയായ 1729-കളില്‍ കറപ്പ് ചൈന നിരോധിച്ചു. പിന്നാലെ 4 വര്‍ഷം നീണ്ടയുദ്ധം. കറപ്പ് യുദ്ധം. വെളളക്കാര്‍ക്കു മുന്നില്‍ ചൈനീസ് പട മുട്ടുകുത്തിയത് ചരിത്രം. ചരിത്രപാഠങ്ങളിലൂടെ ഓര്മ പിന്നോട്ട് പാഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ് മധ്യേന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് കറപ്പിന്റെ വിത്തെറിഞ്ഞത്. വളക്കൂറുളള മണ്ണും അനുയോജ്യ കാലാവസ്ഥയുമാണ് മധ്യപ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് കൃഷിയിറക്കാന്‍ കാരണം. ബ്രിട്ടീഷുകാര്‍ കൃഷിയാരംഭിക്കുകയും മരുന്നിനും മറ്റുമായി കറപ്പ് വന്‍തോതില്‍ ഇന്ത്യയില്‍നിന്നു കടത്തുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ പോയതിനു പിന്നാലെ പിന്നീടിത് പാരമ്പര്യകൃഷിയായി. സര്‍ക്കാര്‍ അംഗീകാരത്തോടെ പുതുതലമുറയും കറപ്പിന്റെ കയ്യാളായി. കേശവിനും കൃഷി പാരമ്പര്യമായി ലഭിച്ചതാണ്..

നവംബറില്‍ ചെടി നട്ടാല്‍ ഫെബ്രുവരിയോടെ പൂത്തുതുടങ്ങും. ദിവസങ്ങള്‍ക്കുളളില്‍ വെള്ളപ്പൂക്കളുടെ ഇതള്‍ കൊഴിയും. പിന്നീടാണ് താമരമൊട്ടുപോല്‍ പോപ്പിയുടെ പിറവി. ദൂരെനിന്നു നോക്കിയാല്‍ മുത്തുക്കുട പോലെ തോന്നും. കായ് മൂപ്പെത്താന്‍ ചുരുങ്ങിയത് മൂന്നാഴ്ച്ചത്തെ കാത്തിരിപ്പുണ്ട്. ഇക്കാലയളവില്‍ തോട്ടത്തിന്റെ സുരക്ഷ പ്രധാനമാണ്. രാവും പകലും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം. പാടത്തിനടുത്തുളള താത്കാലിക പുരയിലാണ് കേശവിന്റെ താമസം. കൂട്ടായി പത്തിലധികം നാടന്‍ നായകളും. ഗുണ്ടകളും കളളക്കടത്തു സംഘങ്ങളും രാത്രിയുടെ മറവില്‍ പോപ്പി മോഷ്ടിക്കാനെത്തും. ഇവരെ തടയുകയാണ് ലക്ഷ്യം. അസ്വാഭാവികമായ ശബ്ദം കേട്ടാല്‍ നായകള്‍ ഒന്നടങ്കം കുരയ്ക്കും. വലിയ ടോര്‍ച്ച് തെളിച്ചു നോക്കും. അപരിചിതരായ ആര്‍ക്കും പാടത്തിന് സമീപമെത്താന്‍ കഴിയില്ലെന്ന് കറുത്ത നായയുടെ ശരീരത്തില്‍ കൈ തലോടി കൊണ്ട് കേശവ് പറഞ്ഞു. നാടന്‍തോക്കുമായി മോഷണത്തിന് ഇറങ്ങുന്നവരും കുറവല്ല. അവര്‍ പതിയിരുന്ന് നിറയൊഴിക്കും. ഒരിക്കല്‍ അത്തരം സംഭവം ഉണ്ടായപ്പോള്‍ തന്റെ ഓമന വളര്‍ത്തു നായകളാണ് രക്ഷകരായതെന്ന് കേശവ് ദീര്‍ഘനിശ്വാസത്തോടെ ഓര്‍ത്തു.
പോപ്പി മൂപ്പെത്തിയാലാണ് കറപ്പിന്റെ ജനനം. സൂക്ഷ്മമായി വേണം കറയെടുക്കാന്‍. കായുടെ പുറംതൊലിയില്‍ സൂചിപോലുള്ള ഉപകരണം ഉപയോഗിച്ച് മുറിവുണ്ടാക്കും. മുറിവിലൂടെ ഊറിയിറങ്ങുന്ന കറ പോപ്പിയില്‍ ഒട്ടിപിടിക്കും. പിങ്ക് നിറമാണിതിന്. മത്തു പിടിപ്പിക്കുന്ന ഗന്ധവും. ഇതു മണത്തു നോക്കിയാല്‍ തല ചുറ്റുകയും ബോധം മറയുകയോ ചെയ്യും. അരിവാളില്‍ ചുരണ്ടിയെടുക്കുന്ന കറ ഉണങ്ങുന്നതോടെ കറപ്പായി മാറും. മസ്തിഷ്ക്കത്തേയും നാഡികളേയും തളര്‍ത്തുന്ന കറപ്പിന്റെ നിറവും കറുപ്പ് തന്നെ. ലഹരിക്കും വേദന ശമിപ്പിക്കാനുമാണ് കറപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്. പോപ്പിക്ക് അകത്തുള്ള തരികള്‍ സുഗന്ധവ്യജ്ഞനമായ കസ്കസ് ആണ്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന വെളുത്ത തരി പോലുളള സുഗന്ധ വ്യജ്ഞനം. പോപ്പി അരച്ച് വെള്ളത്തില്‍ കലക്കിയാല്‍ ലഹരി പാനീയമാകും.
വിളവെടുപ്പ് കര്‍ഷകര്‍ക്ക് ഉറക്കമില്ലാകാലമാണ്. കുടുംബാംഗങ്ങളും വിശ്വസ്തരുമെല്ലാം രാവും പകലും പാടത്തിന് കാവലായി ഉണ്ടാകും. കറപ്പ് കൃഷി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലൈസന്‍സും ആവശ്യമാണ്. ചുരുങ്ങിയത് 20സെന്റ് ഭൂമിയുളളവര്‍ക്ക് കൃഷിക്ക് ലൈസന്‍സ് ലഭിക്കും. കിലോയ്ക്ക് 1800 രൂപവരെ നല്കി സര്‍ക്കാര്‍ തന്നെ കറപ്പ് ശേഖരിക്കും. കറപ്പില്നിന്ന് വേര്‍തിരിക്കുന്ന ക്ഷാരഗുണമുളള മോര്‍ഫിന്‍ മരുന്നുകമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് കിലോയ്ക്ക് 50,000 രൂപയ്ക്ക്. കരിഞ്ചന്തയില്‍ കറപ്പിന് കോടികളാണ് വില. സീസണില്‍ കുറഞ്ഞത് 60 കിലോ കറപ്പ് ഉത്പാദിപ്പിക്കാത്തവര്ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ല. സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങളോടെയുളള കൃഷിക്ക് പൊലീസിന്റേയും നാര്‍ക്കോട്ടിക് സെല്ലിന്റേയും നിരീക്ഷണമുണ്ട്. കറപ്പ് പാടങ്ങളെ മുറിച്ച് പോകുന്ന മന്‍സോര്‍-നീമച്ച് ദേശീയ പാതയില്‍ സദാസമയവും പോലീസിന്റെ പട്രോളിങ്ങുണ്ട്. കൂടാതെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ സാന്നിധ്യവും. ആഴ്ചയിലൊരിക്കല്‍ നര്‍കോട്ടിക് സംഘം പാടങ്ങളില്‍ പരിശോധനയ്ക്കെത്തും. കൃഷിയുടെ മറവില്‍ കളളക്കടത്ത് നടത്തുന്നില്ലെന്ന് ഉറപ്പു വരുത്താനാണ് പരിശോധന.
.jpg?$p=6cdbf0c&w=610&q=0.8)
കൃഷിയിടത്തിന്റെ സുരക്ഷ കര്ഷകന് എപ്പോഴും വെല്ലുവിളിയാണ്. കളളക്കടത്ത് വ്യാപകമായതിനാല്‍ ഉറക്കമൊഴിഞ്ഞ് പരിചരിച്ചാലും കഠിനാധ്വാനത്തിന് തക്കതായ പ്രതിഫലം കര്‍ഷകര്‍ക്ക് ലഭിക്കാറില്ലെന്ന് കേശവ് പറഞ്ഞു. കൃഷിക്കാരെന്നും ആശങ്കയുടെ നിഴലിലാണ്. ഒരു ഭാഗത്ത് കളളക്കടത്ത് മാഫിയ മറുഭാഗത്ത് പൊലീസ് ഉള്‍പ്പടെയുളള സര്‍ക്കാര്‍ സംവിധാനങ്ങള്‍. ഇതിനെല്ലാം പുറമെ രാഷ്ട്രീയക്കാരുടെ വേട്ടയാടല്‍ വേറെയും. ഉത്പാദനം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. കുറഞ്ഞാല്‍ ലൈസന്‍സിന് ഭീഷണിയാകും. കൂടിയാലാകട്ടെ സര്‍ക്കാര്‍ സംഭരിക്കുന്നതുവരെ ഇവ സൂക്ഷിക്കുന്നത് ജീവന് തന്നെ അപകടത്തിലാക്കും. ഒരുപക്ഷെ ഭൂമിയിലെ ഏറ്റവും റിസ്ക്കുളള കര്‍ഷകര്‍ ഇവരായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..