'ബാഹര്‍ കാ മീഡിയാ ഹൈ... മാരോ ഉസ്‌കോ'; അവർ വിളിച്ചുപറഞ്ഞു


രാജേഷ് കോയിക്കല്‍ജമ്മു കശ്മീരില്‍ 2014ലെ വെളളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ രാജേഷ് കോയിക്കല്‍. ലേഖകന്‍ ദീര്‍ഘകാലം ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നു

Off The Record

കശ്മീരിലെ പ്രളയക്കാഴ്ച. ഫോട്ടോ: റോയിട്ടേഴ്സ്

"കാറു കയറി സൂര്യന്‍ മാഞ്ഞു. നാടെല്ലാം ഇരുണ്ടു. കാറ്റ് അലകളെ ഇളക്കി. ജലപ്പരപ്പില്‍ ജന്തുക്കളുടെ ശവശരീരങ്ങള്‍ ഒഴുകിപ്പോകുന്നു. ഓളത്തില്‍ ഇളകി കുതിച്ചൊഴുകുന്നു. സ്വച്ഛന്ദം അവ എങ്ങും സഞ്ചരിക്കുന്നു. ഭയപ്പെടാതെ നടക്കുന്നു. അതിനെയെല്ലാം കൊതിയോടെ നോക്കി. നമ്മുടെ നായ മുറുമുറുത്തു.'' ജമ്മു കശ്മീരില്‍ 2014ലെ വെളളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ ഓര്‍മ വന്നത് തകഴിയുടെ 'വെളളപ്പൊക്ക'ത്തിലെ ഈ വാചകങ്ങളായിരുന്നു.

കനത്ത നാശം വിതച്ചശേഷം പ്രളയജലമിറങ്ങിത്തുടങ്ങിയ ശ്രീനഗറിലെ കാഴ്ച്ചകള്‍ അത്ര സുഖകരമായിരുന്നില്ല. തലസ്ഥാനമായ ശ്രീനഗര്‍ ഉള്‍പ്പെടെ അഞ്ച് ജില്ലകളെ പ്രളയം വിഴുങ്ങി. ഝലം നദി കരകവിഞ്ഞൊഴുകിയതിന്റെ ബാക്കിപത്രമായി തകര്‍ന്ന വീടുകളും റോഡുകളും പിന്നെ പകരംവെക്കാനില്ലാത്ത ആള്‍നാശവും. പ്രളയമുണ്ടായി അഞ്ചാം ദിനത്തിലാണ് ശ്രീനഗറിലെത്തുന്നത്. രാജ് ബാഗില്‍ ഒരു ഹോട്ടല്‍ തരപ്പെടുത്തി. പ്രളയജലം അത്ര വേഗം ഇറങ്ങിപ്പോകില്ലെന്ന് ഹോട്ടലില്‍ നിന്നുളള കാഴ്ചയില്‍ വ്യക്തമായിരുന്നു. റോഡിലെല്ലാം മുട്ടോളം വെളളമുണ്ട്. ദാല്‍ തടാകം വിട്ട് ഷിക്കാരകള്‍ പ്രളയജലത്തില്‍. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നവര്‍ക്ക് ആശ്രയം മേല്‍കൂരയില്ലാത്ത ഷിക്കാരകളായിരുന്നു. വെളളം കയറാത്ത റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിര. കശ്മീര്‍ ജനത കണ്ട ഏറ്റവും വലിയ വെളളപ്പൊക്കം.

മഴ മാറി നിന്ന പകലില്‍ ക്യാമറാമാന്‍ ജിജി പിളളയ്‌ക്കൊപ്പം ഹോട്ടലില്‍നിന്നും പുറത്തേക്കിറങ്ങി. നിയമസഭാ മന്ദിരം സ്ഥിതി ചെയ്യുന്ന നഗരമധ്യത്തിലേക്കാണ് യാത്ര പ്ലാന്‍ ചെയ്തത്. പകുതി ദൂരം പിന്നിടുമ്പോള്‍ മുന്നോട്ടുളള പോക്ക് അതീവ ദുഷ്‌കരമെന്ന് തിരിച്ചറിഞ്ഞു. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും പോലീസ് ഉദ്യോഗസ്ഥരുമാണ് വഴി നിറയെ. ആകാശത്ത് വ്യോമസേനാ ഹെലികോപ്റ്ററുകള്‍ വട്ടമിട്ട് പറക്കുന്നു. ആളുകള്‍ കൂടി നില്‍ക്കുന്നതിനു സമീപത്ത് കാര്‍ നിര്‍ത്തി. ചെളിയും കല്ലും നിറഞ്ഞ വഴിയിലൂടെ കാല്‍നടയായി മുന്നോട്ടു നീങ്ങി. ദൂരെ എന്‍ഡിആര്‍എഫിന്റെ ട്യൂബ് വഞ്ചികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍. കൂട്ട പലായനത്തിന് സമാനമായ സ്ഥിതി.

പ്രളയമേഖലകളില്‍ സൈന്യം മികച്ച രീതിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും വിഘടനവാദികളും അവരെ പിന്തുണയ്ക്കുന്നവരും കടുത്ത വിമര്‍ശനമുയര്‍ത്തി. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കുടുങ്ങിയ വി.ഐ.പി.കളെ രക്ഷിക്കാനാണ് സൈന്യം രംഗത്തിറങ്ങിയതെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ രക്ഷപ്പെട്ടെത്തിയവര്‍ ആരോപണങ്ങളുടെ മുനയൊടിച്ചു. ചിലയിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരകളായി. വിഘടനവാദികളായിരുന്നു അക്രമികള്‍. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സൈന്യത്തെ ലക്ഷ്യമിട്ടുളള കല്ലേറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പ്രാണരക്ഷാര്‍ഥം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

രക്ഷാപ്രവര്‍ത്തകരില്‍ ഒരു മലയാളി എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. വെളളം കയറിയ ബക്ഷി സ്റ്റേഡിയത്തിന് സമീപം കുടുങ്ങിയവരെ രക്ഷിക്കാനുളള ദൗത്യത്തിലായിരുന്നു അവര്‍. ഭക്ഷണവും വെളളവും കൊണ്ടുപോകുന്ന ട്യൂബ് വഞ്ചിയില്‍ ഞങ്ങളും കയറി. ശ്രീനഗറിലെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നാണ് ബക്ഷി. സ്റ്റേഡിയത്തിന്റെ പുറംമതില്‍ പൂര്‍ണമായും പ്രളയത്തില്‍ മുങ്ങിയിരുന്നു. വീടുകളുടെ ഒന്നാംനില വെളളത്തിനടിയില്‍. ആളുകള്‍ രണ്ടാംനിലയില്‍ കയറി ഇരിക്കുന്നു. ഭക്ഷണവും വെളളവും എറിഞ്ഞുകൊടുത്ത് രക്ഷാപ്രവര്‍ത്തകര്‍ മുന്നോട്ട്. മഴ മാറിയിട്ടും വെളളം പ്രതീക്ഷിച്ച വേഗത്തില്‍ ഇറങ്ങാത്തത് പ്രതിസന്ധിയായി. ദാല്‍ തടാകത്തിലോ അല്ലെങ്കില്‍ ചെറുതോടുകള്‍ വഴി ഝലം നദിയിലേക്ക് വെളളം ഒഴുകിപ്പോകണം. താഴ്​വരയിലെ അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം ജലമൊഴുക്ക് സുഗമമായിരുന്നില്ല.

നാല്‍കാലികളുടെ ജഡം ദുര്‍ഗന്ധം പരത്തി ഒഴുകിനടക്കുന്നു. ജിജി പിളള ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. വെളളമിറങ്ങിത്തുടങ്ങിയ മറുഭാഗത്ത് നിരവധിപേര്‍. അവര്‍ ആക്രോശത്തോടെ എന്‍ഡിആര്‍എഫ് സംഘത്തെ കൈകാട്ടി വിളിച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ അവിടേക്ക് പോയില്ല. അവരെ രക്ഷിക്കേണ്ടതല്ലേയെന്ന സംശയം ഉളളിലുണ്ടായെങ്കിലും ചോദിച്ചില്ല. മിക്ക വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്.

ഒരു മണിക്കൂറോളം പ്രളയനദിയിലൂടെ സഞ്ചരിച്ചു. തിരിച്ചെത്തുമ്പോള്‍ മലയാളി എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥനോട് മാത്രമായി ഞാനെന്റെ സംശയമുന്നയിച്ചു. ആളുകളെ രക്ഷപ്പെടുത്തതില്‍ നിങ്ങള്‍ എന്തെങ്കിലും തരംതിരിവ് കാണിക്കുന്നുണ്ടോ ?. 'ഒരിക്കലുമില്ല. പക്ഷെ രക്ഷാ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാരാണ് നേരത്തേ കൈ കാട്ടി വിളിച്ചത്. അവര്‍ സുരക്ഷിതരാണ്. അവരാണ് മാധ്യമ പ്രവര്‍ത്തകരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ആക്രമിക്കുന്നത്. താഴ്​വരയിലെ പ്രശ്‌നക്കാരായ വിഘടനവാദികള്‍ '. മലയാളി ഉദ്യോഗസ്ഥന്‍ ശബ്ദം താഴ്ത്തിപ്പഞ്ഞു. സൈനികരോ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥരോ കൂടെയില്ലാതെ പ്രളയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്ന ഉപദേശവും ഉദ്യോഗസ്ഥന്‍ നല്‍കി.

പിറ്റേന്ന് ബഡ്ഗാം ജില്ലയായിരുന്നു ലക്ഷ്യം. പോകുന്ന വഴിയ്ക്ക് ഇരു വശവും പ്രളയത്തിന്റെ ശേഷിപ്പായി ചളി മൂടിയ വീടുകളും വാഹനങ്ങളും. ആളുകള്‍ രോഷാകുലരായിരുന്നു. അവര്‍ ഭരണകൂടത്തെ ചീത്ത വിളിച്ചുകൊണ്ടിരുന്നു. പ്രളയ മുന്നറിയിപ്പ് ഉണ്ടായില്ലെന്ന് അവര്‍ ആരോപിച്ചു. ഭക്ഷണം ഉള്‍പ്പടെയുളള സര്‍ക്കാര്‍ സഹായം കൃത്യസമയത്ത് എത്താത്തതും അവരെ ചൊടുപ്പിച്ചു. എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് ഓര്‍മയുളളതിനാല്‍ പുരുഷന്മാര്‍ മാത്രമുളള കേന്ദ്രങ്ങള്‍ ഒഴിവാക്കിയായിരുന്നു യാത്ര. സ്ത്രീകളും കുഞ്ഞുങ്ങളുമുളള പ്രദേശങ്ങളില്‍ നേരിട്ടു പോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

നടന്ന് നടന്ന് സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ താമസിക്കുന്ന സ്ഥലത്തെത്തി. മിക്കവാറും ഇരുനില വീടുകള്‍. പ്രളയത്തില്‍ വീടുകളുടെ ആദ്യ നില പൂര്‍ണമായും മുങ്ങിയിരുന്നു. വെളളമിറങ്ങിയതിനാല്‍ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുളള വീട്ടുസാമഗ്രികള്‍ വെയിലത്ത് ഉണക്കാനിട്ടിരിക്കുകയാണ്. മിക്കവരും വീട് വൃത്തിയാക്കുകയാണ്. ഉര്‍ദു കലര്‍ന്ന ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് അവരുടെ ആശയവിനിമയം. ആളുകളെ കണ്ടപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നവരാണെന്ന് തോന്നിയില്ല. ജിജി പിളള ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതിനിടെ ആളുകള്‍ക്കിടയില്‍ അസ്വസ്ഥത പുകയുന്നത് ഞങ്ങളറിഞ്ഞില്ല. പലരും കേന്ദ്രസര്‍ക്കാരിനെ ഹിന്ദിയില്‍ തെറി പറഞ്ഞു. ചിലര്‍ രൂക്ഷ നോട്ടത്തിലൂടെ ഭയപ്പെടുത്തി. വിട്ടോ എന്ന രീതിയില്‍ ആംഗ്യം കാണിച്ചു ഒരു യുവാവ്. കോപാകുലരായ ചെറുസംഘം ജിജിയെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടസ്സപ്പെടുത്തി. തടി കേടാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് ജിജിയും ഞാനും അടക്കം പറഞ്ഞു.

ഇതിനിടെ രണ്ടു മൂന്നു പേര്‍ ക്യാമറ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു,. കുഞ്ഞിനെ പോലെ കൊണ്ടു നടക്കുന്ന ക്യാമറ വിട്ടു നല്‍കാന്‍ ജിജി ഒരുക്കമായിരുന്നില്ല. അവനത് മുറുക്കെ മാറോട് ചേര്‍ത്തുപിടിച്ചു. അക്രമികള്‍ക്ക് ഞങ്ങള്‍ പുറത്തു നിന്നുളളവരാണ്. കശ്മീരും ഇന്ത്യയും രണ്ടെന്ന ചിന്താഗതി പുലര്‍ത്തുന്ന വിഘടനവാദികള്‍. 'ബാഹര്‍ കാ മീഡിയാ ഹൈ. മാരോ ഉസ്‌കോ' (പുറത്തു നിന്നുളള മാധ്യമമാണ്. അവരെ കൊല്ലൂ). ആജാനുബാഹുവായ ഒരുത്തന്‍ വിളിച്ചുപറഞ്ഞു. ജിജിയും ഞാനും പരസ്പരം നോക്കി. ചെറിയ ഇടവഴി. രണ്ടു ഭാഗത്തും വീടുകള്‍. ഓടാനുളള വഴി പരതി. രണ്ടു മൂന്നുപേര്‍ ക്യാമറ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും ജിജി സമ്മതിച്ചില്ല. അനുനയ സംഭാഷണത്തിന് അവിടെ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞു. ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമം നടത്തി. എന്നാല്‍ അവര്‍ കൂടുതല്‍ അടുത്തേക്ക് വന്നു കൊണ്ടിരുന്നു. അവര്‍ ഉര്‍ദുവില്‍ ഞങ്ങളെ എന്തൊക്കെയോ പറയുന്നുണ്ട്. എന്താണെന്ന് മനസ്സിലായില്ലെങ്കിലും അവര്‍ അതീവ കോപത്തിലാണെന്ന് ഉറപ്പിച്ചു. ഇതിനിടെ
എന്നേക്കാള്‍ പൊക്കമുളള ഒരാള്‍ എന്റെ കവിളില്‍ അടിച്ചു, കണ്ണില്‍ പൊന്നീച്ച പറന്നു. ശ്രീനഗറിലേക്ക് വരുന്നതിന് രണ്ടാഴ്ച്ച മുന്‍പ് കേടായ അണപ്പല്ലിനു പകരം മറ്റൊന്ന് പിടിപ്പിച്ചിരുന്നു. ആ പല്ല് അടര്‍ന്നു വീണു. രൂപ എട്ടായിരമാണ് മോണയില്‍ നിന്നും അടര്‍ന്നു വീണത്. കവിള്‍ നന്നായി വേദനിച്ചിരുന്നു.

നല്ലവരായ ചില കശ്മീരികള്‍ പ്രശ്‌നം ശാന്തമാക്കാന്‍ ശ്രമിച്ചു. അവര്‍ ഞങ്ങളെ രണ്ടുപേരേയും രോഷാകുലരായ ജനക്കൂട്ടത്തില്‍ നിന്നും പുറത്തെത്തിച്ചു. നല്ല ഭയം ഗ്രസിച്ചിരുന്നു. പുറത്തിറങ്ങി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തവിധം ഭയം. പിറ്റേന്നും റിപ്പോര്‍ട്ടിങ്ങിന് പോയെങ്കിലും ആളുകളുടെ കയ്യിലെ വടി കണ്ടതോടെ മടങ്ങിപ്പോന്നു. പിന്നീടുളള രണ്ടുദിവസം പ്രളയമെന്നാല്‍ ഹോട്ടലില്‍ നിന്നുളള ദൂരക്കാഴ്ച്ചയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളെ വിഘടനവാദികള്‍ 'ഇന്ത്യന്' മാധ്യമങ്ങളെന്നാണ് വിശേഷിപ്പിച്ചിരുന്നത്. സംശയദൃഷ്ടിയോടെയായിരുന്നു ഇടപെടല്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എന്‍ഡിടിവി ഒഴികെയുളള ദേശീയ മാധ്യമങ്ങള്‍ അവര്‍ക്ക് 'ഗോദി' മീഡിയയായി.

Content Highlights: Off The Record Column by Rajesh Koyikkal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented