.
ഡല്‍ഹിയെക്കുറിച്ച് പൊതുവെ പറയുക ക്യാരക്റ്ററില്ലാത്ത ഇടമെന്നാണ്. ഇതര സംസ്ഥാനക്കാരുടെ കുടിയേറ്റ നഗരം. രാജ്യതലസ്ഥാനമായതിനാല്‍ ഡല്‍ഹി എല്ലാവരുടേതാണ്. കാലാവസ്ഥപോലും മറ്റുസംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. ഹിമാലയത്തിലെ തണുപ്പും രാജസ്ഥാന് മരുഭൂമിയിലെ കൊടുംചൂടുമെല്ലാം ഡല്‍ഹി ജീവിതത്തെ ഏറെ ബാധിക്കാറുണ്ട്. ഡല്‍ഹിയിലെത്തിയപ്പോഴാണ് മഴ ഗൃഹാതുരത്വമുളള അനുഭവമായി മാറിയത്. എപ്പോഴെങ്കിലും മഴ പെയ്താല്‍ മതിയെന്ന് തോന്നാത്ത ദിനങ്ങള്‍ കുറവായിരുന്നു. പട്ടേല്‍ നഗറില്‍, ശാദിപൂരില്, ഝണ്ടെവാലയില്, കരോള്‍ ബാഗില്‍, മയൂര്‍ വിഹാറില്‍. താമസിച്ച ഇടങ്ങളിലെല്ലാം മഴയുടെ വരവിനായി കാതോര്‍ത്തു. കടുത്ത ചൂടും മലിനീകരണവുമായിരുന്നു അത്തരം തോന്നലിനു പിന്നില്‍.
ഹോളിക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് അവസാനത്തോടെ ഉത്തരേന്ത്യ കൊടുംവേനലിലേക്ക് കടക്കും. പിന്നീടുളള ദിവസങ്ങളില്‍ ഉഷ്ണക്കാറ്റ് ഉത്തരേന്ത്യന്‍ ജീവിതം ദുസഹമാകും. ഉഷ്ണതരംഗവും ചൂട് കാറ്റുമെല്ലാം വീടിനകത്തിരിക്കാന്‍ നിര്‍ബന്ധിക്കും. സൂര്യന് ശരീരത്തിലെ ജലാംശം വലിച്ചെടുക്കും പോലെ തോന്നും. അത്രമേല്‍ അസഹ്യമാണ് ഉഷ്ണകാലം. ജൂണ്‍-ജൂലായ് മാസങ്ങളില്‍ ചൂട് പാരമ്യത്തിലെത്തും. വിയര്‍ത്തൊലിക്കുന്ന വരണ്ട കാലാവസ്ഥയില്‍ ഉറങ്ങാന്‍ ഏസിയുടെ പുതപ്പില്ലാതെ പറ്റില്ല.
ചൂടില്‍നിന്നും രക്ഷനേടാന്‍ ആദ്യം ആശ്രയിച്ചത് എയര്‍ കൂളറിനെയാണ്. വെളളമൊഴിച്ച് പ്രവര്‍ത്തിപ്പിക്കുന്ന എയര്‍ കൂളര്‍. ഇടത്തരം വരുമാനക്കാരുടെ വീടുകളിലെല്ലാം കൂളറുകള്‍ കാണാം. സമ്പന്ന വിഭാഗങ്ങളായിരുന്നു ഏസിയെ ആശ്രയിച്ചിരുന്നത്. ചൂടില്‍നിന്നും രക്ഷ നേടാന്‍ ആളുകള്‍ കൂട്ടത്തോടെ വീടുകളുടെ ടെറസുകളിലും പൊതുമൈതാനങ്ങളിലും അഭയം പ്രാപിച്ചു. രാത്രികാലങ്ങളില്‍ വഴിയരികില്‍ കിടുറങ്ങുന്നവരെ കണ്ടിട്ടുണ്ട്. ചിലര്‍ കയറ്റുകട്ടിലില്‍, മറ്റു ചിലര്‍ പുല്‍ത്തകിടിയില്‍. ചാക്ക് നനച്ച് അതില്‍ കിടന്നുറങ്ങുന്ന സാധാരണക്കാരും കുറവായിരുന്നില്ല. വൈകുന്നേരം വീടിന്റെ ടെറസില്‍ വെളളമൊഴിച്ചിടും. മറ്റു ചിലരാകട്ടെ വലിയ പാത്രത്തില്‍ മുറിയ്ക്കകത്ത് വെളളം തുറുന്നുവെയ്ക്കും. എന്നിട്ട് ഫാന്‍ ഓണ്‍ ചെയ്തിടും. അങ്ങനെയെങ്കിലും മുറിയ്ക്കുളളിലെ ചൂട് കുറയുമെന്നായിരുന്നു വിശ്വാസം. ചൂടിനെ അതിജീവിക്കുക ഏറെ ദുഷ്കരമായിരുന്നു.
.jpg?$p=bedf983&w=610&q=0.8)
ആരവല്ലി വനമേഖല ഡല്‍ഹിയുടെ ശ്വാസകോശമാണ്. നഗരമധ്യത്തിലൂടെ പരന്നൊഴുകുന്ന ഹരിത നദി. ആരവല്ലി ഇല്ലെങ്കില്‍ തലസ്ഥാനം ചൂടില്‍ വെന്തുമരിക്കുമായിരുന്നു. കടുത്ത ചൂടിന് അല്‍പ്പം ആശ്വാസമേകുന്നത് ആ ഹരിത സമൃദ്ധിയായിരുന്നു. ജൂണിലോ ജൂലായിലോ വേനല്‍മഴ ആഗ്രഹിക്കാത്ത ഉത്തരേന്ത്യക്കാര്‍ കുറവായിരിക്കും. ചൂട് അത്രയും അസഹ്യമാകും. കേരളത്തില്‍ കാലവര്‍ഷമെത്തുന്നത് പ്രതീക്ഷയോടെയാണ് ഉത്തരേന്ത്യക്കാര്‍ വീക്ഷിച്ചിരുന്നത്. രാജ്യത്ത് ആദ്യം കാലവര്‍ഷമെത്തുന്നത് കേരളത്തിലാണല്ലോ. മറ്റു സംസ്ഥാനങ്ങളിലെ മഴലഭ്യതയെ കുറിച്ചുളള കണക്കുകൂട്ടലുകളുടെ ആരംഭം. അതുകൊണ്ട് തന്നെ കേരളത്തിലെ മണ്‍സൂണ്‍ വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. മേയ് മാസം പകുതിയോടെ നടക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വാര്‍ത്താസമ്മേളനം 2015വരെയൊക്കെ ദേശീയ മാധ്യമങ്ങളെല്ലാം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കേരളത്തിലിപ്പോള്‍ മഴയ്ക്ക് പ്രത്യേക കാലമോ സമയമോ ഇല്ലാത്തതിനാല്‍ അത്തരം വാര്‍ത്തകളുടെ പ്രാധാന്യം ദേശീയതലത്തില്‍ കുറഞ്ഞു.
ഡല്‍ഹിയില്‍ വേനല്‍മഴ വലിയ ആഘോഷമാണ്. പ്രത്യേകിച്ച് കൊടുംചൂടില്‍ കുളിരായി എത്തുന്ന ആദ്യ മഴ. മഴ നനയേണ്ടതാണെന്ന് നഗരം ഓര്‍മപ്പെടുത്തും. ആരവല്ലിയുടെ പുറംകാഴ്ച്ചകളില്‍ മയിലുകള്‍ പീലി വിരിച്ചാടും. പെയ്യാന്‍ കൊതിച്ച്, വെറുതെ മോഹിപ്പിച്ച് കടന്നുകളയുന്ന പതിവ് മഴമേഘങ്ങളായിരിക്കില്ല. ആര്‍ത്തലച്ച് പെയ്യുന്ന മഴ. മഴയ്ക്ക് അപ്പോള്‍ എന്തെന്നില്ലാത്ത സൗന്ദര്യമുണ്ടാകും. തലസ്ഥാനം കാണാനെത്തുന്ന സഞ്ചാരികളെല്ലാം മഴയില്‍ കുളിക്കും. കൂകി വിളിച്ച് നൃത്തം വെക്കും. ഇന്ത്യാഗേറ്റില്‍ എത്രയോ തവണ ആള്‍ക്കൂട്ട നൃത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഡല്‍ഹിയിലെ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് പാര്‍ക്കുകള്‍ നിര്‍ബന്ധമാണ്. ഡല്‍ഹി വികസന അതോറിറ്റി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ല. പാര്‍ക്കുകളിലെല്ലാം വീട്ടമ്മമാര്‍ ഉള്‍പ്പെടെ മഴ ആസ്വാദിക്കുന്നവരെ കാണാനാകും. നമ്മുടെ വയലേലകളില്‍ മഴ നനഞ്ഞ് ഫുട്ബോള്‍ കളിക്കുന്നതിന് സമാനമായിരിക്കും ഈ സമയം മൈതാനങ്ങള്‍. സൈക്കിള്‍ റിക്ഷക്കാര്‍ മഴയില്‍ അവശത മറക്കും.
ശാദിപൂര്‍ കോണ്‍ക്രീറ്റ് കാടായിരുന്നു. ബാല്‍ക്കണിയിലെ കാഴ്ച്ചകള്‍ വിരസവും. ഝണ്ടെവാലയില് വലിയ ഹനുമാന് മൂര്‍ത്തിക്കു സമീപത്തുളള ഫ്ളാറ്റിലെ ബാല്‍ക്കണി, കാഴ്ച്ച വേനല്‍മഴയില്‍ അതീവ മനോഹരമായിരുന്നു. തൊട്ടുമുന്നില്‍ ആരവല്ലി തനിച്ചാക്കിയ ആല്മരങ്ങള്. മഴയത്ത് മരങ്ങളില്‍ നഗര വേഴാമ്പലുകളുടെ അപഥ സഞ്ചാരം. തത്തകളും അണ്ണാറക്കണ്ണന്മാരെല്ലാം മഴയേറ്റ് വിഹരിക്കുന്നു. ചില നേരങ്ങളില്‍ മഴയ്ക്കു മുന്‍പ് അന്തരീക്ഷം ഇരുളും. പൊടിക്കാറ്റിനാല്‍ നഗരം മൂടും. ആന്തി എാണ് ഹിന്ദിയില്‍ ഈ അവസ്ഥയെ വിശേഷിപ്പിക്കുക. ആന്തി, തൂഫാന് (കൊടുങ്കാറ്റ്) ആകാന്‍ വലിയ താമസമുണ്ടാകാറില്ല. കേരളത്തിലേതുപോലെ തുടര്‍ച്ചയായി മഴ പെയ്യുന്ന കാലം ഡല്‍ഹിയിലില്ല. അവിചാരിതമായി എപ്പോഴെങ്കിലും വിരുന്നുകാരനെ പോലെ മഴയെത്തും.

ഫെബ്രുവരിയില്‍ മഴയ്ക്കൊപ്പം ആലിപ്പഴം പൊഴിയും. കൊടുംചൂടില്‍ നീരാവി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പെട്ടെന്ന് തണുക്കുമ്പോഴാണ് ആലിപ്പഴം രൂപപ്പെടുന്നത്. ഇവ ഐസ് കട്ടകളായി ഭൂമിയിലേക്ക് വര്‍ഷിക്കും. ആലിപ്പഴത്തിന്റെ ഏറ് കൊണ്ടതെല്ലാം രസകരമായ ഓര്‍മകളാണ്. ആരോ ആകാശത്ത് നിന്നും കല്ലെറിയുന്നത് പോലെ തോന്നും. വ്യാപക കൃഷിനാശം ഉണ്ടാകുന്നതിനൊപ്പം മരച്ചില്ലകള്‍ ഒടിഞ്ഞുവീഴും. ആലിപ്പഴത്തിന്റെ അതിവര്ഷമാണെങ്കില് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടാകും.
ആലിപ്പഴം വീണ് ചിക്കന്‍ ഫ്രൈ, കറിയായി മാറിയ അനുഭവം ഓര്മ വരുന്നു. ജോലിക്ക് ശേഷമുളള ഒരു വൈകുന്നേരം. ഏതാനും സുഹൃത്തുകള്‍ വീട്ടില്‍ വന്നിരുന്നു. ഫ്ളാറ്റിലെ മൂന്നാംനിലയില്‍ ജനലിനോട് ചേര്‍ന്നാണ് അടുക്കള. നല്ല ചൂടുളള ദിവസമായതിനാല്‍ ജനല്‍ തുറന്നിട്ടിരുന്നു. നാടന്‍ വെളിച്ചെണ്ണയില്‍ പൊരിച്ച കോഴി. മസാലയൊക്കെയിട്ട് അത്യാവശ്യം നന്നായി പാചകം ചെയ്തിരുന്നു. ഇതിനിടയിലാണ് മാനം കറുത്തതും മഴ പെയ്തതും ആലിപ്പഴം പൊഴിഞ്ഞതും. ആലിപ്പഴം വീഴുന്നത് കാണാന്‍ ബാല്‍ക്കണിയിലായിരുന്നു എല്ലാവരും. പത്ത് മിനിറ്റോളം ആലിപ്പഴം വീഴ്ച്ച നീണ്ടുനിന്നു. പലയിടങ്ങളില്‍ നിന്നുളള കല്ലേറ് പോലെയാണ് ആലിപ്പഴം പൊഴിയുന്നത്. ശരീരത്തില്‍ ആലിപ്പഴം പതിക്കാതിരിക്കാന്‍ റോഡിലൂടെ പോകുന്ന കാല്‍നട യാത്രക്കാര്‍ കടകളുടെ ഓരത്ത് ഇടം പിടിച്ചു. ചില കാറുകളുടെ ചില്ല് പൊട്ടി. ബാല്‍ക്കണിയില്‍ ആണെങ്കിലും ഞങ്ങള്‍ക്കും കിട്ടി ആകാശയേറ്. മഴ ശമിച്ചതോടെ ഭക്ഷണം കഴിക്കാനായി അടുക്കളയിലേക്ക് തിരിച്ചുവരുമ്പോഴാണ് കാഴ്ച്ച കണ്ടത്. തിരക്കിനിടയില്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയ പാന്‍ അടച്ചുവെച്ചിരുന്നില്ല. ചിക്കന്‍ ഫ്രൈ കറിയായിരിക്കുന്നു. അഞ്ചിലധികം ഐസ്കട്ടകള്‍ ഫ്രൈ പാനിലെ ചൂടില്‍ അലിഞ്ഞുതുടങ്ങിയിരുന്നു.
ശൈത്യത്തിന്റെ വരവറിയിക്കുന്നത് ദീപാവലിയാണ്. ഒക്ടോബർ അവസാനത്തോടെ പുകമഞ്ഞ് നിറഞ്ഞുതുടങ്ങും. ദീപാവലി ആഘോഷം അന്തരീക്ഷം മലിനമാക്കും. പടക്കം പൊട്ടിക്കുന്നതു മൂലമുളള മലിനീകരണം അസഹ്യമായിരിക്കും. ഇതോടൊപ്പം നേര്‍ത്ത മഞ്ഞുകൂടിയായാല് പറയേണ്ടതില്ല. കാഴ്ച മറയ്ക്കുംവിധം കറുത്ത പുകപടലങ്ങള്‍. കണ്ണ് പുകച്ചില്‍, മനം പിരട്ടല്‍, ത്വക്ക് ചൊറിച്ചില്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ആളുകള്‍ക്ക് ഉണ്ടാകും. ആ സമയങ്ങളില്‍ കേരളമെത്ര സുന്ദരമെന്ന് ഓര്‍ത്ത് നെടുവീര്‍പ്പെടും. കോവിഡെന്ന മഹാമാരി വരുന്നതിന് എത്രയോ മുന്‍പെ ഡല്‍ഹി മാസക്് ഉപയോഗിച്ച് തുടങ്ങിയിരുന്നു.
ഡല്‍ഹിയില്‍ ഉണ്ടായിരുന്ന പത്തു വര്‍ഷം, മലിനീകരണത്തിന്റെ മാരകകാലമായിരുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വയലില്‍ കച്ചി കത്തിക്കുന്നത് ഡല്‍ഹിയുടെ സ്ഥിതി അതീവഗുരുതരമാക്കി. ലോകത്ത് മലിനീകരണം ഏറ്റവും കൂടുതലുളള നഗരങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഡല്‍ഹിയുണ്ട്. തലസ്ഥാനത്തെ വായു മലിനീകരണത്തെക്കുറിച്ച് ഞാന്‍ അവസാനമായി റിപ്പോര്‍ട്ട് ചെയതത് കഴിഞ്ഞവര്‍ഷം നവംബറിലാണ്. അന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം മലിനീകരണ സൂചിക 450ന് മുകളിലായിരുന്നു. സൂചിക 301 കടന്നാല്‍ അതീവ അപകടകരമായ സ്ഥിതിയാണ്. ഇനി എഴുതുന്ന കണക്കുകള്‍ കൂടി വായിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും കേരളമെത്ര സുരക്ഷിതമെന്ന്.
വായു ഗുണനിലവാര സൂചിക പൂജ്യത്തിനും 50നും ഇടയില്‍ ആണെങ്കില്‍ വായുനിലവാരം മികച്ചതും 51നും 100നും ഇടയില്‍ തൃപ്തികരവുമാണ്. 101നും 200നും ഇടയില്‍ മിതമായ അവസ്ഥ. അപ്പോള്‍ 450ന് മുകളിലാണെങ്കില്‍ അവസ്ഥ ആലോചിച്ചുനോക്കൂ. അഞ്ചുവര്‍ഷത്തോളം തണുപ്പ് കാലത്ത് ശ്വസിച്ചത് മാരകമായ വിഷമായിരുന്നു. മലിനീകരണം രൂക്ഷമാകുമ്പോള്‍ ശക്തമായ മഴയോ കാറ്റോ വന്നെങ്കിലെന്ന് ഡല്ഹിക്കാര് പ്രാര്‍ഥിക്കും. ചോക്ക് കൊണ്ടെഴുതി അലങ്കോലമാക്കിയ ബ്ലാക്ക് ബോര്‍ഡ് നനഞ്ഞ തുണി കൊണ്ട് തുടച്ച പോലെ ആയിരിക്കും മഴയ്ക്ക്് ശേഷമുളള അന്തരീക്ഷം. അത്രയും ക്ലീന്‍. ഹിമാചലിലോ ജമ്മു കശ്മീരിലോ ഉത്തരാഖണ്ഡിലോ മഞ്ഞോ മഴയെ പെയ്താല്‍ ഡല്‍ഹി തണുത്ത് വിറയ്ക്കും. യമുനയില്‍ മിന്നല്‍ പ്രളയമുണ്ടാകാനും അധിക സമയം വേണ്ടി വരാറില്ല. ശൈത്യകാലത്തെ മഴ, കൊടുംചൂട് പോലെ തന്നെ അസഹ്യമാണ്. തണുപ്പ് ഇരട്ടിയാക്കും. തണുപ്പിനെ പ്രതിരോധിക്കാന്‍ രജായിക്ക് (ബെഡ് പോലെയുളള പുതുപ്പ് ) കഴിയാതെ വരും. തണുപ്പകറ്റാന്‍ തീ കായുന്നതിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസം ഉണ്ടാകില്ല. എല്ലില്‍ തണുപ്പ് കുത്തിയിറങ്ങും.
ഈയിടയായി ഡല്‍ഹിയില്‍ മഴ കൂടുതലാണ്. കേരളത്തിലേത് പോലെ പ്രത്യേക സമയമോ കാലമോ മഴയ്ക്കില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..