രാഹുൽ ഗാന്ധിയല്ല; നീതിയും ജനാധിപത്യവുമാണ് അയോഗ്യമാക്കപ്പെടുന്നത് | വഴിപോക്കൻ


By വഴിപോക്കൻ

7 min read
Read later
Print
Share

ഒരു ത്യാഗവും വെറുതെയാവില്ലെന്നതാണ് പ്രകൃതിയുടെ തത്വം. ഇന്ത്യയെ ഇക്കാലമത്രയും മതേതരത്വത്തിന്റെ പാതയിൽ ഉറപ്പിച്ചുനിർത്തിയത് ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണ്. ഇപ്പോഴിതാ മറ്റൊരു ഗാന്ധിയെ ഇല്ലാതാക്കാനുള്ള സംഘടിതശ്രമം ഇന്ത്യൻ ജനാധിപത്യത്തിന് മുന്നിൽ പ്രതീക്ഷകളുടെ പുതിയ പുലരി ഉയർത്തുന്നു.

രാഹുൽ ഗാന്ധി, നരേന്ദ്ര മോദി Photo: PTI

നാല് കൊല്ലം മുമ്പ് ഐ.ഐ.ടി. ഖരഗ്പുരിലെ വിദ്യാർത്ഥികളുമായി സംസാരിക്കവെ പ്രധാനമന്ത്രി മോദി ഡിസ്ലെക്‌സിയ (പഠിക്കാനും വായിക്കാനും വിഷമമുള്ള അവസ്ഥ) വെല്ലുവിളി നേരിടുന്നവരെ കളിയാക്കിയതായി ആക്ഷേപമുയർന്നിരുന്നു. ഡിസ്ലെക്സിയക്കാരെ സഹായിക്കുന്ന ഒരു ആപ്പ് വികസിപ്പിച്ചിട്ടുള്ളതിനെക്കുറിച്ച് ഐ.ഐ.ടിയിലെ ഒരു വിദ്യാർത്ഥി സംസാരിക്കവെ മോദി പൊടുന്നനെ ഒരു ചോദ്യം ചോദിച്ചു: ''ഇതുകൊണ്ട് 40-50 വയസ്സുള്ളവർക്ക് പ്രയോജനമുണ്ടാവുമോ?'' പ്രധാനമന്ത്രിയുടെ ചോദ്യത്തിന്റെ പൊരുൾ ആദ്യം ആ വിദ്യാർത്ഥിക്കോ അവിടെയുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾക്കോ പിടി കിട്ടിയില്ല. അന്നു നാൽപ്പത്തെട്ടുകാരനായ രാഹുൽ ഗാന്ധിയെയാണ് മോദി ഉദ്ദേശിച്ചതെന്ന് പക്ഷേ, അധികം വൈകാതെ തന്നെ എല്ലാവർക്കും മനസ്സിലായി. ഈ പ്രായക്കാർക്കും പ്രയോജനപ്പെടുമെന്ന് വിദ്യാർത്ഥി പ്രതികരിച്ചപ്പോൾ മോദിയുടെ മറുപടി ഇതായിരുന്നു: ''40-നും 50-നുമിടയിലുള്ള ആ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് നല്ല സന്തോഷമാവും.'' എത്രമാത്രം ഇൻസെൻസിറ്റീവായാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന വിമർശം ഉയർന്നെങ്കിലും മോദിയോ ബി.ജെ.പിയോ അതൊന്നും കാര്യമായി എടുത്തില്ല.

അതിനും ഒരു കൊല്ലം മുമ്പാണ് രാജ്യസഭയിൽ മോദിയും കോൺഗ്രസ് എം.പി. രേണുക ചൗധരിയും തമ്മിലുള്ള വാക്പയറ്റ് നടന്നത്. മോദി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ രേണുക പൊട്ടിച്ചിരിച്ചു. രേണുകയുടെ ചിരി അതിരു കടക്കുന്നുവെന്ന ചിന്തയിൽ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു രേണുകയോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഡോകട്റെ കാണണമെന്നും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. അപ്പോൾ മോദി ഇടപെട്ടു: ''സഭാദ്ധ്യക്ഷൻ, ദയവായി രേണുകാജിയെ തടയരുത്. രാമയണം പരമ്പരയ്ക്ക് ശേഷം ഇങ്ങനെയൊരു ചിരി ഇപ്പോഴാണ് കേൾക്കുന്നത്. '' മോദിയുടെ പരാമർശത്തിൽ സഭയിലെ ബി.ജെ.പി. എം.പിമാർ തലയറഞ്ഞ് ചിരിച്ചു. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരൺ റിജ്ജു മോദിയുടെ പരാമർശവും രാമായണത്തിൽ ശൂർപ്പണഖ അട്ടഹസിക്കുന്നതും ചേർത്ത് വീഡിയൊ പുറത്തിറക്കി. രേണുകയെ ശൂർപ്പണഖയെന്ന് വിളിച്ചതിൽ മോദി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

നമുക്കൊന്നു കൂടി പിന്നിലേക്ക് പോകാം. 2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം സംസ്ഥാനത്തുടനീളം ജനങ്ങളുടെ ആത്മവീര്യം വിണ്ടെടുക്കുന്നതിനായി മോദി ഗൗരവ് യാത്ര നടത്തി. ആ യാത്രയ്ക്കിടെ മെഹ്സാന ജില്ലയിൽ മോദി നടത്തിയ പ്രസംഗത്തിൽ ഇങ്ങനെയൊരു പരാമർശമുണ്ടായി: 'What should we do? Run relief camps for them? Do we want to open baby-producing centres? But for certain people that means hum paanch, hamare pachees'' (ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ഇവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ നടത്തണോ? ശിശുക്കളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ തുറക്കണോ? ചിലരെ സംബന്ധിച്ചിടത്തോളം അതിന്റെ അർത്ഥം ഞങ്ങൾ അഞ്ച്, ഞങ്ങൾക്ക് 25 എന്നാണ്).

ഓരോ മുസ്ലിമിനും അഞ്ച് കെട്ടാമെന്നും ആ അഞ്ചിൽനിന്ന് 25 കുട്ടികൾ ഉണ്ടാവുമെന്നുമാണ് മോദി ഉദ്ദേശിച്ചതെന്ന് വ്യാപകമായ ആക്ഷേപമുയർന്നു. ഗുജറാത്ത് കലാപത്തിൽ നിരാലംബരും അരക്ഷിതരുമായ ആയിരക്കണക്കിന് മുസ്ലിങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയവെ ആണ് മോദി ഈ വാക്കുകൾ ഘോഷിച്ചതെന്ന് മറക്കാനാവില്ല. നർമ്മദയിൽനിന്നുള്ള വെള്ളം സബർമതിയിലേക്ക് താൻ കൊണ്ടുവന്നത് ഹിന്ദുക്കളുടെ പുണ്യമാസമായ ശ്രാവണിലായതിനാലും മുസ്ലിങ്ങളുടെ പുണ്യമാസമായ റംസാനിൽ അല്ലാത്തതിനാലുമാണോ കോൺഗ്രസ് തന്നെ വിമർശിക്കുന്നതെന്നും മോദി അന്ന് ചോദിച്ചു.

മോദി ഈ പ്രസംഗം നടത്തുമ്പോൾ മലയാളിയായ ആർ.ബി. ശ്രീകുമാറായിരുന്നു ഗുജറാത്തിൽ ഇന്റലിജൻസ് ചുമതയുള്ള എ.ഡി.ജി.പി. അന്ന് മോദിയുടെ പ്രസംഗം കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ ന്യൂനപക്ഷ കമ്മീഷനും റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ശ്രീകുമാറിനെ ഇന്റലിജൻസിൽനിന്നു മാറ്റിയത്. പ്രസംഗം റിപ്പോർട്ട് ചെയ്യരുതെന്ന് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാർ വഴങ്ങിയില്ല. റിപ്പോർട്ട് നൽകിയ അന്ന് രാത്രി തന്നെ ശ്രീകുമാറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നു. മോദിയുടെ ഈ പരാമർശങ്ങൾക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചുവോ എന്നറിയില്ല. എന്തായാലും ഇത്തരം പ്രയോഗങ്ങൾക്ക് മോദിക്ക് ഒരിടത്തും ഉത്തരം പറയേണ്ടി വന്നിട്ടില്ല. ഒരു കോടതിയും മോദിയെ അയോഗ്യനാക്കുകയോ ശിക്ഷിക്കുകയോ ഉണ്ടായിട്ടില്ല.

ഗുജറാത്ത് കലാപത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്ന മോദിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയപ്പോൾ മോദി നടത്തിയ പരമാർശവും വിവാദമായിരുന്നു. 2002-ൽ ഒരു പൊതുയോഗത്തിൽ മോദി പറഞ്ഞത് ഇതാണ്: ''പത്രക്കാർ എന്നോട് ചോദിക്കുന്നു ജെയിംസ് മൈക്കൽ ലിങ്ദൊ ഇറ്റലിക്കാരനാണോ എന്ന്. എന്റെ കൈയ്യിൽ അദ്ദേഹത്തിന്റെ ജന്മരേഖയില്ല. എനിക്ക് രാജിവ് ഗാന്ധിയോട് ചോദിക്കേണ്ടി വരും. സോണിയയയും ലിങ്ദൊയും പള്ളിയിൽവെച്ച് കാണാറുണ്ടോ എന്നും പത്രക്കാർ ചോദിച്ചു. ചിലപ്പോൾ കാണുന്നുണ്ടാവുമെന്ന് ഞാൻ പറഞ്ഞു.'' ചീഫ് ഇലക്ഷൻ കമ്മീഷണർ ജെ.എം. ലിങ്ദൊയുടെ മുഴുവൻ പേര് ജെയിംസ് മൈക്കൽ ലിങ്ദൊ എന്നാണെന്ന് അന്നാണ് രാജ്യം അറിഞ്ഞത്. പ്രധാനമന്ത്രിയായിരുന്നു വാജ്പേയി ഈ പരാമർശത്തിന് മോദിയെ വിമർശിച്ചിരുന്നു.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പി.ടി.ഐ. തയ്യാറാക്കിയ ഗ്രാഫിക്‌സ്

കോടതികളും ഭരണകൂടവും

2019-ലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങൾക്കാധാരം. നിരവ് മോദിയുടെയും ലളിത് മോദിയുടെയും നരേന്ദ്ര മോദിയുടെയും പേരെടുത്ത് പറഞ്ഞാണ് എല്ലാ മോഷ്ടാക്കൾക്കും എങ്ങിനെയാണ് മോദി എന്ന വാലുണ്ടാവുന്നതെന്ന് രാഹുൽ ചോദിച്ചത്. ഇതിനെയാണ് മോദിമാരെ ഒന്നടങ്കം രാഹുൽ അധിക്ഷേിപിച്ചതായി വ്യാഖ്യാനിക്കപ്പെട്ടത്. നിരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ഈ വിഷയത്തിൽ കോടതിയെ സമീപിച്ചിട്ടില്ല. വിവാദ നായകരായ മൂന്ന് പേർക്കെതിരെ ഒരു തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നടത്തിയ പരാമർശത്തിന് രണ്ട് കൊല്ലത്തെ തടവുശിക്ഷ കടന്ന കൈയ്യാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

എന്ത് കൊണ്ട് സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കൊല്ലത്തെ തടവുശിക്ഷ വിധിച്ചുവെന്ന് ചോദിച്ചാൽ അതിനുള്ള ഒരു മറുപടി എന്നാൽ മാത്രമേ ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു എം.പിക്ക് എം.പി. സ്ഥാനം നഷ്ടപ്പെടുകയുള്ളു എന്നതാണ്. 'തെറ്റായ' വിധി എന്നാണ് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വി സൂറത്ത് കോടതി വിധിയെ വിശേഷിപ്പിച്ചത്. എന്തുകൊണ്ട് ശിക്ഷ ഒരു മാസത്തിലോ ഒരു കൊല്ലത്തിലോ ഒതുങ്ങിയില്ല എന്നത് ചോദ്യമാണ്. ജഡ്ജിമാരെയും കോടതികളെയും വിമർശിച്ചതിന് മുൻ മുഖ്യമന്ത്രി ഇ.എം.എസിന് കേരള ഹൈക്കോടതി വിധിച്ചത് ആയിരം രൂപ പിഴയും പിഴയൊടുക്കുന്നില്ലെങ്കിൽ ഒരു മാസത്തെ തടവുമാണ്. ഈ ശിക്ഷ പിന്നീട് സുപ്രിം കോടതി 50 രൂപ പിഴയും പിഴയൊടുക്കുന്നില്ലെങ്കിൽ ഒരാഴ്ച ശിക്ഷയും എന്നാക്കി. 50 രൂപ പിഴ അടച്ച് ഇ.എം.എസ്. കേസിൽനിന്ന് മുക്തനാവുകയും ചെയ്തു.

രാജ്യത്തെ കോടതികളുടെ മേൽ ഭരണകൂടത്തിന്റെ സമ്മർദ്ദം ശക്തമാവുകയാണെന്ന ആരോപണം കാണാതിരിക്കേണ്ട കാര്യമില്ല. 2014 ഡിസംബർ ഒന്നിന് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും മാറിയിട്ടില്ല. രണ്ട് കൊല്ലം മുമ്പ് പ്രഭാതസവാരിക്കിടെ ധൻബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ഒരു മുച്ചക്ര വാഹനം ഇടിച്ച് വീഴ്ത്തി കൊന്നതും മറക്കാനാവില്ല. കഴിഞ്ഞ വർഷം ജൂൺ 25-ന് തീസ്ത സെതൽവാദും ആർ.ബി. ശ്രീകുമാറും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതും ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിച്ചിരുന്നു. കോടതികൾ ഭരണകൂടത്തിന്റെ തുടർച്ചയാവുകയാണെന്ന വിമർശം ഉയരുന്നതിനിടെയാണ് സൂറത്തിൽനിന്നു രാഹുൽ ഗാന്ധിക്കെതിരെയുള്ള വിധിയും വരുന്നത്.

2013-ൽ മലയാളിയായ ലില്ലി തോമസിന്റെ കേസിലാണ് രണ്ട് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ നേരിടേണ്ടി വന്നാൽ ജനപ്രതിനിധികൾ ഉടനടി അയോഗ്യരാവുമെന്ന് സുപ്രീം കോടതി വിധിച്ചത്. ഈ വിധി മറികടക്കാൻ മൻമോഹൻ സിങ് സർക്കാർ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ രാഹുൽ ഗാന്ധി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതേത്തുടർന്ന് മൻമോഹൻ സർക്കാർ ഈ ഓർഡിനൻസിൽനിന്ന് പിൻവാങ്ങുകയും ചെയ്തു. സുപ്രീം കോടതി വിധിയെത്തുടർന്നുണ്ടായിട്ടുള്ള ഒരു പ്രശ്നം ഇത്തരം കേസുകളിൽ അപ്പിലിന് പോകുന്നവർക്ക് അപ്പീൽ കോടതിയുടെ വിധി വരും മുമ്പ് തന്നെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നുവെന്നതാണ്.

ഉദാഹരണത്തിന് സെഷൻസ് കോടതിയിൽ അപ്പീൽ നൽകുന്നതിന് രാഹുൽ ഗാന്ധിക്ക് ഒരു മാസത്തെ സമയം സൂറത്ത് കോടതി അനുവദിച്ചിട്ടുണ്ട്. പക്ഷേ, അപ്പീൽ നൽകുന്നതിനു മുമ്പ് തന്നെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടപ്പെട്ടു കഴിഞ്ഞു. രാഹുലിന് ലോക്സഭ നടപടികളിൽ പങ്കെടുക്കാനാവില്ല. ഈ ദിവസങ്ങളിൽ ലോക്സഭയിൽ മോദി സർക്കാരിനെതിരെ അവിശ്വാസ വോട്ടെടുപ്പ് വരികയും അതിൽ രാഹുലിന്റെ വോട്ട് നിർണ്ണായകമാവുകയും ചെയ്താൽ ആത്യന്തിക നഷ്ടം ജനാധിപത്യത്തിനായിരിക്കുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അപ്പീൽ കോടതി രാഹുലിനെതിരെയുള്ള ശിക്ഷ റദ്ദാക്കിയാൽ ഈ നഷ്ടപ്പെടുന്ന ദിവസങ്ങൾക്ക് ആരാണ് നഷ്ടപരിഹാരം നൽകുക എന്ന ചോദ്യവും കാണാതിരിക്കാനാവില്ല.

അതുകൊണ്ടാണ് അപ്പീൽ കോടതി തീരുമാനമെടുക്കും വരെ അയോഗ്യതയുണ്ടാവാൻ പാടില്ലെന്നും മൻമോഹൻ സിങ് സർക്കാരിന്റെ ഓർഡിനൻസ് ശരിയായ ദിശയിലുള്ളതായിരുന്നുവെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അന്നാ ഓർഡിനൻസിന്റെ കോപ്പി ചീന്തിയെറിഞ്ഞപ്പോൾ രാഹുലിന്റെ ഉദ്ദേശ്യം ജനാധിപത്യത്തിന്റെ ശുദ്ധീകരണമായിരുന്നു. അതിൽ പക്ഷേ, ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം രാഹുലിന് പിടികിട്ടാതെ പോയി. മദ്വചനങ്ങള്‍ക്ക് മാര്‍ദ്ദവമില്ലെങ്കില്‍ ഉദ്ദേശ്യശുദ്ധിയാൽ മാപ്പ് നൽകുക എന്നാണല്ലോ കവിവചനം.

ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നു | Photo: ANI

കോൺഗ്രസിന് കാലം നൽകുന്ന അവസരം

ഇനിയിപ്പോൾ രാഹുലിനും കോൺഗ്രസിനും മുന്നിൽ രണ്ട് സാദ്ധ്യതകളാണുള്ളത്. ഒന്ന് അപ്പീൽ കോടതിയൽനിന്നു രാഹുലിന് അനുകൂലമായ വിധിയുണ്ടാവുന്നു, രാഹുൽ ലോക്സഭയിലേക്ക് തിരിച്ചെത്തുന്നു. അല്ലെങ്കിൽ രാഹുൽ ജയിലിലേക്ക് പോകുന്നു, എട്ട് കൊല്ലത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവാത്ത അവസ്ഥയുണ്ടാവുന്നു. രണ്ടായാലും കോൺഗ്രസിന് നേട്ടമാണ്. ഭാരത് ജോഡോ യാത്ര പുതിയൊരു രാഹുലിന്റെ ഉദയമായിരുന്നുവെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. മോദി ഭരണകൂടത്തെയും സംഘപരിവാറിനെയും കൂടുതൽ ശക്തമായി നേരിടുന്ന രാഹുലിന്റെ ഉദയം.

രാഹുലിന്റെ അലമാരകളിൽ അസ്ഥികൂടങ്ങളില്ല എന്നതാണ് മോദി സർക്കാർ നേരിടുന്ന വലിയൊരു ്രപതിസന്ധി. രാജ്യത്തെ സകലമാന അന്വേഷണ ഏജൻസികളെയും വേട്ടപ്പട്ടികളെപ്പോലെ അഴിച്ചുവിട്ടിട്ടും രാഹുലിനെ കുടുക്കാനുള്ള കാര്യമായ ഒരു തെളിവും ഇതുവരെ കൈക്കലാക്കാൻ മോദി സർക്കാരിനായിട്ടില്ല. ഈ ക്ലീൻ ഇമേജാണ് അദാനിക്കെതിരെയും മോദിക്കെതിരെയും ഒരു പോലെ ആഞ്ഞടിക്കാൻ രാഹുലിന് ശക്തി പകരുന്നത്. ഈ സുതാര്യമായ പ്രതിച്ഛായയാണ് മോദിയെയും സംഘപരിവാറിനെയും വല്ലാതെ ഭയപ്പെടുത്തുന്നതും.

വരുന്ന ജൂൺ 19-ന് രാഹുലിന് 53 വയസ്സാവും. എട്ട് കൊല്ലം തിരഞ്ഞെടുപ്പ് വേദിയിൽനിന്ന് മാറി നിൽക്കേണ്ടി വന്നാലും പ്രായം രാഹുലിനൊപ്പമാണ്. പ്രധാനമന്ത്രി സ്്ഥാനാർത്ഥിയായി രാഹുൽ രംഗത്തില്ലെന്ന് വന്നാൽ അത് തങ്ങൾക്ക് 2024-ൽ വിജയം എളുപ്പമാക്കുമെന്ന മിഥ്യാധാരണയാണ് ബി.ജെ.പിക്കുള്ളതെന്ന് തോന്നുന്നു. വാസ്തവത്തിൽ രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് വന്നാൽ മമതയ്ക്കും അഖിലേഷിനും മായാവതിക്കും എന്തിന് ചന്ദ്രശേഖർ റാവുവിന് പോലും കോൺഗ്രസുമായി ഒത്തുചേർന്ന് പോവാൻ വിഷമമുണ്ടാവില്ല. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ ഐക്യം ഉറപ്പിക്കാൻ കോൺഗ്രസ് പ്രധാനമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കാതിരിക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്. അടിയന്തരാവസ്ഥയിൽ പ്രതിപക്ഷത്തെ ഒന്നിപ്പിച്ച ജയപ്രകാശ് നാരായണനെപ്പോലൊരു നേതാവിന്റെ അഭാവമാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വലിയൊരു പ്രതിസന്ധി. പതുക്കെയാണെങ്കിലും അത്തരമൊരു റോളിലേക്കാണ് രാഹുൽ ഗാന്ധി സ്വയം പരിണമിക്കേണ്ടത്.

ഗാന്ധിജി ട്രെയിൻ യാത്രയ്ക്കിടെ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്

തിരിയണം ഗാന്ധിജിയിലേക്ക്

കോൺഗ്രസിനും രാഹുലിനും ഇതൊരു പ്രതിസന്ധിയാണെന്നതിൽ സംശയമില്ല. ഇത്തരം ഘട്ടങ്ങളിൽ കോൺഗ്രസ് ചെയ്യേണ്ടത് സാക്ഷാൽ ഗാന്ധിജിയിലേക്ക്, ഒറിജിനൽ മോഹൻദാസ് കരംചന്ദ് ഗാന്ധിയിലേക്ക് തിരിയുക എന്താണ്. ഗാന്ധിജി എന്ന പോരാളിയാണ് കോൺഗ്രസിന് ഈ ദശാസന്ധിയിൽ മാതൃകയാവേണ്ടത്. 130 കൊല്ലം മുമ്പ് 1893-ലാണ് ദക്ഷിണാഫ്രിക്കയിൽവെച്ച് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന എം.കെ. ഗാന്ധി തീവണ്ടിയിൽനിന്ന് പുറത്താക്കപ്പെട്ടത്. ഒന്നാം ക്ലാസ് ടിക്കറ്റുണ്ടായിട്ടും ഗാന്ധിയെ വെള്ളക്കാരനായ റെയിൽവെ ഓഫീസർ തീവണ്ടിയിൽനിന്നു പുറത്താക്കി. പെട്ടിപോലും എടുക്കാനാവുന്നതിന് മുമ്പാണ് ഗാന്ധിയെ ആ ഓഫീസർ തള്ളിപ്പുറത്താക്കിയത്.

അന്ന് ആ സ്റ്റേഷനിൽ തണുത്ത് വിറച്ച് നിൽക്കുമ്പോൾ ഗാന്ധിക്ക് മുന്നിൽ രണ്ട് വഴികളുണ്ടായിരുന്നു. ഒന്ന്, ഇന്ത്യയിലേക്ക് തിരിച്ചുപോവുക. രണ്ട്, വർണ്ണ വിവേചനത്തിനും അസമത്വത്തിനുമെതിരെ ദക്ഷിണാഫ്രിക്കയിൽ സമരം ചെയ്യുക. രണ്ടാമത്തെ വഴിയാണ് ഗാന്ധിജി തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പാണ് എം.കെ. ഗാന്ധിയെ മഹാത്മ ഗാന്ധിയാക്കിയത്. ഇന്നിപ്പോൾ രാഹുലിനും കോൺഗ്രസിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഇന്ത്യൻ ജനാധിപത്യവും നീതിയും അതിഭീകരമായി പരീക്ഷിക്കപെടുമ്പോൾ പ്രക്ഷോഭത്തിന്റെ പാതയിലൂടെ സധൈര്യം മുന്നോട്ടു നീങ്ങുക. നീതി നിഷേധിക്കുന്ന നിയമങ്ങൾക്ക് വഴങ്ങരുത് എന്നതായിരുന്നു ഗാന്ധിജിയുടെ തത്വശാസ്ത്രം. ഉപ്പ് സത്യാഗ്രഹം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രക്ഷോഭങ്ങൾ ഗാന്ധിജി തുടങ്ങിയത് അതുകൊണ്ടാണ്. നീതിയാണോ നിയമമാണോ വലുതെന്ന ചോദ്യത്തിന് നീതി എന്നുത്തരം പറയാൻ ഗാന്ധിജിക്ക് ഒരിക്കലും മടിയുണ്ടായിരുന്നില്ല.

എസ്.പി.ജി. സുരക്ഷ മോദി സർക്കാർ പിൻവലിച്ചതാണ് ഭാരത് ജോഡോ യാത്ര പോലൊരു ജനസമ്പർക്ക പരിപാടി നടത്താൻ രാഹുലിന് തുണയായതെന്ന് പത്രപ്രവർത്തകൻ ഹരിഷ് ഖരെ ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോൾ ഈ അയോഗ്യതയും രാഹുലിന് മുന്നിൽ അതുപോലൊരു അവസരമാണ് തുറന്നിടുന്നതെന്ന് ഖരെ എഴുതുന്നു. അവസരങ്ങൾ ചിലപ്പോൾ ഇങ്ങനെയൊക്കെയാണ് വരിക. 2025-ൽ ശതാബ്ദി ആഘോഷിക്കാനിരിക്കെ സംഘപരിവാറിന് ഇന്ത്യയ്ക്കായി പല പദ്ധതികളുമുണ്ട്. ആ പദ്ധതികളുടെ നിറവേറലിന് മുന്നിൽ ഒരു പക്ഷേ, ഉയരുന്ന ആദ്യ വെല്ലുവിളിയാവും രാഹുലിന്റെ അയോഗ്യത.

ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്. പാർലമെന്റിന്റെ പടവുകളിൽ സാഷ്ടാംഗം നമസ്‌കരിച്ചാണ് അദ്ദേഹം ആദ്യമായി ജനാധിപത്യത്തിന്റെ ശ്രികോവിലിലേക്ക് വന്നത്. പിന്നീടങ്ങോട്ട് പാർലമെന്റ് ഒരു നോക്കുകുത്തിയാവുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. വികസനം മുദ്രാവാക്യമാക്കിയിരുന്നവർ വർഗ്ഗീയതയുടെ തണലിലേക്കും തണുപ്പിലേക്കും നീങ്ങി. രാഷ്ട്രപിതാവിനെ അവഹേളിച്ചവരെ ലോക്സഭയിലേക്ക് എത്തിക്കാനും മോദിക്കും ബി.ജെ.പിക്കും മടിയുണ്ടായില്ല. മോദിയാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രപിതാവെന്ന പ്രശംസകൾ സാമോദം ഏറ്റുവാങ്ങുന്ന പാർട്ടിയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. വിമർശം എവിടെയൊക്കെ ഉയരുന്നുവോ അവിടെയൊക്കെ അടിച്ചമർത്താൻ ഭരണകൂടത്തിന്റെ കരാളഹസ്തങ്ങളുണ്ട്. ഒരു നേതാവ്, ഒരു പാർട്ടി, ഒരു ഭാഷ എന്നിങ്ങനെയുള്ള ജനാധിപത്യ വിരുദ്ധതയിലേക്കുള്ള യാത്ര. ചെറുത്തുനിൽപ്പിന്റെ തുരുത്തുകൾ പോലും ഇല്ലാതാവുന്ന അവസ്ഥ. ഇതിലേക്കാണ് ഒരു വഴിത്തിരിവെന്ന പോലെ രാഹുലിന്റെ അയോഗ്യത കടന്നുവരുന്നത്.

അയോഗ്യത നിലനിൽക്കുകയും വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വരികയും ചെയ്താൽ സി.പി.എം. ഉൾപ്പെടുന്ന ഇടത് മുന്നണി അവിടെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുന്ന സാഹചര്യം ആലോചിച്ചു നോക്കുക. പുതിയൊരു ഇന്ത്യയുടെ, പുതിയൊരു പ്രതിപക്ഷത്തിന്റെ ഉദയത്തിനാവും അതോടെ രാജ്യം സാക്ഷ്യം വഹിക്കുക. ഒരു ത്യാഗവും വെറുതെയാവില്ലെന്നതാണ് പ്രകൃതിയുടെ തത്വം. ഇന്ത്യയെ ഇക്കാലമത്രയും മതേതരത്വത്തിന്റെ പാതയിൽ ഉറപ്പിച്ചു നിർത്തിയത് ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണ്. ഇപ്പോഴിതാ മറ്റൊരു ഗാന്ധിയെ ഇല്ലാതാക്കാനുള്ള സംഘടിതശ്രമം ഇന്ത്യൻ ജനാധിപത്യത്തിന് മുന്നിൽ പ്രതീക്ഷകളുടെ പുതിയ പുലരി ഉയർത്തുന്നു.

വഴിയിൽ കേട്ടത്: റബ്ബറിന് മുന്നൂറ് രൂപയാക്കിയാൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്ന് ആർച്ച് ബിഷപ് ജോസഫ് പംപ്ലാനി. മുപ്പത് വെളളിക്കാശായിരുന്നു യൂദാസിന്റെ പ്രലോഭനം. രൂപയുടെ മൂല്യമൊക്കെ പരിഗണിക്കുമ്പോൾ മുപ്പത് മുന്നൂറായാൽ മതിയോ എന്നതാണ് ബാക്കിയാവുന്ന ചോദ്യം!

Content Highlights: Rahul Gandhi, Disqualified, Indian Democracy, Justice, Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sakshi Malik
Premium

9 min

അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ

Jun 3, 2023


Prathibhashanam

6 min

ഇരയുടെ കരച്ചിൽ കേട്ട് ആനന്ദിക്കുന്നവരും ബിഷപ്പ് ഫ്രാങ്കോ കേസിന്റെ വിധിയും | പ്രതിഭാഷണം

Jan 20, 2022


.

8 min

പ്രാദേശിക ഭാഷ സംസാരിക്കുന്ന സിനിമകള്‍ | ഷോ റീല്‍

Sep 13, 2022

Most Commented