ബിഹാര്‍ രാഷ്ട്രീയത്തിലെ മറിമായങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചൂണ്ടുപലക | പ്രതിഭാഷണം


സി.പി.ജോണ്‍നിതീഷ് കുമാർ

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ മറിമായം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗൗരവമേറിയ സംഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എട്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാര്‍ ബി.ജെ.പി. സഖ്യത്തിലൂടെയാണ് അധികാരത്തിലെത്തിയതെങ്കിലും പ്രതിപക്ഷത്തിന്റെ സഹായത്തോടുകൂടി വീണ്ടും മുഖ്യമന്ത്രിയായിരിക്കുന്നു. നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഇത് പുതിയ കാര്യമല്ല.

ലാലു പ്രദാസ് യാദവിന്റെ പാര്‍ട്ടിയുമായും ഇടതു പാര്‍ട്ടികളുമായും കോണ്‍ഗ്രസുമായും യോജിച്ചുകൊണ്ട് 2015-ല്‍ അധികാരത്തില്‍ വന്ന നിതീഷ് കുമാര്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ബി.ജെ.പി. ക്യാമ്പിലേക്ക് ഇതുപോലെ പോയതാണ്. ബി.ജെ.പിയില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആക്കുന്നു എന്ന ആക്ഷേപമുന്നയിച്ചുകൊണ്ട് 2014-ന് മുമ്പ് ബി.ജെ.പിയുമായുളള ബന്ധം നിതീഷ് കുമാര്‍ വിച്ഛേദിക്കുകയും ചെയ്തു.

നിതീഷ്‌ കുമാര്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ്. അഴിമതിയുടെ കഥകള്‍ താരതമ്യേന നിതീഷ്‌ കുമാറിന്റെ കാര്യത്തില്‍ കുറവാണ്. ജയപ്രകാശിന്റെയും രാംമനോഹര്‍ ലോഹ്യയുടെയും ആചാര്യ നരേന്ദ്രദേവിന്റെയും സോഷ്യലിസ്റ്റ് പാരമ്പര്യം അവകാശപ്പെടുന്ന നിതീഷ് കുമാര്‍ സാമാന്യം നല്ല നിലയില്‍ ഭരണം നടത്തുന്നു എന്ന ഖ്യാതിയും നേടിയെടുത്തിട്ടുണ്ട്. പക്ഷേ, നിന്ന നില്‍പില്‍ രാഷ്ട്രീയ പങ്കാളികളെ മാറ്റിക്കൊണ്ട് സ്വന്തം പാര്‍ട്ടിയെ അധികാരത്തില്‍ തന്നെ നിലനിര്‍ത്തുക എന്ന തന്ത്രം നിതീഷ്‌കുമാറിനോളം വിജയകരമായി പയറ്റാന്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ നേതാവിനും സാധിച്ചിട്ടില്ല എന്നതാണ് സത്യം.

ഇത്തവണ നിതീഷ്‌ കുമാര്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത് സകലതും കീഴടക്കിയിരിക്കുന്നു എന്ന് അഭിമാനിച്ച ബി.ജെ.പി. ശക്തിക്ക് നേരെയാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും വൈസ് പ്രസിഡന്റും സ്പീക്കറുമടക്കം ഇന്ത്യയുടെ സകല അധികാരകേന്ദ്രങ്ങളിലും ഞങ്ങളുണ്ട് എന്നുമാത്രമല്ല ഇനി 30-40 വര്‍ഷക്കാലത്തേക്ക് ഞങ്ങള്‍ മാത്രമായിരിക്കുമെന്ന് പ്രഖ്യാപിക്കുവാന്‍ പോലും മടിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി.. അമിത്ഷായെന്ന അഭിനവ രാഷ്ട്രീയ തന്ത്രജ്ഞനാകട്ടേ താന്‍ കരുതിയതെന്തും നടപ്പാക്കുന്ന ശക്തനായ രാഷ്ട്രീയ നേതാവും പുറമേക്ക് ആഭ്യന്തരമന്ത്രിയുമാണ്.

വളരെ തന്ത്രപരമായി ആദിവാസി വിഭാഗത്തില്‍പെട്ട പ്രഗത്ഭയായ ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി ഭവനിലെത്തിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. വാസ്തവത്തില്‍ അന്ന് പ്രതിപക്ഷത്തിന് പാളിച്ച പറ്റിയെന്ന് ഇതേ കോളത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയ ആല്‍വയ്ക്കും മുഴുവന്‍ പ്രതിപക്ഷ വോട്ടും കിട്ടിയില്ല. മമത ബാനര്‍ജിയുടെ പാര്‍ട്ടി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നു. പക്ഷേ ഈ രണ്ടുതിരഞ്ഞെടുപ്പുകളിലും നിതീഷ്‌കുമാറിന്റെ പാര്‍ട്ടി ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍ക്ക് കൃത്യമായ വോട്ട് ചെയ്തു. പക്ഷേ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നിതീഷ്‌ കുമാര്‍ കാലുമാറി.

ബി.ജെ.പിയെ പോലും ഞെട്ടിച്ചുകൊണ്ട് സഖ്യത്തില്‍നിന്നും ഇറങ്ങിവന്ന നിതീഷ്‌കുമാര്‍ ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന പഴയ മുദ്രാവാക്യം ഫലപ്രദമായി എടുത്തുപയറ്റി. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നത് തിരുവിതാംകൂറിലെ ഒരു പഴമൊഴിയാണ്. അമിത് ഷാ കൊടുത്തുകൊണ്ടേയിരിക്കുകയായിരുന്നു. അതിന്റെ ഏറ്റവും അവസാനത്തെ മാറ്റൊലി മഹാരാഷ്ട്രയിലായിരുന്നു. തങ്ങളുടെ സഖ്യകക്ഷിയായിരുന്ന ശിവസേനയെ ചെറുതാക്കാന്‍ ശ്രമിച്ചപ്പോള്‍ ശിവസേന കലഹിച്ചു. അവര്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിപദം അലങ്കരിച്ചു. മോദിയും അമിത് ഷായും അത് സഹിച്ചില്ല. കാത്തിരുന്ന് സന്ദര്‍ഭം നോക്കി ശിവസേനയെ പിളര്‍ത്തി ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി. പക്ഷേ മഹാരാഷ്ട്രയില്‍ കൊടുത്തത് വലിയ താമസമില്ലാതെ ബി.ജെ.പിക്ക് ബിഹാറില്‍ തിരിച്ചുകിട്ടിയിരിക്കുന്നു. ഇവിടെയാണ് നിതീഷ്‌കുമാറിന്റെ കൂറുമാറ്റ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് ആക്ഷേപിക്കാമെങ്കിലും നിര്‍ണായകമായ ചുവടുമാറ്റം പ്രസക്തമായി തീരുന്നത്.

ഈ ചുവടുമാറ്റത്തോടെ ഇന്ത്യന്‍ രാഷ്ട്രീയം നിതീഷ് കുമാറിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഉടനെ തന്നെ നിതീഷ് കുമാര്‍ നടത്തിയ പ്രസ്താവന 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. 2014-ല്‍ അധികാരത്തില്‍ വന്ന മോദിക്ക് 2024-ല്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ നിതീഷ് കുമാര്‍ 2024-ല്‍ ആര്‍ജെഡിയുടെ തേജസ്വി യാദവിനെ ഞാന്‍ ഭരണമേല്‍പ്പിക്കും എന്നുകൂടി പറഞ്ഞാല്‍ അതിന്റെ അര്‍ഥം ദേശീയ രാഷ്ട്രീയത്തിലേക്ക് നാം പോകാന്‍ തയ്യാറാണ് എന്നുതന്നെയാണ്. മുമ്പ് റെയില്‍വേ മന്ത്രിയായിരുന്ന നിതീഷ് കുമാര്‍ ആഗ്രഹിക്കുന്നത് കേന്ദ്രമന്ത്രിസ്ഥാനമല്ലെന്ന് വ്യക്തം. പ്രതിപക്ഷം പ്രധാനമന്ത്രിയെ തിരയുന്ന കാലത്താണ് നിതീഷ്‌കുമാറിന്റെ പ്രഖ്യാപനം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും ശ്രദ്ധേയമായ രാഷ്ട്രീയ കേന്ദ്രമാണ് ബിഹാര്‍. അവിടെ നിന്നാണ് ജയപ്രകാശ് നാരായണ്‍ ഇന്ദിര ഗാന്ധിക്കെതിരായ പോരാട്ടം ആരംഭിച്ചത്. സമ്പൂര്‍ണ വിപ്ലവം അരങ്ങേറിയത്. അതിനുശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിര ഗാന്ധി തോറ്റതും. അതായത് രാഷ്ട്രീയ വിക്ഷോഭങ്ങളുടെ കേന്ദ്രമായ ബിഹാറില്‍നിന്ന് ഒരു പ്രധാനമന്ത്രി, രാജേന്ദ്രപ്രസാദിന്റെ നാട്ടില്‍നിന്ന് ഒരു പ്രധാനമന്ത്രി എന്ന സന്ദേശം കൂടിയാണ് നിതീഷ്‌കുമാര്‍ മുന്നോട്ട് വെക്കുന്നത്. ഹിന്ദിബെല്‍റ്റില്‍ നിന്നല്ല നരേന്ദ്രമോദിയും അമിത്ഷായും വരുന്നത് എന്ന കാര്യവും കൂടി ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്. ലക്ഷണമൊത്ത ഹിന്ദി രാഷ്ട്രീയത്തിന്റെ, ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ വക്താവിനെ പ്രതിപക്ഷ നേതൃനിരയില്‍ കിട്ടിയിരിക്കുന്നു എന്നതാണ് ബിഹാറിലെ മറിമായ രാഷ്ട്രീയത്തിന്റെ ബാക്കിപത്രം.

ഇവിടെ നഷ്ടമേറ്റുവാങ്ങേണ്ടി വന്നത് മമത ബാനര്‍ജിക്ക് ആണെന്ന് ഞാന്‍ കരുതുന്നു. മമത ബാനര്‍ജിയും പ്രാദേശിക നേതാവാണ്. വേണമെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന ചില സൂചനകളും മമത ബാനര്‍ജി നല്‍കി. പക്ഷേ, മമതയുടെ പാര്‍ട്ടിയിലായിരുന്ന യശ്വന്ത് സിന്‍ഹയെ രാജിവെപ്പിച്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം തയ്യാറായെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മാര്‍ഗരറ്റ് ആല്‍വയെ നിര്‍ത്തിയതില്‍ എന്തുകൊണ്ടോ ചില പ്രതിഷേധങ്ങളുണ്ടായ മമത ബാനര്‍ജി അവിചാരിതമായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അംഗങ്ങളോട് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടതോടുകൂടി മമത നിര്‍ണായക സന്ദര്‍ഭത്തില്‍ ചതിക്കുമെന്ന ധാരണ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്കുമുണ്ടായി.

മമതയുടെ ഈ തിരിച്ചടി തന്റെ നേട്ടമായി എടുത്തിരിക്കുകയാണ് നിതീഷ് കുമാര്‍. അദ്ദേഹം മമതയേക്കാളും മുതിര്‍ന്ന നേതാവാണ്. എട്ടുതവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യയിലെ ഏറ്റവും സീനിയര്‍ നേതാക്കന്മാരില്‍ ഒരാള്‍. സോഷ്യലിസ്റ്റ് പാരമ്പര്യം, അഴിമതിക്കറ ഏല്‍ക്കാത്ത രാഷ്ട്രീയ പ്രവര്‍ത്തന പരിചയം. ഇതെല്ലാം ഒരു പ്രധാനമന്ത്രിയുടെ നല്ല യോഗ്യതകളാണ്. മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയാകുന്നത് സാധാരണയല്ലെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി രണ്ടുതവണ പ്രധാനമന്ത്രിയായി ജയിച്ചതോടുകൂടി മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയാകുന്ന കീഴ്‌വഴക്കവും ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

ഇവിടെയും ഒരു യോഗ്യനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് നിതീഷ്‌കുമാര്‍. ഇടതുപക്ഷങ്ങള്‍ക്കും ഇക്കാര്യത്തില്‍ ബുദ്ധിമുട്ടില്ല. ബിഹാറില്‍ സിപിഐക്കും സിപിഎമ്മിനും രണ്ടു സീറ്റു വീതമുണ്ട് എന്നതിന് പുറമേ സി.പി.ഐ. എം.എല്ലിന്റെ ദീപാങ്കര്‍ നയിക്കുന്ന പാര്‍ട്ടിക്ക് 12 സീറ്റുണ്ട്. ഇടതുപക്ഷങ്ങളുടെ ആകെ സംഖ്യ 243 അംഗ അസംബ്ലിയില്‍ 16 ആണ്. യു.പി.എ. കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇത്. യു.പി.എ. സര്‍ക്കാരിനെ ഇടതുപക്ഷം പാര്‍ലമെന്റില്‍ പിന്താങ്ങിയപ്പോള്‍ അവര്‍ക്ക് 63 സീറ്റുകള്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. ബിഹാറില്‍നിന്നും തമിഴ്‌നാട്ടിലെന്ന പോലെ ഒന്നോ രണ്ടോ സീറ്റുകള്‍ ലഭിക്കുവാന്‍ ഇടതുപാര്‍ട്ടികള്‍ക്കും ഇതോടെ അവസരം ലഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും ഇത് സുവര്‍ണാവസരമാണ്. കോണ്‍ഗ്രസ് ഈ അവസരം ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം.

ഇതിനിടയില്‍ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് നടത്തം തുടങ്ങുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചന്ദ്രശേഖര്‍ കന്യാകുമാരിയില്‍നിന്ന് ഡല്‍ഹിയിലേക്ക് നടന്നിട്ടുളളതാണ് ഏറ്റവും വലിയ റെക്കോഡ്. അതു ഭേദിച്ചുകൊണ്ട് കശ്മീരിലേക്ക് നടക്കുന്ന രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തനിക്കുനേരെ ഉയര്‍ന്നുവന്നിട്ടുളള എല്ലാ ആക്ഷേപങ്ങള്‍ക്കും മറുപടി പറയാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റാരേക്കാളും ഇന്ത്യയെ അറിയുന്നവന്‍ ഞാനാണ് എന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പഴയ കോണ്‍ഗ്രസിന് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്നുപോകാനുളള സംഘടനാ ബലമുണ്ട് എന്നുകൂടെ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകമായ സംഭവമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. രാഹുല്‍ ഗാന്ധി ഇന്ത്യ മുഴുവന്‍ നടന്നെത്തുമ്പോഴേക്കും ഒരു വലിയ പ്രതിപക്ഷ ഐക്യത്തിന്റെ സന്ദേശം ഇന്ത്യയില്‍ ഉരുത്തിരിയും എന്നുതന്നെയാണ് കരുതേണ്ടത്. അതുസാധിച്ചാല്‍ 2024 ബി.ജെ.പിക്ക് വളരെ എളുപ്പമാകില്ല. പണംകൊണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കേന്ദ്ര ഏജന്‍സിയുടെയും നീരാളിപ്പിടുത്തങ്ങള്‍കൊണ്ടും ഏത് രാഷ്ട്രീയ പാര്‍ട്ടിയെയും കശക്കിയെറിയാന്‍ ഞങ്ങള്‍ക്കാകും എന്ന ബിജെപിയുടെ മിഥ്യാബോധത്തെയാണ് നിതീഷ്‌കുമാര്‍ അട്ടിമറിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ വിചാരിച്ചാലും ബിജെപി സര്‍ക്കാര്‍ വിചാരിച്ചാലും എല്ലാം ശരിയാക്കി എടുക്കാന്‍ കഴിയുമെന്ന ബോധത്തിനും ഇന്ന് മങ്ങലേറ്റിരിക്കുകയാണ്.

ബിഹാര്‍ രാഷ്ട്രീയത്തിലെ മറിമായങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നര്‍ഥം. പക്ഷേ, ഇവിടെയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ബി.ജെ.പിയുടെ ഏതെങ്കിലും രാഷ്ട്രീയ-സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് താന്‍ ബിജെപി സഖ്യമുപേക്ഷിക്കുന്നത് എന്ന് നിതീഷ് കുമാര്‍ പറഞ്ഞിട്ടില്ല. മറിച്ച് ആര്‍.സി.പി. സിങ് എന്ന കേന്ദ്രമന്ത്രിസഭയിലെ നിതീഷ് കുമാറിന്റെ പ്രതിനിധിയെ ഉപയോഗിച്ചുകൊണ്ട് തന്റെ പാര്‍ട്ടി പിളര്‍ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നു എന്ന ആരോപണമാണ് നിതീഷ്‌ കുമാര്‍ ഉയര്‍ത്തിയിരിക്കുന്നത്.

ദൈനംദിന രാഷ്ട്രീയം മുന്നോട്ടുപോവുക നേര്‍രേഖയിലൂടെ അല്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. വളഞ്ഞും പുളഞ്ഞും തിരിഞ്ഞും മറിഞ്ഞും അതിന്റേതായ മാര്‍ഗം കണ്ടെത്തുക എന്നുളളതാണ് രാഷ്ട്രീയ പ്രക്രിയയുടെ സ്വഭാവം. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ബിഹാറിലെ നിതീഷ് കുമാറിന്റെ മലക്കം മറിച്ചില്‍ കേവലമായ കൂറുമാറ്റ രാഷ്ട്രീയത്തിന്റെ കളത്തില്‍ മാത്രം പെടുത്തി ചുരുക്കാവുന്നതല്ല. എന്നാല്‍ ബി.ജെ.പിയും വെറുതെയിരിക്കും എന്ന് കരുതരുത്. ബി.ജെ.പി. വെടികൊണ്ട പുലിയാണ്. എന്താണ് ചെയ്യുക എന്നറിഞ്ഞുകൂടാ. എന്തുംചെയ്യാന്‍ മടിക്കാത്ത അമിത്ഷാ അദ്ദേഹത്തിന്റെ കരുക്കള്‍ നീക്കുന്നത് എങ്ങോട്ടാണെന്നും ഇപ്പോള്‍ നമുക്ക് പ്രവചിക്കാന്‍ സാധ്യമല്ല.

കോവിഡ് വാക്‌സിനേഷന്‍ ഏതാണ്ട് 70 ശതമാനത്തോളം ആളുകള്‍ക്ക് നല്‍കി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച അമേരിക്കയുടെ 67.7 എന്ന നിരക്കിനേക്കാള്‍ കൂടിയ നിരക്കിലേക്ക് ഇന്ത്യ എത്തിക്കഴിഞ്ഞു.കോവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ ഉടനെ പൗരത്വ നിയമത്തിന് റൂള്‍സ് ഉണ്ടാക്കുമെന്ന് അമിത്ഷാ നേരത്തേ പറഞ്ഞുവെച്ചിട്ടുണ്ട്. കൂടുതല്‍ ഭിന്നിപ്പിന്റെ രാഷ്ട്രീം പറഞ്ഞുകൊണ്ട് എങ്ങനെ ബിജെപിയുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനാവുമെന്ന് തല പുകയ്ക്കുകയായിരിക്കും ഇപ്പോള്‍ മോദിയും അമിത്ഷായും പക്ഷേ ഇന്ത്യയിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ അകറ്റാന്‍ തങ്ങള്‍ക്കായെന്ന അവകാശവാദം പോലും ബി.ജെ.പിക്ക് ഉന്നയിക്കാന്‍ സാധിക്കാത്ത ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യം ശക്തമാക്കുകയും വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നവരെ അധികാരത്തില്‍ നിന്ന് മാറ്റുകയും ചെയ്യുക എന്ന മിനിമം പരിപാടിയാണ് പ്രതിപക്ഷം നിറവേറ്റേണ്ടത്. ആ അര്‍ഥത്തില്‍ ബിഹാര്‍ 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തിരശ്ശീല ഉയര്‍ത്തിയിരിക്കുന്നു. ബാക്കി നാടകം നമുക്ക് കാത്തിരുന്നു കാണാം.

Content Highlights: nitish kumar and bihar politics pratibhashanam column by cp john


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented