പുസ്തകപ്പുഴുക്കള്‍ ഫോണ്‍ പുഴുക്കളായി മാറുമ്പോള്‍ സംഭവിക്കുന്നത് | മധുരം ജീവിതം


കെ.കെ.ജയകുമാര്‍ | jayakumarkk8@gmail.comകാലം മാറുന്നു, അഭിരുചികളും.. വായിച്ചു കിട്ടുന്ന അറിവിനേക്കാളും വലുതായി മറ്റൊന്നുമില്ല എന്ന പറയുന്നത് പുസ്തകങ്ങളല്ലാതെ മറ്റൊരു ഉപാധിയും ഇല്ലാതിരുന്ന കാലത്താണ്. ഇന്നിപ്പോള്‍ അറിവ് നേടാന്‍ മറ്റെന്തെല്ലാം ഉപാധികള്‍. പുതിയ സങ്കേതങ്ങള്‍ ഉപയോഗിക്കുകയാണ് വേണ്ടത്.

പ്രതീകാത്മക ചിത്രം

'നിങ്ങളൊക്കെ ജീവിതത്തില്‍ ടെന്‍ഷന്‍ എന്താണ് എന്നറിഞ്ഞിട്ടുണ്ടോ. ഈ പ്രായത്തിലുള്ള ഒരു കുട്ടിയായി ഇപ്പോഴൊന്ന് ജനിച്ചുനോക്കൂ. ഈ പ്രായത്തിലുള്ള ഒരു സ്റ്റുഡന്റായി ജീവിച്ചുനോക്കൂ. അപ്പോഴറിയാം അതിന്റെ ബുദ്ധിമുട്ട്.'

അമ്മയും മകളും തമ്മിലുള്ള യുദ്ധമാണ്. വൈകിട്ട് ഓഫീസില്‍ നിന്നെത്തിയ ഞാന്‍ അകത്തേക്ക് കയറണോ പുറത്തേക്ക് പോണോ എന്ന ഒരുമിനിട്ട് സംശയിച്ചു.

'വന്നപാടേ മുങ്ങാമെന്ന് കരുതിയോ. ഇവിടെ വാ'

ഞാന്‍ വന്നത് കണ്ട് മകള്‍ കയ്യോടെ പിടിച്ചുവലിച്ച് യുദ്ധഭൂമിയില്‍ കൊണ്ടിട്ടു. മകള്‍ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. കടുകട്ടി സിലബസ്. പുതിയ കാലത്തിലെ കുട്ടിയായി ജനിച്ച് ജീവിച്ചുനോക്കൂ. അപ്പോളറിയാം അതിന്റെ ബുദ്ധിമുട്ട് എന്ന് സ്വന്തം അച്ഛനോടും അമ്മയോടും പറഞ്ഞ് പഠിപ്പിക്കുകയാണ് അവള്‍.

'നിങ്ങള്‍ക്കൊക്കെ ഒരു വിചാരമുണ്ട്. നിങ്ങള്‍ ചെയ്യുന്ന ജോലിയാണ് ഏറ്റവും വലിയ സംഭവമെന്ന്. അല്ലെങ്കില്‍ ജോലിയും കുടുബവും ഒന്നിച്ചുകൊണ്ടുപോകുന്നതൊക്കെ വലിയ കാര്യമാണ് എന്ന്. ഒന്നുമല്ല. ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന ടെന്‍ഷനെക്കുറിച്ച് വല്ല പിടിയുമുണ്ടോ നിങ്ങള്‍ക്ക്. എത്രമാത്രം പുസ്തകങ്ങളാണ് വായിച്ചുപഠിക്കേണ്ടത്. വീക്കില് ടെസ്റ്റ്, മന്ത്ലി ടെസ്റ്റ്. ഓണ്‍ലൈന്‍ ക്ലാസ്. അസൈന്‍മെന്റ്. ടാര്‍ഗെറ്റ്. തലയ്ക്കാകെ ഭ്രാന്തുപിടിക്കുകയാണ്'

പൊതുവേ വളരെ ബോള്‍ഡാണ് അവള്‍. അങ്ങനെയൊന്നും തളരാറും തകരാറുമില്ല. ഇപ്പോള്‍ കണ്ണുനീര്‍ കുടുകടാ ഒലിച്ചിറങ്ങുന്നു. കണ്ണുനീര്‍ മറയ്ക്കാന്‍ അവള്‍ വല്ലാതെ പാടുപെടുന്നുമുണ്ട്.

ഞാന്‍ അവളെ ആശ്വസിപ്പിച്ചു. 'മോളെക്കൊണ്ട് പറ്റാവുന്നത്ര മാത്രം പഠിച്ചാല്‍ മതി. കാര്യങ്ങളൊക്കെ ഒന്നു മനസിലാക്കി മുന്നോട്ടുപോയാല്‍ മതി വലിയ മാര്‍ക്കൊന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഞങ്ങളൊന്നും ഒരിക്കലും മാര്‍ക്ക് കുറഞ്ഞതിന് വഴിക്ക് പറയില്ല....' എന്നെക്കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ അവള്‍ വീണ്ടും ചീറ്റി.

മുന്‍ഭാഗങ്ങള്‍ വായിക്കാം

'അതിന് നിങ്ങള്‍ വഴക്ക് പറഞ്ഞാല്‍ എനിക്കെന്താ. എനിക്കൊരു മിനിമം സ്റ്റാന്‍ഡേര്‍ഡ് ഉണ്ട്. എനിക്കത് കീപ്പ് ചെയ്യണം. അതിനുള്ള മാര്‍ക്ക് നേടിയാലേ ക്ലാസില്‍ എന്റെ നിലയും വിലയും എനിക്ക് നിലനിര്‍ത്താന്‍ പറ്റൂ. ഞാന്‍ ചത്ത് പഠിക്കുന്നത് അതിനാണ്. അല്ലാതെ നിങ്ങള്‍ വഴക്ക് പറയുമെന്ന് പേടിച്ചിട്ടല്ല.'- എനിക്ക് ഉത്തരം മുട്ടിയെങ്കിലും അത് ഞാന്‍ പുറത്ത് കാണിച്ചില്ല.

'അപ്പോള്‍ പിന്നെ എന്താണ് പ്രശ്നം. മോള്‍ എങ്ങനെ വേണമെങ്കിലും പഠിച്ചോളൂ. അതിന് വഴക്ക് ഉണ്ടാക്കുന്നത് എന്തിന്', ഞാന്‍ ചോദിച്ചു.

'അതിന് ഞാനല്ല വഴക്കുണ്ടാക്കിയത്. ദാ നില്‍ക്കുന്നു ചോദിക്ക് ' അവള്‍ അമ്മയുടെ നേരെ വിരല്‍ ചൂണ്ടി.

ദേഷ്യം കൊണ്ട് അമ്മയാകെ ചുവന്നുതുടുത്ത് പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ നില്‍ക്കുകയാണ്. ആ കണ്ണുകളില്‍ നോക്കാന്‍ എനിക്ക് ധൈര്യം പോര. ഞാന്‍ മെല്ലെ അകത്തേക്ക് നടന്നു.

'നില്‍ക്കവിടെ. അങ്ങനെയിപ്പോ മുങ്ങേണ്ട. അവള്‍ പറഞ്ഞതൊക്കെ കേട്ടല്ലോ. അതെങ്ങനാ കൊഞ്ചിച്ച് വഷളാക്കിവെച്ചിരിക്കുകയല്ലേ'
'കേട്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്. ഒരുപാട് കേട്ടിട്ടുണ്ട്.' അതുകൊണ്ട് ഞാനൊന്നും മറുപടി പറഞ്ഞില്ല. അതോടെ ഭാര്യയുടെ ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു.
'എനിക്കിന്ന് രണ്ടിലൊന്ന് അറിയണം. ഇങ്ങനെ മുന്നോട്ടുപോകാന്‍ പറ്റില്ല.' ഭാര്യയും മകളും കൂടി എന്നെ പിടിച്ച് സോഫയില്‍ ഇരുത്തി.
ഇനി ഈ പ്രശ്നത്തില്‍ ഇടപെട്ട് കിട്ടാനുള്ളത് വാങ്ങുകയല്ലാതെ മറ്റൊരു രക്ഷയുമില്ല എന്നെനിക്ക് മനസിലായി.
'ശരി. എന്താണ് ഇന്നത്തെ പ്രശ്നം. പറയൂ.' ഞാന്‍ ഭാര്യയോട് ചോദിച്ചു.

ഭാര്യയുടെ ദേഷ്യത്തിന് അയവൊന്നുമില്ല. 'അങ്ങനെ ഇന്നത്തെ പ്രശ്നം, ഇന്നലത്തെ പ്രശ്നം, നാളത്തെ പ്രശ്നം എന്നൊന്നുമില്ല. ഇവിടെ ആകെ ഒരൊറ്റ പ്രശ്നമേയുള്ളൂ. '
'ഞാനായിരിക്കും ഈ വീട്ടിലെ പ്രശ്നം' മകള്‍ ഇടയ്ക്കുകയറി.
'അതേടീ നീ തന്നെയാണ് പ്രശ്ന'മെന്ന് പറഞ്ഞ് ഭാര്യ സീന്‍ കോണ്ട്ര ആക്കാന്‍ തുടങ്ങിയതോടെ ഞാന്‍ വീണ്ടും ഇടപെട്ടു. ഇടപെട്ടു എന്ന് പറഞ്ഞാല്‍ ശരിയാകില്ല. പെട്ടു എന്നുപറഞ്ഞാല്‍ മതിയല്ലോ.

ഫോണ്‍ തന്നെയാണ് പ്രശ്നം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ലാസുകളെല്ലാം ഓണ്‍ലൈനായിട്ടാണല്ലോ. അതിനാല്‍ ഒരു ഫോണ്‍ പ്രത്യേകം വാങ്ങിയിരുന്നു. മകള്‍ എപ്പോഴും അതിന്മേലാണ് എന്നാണ് ഭാര്യയുടെ പരാതി.

'ഇങ്ങനെ പോയാല്‍ അവള്‍ ഫോണിന് അഡിക്ടായി മാറും. അതങ്ങനെ വകവെച്ചുകൊടുക്കാന്‍ പറ്റില്ല ' ഭാര്യ നിലപാട് പ്രഖ്യാപിച്ചു.
'കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങളുടെ ലോകം ഈ ഫോണാണ്. അതിലൂടെ മാത്രമാണ് ഞങ്ങള്‍ ഫ്രണ്ട്സുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നത്. ക്ലാസുകളെല്ലാം ഫോണിലാണ് കാണുന്നത്. അസൈന്‍മെന്റ്സ് തയ്യാറാക്കി അപ്‌ലോഡ് ചെയ്യുന്നതും ഫോണിലാണ്. പരീക്ഷയും ഫോണില്‍. ഫോണ്‍ കയ്യില്‍ നിന്ന് താഴെ വയ്ക്കാന്‍ പറ്റാത്ത സ്ഥിതി. അതിന് ഇങ്ങനെ വഴക്ക് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്?'

മകളുടെ മുഖത്ത് നിന്ന് ദേഷ്യം കുറേശ്ശെ മാറി ആ സ്ഥാനത്ത് ഒരു വിതുമ്പലിന്റെ ഭാവം വന്നു. ഈ വിതുമ്പല്‍ അവളുടെ തന്ത്രമാണെന്നും അമ്മയെ വീഴ്ത്താനുള്ള അടവാണ് എന്നും എനിക്ക് മനസിലായെങ്കിലും ഞാനത് ഭാവിച്ചില്ല.

'പഠിക്കാനും മറ്റുമായി ഫോണ്‍ ഉപയോഗിക്കാതെ പറ്റില്ലല്ലോ. ബാക്കി സമയത്തും ഫോണും കൊണ്ട് നടക്കുന്നത് എന്തിനാണ്.' ഭാര്യ വിട്ടുകൊടുക്കുന്നില്ല.
'പഠിക്കുന്ന സമയം കഴിഞ്ഞാല്‍ ഞങ്ങള്‍ക്കും വേണ്ടെ ഒരു എന്റര്‍ടെയ്ന്‍മെന്റ്. ഞങ്ങളെ കല്ലും മണ്ണും കൊണ്ടൊന്നുമല്ലല്ലോ ഉണ്ടാക്കിയിരിക്കുന്നത്.' മകള്‍ വിട്ടുകൊടുക്കുന്നില്ല.

'അതേടീ നിന്റെയൊക്കെ തലയക്ക് അകത്ത് കല്ലും മണ്ണും തന്നെ. അതുകൊണ്ടാണ് നല്ലതിനുവേണ്ടി പറയുന്നതൊന്നും നിന്റെ തലയില്‍ കയറാത്തത്. പഠിക്കാനായി ഫോണ്‍ ഉപയോഗിക്കുന്നത് മനസിലാക്കാം. എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയും ഫോണ്‍ തന്നെ വേണമെന്ന് എന്താണ് ഇത്ര വാശി. ടിവി കാണാം. മറ്റത്തിറങ്ങി നടക്കാം. കുട്ടികളുമായി കളിക്കാം.' അങ്ങനെ എന്തൊക്കെ. ഭാര്യ ബദല്‍ വിനോദോപാധികളുടെ കെട്ടഴിച്ചു.

'ടി.വിയുടെ കാര്യമൊന്നും പറയേണ്ട. അതില്‍ ഞങ്ങള്‍ക്ക് വേണ്ടിയുള്ള എന്തെങ്കിലും പരിപാടിയുണ്ടോ. ചാനലുകളൊന്നും ഞങ്ങളെ അവരുടെ പ്രേക്ഷകരായി കാണുന്നേയില്ല. നിങ്ങളെപ്പോലുള്ള മുതിര്‍ന്നവര്‍ക്ക് വേണ്ടിമാത്രമുള്ള പരിപാടികള്‍. അത് കണ്ട് ഞങ്ങളും ഇഷ്ടപ്പെട്ടുകൊള്ളണം. അത്രയ്ക്ക് ഗതികേടൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ ഇഷ്ടത്തിനും താല്‍പര്യത്തിനും അനുയോജ്യമായ പരിപാടികള്‍ തിരഞ്ഞെടുത്ത് കാണാന്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ച് കഴിയുമെന്നിരിക്കേ എന്തിന് അത്തരം പരിപാടികളുടെ പുറകേ പോണം.' മകള്‍ നിലപാട് ഒന്നുകൂടി ഉറപ്പിച്ചു.

'എത്രയോ പുസ്തകങ്ങളാണ് ഇവിടെ ഇരിക്കുന്നത്. അതൊക്കെ ഒന്നെടുത്ത് വായിച്ചുകൂടെ. വായിച്ചാലേ വളരൂ. വായിച്ച് നേടുന്ന അറിവിനേക്കാളും വലുതല്ല മറ്റൊന്നും' ഭാര്യയും ഒരു മാറ്റത്തിനും തയ്യാറല്ല.

'വായിച്ചു കിട്ടുന്ന അറിവിനേക്കാളും വലുതായി മറ്റൊന്നുമില്ല എന്ന പറയുന്നത് പുസ്തകങ്ങളല്ലാതെ മറ്റൊരു ഉപാധിയും ഇല്ലാതിരുന്ന കാലത്താണ്. ഇന്നിപ്പോള്‍ അറിവ് നേടാന്‍ മറ്റെന്തെല്ലാം ഉപാധികള്‍. പുതിയ സങ്കേതങ്ങള്‍ ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ നിങ്ങളുടെ കാലത്ത് ഉണ്ടായിരുന്ന പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ ഞങ്ങളും പിന്തുടരണം എന്ന് വാശിപിടിക്കുകയല്ല വേണ്ടത്.' മകള്‍ പറയുന്നത് കേട്ട് ഞാന്‍ അന്തംവിട്ടിരുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ കാര്യങ്ങള്‍ എങ്ങനെ മനസിലാക്കുന്നു.

എന്നാല്‍ ഭാര്യയ്ക്ക് മാത്രം അതൊന്നും മനസിലാകുന്നുമില്ല. അവള്‍ വീണ്ടും പറഞ്ഞു.' അത് പുസ്തകങ്ങളുടെ പ്രാധാന്യം നിനക്ക് അറിയാത്തതുകൊണ്ടാണ്. പരീക്ഷയെല്ലാം കഴിഞ്ഞല്ലോ. അവധിക്കാലവും തുടങ്ങി. ആഴ്ചയില്‍ ഒരു പുസ്തകം വീതം വായിച്ചുതീര്‍ക്കണം. ഇഷ്ടമുള്ള പുസ്തകങ്ങള്‍ നീ തന്നെ തിരഞ്ഞെടുത്തുകൊള്ളൂ. ' ഭാര്യ പുതിയ ഓഫര്‍ മുന്നോട്ടുവെച്ചു.

'ആ ഓഫര്‍ ഞാന്‍ സ്വീകരിക്കാം. നിങ്ങളുടെ കാലത്ത് പുസ്തകം മാത്രമാണ് നല്ലൊരു വിനോദ ഉപാധിയായി ഉണ്ടായിരുന്നത് എന്നത് സത്യമാണ്. ഇതുവരെ അമ്മയുടെ ജീവിതത്തില്‍ മുഴുവനായി വായിച്ച ഒരു 20 പുസ്തകങ്ങളുടെ പേര് പറയാമോ. അല്ലെങ്കില്‍ പോട്ടെ 20 വേണ്ട. ഒരു പതിനഞ്ച് ' മകള്‍ ആ ഓഫര്‍ തിരിച്ചുവെച്ചു.

ഭാര്യക്ക് ഉത്തരമില്ല. ആ ചോദ്യം എന്റെ നേരെവരും മുമ്പ് ഞാന്‍ വിഷയം മാറ്റി.

'വന്നിട്ട് ഇത്രനേരമായി ഒരു ചായ കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു.' ചോദ്യം കേള്‍ക്കാത്ത താമസം ഇപ്പോ തരാം ചായ എന്നും പറഞ്ഞ് ഭാര്യ ചാടിയെഴുന്നേറ്റു. എന്നാല്‍ മകള്‍ വിട്ടില്ല.

'അങ്ങനെ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും കൂടി ചായ കുടിക്കേണ്ട. നിങ്ങള്‍ക്കൊക്കെ ഒരു ഭാവമുണ്ട് നിങ്ങള്‍ വളര്‍ന്നുവന്ന കാലം വലിയ സംഭവമാണ് എന്ന്. സംഭവമൊക്കെ ആയിരുന്നിരിക്കാം. പക്ഷേ ഇപ്പോഴത്തെ കാലത്തിനും കുഴപ്പമെന്നുമില്ല. നിങ്ങള്‍ ജനിച്ചുവളര്‍ന്ന കാലഘട്ടത്തിനേക്കാളും വളരെയേറെ പുരോഗമിച്ച ഒരു കാലമാണ് ഇത്. അവിടെ എങ്ങനെ ഓരോന്നും ഉപയോഗിക്കണമെന്ന് ഞങ്ങള്‍ക്ക് നല്ല നിശ്ചയമുണ്ട്. നിങ്ങളുടെ കാലത്ത് പത്രവും ടിവിയും റേഡിയോയുമൊക്കെ വഴിയായിരുന്നു വിവരങ്ങള്‍ അറിഞ്ഞിരുന്നതെങ്കില്‍ ഇന്നത്തെ കാലത്ത് അത് ന്യൂ മീഡിയ വഴിയാണ്. ന്യൂ മീഡിയ ഇന്ന് കാണാന്‍ എല്ലാവര്‍ക്കും വഴങ്ങുന്നത് ഫോണും ടാബും ഒക്കെയാണ്. നിങ്ങളുടെ കാലത്ത് അമ്മയും അച്ഛനും ഒക്കെ പുസ്തപ്പുഴുക്കളായിരുന്നിരിക്കണം. അതില്‍ ഇന്നും നിങ്ങള്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ടാകും. അതുപോലെ ഇന്നത്തെ കാലത്ത് ഞങ്ങള്‍ ഫോണ്‍ പുഴുക്കളാണ്. അതില്‍ ഞങ്ങള്‍ക്ക് അഭിമാനവുമുണ്ട്. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. അല്ലാതെ എല്ലാം തെറ്റാണ് എന്നുപറഞ്ഞ് വഴക്കുണ്ടാക്കുകയല്ല വേണ്ടത്. ഇനി അമ്മ പൊയ്‌ക്കോ. പോയി അല്ലിക്ക് ആഭരണം വാങ്ങുകയോ അച്ഛന് ചായ ഇട്ടുകൊടുക്കുകയോ ചെയ്തോ. ചായ ഇടുമ്പോള്‍ എനിക്കുകൂടി ഒരു ചായ'. അവളുടെ മുഖത്ത് നല്ല ആശ്വാസം.

വലിയ പരുക്കേല്‍ക്കാതെ അന്നത്തെ വഴിക്കില്‍ നിന്ന് രക്ഷപെട്ട ആശ്വസത്തില്‍ ഞാന്‍ കുളിമുറിയിലേക്ക് കയറി. കുളികഴിഞ്ഞെത്തിയപ്പോള്‍ കണ്ടു അമ്മയും മകളും കൂടി ഫോണില്‍ ഏതോ തമാശ വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുന്നു. ഫോണ്‍ പുഴുക്കള്‍.


( പ്രമുഖ ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റായ ലേഖകന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനാണ്)

Content Highlights: new media and new generation k k Jayakumar column

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented