അയൽക്കാരൻ ഒരു ചാരൻ അഥവാ വെള്ളരിക്കാപട്ടണം പോലീസ് | വഴിപോക്കൻ


ഇടതുപക്ഷത്തിന് അനഭിമതനായിരുന്ന മുൻ ഡി.ജി.പി. രമൺ ശ്രിവാസ്തവയെ എന്തുകൊണ്ടാണ് ആദ്യ പിണറായി സർക്കാർ പോലിസ് ഉപദേശകനായി നിയമിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ അപകടത്തിലാക്കിയ പോലിസ് നിയമ ഭേദഗതി ഓർക്കുന്നില്ലേ? ഒരു ഇടതുപക്ഷ സർക്കാരിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു അത്. ഒടുവിൽ സി.പി.എം. കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ആ തെറ്റ് തിരുത്തിയത്. എന്നിട്ടും രണ്ടാം പിണറായി സർക്കാരിലും ആഭ്യന്തരം മുഖ്യമന്ത്രിയിൽ നിന്നെടുത്ത് മാറ്റാൻ സി.പി.എമ്മിനായില്ല.

പോലീസ് അകമ്പടിയോടെ മുഖ്യമന്ത്രി പിണറായ വിജയൻ കാറിലേക്കു കയറുന്നു | ഫോട്ടോ: മാതൃഭൂമി

അധോലോകങ്ങളുള്ളതു ഭരണകൂടത്തിനു പുറത്തുമാത്രമല്ല. ഭരണകൂടത്തിനുള്ളിലും മാഫിയകൾ ഉടലെടുക്കുന്നുണ്ട്. പത്രപ്രവർത്തകനായ ജോസി ജോസഫിന്റെ 'The Silent Coup : A History Of India's Deep State' എന്ന പേരിലുള്ള പുസ്തകം ഇത്തരം അധോലോകങ്ങളെക്കുറിച്ചാണ് പറയുന്നത്. അർദ്ധ സൈനിക വിഭാഗങ്ങൾ, പോലീസ്, നികുതി വകുപ്പ്, ഇന്റലിജൻസ് ഏജൻസികൾ എന്നിവയെല്ലാം ഭരണകൂടത്തിന്റെ ഇംഗിതങ്ങൾ നിറവേറ്റുന്നതിനുള്ള ഉപകരണങ്ങളായി മാറുമ്പോൾ അതു മറ്റൊരു അധോലേകമായി മാറുന്നു. ആത്യന്തികമായി ഈ അധോലോകം കത്തിവെയ്ക്കുന്നത് ജനാധിപത്യത്തിന്റെ കടയ്ക്കലാണ്. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടവർ അതേ ജനത്തിനെതിരെ തിരിയുന്നു. ഈ അധോലോകമാണ് അടിയന്തരാവസ്ഥയിൽ ഇന്ദിര ഗാന്ധിയുടെ പിണിയാളുകളായി മാറിയത്. ഇതേ അധോലോകമാണ് ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ എതിരാളികളെ വേട്ടയാടാനായി നിയോഗിക്കപ്പെടുന്നത്. ഭരണകർത്താക്കൾക്ക് ആവശ്യമുള്ളത് ചെയ്തുകൊടുക്കുന്നതോടെ അധോലോകങ്ങൾ പതുക്കെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കും. പണവും അധികാരവുമുള്ളവരോടായിരിക്കും ഈ സാമ്രാജ്യത്തിന്റെ കൂറ്. കേരളത്തിൽ ഇന്നിപ്പോൾ പോലിസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന കൊള്ളരുതായ്മകൾ ഈ അധോലോക സൃഷ്ടിയുടെ ഭാഗമാണ്.

ഈ വീഴ്ചകൾ തിരുത്തുന്നതിന് പകരം ജനങ്ങളെ എങ്ങിനെ തമ്മിലടിപ്പിക്കാം എന്നാണ് പോലീസ് ഇപ്പോൾ ചിന്തിക്കുന്നത്. അയൽക്കാരനെ നിരീക്ഷിക്കൂ എന്ന ആഹ്വാനവുമായി കേരള പോലീസ് കളിക്കുന്ന കളി ഈ വഴിയിലൂടെയുള്ള സഞ്ചാരമാണ്. ചാരനാവൂ, അയൽവീട്ടുകാരെ ഒറ്റിക്കൊടുക്കൂ എന്നൊക്കെ ഒരുളുപ്പുമില്ലാതെ പോലീസ് ഏമാന്മാർ വിളിച്ചുകൂവുകയാണ്. അയൽക്കാരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള ലൈസൻസാണ് ഈ വൃത്തികെട്ട നീക്കത്തിലൂടെ പോലിസ് കേരളീയസമൂഹത്തിന് നൽകുന്നത്. സ്വന്തം പണി എടുക്കാനറിയാതെ വരുമ്പോഴാണ് ഇത്തരം കുടിലബുദ്ധികളിലേക്ക് മനുഷ്യർ നീങ്ങുക. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട പോലീസ് ആ പണി വൃത്തിയായി ചെയ്യുന്നതിന് പകരം ജനങ്ങളുടെ സ്വസ്ഥത കെടുത്തുന്ന കലാപരിപാടികൾക്ക് രൂപം നൽകുമ്പോൾ അത് കണ്ട് കൺമിഴിച്ചിരിക്കാനല്ല ജനം തങ്ങളെ തിരഞ്ഞെടുത്തതെന്ന് സി.പി.എം. നേതൃത്വം നൽകുന്ന കേരള സർക്കാർ തിരിച്ചറിയേണ്ടതുണ്ട്.രമൺ ശ്രീവാസ്തവ | ഫോട്ടോ: മാതൃഭൂമി

അമ്പലത്തിനേക്കാൾ വലിയ പ്രതിഷ്ഠകൾ

തങ്ങൾ പണിയെടുക്കുന്ന സ്ഥാപനത്തേക്കാൾ വലിയവരാണ് തങ്ങൾ എന്ന് കരുതുന്ന ഓഫീസർമാരുണ്ട്. ഇവരാണ് ജനാധിപത്യം അട്ടിമറിക്കുന്നത്. ഇവരാണ് പോലീസ് സ്റ്റേഷനിൽ വരുന്നവരുടെ മെക്കിട്ട് കയറുന്നത്. ഇവരാണ് ഈ രാജ്യത്ത് ജനാധിപത്യം ആവശ്യത്തിൽ കൂടതലുണ്ടെന്ന് വിലപിക്കുന്നത്. കിളികൊല്ലൂരിലെ സ്റ്റേഷനിലെത്തിയ സൈനികനെയും സഹോദരനെയും മർദ്ദിച്ചവശരാക്കിയത് ഈ സംഘത്തിലുള്ളവരാണ്. മലപ്പുറത്ത് മഞ്ചേരിയിൽ ഒരു സ്ത്രീയെ അവരുടെ പത്ത് വയസ്സുള്ള മകനെ റോഡിൽ നിർത്തി രാത്രിയിൽ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുന്നത് ഇതേ പോലീസാണ്. വാളയാറിൽ രണ്ട് പെൺകുട്ടികൾ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടപ്പോൾ പ്രതികൾക്കു രക്ഷപ്പെടാൻ അവസരമൊരുക്കുന്നതും അട്ടപ്പാടിയിൽ മധു എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ട കേസ് ഒരിടത്തുമെത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതും ഇതേ സംഘമാണ്. നിഷ്പ്രയാസം മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുകയും രണ്ട് ചെറുപ്പക്കാരെ യു.എ.പി.എ. ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് എൽദോസ് കുന്നപ്പിള്ളി എന്ന എം.എൽ.എയുടെ ഒളിത്താവളം കണ്ടെത്താനാവില്ല. വിജയ് ബാബു എന്ന സ്ത്രീപീഡകൻ നാടുവിട്ട് പോവുന്നതും ഇവർ അറിയില്ല. മോൻസൺ മാവുങ്കൽ എന്ന ആഗോളത്തട്ടിപ്പുകാരന്റെ വീട്ടിലെത്തി ടിപ്പുവിന്റെ വ്യാജ കസേരയിൽ ഇരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇതേ സംഘത്തിന് ഒരു മടിയുമുണ്ടാവില്ല.

ഭരണകർത്താക്കൾക്ക് ധാർമ്മികതയില്ലെങ്കിൽ അവർ ഭരിക്കുന്ന വകുപ്പുകളും അധർമ്മത്തിന്റെ ചുഴിയിൽപെടും. ആദ്യ പിണറായി മന്ത്രിസഭയിൽ ഏറ്റവുമധികം പഴി കേട്ട വകുപ്പുകളിൽ ഒന്നായിരുന്നു ആഭ്യന്തരം. ഇടതുപക്ഷത്തിന് അനഭിമതനായിരുന്ന മുൻ ഡി.ജി.പി. രമൺ ശ്രിവാസ്തവയെ എന്തുകൊണ്ടാണ് പിണറായി വിജയൻ തന്റെ പോലിസ് ഉപദേശകനായി നിയമിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ അപകടത്തിലാക്കിയ പോലീസ് നിയമഭേദഗതി ഓർക്കുന്നില്ലേ? ഒരു ഇടതുപക്ഷ സർക്കാരിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു അത്. ഒടുവിൽ സി.പി.എം. കേന്ദ്രനേതൃത്വം ഇടപെട്ടാണ് ആ തെറ്റ് തിരുത്തിയത്. എന്നിട്ടും രണ്ടാം പിണറായി സർക്കാരിലും ആഭ്യന്തരം മുഖ്യമന്ത്രിയിൽ നിന്നെടുത്ത് മാറ്റാൻ സി.പി.എമ്മിനായില്ല.

അധികാരത്തിന്റെ സമൂർത്ത ചിഹ്നമാണ് പോലീസ്. അടിയന്തരവാസ്ഥക്കാലത്ത് കൊടിയ പോലീസ് മർദ്ദനം നേരിട്ടിട്ടുണ്ട് പിണറായി വിജയൻ. പോലിസ് എങ്ങിനെയാണ് ഭരണകൂടത്തിനുള്ളിലെ അധോലോകമാകുന്നതെന്ന് നേരിട്ട് അനുഭവമുണ്ടെന്ന് സാരം. അങ്ങിനെയൊരാൾ മുഖ്യമന്ത്രിയാവുമ്പോൾ പോലീസ് കൂടുതൽ ജനകീയമാവുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പോലീസ് കൂടുതൽ കൂടുതലായി അധോലോക സ്വഭാവം കാണിക്കുന്നതാണ് പിണറായിയുടെ ഭരണത്തിൽ കാണുന്നത്. നേരത്തേ രമൺശ്രീവാസ്തവയായിരുന്നു പോലിസ് നടത്തിപ്പിൽ സഹായിച്ചിരുന്നതെങ്കിൽ ഇപ്പോളത് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ്.

വിവാദങ്ങൾ കൊണ്ട് നിറഞ്ഞ ഭൂതകാലമാണ് ശശിയുടേത്. നായനാർ മുഖ്യമന്ത്രിയായിരിക്കെ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ ലൈംഗിക പീഡനക്കേസ് അട്ടിമറിച്ചതിന് പിന്നിൽ ശശിയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. 2011-ൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനെത്തുടർന്ന് ശശി സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ടു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. ശക്തമായ നിലപാടെടുത്തതോടെയാണ് ശശിക്ക് പുറത്തുപോകേണ്ടിവന്നത്. കേസിന് അടിസ്ഥാനമില്ലെന്ന് പോലിസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി പിന്നീട് ശശിയെ കുറ്റവിമുക്തനാക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ കറുത്ത വസ്ത്രമണിഞ്ഞ് മഴയിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി സുനിൽകുമാർ\മാതൃഭൂമി

കറുത്ത മാസ്‌ക് പോലും പ്രശ്‌നമാവുമ്പോൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പി. ശശി കൂടുതൽ ശക്തനായാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ ശശിയുടെ മേൽനോട്ടത്തിലാണ് ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം എന്നാണറിയുന്നത്. ശശി പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണച്ചുമതല ഉണ്ടായിരുന്ന ക്രൈം ബ്രാഞ്ച് തലവൻ എസ.് ശ്രീജിത്തിന് സ്ഥാനചലനം ഉണ്ടായത്. സ്വർണ്ണക്കടത്ത് കേസിൽ പ്രതി സ്ഥാനത്തുള്ള സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ വീട്ടിലേക്ക് വിജിലൻസ് സംഘം ഇടിച്ചുകയറി സരിത്ത് എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്ത സംഭവം വലിയ വിവാദമായി. അന്നത്തെ വിജിലൻസ് ചീഫ് എം.ആർ. അജിത്കുമാറിനെ മറ്റൊരു വകുപ്പിലേക്ക് മാറ്റിയാണ് സർക്കാർ ഈ വിവാദത്തിൽനിന്ന് തലയൂരാൻ നോക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധ സമരത്തോടുള്ള പോലീസ് പ്രതികരണവും ഈ ഘട്ടത്തിൽ ഒന്നുകൂടി പരിശോധക്കേണ്ടിയിരിക്കുന്നു. കറുത്ത വസ്ത്രമണിഞ്ഞവരേയും കറുത്ത മാസ്‌ക് ധരിച്ചവരേയുമൊക്കെ തടയുകയും മാറ്റിനിർത്തുകയും ചെയ്യുന്ന കേരള പോലിസ് ശരിക്കും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായിട്ടും പോലീസിന്റെ ഈ സമീപനം ന്യായീകരിക്കാനാണ് സി.പി.എം. നേതൃത്വം ശ്രമിച്ചത്. കറുത്ത മാസ്‌ക് ധരിക്കണമെന്ന് എന്താണിത്ര നിർബ്ബന്ധം എന്നാണ് സി.പി.എമ്മിന്റെ സംസ്ഥാനത്തെ സമുന്നത നേതാക്കളിലൊരാളായ ഇ.പി. ജയരാജൻ ചോദിച്ചത്. കൊച്ചിയിൽ ഒരു മാധ്യമപ്രവർത്തക ധരിച്ചിരുന്ന കറുത്ത മാസ്‌ക് നീക്കം ചെയ്ത പോലീസ് നടപടി ന്യായീകരിക്കുന്നതിനും ഇക്കൂട്ടർക്ക് മനഃപ്രയാസമുണ്ടായില്ല. കറുത്ത മാസ്‌ക് മാറ്റിയെങ്കിലെന്താ പകരം നീല മാസ്‌ക് കൊടുത്തില്ലേ എന്നാണ് സി.പി.എം. സൈബർ പോരാളികൾ മറുവാദമുയർത്തിയത്. മന്ത്രി അനിലിനെ തിരുവനന്തുപരത്തെ ഒരു പോലിസ് ഉദ്യോഗസ്ഥൻ അപമാനിച്ചതും ചേർത്ത് വായിക്കേണ്ടതാണ്.

ഭരണകൂടത്തോട് വിയോജിക്കുന്നവരെ തേജോവധം ചെയ്യാൻ സൈബർ സേനയെ സി.പി.എം. തുറന്നുവിടുന്നതും ഈ കാലയളവിലെ കാഴ്ചയായിരുന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ നിലയുറപ്പിച്ചവരെ വ്യക്തിഹത്യ നടത്തി തളർത്താനുള്ള ശ്രമം ഭീകരമായിരുന്നു. എതിരാളികളെ ശാരീരികമായി പോലീസും മാനസികമായി സൈബർ സേനയും ആക്രമിക്കുന്ന ദ്വിമുഖതന്ത്രമാണ് ആവിഷ്‌കരിക്കപ്പെടുന്നത്.

അമേരിക്കയിൽ ജോർജ് ഫ്‌ളോയിഡിനെ ഫോലീസ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നു.

മുഖ്യമന്ത്രിക്ക് നോവും പോലിസിനെ ഒന്നും പറയരുത്

ഭരണവും സമരവും എന്നായിരുന്നു ഇ.എം.എസിന്റെ സിദ്ധാന്തം. അധികാരവുമായി കമ്മ്യൂണിസ്റ്റുകാർക്ക് അങ്ങിനെയങ്ങ് സമരസപ്പെടാനാവില്ല എന്ന നിലപാടുതറയിൽ നിന്നുകൊണ്ടാണ് കേരളത്തിൽ ഇ.എം.എസ്. ഭരണകൂടത്തെ നയിച്ചത്. എന്നിട്ടും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന് കീഴിൽ പോലിസ് നടത്തിയ വെടിവെയ്പിനെ പാർട്ടിക്ക് ന്യായീകരിക്കേണ്ടി വന്നതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ കെ. ദാമോദരൻ തുറന്ന് പറഞ്ഞിട്ടുണ്ട്. 1958-ൽ കൊല്ലത്ത് ചന്ദനത്തോപ്പിൽ രണ്ട് തൊഴിലാളികൾ പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടപ്പോൾ പാർട്ടിയും സർക്കാരും അതിനെ ന്യായീകരിച്ചത് പോലീസിന്റെ മനോവീര്യം തകർക്കാനാവില്ലെന്ന് പറഞ്ഞാണ്. ഇപ്പോഴും കേരളത്തിൽ അരങ്ങേറുന്ന പോലീസ് നരനായാട്ടുകൾ പിണറായി വിജയൻ സർക്കാരും സി.പി.എമ്മും ന്യായീകരിക്കുന്നത് ഇതേ ' മനോവീര്യം' ഉയർത്തിപ്പിടിച്ചാണ്.

ഇക്കഴിഞ്ഞ ആറ് വർഷങ്ങളിൽ പിണറായി സർക്കാർ കേട്ടിട്ടുള്ള വിമർശനങ്ങളിൽ ഏറിയ പങ്കും ആഭ്യന്തര വകുപ്പിനെച്ചൊല്ലിയായിരുന്നു. അലൻ-താഹമാരെ യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത സംഭവം നോക്കാം. യു.എ.പി.എ. കരിനിയമമാണെന്ന കാര്യത്തിൽ സി.പി.എമ്മിന് സംശയമുണ്ടായിരുന്നില്ല. 2019 നവംബർ നാലിന് സി.പി.എം. ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞത് ഇതാണ്: ''യു.എ.പി.എ. ജനാധിപത്യവിരുദ്ധമായ കരിനിയമമാണ്. പോലീസ് ഈ രണ്ട് യുവാക്കൾക്കെതിരെ ഇത് പ്രയോഗിക്കരുതായിരുന്നു.'' പറഞ്ഞത് ചെറിയ ആളല്ല. ഡെമോക്രാറ്റിക് സെൻട്രലിസം പിന്തുടരുന്ന ഒരു പാർട്ടിയുടെ ഏറ്റവും സുപ്രധാന പദവി വഹിക്കുന്നയാളാണ്. പക്ഷേ, പിണറായി വിജയൻ സർക്കാർ പാർട്ടി ജനറൽ സെക്രട്ടറിയുടെ വാക്കുകൾ കണക്കിലെടുത്തതേയില്ല.

പോലിസിന്റെ ആത്മവീര്യം കെടുത്താനാവില്ലെന്ന 1959-ലെ ആ നയമാണ് പിണറായി സർക്കാർ പൊടിതുടച്ചെടുത്തത്. മാവോയിസ്റ്റുകൾ സി.പി.എമ്മിന്റെ ആജന്മശത്രുക്കളാണെന്ന പ്രതിരോധം സി.പി.എം. സംസ്ഥാന ഘടകം ഉയർത്തുകയും ചെയ്തു. ഈ നിലപാട് ആദ്യം മുന്നോട്ടുവെച്ചവരിലൊരാൾ സി.പി.എം. കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ ആയിരുന്നുവെന്നതും മറക്കരുത്. 2017-ൽ കതിരൂർ മനോജ് വധക്കേസിൽ സി.ബി.ഐ. പി. ജയരാജനു മേൽ യു.എ.പി.എ. ചുമത്തിയപ്പോൾ സി.പി.എം. ഉണ്ടാക്കിയ ബഹളം ചില്ലറയായിരുന്നില്ല. ഇതേ ജയരാജനാണ് മാവോയിസ്റ്റ് ബന്ധം നാലയൽപക്കത്തുകൂടി പോയിട്ടുണ്ടെങ്കിൽ യു.എ.പി.എ. ആകാം എന്ന് വെച്ചുകാച്ചിയത്.

അടിസ്ഥാനപ്രശ്നം പോലീസിനെതിരെ നിലപാടെടുക്കാനുള്ള പാർട്ടിയുടെ വൈമനസ്യമാണ്. പോലീസിനെതിരെ തിരിഞ്ഞാൽ അത് മുഖ്യമന്ത്രിക്കെതിരെ തിരിയുന്നതിന് തുല്ല്യമാവുമെന്ന പേടിയിൽ സി.പി.എം. കേരളഘടകം ഒന്നടങ്കം യു.എ.പി.എയെ അനുകൂലിച്ചു. പാർട്ടിയുടെ കേന്ദ്ര ഘടകത്തിന്റെ പരിമിതികൾ ഒരു പക്ഷേ, യെച്ചൂരി നേരിട്ടറിഞ്ഞ സംഭവം കൂടിയായിരുന്നു അത്. വാളയാറിൽ രണ്ട് കുരുന്നു പെൺകുട്ടികൾ നിർദ്ദയം കൊല്ലപ്പെട്ടപ്പോഴും വരാപ്പുഴയിൽ ശ്രീജിത് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചപ്പോഴും അനുപമ എന്ന യുവതി തന്റെ കുഞ്ഞിനുവേണ്ടി പരാതി നൽകിയപ്പോഴും കണ്ണടച്ചത് ഇതേ പോലീസാണ്.

ഇതേ പോലീസാണ് തെന്മലയിലെ ദളിത് യുവാവിനേയും അയാളുടെ ഒമ്പത് വയസ്സുള്ള മകളേയും പൊതുജനമദ്ധ്യേ മോഷ്ടാക്കളെന്ന് മുദ്ര കുത്തി പീഡിപ്പിച്ചത്. ഒരു വനിതാ പോലീസ് ഓഫീസറുടെ മൊബൈൽ ഫോൺ കാണാതായതായിരുന്നു ഈ സംഭവത്തിന് കാരണം. കറുത്തവരെ സംശയദൃഷ്ടിയോടെ നോക്കുന്ന ഫ്യൂഡൽ കാഴ്ചപ്പാടല്ലാതെ മറ്റൊന്നുമല്ല. ആലുവയിൽ നീതി തേടി പോലിസ് സ്റ്റേഷനിലെത്തിയ യുവതിയോടും പിതാവിനോടും അങ്ങേയറ്റം ദയാരഹിതമായി പെരുമാറിയ പോലീസ് ഓഫിസറെ പിണറായി സർക്കാർ ചെയ്തത് സ്ഥലംമാറ്റുക മാത്രമാണ്. തെന്മലയിലെ ദളിത് യുവാവിനോടും മകളോടും അനീതി കാട്ടിയ പോലീസ് ഓഫീസർക്കും സ്ഥലംമാറ്റം മാത്രമായിരുന്നു 'ശിക്ഷ.' പോലീസിനെ വഴിവിട്ട് സംരക്ഷിക്കേണ്ടി വരുന്നത് മടിയിൽ കനപ്പെട്ടതെന്തോ ഉണ്ടാവുമ്പോഴാണ്. 2019 ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്ത് മദ്യപിച്ച് വണ്ടിയോടിച്ച് ഒരു പത്രപ്രവർത്തകനെ 'കൊലപ്പെടുത്തി'യ ശ്രീറാം വെങ്കട്ടരാമൻ എന്ന ഐ.എ.എസ്. ഓഫിസറെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും ഒരു നടപടിയും നേരിടേണ്ടി വന്നില്ല. അതേസമയം, അമേരിക്കയിൽ ജോർജ് ഫ്‌ളോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ കൊലപ്പെടുത്തിയ ഡെറക് ഷൊവിൻ എന്ന പോലീസുകാരന് 22 കൊല്ലം തടവുശിക്ഷ വിധിക്കപ്പെട്ടത് ഈ ഘട്ടത്തിൽ ഒരു ഓർമ്മപ്പെടുത്തലാവുന്നു.

കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ

കെ.എം. ബഷീറിനോട് പോലീസുകാർ ചെയ്തത്

തിരുവനന്തപുരത്ത്, തലസ്ഥാന നഗരിയിൽ കെ.എം. ബഷീർ എന്ന മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാൻ ഇതേ അധോലോകമാണ് കരുക്കൾ നീക്കിയത്. മദ്യലഹരിയിലാണ് ശ്രീറാം വണ്ടിയോടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കുറ്റപ്പെടുത്തിയിരുന്നു: ''മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നതെങ്കിലും അത് വിശ്വസിക്കാനാവില്ല. സ്ഥലത്തുണ്ടായിരുന്നവർ വ്യക്തമാക്കിയിട്ടുള്ളത് അദ്ദേഹം നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ്. രക്തത്തിൽനിന്നു മദ്യത്തിന്റെ അംശം നീക്കുന്നതിന് എന്തെങ്കിലും മരുന്നുകൾ അദ്ദേഹം ഉപയോഗിച്ചിരുന്നുവോ എന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതായുണ്ട്.'' അപകടം നടന്നയുടനെ തന്നെ ശ്രീറാമിനെ കസ്റ്റഡിയിൽ കിട്ടിയിട്ടും മദ്യപരിശോധന നടത്താതിരുന്ന പോലീസുകാർക്കെതിരെ പിണറായി വിജയൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്? തെറ്റ് ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നില്ലെങ്കിൽ അതിന്റെ അർത്ഥം ഇത്തരം കൊള്ളരുതായ്മകൾ ഇല്ലാതാക്കാൻ ഭരണകൂടത്തിന് ഒരു താൽപര്യവും ഇല്ലെന്നു തന്നെയാണ്. രക്തത്തിൽനിന്നു മദ്യത്തിന്റെ അംശം നീക്കം ചെയ്യുന്നതിന് ശ്രീറാം ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ആ വഴിക്ക് എന്തെങ്കിലും അന്വേഷണം നടന്നതായി ഒരറിവുമില്ല.

ഈ ദാരുണസംഭവത്തിന് ശേഷം ശ്രീറാമിന് സർക്കാർ കൊടുത്ത പദവികളിലൊന്ന് വ്യാജവാർത്തകൾ കണ്ടെത്തുന്ന സംഘത്തിന്റെ തലവൻ എന്നതായിരുന്നു. കളവ് പറയുന്നതിന് ഒരു മടിയുമില്ലാത്ത ഒരാളെ വാർത്തകളിലെ സത്യം കണ്ടെത്തുന്നതിന് നിയോഗിക്കുക വഴി പിണറായി സർക്കാർ വെല്ലുവിളിച്ചത് ജനങ്ങളുടെ യുക്തിബോധത്തെയും വകതിരിവിനെയുമാണ്. ഇതേ ശ്രീറാമിനെ പിണറായി സർക്കാർ ആലപ്പുഴ ജില്ലാ കലക്ടറാക്കുന്നതും കേരളം കണ്ടു. ഇങ്ങനെ അധർമ്മത്തിന് കുടപിടിക്കുന്ന ഒരു ഭരണകൂടമുള്ളപ്പോൾ അധോലോകങ്ങൾ ശക്തിയാർജ്ജിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. പോലീസിന്റെ മനോവീര്യം തകർക്കാനാവില്ലെന്ന മുടന്തൻന്യായത്തിന് പുറത്താണ് ക്രിമിനലുകളായ ഈ പോലീസുകാർ നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുന്നത്. തെറ്റു ചെയ്താൽ തിരുത്തുന്നത് മനോവീര്യം തകർക്കുമെങ്കിൽ പിന്നെ ഈ രാജ്യത്ത് ക്രമസമാധാന പരിപാലനം എന്നൊരു പരിപാടിയേ നടത്താനാവില്ല.

അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കുക എന്നത് മനുഷ്യരുടെ അവകാശമാണ്. ആത്മാഭിമാനം പണയംവെച്ച് ഒരു കളിയുമില്ലെന്നാണ് അംബദ്കറും പെരിയാർ ഇ.വി. രാമസ്വാമിയും വ്യക്തമാക്കിയിട്ടുള്ളത്. ഇത് രണ്ടും തകർക്കാനാണ് നമ്മുടെ പോലീസ് അധോലോക സംഘം ശ്രമിക്കുക. മഞ്ചേരിയിൽ പൊതുജനം നോക്കിനിൽക്കേ ഒരു സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോവുന്ന പോലീസ് ആത്യന്തികമായി ചെയ്യുന്നത് അവരുടെ ആത്മാഭിമാനം തകർക്കുകയാണ്. നിയമസംവിധാനത്തിന്റെ കാവലാളാവേണ്ട പോലിസ് ആൾക്കൂട്ട മനോഭാവത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം ജനാധിപത്യത്തിന് വഴിതെറ്റുന്നുവെന്ന് തന്നെയാണ്.

സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരിൽ ഒരു പരിപാടിക്കിടെ | ഫോട്ടോ: ലതീഷ് പൂവത്തൂർ\മാതൃഭൂമി

വെല്ലുവിളിക്കപ്പെടുന്നത് ജനാധിപത്യം

സാധാരണക്കാരുടെ മെക്കിട്ട് കയറാനാണ് പോലീസിന് താൽപര്യം. അധികാരത്തിന്റെയും പണത്തിന്റെയും അകമ്പടിയുള്ളവരോട് പോലീസ് എത്ര മൃദുവായാണ് പെരുമാറുന്നതെന്ന് തലശ്ശേരിയിൽ ഒരു കിരാതൻ കാറിൽ ചാരി നിന്നെന്ന് പറഞ്ഞ് ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ നമ്മൾ കണ്ടു. പോലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടും എന്ന വിശ്വാസം ഊട്ടിയുറപ്പിക്കാൻ ഇടതുപക്ഷ സർക്കാരിന് എത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്നത് വലിയൊരു ചോദ്യമാണ്. പാതിരാത്രി പോലിസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടാവാതെ വന്നപ്പോഴാണ് മന്ത്രി അനിൽ തിരുവനന്തപുരത്ത് ഒരു സർക്കിൾ ഇൻസ്പെക്ടറെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്. നിരാലംബയായ ഒരു സ്ത്രീക്ക് നീതി ലഭ്യമാക്കുന്നതിന് പകരം മന്ത്രിയെ ന്യായവും അന്യായവും പഠിപ്പിക്കാനാണ് ഈ സർക്കിൾ ഇൻസ്പെക്ടർ നോക്കിയത്. ജനങ്ങളുടെ സേവകരാണ് തങ്ങളെന്ന പ്രാഥമികപാഠം മറന്നുപോകുന്ന പോലീസിന്റെ പ്രതിനിധിയാണ് ഈ സിഐ. ഈ അടിസ്ഥാനതത്വം പോലീസുകാരെ ഓർമ്മിപ്പിക്കുന്നതിന് പകരം തലയിൽ ആൾത്താമസമില്ലാത്ത പോലീസ് അധികാരികൾ കൊണ്ടുവരുന്ന വഷളൻ ആശയങ്ങൾക്ക് കുടപിടിക്കുന്ന രാഷ്ട്രീയനേതൃത്വമാണ് ഇപ്പോൾ കേരളത്തിലുള്ളത്.

കേരളത്തിൽ ആഭ്യന്തര വകുപ്പിന് തുടർച്ചയായി വീഴ്ചകൾ ഉണ്ടാവുന്നുവെന്നതിന്റെ അർത്ഥം അതിന്റെ മുകളിലുള്ളവർ അവരുടെ കടമകളിലും ചുമതലകളിലും പരാജയപ്പെടുന്നു എന്നുതന്നെയാണ്. വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടത്. മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെങ്കിൽ സി.പി.എം. അതിനുള്ള വഴി കണ്ടെത്തണം. ഒരു ശബ്ദവും ഒരു മുഖവും മാത്രമുള്ള പാർട്ടിയാണ് ഇപ്പോൾ സി.പി.എം. എന്നിരിക്കെ ആ ശബ്ദത്തിന് ഇടർച്ചയുണ്ടെന്നും ആ മുഖത്തിന് മേൽ വീഴ്ചയുടെ നിഴലുണ്ടെന്നും പറയാൻ സി.പി.എം. നേതൃത്വത്തിനാവുമോ എന്നറിയില്ല.

തെറ്റ് തിരുത്തലും നിരന്തര നവീകരണവുമാണ് ഒരു രാഷ്ട്രീയ പാർട്ടിയെ സമകാലികവും പ്രസക്തവുമാക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദവും വലതുപക്ഷ വ്യതിയാനവും തലനാരിഴ കീറി അപഗ്രഥിക്കുന്നതിനൊപ്പം ഇത്തരം ചില കാര്യങ്ങളിലും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒന്ന് മനസ്സിരുത്തണം. കാരണം ആഭ്യന്തര വകുപ്പിലെ പ്രതിസന്ധി സി.പി.എമ്മിന്റേത് മാത്രമല്ല, കേരളത്തിലെ മൊത്തം ജനങ്ങൾ നേരിടുന്ന പ്രതിസന്ധിയാണിത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽന് സി.പി.എം. വൈകുന്ന ഓരോ നിമിഷവും ജനാധിപത്യ കേരളത്തിന് നിർണ്ണായകമായിരിക്കും.

വഴിയിൽ കേട്ടത്: കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. ശരിക്കും അന്വേഷിക്കണമെങ്കിൽ പരാതി ലോക്കൽ പോലീസ് സ്റ്റേഷനിലല്ലേ കൊടുക്കേണ്ടത്?

Content Highlights: pinarayi vijayan, ldf, kerala police, mafia, cpm, vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented