ദേശീയ മനുഷ്യന്‍ | വഴിപോക്കന്‍


വഴിപോക്കന്‍

ഈ സാമ്പത്തിക പ്രതിസന്ധി ദാ ഈ മയിലുകളുടെ കണ്ണീര് കൊണ്ട് പരിഹരിക്കും. മയിലിന്റെ കണ്ണീര് പോലെ വില പിടിച്ച മറ്റെന്താണ് ഈ ലോകത്തുള്ളത്? നാട്ടുകാരുടെ കണ്ണീര് മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ ചാകരയാണ് !

ഫോട്ടോ: എ.എൻ.ഐ.

ദേശീയത വിട്ട് ഒരു കളിയും നമുക്കില്ല. ഊണിലും ഉറക്കത്തിലും ദേശമെന്ന ഒരൊറ്റ ചിന്ത മാത്രം. രാഷ്ട്രം റിപ്പബ്ളിക്കായ വര്‍ഷമായിരുന്നു പിറവി. അവതാര പുരുഷന്റെ വരവ് കണ്ട് പുഴകളായ പുഴകളില്‍നിന്ന് മുതലകള്‍ ഇറങ്ങിയോടിയെന്നും അന്നുമുതലാണ് അവ കണ്ണീരൊഴുക്കാന്‍ തുടങ്ങിയതെന്നും കേള്‍വിയുണ്ട്. ഇന്ദ്രപ്രസ്ഥത്തില്‍ പ്രധാനമന്ത്രി നെഹ്‌റുവിന് തലേന്നു രാത്രി ഒരു പോള കണ്ണടയ്ക്കാനായിരുന്നില്ല. യുക്തിവാദി ആയിരുന്നതിനാല്‍ വരാനിരിക്കുന്ന സംഭവം ഗണിച്ചറിയാന്‍ കഴിയാതെ പോയതാണ് അസ്വസ്ഥതയുടെ കാരണമെന്നാണ് അന്തഃപുരരേഖകളില്‍ ഉള്ളത്.

വീട്ടുമുറ്റത്ത് നിന്നിരുന്ന ഒന്നാന്തരമൊരു പന പൊടുന്നനെ കൊടുങ്കാറ്റിലെന്ന പോലെ ഉലയുകയും വേരൊടെ പിഴുതെറിയപ്പെടുകയും ചെയ്തു. വര്‍ഷങ്ങളായി വീടു കാത്തിരുന്ന അള്‍സേഷ്യന്‍ തുടലു പൊട്ടിച്ച് നാടുതന്നെ വിട്ടുപോയി. നീലാകാശത്തില്‍ പാറിപ്പറന്നിരുന്ന കോണ്‍ഗ്രസ് പതാക നെട്ടനെ കീറിമുറിഞ്ഞു. ലക്ഷണങ്ങള്‍ കണ്ട് തെക്കുനിന്ന് കാമരാജും ഉത്തരദേശത്തുനിന്ന് മൗലാന ആസാദും കൈയ്യില്‍ കിട്ടിയതുമായി ഡല്‍ഹിക്ക് വെച്ചു പിടിച്ചു. ആ നിമിഷത്തില്‍ പൊടുന്നനെ പണ്ഡിറ്റ്ജി സര്‍ദാറിനെ ഓര്‍ത്തു. ലക്ഷണശാസ്ത്രത്തിന്റെ മറുകര കണ്ട പട്ടേല്‍ജിയെ കാണാനായി പണ്ഡിറ്റ്ജി ഉടുത്തിരുന്ന അതേ വേഷത്തില്‍ പുറപ്പെട്ടു. അങ്ങ് വാഷിംഗ്ടണിലും ക്രെംലിനിലും ലണ്ടനിലും മണികള്‍ സ്വയം മുഴങ്ങി. നക്ഷത്രങ്ങള്‍ നല്‍കിയ സൂചന അനുസരിച്ച് സി.ഐ.എയും കെ.ജി.ബിയും പാഴൂര്‍പ്പടിപ്പുരയിലേക്ക് ആളെ അയച്ചു.

ശിശു മാത്രം ശാന്തനായിരുന്നു. ശിശുവിന്റെ നോട്ടം കണ്ട് വയറ്റാട്ടി കൂലി പോലും വാങ്ങാതെ പടിയിറങ്ങിപ്പോയി. കുമയൂണ്‍ കാടുകളില്‍ കടുവകള്‍ നിര്‍ത്താതെ ഗര്‍ജ്ജിച്ചെന്നും ശിശുവിന്റെ വീടിനോടു ചേര്‍ന്നുള്ള കുളത്തില്‍ താമരകള്‍ സമയം നോക്കാതെ വിരിഞ്ഞെന്നും വാരാണസിയിലെ രേഖകളിലുണ്ട്. ശിശുവിനെ കാണാന്‍ സാക്ഷാല്‍ ഗുരുജി തന്നെ നാഗ്പൂരില്‍നിന്ന് യാത്രയായെന്നും, അങ്ങിനെയല്ല തന്റെ പ്രതിനിധിയെ അയക്കുകയാണ് ചെയ്തതെന്നും വിഭിന്നങ്ങളായ മൊഴികളുണ്ട്. വിസ്താരഭയത്താല്‍ ഇവയുടെ ഉള്ളുകള്ളിലേക്ക് പോകാനാവാതെ വന്നത് സഹൃദയരായ വായനക്കാര്‍ സദയം പൊറുക്കണമെന്ന് സവിനയം അപേക്ഷിക്കുന്നു.

മയിലുകളോടുള്ള കമ്പം ബാല്യത്തിലേയുണ്ട്. ഹിമാലയത്തിലൂടെയുള്ള യാത്രകളില്‍ മുന്നിലും പിന്നിലും വഴികാട്ടിയായും ചങ്ങാതിയായും അവരുണ്ടായിരുന്നു. ഇന്ദപ്രസ്ഥത്തില്‍ കുടികിടപ്പ് തുടങ്ങുമ്പോള്‍ ഒരു കാര്യം മാത്രമേ അങ്ങോട്ട് ആവശ്യപ്പെട്ടുള്ളു. രണ്ട് മയില്‍ കുഞ്ഞുങ്ങള്‍. അവ വളര്‍ന്നു വലുതായി കുഞ്ഞുങ്ങളും പേരക്കിടാങ്ങളുമായി... ദാ ഇപ്പോള്‍ ഈ സപ്തതിയിലും പുലര്‍ച്ചെ പുറത്തിറങ്ങിയാല്‍ ആദ്യം ചെയ്യുക മയിലുകളെ ഊട്ടുകയാണ്. ഇതൊക്കെ നാട്ടുകാരൊന്നറിയണ്ടേയെന്ന് പുതിയ സെക്രട്ടറിയാണ് ചോദിച്ചത്. എന്നാല്‍പിന്നെ ഒട്ടും കുറയക്കേണ്ടെന്നും സംഗതി ഒരു വീഡിയോ ഷൂട്ട് തന്നെയായിക്കോട്ടെയെന്നും ദോവല്‍ജി പറയുകയും ചെയ്തു.

ഇതിപ്പോള്‍ ഈ കൊറോണക്കാലത്താണോ മയിലിനെ ഊട്ടുന്നതെന്നാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്. സ്വന്തം ഊട്ടുപരയില്‍ തീ കത്തിക്കാന്‍ വിറകു പോലുമില്ലാത്തവര്‍ക്ക് എന്താണ് പറയാനാവാത്തത്? പണ്ട് നമ്മള്‍ ഗുജറാത്തിലായിരുന്നപ്പോള്‍ താറാവുകളുമൊത്ത് നടന്നിരുന്ന പടവും ചിലര്‍ കുത്തിപ്പൊക്കിയെടുത്തിട്ടുണ്ട്. ഓരോ നാടിനും ഓരോ പക്ഷിയാണ്. ദേശീയ തലസ്ഥാനത്ത് പക്ഷേ, നമുക്ക് ഒരു പക്ഷിയേയുള്ളു. നമ്മുടെ മരം കാഞ്ഞിരവും പക്ഷി കാകനുമാണെന്നാണ് കാഞ്ഞൂരുനിന്നു വന്ന കണിയാന്‍ പറഞ്ഞത്. നമ്മുടെ പക്ഷി നമുക്കല്ലേ അറിയുന്നത്. നമ്മുടെ മരം ആലാണെന്ന് തറപ്പിച്ചു പറഞ്ഞപ്പോള്‍ കണിയാന്‍ അര്‍ത്ഥം വെച്ചു ചിരിച്ചത് ഇപ്പോഴും മനസ്സില്‍ നിന്ന് പോയിട്ടില്ല. ടെന്‍ ജനപഥ് വഴിയാണോ കണിയാന്‍ വന്നതെന്നറിയാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ദോവല്‍ജി പറഞ്ഞിട്ടുണ്ട്. ഒരു മാതിരിപ്പെട്ട ചാരന്മാര്‍ക്കൊന്നും ദോവല്‍ജിയുടെ കണ്ണുവെട്ടിക്കാനാവില്ല.

റോം കത്തിയെരിഞ്ഞപ്പോള്‍ ചിലര്‍ വീണ വായിച്ചിട്ടുണ്ടന്നും ആ കാഴ്ചയാണ് മയിലിനെ ഊട്ടുന്നത് ഓര്‍മ്മിപ്പിക്കുന്നതെന്നും ചില ദേശ ദ്രോഹികള്‍ അടക്കം പറയുന്നുണ്ട്. ഒരു കണക്കിന് എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ തന്നെ ബിരുദമെടുത്തത് നന്നായി. ചരിത്രവും ചരിത്രപുരുഷന്മാരും നമുക്ക് പറഞ്ഞിട്ടുള്ളതല്ല. നമ്മുടെ കണ്ണില്‍ നമ്മള്‍ തന്നെയാണ് ചരിത്രം. കാലവും ചരിത്രവും ഒന്നാകുന്ന പ്രതിഭാസമാണത്. നമ്മുടെ തൊഴിലും നമ്മുടെ വിദ്യയും നമ്മള്‍ തന്നെ നിശ്ചയിക്കും. അല്ലെങ്കിലും ഒരാള്‍ ഏതു വിഷയത്തിലാണ് ബിരുദമെടുക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ സ്വതന്ത്ര രാജ്യമെന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത് ?

മയിലിന്റെ കണ്ണീരിന് വിശിഷ്ടശക്തിയുണ്ടെന്ന് നമ്മുടെ ഒരു ജഡ്ജിയാണ് പറഞ്ഞത്. ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഈ വീട്ടിലുള്ള മയിലുകളുടെ കണ്ണീര് മാത്രം മതി. അറബി നാടുകള്‍ക്ക് പെട്രോളുണ്ടെങ്കില്‍ നമുക്ക് മയിലിന്റെ കണ്ണീരുണ്ട്. പക്ഷേ, എപ്പോഴാണ് ഈ ജന്തുക്കള്‍, സോറി ഈ പക്ഷികള്‍ കരയുന്നതെന്നു മാത്രം ഇനിയും കണ്ടെത്താനായിട്ടില്ല. നാട്ടുകാരുടെ കണ്ണീര്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ ചാകരയായിരുന്നു. വെറുതെ പാത്രമൊന്നു വെച്ചു കൊടുത്താല്‍ മതി. എപ്പോള്‍ നിറഞ്ഞുകവിയുമെന്ന് ചോദിക്കുക കൂടി വേണ്ട. മയിലിനെ കരയിപ്പിക്കാനൊരു വിദ്യയുണ്ടന്ന് നമ്മുടെ പതഞ്ജലി സ്വാമിയാണ് പറഞ്ഞത്. കൊറോനില്‍ പോലൊരു പേരിട്ട് സംഗതി വില്‍ക്കുന്ന കാര്യം പഹയന്‍ ഏറ്റിട്ടുണ്ട്.

കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്ന് ചില വിവരദോഷികള്‍ പറയുന്നുണ്ട്. നോട്ടു നിരോധിച്ചപ്പോഴും ജി.എസ്.ടി. കൊണ്ടുവന്നപ്പോഴും ഇവന്മാര്‍ ഇതു തന്നെയാണ് പറഞ്ഞത്. കൊറോണയെ നേരിടാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഈ അന്തം കമ്മികള്‍ക്കും കൊങ്ങികള്‍ക്കുമൊക്കെ വേറൊന്നും പറയാനുണ്ടായിരുന്നില്ല. വെറുതെ വാചകമടിച്ചു നടന്നിട്ട് ഒരു കാര്യവുമില്ലെന്ന് ഈ വിഢ്യാസുരന്മാര്‍ക്ക് ആരാണ് പറഞ്ഞുകൊടുക്കുക. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതിന്റെ ഒരു രസമുണ്ടല്ലോ അതിന്റെ രസം ഇവന്മാരൊന്നും ഈ ജീവിതകാലത്ത് അറിയാന്‍ പോകുന്നില്ല.

നെഹ്‌റുവായി ഉണ്ടാക്കിയ ഇല്ലങ്ങളൊക്കെ നമ്മള്‍ ചുട്ടുകൊണ്ടിരിക്കുകയാണെന്നാണ് ആക്ഷേപം. ഇക്കണക്കിനു പോയാല്‍ ചുടാനിനി ഇല്ലങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് നിര്‍മ്മലാജി പറയുന്നത്. അറ്റകൈക്ക് ചുടാന്‍ നമ്മുടെ കൈയ്യില്‍ ചില ഇല്ലങ്ങള്‍ ഇനിയുമുണ്ടെന്ന കാര്യം നിര്‍മ്മലാജിക്കറിയില്ലല്ലോ. ഇനിയിപ്പോള്‍ ഒരില്ലവും ബാക്കിയില്ലാതായാല്‍ സ്വന്തം ഇല്ലവും നമ്മള്‍ ചുട്ടിരിക്കും.

കൊറോണയൊന്നു മാറാനാണ് നമ്മള്‍ കാത്തിരിക്കുന്നത്. അന്യനാടുകളിലെ ചില വിശിഷ്ട ഇല്ലങ്ങളെക്കുറിച്ച് ഇന്നലെയാണ് ദോവല്‍ജി പറഞ്ഞത്. നമ്മുടെ സ്വന്തം ഇല്ലത്തിന്റെ വരമ്പില്‍ ചൈനക്കാര്‍ കിടന്ന് നിരങ്ങുകയാണെന്ന് ചെക്കനൊരുത്തന്‍ നാവിട്ടടിക്കുന്നുണ്ട്. ചെക്കനെ കണ്ടിട്ട് ഇല്ലത്ത് കൊടുംപട്ടിണിയാണെന്നാണ് തോന്നുന്നത്. എന്തെങ്കിലും കൊടുത്ത് ചെക്കനെ ശാന്തനാക്കാന്‍ പറ്റുമോയെന്ന് നോക്കാന്‍ അമിത്ജിയോട് പറഞ്ഞിട്ടുണ്ട്. ചെക്കന് സ്വന്തമായി ഇല്ലമില്ലാത്തതാണ് പ്രശ്നമെന്നും ചെക്കന്റെ നോട്ടം നമ്മുടെ ഇല്ലത്തേക്കാണെന്നുമാണ് അമിത്ജി പറയുന്നത്. അതിനുള്ള വെള്ളം ചെക്കനും അമ്മയും ഇച്ചിരി തെക്കോട്ട് മാറ്റിവെയ്ക്കുന്നതാണ് നല്ലതെന്നും സഹ്യനപ്പുറത്തുള്ള ഇല്ലത്തിലേക്ക് കുടിയേറുന്നതാവും കുടുംബത്തിന് നല്ലതെന്നും പറഞ്ഞുകൊടുക്കാന്‍ വൈകേണ്ടന്ന് അമിത്ജിയോട് ചട്ടം കെട്ടിയിട്ടുണ്ട്.

എന്തായാലും നല്ല വാര്‍ത്തകളാണ് ചെക്കന്റെ ഇല്ലത്തു നിന്നു വരുന്നത്. ഗഡാഗഡിയന്മാരായ 23 പേര്‍ ചെക്കനോടും അമ്മയോടും വീതം ചോദിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. പഴയ നമ്പൂതിരി ഇല്ലങ്ങളിലെ അപ്ഫന്മാരെ പോലെ എത്രകാലം ഇങ്ങനെ വേളി കഴിക്കാതെ നില്‍ക്കാനാവുമെന്നാണത്രെ ഈ പ്രമാണികള്‍ ചോദിക്കുന്നത്. കളിക്കരുത് കളിക്കരുത് എന്ന് ചെക്കനോട് നമ്മള്‍ പല തവണ പറഞ്ഞതാണ്. ഇതിപ്പോള്‍ സ്വന്തം ഇല്ലത്തിന് തീപിടിച്ചപ്പോഴെങ്കിലും ചെക്കന് കാര്യം മനസ്സിലായാല്‍ മതിയായിരുന്നു. പോകുന്നുണ്ടെങ്കില്‍ ചെക്കനേയും കൊണ്ടേ പോകുകയുള്ളുവെന്നാണത്രെ ചാത്തന്മാരായ ആസാദ് , തരൂരാദികള്‍ പറയുന്നത്. ചാത്തന്മാരെ തളയ്ക്കാന്‍ അന്തോണിച്ചനെ തന്നെയാണ് ചെക്കനുമമ്മയും രംഗത്തിറക്കിയിട്ടുള്ളതെന്നാണ് ദോവല്‍ജിയുടെ റിപ്പോര്‍ട്ട്. കടമറ്റത്തു കത്തനാരുടെ പിന്മുറക്കാരനാണ് ടിയാനെന്നറിഞ്ഞതില്‍ പിന്നെ നമ്മള്‍ ഒരിടങ്കോലിനും പോയിട്ടില്ല. തൊട്ടതിനും പിടിച്ചതിനും രണ്ടാം വാക്ക് പൈശാചികമാണെന്ന് കേട്ടപ്പോള്‍ തന്നെ നമുക്ക് അപകടം മണത്തു.

നമ്മളിതാ ഇവിടെ മുരുകവാഹനത്തിന് തീറ്റ കൊടുത്തും പിറാക്കളെ പറത്തിയും പാറപ്പുറത്ത് ആസനങ്ങള്‍ ചെയ്തും കാലം കഴിക്കും. ഈ കൊറോണക്കാലത്ത് മനുഷ്യരുമായി സമ്പര്‍ക്കം വേണ്ടെന്നു മാത്രമേ കൊട്ടാരം വൈദ്യന്‍ പറഞ്ഞിട്ടുള്ളു. ഒന്നാലോചിച്ചു നോക്കിയാല്‍ മന്‍ കീ ബാത്ത് കണ്ടുപടിച്ചതും പത്രസമ്മേളനം ഒഴിവാക്കിയതും മുജ്ജന്മ സുകൃതമെന്നു മാത്രമേ പറയാനാവൂ. അടുത്ത ഷൂട്ട് ദേശീയ മൃഗവുമായിട്ടായാലോ എന്നൊരാലോചനയുണ്ട്.

ദേശീയ മനുഷ്യനാവുമ്പോള്‍ സഞ്ചാരം ദേശീയ മൃഗത്തിനു മേലാവുന്നതല്ലേ ഉചിതം എന്നൊരു ചിന്ത. അതിപ്പോള്‍ കഴിഞ്ഞ ആറുകൊല്ലമായി അതല്ലേ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇനിയിപ്പോള്‍ അതിന്റെ പുറത്തു നിന്നിറങ്ങുന്നതെങ്ങിനെയാണെന്ന് ചിന്തിച്ചുതുടങ്ങാറായെന്നും അപ്പോഴാണ് അശരീരി കേട്ടത്. അശരീരിയാണോ ചെക്കന്‍ രാഹുലാണോ എന്ന് കൃത്യമായി മനസ്സിലായില്ല. ഈയിടെയായി ചില അശുഭ ചിന്തകള്‍ മുളപൊട്ടുന്നുണ്ട്. ചില അശുഭ ലക്ഷണങ്ങളും കാണുന്നുണ്ട്. അതിര്‍ത്തിയില്‍ ചീനവലയും ചീനച്ചട്ടിയുമായി ചീനക്കാര്‍ പടികയറി വരുന്നതാണ് പതിവു സ്വപ്നം. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണോ എന്നൊരു പേടി.

പേടിക്ക് മറുമരുന്നു കൊണ്ടുവരാന്‍ ദോവല്‍ജിയെ തെക്കോട്ട് പറഞ്ഞു വിട്ടിട്ടുണ്ട്. കരിങ്കോഴിയുടെ തലപ്പൂവില്‍ കോഴിമുട്ടകൊണ്ടൊരു പ്രയോഗമുണ്ടെന്നാണ് ദോവല്‍ജി പറയുന്നത്. പഹയന്‍ പണ്ട് തലശ്ശേരിയില്‍ വേല ചെയ്തപ്പോള്‍ നേരിട്ടു കണ്ടിട്ടുണ്ടത്രേ! കോഴിയെങ്കില്‍ കോഴി, മുട്ടയെങ്കില്‍ മുട്ട! ഒരു നിവൃത്തിയുണ്ടെങ്കില്‍ ഇല്ലത്തു തന്നെ മുട്ട വെച്ചു വിരിയിക്കണം. കോഴിശാസ്ത്രത്തില്‍ നിപുണരായ ചിലരെ നാഗ്പൂരില്‍ നിന്നയക്കാമെന്ന് മോഹന്‍ജി വാക്കു തന്നിട്ടുണ്ട്. മഴക്കാറുള്ള അര്‍ദ്ധരാത്രിയില്‍ കരിങ്കോഴികളെ ഇറക്കിവിട്ടാല്‍ ചീനക്കാര്‍ പോയിട്ട് മൊസദിനു പോലും കണ്ടുപടിക്കാനാവില്ല. ആദ്യം ആ നേപ്പാളുകാരന്‍ ഒലിയെ തന്നെ പേടിപ്പിക്കണം. അങ്ങിനെ ഒന്നൊന്നായി ഓരോ ഇല്ലവും നമ്മള്‍ പിടിക്കും. മക്കളേ, ഇനിയുള്ള കളിയാണ് കളി. ആ കളി കാണാന്‍ ചെക്കനും അമ്മയും ഇവിടെയൊക്കെയുണ്ടാവണം എന്നൊരു പ്രാര്‍ത്ഥനയേ ഇപ്പോഴുള്ളു.

വഴിയില്‍ കേട്ടത്: കോവിഡ് ദൈവത്തിന്റെ കര്‍മ്മമാണെന്ന് നിര്‍മ്മല സീതാരാമന്‍. ബി.ജെ.പിക്കാര്‍ക്ക് മോദിജി ദൈവത്തെപ്പോലെയാണെന്ന് കേട്ടിട്ടുണ്ട്. ദൈവമേ, അപ്പോള്‍ നിര്‍മ്മലാജി പറഞ്ഞുവരുന്നത്......?

Content Highlights:

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented