നരേന്ദ്ര മോദി, അമിത് ഷാ | Photo: PTI
ദേബാശിഷ് റോയ് ചൗധരിയും ജോൺ കീനും ചേർന്നെഴുതിയ ' To Kill A Democracy: India's Passage To Despotism' (ജനാധിപത്യത്തെ കൊല്ലാൻ: സ്വേച്ഛാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര) എന്ന പുസ്തകം ഇന്ത്യയിലെ ഓരോ പൗരനും നിർബ്ബന്ധമായും വായിക്കേണ്ടതുണ്ട്. സമീർ സവേരി എന്ന മുംബൈ നിവാസിയെക്കുറിച്ച് ഈ പുസ്തകത്തിലുള്ള വിവരണം ഒന്നെടുത്ത് പറയാം.
1989-ലെ ഒരു മഴക്കാലത്ത് റെയിൽപ്പാത മുറിച്ചുകടക്കുമ്പോൾ ട്രെയിൻ കയറിയാണ് സമീറിന് ഇരുകാലുകളും നഷ്ടപ്പെട്ടത്. കാൽനടക്കാർക്കുള്ള ഒരു മേൽപ്പാലം ഈ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. ശാരീരിക പ്രതിസന്ധികൾ നേരിടുന്നവർക്കുള്ള പ്രത്യേക കോച്ചിലായി പിന്നീടങ്ങോട്ട് സമീറിന്റെ റെയിൽ യാത്രകൾ. അവിടെ, ആ കോച്ചുകളിലാണ് സമീർ തന്നെപ്പോലെ തന്നെ കാലുകളും കൈകളും നഷ്ടപ്പെട്ട പലരേയും കണ്ടുമുട്ടിയത്. തനിക്ക് പറ്റിയത് തന്റെ നിർഭാഗ്യം കൊണ്ടാണെന്നായിരുന്നു അതുവരെ സമീർ കരുതിയിരുന്നത്. സംഗതി നിർഭാഗ്യമല്ലെന്നും റെയിൽവെയുടെ, ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും സമീർ തിരിച്ചറിയുന്നത് ഈ കൂടിക്കാഴ്ചകളിലൂടെയാണ്.
സാധാരണ യാത്രക്കാരോട് റെയിൽവെയും ഭരണകൂടവും പുലർത്തുന്ന നിസ്സംഗതയും അവഗണനയും എത്ര മാത്രം വലുതാണെന്ന് മനസ്സിലാക്കാൻ സമീറിനെ സഹായിച്ചത് വിവരാവകാശ നിയമമാണ്. 2019-ൽ മുംബൈയിൽ തീവണ്ടികളിൽനിന്നു വീണു മരിച്ചത് 611 പേരായിരുന്നു. പാതകൾ മുറിച്ചു കടക്കുമ്പോൾ 1,455 പേർ കൊല്ലപ്പെട്ടു. മുംബൈയിലെ റെയിൽപ്പാതകളിൽ ഒരു ദിവസം ശരാശരി പത്തോളം പേർ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മുംബൈയിലെ സബർബൻ തീവണ്ടികളിൽ 1,700 പേർ യാത്ര ചേയ്യേണ്ട ഇടങ്ങളിൽ ഒരേ സമയം അയ്യായിരത്തോളം പേരാണ് യാത്ര ചെയ്യുന്നത്. മരണത്തിനും ജിവിതത്തിനും ഇടയിലുള്ള നൂൽപ്പാലങ്ങളാണ് ഭൂരിപക്ഷം മുംബൈക്കാർക്കും നിത്യേനയുള്ള ഈ യാത്രകൾ. റെയിൽവേയ്ക്കും ഭരണകൂടത്തിനും ഈ വ്യഥകൾ പരിഹരിക്കാൻ നേരമോ പണമോ ഇല്ല. പക്ഷേ, 1,700 കോടി ഡോളർ ചെലവ് വരുന്ന ബുള്ളറ്റ് ട്രെയിൻ അഹമ്മദാബാദിൽനിന്നു മുംബൈയിലേക്ക് ഓടിക്കണമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് ലവലേശം സംശയമില്ല.
പോട്ട്ഹോൾ ദാദ എന്ന് വിളിക്കപ്പെടുന്ന ദാദാ റാവു ബിൽഹോറിനെക്കുറിച്ച് ജോണും ചൗധരിയും എഴുതുന്നുണ്ട്. മുംബൈയിലെ നിരത്തുകളിലുള്ള ഗർത്തങ്ങളിലൊന്നിൽ വീണാണ് ദാദാ റാവുവിന്റെ 16 വയസ്സുകാരൻ മകൻ പ്രകാശ് മരിച്ചത്. റോഡുകളിലെ കുഴികൾ അടയ്ക്കാൻ സർക്കാരിന് സമയമില്ലെന്ന് മനസ്സിലായതോടെ ദാദാ റാവു കുഴികൾ സ്വയം അടയ്ക്കാൻ തുടങ്ങി. ''ഞാൻ കരഞ്ഞില്ല, പകരം പോരാടാൻ പഠിച്ചു.'' എന്നാണ് ദാദറാവു ഇതേക്കുറിച്ച് പറഞ്ഞത്.
പോട്ട്ഹോൾ ദാദായെന്നും പോട്ട്ഹോൾ രാജയെന്നുമൊക്കെയാണ് ജനം ദാദാ റാവുവിനെ വിളിക്കുന്നത്. ഒരു വാട്ട്സാപ്പ് സന്ദേശം കിട്ടിയാൽ ഏത് കുഴിയായാലും അതടയ്ക്കാനുള്ള ഒരു സംഘം വിദഗ്ധർ ഇപ്പോൾ ദാദാ റാവുവിന്റെ കൂടെയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ദാദാ റാവുവും കൂട്ടരും റോഡിലെ കുഴികൾ നികത്തിക്കൊണ്ടിരിക്കുമ്പോൾ മഹാരാഷ്ട്രയിലെ എം.എൽ.എമാരുടെ വില അമ്പത് കോടി രൂപയോളമായി ഉയര്‍ന്നതായാണ് അണിയറയില്‍ കേട്ട വര്‍ത്തമാനം. . ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽനിന്നു തിരിച്ചെത്തിയ ശിവസേന എം.എൽ.എമാരുടെ തലവര മാറിമറിഞ്ഞത് ഒറ്റ രാത്രി കൊണ്ടാണ്.
ഇന്ത്യൻ ജനാധിപത്യത്തിന് എന്താണ് സംഭവിക്കുന്നത് എന്നറിയണമെങ്കിൽ മുംബൈയിലെ നിരത്തുകളിലും റെയിൽപ്പാളങ്ങളിലും വീഴുന്ന ചോരയ്ക്കൊപ്പം ഈ കുതിരക്കച്ചവടങ്ങളും നമ്മൾ ചേർത്തുവെയ്ക്കണം. പി.എം. കെയേഴ്സ് ഫണ്ട്, ഇലക്ടറൽ ബോണ്ടുകൾ എന്നിവ കൂടിയായാൽ ഈ ചിത്രത്തിന് സമഗ്രത ഉണ്ടാവും.
ഈ സമഗ്രതയിലേക്കാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരിക്കൽ കൂടി പ്രതിഷ്ഠിച്ചത്. നരേന്ദ്ര ദാമോദർദാസ് മോദി തന്നെയായിരിക്കും 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നയിക്കുകയെന്ന് ഷാ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിക്കഴിഞ്ഞു. ഒറ്റനോട്ടത്തിൽ രണ്ട് കാര്യങ്ങളാണ് ഷായുടെ പ്രഖ്യാപനം നമുക്ക് മുന്നിൽ കൊണ്ടു വരുന്നത്.
അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും അധികാരം നിലനിർത്തണമെങ്കിൽ നായകൻ മോദി തന്നെയാവണമെന്നും മോദിക്കൊരു ബദൽ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിനാവില്ലെന്നും ബി.ജെ.പിയും ആർ.എസ്.എസും വിശ്വസിക്കുന്നു എന്നതാണ് ആദ്യത്തേത്. ബി.ജെ.പിക്കുള്ളിലും മോദിക്ക് ബദലായി നിലവിൽ ആരും തന്നെയില്ലെന്നുള്ളതാണ് രണ്ടാമത്തേത്. പാർട്ടി പ്രസിഡന്റായും രാഷ്ട്രപതിയായും പുതിയ ആളുകളെ കൊണ്ടുവരുന്നതു പോലെ എളുപ്പമല്ല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തുകയെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാവണം അമിത് ഷാ കാലേക്കൂട്ടി തന്നെ മോദിയുടെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
.jpg?$p=3356ad7&w=610&q=0.8)
ഇന്ദിരയും ഇന്ത്യയും
2024-ലെ പൊതു തിരഞ്ഞെടുപ്പിൽ സംഘപരിവാറിന് റിസ്കെടുക്കാൻ ആവില്ല. ഒരു വർഷത്തിനപ്പുറം സംഘത്തിന്റെ ശതാബ്ദിയാണ്. 1925 സെപ്റ്റംബർ 27-നാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ നേതൃത്വത്തിൽ നാഗ്പൂരിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് പിറവി എടുത്തത്. സംഘത്തിന് നൂറ് വയസ്സാവുന്ന സുവർണമുഹൂർത്തത്തിൽ, ഇന്ദ്രപ്രസ്ഥത്തിൽ, ഇന്ത്യയുടെ അധികാര കേന്ദ്രത്തിൽ ബി.ജെ.പി. ഇതര സർക്കാർ എന്ന ആശയം പരിവാറിന്റെ വിദൂരസ്വപ്നങ്ങളിൽ പോലുമുണ്ടാവില്ല. അപ്പോൾ പിന്നെ തുടർച്ചയായി മൂന്നാം വട്ടവും ഒരു ബി.ജെ.പി. സർക്കാരിനെ ആരാണ് നയിക്കേണ്ടതെന്ന ചോദ്യത്തിന് മോഹൻ ഭാഗവതിനും അമിത് ഷായ്ക്കും ജെ.പി. നഡ്ഡയ്ക്കുമൊക്കെ ഒരുത്തരമേ ഉണ്ടാവു. ആ ഉത്തരമാണ് ഈ കോളത്തിൽ അപഗ്രഥിക്കപ്പെടുകയും വിശ്ലേഷണം ചെയ്യപ്പെടുകയും ചെയ്യുന്നത്.
മോദിക്ക് മുമ്പ് ഇന്ത്യ കണ്ട അധികാരസ്വരൂപം ഇന്ദിര ഗാന്ധിയായിരുന്നു. അധികാരം കൈവിട്ടു പോവുമെന്ന പേടിയിലാണ് 1975 ജൂൺ 25-ന് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ശവമടക്കമാണ് ഇന്ദിര അന്ന് നടത്തിയത്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ അടിയന്തരാവസ്ഥയിൽ നിലനിൽക്കില്ലെന്ന വിധിയോടെ സുപ്രീം കോടതി ഈ ജനാധിപത്യ ധ്വംസനത്തിന് കൂട്ടുനിന്നു. പ്രധാനപ്പെട്ട ഭരണഘടന സ്ഥാപനങ്ങളെല്ലാം തന്നെ അന്ന് ഇന്ദിരയ്ക്ക് മുന്നിൽ വിനീതവിധേയരായി കൂറ് പ്രഖ്യാപിച്ചു.
അരക്ഷിതാവസ്ഥയുടെ വലിയൊരു നിഴൽ എന്നും ഇന്ദിരയ്ക്കൊപ്പം ഉണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ കുടുംബത്തിലാണ് ജനിച്ചുവീണതെങ്കിലും അമ്മയും അമ്മായിമാരും തമ്മിലുള്ള സംഘർഷങ്ങളാണ് ഇന്ദിരയുടെ ബാല്യം നിർണ്ണയിച്ചത്. അമ്മ കമല അലഹബാദിലെ ആനന്ദഭവനിൽ അനുഭവിച്ച ഒറ്റപ്പെടൽ ഇന്ദിരയെ ജിവിതത്തിലുടനീളം പിന്തുടർന്നു. കാമരാജിന്റെ നേതൃത്വത്തിലുള്ള സിൻഡിക്കറ്റിനോടുള്ള ഏറ്റുമുട്ടൽ, ഫിറോസുമായുള്ള അടുപ്പവും അകൽച്ചയും ഒക്കെത്തന്നെ ഇന്ദിരയെ സദാ അസ്ഥിരയും സന്ദേഹിയുമാക്കി. ഈ ജീവിതപരിസരത്തിലാണ് ഇന്ദിര അടിയന്തരാവസ്ഥയിലേക്ക് തിരിഞ്ഞത്. അടിയന്തരാവസ്ഥയ്ക്കെതിരെ വിധി എഴുതിക്കൊണ്ട് 1977-ൽ ഇന്ത്യൻ ജനത ഇന്ദിര കുഴിച്ചുമൂടാൻ ശ്രമിച്ച ഭരണഘടന വീണ്ടെടുക്കുകയും ചെയ്തു.
പക്ഷേ, ഇന്ദിര ഇന്ദിരയും മോദി മോദിയുമാണ്. അടിയന്തരാവസ്ഥയിലെ വിഹ്വല ദിനങ്ങളിലൊന്നിൽ ദാർശനികനും ചിന്തകനുമായ ജിദ്ദു കൃഷ്ണമൂർത്തിയെ ഇന്ദിര കാണാനെത്തി. പുലിപ്പുറത്തുനിന്ന് എങ്ങിനെയാണ് ഇറങ്ങേണ്ടതെന്നറിയില്ല എന്നാണ് ജിദ്ദുവിനോട് ഇന്ദിര പറഞ്ഞതെന്ന് ജിദ്ദുവിന്റെ ജീവചരിത്രകാരിയും ഇന്ദിരയുടെ ആത്മസുഹൃത്തുമായിരുന്ന പുപുൽ ജയകർ രേഖപ്പെടുത്തുന്നുണ്ട്. നിങ്ങൾക്ക് പുലിയേക്കാൾ ബുദ്ധിയുണ്ടെങ്കിൽ സമയമാവുമ്പോൾ പുലിപ്പുറത്തുനിന്ന് എങ്ങിനയാണ് ഇറങ്ങേണ്ടതെന്ന് നിങ്ങൾക്കറിയാനാവും എന്നായിരുന്നു ജിദ്ദുവിന്റെ മറുപടി. അതുപോലെ തന്നെ ഒന്നര വർഷത്തിനപ്പുറം ഇന്ദിര ആ പുലിപ്പുറത്തുനിന്ന് ഇറങ്ങി. കയറിയത് പുലിപ്പുറത്താണെന്ന തിരിച്ചറിവ് ഇന്ദിരയ്ക്കുണ്ടായിരുന്നു എന്നത് ചെറിയ കാര്യമല്ല. അതിനെച്ചൊല്ലി ഉള്ളിന്റെയുള്ളിൽ അവർ വലിയ സംഘർഷങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും പുപുൽ ചൂണ്ടിക്കാട്ടുന്നു.
.jpg?$p=705fa42&w=610&q=0.8)
ആനപ്പുറത്തിരിക്കുമ്പോൾ മറന്നുപോവുന്നത്
ഇന്നിപ്പോൾ രാജ്യത്ത് പ്രഖ്യാപിത അടിയന്തരാവസ്ഥയില്ല. കാരണം ഇന്ദിരയെപ്പോലെ അരക്ഷിതാവസ്ഥയുടെ നിഴലില്ല നരേന്ദ്ര മോദി. പുലിപ്പുറത്തല്ല, അധികാരം എന്ന മത്തഭത്തിന്റെ പുറത്താണ് മോദി ഇരിക്കുന്നത്. ആനയുടെ പുറത്ത് കുറച്ചധികം നാൾ ഇരുന്നാലുള്ള കുഴപ്പം ഇരിക്കുന്നയാൾ തന്റെ പൊക്കം ആനയുടെ സമ്മാനമാണെന്ന യാഥാർത്ഥ്യം മറന്നുപോവും എന്നതാണ്. അങ്ങിനെയാരു മറവിയാണ് ഇപ്പോൾ മോദിയെ വലയം ചെയ്യുന്നത്. ഇന്ദിരയാണ് ഇന്ത്യയെന്നും ഇന്ത്യ ഇന്ദിരയാണെന്നുമുള്ള വായ്ത്താരികൾ മുഴങ്ങിയപ്പോഴും ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾ അവർക്കെതിരായിരുന്നു. ആ ജനതയാണ് 1977-ൽ അവരെ അധികാരത്തിൽനിന്ന് പുറന്തള്ളിയത്. ഈ തിരസ്കരണത്തിൽ ജയപ്രകാശ് നാരായൺ എന്ന ജനകീയ നേതാവ് വഹിച്ച പങ്കും നമ്മൾ ഓർക്കേണ്ടതുണ്ട്.
മോദിക്ക് അത്തരം വെല്ലുവിളികളും ഭീഷണികളുമില്ല. ഹിന്ദുത്വയുടെ ചിറകിലേറിയുള്ള കുതിപ്പിൽ സുസംഘടിതമായ ഒരു പ്രസ്ഥാനവും അതിനൊപ്പം നിലയുറപ്പിച്ചിരിക്കുന്ന വലിയൊരു ജനതയും മോദിക്ക് തണലും സുരക്ഷയും ഒരുക്കുന്നു. അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ഭരണകൂടത്തിന്റെ അധീശത്വം സമസ്ത തുറകളിലും സ്ഥാപിച്ചെടുക്കാൻ മോദിക്കാവുന്നത് ഇതുകൊണ്ടാണ്.
ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം തലവൻ ആർ.കെ. രാഘവൻ 'A Road Well Travelled' എന്ന ആത്മകഥയിൽ പറഞ്ഞത് അദ്ദേഹത്തിന്റെ അന്വേഷണം ഇന്ത്യ ഇതുവരെ കണ്ടതും ചിലപ്പോൾ ഇനിയങ്ങോട്ട് കാണാനിരിക്കുന്നതുമായ ഏറ്റവും കരുത്തനായ പ്രധാനമന്ത്രിയുടെ വരവിന് വഴിയൊരുക്കി എന്നാണ്. രണ്ടുകൊല്ലം മുമ്പ് ഡൽഹിയിൽ നടന്ന ഇന്റർനാഷനൽ ജുഡീഷ്യൽ കോൺഫറൻസിൽ സംസാരിക്കവെ സുപ്രീം കോടതിയിൽ അന്നത്തെ ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാരിലൊരാളായിരുന്ന ജസ്റ്റിസ് അരുൺ മിശ്ര അന്നാ വേദിയിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ''A versatile genius, who thinks globally and acts locally'' എന്ന് വിശേഷിപ്പിച്ചതും മറക്കാനാവില്ല.
ആർ.കെ. രാഘവൻ സൈപ്രസ് ഹൈക്കമ്മീഷണറാവുന്നതും ജസ്റ്റിസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാവുന്നതും രാജ്യം കാണുകയും ചെയ്തു. വിരമിച്ചതിന് ശേഷമുള്ള ജോലികൾ വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധിനിക്കുന്നുണ്ടെന്ന് പാർലമെന്റിൽ നിശിത വിമർശമുയർത്തിയ ബി.ജെ.പി. നേതാവ് അരുൺ ജെയ്റ്റ്ലി ഇപ്പോൾ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ മൗനത്തിലേക്ക് കൂപ്പുകുത്തേണ്ടി വരുമായിരുന്നു.
.jpg?$p=d8ae814&w=610&q=0.8)
മോദി എന്ന ഏകാന്തപാത
2012-ൽ ചെന്നൈയിൽവെച്ചാണ് മോദിയെ മുഖാമുഖം ആദ്യമായി കണ്ടത്. ചോ രാമസ്വാമിയുടെ തുഗ്ളക്ക് വാരികയുടെ വാർഷികാഘോഷമായിരുന്നു വേദി. തുഗ്ളക്കിന്റെ വാർഷികം ചോയുടെ ആരാധകർക്ക് അനുഷ്ഠാനം പോലെയാണ്. തമിഴകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അന്ന് ചോയുടെ വായനക്കാർ ചെന്നൈയിലെത്തും. വർഷങ്ങളായി പൊതുവേദികളിലുള്ള പ്രസംഗം അവസാനിപ്പിച്ചിരുന്ന ചോ വർഷത്തിലൊരിക്കൽ തുഗ്ളക്കിന്റെ വേദിയിൽ മാത്രമായിരുന്നു പ്രസംഗിച്ചിരുന്നത്.
വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾക്ക് കൊണ്ടും കൊടുത്തുമുള്ള മറുപടികളിലൂടെ മുന്നേറുന്ന ചോയുടെ പ്രസംഗം കേൾക്കാൻ നടൻ രജനികാന്ത് മുതൽ ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനി വരെ സദസ്സിലുണ്ടാവും. വേദിയിൽ പ്രാസംഗകനായി ചോ മാത്രമേ ഉണ്ടാവുകയുള്ളു. അന്ന് പക്ഷേ, ആ പതിവ് തെറ്റിച്ച് ഒരാൾ കൂടി വേദിയിലെത്തി. നരേന്ദ്ര മോദി. ബി.ജെ.പിയുടെ അഖിലേന്ത്യാ നേതാവ് അദ്വാനി സദസ്സിലിരിക്കെ മോദിയെ ചോ വേദിയിലേക്കാനയിച്ചതിൽ അത്ഭുതപ്പെടാതിരിക്കാനായില്ല.
പക്ഷേ, ചോ ദീർഘദർശിയായിരുന്നു. ബി.ജെ.പിയുടെ വരാനിരിക്കുന്ന നായകൻ അദ്വാനിയല്ല, മോദിയാണെന്ന് അന്നേ ചോ തിരിച്ചറിഞ്ഞു. ചെങ്കോട്ട പിടിക്കാനുള്ള യാത്ര ദക്ഷിണേന്ത്യയിൽനിന്നു തുടങ്ങണമെന്ന് പറഞ്ഞാണ് ചോ മോദിയെ തന്റെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മോദി അടുത്ത കൊല്ലവും തുഗ്ളക്കിന്റെ വേദിയിലെത്തി. ചോയും, പിന്നീട് തുഗ്ളക്കിൽ ചോയുടെ പിൻഗാമിയായ ഗുരുമൂർത്തിയും മോദിയുടെ അടുത്ത സുഹൃത്തുക്കളും ഉപദേശകരുമായി.
സംഘപരിവാറിന് അദ്വാനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ സമയമായിരുന്നു അത്. കറാച്ചിയിൽ മുഹമ്മദലി ജിന്നയുടെ സ്മാരകത്തിനു മുന്നിൽ നിന്നുകൊണ്ട് ഇതാ ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ അംബാസഡർ എന്ന് പ്രഘോഷിച്ച അദ്വാനി ഹിന്ദുത്വയുടെ തീവ്രവഴികൾ കൈവിടുകയാണോയെന്ന് ആർ.എസ്.എസിന് സംശയം തോന്നിത്തുടങ്ങിയിരുന്നു.
ഇന്ത്യ പിടിക്കാൻ ബി.ജെ.പി. മോദിയെ രംഗത്തിറക്കുന്നത് അങ്ങിനെയാണ്. ജനക്കൂട്ടത്തെ ഇളക്കി മറിക്കാനുള്ള പ്രഭാഷണ മികവായിരുന്നു മോദിയുടെ വലിയൊരു മൂലധനം. ലളിതമായ കുടുംബപശ്ചാത്തലത്തിൽനിന്നു ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്ര മോദിയെ ഇന്ത്യയിലെ ഇടത്തരക്കാരുടെ പ്രതിനിധിയാക്കി. സംഘപരിവാറിന്റെ അസാമാന്യമായ പ്രചാരണ മികവു കൂടിയായപ്പോൾ നെഹ്രു കുടുംബത്തിനെതിരെ പൊരുതുന്ന ഒരു സാധാരണ- അസാധാരണ മനുഷ്യൻ എന്ന പ്രതിച്ഛായ മോദിയെ തേടിയെത്തി. രണ്ടാം യു.പി.എ. സർക്കാരാണെങ്കിൽ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നിഴലിൽ സ്വയം തകർന്നു തുടങ്ങിയിരുന്നു.
മോദി ഉയർത്തിപ്പിടിച്ചത് വികസനത്തിന്റെ കൊടിയാണ്. ഗുജറാത്ത് മോഡൽ ഇന്ത്യയൊട്ടാകെ എന്ന മുദ്രാവാക്യവുമായി മോദിയും ബി.ജെ.പിയും നടത്തിയ പ്രചാരണം ഇന്ത്യൻ ജനതയുടെ ഭാവനയിലേക്ക് ചിറക് വിടർത്തി. 31% പേരുടെ പിന്തുണയുമായി 2014-ൽ മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി. അഞ്ച് കൊല്ലത്തിനപ്പുറം 2019-ൽ ഈ പിന്തുണ 37% ആയി. ദൃശ്യയുഗത്തിന്റെ പ്രതിനിധിയാണ് മോദിയെന്ന നിരീക്ഷണമുണ്ട്. പ്രതിച്ഛായയിൽ മോദിക്കുള്ള കമ്പം പ്രസിദ്ധമാണ്. എവിടെയും എപ്പോഴും ക്യാമറയിൽ മോദിക്കൊരു കണ്ണുണ്ടാവും.
തന്നെ ലോകം എങ്ങിനെ കാണുന്നുവെന്നതിനെക്കുറിച്ച് മോദി അതീവ ബോധവാനാണ്. വെട്ടിയൊതുക്കിയ താടിയും ജെല്ലിട്ട് മിനുസപ്പെടുത്തിയ തലമുടിയും അവസരത്തിനൊത്തുള്ള വസ്ത്രധാരണവും മോദിയെ മോദിയാക്കുന്നുണ്ട്. സ്വന്തം മെയ്ക്കോവറിന്റെ കാര്യത്തിൽ ആത്മനിർഭരത മോദിക്ക് അത്ര കണ്ട് പഥ്യമല്ലെന്ന വിമർശം എതിരാളികൾ ഉയർത്തുന്നത് വെറുതെയല്ല. പണ്ട്, വർഷങ്ങൾക്കു മുമ്പ് അമേരിക്കയിൽ ടെലിവിഷന്റെ തുടക്കകാലത്ത് ജോൺ എഫ്. കെന്നഡി നടത്തിയിട്ടുള്ള പ്രതിച്ഛായാ കസർത്തുകളുടെ സമകാലിക ആവിഷ്കാരമാണ് മോദിയിൽ കാണാനാവുക.
മോദി പക്ഷേ, ഒരു ഏകാന്തപാതയാണ്. ഉയർന്ന തട്ടിൽ നിന്നുകൊണ്ട് താഴെയുള്ളവേരാട് സംസാരിക്കുന്ന മതപുരോഹിതനെ പോലെയാണ് മോദി. ചോദ്യങ്ങൾ അങ്ങോട്ടില്ല. താൻ പറയും മറ്റുള്ളവർ കേൾക്കും എന്നതാണ് രീതി. റേഡിയോയിലൂടെ നടത്തുന്ന മൻ കീ ബാത്ത് മോദിയുടെ വ്യക്തിത്വത്തെ തീർച്ചയായും അടയാളപ്പെടുത്തുന്നുണ്ട്. പത്രപ്രവർത്തകൻ കരൺ ഥാപ്പറിന്റെ ചോദ്യങ്ങൾക്കു മുന്നിൽനിന്ന് ഇറങ്ങിപ്പോയ മോദിയെ ഓർക്കുക. മൂന്നേ മൂന്നു മിനിറ്റാണ് ആ അഭിമുഖം നീണ്ടു നിന്നത്. ഗുജറാത്ത് കൂട്ടക്കൊലയിൽ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യം മോദിയെ ഉലച്ചു. ആ ചോദ്യം നേരിടാൻ മോദിക്ക് കഴിഞ്ഞില്ല.
.jpg?$p=19187f3&w=610&q=0.8)
അധികാരം എന്ന ഓക്സിജൻ
കരണിനു മുന്നിൽ വെളിപ്പെട്ട മോദി പിൽക്കാല മോദിയുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ചോദ്യം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത മോദിയാണത്. താൻ അമാനുഷനാണെന്നും തെറ്റുകൾ പറ്റുന്ന സാധാരണ നേതാവല്ലെന്നും മോദി വിശ്വസിക്കുന്നു. നേതാവും പ്രജകളും എന്ന ഫ്യൂഡൽ സംജ്ഞയാണത്. ജനാധിപത്യത്തിന്റെ പ്രസന്നമായ തുറസ്സുകൾക്ക് അപരിചിതവും അസാദ്ധ്യവുമായ ഈ ഇടങ്ങളിലാണ് മോദിയെ ആശിഷ് നന്ദിയെപ്പോലുള്ള സാമൂഹ്യ ശാസ്ത്രജ്ഞർ പ്രതിഷ്ഠിക്കുന്നത്. ഇത്തരമൊരു നേതാവിനെയാണ് ആൾക്കൂട്ടം ആവശ്യപ്പെടുന്നത്. എതിരാളിക്കു മുന്നിൽ ഒരിക്കലും പതറാത്ത നേതാവ്. പാക്കിസ്താനെ അങ്ങോട്ടു കയറി ആക്രമിക്കുന്ന നേതാവ്. ആ നേതാവിന് ഗംഗാഘട്ടിൽ കാലിടറിയാൽ അത് ഘട്ടിന്റെ കുഴപ്പമാണ്. ആ പടവ് പൊളിച്ചുകളയുകയെന്നതാണ് അതിനുള്ള പ്രതിവിധി.
കോർപറേറ്റ് ഒലിഗാർക്കിയുടെയും ഹിന്ദുത്വയുടെയും സമന്വയമാണ് മോദിയെ മോദിയാക്കുന്നത്. ഗുജറാത്തിൽ പിന്തുടർന്ന ഈ മാതൃകയാണ് ഇന്നിപ്പോൾ ഇന്ത്യയെമ്പാടും പകർത്താൻ മോദി ശ്രമിക്കുന്നത്. ആർ.എസ്.എസിന്റെ ഏകാശിലാത്മക ദേശീയ സങ്കൽപം കോർപറേറ്റുകൾക്ക് പ്രിയപ്പെട്ടതാകുന്നത് അതുയർത്തുന്ന ഒരു നേതാവ്, ഒരു ദേശം, ഒരു വപിണി എന്ന മോഹനാത്മക സങ്കൽപം കൊണ്ടാണ്.
മദ്ധ്യവർഗ്ഗ സമൂഹമാണ് മോദിയുടെ പിൻബലം. ബുദ്ധിജീവികളല്ല, മദ്ധ്യവർഗ്ഗ സമൂഹമാണ് മോദിയെ മോദിയാക്കുന്നത്. അധികാരത്തിന്റെ ചൈനീസ് മാതൃകയുടെ പകർന്നാട്ടമാണ് ഇതെന്നത് രസകരമായ വൈരുദ്ധ്യമാവാം. അധികാരത്തിന്റെ സാദ്ധ്യതകളാണ് മോദി സദാ ആരായുന്നത്. വായുവിൽ ഒക്സിജൻ പോലെയാണ് മോദിക്ക് അധികാരം. ഒരേസമയം പൗരാണിക ഇന്ത്യയെ ആരാധിക്കുകയും ആധുനിക ലോകത്തെ ആശയവിനിമയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന മോദി പ്രത്യക്ഷത്തിൽ വൈരുദ്ധ്യങ്ങളുടെ കൂടാരമെന്ന് തോന്നിച്ചേക്കാം. പക്ഷേ, അധികാരത്തിന്റെ രാസവിദ്യയിൽ മോദിയുടെ ഇടപെടലുകൾ കണിശവും കർക്കശവുമാണ്.
മജോറിറ്റേറിയനിസം, ഹിന്ദുത്വവത്കരണം, മദ്ധ്യവർഗ്ഗ സമൂഹത്തിന്റെ ആശയാഭിലാഷങ്ങൾ പിടിച്ചെടുക്കൽ എന്നിവയാണ് മോദി സമർത്ഥമായി നടപ്പാക്കുന്നത്. ഇന്ത്യയെ ഇങ്ങനെ വിഘടിപ്പിക്കുന്ന കലാപരിപാടി ഇന്ദിരയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. ഒരു നേതാവ് എന്ന് പറഞ്ഞപ്പോഴും ഇന്ത്യ ഒരൊറ്റ ഇന്ത്യയല്ലെന്ന് ഇന്ദിരയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടു കൂടിയാണ് 1976-ൽ ഭരണഘടന ഭേദഗതിയിലൂടെ ഇന്ദിര സർക്കാർ ഇന്ത്യയെ സോഷ്യലിസ്റ്റ്, മതേതര റിപ്പബ്ളിക്ക് ആക്കി മാറ്റിയത്. ഇന്ത്യ ഒരൊറ്റ ഇന്ത്യയല്ലെന്നും വ്യത്യസ്തവും വിഭിന്നവുമാർന്ന നിരവധി സംസ്കൃതികളുടെ സമന്വയമാണെന്നും ഡിസ്കവറി ഒഫ് ഇന്ത്യയുടെ രചയിതാവിന്റെ മകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ പിന്നെയാരാണ് തിരിച്ചറിയുക?
.jpg?$p=96542f5&w=610&q=0.8)
പാലാഴിമഥനം
ചായ്വാലയെയും ചൗക്കിദാറിനെയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ പ്രചാരണം ഇന്ത്യൻ ജനത ഏറ്റെടുത്തതിന്റെ പ്രതിഫലനമായിരുന്നു മോദിക്ക് 2019-ൽ കിട്ടിയ വൻവിജയം. ഗാന്ധിജിയുടെ 150-ാം ജന്മദിന വാർഷികത്തിൽ ഗോഡ്സെയെ പുകഴ്ത്തുന്ന പ്രജ്ഞസിങ് ഠാക്കൂർ ഭോപ്പാലിൽ ദിഗ്വിജയ്സിങ്ങിനെ പരാജയപ്പെടുത്തിയതും ഇതോട് ചേർത്ത് വായിക്കണം. ഈ ഇന്ത്യയിൽ മോദിയാണ് വിരാട് പുരുഷൻ. പാർലമെന്റും കോടതിയുമടക്കമുള്ള ജനാധിപത്യ സംവിധാനങ്ങൾക്ക് പകരം ഈ ഒരു നേതാവ് മതി എന്ന പരികൽപനയിലേക്ക് ജനങ്ങളെ എത്തിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നത് ഈ പുരുഷനെ മുൻ നിർത്തിയാണ്. ഒരു നേതാവ്, ഒരു രാഷ്ട്രം, ഒരു ജനത എന്ന മുദ്രാവാക്യം ഉയർത്തുന്നവർ എങ്ങിനെയാണ് ഏകാധിപത്യത്തിന്റെ പതാകവാഹകർ ആവുന്നതെന്ന് ദേബാശിഷിന്റെയും കീനിന്റെയും പുസ്തകം കൃത്യമായി വിരൽചൂണ്ടുന്നുണ്ട്.
ഇന്ത്യ എന്ന പാലാഴിയുടെ മഥനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ കടച്ചിലിന്റെ അവസാനം അമൃതാണോ കാളകൂടമാണോ ഉയർന്നു വരികയെന്നതായിരിക്കും ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുക. മോദിയിൽ ഒരേസമയം ഇന്ത്യയുടെ കടങ്കഥയും യാഥാർത്ഥ്യവുമുണ്ട്. ഇന്ത്യൻ യാഥാർത്ഥ്യമല്ല, ഇന്ത്യൻ കടങ്കഥയാണ് പരിവാർ മോദിയിലൂടെ ഏറ്റെടുക്കുന്നതും പ്രചരിപ്പിക്കുന്നതും.
ഐതിഹാസിക മാനങ്ങളിലേക്ക് ഈ മിത്തിനെ പരിണമിപ്പിക്കുന്നതിലൂടെ മൂന്നാം വട്ടവും അധികാരം നിലനിർത്താനാവുമെന്നും ഇന്ത്യയെക്കുറിച്ചുള്ള എം.എസ്. ഗോൾവൾക്കറിന്റെ സങ്കൽപങ്ങൾ പൂർണ്ണമായും യാഥാർത്ഥ്യമാക്കാനാവുമെന്നും പരിവാർ കരുതുന്നു. 3000 കോടി രൂപയുടെ പട്ടേൽ പ്രതിമ ഈ മിത്തിന്റെ സംഭാവനയാണ്. ബുള്ളറ്റ് ട്രെയിനും പുതിയ പാർലമെന്റ് മന്ദിരവും ഈ മിത്തിനുള്ള പോഷകങ്ങളാണ്. ആട്ടയ്ക്കും അരിക്കും തൈരിനും വരെ ജി.എസ്.ടി. ചുമത്തുന്നതും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതും ഈ മിത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയാണ്.
ബാൽക്കണിയിൽനിന്ന് ബാൽക്കണിയിലേക്ക് നോക്കുന്നവർക്ക് കോവിഡിന് മുന്നിൽ പലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ഒരിക്കലും ഒരു വിഷയമേയല്ല. ഇന്ത്യ എന്ന ആശയവും ഈ മിത്തുമായുള്ള പോരാട്ടമായിരിക്കും അടിസ്ഥാനപരമായി 2024-ലെ തിരഞ്ഞെടുപ്പ്. ഈ മിത്തിനുള്ള പ്രതിപക്ഷ ബദൽ എന്താണെന്നോ ആരാണെന്നോ ഇപ്പോഴും വ്യക്തമല്ല. 1977-ൽ അത്തരമൊരു ബദൽ അവതരിപ്പിക്കാൻ ജയപ്രകാശ് നാരായണനു കഴിഞ്ഞു. അങ്ങിനെയൊരു ജെ.പി. ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിലില്ല. വിമതശബ്ദങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്ന ഒരു നേതാവ്. ജനാധിപത്യത്തിനും ഏകാധിപത്യത്തിനും ഇടയിൽ പലപ്പോഴും നിർണ്ണായകമാവുന്നത് ഇത്തരം നേതാക്കളാണ്. തീർച്ചയായും, കൂടുതൽ കടുത്ത പരീക്ഷണങ്ങളാണ് വരുംദിനങ്ങളിൽ ഇന്ത്യൻ ജനാധിപത്യത്തെ കാത്തിരിക്കുന്നത്!
വഴിയിൽ കേട്ടത്: രൂപയുടെ മൂല്യം കുത്തനെ താഴേക്ക്. തൊഴിലില്ലായ്മ കുത്തനെ മുകളിലേക്ക്. സാമൂഹ്യ മാദ്ധ്യമങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തിയാൽ തീരുന്ന പ്രശ്നങ്ങൾ!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..