മോദിക്കും പൂനവാലയ്ക്കുമിടയില്‍ ജനാധിപത്യത്തിന് സംഭവിക്കുന്നത് | വഴിപോക്കൻ


വഴിപോക്കന്‍

5 min read
Read later
Print
Share

ലാഭമല്ല, കൊള്ള ലാഭമാണ് പ്രശ്‌നം.150 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ തന്നെ ലാഭമുണ്ടാക്കുന്ന ഒരു ഉത്പന്നം 400 രൂപയ്ക്കും 600 രൂപയ്ക്കും കച്ചവടം ചെയ്യുമ്പോള്‍ സംഗതി കൊള്ള ലാഭമാണ്. കാറോ ഫ്രിഡ്‌ജോ വിറ്റ് കാശുണ്ടാക്കുന്നതുപേലെയല്ല വാക്‌സിന്‍ വിറ്റ് കൊള്ള ലാഭമുണ്ടാക്കുന്നത്. ജീവന്‍ രക്ഷിക്കാനുള്ള സംഗതിയായതിനാല്‍ വാങ്ങുന്നവന് വേറെ നിവൃത്തിയില്ലാത്ത പരിപാടിയാണിത്.

നരേന്ദ്ര മോദി, അദാർ പൂനവാല

പുണ്യം കിട്ടാന്‍ വ്യവസായം നടത്തുന്നവര്‍ ആരെങ്കിലുമുണ്ടാവാനിടയില്ല. കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഏതെങ്കിലും വ്യവസായി ഉള്ളതായി അറിവില്ല. തിരുപ്പതിയിലും ഗുരുവായൂരും വേളാങ്കണ്ണിയിലുമൊക്കെ കാണിക്കയിടാന്‍ മത്സരിക്കുന്ന വ്യവസായികളുടെ എണ്ണമല്ല രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോല്‍. ഗാന്ധിജിക്ക് സാമ്പത്തിക സഹായം നല്‍കുമ്പോള്‍ ബിര്‍ളയ്ക്കും ടാറ്റയ്ക്കും സാരാഭായിക്കുമൊക്കെ കൃത്യമായ കണക്കു കൂട്ടലുകളുണ്ടായിരുന്നു. പക്ഷേ, നെഹ്രുവിനെ പിന്‍ഗാമിയാക്കിക്കൊണ്ട് ഈ കണക്കുകൂട്ടല്‍ തെറ്റിച്ചിടത്താണ് ഗാന്ധിജി ഗാന്ധിജിയായത്. ഈ വ്യവസായികള്‍ തനിക്ക് അയച്ചു തന്നിരുന്ന കാശിന്റെ കണക്കും അത് എങ്ങിനെയൊക്കെയാണ് ചെലവാക്കിയതെന്നും കൃത്യമായി രേഖപ്പെടുത്തിവെയ്ക്കാനും ഗാന്ധിജി മറന്നില്ല. കണക്കുകള്‍ സുതാര്യമായാല്‍ ഒരു രാഷ്ട്രീയ നേതാവും ഒരു വ്യവസായിയുടെയും ചൊല്‍പടിക്ക് നില്‍ക്കേണ്ട ആവശ്യമില്ലെന്ന ലളിതമായ തത്വമാണ് ഗാന്ധിജി പിന്തുടര്‍ന്നത്.

പക്ഷേ, അധികാരം കച്ചവടമാവുമ്പോള്‍ ഗാന്ധിയന്‍ തത്വങ്ങള്‍ അറബിക്കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും വലിച്ചെറിയപ്പെടും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം അതാണ് . ഈ ചരിത്രത്തിന്റെ ഏറ്റവും വൃത്തികെട്ട ആവിഷ്‌കാരവും പ്രദര്‍ശനവുമാണ് ഇന്ത്യയുടെ പുതിയ വാക്‌സിന്‍ നയം. വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് വാക്‌സിന്റെ വില നിശ്ചയിക്കാം എന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിളംബരം വന്ന് മണിക്കൂറുകള്‍ക്കുളളില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ മേധാവി അദാര്‍ പൂനവാല കോവിഷീല്‍ഡിന് വിലയിട്ടു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസൊന്നിന് 400 രൂപയും സ്വകാര്യ മേഖലയ്ക്ക് 600 രൂപയും.

ഒരു കൊല്ലം മുമ്പ് കൊറോണ ലോകത്തെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ വാക്‌സിന്‍ കച്ചവടത്തിന്റെ സാദ്ധ്യതകള്‍ മാനത്തു കണ്ട പാര്‍ട്ടികളാണ് അദാറും അദ്ദേഹത്തിന്റെ പിതാവ് സൈറസ് പൂനവാലയും. 1966 ല്‍ 12,000 രൂപയുടെ മൂലധനവുമായാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സൈറസ് തുടക്കമിട്ടത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 83 രൂപ വിലയുള്ള കാലമായിരുന്നു അതെന്നോര്‍ക്കുക. പാമ്പ് കടിയേറ്റാല്‍ ചികിത്സിക്കുന്നതിനുള്ള പ്രതിവിഷം തയ്യാറാക്കിയിരുന്ന ഹാഫ്‌കൈന്‍ എന്ന സര്‍ക്കാര്‍ കമ്പനിക്ക് ഇതിനായി കുതിരകളെ നല്‍കിയിരുന്നത് സൈറസാണ്. സിറം അല്ലെങ്കില്‍ വാക്‌സിന്‍ സ്വന്തം നിലയ്ക്ക് ഉത്പാദിപ്പിച്ചുകൂടേ എന്ന ചോദ്യമാണ് സൈറസിനെ പുതിയ കമ്പനിയിലേക്കെത്തിച്ചത്. അതൊരു ദര്‍ശനവും വീക്ഷണവുമാണ്. അതിനുള്ള കുതിരപ്പവന്‍ സൈറസിന് കൊടുക്കുക തന്നെ വേണം.
covishield
കോവിഷീൽഡ് വാക്സിൻ

കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ കൈവിട്ടു കളിക്കാന്‍ അദാര്‍ പൂനവാലയ്ക്ക് തുണയായത് പിതാവ് സൈറസിന്റെ അനുഭവ സമ്പത്ത് തന്നെയായിരിക്കണം. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിൽ അദാര്‍ പറഞ്ഞത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വലിയൊരു റിസ്‌ക് എടുക്കുകയാണെന്നാണ്. ബ്രിട്ടീഷ് - സ്വീഡിഷ് കമ്പനിയായ അസ്ട്രസെനക്കയും ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് എന്ന വാക്‌സിന്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള തീരുമാനമായിരുന്നു അത്. കോവിഷീല്‍ഡിന് വിവിധ രാജ്യങ്ങളുടെ അംഗീകാരം കിട്ടുമോ എന്ന് ഒരു തരത്തിലുമുള്ള ഉറപ്പില്ലാതിരിക്കെയാണ് അദാര്‍ ഇതിനായി കോടികള്‍ മുടക്കിയത്.

അദാര്‍ തന്നെ പറഞ്ഞപ്രകാരം ഏകദേശം 6000 കോടി രൂപയാണ് ഇതിനായി മുതല്‍ മുടക്കേണ്ടിയിരുന്നത്. ഇതില്‍ 2000 കോടി രൂപയോളം തങ്ങള്‍ മുടക്കിയിട്ടുണ്ടെന്നും ബാക്കി ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനെപ്പോലുള്ള ട്രസ്റ്റുകളില്‍ നിന്ന് ധനസഹായമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും അദാര്‍ വെളിപ്പെടുത്തുകയും ചെയ്തു. കാറോ സ്‌കൂട്ടറോ നിര്‍മ്മിക്കുന്നതുപോലെയല്ല വാക്‌സിനുണ്ടാക്കുന്നത്. ഇനിയും കൃത്യമായി അറിയാത്ത ഒരു ശത്രുവിനെതിരെയുള്ള കളിയാണത്. ആ കളിയില്‍ അതുകൊണ്ടുതന്നെ റിസ്‌ക് കൂടുതലാണ്. അതുകൊണ്ടാണ് അദാര്‍ എടുത്തത് വെറും റിസ്‌കായിരുന്നില്ലെന്നും അത് കോടിക്കണക്കിന് മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന റിസ്‌കാണെന്നും മറ്റൊരു വ്യവസായി ആനന്ദ് മഹീന്ദ്ര പറഞ്ഞത്. വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി കിട്ടുമ്പോഴേക്കും ചുരുങ്ങിയത് 10 കോടി ഡോസെങ്കിലും പൂണെയിലെ ഫാക്ടറിയില്‍ തയ്യാറായിരിക്കും എന്നാണ് അദാര്‍ പറഞ്ഞത്. ഇതിനകം 12.17 കോടി ഡോസ് വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരിന് സിറം കൈമാറുകയും ചെയ്തു.

150 രൂപയ്ക്കാണ് ഒരു ഡോസ് കോവിഷീല്‍ഡ് നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരിന് കൊടുക്കുന്നത്. ഈ നിരക്കില്‍ പോലും കമ്പനി ലാഭമുണ്ടാക്കുന്നുണ്ടെന്നും എന്നാല്‍ വന്‍ ലാഭമാണ് കമ്പനി ഉറ്റുനോക്കുന്നതെന്നും അദാര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ലാഭം അതിന്റെ ജീവ വായുവാണ്. ലാഭമില്ലെങ്കില്‍ ഒരു കച്ചവടവും അധികനാള്‍ മുന്നോട്ടുപോവില്ല. അതുകൊണ്ടുതന്നെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ലാഭമുണ്ടാക്കാന്‍ പാടില്ലെന്ന് തലയ്ക്ക് വെളിവുള്ള ആരും പറയാനിടയില്ല. ലാഭമല്ല, കൊള്ള ലാഭമാണ് പ്രശ്‌നം. 150 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ തന്നെ ലാഭമുണ്ടാക്കുന്ന ഒരു ഉത്പന്നം 400 രൂപയ്ക്കും 600 രൂപയ്ക്കും കച്ചവടം ചെയ്യമ്പോള്‍ സംഗതി കൊള്ള ലാഭമാണ്. കാറോ ഫ്രിഡ്‌ജോ വിറ്റ് കാശുണ്ടാക്കുന്നതുപേലെയല്ല വാക്‌സിന്‍ വിറ്റ് കൊള്ള ലാഭമുണ്ടാക്കുന്നത്. ജീവന്‍ രക്ഷിക്കാനുള്ള സംഗതിയായതിനാല്‍ വാങ്ങുന്നവന് വേറെ നിവൃത്തിയില്ല.

ജനാധിപത്യ സമൂഹത്തില്‍ ഉപഭോക്താവിന് തുണയാവേണ്ടത് ഭരണകൂടമാണ്. ജനാധിപത്യ സര്‍ക്കാരിന് പ്രഥമവും പ്രധാനമായും കടപ്പാടുള്ളത് അതിന്റെ പൗര സമൂഹത്തോടാണ്. മോദി സര്‍ക്കാര്‍ അദാര്‍ പൂനവാലയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും കൃഷ്ണ എല്ലയുടെ ഭാരത് ബയോടെക്കിനും ഒപ്പമാണോ അതോ ഇന്ത്യന്‍ ജനതയ്‌ക്കൊപ്പമാണോ എന്ന ചോദ്യമാണ് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രസ്‌കതം. കോവിഷീല്‍ഡിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്തിയതിന്റെ വിവരങ്ങള്‍ കിട്ടുന്നതിനു മുമ്പേ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അനുമതി നല്‍കിയിരുന്നു. നിര്‍മ്മാണ ശേഷി കൂട്ടാന്‍ ധനസഹായം വേണമെന്ന് പറഞ്ഞപ്പോള്‍ 3000 കോടി രൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുവദിച്ചത്. ഭാരത് ബയോടെക്കിന് 1,500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഐസിഎംആറും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമാണ് ഭാരത് ബയോടെക്കിനെ കൊവാക്‌സിന്‍ ഉത്പാദനത്തില്‍ സഹായിച്ചതെന്നും മറക്കാനാവില്ല. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാവും മുമ്പ് കൊവാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തര അനുമതി നല്‍കുകയായിരുന്നു.
covaxin
കോവാക്സിൻ

കൊവാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് മൂന്ന് പൊതുമേഖല കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. എന്തുകൊണ്ട് ഈ ബുദ്ധി സര്‍ക്കാരിന് ഒരു കൊല്ലം മുമ്പ് തോന്നിയില്ല എന്ന ചോദ്യം തീര്‍ച്ചയായും ചോദിക്കേണ്ടതുണ്ട്. പറഞ്ഞുവന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനായിലും ഭാരത് ബയോടെക്കിനായിലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായം ചില്ലറയല്ല എന്നാണ്. അപ്പോള്‍പിന്നെ വില നിശ്ചയിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു റോള്‍ തീര്‍ച്ചയായുമുണ്ടാവണം. ഇന്ത്യന്‍ ജനത കൊടുക്കുന്ന നികുതിപ്പണം കൂടി ഉപയോഗിച്ചാണ് ഈ രണ്ടു കമ്പനികള്‍ക്കുമായി 4,500 കോടി രൂപ ഒരു മടിയുമില്ലാതെ ഇപ്പോള്‍ കേന്ദ്രം നല്‍കുന്നത്. അങ്ങിനെയാണെങ്കില്‍ വാക്‌സിന് വിലയിടേണ്ടത് ഈ കമ്പനികളല്ല മറിച്ച് കേന്ദ്ര സര്‍ക്കാരാണ്. വാക്‌സിന് വിലയിട്ട് വാങ്ങി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. ആര്‍ക്കൊക്കെ വാക്‌സിന്‍ എങ്ങിനെയൊക്കെ നല്‍കണം എന്നത് സംസ്ഥന സര്‍ക്കാരുകള്‍ക്ക് വിട്ടുകൊടുക്കണം. ഇതാണ് ഫെഡറിലസം ആവശ്യപ്പെടുന്നത്.

ഈ ഉത്തരവാദിത്തത്തില്‍ നിന്നാണ് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിരിക്കുന്നത്. കോവിഷീല്‍ഡായാലും കൊവാക്‌സിനായാലും അതിന്റെ നിര്‍മാണച്ചെലവ് എത്രയാണെന്ന് കേന്ദ്ര സര്‍ക്കാരിന് കൃത്യമായറിയാനാവും. ഇതിനുള്ള സംവിധാനവും അധികാരവും കേന്ദ്രത്തിനുണ്ട്. അപ്പോള്‍ ന്യായമായൊരു ലാഭം കിട്ടുന്ന വിലയിടാന്‍ കേന്ദ്രത്തിനാവും. ഇത് കേരളത്തിനോ മറ്റേതെങ്കിലും സംസ്ഥാനത്തിനോ ആവില്ല. ഇങ്ങനെയുള്ള കാര്യങ്ങളില്‍ കൃത്യമായ നിലപാടെടുക്കാനാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് നമ്മള്‍ ഒരു പാര്‍ട്ടിയെ അധികാരത്തിലേറ്റുന്നത്. കോവിഡ് 19 നുത്തരവാദി ഇന്ത്യയിലെ സാദാ ജനമാണെന്ന് ഒരു ഭരണകൂടവും പറയാനിടയില്ല. അതുകൊണ്ടുതന്നെ ഇതിനുള്ള പ്രതിവിധി സൗജന്യമായി നല്‍കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. അമേരിക്കയെപ്പോലൊരു വന്‍കിട മുതലാളിത്ത രാജ്യം പോലും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത് ഈ തിരിച്ചറിവിന്റെ പുറത്താണ്. പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ വകതിരിവുള്ള ഏതു ഭരണകൂടവും സ്വീകരിക്കുന്ന നിലപാടാണത്. ഡോസൊന്നിന് 1431 രൂപ വിലയുള്ള ഫൈസര്‍, 2345 രൂപ വിലയുള്ള മൊഡേണ വാക്‌സിനുകള്‍ സൗജന്യമായാണ് അമേരിക്കന്‍ ജനതയ്ക്ക് കിട്ടുന്നത്.

ഇനി അഥവാ കാശു കൊടുത്തു വാങ്ങാന്‍ ശേഷിയുള്ളവര്‍ കാശുകൊടുത്ത് വാങ്ങുന്നതിനും ആര്‍ക്കും വിരോധമുണ്ടാവില്ല. ഇപ്പോള്‍ തന്നെ പലരും 250 രൂപ കൊടുത്ത് സ്വകാര്യ ആസ്പത്രികളില്‍ നിന്നാണ് ഇന്ത്യയില്‍ വാക്‌സിന്‍ എടുക്കുന്നത്. പക്ഷേ, ഒരു കമ്പനി അവര്‍ പറയുന്ന വില കൊടുക്കണമെന്ന് പറയുന്നിടത്താണ് പ്രശ്‌നം. അതിപ്പോള്‍ അംബാനിയായാലും പൂനവാലയായാലും പിടിച്ചുപറി അംഗീകരിക്കാനാവില്ല. എന്തടിസ്ഥാനത്തിലാണ് 400 രൂപയും 600 രൂപയും ഡോസൊന്നിന് വിലയിടുന്നതെന്ന് കാര്യകാരണങ്ങള്‍ സഹിതം വ്യക്തമാക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനാവണം.

ഇവിടെ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായാണ് വാക്‌സിനെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 18 നും 45 നുമിടയിലുള്ളവര്‍ക്ക് ഈ സൗജന്യമില്ല. സംഗതി ഇവര്‍ക്ക് സൗജന്യമാക്കണമോ എന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. യുപിയും കേരളവും എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയൊരു പ്രശ്‌നമുള്ളത് ഇതിനുള്ള പണം സംസ്ഥാന സര്‍ക്കാരുകള്‍ എവിടെ നിന്ന് കണ്ടെത്തുമെന്നാണ്. കടത്തിന് മേല്‍ കടവുമായി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ അഭിമാനത്തിന്റെ പുറത്ത് കൂടുതല്‍ കടം വാങ്ങും. അല്ലെങ്കില്‍ റോഡും പാലവും സ്കൂളും ആസ്പത്രിയുമൊക്കെ നിര്‍മ്മിക്കാനും നന്നാക്കാനുമുള്ള കാശെടുത്ത് വാക്‌സിന് ചെലവാക്കും. ആത്യന്തികമായി ഇത് തകരാറിലാക്കുക സാധാരണ ജനങ്ങളുടെ ജീവിതമാണ്.

അതുകൊണ്ടാണ് മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി സുജാത റാവു മോദി സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ ക്ഷുഭിതയാവുന്നത്. സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാരാണിതെന്ന് സുജാത റാവു കുറ്റപ്പെടുത്തുന്നത് വെറുതെയല്ല. ഈ വിഷയത്തില്‍ ദ വയറുമായി സുജാത നടത്തുന്ന അഭിമുഖം ഇപ്പോള്‍ യു ട്യൂബിലുണ്ട്. മോദി സര്‍ക്കാരിന്റെ ഭക്തര്‍ കൂടിയടങ്ങുന്ന ഇന്ത്യയിലെ വോട്ടര്‍മാര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഭിമുഖമാണിത്. ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോര്‍പറേറ്റുകളല്ല. ലാഭമല്ല കൊള്ള ലാഭമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ കോര്‍പറേറ്റ് തലവന്മാര്‍ക്ക് ഒരു മനപ്രയാസവുമില്ലാതെ പോവുന്ന ഇന്ത്യയല്ല നമ്മുടെ പൂര്‍വ്വസൂരികള്‍ സ്വപ്‌നം കണ്ട ഇന്ത്യ. നാല് മണിക്കൂര്‍ മാത്രം മുന്നറിയിപ്പ് കൊടുത്ത് ഒരു രാജ്യത്തെ ലോക്ക്ഡൗണിലേക്ക് കൊണ്ടുപോവാന്‍ കാണിച്ച 'ധൈര്യം' കോര്‍പറേറ്റുകള്‍ക്ക് മുന്നിലില്ലാതെ പോവുന്നത് യാദൃശ്ചികമല്ല എന്ന് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതയ്ക്കാവും എന്ന് ഭരണാധികാരികള്‍ മറന്നുപോവരുത്.

വഴിയില്‍ കേട്ടത് : ജവഹര്‍ലാല്‍ നെഹ്രുവല്ല മോദിയാണ് രാജ്യത്തിന്റെ അമരത്തുള്ളതെന്നും ഇന്ത്യക്കാരെ രക്ഷിക്കേണ്ട ബാദ്ധ്യത മോദിക്കാണെന്നും പ്രിയങ്ക ഗാന്ധി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് എത്ര കൊടുത്തിട്ടുണ്ടെന്നറിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു !

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vinayakan
Premium

5 min

മാന്ത്രികത്തിലെ ജിപ്‌സിയില്‍ നിന്ന് ജയിലറിലെ വര്‍മ്മനിലേക്കെത്തുന്ന വിനായകന്‍ | ഷോ റീല്‍

Aug 21, 2023


karuvannur bank

5 min

അന്ന് എം.വി.ആർ. കേസെടുത്തു, സി.ബി.ഐ. അന്വേഷിച്ചു; കരുവന്നൂരിലും വേണ്ടത് അതാണ് | പ്രതിഭാഷണം

Aug 4, 2022


Tharoor, Bindu
Premium

7 min

ശശി തരൂരിന്റെ മലയാളവും ആർ. ബിന്ദുവിന്റെ ഇംഗ്ലീഷും | വഴിപോക്കൻ

Jun 16, 2023


Most Commented