കണ്ണൂര്‍ ഡീലക്‌സ് മുതല്‍ മാതാ ജെറ്റ് വരെ, മലയാളി വെള്ളിത്തിരയില്‍ കണ്ട ബസ്സുകള്‍ | Show Reel


എന്‍.പി.മുരളീകൃഷ്ണന്‍***ബസ് ജീവനക്കാരോടും ബസ്സുകളോടുമുളള സാധാരണക്കാരന്റെ ഈ അടുപ്പത്തിന്റെ ഊഷ്മളത അതേപടി ഉള്‍ക്കൊണ്ടുകൊണ്ട് സിനിമയിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ജീവിതം പകര്‍ത്തിയ സിനിമകളിലെ മുഖ്യ കഥാപാത്രങ്ങളെപ്പോലെ തന്നെ പ്രാധാന്യമുണ്ടായിരിക്കും ബസ്സുകള്‍ക്കും. ഒരു പ്രധാന കഥാപാത്രത്തിന്റെ അവതരണ രംഗത്തിനു സമാനമായ പരിഗണന ബസ്സിനും ഈ സിനിമകളില്‍ ലഭിക്കാറുണ്ട്.

.

പൊതുഗതാഗത സംവിധാനത്തെ ജനകീയമാക്കിയതില്‍ ബസ് സര്‍വീസുകള്‍ക്കുള്ള പങ്ക് എളുപ്പം വിസ്മരിക്കാവുന്നതല്ല. കെഎസ്ആര്‍ടിസിയാകട്ടെ, സ്വകാര്യ ബസ്സാകട്ടെ അതതു പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളും സ്ഥിരം യാത്രക്കാരും തമ്മില്‍ ഉരുത്തിരിയുന്ന ഇഴയടുപ്പം ഏറെ വലുതായിരിക്കും. പ്രത്യേകിച്ചും ഒരു ചെറിയ പ്രദേശത്തെ ബസ് സര്‍വീസുകള്‍ക്ക് അന്നാട്ടുകാരുമായുള്ള ബന്ധം അത്രയേറെ ഊഷ്മളമായിരിക്കും. എല്ലാ ദിവസവും കണ്ട് കുശലപ്രശ്‌നങ്ങള്‍ നടത്തുന്ന ഒരാളിനോടുള്ള അടുപ്പമായിരിക്കും ബസ്സുകളോടുമുള്ളത്. ബസ് ജീവനക്കാരോടും ബസ്സുകളോടുമുളള സാധാരണക്കാരന്റെ ഈ അടുപ്പത്തിന്റെ ഊഷ്മളത അതേപടി ഉള്‍ക്കൊണ്ടുകൊണ്ട് സിനിമയിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ജീവിതം പകര്‍ത്തിയ സിനിമകളിലെ മുഖ്യ കഥാപാത്രങ്ങളെപ്പോലെ തന്നെ പ്രാധാന്യമുണ്ടായിരിക്കും ബസ്സുകള്‍ക്കും. ഒരു പ്രധാന കഥാപാത്രത്തിന്റെ അവതരണ രംഗത്തിനു സമാനമായ പരിഗണന ബസ്സിനും ഈ സിനിമകളില്‍ ലഭിക്കാറുണ്ട്.

ഗള്‍ഫ് മോട്ടോഴ്‌സും താമരാക്ഷന്‍ പിള്ളയുമാണ് മലയാളിയുടെ കാഴ്ചബോധത്തില്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളോടൊപ്പമോ അതിനേക്കാളേറെയോ പതിഞ്ഞുപോയ പ്രമുഖ ബസ്സുകള്‍. ഈ ബസ്സുകള്‍ രണ്ടും വര്‍ഷങ്ങളായി മലയാളിയുടെ ദൈനംദിന ജീവിതത്തിലുണ്ട്.

ഗള്‍ഫ് നാട്ടിലെ അധ്വാനം കൊണ്ടുള്ള സമ്പാദ്യത്തില്‍ നാട്ടില്‍ എന്തെങ്കിലും ബിസിനസ് ചെയ്ത് സ്വസ്ഥമായും മാന്യമായും ജീവിക്കണമെന്ന ചിന്തയിലാണ് സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പിലെ നായകന്‍ ഒരു ബസ് വാങ്ങുന്നത്. നാട്ടില്‍ എന്തു ബിസിനസ് ചെയ്യാമെന്ന ആലോചനയില്‍ അയാള്‍ എത്തിച്ചേരുന്ന ഉത്തരമാണ് ബസ് സര്‍വീസ് എന്നത്. താന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ഒരു ബസ് സര്‍വീസ്, താന്‍ അതിന്റെ മുതലാളി. എണ്‍പതുകളിലെ ഒരു സാധാരണ ഗള്‍ഫുകാരന്റെ അതിസാധാരണമായ സ്വപ്നം. അതിന് അയാള്‍ വെള്ളവും വളവുമിട്ട് മുന്നോട്ടു പോയാണ് ഗള്‍ഫ് മോട്ടോഴ്‌സ് എന്ന ബസ് സര്‍വീസ് ആരംഭിക്കുന്നത്. തനിക്ക് ജീവിതത്തില്‍ താങ്ങായ അറബിനാടിനോടുള്ള കടപ്പാട് കൂടിയായിരുന്നു ആ പേരിനു പിന്നില്‍. 'വെള്ളാരപ്പൂമല മേലെ' എന്ന പാട്ടിനൊപ്പം പാലക്കാടന്‍ നാട്ടുവഴികളിലൂടെ ഒഴുകിനീങ്ങുന്ന ഗള്‍ഫ് മോട്ടോഴ്‌സിന്റെ ചിത്രം മലയാളികളുടെ ഏറ്റവും ഗൃഹാതുരമായ സ്മരണകളിലൊന്നാണ്. ഓടിമറഞ്ഞ കാലത്തിലേക്ക് ഒന്നു തിരികെപ്പോകാന്‍ തോന്നുന്നത്രയും അടുപ്പമാണ് മലയാളിക്ക് ഈ പാട്ടിനോടും ദൃശ്യങ്ങളോടും. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ബസ് സര്‍വീസിന്റെ കൗതുകങ്ങളും രസക്കാഴ്ചകളുമെല്ലാം ഗള്‍ഫ് സര്‍വീസ് പകര്‍ന്നുതരുന്നുണ്ട്.

കേരളം പോലെ രാഷ്ട്രീയ, തൊഴിലാളി സംഘടനകളുടെ അമിതമായ ഇടപെടലുള്ള സംസ്ഥാനത്ത് ഒരു വ്യവസായം തുടങ്ങാനും അത് നിലനിര്‍ത്തി മുന്നോട്ടുപോകാനും എന്തുമാത്രം പ്രയാസകരമാണെന്ന യാഥാര്‍ഥ്യം മൂന്നു പതിറ്റാണ്ടിനു മുമ്പേ പങ്കുവച്ചുവെന്നതാണ് വരവേല്‍പ്പിന്റെ സാമൂഹികപ്രസക്തി. ഈ സിനിമയും അതിലെ ഗള്‍ഫ് മോട്ടോഴ്‌സ് സര്‍വീസും ഇന്നും മലയാളി അതിയായ ഇഷ്ടത്തോടെ ഓര്‍മ്മിക്കുമ്പോഴും നേര്‍ത്തൊരു നൊമ്പരം കൂടി അത് ബാക്കിയാക്കുന്നുണ്ട്.

ഫണ്‍ മൂവി എന്ന നിലയിലാണ് താമരാക്ഷന്‍ പിള്ള എന്നു പേരായ ബസ്സിനെ കേന്ദ്രമാക്കിയ താഹയുടെ ഈ പറക്കുംതളിക ശ്രദ്ധ നേടിയത്. ഇതില്‍ കേന്ദ്ര കഥാപാത്രങ്ങളായ ദിലീപിനും ഹരിശ്രീ അശോകനുമൊപ്പം താമരാക്ഷന്‍ പിള്ള ബസ്സും കാണികളെ ചിരിപ്പിക്കുന്നുണ്ട്. ഈ ബസ്സിനെ മുന്‍നിര്‍ത്തിയാണ് 'പറക്കും തളിക ഇത് മനുഷ്യരേ കറക്കും തളിക' എന്ന തമാശ ഗാനം സിനിമയില്‍ അവതരിക്കുന്നത്. ഈ പാട്ടിലെ സീനുകളിലത്രയും ബസ് കാണികളെ ചിരിപ്പിക്കുകയാണ്. ഉണ്ണികൃഷ്ണന്റെയും സുന്ദരന്റെയും സന്തോഷങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും സങ്കടങ്ങള്‍ക്കും നല്ല കാലത്തിനും താമരാക്ഷന്‍ പിള്ള കൂടെയുണ്ട്. അല്പം പണിയായ ബസ്സുകളെ പറക്കുംതളികയെന്ന് കളിയാക്കി വിളിക്കാന്‍ തുടങ്ങുന്നതും താമരാക്ഷന്‍ പിള്ളയും പറക്കും തളികയും ഉണ്ടാക്കിയ സ്വാധീനത്തെ തുടര്‍ന്നായിരുന്നു. തോരണങ്ങളോ മറ്റോ കൊണ്ട് അലങ്കരിച്ച ഒരു വാഹനത്തെ 'ഒരു കാട് ഇളകി വരുന്നുണ്ടല്ലോ' എന്ന നര്‍മ്മപ്രയോഗത്തിലൂടെ അഭിസംബോധന ചെയ്യാന്‍ തുടങ്ങുന്നതും താമരാക്ഷന്‍പിള്ളയുടെ രസികന്‍ കല്യാണയാത്രയെ തുടര്‍ന്നാണ്.

വരവേല്‍പ്പും ഈ പറക്കും തളികയും പോലെ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു ബസ് മൂവിയായിരുന്നു സുഗീതിന്റെ ഓര്‍ഡിനറി. മേല്‍ പരാമര്‍ശിച്ച രണ്ട് സിനിമകളില്‍നിന്ന് വ്യത്യസ്തമായി കെ.എസ്.ആര്‍.ടി.സി ബസ്സാണ് ഓര്‍ഡിനറിയില്‍ കഥാപാത്രമാകുന്നത്. ഒരു കെഎസ്ആര്‍ടിസി ബസ് റൂട്ടിനെ അത്രയധികം ജനകീയമാക്കിയെന്നതാണ് ഈ സിനിമയുണ്ടാക്കിയ വലിയ നേട്ടം. പത്തനംതിട്ട-ഗവി-കുമളി കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസിനെയും ഗവിയെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ പോപ്പുലര്‍ സ്‌പോട്ട് ആയി മാറ്റാനും ഓര്‍ഡിനറി സിനിമയ്ക്കായി. പ്രകൃതിസുന്ദരമായ പ്രദേശങ്ങളിലൂടെയുള്ള ഒരു യാത്രയായിരുന്നു ഈ സിനിമ കാണികള്‍ക്ക് സമ്മാനിച്ചത്. റൂട്ടിലെ ഏക ബസ് ആയതുകൊണ്ടുതന്നെ യാത്രക്കാര്‍ക്കെല്ലാം ബസ്സിലെ ജീവനക്കാരെയും സഹയാത്രികരെയുമെല്ലാം പരിചയമാണ്. ഇവര്‍ക്കിടയിലെ ബന്ധത്തിലെ ഊഷ്മളതയാണ് ഓര്‍ഡിനറിയിലെ യാത്ര സമ്മാനിക്കുന്ന സുഖവും.

ഓര്‍ഡിനറിക്കും ഏറെ മുമ്പേ ഒരു കെഎസ്ആര്‍ടിസി ബസ് മലയാള സിനിമയില്‍ പ്രധാന കഥാപാത്രമായിട്ടുണ്ട്. 1967 മുതല്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്‌സ് ബസ് കേന്ദ്ര കഥാപാത്രമായ കണ്ണൂര്‍ ഡീലക്‌സ് ആയിരുന്നു ഈ സിനിമ. 1969 ല്‍ റിലീസായ ത്രില്ലര്‍ ജോണറില്‍പെടുന്ന കണ്ണൂര്‍ ഡീലക്‌സിന് മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന വിശേഷണവുമുണ്ട്. സിനിമ സ്റ്റുഡിയോ ഫ്‌ളോറില്‍ നിന്ന് പൂര്‍ണമായി വിട്ടുപോന്നിട്ടില്ലാതിരുന്ന ഒരു കാലത്ത് റോഡും ബസ് യാത്രയും ബസ് സ്റ്റാന്‍ഡുമെല്ലാം സ്‌ക്രീനിലേക്ക് വരുന്ന ഒരു മുഴുനീള റോഡ് മൂവി എന്നത് അക്കാലത്ത് പ്രേക്ഷകരില്‍ വലിയ കൗതുകമുണര്‍ത്തിയിരുന്നു.

പേരില്‍ തന്നെ ബസ് യാത്രയുടെ സൂചകമുള്ള സിനിമയായിരുന്നു 1985 ല്‍ പുറത്തിറങ്ങിയ പി.ശ്രീകുമാറിന്റെ കൈയും തലയും പുറത്തിടരുത്. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലെ യാത്രയാണ് സിനിമയുടെ പശ്ചാത്തലം. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇന്നത്തെയത്ര ജനകീയമായിട്ടില്ലാത്ത ഒരു കാലത്തെ ബസ് സര്‍വീസിനെയും കാര്‍ക്കശ്യക്കാരനായ കണ്ടക്ടറെയും ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്.

അതേ വര്‍ഷം പുറത്തിറങ്ങിയ ഗിരീഷിന്റെ അക്കരെ നിന്നൊരു മാരനിലും ബസ് കഥാപാത്രമാകുന്നുണ്ട്. മലയാളി ഇപ്പോഴും ആവര്‍ത്തിച്ചുകാണാന്‍ താത്പര്യപ്പെടുന്ന ഹാസ്യരംഗങ്ങളില്‍ ചിലത് ഈ സിനിമയിലേതാണ്. തമാശ സൃഷ്ടിക്കുന്നതില്‍ അക്കരെ നിന്നൊരു മാരനിലെ ബസ് രംഗങ്ങള്‍ക്കും മുഖ്യ പങ്കുണ്ട്. നെടുമുടി വേണു അവതരിപ്പിക്കുന്ന പിശുക്കനായ തങ്കപ്പന്‍ നായരാണ് ബസ്സുടമ. പൂജപ്പുര രവി ഡ്രൈവറും മാള അരവിന്ദന്‍ കണ്ടക്ടറുമാകുന്നു. ബസ്സുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സ്വാഭാവികമായ ഫലിതങ്ങളായിരുന്നു ചിരിക്ക് വക നല്‍കിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെ ചിത്രീകരിച്ചത് ബസ്സിലാണ്.

വി.എം.വിനുവിന്റെ ബസ് കണ്ടക്ടറില്‍ മൈത്രി എന്ന ബസ്സിലെ കണ്ടക്ടറുടെ വേഷമായിരുന്നു മമ്മൂട്ടിക്ക്. സ്വകാര്യ ബസ് സര്‍വീസുകാര്‍ക്കിടയിലെ സൗഹൃദവും മത്സരവും ഈ സിനിമയില്‍ കടന്നുവരുന്നുണ്ട്.

നമ്പര്‍ 66 മധുര ബസ്, വാമനപുരം ബസ്സ് റൂട്ട്, തെക്കേക്കര സൂപ്പര്‍ഫാസ്റ്റ്, കുടുംബശ്രീ ട്രാവല്‍സ് എന്നീ സിനിമകളില്‍ കേന്ദ്രമായത് ബസ്സുകളായിരുന്നു. ഈ ചിത്രങ്ങളൊന്നും തിയേറ്ററില്‍ ചലനമുണ്ടാക്കാതെ കടന്നുപോയതോടെ ആളുകളുടെ പ്രിയപ്പെട്ട ബസ് സിനിമകളുടെ ലിസ്റ്റില്‍ ഇവയ്ക്കിടം നേടാനായില്ല. നരസിംഹത്തിന്റെ അഭൂതപൂര്‍വമായ വിജയത്തിനു ശേഷം അതിമാനുഷ ബിംബത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രയാസപ്പെട്ടിരുന്ന മോഹന്‍ലാല്‍ ബസ് ജീവനക്കാരനായി സാധാരണക്കാരന്റെ വേഷത്തില്‍ എത്താന്‍ പരിശ്രമിക്കുന്ന സിനിമയായിരുന്നു വാമനപുരം ബസ് റൂട്ട്. കാലം തെറ്റിയിറങ്ങിയ സിനിമയായിരുന്നു താഹയുടെ തെക്കേക്കര സൂപ്പര്‍ഫാസ്റ്റ്. 1998 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പെട്ടിയിലിരുന്ന സിനിമ 2004 ല്‍ തിയേറ്ററിലെത്തിയപ്പോള്‍ നായകനായ മുകേഷിനേക്കാള്‍ താരമൂല്യം ഉപനായകനായ ദിലീപിനായിരുന്നു. തുടര്‍വിജയങ്ങളുമായി സൂപ്പര്‍താര പദവിയില്‍ എത്തിയിരുന്ന ദിലീപിന് അത്രകണ്ട് പ്രാധാന്യമില്ലാത്ത തെക്കേക്കര സൂപ്പര്‍ഫാസ്റ്റിനെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായില്ല.

ചില സിനിമകളില്‍ പൂര്‍ണമായല്ലെങ്കിലും ബസ് വലിയ സാന്നിധ്യമറിയിച്ചു കടന്നുപോകാറുണ്ട്. ഭരതന്റെ കേളിയിലെ മയില്‍വാഹനം ബസ് അത്തരത്തിലൊന്നാണ്. വള്ളുവനാട്ടുകാര്‍ക്ക് ഏറെ സുപരിചിതമായ ബസ് സര്‍വീസാണ് ഷൊര്‍ണൂര്‍ കേന്ദമായി പ്രവര്‍ത്തിച്ചിരുന്ന മയില്‍വാഹനം. കാലക്രമേണ നഷ്ടത്തിലായി ഇല്ലാതായ ഈ ബസ്സിന്റെ മധുരതരമായ ഓര്‍മ്മയാണ് കേളിയിലേത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സിനിമകളിലെല്ലാം സ്ഥിരസാന്നിധ്യമായിരുന്ന കെടിസി ബസ്സാണ് മലയാളിയില്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒരു കാലത്തിന്റെ മറ്റൊരു പ്രതിനിധാനം.

ഒട്ടേറെ തര്‍ക്കങ്ങള്‍ക്കും തമാശകള്‍ക്കും സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും സിനിമയിലെ ബസ്സുകള്‍ സാക്ഷിയാണ്. തങ്ങളുടെ സ്ഥിരം ബസ്സിലെ ടിക്കറ്റെടുക്കലിലൂടെയാണ് ടിപി ബാലഗോപാലന്റെയും അനിതയുടെയും പ്രണയം മുന്നോട്ടുപോകുന്നത്. ഈ പുഴയും കടന്നിലെ ഗോപിയുടെയും അഞ്ജലിയുടെയും കണ്ടുമുട്ടലിനും അടുപ്പത്തിനും തുടക്കമാകുന്നതു തന്നെ ബസ്സില്‍ നിന്ന് ടിക്കറ്റിന്റെ ബാക്കിയായി നല്‍കുന്ന ചില്ലറപ്പൈസയില്‍ നിന്നുമാണ്. അനന്തരത്തിലെ അജയന്‍ സുമയെ സ്ഥിരമായി കാണുന്നത് ഒരുവാതില്‍ക്കോട്ടയെന്ന ബോര്‍ഡുള്ള കെഎസ്ആര്‍ടിസി ബസ്സിലാണ്. സ്വയംവരത്തിലെ നവദമ്പതികളായ നായികാനായകന്മാര്‍ ജീവിതം ആരംഭിക്കുന്നതു തന്നെ ഒരു ബസ് യാത്രയിലൂടെയാണ്. മഹേഷും ജിന്‍സിയും നോട്ടങ്ങള്‍ കൈമാറുന്നത് പ്രകാശ് സിറ്റിയിലൂടെ കടന്നുപോകുന്ന ബസ്സിന്റെ ജനലിലൂടെയാണ്. രാവിലെ വീട്ടിലെ പെടാപ്പാടുകള്‍ കഴിഞ്ഞ് ജോലിസ്ഥലത്തേക്കെത്താനായി ബസ്സിന്റെ സമയവുമായി മത്സരിക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെ പ്രതിനിധികളെ സന്മനസ്സുള്ളവര്‍ക്ക് സമാധാനം തൊട്ട് പ്രതി പൂവന്‍കോഴിയും അര്‍ച്ചന 31 നോട്ടൗട്ടും വരെയുള്ള സിനിമകളില്‍ കാണാനാകും. കുന്നിന്‍പ്രദേശത്തു കൂടെ സാവധാനത്തില്‍ പോകുന്ന ബസ്സിലിരുന്ന് അസ്വസ്ഥനാകുന്ന മനുഷ്യനെ കേരള കഫേയിലെ പുറം കാഴ്ചകളില്‍ കാണാം. അയാളുടെ ദേഷ്യത്തിനും അക്ഷമയ്ക്കും പിറകില്‍ അതിനെ സാധൂകരിക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ടായിരുന്നുവെന്നും അതിലേക്കായിരുന്നു അയാളുടെ അസ്വസ്ഥമായ ആ ബസ് യാത്രയെന്നും അറിയുമ്പോഴാണ് പുറംകാഴ്ചകള്‍ അത്ര സുന്ദരമല്ലെന്ന തിരിച്ചറിവ് പ്രേക്ഷകനിലുണ്ടാകുന്നത്.

കീര്‍ത്തിയുടെയും ജെയ്‌സന്റെയും പ്രണയത്തിന് സാക്ഷിയാകുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മാതാ ജെറ്റ് ആണ് മലയാളത്തിലെ ഏറ്റവും പുതിയ സൂപ്പര്‍ ബസ്. സ്ഥിരമായി കണ്ടുമുട്ടുന്ന യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള അടുപ്പം ഈ സിനിമയിലും കാണാം. സിനിമ സൂപ്പര്‍ഹിറ്റായതോടെ ചാലക്കുടി-അതിരപ്പള്ളി റൂട്ടില്‍ ഓടുന്ന യഥാര്‍ഥ മാതാ ജെറ്റും സൂപ്പര്‍താരമായി.

തന്റെ മൂന്നു സിനിമകളിലെയും ഭൂമികയിലൂടെ സഞ്ചരിക്കുന്നവയാണ് ബേസില്‍ ജോസഫിന്റെ സിനിമയിലെ ബസ്സുകള്‍. കുഞ്ഞിരാമായണത്തില്‍ ദേശത്തു കൂടെ പോകുന്നു ആ ബസ്. ഗോദയിലെത്തുമ്പോള്‍ ദേശം വഴിയാണ് അത് കണ്ണാടിക്കലിലേക്ക് സര്‍വീസ് നടത്തുന്നത്. മിന്നല്‍മുരളിയുടെ കുറുക്കന്‍മൂലയിലേക്കുള്ള രക്ഷകന്‍ ബസ്സിലും കാണാം ദേശത്തിന്റെ സൂചനാ ബോര്‍ഡ്.

Content Highlights: N P Muraleekrishnan Column Show Reel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented