ഇന്ത്യൻ ആർമി പങ്കുവെച്ച ചിത്രം
2019 ഏപ്രില്‍ 9, ഹിമാലയത്തിലെ മകാലു ബേസ് ക്യാമ്പിനടുത്തായി പര്‍വ്വതാരോഹണം നടത്തുകയായിരുന്ന ഇന്ത്യന്‍ പട്ടാളസംഘം അസാമാന്യ വലിപ്പത്തിലുള്ള കാല്‍പ്പാടുകള്‍ കാണുന്നു. ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള ആ കാല്‍പ്പാദത്തിന്റെ ചിത്രം അവര്‍ ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. ഹിമാലയന്‍- ടിബറ്റന്‍ മേഖലകളിലെ നാടോടിക്കഥകളില്‍ പ്രതിപാദിക്കുന്ന യതിയുടെ കാല്‍പ്പാടുകളാണോ ഇത് എന്നൊരു സംശയം കൂടി അവര്‍ ചിത്രത്തിനൊപ്പം പങ്കുവെച്ചു. പതിറ്റാണ്ടുകളായി ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന യതി എന്ന ദുരൂഹ ഹിമമനുഷ്യന്‍ അങ്ങനെ വീണ്ടും വലിയ ചര്‍ച്ചയായി.
ഇതിനു മുമ്പും നിരവധി പര്‍വ്വതാരോഹകര്‍ യതിയെ കണ്ടതായും യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായും പറഞ്ഞിട്ടുണ്ടെങ്കിലും അതിനൊന്നും കൃത്യമായ തെളിവുകളോ ലഭിച്ച തെളിവുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയോ ഉണ്ടായിരുന്നില്ല. എന്തായാലും ഇന്ത്യന്‍ ആര്‍മിയുടെ ട്വീറ്റോടെ സംഗതി മാറിമറിഞ്ഞു. ആദിമമനുഷ്യനില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമത്തിനിടയില്‍ എവിടെയോ നിലച്ചുപോയ യതിയെ വെറും സങ്കല്‍പ്പമാക്കി നിര്‍ത്താനുള്ള ഗൂഢശ്രമത്തിനേറ്റ അടിയാണ് ഇന്ത്യന്‍ ആര്‍മിയുടെ കണ്ടെത്തലെന്ന് യതിവാദികള്‍ അടിവരയിട്ടു പറഞ്ഞു. അല്ലാത്തവര്‍ കരസേനയുടെ ഈ പോസ്റ്റിനെ നിശിതമായി വിമര്‍ശിച്ചും രംഗത്തുവന്നു.
ഒരു നാടോടിക്കഥയിലെ കഥാപാത്രം എന്നതിനപ്പുറം മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ഹിമാലയത്തിലെ അസംഖ്യം പര്‍വതശിഖരങ്ങളിലെവിടെയോ യതി മറഞ്ഞിരിക്കുന്നു. വഴി തെറ്റിയെത്തുന്ന പര്‍വ്വതാരോഹകര്‍ക്ക് മുന്നില്‍ മരണത്തിന്റെ ദൂതനായോ മരണത്തില്‍നിന്നു രക്ഷപ്പെടുത്താനെത്തുന്ന സഹായിയായോ യതി എന്ന മഞ്ഞുമനുഷ്യന്‍ വന്നുപെട്ടേക്കാം. ഇതാണ് പറഞ്ഞുപതിഞ്ഞ കഥ.
സത്യത്തില്‍ യതി ജീവിച്ചിരിപ്പുണ്ടോ? യതി എന്ന ഹിമമനുഷ്യനുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകള്‍ എന്തെങ്കിലും ലഭ്യമാണോ? കഥകള്‍ക്കപ്പുറം എന്താണ് യതി? അന്വേഷിക്കാം.
ഏഷ്യന്‍ പ്രവിശ്യകളിലെ മഞ്ഞുമൂടിയ മലനിരകളില്‍ ജീവിക്കുന്നു എന്ന് കരുതപ്പെടുന്ന ഭീമാകാരനായ മഞ്ഞുമനുഷ്യന്‍, അതാണ് യതിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. യതി ഒരു മിത്ത് അല്ല എന്നും ഹിമാലയത്തില്‍ ഇപ്പോഴും യതി ജീവിക്കുന്നുണ്ട് എന്നും ഹിമാചല്‍, തിബറ്റന്‍, നേപ്പാള്‍ മേഖലകളിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. മനുഷ്യന് ചെന്നെത്താന്‍ കഴിയാത്തതോ മനുഷ്യന്‍ അധികം യാത്ര ചെയ്യാത്തതോ ആയ മഞ്ഞുമലകളിലാണ് യതി ജീവിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. ഇന്ത്യ, നേപ്പാള്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ മഞ്ഞുമൂടിയ മലനിരകളില്‍ യതിയെ കണ്ടിട്ടുണ്ട് എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നിരവധിയുണ്ട്. മനുഷ്യന്‍ എന്നതിലുപരി വലിയ ആള്‍ക്കുരങ്ങുകളോടും കരടിയോടും സാദൃശ്യം പുലര്‍ത്തുന്ന യതിയെ കണ്ടിട്ടുണ്ടെന്നും യതിയുടെ കാല്‍പ്പാടുകള്‍ കണ്ടിട്ടുണ്ടെന്നും പല പര്‍വ്വതാരോഹകരും യതി സപ്പോര്‍ട്ടേഴ്സും അവകാശപ്പെടുന്നുണ്ട്. ഇതിനായി വീഡിയോകളും ഫോട്ടോഗ്രാഫുകളും അവര്‍ തെളിവായി നിരത്തുകയും ചെയ്യുന്നു. പക്ഷേ, ശാസ്ത്രലോകം ഇതൊന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല.
നോര്‍ത്ത് അമേരിക്കയിലെയും റഷ്യയിലെയുമൊക്കെ ചില പ്രദേശങ്ങളില്‍ കണ്ടിട്ടുണ്ട് എന്ന് പറയപ്പെടുന്ന ബിഗ് ഫൂട്ട് അല്ലെങ്കില്‍ ഹോബ്ഗോബ്ലിന്‍ എന്ന ജീവിയുമായി യതിക്ക് സാദൃശ്യമുള്ളതായി പറയപ്പെടുന്നു. രസകരമായ വസ്തുത എന്താണെന്നുവെച്ചാല്‍, യതിയെ പോലെ തന്നെ ബിഗ് ഫൂട്ടിനെയും ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല. തല്‍ക്കാലം ആ സമസ്യ അവിടെ നില്‍ക്കട്ടെ, യതിയിലേക്ക് തിരിച്ചുവരാം. ഏകദേശം ഏഴടിവരെ ഉയരവും 200-കിലോയ്ക്കടുത്ത് ഭാരവും ചാരനിറത്തിലും മങ്ങിയ വെള്ള നിറത്തിലുമുള്ള രോമാവൃതമായ ശരീരത്തോടും കൂടിയ ജീവിയാണ് യതി എന്നാണ് പൊതുവില്‍ യതിവാദികള്‍ പറയുന്നത്. ഇന്ത്യയിലെ യതിക്കഥകളുടെ പ്രധാന അടിസ്ഥാനം ഷേര്‍പ്പാ വിഭാഗത്തിലെ ജനങ്ങള്‍ക്കിടയിലുള്ള ചില നാടോടിക്കഥകളാണ്. ഈ കെട്ടുകഥകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന വല്ല സത്യവുമുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോഴും നടന്നുവരികയാണ്.
ഏഷ്യക്കാരെ സംബന്ധിച്ചിടത്തോളം ടിബറ്റന്‍ - ബുദ്ധിസ്റ്റ് നാടോടിക്കഥയിലെ അമാനുഷിക കഥാപാത്രമാണ് യതി. ടിബറ്റിലെയും നേപ്പാളിലെയും ഹിമാലയത്തിലെയുമൊക്കെ ഏറ്റവും ഉയര്‍ന്ന മഞ്ഞുപ്രദേശങ്ങളില്‍ താമസിക്കുന്ന തദ്ദേശീയരായ ഷേര്‍പ്പാ വംശജര്‍ക്കിടയിലാണ് യതി പ്രധാന കഥാപാത്രമായി എത്തുന്ന നാടോടിക്കഥകളുള്ളത്. ഷേര്‍പ്പാ ഭാഷയിലുള്ള വാക്കാണ് യതി. പ്രാദേശികമായി മെഹ്‌ടെക് എന്നും വിളിക്കപ്പെടുന്നു. ദേഹം മുഴുവന്‍ രോമാവൃതമായ, പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവിയാണ് നാടോടിക്കഥകളിലെ യതി. മനുഷ്യരുടെ കണ്ണില്‍ പെടാതെ മഞ്ഞുമലകളില്‍ കഴിയാനാണ് ഇവ ഇഷ്ടപ്പെടുന്നത്. വേട്ടയാടി ജീവിക്കുന്നതുകൊണ്ടുതന്നെ മനുഷ്യനെ കണ്ടാല്‍ യതി ആക്രമിക്കുമെന്നും ഭക്ഷണമാക്കുമെന്നുമാണ് ഈ കഥകളില്‍ പറയുന്നത്. അതുകൊണ്ടുതന്നെ യതിയെ കാണാന്‍ ഇടയായാല്‍ അങ്ങോട്ടേക്ക് പോകരുതെന്നും മഞ്ഞില്‍ യതിയുടെ കാല്‍പ്പാദങ്ങള്‍ കണ്ടാല്‍ തിരിഞ്ഞു നടക്കണമെന്നുമാണ് ഷേര്‍പ്പാ ജനവിഭാഗത്തിനിടയിലുള്ള വിശ്വാസം. എന്നാല്‍, മഞ്ഞുമലകളില്‍ പതിയിരിക്കുന്ന ഹിംസ്ര ജന്തുക്കളില്‍നിന്നും മറ്റ് അപകടങ്ങളില്‍നിന്നും ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കുന്നതിനായി പണ്ടു മുതല്‍ പറഞ്ഞുവരുന്ന കെട്ടുകഥകളാണ് യതിയെപ്പറ്റിയുള്ളത് എന്നാണ് ഇവരില്‍ ഒരു വിഭാഗം ജനങ്ങള്‍ പറയുന്നത്.
അതേസമയം, ബുദ്ധിസം നിലവില്‍ വരുന്നതിന് മുമ്പ് ഹിമാലയത്തിലെ ഒരു വിഭാഗം നായാട്ടിന്റെ ദൈവം എന്നുപറഞ്ഞ് ഒരു മഞ്ഞുമനുഷ്യനോ മനുഷ്യനും മൃഗവും കൂടിച്ചേര്‍ന്ന ജീവിയോ ആയ ഒന്നിനെ ആരാധിച്ചിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. വലിയ ആള്‍ക്കുരങ്ങിനോട് സാദൃശ്യമുള്ള ഈ ജീവി ഒരു കൈയില്‍ ആയുധവും മറുകൈയില്‍ വലിയൊരു കല്ലുമായാണ് നടന്നിരുന്നത് എന്നാണ് പറയപ്പെടുന്നത്. പ്രത്യേക തരത്തില്‍ ചൂളമടിക്കുന്നത് പോലെയുള്ള ശബ്ദവും ഇവ പുറപ്പെടുവിച്ചിരുന്നതായി പറയപ്പെടുന്നു. ഈ ദൈവത്തിന് പൂജ നടത്താനായി മൃഗബലി നടത്തിയിരുന്നതായും ഇന്നും പ്രതീകാത്മകമായി ഇത്തരം പൂജകള്‍ പല ഹിമാലയന്‍ ഗ്രാമങ്ങളിലും നടത്തിവരുന്നുണ്ടെന്നും പറയപ്പെടുന്നു.
ഈ സങ്കല്‍പ്പവും യതിയുമായി ബന്ധപ്പെട്ടതാണ് എന്നാണ് കരുതപ്പെടുന്നത്. സിക്കിം, ഡാര്‍ജിലിങ്, ഭൂട്ടാന്‍, ടിബറ്റന്‍ മേഖലകളില്‍ ജീവിക്കുന്ന ലെപ്ചാ അടക്കമുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ യതിക്ക് ഇത്തരത്തില്‍ ദൈവികമായ പരിവേഷമാണ് ഉള്ളത്. പരിപാവനമായ ഒന്നിനെ കാണാന്‍ മനുഷ്യര്‍ അര്‍ഹരല്ലെന്നും അതുകൊണ്ടാണ് യതിയെ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്നും കാല്‍പ്പാദം കണ്ടാല്‍ പോലും തിരിഞ്ഞു നടക്കണമെന്നും പറയുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഷേര്‍പ്പാക്കഥകള്‍ക്ക് വിരുദ്ധമായി യതി പേടിക്കേണ്ട ഒന്നല്ലെന്നും മനുഷ്യന്റെ സംരക്ഷകരാണെന്നും ഇവര്‍ വിശ്വസിക്കുന്നു.
ചരിത്രപരമായി നോക്കുകയാണെങ്കില്‍, ബി.സി. കാലം മുതല്‍ തന്നെ യതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ കാണാന്‍ സാധിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്ന് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. ബി.സി. 326-ല്‍ സിന്ധൂനദീതടത്തിന് ചുറ്റുമുള്ള രാജ്യങ്ങളെ ആക്രമിക്കാനെത്തിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി യതിയെ ജീവനോടെ വേണമെന്ന് ആവശ്യപ്പെട്ടതായി ചരിത്രാന്വേഷികള്‍ പറയുന്നു. എന്നാല്‍, മഞ്ഞുമൂടിയ മലനിരകളില്‍ മാത്രമേ യതി ഉണ്ടാവുകയുള്ളൂ എന്നും അത്രയും ഉയരത്തിലേക്ക് എത്തിച്ചേരുക അസാധ്യമാണെന്നും പലരും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇനി അഥവാ അത്രയും ഉയരത്തില്‍ എത്തിച്ചേര്‍ന്ന് യതിയെ പിടിച്ചാല്‍ തന്നെ സാധാരണ കാലാവസ്ഥയില്‍ യതിക്ക് ജീവിക്കാനാവില്ലെന്നും തദ്ദേശവാസികള്‍ അദ്ദേഹത്തെ അറിയിച്ചു. അതനുസരിച്ച് അലക്‌സാണ്ടര്‍ തന്റെ ആഗ്രഹം വേണ്ടെന്നുവെക്കുകയായിരുന്നുവെന്നാണ് നാഷണല്‍ ജ്യോഗ്രഫിക് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ പറയുന്നത്.
പര്‍വതാരോഹകരാണ് യതി കഥകളുടെ മറ്റൊരു പ്രധാന വ്യാപകര്‍. മനുഷ്യന് കടന്നുചെല്ലാന്‍ കഴിയാത്ത മഞ്ഞുമൂടിയ മലമടക്കുകളില്‍ ഇത്തരം ജീവികളെ കണ്ടിട്ടുള്ളതായി പല പര്‍വതാരോഹകരും പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും 20-ാം നൂറ്റാണ്ടിന്റെ ആദ്യനാളുകളില്‍ ബ്രിട്ടീഷ് പര്‍വതാരോഹകര്‍ പുറംലോകത്തേക്ക് വിട്ട വിവരങ്ങളാണ് ലോകം യതിയേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ കാരണമാക്കിയത്. ഇതില്‍ പല കഥകള്‍ക്കും കണ്ടെത്തലുകള്‍ക്കും ശാസ്ത്രീയമായ അടിത്തറകള്‍ ഒന്നുമില്ലെങ്കില്‍ പോലും. 19-ാം നൂറ്റാണ്ടില്‍ ഇന്ത്യ - നേപ്പാള്‍ പ്രവിശ്യകളില്‍ ഔദ്യോഗികപദവിയില്‍ ഇരുന്നിട്ടുള്ള പല ഉദ്യോഗസ്ഥരും യതിയെന്ന് സംശയിക്കാവുന്ന ജീവികളെ കണ്ടിട്ടുള്ളതായുള്ള വിവരങ്ങള്‍ അവര്‍ എഴുതിയ പുസ്തകങ്ങളിലും ചരിത്രരേഖകളിലുമായി കുറിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തിയാര്‍ജിച്ചത് 1921-ല്‍ എവറസ്റ്റ് കീഴടക്കാനായി പുറപ്പെട്ട സംഘത്തില്‍പ്പെട്ട ബ്രിട്ടീഷുകാരനായ കേണല്‍ ചാള്‍സ് ഹൊവാര്‍ഡ് ബറിയുടെ പുസ്തകമാണ്.
എവറസ്റ്റ് കൊടുമുടിയുടെ വടക്കുഭാഗത്ത് കയറിപ്പറ്റുക എന്ന ദൗത്യവുമായി മുന്നേറുമ്പോള്‍ മനുഷ്യന്റെയും ആള്‍ക്കുരങ്ങിന്റെയും രൂപഭാവങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ജീവിയെ കണ്ടു എന്നാണ് അദ്ദേഹം തന്റെ മൗണ്ട് എവറസ്റ്റ്: ദി റെകോനസന്‍സ് എന്ന പുസ്തകത്തില്‍ പറയുന്നത്. അത്തരമൊരു ജീവിയെ തനിക്ക് കണ്ടുപരിചയം ഇല്ലായിരുന്നുവെന്നും തദ്ദേശവാസികളായ ഷെര്‍പ്പകളാണ് യതിയെക്കുറിച്ചുള്ള അറിവ് തനിക് നല്‍കിയതെന്നും അദ്ദേഹം പറയുന്നു. ഈ പുസ്തകമാണ് പാശ്ചാത്യലോകത്ത് യതി ചര്‍ച്ചകള്‍ക്ക് തറക്കല്ലു പാകിയത് എന്നു പറയാം. യതിയുടെ പ്രാദേശിക നാമത്തെ ഹൊവാര്‍ഡ് തെറ്റായി ഉച്ചരിച്ചതില്‍ നിന്നാണ് യതിക്ക് അബോമിനബിള്‍ സ്‌നോമാന്‍ എന്ന പേര് വീണത്. അറപ്പുളവാക്കുന്ന എന്ന അര്‍ത്ഥം വരുന്ന അബോമിനബിള്‍ എന്ന വാക്കുമായി ചേര്‍ന്ന് വിളിക്കപ്പെട്ടതോടെയാണ് പാശ്ചാത്യലോകത്ത് യതിക്ക് ഒരു ഭീകരന്റെ പ്രതിച്ഛായ ഉണ്ടായത്.
പിന്നീട് യതി വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറഞ്ഞത് 1950-കളിലാണ്. പര്‍വ്വതാരോഹകനായ എറിക് ഷിപ്റ്റണ്‍ 1951-ല്‍ മോണ്‍ലങ് ഗ്ലേസിയറിന് സമീപം കാണപ്പെട്ട ഭീമന്‍ കാല്‍പ്പാടുകളുടെ ഫോട്ടോഗ്രാഫുകള്‍ പുറത്തുവിട്ടതോടെയാണ് യതി ലോകമൊട്ടുക്കും വീണ്ടും ചര്‍ച്ചാവിഷയമായത്. യതിയുമായി ബന്ധപ്പെട്ട് ആദ്യമായി പുറത്തുവരുന്ന ഫോട്ടോഗ്രാഫിക് തെളിവായിരുന്നു ഇത്. പിന്നാലെ 1953-ല്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗെയും തങ്ങളുടെ യാത്രയുടെ ഇടയില്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി പറഞ്ഞിട്ടുണ്ട്. ലോകത്ത് ആദ്യമായി രണ്ടുമനുഷ്യര്‍ എവറസ്റ്റ് കീഴടക്കിയ വാര്‍ത്തയ്‌ക്കൊപ്പം യതിയുടെ കാല്‍പ്പാടുകളുടെ കഥകളും ലോകത്തെങ്ങും ചര്‍ച്ചയായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ഈ അഭിപ്രായം മാറ്റി എന്നത് വേറെ കാര്യം.
അസാമാന്യ വലിപ്പത്തിലുള്ള കാലടിപ്പാടുകള്‍ കണ്ടു എന്നത് ശരിയാണെങ്കിലും അത് യതിയുടേത് തന്നെയാണോ എന്നറിയില്ല എന്നും അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നുമാണ് അവര്‍ പിന്നീട് പറഞ്ഞത്. എന്നാല്‍ 1950-കളില്‍ മേല്‍പ്പറഞ്ഞവരുടെയൊക്കെ കണ്ടെത്തലുകളെ പിന്‍പറ്റി നിരവധി പേരാണ് യതിയെ കണ്ടെത്താനായി സൗത്ത് ഏഷ്യന്‍ പ്രവിശ്യകളില്‍നിന്നു ഹിമാലയത്തിലേക്ക് എത്തിയത്. ഇവരില്‍ പലരും യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നതല്ലാതെ വിശ്വസനീയമായ ഒരു തെളിവുകളും ഇതുവരെയും ലഭിച്ചിട്ടില്ല.
ഹിമാലയത്തിലെ ഉയര്‍ന്ന പര്‍വ്വതനിരകളില്‍ ട്രെക്കിങ്ങിനും സ്‌കേറ്റിങ്ങിനുമായി പോകുന്ന സാഹസിക യാത്രികരാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി പിന്നീട് പറഞ്ഞിട്ടുള്ളത്. അധികം ആളുകള്‍ പോയിട്ടില്ലാത്ത വഴികള്‍ തേടി പോകുമ്പോഴാണ് യതിയുടെ സാന്നിധ്യം അധികവും അനുഭവപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നത്. അത്തരത്തില്‍ ഒരനുഭവമാണ് ഇന്ത്യന്‍ ആര്‍മിയുടെ യതി ട്വീറ്റിന് പിന്നിലും ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പര്‍വ്വതമാണ് ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന മകാലു. നൂതനമായ സാങ്കേതികവിദ്യ കൈവശമുള്ള ഇന്ത്യന്‍ ആര്‍മിയുടെ ബേസ് ക്യാമ്പ് ഇവിടെയാണുള്ളത്. ഇവിടേക്കുള്ള ട്രെക്കിങിനിടയിലാണ് മേജര്‍ സുഷാന്തും സംഘവും യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതത്രെ. യാത്ര തുടങ്ങി പത്തു ദിവസത്തിന് ശേഷം കനത്ത മഞ്ഞുവീഴ്ച മൂലം സുഷാന്തിനും സംഘത്തിനും വഴിയില്‍ മൂന്നു ദിവസത്തോളം ടെന്റ് അടിച്ച് തങ്ങേണ്ടിവന്നു. ഇവിടെനിന്നു വീണ്ടും യാത്ര പുറപ്പെടുന്ന ദിവസമാണ് മേജര്‍ സുഷാന്ത് മഞ്ഞില്‍ പുതഞ്ഞ അസാമാന്യ വലിപ്പമുള്ള കാല്‍പ്പാടുകള്‍ കണ്ടത്. അതിന് മുപ്പത്തിരണ്ട് ഇഞ്ച് നീളവും പതിനഞ്ച് ഇഞ്ച് വീതിയും ഉണ്ടായിരുന്നു.
അദ്ഭുതത്തോടെ അതില്‍ നോക്കിനിന്ന തന്നോട് അത് യതിയുടേതാണ് എന്ന് കൂടെയുണ്ടായിരുന്ന നേപ്പാളി സ്വദേശിയായ സഹായി പറഞ്ഞതായാണ് മേജര്‍ സുഷാന്ത് പിന്നീട് നല്‍കിയിട്ടുള്ള അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളത്. സര്‍വ്വസാധാരണം എന്നോണമാണ് അയാള്‍ യതിയെക്കുറിച്ച് സംസാരിച്ചതെന്നും യതി സങ്കല്‍പ്പമല്ല സത്യമാണ് എന്നുതന്നെയാണ് അവരുടെ വിശ്വാസമെന്നും മേജര്‍ സുഷാന്ത് പറയുന്നു. ആ പരിസരങ്ങളില്‍ യതിയുടെ കാല്‍പ്പാടുകള്‍ കാണുന്നത് സാധാരണയാണെന്നും ഹിമാലയത്തില്‍ ഇത്തരത്തില്‍ നിരവധി അദ്ഭുതങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്നും നേപ്പാളിലേയും ഹിമാചലിലെയും ജനങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു. കണ്ടത് യതിയുടെ കാല്‍പ്പാടുകള്‍ തന്നെയാണോ എന്ന് തനിക്ക് പറയാനാകില്ലെന്നും എന്നാല്‍ ആ കാല്‍പ്പാടുകളുടെ അസാധാരണ വലിപ്പം തന്നെ അദ്ഭുതപ്പെടുത്തിയതായും മേജര്‍ സുഷാന്ത് പറയുന്നു. അതുകൊണ്ടുതന്നെ കാല്‍പ്പാടുകളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ശ്രമിച്ചുവെങ്കിലും കൂടെ ഉണ്ടായിരുന്ന തദ്ദേശവാസികള്‍ ഇതിനെ വിലക്കിയതായി അദ്ദേഹം പറയുന്നു.
തങ്ങളുടെ വിശ്വാസപ്രകാരം യതിയെ കാണുന്നത് ദോഷമാണെന്നും യതിയെ കണ്ടാല്‍ വീട്ടില്‍ മരണം അടക്കമുള്ള ദോഷങ്ങള്‍ സംഭവിക്കുമെന്നും അവര്‍ പറഞ്ഞതായി മേജര്‍ പറയുന്നു. അതുകൊണ്ടുതന്നെ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടാല്‍ പോലും അവര്‍ അവിടേക്ക് നോക്കാറില്ല. മാത്രമല്ല, യതി മനുഷ്യരെ ആക്രമിക്കുന്ന ഒരു ഭീകരജീവിയാണെന്നും തദ്ദേശവാസികള്‍ വിശ്വസിക്കുന്നു. പ്രദേശവാസികള്‍ പറഞ്ഞതനുസരിച്ച് ഇത് യതിയുടെ കാല്‍പ്പാടുകളാണോ എന്ന സമസ്യ മാത്രമാണ് ഇന്ത്യന്‍ ആര്‍മി ട്വീറ്റിലൂടെ പങ്കുവെച്ചതെന്നും അല്ലാതെ ഇന്ത്യന്‍ ആര്‍മി യതിയുടെ മഞ്ഞില്‍ പുതഞ്ഞ കാലടിപ്പാടുകള്‍ കണ്ടെത്തി എന്ന തരത്തില്‍ തെറ്റായ ട്വീറ്റോ വിവരമോ നല്‍കിയിട്ടില്ലെന്നും മേജര്‍ സുഷാന്ത് പിന്നീട് നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയ ഗുരുവും വിദ്യാഭ്യാസ വിചക്ഷണനുമൊക്കെയായ ശ്രീ എം അടുത്തകാലത്ത് ഹിമാലയ യാത്രയില്‍ യതിയെ നേരിട്ട് കണ്ടതായും അവകാശവാദം ഉന്നയിച്ചിരുന്നു.
ഇത്തരത്തില്‍ പ്രശസ്തരും അല്ലാത്തതുമായ നിരവധി പേരാണ് യതിയുടെ കാലടിപ്പാടുകളും അതല്ലാ യതിയെ തന്നെയും കണ്ടിട്ടുണ്ട് എന്ന തരത്തിലുള്ള വാദങ്ങളും തെളിവായി ഫോട്ടോഗ്രാഫുകളും വീഡിയോകളുമായി എത്തിയിട്ടുള്ളത്. എന്നാല്‍ നേപ്പാളില്‍ എവറസ്റ്റിനടുത്ത് സ്ഥിതി ചെയ്യുന്ന പൊക്കോറൊ എന്ന സ്ഥലത്തെ എവറസ്റ്റ് മ്യൂസിയത്തിലെ ഗവേഷകര്‍ യതിയെപ്പറ്റിയുള്ള കഥകളൊക്കെ വെറും കെട്ടുകഥകളായി തള്ളിക്കളയുന്നു. അതിനായി നിരവധി തെളിവുകളും അവര്‍ നിരത്തുന്നുണ്ട്. യതി എന്ന് ചിത്രീകരിക്കപ്പെടുന്നത് രണ്ട് സ്പീഷീസ് കരടികളാണ് എന്നാണ് എവറസ്റ്റ് മ്യൂസിയത്തിലെ ഗവേഷകര്‍ പറയുന്നത്. അതില്‍ ഒന്ന്, ഹിമാലയന്‍ ചെമ്പന്‍ കരടി അഥവാ പ്രജ്നോസ്സ്. രണ്ടാമത്തേത്, ടിബറ്റന്‍ ചെമ്പന്‍ കരടി അഥവാ യൂര്‍സസ് അരെറ്റോസ് ഇസബെല്ലിനസ്. ഇവ പിന്‍കാലുകളില്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ വിദൂരക്കാഴ്ചയില്‍ ഒരു ഭീമന്‍ മഞ്ഞുമനുഷ്യന്‍ നില്‍ക്കുന്ന പ്രതീതി ഉണ്ടാക്കുന്നു.
മാത്രമല്ല ഇവയുടെ കാല്‍പ്പാടുകളില്‍ ഉണ്ടാകുന്ന ഊഷ്മാവ് വ്യതിയാനങ്ങളാല്‍ മഞ്ഞുരുകി ഒരു ഭീമന്‍ കാല്‍പ്പാടിന്റെ അടയാളങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പല പര്‍വതാരോഹകരും സാക്ഷ്യപ്പെടുത്തിയ ഭീമന്‍ കാല്‍പ്പാടുകള്‍ ഇങ്ങനെയുള്ളതാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. യതി എന്ന ചെമ്പന്‍ കരടി ഹിമാലയത്തിലെ ഏറ്റവും കരുത്തനായ ജീവിയാണെന്നും വളരെ അപൂര്‍വ്വമായി മാത്രമേ ഇവ ഹിമാലയസാനുക്കളില്‍ മേയുന്ന കന്നുകാലികളെയും മനുഷ്യരെയും ആക്രമിക്കാറുള്ളൂവെന്നും ഹിമാലയത്തില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരും പറയുന്നു. കുമ്ജങ്ങിലെ ഗോംബാസിലും നാംചെ ബസാറിലെയും ക്ഷേത്രങ്ങളില്‍ യതിയുടേതെന്ന് വിശേഷിപ്പിച്ച് സൂക്ഷിക്കപ്പെട്ടിട്ടുള്ള തോലും നഖങ്ങളും ഈ ജീവികളുടേതാണെന്നും ഗവേഷകര്‍ പറയുന്നു.
നാടോടിക്കഥകളും മിത്തുകളുമൊക്കെ കൊണ്ട് സമ്പന്നമാണ് മനുഷ്യന്റെ ചരിത്രം. ശാസ്ത്രത്തിന്റെ പുരോഗതിയോടെ ഇത്തരം പല കഥകളും വെറും കെട്ടുകഥകളായി അവശേഷിക്കപ്പെടുകയും ചിലത് സത്യങ്ങളായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയമായ വിശദീകരണങ്ങള്‍ പല തവണ വന്നിട്ടും ഒരു വിഭാഗം പേര്‍ ഇപ്പോഴും ശരിയെന്നു വിശ്വസിക്കുന്ന സമസ്യകളില്‍ ഒന്നായി യതി ഇപ്പോഴും തുടരുന്നു.
Content Highlights: mystery behind Yeti, Human snowman; Abominable Snowman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..